TMJ
searchnav-menu
post-thumbnail

Outlook

സംവിധാനം:കെ. എസ്‌. സേതുമാധവൻ

03 Jan 2022   |   1 min Read
Anagha Rose

കെ എസ് സേതുമാധവന്‍

സംവിധാനം കെ എസ് സേതുമാധവൻ എന്ന ടൈറ്റിൽ ഒരു ഉറപ്പാണ്. പ്രേക്ഷകർക്ക് മാത്രമല്ല, തിരക്കഥാകൃത്തിനും അഭിനേതാക്കൾക്കും സഹപ്രവർത്തകർക്കുമെല്ലാം അതൊരു വിശ്വാസവും ആശ്വാസവുമാണ്. സിനിമ പോലെ അനിശ്ചിതത്വം ചൂഴ്ന്നുനിൽക്കുന്നൊരു മേഖലയിൽ ഒരു പുരുഷായുസ്സ് മുഴുവൻ പൂർണതയോടും സത്യസന്ധതയോടും മാത്രം ചിലവഴിച്ച ഒരു ജീവിതം നൽകുന്ന ഉറപ്പിന്റെയും വിശ്വാസത്തിന്റെയും പേരാണ് മലയാള സിനിമയിൽ കെ. എസ്‌. സേതുമാധവൻ.

സ്ത്രീ കഥാപാത്രങ്ങൾ

നായകനോട് ഒപ്പം നായികയ്ക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് സേതുമാധവൻ തന്റെ സിനിമകൾ ചെയ്യുന്നത്. ഇന്നത്തെ സ്ത്രീപക്ഷ സിനിമകൾ എന്ന് അവകാശപ്പെടുന്ന സിനിമകൾ പിറക്കുന്നതിന് അമ്പതോളം വർഷങ്ങൾക്ക് മുമ്പ് സ്ത്രീക്ക് തുല്യപ്രാധാന്യം നൽകിയും കേന്ദ്രകഥാപാത്രമാക്കിയും സിനിമകൾ ചെയ്തിരുന്നു കെ എസ്. ആ പാരമ്പര്യം ജ്ഞാനസുന്ദരി മുതൽ തുടങ്ങുന്നു. പലതും നിലവിലെ സമ്പ്രദായങ്ങളിലും വ്യവസ്ഥയിലും വിപ്ലവം സൃഷ്ടിച്ചവയായിരുന്നു. ശക്തമായ നിലപാടുകളും വ്യക്തിത്വവുമുള്ള സ്ത്രീ കഥാപാത്രങ്ങൾ, അവരിലൂടെയാണ് പലപ്പോഴും കഥപറഞ്ഞിരുന്നത്. ചട്ടക്കാരിയും, ഒരു പെണ്ണിന്റെ കഥയും, ഓപ്പോളും അതിലെ മുഴുനീള സ്ത്രീ കേന്ദ്രീകൃത സിനിമ എന്ന വിഭാഗത്തിൽ വരുന്നവമാത്രം. പൊള്ളയായ ഫെമിനിസമോ സ്ത്രീശാക്തീകരണമോ ആദർശവാദമോ ആയിരുന്നില്ല, മറിച്ച് പച്ചയായ സ്ത്രീ ജീവിതങ്ങൾ തന്നെയായിരുന്നു കെ എസ് വരച്ചിട്ടത്. സ്നേഹം ഒരു ദൗർബല്യമായോ ശിക്ഷയായോ ഏറ്റുവാങ്ങുന്നതിന് പകരം സ്നേഹത്തിന്റെ ബലത്തിൽ അവകാശങ്ങൾ നേടിയെടുക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ ആയിരുന്നു അവയിൽ ഏറെയും.

മലയാള സിനിമയിലെ മാറ്റം

മലയാള സിനിമ ശൈശവം പിന്നിട്ട്‌, വളർച്ചയുടെ കാലത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ നാടകീയത തുളുമ്പിയ തമിഴ് ശൈലികളോടാണ് ഭാവുകത്വം കാണിച്ചിരുന്നത്. അങ്ങനെ ഒരു അവസരത്തിൽ മലയാള സിനിമയെ വ്യത്യസ്തവും ദൃഢവുമായ ഒരു പാതയിലേക്ക് വഴി തെളിയിച്ചു വിട്ടവരിൽ ഒരാളായാണ് കെ. എസ്‌. സേതുമാധവൻ കടന്നുവരുന്നത്. നിലവിലെ സിനിമ സങ്കല്പങ്ങൾക്ക് അതീതമായി വേറിട്ടൊരു സഞ്ചാരപഥം അങ്ങനെ നിർണയിക്കപ്പെട്ടു. സമകാലിക രാഷ്ട്രീയവും, സാമൂഹികയാഥാർഥ്യങ്ങളും തന്റെ സിനിമയിൽ വിജയകരമായി വരച്ചുകാണിക്കാൻ തന്റേടമുള്ള സംവിധായകനായി കെ. എസ്സിന്റെ വളർച്ച മലയാള സിനിമയുടെ ചരിത്രം കൂടിയാണ്

തുടക്കം മുതൽ തന്നെ കെ. എസ്. സേതുമാധവന്റെ പല സിനിമകളും വര്‍ണ്ണചിത്രങ്ങളായിരുന്നു. ഇത് നിർമ്മാതാക്കൾ അദ്ദേഹത്തിൽ വെച്ചുപുലർത്തിയ വിശ്വാസത്തിന്റെ തെളിവാണ്. ഇതിന്റെ ഫലമായി സിനിമാരംഗത്തെ നൂതന സാങ്കേതികവിദ്യകൾ അദ്ദേഹത്തിന്റെ സിനിമകളിലൂടെ മലയാള സിനിമയ്ക് പരിചിതമായി. മലയാള സിനിമയും മറ്റ് ദക്ഷിണേന്ത്യൻ ചിത്രങ്ങളും തമ്മിലുള്ള അന്തരം കൃത്യമായി മനസിലാക്കാൻ സാധിച്ച കെ. എസ്സിന് തമിഴ്‌ സിനിമയിലെ അതിശയോക്തി നിറഞ്ഞ രംഗങ്ങളല്ല, മറിച്ച് മലയാള സിനിമ ആവിശ്യപ്പെടുന്നത് സൂക്ഷ്മമായ യാഥാർഥ്യങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞു. പി. ഭാസ്കരനെ പോലുള്ളവർ മലയാളത്തിലേക്ക് കൊണ്ടുവന്ന റിയലിസത്തിന്റെ ഓളങ്ങളെ ഈ അവസരത്തിൽ സ്മരിക്കാതെ വയ്യ. അവ മലയാളിയെയും ഏറെ റിയലിസ്റ്റിക് ആക്കിമാറ്റി.

മനുഷ്യന്‍റെ വൈകാരികാശംങ്ങളെ സൂക്ഷ്മമായി പ്രതീകങ്ങളിലൂടെ ആവിഷ്കരിക്കാൻ ആദ്യ സിനിമ മുതൽ തന്നെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കലയെ മൂലധനം വിഴുങ്ങാൻ തുടങ്ങിയ കാലഘട്ടത്തിൽ പണത്തിന് കീഴ്‌പ്പെടാതെ അദ്ദേഹം സ്വതന്ത്രനായി നിന്നു. നിര്‍മ്മാതാക്കളെ നഷ്ടത്തിലാക്കാതെ സൂക്ഷ്മതയോടെയും ചിട്ടയോടെയും അദ്ദേഹം മുന്നോട്ട് നീങ്ങി. തന്റെ സിനിമയിൽ പ്രവർത്തിക്കുന്ന ഓരോരുത്തരെയും കുടുംബാംഗം എന്ന നിലയിൽ കണ്ട് അവർ അർഹിക്കുന്നതിലുമധികം സ്നേഹവും ബഹുമാനവും കരുതലും നല്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. വാഴ്‌വേ മായം കാണുമ്പോൾ ഇന്നും എന്റെ കണ്ണുകൾ നിറയും എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. ആത്മാർത്ഥതയും സത്യസന്ധതയുമാണ് കെ. എസ്സിന്റെ സിനിമകളുടെ മുഖമുദ്രയായി കാണാനാവുക.

സേതുബന്ധനം

പാശ്ചാത്യരീതികൾ തന്നെയായിരുന്നു എക്കാലത്തെയും നമ്മുടെ പ്രചോദനം. പ്രതിഭാശാലികളായ എല്ലാ സിനിമാപ്രവർത്തകരും ഇതേ പാശ്ചാത്യ- വിദേശ പ്രചോദനം ഉൾകൊണ്ടവർ തന്നെ. സേതുമാധവന്റെ കാര്യത്തിലും ഇങ്ങനെ ഒരു പ്രചോദനമുണ്ട്. എ ജെ ക്രോണിന്റെ 'ദി കീസ് ഓഫ് ദി കിങ്‌ഡം' എന്ന ഇംഗ്ലീഷ് ചിത്രവും സിനിമയുമായിരുന്നു അത്. പക്ഷെ കെ. എസ്സിന്റെ സിനിമയും കഥാപാത്രങ്ങളും എന്നും മലയാള മണ്ണിൽ ഉറച്ചുനിന്നു. മലയാള സാഹിത്യത്തിലെ പ്രതിഭാശാലികളായ എഴുത്തുകാരുടെ കൃതികൾക്ക് അവയുടെ ആത്മാവ് ചോരാതെ ചലച്ചിത്രഭാഷ്യമൊരുക്കാൻ സാധിച്ച സംവിധായകനായി കെ. എസ്. മാറി. സാഹിത്യ സൃഷ്ടിയേക്കാൾ ഏറെ സാധ്യതയും റിസ്കുമുണ്ട് അവ സിനിമയാക്കുമ്പോൾ. അതിന് അദ്ദേഹം കണ്ടെത്തിയ മാർഗം കഥപറയുന്നതിന് സമാന്തരമായ ഒരു ധാര സൃഷ്ടിക്കുക എന്നതായിരുന്നു. തുടർന്ന് മുഖ്യ പ്രമേയത്തെ ഈ സമാന്തര ഉപകഥയുമായി സ്വാഭാവികമായി താരതമ്യത്തിന് പ്രേക്ഷകന് വിട്ടുകൊടുക്കുന്ന ഒരു പരിചരണരീതി കെ. എസ്സിന്റെ സംഭാവനായായി കാണാം. വാഴ്‌വേ മായം എന്ന സിനിമയിൽ തളർന്നുകിടക്കുന്ന ബഹദൂറും കെ പി എ സി ലളിതയും തമ്മിലുള്ള സ്നേഹത്തെയാണ് സത്യനും ഷീലയും തമ്മിലുള്ള പ്രശ്നത്തെ വിവരിക്കാൻ കെ. എസ് ഉപയോഗിക്കുന്നത്.

ഒരു സാഹിത്യസൃഷ്ടിയിലെ സിനിമാസാധ്യതകളെ ഒരു ക്യാമറ കണ്ണിലൂടെ മനസിലാക്കി തിരഞ്ഞെടുത്തു. അതേ സാഹിത്യസൃഷ്ടാവിനെ സമീപിച്ച അവയ്ക്ക് തിരക്കഥ എഴുതിപ്പിക്കാൻ ശ്രദ്ധിച്ച അദ്ദേഹം കൃത്യമായി അവയുടെ മർമ്മം മനസിലാക്കി ആ കഥയെയും കഥാപാത്രങ്ങളെയും ജനഹൃദയങ്ങളിൽ തികവോടെ പ്രതിഷ്ഠിച്ചു. അങ്ങനെ സാഹിത്യമെന്ന അച്ചിൽ ജീവിതാനുഭവങ്ങളുടെയും വായനയുടെയും രസക്കൂട്ടുകൾ ചേർത്ത് വാർത്തെടുത്ത ശക്തമായ ഒരു സൃഷ്ടിയായി മാറുന്നു കെ. എസ്സിന്റെ ഓരോ സിനിമയും. സത്യൻ മാഷിൻറെ മുഖമാണ് ഇന്നും തകഴിയുടെ ചെല്ലപ്പനും മലയാറ്റൂരിൻറെ ശ്രീനിവാസനും മലയാളിയുടെ മനസിലുള്ളത് എങ്കിൽ അത് തീർച്ചയായും കെ. എസ്സിന്റെ വിജയമാണ്. യക്ഷിയിലെ രാഗിണിയും, കടല്പാലത്തിലെ കൈമളും വാഴ്വേമായതിലെ സുധിയും, ഓപ്പോളിലെ ഗോവിന്ദനും ഓപ്പോളും ഇതിൽപ്പെടുന്നു. ചട്ടക്കാരിയിലെ ജൂലി ഇന്നും മലയാളിക്ക് ലക്ഷ്മി തന്നെ ആണ്. പമ്മന്റെ അടിമകളിലെ പൊട്ടൻ രാഘവൻ ആയി നസീറും മാറി.

അച്ഛനും ബാപ്പയും എന്ന സിനിമയുടെ പോസ്റ്റര്‍.

സാഹിത്യമായിരുന്നു ആധാരം. അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും. സാഹിത്യത്തിലും സമൂഹത്തിലും ഏറെ അഴിച്ചുപണികളും മാറ്റങ്ങളും നടന്നിരുന്ന ഒരു സമയത്ത് ആഴത്തിലുള്ള വായനകൊണ്ടും അറിവുകൊണ്ടും ആ മാറ്റങ്ങൾക്ക് ഒപ്പവും ചിലപ്പോളൊക്കെ അവക്ക് ഒരു പടി മുന്നിലുമായി അദ്ദേഹം സഞ്ചരിച്ചു. "അച്ഛനും ബാപ്പയും" ഇന്നായിരുന്നുവെങ്കിൽ വർഗീയചർച്ചകളിൽ അകപ്പെട്ട് വലിച്ചുകീറപ്പെട്ടേനേ. ഇന്നത്തെ സമൂഹത്തിന് ചോദിക്കാനുള്ള ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം അച്ഛനും ബാപ്പയും ഒന്നാണെന്ന ഒറ്റ വരിയിൽ ഉത്തരം തരുന്നു.

ആദ്യ ചിത്രമായ ജ്ഞാനസുന്ദരി മുതൽ അവസാന ചിത്രമായ വേനൽകിനാവുകൾ വരെ മുപ്പത്തഞ്ച് വർഷമായി നീണ്ടുനിൽക്കുന്ന സംവിധാന ജീവിതത്തിൽ അദ്ദേഹം നമുക്ക് സമ്മാനിച്ച അമ്പതോളം മലയാള ചിത്രങ്ങളുണ്ട്. ഇവയിൽ കഥയുടെ കാര്യത്തിൽ കേശവദേവ് മുതൽ പത്മരാജൻ വരെയുള്ള തലമുറമാറ്റം എത്രയും അനായാസമായി ഉൾകൊള്ളാൻ കെ.എസിന് സാധിച്ചിരുന്നു. അത് ഒരു സാഹിത്യസൃഷ്ടിയെ ചലച്ചിത്രമായി പരിഭാഷപ്പെടുത്തുമ്പോൾ ഒരു ചലച്ചിത്രത്തിന്റെ അക്ഷരം മുതൽ സൂക്ഷ്മമായ വ്യാകരണം വരെയുള്ള എല്ലാ സൂക്ഷ്മാംശങ്ങളിലും കൃതഹസ്തതയോടെ അദ്ദേഹം ഇടപെട്ടിരുന്നുന്നതുകൊണ്ടാണ്. അദ്ദേഹത്തിന്റെ സിനിമകളുടെ പേരുകൾ അതാത് സാഹിത്യസൃഷ്ടികളുടെ പേരുകൾ തന്നെ ആയിരുന്നു. ഓടയിൽ നിന്ന്, കരകാണാക്കടൽ, അനുഭവങ്ങൾ പാളിച്ചകൾ, യക്ഷി, പണിതീരാത്ത വീട്, റൗഡി, മിണ്ടാപ്പെണ്ണ്, പുനർജ്ജന്മം എന്നിവ മുതൽ, അക്കാദമി അവാർഡ് നേടിയ പത്മരാജന്റെ നക്ഷത്രങ്ങളെ കാവൽ അടക്കം ഇതിന് ഉചിതമായ തെളിവുകളാണ്. ജനപ്രിയവും പരക്കെ വായിക്കപ്പെട്ടതും ആസ്വദിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ ഇത്തരം സാഹിത്യ സൃഷ്ടികളെ അതേ പേരിൽ തന്നെ ചലച്ചിത്രമാക്കി മറ്റൊരു വ്യക്തിത്വത്തോടെ വിജയിപ്പിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ ചലച്ചിത്രഭാഷയിലും ചലച്ചിത്രത്തിന്റെ സാങ്കേതിക ജ്ഞാനത്തിലും ഉള്ള അറിവ് കൊണ്ടും ആത്മവിശ്വാസം കൊണ്ടും മാത്രമേ സാധിക്കു.

ഒപ്പം, പുനർജന്മത്തിലെയും യക്ഷിയിലെയും പോലെ, വത്യസ്തമായ വിഷയങ്ങൾ ഇത്രയും മനോഹരമായി കൈകാര്യം ചെയ്ത മറ്റൊരു സംവിധായകനുമില്ല. യക്ഷിയെപോലെ ഒരു ഫാൻറ്റസി പിന്നീട് കാണാൻ ഞാൻ ഗന്ധർവ്വൻ വരെ നമുക്ക് കാത്തിരിക്കേണ്ടി വന്നു. അതുപോലെ മലയാളത്തിലെ ആദ്യത്തെ ഇറോട്ടിക് സൈക്കിക് ത്രില്ലർ എന്ന വിശേഷണത്തിന് അർഹതയുള്ള സിനിമ സേതുമാധവൻ സംവിധാനം ചെയ്ത പുനർജ്ജന്മം ആണ്. ഈ സിനിമ റിലീസ് ചെയ്തിട്ട് അര നൂറ്റാണ്ട് കഴിയുന്നു. യുക്തിവാദിയും മനഃശാസ്ത്രജ്ഞനുമായ എ ടി കോവൂരിന്റെ കേസ് ഹിസ്റ്ററി ആണ് ഈ സിനിമയ്ക്ക് ആധാരം എന്നത് ആദരവോടെ മാത്രമേ കാണാൻ കഴിയു. ലൈംഗികതയുടെ അതിപ്രസരംകൊണ്ട് ഏതുനിമിഷവും പിടിവിട്ട് പോകാവുന്ന ഒരു വഴുതുന്ന പ്രതലമായിരുന്നു പമ്മന്റെ ചട്ടക്കാരി എന്ന നോവൽ. ഈ നോവൽ ഇറങ്ങിയ കാലത് അത് വായിക്കപ്പെട്ടതും ആസ്വദിക്കപ്പെട്ടതും ഏറെക്കുറെ ഈ രീതിയിൽ തന്നെ ആയിരുന്നുതാനും. എന്നാൽ ഈ നോവലിന് കെ.എസ്. നൽകിയ ദൃശ്യചാരുത പ്രമേയത്തെ അടിമുടി പുനർനിർമ്മിക്കുന്ന ചലച്ചിത്രാനുഭവം പ്രത്യേകം പഠനാർഹമാണ്.

കഥ ആയിരുന്നു പ്രധാനം. ഓരോ കഥയും ആ കാലഘട്ടത്തിന് എത്രത്തോളം പ്രധാന പെട്ടതാണെന്നും അദ്ദേഹം ചിന്തിച്ചു. കഥയും കഥാപാത്രങ്ങളും ഓരോ പ്രേക്ഷകന്റെ ജീവിതത്തോടും ജീവിതാനുഭവങ്ങളോടും ചേർന്നുനിന്നു. നന്മ തന്നെയാണ് ഏതൊരു കഥാപാത്രത്തിന്റെയും അടിത്തറ. അത് അദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രങ്ങളിൽ പോലും വ്യക്തമാണ്. യക്ഷിയും അടിമകളും ഒരു പെണ്ണിന്റെ കഥയും, ,കുറ്റവാളിയുമെല്ലാം ഇതിന് ഉദാഹരണമാണ്. എല്ലാ സാഹിത്യകാരുമായും വ്യക്തിപരമായി നിലനിർത്തിയ അടുപ്പം നല്ല സൃഷ്ടികൾക്കു വഴി തെളിച്ചു. പി. കേശവദേവ്, തകഴി, മലയാറ്റൂർ, പൊൻകുന്നംവർക്കി, പാറപ്പുറത്ത്, എം.ടിവാസുദേവൻനായർ എന്നിങ്ങനെ നീളുന്നു ആ ബന്ധം. കഥാകാരന്മാരായി ഒരിക്കൽ പോലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ല, കഥക്കും കഥാകാരനും തന്നെയാണ് അദ്ദേഹം എല്ലായ്പ്പോഴും പ്രാധാന്യം നൽകിട്ടുള്ളത്.

സ്ഥാനാർഥി സാറാമ്മ

രാഷ്ട്രീയം

രാഷ്ട്രീയവും നിലപാടുകളും യാതൊരു ഒളിവും മറയുമില്ലാതെ തന്റെ സിനിമകളിൽ രേഖപ്പെടുത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയക്കാർ എക്കാലത്തും ടോയ്‌ലറ്റ്‌ സോപ്പ് പോലെയാണ്, നിറത്തിലും രൂപത്തിനും മാത്രമേ വ്യത്യാസം കാണു, അവരെന്നും ഒരുപോലെ ആണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ അന്നത്തെ സമകാലിക രാഷ്ട്രീയം മാത്രമല്ല എക്കാലത്തെയും പ്രസക്തമായ രാഷ്ട്രീയ സ്വഭാവങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിൽ കാണാം. 'സ്ഥാനാർഥി സാറാമ്മ’ അതിനുള്ള മികച്ച ഉദാഹരണമാണ്.

ഏതൊരു സൃഷ്ടിയിലും ഒരു രാഷ്ട്രീയമുണ്ട് എന്ന് പറയുന്ന ഏകമുഖമായ ഒരു രാഷ്ട്രീയം മാത്രമല്ല കെ എസ് സേതുമാധവന്റെ സിനിമകളിൽ കാണുന്നത്. അവ ഓരോ തവണ കാണുമ്പോളും ഓരോ കാലഘട്ടത്തിൽ കാണുമ്പോളും സമകാലത്തോടു ഏറ്റവും യോജിച്ച തരംഗ ദൈർഘ്യം പുലർത്തുന്നതായി കാണാം. കാലാതിവർത്തിയാണ് കെ എസ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഇതിനാലാണ്. അനുഭവങ്ങൾ പാളിച്ചകൾ ഇന്നും രാഷ്ട്രീയ സിനിമകൾക്ക് ഒറ്റക്കൊരു സിലബസ്സാണ്.

അഭിനേതാക്കൾ

താരങ്ങളെന്ന ഇമേജ് മാറ്റിവെച്ച കൊണ്ട് അഭിനേതാക്കളെ ഉപയോഗിച്ച് വിജയിക്കുന്നതിൽ കെ എസ് ഒരു പാഠപുസ്തകമാണ്. സത്യനായിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നടൻ. സത്യൻ എന്ന നടനിലെ സാധ്യതകളെ തിരിച്ചറിഞ്ഞു അതുല്യനാക്കിയത് കെ എസിന്റെ ശരിയായ വീക്ഷണമാണ്. ”The duty of the director is to take out the best from the actors” എന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. സ്ഥിരം ശൈലികളിൽ നിന്നും വ്യത്യസ്തമായി കഥാപാത്രങ്ങളെ നായിക-നായക പ്രാധാന്യത്തിനുപരിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അഴകുള്ള സെലീനയിൽ വില്ലൻ ആയിട്ടാണ് നസീർ എത്തുന്നത്. ഏറെ ഏതിർപ്പുകൾ സഹപ്രവർത്തകരിൽ നിന്നുപോലും ഉണ്ടായിരുന്നെങ്കിലും ആ പരീക്ഷണത്തിന് അദ്ദേഹം തയ്യാറായിരുന്നു. ആരോരുമറിയാതെ എന്ന സിനിമയിൽ മധു, കരമന ജനാർദ്ദനൻ നായർ, ഗോപി എന്ന മൂന്ന് പ്രതിഭാശാലികളായ നടന്മാരെ, അവരിതുവരെയും ചെയ്‌തിട്ടില്ലാത്ത വിധം വ്യത്യസ്തമായി നർമ്മ മധുരമായ സ്വാഭാവിക ഹാസ്യത്തിലേക്ക് വളരെ ലാഘവത്തോടെ പരകായപ്രേവേശം ചെയ്യിപ്പിച്ചു. അതോടൊപ്പം ഏറ്റവും ഫ്ലെക്സിബിൾ ആയ നെടുമുടിവേണുവിനെയും ഒരു നിർണ്ണായക വേഷത്തിൽ മമ്മൂട്ടിയെയും ചേർത്തുവെച്ച ആരോരുമറിയാതെ എന്ന സിനിമയും അതിലെ "ആശാമരം…" എന്ന ഗാനത്തിന്റെ ചിത്രീകരണവും ഏറെ ശ്രദ്ധിക്കേണ്ടവ തന്നെ.

"സാറിന് എന്നെ ഒരു മണ്ണുപോലെ കിട്ടി. അതിനെ നല്ലൊരു ശില്പമാക്കി" എന്ന് നടി ലക്ഷ്മി അഭിപ്രായപ്പെടുന്നു. സത്യനെയും നസീറിനെയും ഷീലയെയും ശാരദയെയും മാത്രമല്ല, എം ജി ആർ, മമ്മൂട്ടി, കമലഹാസൻ, മോഹൻലാൽ, ജഗതി, ലക്ഷ്മി, ജയഭാരതി, മേനക, എന്നിവരെയും താരങ്ങളാക്കിയതിൽ കെ എസ് സേതുമാധവൻ എന്ന മാസ്റ്ററിന്റെ പങ്ക് നിസ്തുലമാണ്. ഒരു സംവിധായകൻ എന്നതിലുപരിയായി ഒരു ഗുരുവായും ഉപേദേഷ്ടാവായും തത്ത്വചിന്തകനായും, ഒരു രക്ഷിതാവായും സഹോദരനായുമെല്ലാം അദ്ദേഹം അവരോടൊപ്പം ഉണ്ടായിരുന്നു. സഹപ്രവർത്തകർ ചെയ്യുന്ന ജോലി “Must elevate them” എന്ന് പറഞ്ഞ കെ എസ് തന്റെ സിനിമ കൊണ്ട് അവരെ ഉയർത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

വയലാര്‍ രാമവര്‍മ്മ

ഗാനങ്ങൾ

സംഗീതം വഴങ്ങാത്ത ഒരു സംഗീതാസ്വാദകന്റെ സിനിമകൾ എന്നും നിത്യഹരിത ഗാനങ്ങളാൽ സമ്പുഷ്ടമായിരുന്നു. അവയെല്ലാം തന്നെ എക്കാലത്തും ഹിറ്റുകളുമാണ്. മലയാളസിനിമയുടെ ഒരു നല്ലകാലം. ഏറ്റവും മികച്ച സംഗീതജ്ഞരും കവികളുമായിട്ടുള്ള കെ എസ്സിന്റെ ആത്മബന്ധം നല്ല ഗാനങ്ങളുടെ ഉത്ഭവത്തിന് കാരണമായി. വയലാറും ദേവരാജനും എം. ബി. ശ്രീനിവാസനും, എം. എസ്. വിശ്വനാഥനും തുടങ്ങി അതിപ്രഗത്ഭരായവരുമായുള്ള കൂട്ടുകെട്ട് നിരവധി മനോഹര ഗാനങ്ങൾക്ക് കാരണമായി. യേശുദാസിന്റെ ആദ്യ നാഷണൽ അവാർഡും കെ. എസ്സിന്റെ ചിത്രങ്ങളിൽ നിന്നുതന്നെ. ജയചന്ദ്രന്റെ "സുപ്രഭാതം…" എന്ന അനുഗ്രഹീത ഗാനത്തോളം വരില്ല മലയാളിയുടെ ഒരു സുപ്രഭാതവും. എസ്.പി. ബാലസുബ്രമണ്യത്തെ മലയാളത്തിന് പരിചയപ്പെടുത്തിയതും കെ. എസ് ആയിരുന്നു. എന്നും പുതുമയുള്ള സിനിമകൾ സമ്മാനിച്ച കെ.എസ്-കെ.ടി മുഹമ്മദ് കൂട്ടുകെട്ടിൽ പിറന്ന 'അച്ഛനും ബാപ്പയും' എന്ന സിനിമയിലെ "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു…" എന്ന ഗാനം ഓരോ ദിവസം കൂടുന്തോറും കൂടുതൽ അർത്ഥവത്തായി മാറുന്നു. അടൂർ ഭാസിയെ കൊണ്ട് പോലും കെ. എസ് പാടിക്കുകയുണ്ടായി. എല്ലാ ഗാനങ്ങൾക്കും മനോഹരമായ ദൃശ്യങ്ങള്‍കൂടി അദ്ദേഹം പശ്ചാത്തലമാക്കി.

ജെ സി ഡാനിയേൽ പുരസ്‌കാരം നൽകി ആദരിച്ച കെ. എസിന് അർഹിക്കുന്ന അംഗീകാരം മലയാള സിനിമ നൽകിയില്ല എന്ന് അദ്ദേഹത്തിനെ സ്നേഹിക്കുന്നവരും ആരാധിക്കുന്നവരും പറയുന്നുണ്ടെങ്കിലും ഒരുകാലഘട്ടത്തിന് ശേഷം യോഗയിലും ആത്മീയതയിലേക്കും തിരിഞ്ഞ കെ. എസ്സിന് ബാക്കിയുണ്ടായിരുന്ന വിഷമം തന്റെ സഹധർമിണിയെ ആഗ്രഹിച്ച പോലെ പരിഗണിക്കാന്‍ തന്റെ തിരക്കുകൾക്കിടയിൽ കഴിഞ്ഞില്ലല്ലോ എന്നതുമാത്രമായിരുന്നു. അമിതമായ ആശകളില്ലാതെ ജീവിച്ച ഒരാളായിരുന്നു കെ. എസ്. . മലയാള സിനിമയിലും സാഹിത്യത്തിലും കെ. എസ്. സേതുമാധവൻ നടത്തിയത് ഒരു സേതുബന്ധനമായിരുന്നു.

പൂർണതയിലെത്തിയ ഒരു മനുഷ്യായുസ്സ്. ബന്ധങ്ങളും മൂല്യങ്ങളും വിശുദ്ധിയോടെ സൂക്ഷിച്ച ഒരാൾ. അതിമോഹമില്ലാതെ കാപട്യമില്ലാതെ ആദർശപരമായി സ്വന്തം ജീവിതം തന്നെ ഒരു പാഠപുസ്തകമാക്കി മാതൃകയായ ഒരാൾ. ആരോടും പരിഭവമില്ലാതെ ആരെയും വേദനിപ്പിക്കാതെ തന്റെ മിതമായ പെരുമാറ്റം കൊണ്ടും അന്തസുള്ള നിലപാടുകൾ കൊണ്ടും ആത്മാർത്ഥമായ സ്നേഹവും കരുതലും കൊണ്ട് മറ്റുള്ളവർക്ക് പ്രിയപെട്ടവനായവൻ. മലയാള സിനിമയ്ക്ക് എന്നും സധൈര്യം പറയാം ഞങ്ങളുടെ മാസ്റ്റർ കെ. എസ്. സേതുമാധവൻ എന്ന്.


Leave a comment