സാമ്പത്തിക സംവരണം: ചോദ്യങ്ങള്‍ ബാക്കിയാവുന്ന സുപ്രീം കോടതി വിധി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സവർണ്ണ സമുദായക്കാർക്ക് സംവരണം അനുവദിക്കുന്ന ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ശരിവച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ 2019 ലെ 103-ാം ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വിധിയെഴുതി. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ജെ ബി പാര്‍ദിവാല, ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് ഭേദഗതി ഭരണഘടനാ വിരുദ്ധമല്ല എന്ന് വിധിച്ചത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും ഭൂരിപക്ഷ അഭിപ്രായത്തോട് വിയോജിച്ചു. സാമ്പത്തികസ്ഥിതി അടിസ്ഥാനമാക്കി സംവരണം ഏര്‍പ്പെടുത്തുന്നതില്‍ തെറ്റില്ല, എന്നാല്‍ അത്തരം സംവരണത്തില്‍ നിന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരെ ഒഴിവാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ജസ്റ്റിസ് ഭട്ട് വിധിച്ചു. ചീഫ് ജസ്റ്റിസ് ലളിതും ഈ വീക്ഷണത്തോട് പൂര്‍ണ്ണമായി യോജിക്കുന്നതായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇതോടെ 3:2 അനുപാതത്തില്‍ 103-ാം ഭരണഘടന ഭേദഗതിയുടെ നിയമസാധുത അംഗീകരിക്കപ്പെട്ടു.
ഭരണഘടനയുടെ 15, 16 വകുപ്പുകളില്‍ ആറാം ഉപവകുപ്പ് ചേര്‍ത്തുകൊണ്ടാണ് 103-ാം ഭേദഗതി നിലവില്‍ വന്നത്. മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന മൂന്നാം ഭാഗത്തിലാണ് ഈ വകുപ്പുകളും ഉള്‍പ്പെടുന്നത്. 15-ാം വകുപ്പ് വിവേചങ്ങള്‍ക്കെതിരായ അവകാശത്തെക്കുറിച്ച് പറയുന്നതും 16-ാം വകുപ്പ് അവസര സമത്വത്തെ പ്രതിപാദിക്കുന്നതുമാണ്. ഈ വകുപ്പുകളിലെ ഉപവകുപ്പുകള്‍ സാമൂഹ്യ, വിദ്യാഭ്യാസ പിന്നോക്ക അവസ്ഥയിലുള്ളവര്‍ക്കും, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും സംവരണം നല്‍കുന്നതിന് അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക നില അടിസ്ഥാനമാക്കി പ്രത്യേകം സംവരണം നല്‍കുന്ന രീതി ഭരണഘടന പിന്‍പറ്റുന്നില്ലായിരുന്നു. ഇതിനെ മറികടക്കുന്നതിനായി 15, 16 വകുപ്പുകളില്‍ ആറാമതായി പുതിയ ഉപകുപ്പ് 103-ാം ഭേദഗതി നിയമം അവതരിപ്പിച്ചു. ഭരണഘടനയില്‍ ഇതുവരെ പറയാത്ത തരത്തിലുള്ള സാമ്പത്തിക അവസ്ഥ അടിസ്ഥാനമാക്കുയുള്ള സംവരണവും അനുവദനീയമാക്കുന്നതായിരുന്നു ഈ ഉപവകുപ്പുകള്‍. മാത്രമല്ല, സാമൂഹ്യസ്ഥിതി, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, മറ്റു പിന്നോക്കം എന്നീ വിഭാഗങ്ങളിലായി സംവരണം ലഭിക്കാത്തവര്‍ക്ക് മാത്രമാണ് സാമ്പത്തിക സംവരണമെന്നും പുതിയ ഉപവകുപ്പ് പറയുന്നു. സ്വകാര്യ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പടെ 10% വരെ സംവരണം അനുവദിക്കുമെന്നും ഭേദഗതി പറയുകയുണ്ടായി.
ഈ വിധം പുതിയതരം സംവരണം അവതരിപ്പിക്കുകയും അതില്‍ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കുകയും ചെയ്തതിനെതിരെയുള്ള ഹര്‍ജികളിലാണ് ഇപ്പോള്‍ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. നാല്‍പ്പതോളം ഹര്‍ജികളാണ് ഭേദഗതിക്ക് എതിരായി സുപ്രീം കോടതിക്ക് മുന്നിലുണ്ടായിരുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണ് 103-ാം ഭേദഗതിയെന്നും അത് സംവരണമെന്ന ആശയത്തെ തന്നെ തകിടം മറിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍, സാമ്പത്തിക സംവരണം ഇതുവരെയുള്ള മറ്റ് സംവരണങ്ങളെ ബാധിക്കുന്നില്ലെന്നും ഭരണഘടനാ വിരുദ്ധമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വാദം ഉയര്‍ന്നു. സെപ്റ്റംബര്‍ 27 നാണ് കേസില്‍ വാദം പൂര്‍ത്തിയായി വിധി പറയുതിനായി മാറ്റിവച്ചത്. കേസില്‍ വാദം കേള്‍ക്കുന്ന വേളയില്‍ തന്നെ ദാരിദ്ര്യവും നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന സാമൂഹ്യമായ പിന്നോക്ക അവസ്ഥയും ഒന്നല്ല എന്ന നിരീക്ഷണം ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. സാമ്പത്തികമായ പിന്നോക്കാവസ്ഥ സാമൂഹ്യമായ പിന്നോക്കാവസ്ഥയെപ്പോലെ സ്ഥിരമായ ഒന്നല്ലെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ അല്ലാതെ ദാരിദ്ര്യം തലമുറകളായി നിലനില്‍ക്കുന്നത് തെളിയിക്കുന്നതിന് നരവംശശാസ്ത്ര പഠനങ്ങളൊന്നും നടിന്നിട്ടില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ദാരിദ്ര്യാവസ്ഥയിലുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പും മറ്റ് സാമ്പത്തിക സഹായങ്ങളും നല്‍കുന്നതാണ് നല്ലതെന്നും സംവരണത്തിലേക്ക് കടക്കേണ്ടതില്ലെന്നും അദ്ദേഹം നിരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2019 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നോക്ക വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്ന നിയമമാറ്റം കൊണ്ടുവന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല, മുന്നോക്കക്കാരിലെ ദാരിദ്ര്യം നിര്‍വചിക്കുന്നതിനായി സര്‍ക്കാര്‍ പ്രയോഗിക്കുന്ന മാനദണ്ഡങ്ങളും ഏറെ വിമര്‍ശനം വരുത്തിവച്ചു. മുന്നോക്കക്കാരില്‍ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സംവരണത്തിന്റെ ഗുണം ലഭിക്കുന്ന രീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ 2018 ലെ ഇന്ത്യ ശരാശരി പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം 1.27 ലക്ഷം രൂപ മാത്രമാണെന്ന് 2018-19 വര്‍ഷത്തെ ദേശീയ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ മുന്നോക്ക വിഭാഗങ്ങള്‍ക്കായി പ്രത്യേക വരുമാന, സ്വത്ത് മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത് അശാസ്ത്രീയമാണെന്നും അക്കാര്യം സാധൂകരിക്കുന്നതിന് പഠനങ്ങളൊന്നും തന്നെ ലഭ്യമല്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
103-ാം ഭേദഗതിക്ക് എതിരായ ഹര്‍ജികളില്‍ പ്രാഥമിക വാദം കേട്ടതിന് ശേഷം മൂന്ന് പ്രധാന ചോദ്യങ്ങളിലേക്കാണ് കോടതി എത്തിച്ചേര്‍ന്നത്. സാമ്പത്തിക അടിസ്ഥാനത്തില്‍ മാത്രം സംവരണം അനുവദിക്കുന്നതും, സംവരണത്തില്‍ നിന്ന് മറ്റ് വിഭാഗങ്ങളെ ഒഴിവാക്കുന്നതും, സംവരണം 50% പരിധിക്ക് അപ്പുറം കടക്കുന്നതും ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാകുമോ എന്ന മൂന്ന് കാര്യങ്ങളാണ് കോടതി പ്രധാനമായും തിരഞ്ഞത്. 1973 ലെ പ്രസിദ്ധമായ കേശവാനന്ദ ഭാരതി കേസിലെ വിധിയുടെ ഭാഗമായി ഉത്ഭവിച്ചതാണ് 'ഭരണഘടനയുടെ അടിസ്ഥാന ഘടന' എന്ന തത്വം. എന്നാല്‍ ഇരുപക്ഷത്തു നിന്നും വാദങ്ങള്‍ കേട്ടതിന് ശേഷം ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജെ ബി പാര്‍ദിവാല, ജസ്റ്റിസ് ബേല ത്രിവേദി എന്നിവര്‍ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതല്ല എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. സാമ്പത്തിക സംവരണവും മറ്റൊരു തരം സംവരണം മാത്രമാണെന്നും, മറ്റ് വിഭാഗങ്ങളെ ഒഴിവാക്കുന്നതും 50% ശതമാനം പരിധി ലംഘിക്കുന്നതും ഭരണഘടനാ വിരുദ്ധമല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി വിധിയിൽ വ്യക്തമാക്കി. സംവരണത്തെ അനുകൂലിച്ച മറ്റ് രണ്ടു പേരും സമാനമായ വിധികളാണ് എഴുതിയത്. അഞ്ച് അംഗങ്ങളുള്ള ബെഞ്ചില്‍ നിന്ന് നാല് വിഭിന്ന വിധികളാണ് ഉണ്ടായത്. ജസ്റ്റിസ് ബേല ത്രിവേദിയും, ജെ ബി പാര്‍ദിവാലയും സംവരണങ്ങള്‍ ഒന്നും എക്കാലത്തേക്കും തുടരേണ്ടതല്ല എന്ന അഭിപ്രായവും പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് പാര്‍ദിവാലയാകട്ടെ സംവരണവുമായി ബന്ധപ്പെട്ട് കോടതിയില്‍ അനാവശ്യ അഭിപ്രായം പറഞ്ഞതിന് വിവാദത്തില്‍ പെട്ടയാളുമാണ്. 2015 ല്‍, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ആയിരിക്കെ, രാജ്യത്തെ നശിപ്പിച്ച കാര്യങ്ങളിലൊന്നാണ് സംവരണം എന്ന് അദ്ദേഹം കോടതിയില്‍ പറയുകയുണ്ടായി. ഇതേത്തുടര്‍ന്ന് 58 രാജ്യസഭ അംഗങ്ങള്‍ ജസ്റ്റിസ് പാര്‍ദിവാലക്ക് എതിരായി ഇംപീച്ചമെന്റ് നടപടികള്‍ ആരംഭിക്കാന്‍ ഒരുങ്ങിയിരുന്നു. കാര്യം വിവാദമായതോടെ അദ്ദേശം പരാമര്‍ശം പിന്‍വലിച്ചു.
103-ാം ഭേദഗതിയോട് വിയോജിപ്പ് കുറിച്ച ജസ്റ്റിസ് രവീന്ദ്ര ഭട്ട്, അതിന്റെ ഭരണഘടന വിരുദ്ധത വ്യക്തമാക്കിക്കൊണ്ടാണ് വിധിയെഴുതിയത്. സാമ്പത്തിക സ്ഥിതി അടിസ്ഥാനപ്പെടുത്തയുള്ള സംവരണം ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ഭട്ട് അഭിപ്രായപ്പെടുന്നു. എന്നാല്‍ ഏതു തരത്തിലുള്ള ഒഴിവാക്കലുകളും ഭരണഘടനാ വിരുദ്ധമാണ്. 103-ാം ഭേദഗതിയുടെ ഗുണഭോക്താക്കളുടെ ഗണത്തില്‍ നിന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഈ വിഭാഗത്തില്‍ പെട്ടവരെ ഒഴിവാക്കുന്നത് ഭരണഘടന മുന്നോട്ട് വെക്കുന്ന സമത്വത്തിനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും എതിരാണ് എന്നും ജസ്റ്റിസ് ഭട്ടിന്റെ വിധിന്യായം പറയുന്നു. മറ്റ് അംഗങ്ങളെല്ലാം വിധി പറഞ്ഞതിന് ശേഷം ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ലളിതും താന്‍ ജസ്റ്റിസ് ഭട്ടിന്റെ വിധിയെ പൂര്‍ണ്ണമായി അനുകൂലിക്കുന്നതായി പ്രസ്താവിക്കുകയായിരുന്നു. ഈ മാസം എട്ടിന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ലളിതിന്റെ അവസാന പ്രവൃത്തി ദിനത്തിലാണ് സുപ്രധാന ഭരണഘടന കേസിലെ വിധി.