TMJ
searchnav-menu
post-thumbnail

Outlook

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സായിബാബ കുറ്റവിമുക്തന്‍

14 Oct 2022   |   1 min Read
തോമസ് കൊമരിക്കൽ

PHOTO: WIKI COMMONS

അഞ്ച് വര്‍ഷം നീണ്ട ജയില്‍ വാസത്തിന് ശേഷം ജി.എന്‍ സായിബാബ കുറ്റവിമുക്തന്‍. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് സായിബാബയും മറ്റ് അഞ്ച് പേരും പ്രതികളായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്ക് മാവോയിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനകളില്‍ ഇവര്‍ പങ്കെടുത്തുവെന്നുമായിരുന്നു കേസിലെ പ്രധാന ആരോപണങ്ങള്‍. ജസ്റ്റിസ് രോഹിത് ദിയോ, ജസ്റ്റിസ് എ എല്‍ പന്‍സാരെ എന്നിവരടങ്ങുന്ന ബെഞ്ചാണ് പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്.

ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറായ സായിബാബക്ക് പുറമെ മഹേഷ് ടിര്‍ക്കി, പാണ്ടു പോര നരോത്തെ, ഹേം കേശവ്ദത്ത് മിശ്ര, പ്രശാന്ത് റാഹി, വിജയ് നാന്‍ ടിര്‍ക്കി എന്നിവരായിരുന്നു പ്രതി പട്ടികയിലുണ്ടായിരുന്നത്. എല്ലാവരും കുറ്റവിമുക്തരാണെന്ന് വിധിച്ച് കോടതി, മറ്റ് കേസുകള്‍ ഇല്ലാത്തപക്ഷം ഏവരെയും ഉടന്‍ വിട്ടയക്കണമെന്നും ഉത്തരവിട്ടു. 2017 മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ ഗദ്ച്ചിരോളി ജില്ലയിലെ സെഷന്‍സ് കോടതി സായിബാബ ഉള്‍പ്പടെയുള്ളവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. യുഎപിഎ നിയമത്തിലെ 13, 18, 20, 38, 39 എന്നീ വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120B വകുപ്പും പ്രകാരം ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2014 ല്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ജാമ്യത്തിലായിരുന്ന സായിബാബയും മറ്റും അതോടെ അഴിക്കുള്ളിലായി. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. സെഷന്‍സ് കോടതി വിധിക്കെതിരായ അപ്പീല്‍ വര്‍ഷങ്ങളോളം തീര്‍പ്പാവാതെ വന്നതോടെ ശാരീരിക വൈകല്യം മൂലം വീല്‍ചെയറിന്റെ സഹായത്തോടെ മാത്രം ചലിക്കാനാവുന്ന സായിബാബ ജയിലിലെ അസൗകര്യങ്ങളില്‍ തുടരേണ്ടിവന്നു. ശിക്ഷ മരവിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ഹര്‍ജി ഹൈക്കോടതി 2019 ല്‍ തള്ളിയിരുന്നു.

ജി എന്‍ സായിബാബ കുടുംബത്തോടൊപ്പം | ഫോട്ടോ : pti

പോളിയോ ബാധയെ തുടര്‍ന്ന് 90% ശരീരവൈകല്യമുള്ളയാളാണ് സായിബാബ. അദ്ദേഹം ജയിലിനുള്ളില്‍ നേരിട്ട മനുഷ്യത്വ രഹിതമായ സമീപനങ്ങളും ആരോഗ്യ കാര്യങ്ങളില്‍ ജയില്‍ അധികൃതര്‍ കാട്ടിയ തികഞ്ഞ അശ്രദ്ധയും പലകുറി ചര്‍ച്ചയായിരുന്നു. പക്ഷെ, ജയില്‍ അധികൃതരുടെ അനാസ്ഥയ്ക്ക് ഏറ്റവും വില നല്‍കേണ്ടിവന്നത് പാണ്ടു നരോത്തെ ആയിരുന്നു. പനി ബാധിച്ച് അവശനായ നരോത്തെ, ഓഗസ്റ്റ് 25 ന് മരണത്തിന് കീഴടങ്ങി. 33 കാരനായ നരോത്തെയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പനിക്ക് കൃത്യമായ ചികില്‍സ നല്‍കുന്നതിലുണ്ടായ പിഴവാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നും നരോത്തെയുടെ അഭിഭാഷകന്‍ ഉള്‍പ്പടെയുള്ളവര്‍ ആരോപിച്ചിരുന്നു. സായിബാബയുടെ ഭാര്യ വസന്ത കുമാരിയുടെ നേതൃത്വത്തില്‍ ജയിലിനുള്ളിലെ ദുരവസ്ഥകളെ കുറിച്ച് പരാതികള്‍ പലതും ഉന്നയിക്കപ്പെട്ടെങ്കിലും അധികൃതര്‍ തെല്ലും അനങ്ങിയില്ല.

2014 ലാണ് ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സായിബാബ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. അതോടെ അദ്ദേഹം പ്രൊഫസര്‍ പദവിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. പിന്നീട് 2021 മാര്‍ച്ച് 31ന് സായിബാബയെ പിരിച്ചു വിട്ടുകൊണ്ട് സര്‍വ്വകലാശാല ഉത്തരവിറക്കി. യുപിഎ സര്‍ക്കാര്‍ 2009 ല്‍ മാവോയിസ്റ്റുകള്‍ക്ക് എതിരായി ആരംഭിച്ച ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനോടുള്ള ശക്തമായ എതിര്‍പ്പാണ് കേസെടുക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിച്ചതെന്ന് വസന്ത കുമാരി അടക്കമുള്ളവര്‍ ആരോപിക്കുന്നു. തീവ്ര ഇടതുപക്ഷ സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പാര്‍ട്ടിയുമായും അവരുടെതന്നെ മറ്റൊരു സംഘടനയായ റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടുമായും ബന്ധമുണ്ടെന്ന ആരോപണമാണ് കേസിന് ആധാരമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയത്. അരോപണങ്ങള്‍ തെളിയിക്കാനായി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, രേഖകള്‍ എന്നിവ തെളിവായി നിരത്തുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി ഇതെല്ലാം തള്ളി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന പേരില്‍ നിയമപരമായ പ്രക്രിയകളെ ബലി കൊടുക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

സായിബാബയെയും മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയതോടെ സമാനമായ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്നവരും പ്രതീക്ഷയിലാണ്. സെഷന്‍സ് കോടതിയില്‍ സായിബാബക്കായി ഹാജരായ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡലിംഗ്, ഡല്‍ഹി സര്‍കലാശാലയിലെ സഹപ്രവര്‍ത്തകന്‍ ഹാനി ബാബു, സുഹൃത്ത് റോണ വില്‍സണ്‍ എന്നിവര്‍ യുഎപിഎ വകുപ്പുകള്‍ ചാര്‍ത്തപ്പെട്ട് ജയിലിലാണ്. 2018 ലെ എല്‍ഗാര്‍ പരിഷദ് കേസില്‍ മുഖ്യ പ്രതികളാണ് ഇവര്‍ മൂവരും. സായിബാബയെയും മറ്റും വിട്ടയക്കുന്നത് പ്രതീക്ഷ നല്‍കുന്നുവെന്ന് ഹാനി ബാബുവിന്റെ ഭാര്യയും ഡല്‍ഹി സര്‍വകലാശാല പ്രൊഫസറുമായ ജെന്നി റൊവേന പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ' എല്‍ഗാര്‍ പരിഷദ് കേസ് പ്രധാനമായും സായിബാബയുടെ കേസിനെ ആസ്പദമാക്കുന്നതാണ്. സായിബാബയെ കുറ്റവിമുക്തനാക്കുന്നത് എല്‍ഗാര്‍ പരിഷദ് കേസിലെ പ്രതികളുടെ നിരപരാധിത്വം തെളിയിക്കുന്നതില്‍ സഹായിക്കും,' ജെന്നി പറയുന്നു.

Leave a comment