'ബാഴ്സലോണ' പരാജയപ്പെടുകയും 'മാഞ്ചസ്റ്റർ സിറ്റി' വിജയിക്കുകയും ചെയ്യുന്ന ആധുനിക ഫുട്ബോൾ
2021 ഓഗസ്റ്റ് അഞ്ചിന് ഫുട്ബോൾ ലോകത്തെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണ എഫ്.സി നിന്നും ഒരു സ്ഥിരീകരണമുണ്ടായി. തങ്ങളുടെ ക്ലബിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരനായ ലയണൽ മെസ്സിയുമായുള്ള രണ്ട് പതിറ്റാണ്ടിലധികം നീണ്ട കരാർ അവസാനിപ്പിക്കുന്നുവെന്ന് ക്ലബ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് എട്ടിനു ബാഴ്സലോണ എഫ്.സിയുടെ സ്വന്തം സ്റ്റേഡിയമായ ക്യാമ്പ്നൗവിൽ വെച്ച് ലയണൽ മെസ്സി തന്റെ വിടവാങ്ങൽ പ്രസംഗം നടത്തിയതോടെ നിലനിന്നിരുന്ന എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമായി.
ബാഴ്സലോണയിൽ നിന്നുള്ള മെസ്സിയുടെ പടിയിറക്കത്തിൽ ഫുട്ബോൾ ലോകം ആശ്ചര്യപ്പെട്ടതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. 2019ൽ 1 ബില്യൺ ഡോളർ വരുമാനം ഉണ്ടായിരുന്ന ക്ലബ്ബിൽ നിന്ന് വേതനം കൊടുക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലേക്ക് ലോകത്തിലെ തന്നെ വമ്പൻ ക്ലബ്ബുകളിലൊന്നായ ബാഴ്സലോണ എത്തിച്ചേർന്നു എന്ന യാഥാർഥ്യം. ബാഴ്സലോണ വിടുന്ന മെസ്സി ഇനി ഏത് ക്ലബ്ബിൽ കളിക്കും എന്ന ചോദ്യത്തിന്, ക്ലബ് ഫുട്ബോൾ പിന്തുടരുന്ന ആർക്കും പ്രത്യേകിച്ചൊരു സംശയവും ഉണ്ടായിരുന്നില്ല, ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമെയ്ൻ അല്ലെങ്കിൽ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി. അയാളുടെ വേതനം സ്റ്റേറ്റ് ബാക്ക്ഡ് ക്ലബ്ബുകൾ ആയ ഇവർക്കെല്ലാതെ മറ്റാർക്കും താങ്ങാൻ പറ്റില്ല എന്നത് ഇന്നത്തെ ഫുട്ബോൾ ലോകത്തിലെ ശക്തി സമവാക്യങ്ങൾ എന്താണെന്നുള്ളതിന് കൂടിയാണ് അടിവരയിടുന്നത്.
വണ്‍ ബില്യൺ ക്ലബ്ബിലേക്കുള്ള ബാഴ്സലോണയുടെ വളർച്ച.
1899ൽ ആണ് സ്പെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ബാഴ്സലോണയുടെ പേരിൽ ഒരു ഫുട്ബോൾ ക്ലബ് സ്ഥാപിതമാവുന്നത്. സ്പെയിനിൽ നിന്നുള്ള സ്വാതന്ത്രത്തിനായി പൊരുതുന്ന കാറ്റലോണിയൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ബാഴ്‌സലോണ നഗരം. ഒരു ഫുട്ബോൾ ക്ലബ് എന്നതിലുപരി കാറ്റലോണിയൻ വംശീയതയുടെ ഏറ്റവും വലിയ ചിഹ്നം കൂടിയായി പിൽക്കാലത്ത് ബാഴ്‌സലോണ എഫ്.സി മാറി. പരമ്പരാഗത വൈരികളായ റയൽ മാഡ്രിഡ് പോലെ തന്നെ ഫുട്ബോൾ ആരാധകർ മെമ്പർമാരായിട്ടുള്ള ഒരു അസോസിയേഷൻ ആണ് ബാഴ്സലോണ എഫ്.സി നടത്തുന്നത്. ഫുട്‍ബോളും കാറ്റലോണിയൻ വംശീയതയും രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്നര ലക്ഷത്തോളം മെമ്പർമാരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. അതൊരിക്കലും ഒരു ലിമിറ്റഡ് ലയബിലിറ്റി കോർപ്പറേറ്റ് കമ്പനി പോലെ പ്രവർത്തിക്കുന്ന ഒന്നല്ല. ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അവരെ നയിക്കുന്നത്. ഫുട്ബോളിൽ നിന്നും ലഭിക്കുന്ന വരുമാനം ഫുട്ബോളിൽ തന്നെ തിരിച്ചു നിക്ഷേപിക്കുക എന്ന അവരുടെ പോളിസി തന്നെയാണ് വരുമാനത്തേക്കാൾ കൂടുതൽ ചിലവ് എന്ന അവസ്ഥയിലുള്ള അവരുടെ ഈ സാമ്പത്തിക തകർച്ചയ്ക്ക് വഴി വെച്ചതെന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ കാണാൻ സാധിക്കും.
1997/98 സീസണിലാണ് ലോകത്തിലെ പ്രമുഖ അക്കൗണ്ടിങ് സ്ഥാപനങ്ങളിലൊന്നായ 'Deloitte' ഫുട്ബോൾ മണി ലീഗ് എന്ന പേരിൽ ക്ലബ്ബുകളുടെ വരുമാനം അടിസ്ഥാനത്തിൽ റാങ്കിങ് ആരംഭിക്കുന്നത്. അന്ന് 75 മില്യൺ യൂറോയുമായി ആറാം സ്ഥാനത്തായിരുന്നു ബാഴ്സലോണ. പിന്നീട് തുടർന്നുള്ള ചില വർഷങ്ങളിൽ ടോപ് 10ൽ പോലും ഇല്ലാതിരുന്ന ബാഴ്സ 2005/06 സീസണിനു ശേഷം ടോപ് 4ൽ നിന്ന് പിറകിൽ പോയിട്ടേയില്ല. 2005 മുതൽ 2015 വരെയുള്ള വർഷങ്ങളാണ് ബാഴ്സലോണയുടെ സുവർണ്ണ കാലം എന്ന് നിസ്സംശയം പറയാം. സ്പാനിഷ് ദേശീയ ടീമിന്റെയും ബാഴ്സലോണയുടെയും മുൻ ഡിഫൻസീവ് മിഡ്ഫീൽഡറായിരുന്ന പെപ് ഗാർഡിയോള ക്ലബിന്റെ മാനേജർ ആയ ശേഷം അവരുടെ ഫുട്ബോളിൽ ഒരു നവോത്ഥാനം തന്നെ സംഭവിച്ചു. അവരുടെ വിഖ്യാത ഫുട്ബോൾ അക്കാദമിയായ ലാ മാസിയയിലെ പ്രൊഡക്ടുകളായ മെസ്സി, സാവി, ഇനിയേസ്റ്റ എന്നിവരെ മുൻനിർത്തി പെപ് വിഭാവനം ചെയ്ത ഫുട്ബോൾ പ്രൊജക്റ്റ് ബാഴ്സയെ ലോകഫുട്ബോളിന്റെ നെറുകയിലെത്തിച്ചു. 2009ലേയും 2011ലേയും യുവേഫ ചാമ്പ്യൻസ് ലീഗ് വിജയവും, 2010ലെ സെമിഫൈനൽ പ്രവേശനവും എന്നതിലുപരി ടിക്കി ടാക്ക എന്ന സുന്ദരമായ ശൈലിയുടെ വീണ്ടെടുപ്പ് അവരെ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട ടീമാക്കി മാറ്റി.
ഇതിലുടെ ഉണ്ടായ വരുമാന വർദ്ധനവ് അത് വരെ ഫുട്ബോൾ ലോകത്ത് കേട്ടു കേൾവി ഇല്ലാത്തതായിരുന്നു. അത് 2018/19 സീസണിൽ 800 മില്യൺ ഡോളറും തൊട്ടടുത്ത സീസണിൽ 1 ബില്യൺ ഡോളർ എന്ന ഗ്ലാസ് സീലിംഗ് ഭേദിക്കുന്നതിലുമാണ് അവസാനിച്ചത്. ആ സുവർണ കാലഘട്ടത്തിന്റെ തുടക്കത്തിൽ ചിരവൈരികളായ റിയൽ മാഡ്രിഡ് ചെയ്തത് പോലെ സൂപ്പർ താരങ്ങളെ സ്വന്തം തട്ടകത്തിൽ എത്തിക്കുക എന്ന നയമായിരുന്നില്ല ബാഴ്സയുടേത്, ലാ മാസിയ കണ്ടെത്തിയ താരങ്ങളെ ലോകോത്തര നിലവാരത്തിൽ ഉയർത്തുക എന്നതായിരുന്നു അവർ സ്വീകരിച്ച നയം. അത് കൊണ്ട് തന്നെ ട്രാൻസ്ഫർ മാർക്കറ്റിൽ റിയൽ മാഡ്രിഡിനോട് മത്സരിക്കാൻ അവർ ഒരിക്കലും ശ്രമിച്ചിരുന്നുമില്ല. പെപ് യുഗത്തിന് ശേഷവും ട്രാൻസ്ഫർ മാർക്കറ്റിൽ എന്നും യുക്തിപരമായി മാത്രമാണ് ബാഴ്സ പ്രവർത്തിച്ചത്. 21 കാരൻ ആയ നെയ്മർ 2013ൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിൽ നിന്ന് വരുമ്പോൾ ഇന്നത്തെ നെയ്മർ ആയിരുന്നില്ല. 2009ൽ നിന്ന് 2019 ആവുമ്പോൾ ബാഴ്സയുടെ വരുമാനത്തിലുണ്ടായ വർദ്ധനവ് 111 ശതമാനമാണ്. ഒരു പരമ്പരാഗത ഫുട്ബോൾ ടീമിന്റെ വരുമാനം പ്രധാനമായും ടിക്കറ്റ് വിൽപ്പന അടക്കമുള്ള മാച്ച് ഡേ വരുമാനം, ടിവി സംപ്രേഷണങ്ങളിൽ നിന്നുള്ള വരുമാനം, കമേർഷ്യൽ വരുമാനം എന്നീ മൂന്ന് വിഭാഗത്തിൽ പെടുത്താം. ബാഴ്സയുടെ കാര്യത്തിൽ ഫുട്ബോൾ ടൂറിസവും ഒരു പ്രധാന വരുമാന മാർഗ്ഗമാണ്. ആ കാലഘട്ടത്തിൽ ഉണ്ടായ കമേർഷ്യൽ വരുമാന വർദ്ധനവ് 210 ശതമാനത്തിന് മുകളിലാണ് എന്നുള്ള ഒറ്റ കാര്യം മതി മെസ്സിയും സംഘവും ലോക ഫുട്ബോളിൽ ഉണ്ടാക്കിയ ഇമ്പാക്ട് മനസിലാക്കാൻ.
ബാഴ്സലോണയുടെ തകർച്ച
നേരത്തെ സൂചിപ്പിച്ചത് പോലെ ഫുട്ബോളിൽ നിന്നുള്ള വരുമാനം ഏറെകുറെ മുഴുവനായും ഫുട്ബോളിൽ തന്നെ ചിലവാക്കുക എന്നൊരു പോളിസിയിൽ പ്രവർത്തിച്ചിരുന്ന ക്ലബ് ആണ് ബാഴ്സലോണ. ഫുട്ബോൾ ആരാധകർ നടത്തുന്ന ക്ലബ് ആയിരുന്നത് കൊണ്ട് തന്നെ അവരുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും എതിരായി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപെട്ട പ്രസിഡന്റുമാർക്ക് സാധിക്കില്ലായിരുന്നു. സ്പെയിനിലെ പ്രധാന ഫുട്ബോൾ ലീഗായ ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളിലെ വേതനപരിധിയായ 70% മുഴുവനായും അവർ ഉപയോഗിച്ചിരുന്നു. വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്തിൽ ഏറ്റവും അധികം വേതന ബിൽ ഉള്ള ക്ലബ് ആയി ബാഴ്സലോണ മാറിയിരുന്നു. 2017 ൽ നെയ്മർ പി.എസ്. ജിയിലേക്ക് പോയതിനു ശേഷം അവർ ഒപ്പിട്ട മൂന്ന് കരാറുകളും റിയൽ മാഡ്രിഡിന്റെ ഗാലക്ടിക്കോസ് കരാറുകളെ ഓർമിപ്പിക്കുന്നതായിരുന്നു. അവർ മൂന്ന് പേരും മൈതാനത്ത് അതിദയനീയമായി പരാജയപ്പെട്ടുവെന്നത് ചരിത്രം. 2014 മുതൽ ബാഴ്‌സലോണ എഫ്.സിയുടെ പ്രസിഡന്റ് ആയിരുന്ന ജോസഫ് ബർത്തമ്യു ആണ് ബാഴ്സയുടെ എന്നല്ല ലോകഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും ദൗർഭാഗ്യകരമായതിൽ ചിലത് എന്ന് പറയാവുന്ന താരക്കൈമാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
ഒരു കോർപ്പറേറ്റ് സംവിധാനം ഇല്ലാത്തതു കൊണ്ട് തന്നെ അസോസിയേഷനിലെ വിവിധ ഗ്രൂപ്പുകൾ മാനേജരോടോ സ്പോർട്ടിങ് ഡയറക്ടറോട് ആലോചിക്കാതെ തന്നെ കരാറുകൾക്ക് വേണ്ടി അണിയറ നാടകങ്ങൾ നടത്തുന്നത് ഇത്തരത്തിൽ മാനേജ് ചെയ്യപ്പെടുന്ന ക്ലബ്ബുകളിൽ സാധാരണമാണ്. പ്രൊജക്ടിന്റെ ബിസിനസ്സ് സാധ്യതകളെക്കാൾ അവരെ നയിക്കുക പോപ്പുലിസവും പൊളിറ്റിക്‌സും ആണെന്ന് തന്നെ പറയാം, പോപ്പുലർ വോട്ടിലൂടെ അധികാര സ്ഥാനങ്ങൾ നിർണയിക്കുന്ന ഏതൊരു സംവിധാനത്തിലും സ്വാഭാവികമായും സംഭവിക്കുന്ന പോലെത്തന്നെ. നെയ്മർ ബാഴ്സയോട് വിട പറഞ്ഞ് മൂന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ ഫ്രഞ്ച് സ്ട്രൈക്കറായ ഉസ്മാൻ ഡെമ്പലയെ ജർമ്മൻ ക്ലബ്ബായ ബോറൂസ്സിയ ഡോർട്ട്മുണ്ടിൽ നിന്നു വാങ്ങാൻ കരാർ ഒപ്പിട്ടത് 140 മില്യൺ യൂറോക്കായിരുന്നു. 6 മാസത്തിനുള്ളിൽ ബ്രസീലിയൻ മധ്യനിരക്കാരനായ കൗട്ടിഞ്ഞോയെ 160 മില്യൺ യൂറോയ്ക്കും 2019ൽ അന്റോണിയോ ഗ്രീസ്മാനെ 120 മില്യൺ യൂറോയ്ക്കും ഫ്രങ്കീ ഡി ജോങ്ങിനെ 75 മില്യൺ യൂറോയ്ക്കും ബാഴ്സ വാങ്ങിച്ചു. ബാഴ്സയെ പോലൊരു ക്ലബിന് തീർച്ചയായും താങ്ങാവുന്ന കരാറുകൾ തന്നെയായിരുന്നു ഇത്. ഷെൽ കമ്പനികൾ സൃഷ്ട്ടിച്ച് സ്പോൺസർഷിപ്പിന്റെ പേരിൽ ഫണ്ട് ഒഴുക്കേണ്ടതിന്റെയോ, ഇമേജ് റൈറ്റ്സ് വില്പനയ്ക്കായി സ്വന്തം കമ്പനികൾ ഉണ്ടാക്കി ഇൻഫ്ലേറ്റഡ് പേയ്‌മെന്റ് കളിക്കാർക്ക് കൊടുക്കേണ്ടതിന്റെയോ ആവശ്യം ബാഴ്സയ്ക്ക് ഇല്ലായിരുന്നു, കോവിഡ് ലോകത്തിലെ മുഴുവൻ എന്റർടെയിൻമെന്റ് ബിസിനസുകളുടെയും സമവാക്യങ്ങൾ മാറ്റിമറിക്കുന്നത് വരെ.
2014 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ബാഴ്സ താരക്കൈമാറ്റ വിപണിയിൽ ട്രാൻസ്ഫർ ഫീ ആയി ചിലവാക്കിയത് 1 ബില്യൺ യൂറോ ആയിരുന്നു. ട്രാൻസ്ഫർ ഫീ ഒരു മൂലധന നിക്ഷേപം മാത്രമാണ്, അത് നിലനിർത്താനുള്ള നടത്തിപ്പ് ചിലവുകളാണ് ബാഴ്സയുടെ സാമ്പത്തികമായ തകർച്ചയ്ക്ക് വഴിതെളിച്ചത് എന്ന് കണക്കുകൾ ശ്രദ്ധിച്ചാൽ നിസ്സംശയം പറയാൻ സാധിക്കും. 2016 മുതൽ 2020 വരെ ഉള്ള കാലഘട്ടത്തിൽ ലയണൽ മെസ്സിക്ക് വേണ്ടി മാത്രം വേതനവും, പെർഫോമൻസ് ബൊണസും, ലോയലിറ്റി ബോണസും ഒക്കെ ആയി ബാഴ്സ ചിലവഴിച്ചത് 550 മില്യൺ യൂറോക്ക് മുകളിൽ ആണ്. ഫുട്ബോൾ ടൂറിസവും, മാച്ച്ഡേ വരുമാനവുമൊക്കെ സാരമായി കുറഞ്ഞ 2019-20 സീസണിൽ 150 മില്യൺ യൂറോയുടെ വരുമാന നഷ്ടമാണ് ബാഴ്സയ്ക്ക് സംഭവിച്ചത്. ഇത് ലഭിക്കുന്ന ഓരോ യൂറോക്കും 1.1 യൂറോ വേതനത്തിൽ മാത്രം ചിലവഴിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് ബാഴ്സയെ എത്തിച്ചു, മൊത്തത്തിലുള്ള കടം 1 ബില്യൺ യൂറോക്ക് മുകളിലും. വരുമാനം കുറഞ്ഞാൽ ചിലവുകൾ കുറക്കുക എന്ന ഒരു വഴി മാത്രമേ മൂലധന നിക്ഷേപത്തിന് മറ്റ് വഴികൾ ഇല്ലാത്ത ബാഴ്സയെ പോലുള്ള ക്ലബ്ബുകൾക്ക് ചെയ്യാൻ സാധിക്കുകയുള്ളു. ലാലിഗയുടെ 2013 ലെ നിയമപ്രകാരം ഇപ്പോളത്തെ വേതനത്തിൽ നിന്നും ഏകദേശം 50% മാത്രമായി ബാഴ്സയുടെ വേതന ബിൽ പരിമിതമാക്കപ്പെട്ടു. ക്ലബ്ബുകളെ കൂടുതൽ കടക്കെണിയിലേക്ക് തള്ളി വിടാതിരിക്കാനും, സാമ്പത്തിക ആരോഗ്യം നിലനിർത്താനുമുള്ള നിയമങ്ങൾ അതിശക്തമായി തന്നെ പ്രാവർത്തികമാക്കാനുള്ള ലാലിഗ അധികൃതരുടെ തീരുമാനം തന്നെയാണ് മെസ്സിയുടെ ട്രാൻസ്ഫറിൽ കലാശിച്ചത്. ഇത് ഒരു ബ്രാൻഡ് എന്ന നിലയിൽ വരുമാനത്തിലും ലോകത്താകമാനമുള്ള കാഴ്ചക്കാരുടെ എണ്ണത്തിലും ഓരോ വർഷവും ഇംഗ്ലീഷ് പ്രീമിയർ ലീഗിനോട് താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ കൂടുതൽ താഴേക്കു പോകുന്ന ലാലിഗയെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നു കാണാം.
ഫുട്ബോളിലെ 'പുത്തൻ' പണക്കാരുടെ ഉദയം.
2003 ജൂലൈയിലാണ് റോമൻ അബ്രഹാമോവിച്ച് എന്ന റഷ്യൻ കോടീശ്വരൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വെസ്റ്റ് ലണ്ടനിൽ നിന്നുള്ള 116 വർഷം പഴക്കമുള്ള ചെൽസി ഫുട്ബോൾ ക്ലബ്ബിനെ വിലക്ക് വാങ്ങുന്നത്. 140 മില്യൺ പൗണ്ടാണ് ഈ ഇടപാടിന് അന്ന് ചിലവഴിച്ചതായി കണക്കാക്കപ്പെട്ടത്. ക്ലബ് വിലക്കെടുത്തു ആദ്യം വർഷം തന്നെ 150 മില്യൺ പൗണ്ട് ആണ് അബ്രഹാമോവിച്ച് കളിക്കാരെ വാങ്ങുന്നതിനു വേണ്ടി ചിലവാക്കിയത്. വെറും നൂറു മില്യൺ പൗണ്ടിനടുത്ത് മാത്രം വരുമാനം തൊട്ട് മുന്നത്തെ വർഷം ഉണ്ടായിരുന്ന ക്ലബ്ബായിരുന്നു ചെൽസി എന്നോർക്കണം. അന്ന് FFP (Financial Fair Play) നിയമങ്ങൾ നിലവിൽ വന്നിരുന്നില്ല എന്നത് അബ്രഹാമോവിച്ചിന് കാര്യങ്ങൾ എളുപ്പമാക്കി. അർജന്റീനിയൻ സ്ട്രൈക്കർ ആയിരുന്ന ഹെർനൻ ക്രെസ്‌പോയും, ഫ്രഞ്ച് ഡിഫെൻസീവ് മിഡ്‌ഫീൽഡർ ആയിരുന്ന ക്ലോദ് മക്കലെലെയും പോലെയുള്ള വൻ താരങ്ങളെ അയാൾ ചെൽസിയുടെ ടീമിലെത്തിച്ചു.
അബ്രഹാമോവിച്ച് എഫക്ടിന് ആദ്യ സീസണിൽ തന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സാക്ഷ്യം വഹിച്ചു. ക്ലബ്ബിന്റെ വരുമാനം 60 ശതമാനത്തിന് മുകളിലേക്കാണ് വളർന്നത്. ബ്രോഡ്കാസ്റ്റിംഗ് - കമേർഷ്യൽ വരുമാനങ്ങളിലുണ്ടായ കുതിച്ചു ചാട്ടമാണ് ഇതിന് കാരണമായത്. അബ്രഹാമോവിച്ചിന്റെ ഏറ്റെടുക്കലിന് ശേഷം ചെൽസി എഫ്.സി ട്രാൻസ്ഫർ മാർക്കറ്റിൽ ചിലവഴിച്ചത് 2 ബില്യൺ യൂറോക്ക് മുകളിൽ ആണ്. ബാഴ്സലോണയും റിയൽ മാഡ്രിഡും പോലെയുള്ള പരമ്പരാഗത ക്ലബ്ബുകൾ നേരത്തെ പറഞ്ഞ മൂന്ന് വരുമാന മാർഗങ്ങൾക്കും മുകളിൽ ഫണ്ട് കണ്ടെത്തണമെങ്കിൽ ബാങ്കുകളിൽ നിന്ന് കടമെടുക്കുകയാണ് ചെയ്യാറ്. പക്ഷെ ചെൽസി ഒരു ഇന്റർ കമ്പനി ഡെബ്റ്റ് സംവിധാനമാണ് പിന്തുടർന്നിരുന്നത്. ചുരുക്കി പറഞ്ഞാൽ പണക്കാരനായ ക്ലബ്ബുടമ നേരിട്ട് പണമൊഴുക്കുന്ന രീതി. ബാഴ്സയുടെ ലാ മാസിയ പോലുള്ള അക്കാഡമികൾ ഒരു നൂറ്റാണ്ടോളം നീളുന്ന പാരമ്പര്യമാണെങ്കിൽ ചെൽസിയുടെ ഫുട്ബോൾ അക്കാദമി അബ്രഹാമോവിച്ച് വിലക്കെടുത്ത് 15 വർഷങ്ങൾക്കിപ്പുറം തന്നെ മേസൺ മൗണ്ടിനേയോ റീസ് ജെയിംസിനേയോ പോലുള്ള താരങ്ങളെ അക്കാദമി പ്രോഡക്ട്സ് എന്ന നിലയിൽ ക്ലബ്ബിലെത്തിക്കാൻ പ്രാപ്തമായി കഴിഞ്ഞിരിക്കുന്നു.
പ്രീമിയർ ലീഗിലെ ഒരു മിഡ് ടേബിൾ ടീം ആയിരുന്ന ചെൽസി വരുമാനത്തിന്റെ കാര്യത്തിലും ആരാധകരുടെ എണ്ണത്തിന്റെ കാര്യത്തിലും ഇന്ന് ലോകത്തിലെ ടോപ് 5 ടീമുകളിൽ ഒന്നാണ്. അബ്രഹാമോവിച്ച് ഏറ്റെടുത്തതിന് ശേഷം ചെൽസിയുടെ വരുമാനത്തിൽ ഉണ്ടായ വർദ്ധനവ് 300 ശതമാനത്തിനടുത്താണ്. 1 ബില്യണിനു മുകളിൽ കടമുണ്ടായിരുന്നിട്ടും, കോവിഡ് പ്രതിസന്ധിയിൽ വരുമാനത്തിൽ ഇടിവുണ്ടായിട്ടും ചെൽസി പാപ്പരാകാത്തതിന് കാരണം ചെൽസിയുടെ ഇന്റർ കമ്പനി ഡെബ്റ്റ് എന്ന അക്കൗണ്ടിങ് മായാജാലമാണെന്ന് പറയേണ്ടി വരും. ഒരു ഫുട്ബോൾ ക്ലബ്ബിന്റെ സാമ്പത്തിക വളർച്ച അതിന്റെ കളിക്കളത്തിലെ വിജയത്തിന് ആനുപാതികമാണ്. കളിക്കളത്തിലെ വിജയം വില കൊടുത്ത് വാങ്ങാൻ സാധിക്കുമെന്നും, 100 വർഷത്തെ ചരിത്രത്തിൽ ഒന്നുമല്ലാതിരുന്ന ഒരു ക്ലബ്ബിനെ പ്രീമിയർ ലീഗിലെ ഏറ്റവും ആരാധകർ ഉള്ള ക്ലബ് ആക്കി മാറ്റാൻ സാധിക്കുമെന്ന്, ആ വിജയം ഒരു സുസ്ഥിരമായ ബിസിനസ് ആക്കി മാറ്റാൻ സാധിക്കുമെന്നും അബ്രഹാമോവിച്ച് തെളിയിച്ചു. അത് ഫുട്ബോൾ ലോകത്തിൽ പുതിയ ഒരു അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു. ജോസേ മൗറിഞ്ഞോ മുതൽ തോമസ് ടുചെൽ വരെയുള്ള അതികായർ ചെൽസിക്കു വേണ്ടി കളിക്കളത്തിൽ തന്ത്രങ്ങൾ മെനഞ്ഞു. ഹെർനൻ ക്രസ്‌പൊ മുതൽ റൊമേലു ലുകാകു വരെയുള്ള സൂപ്പർ താരങ്ങൾ 'ലണ്ടൻ ഈസ് ബ്ലൂ' എന്ന് ചെൽസി ജേഴ്സിയിൽ വിളിച്ചു പറയുകയാണ്. 5 പ്രീമിയർ ലീഗ് കിരീടങ്ങളും 2 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഇതിന് അടിവരയിടുന്നു.
2009ൽ യൂറോപ്പിലെ ഫുട്ബോൾ ഭരണ സമിതിയായ യുവേഫയുടെ പ്രസിഡന്റ് മിഷേൽ പ്ലാറ്റിനി FFP അവതരിപ്പിച്ചതിന് ശേഷമാണ് അബ്രഹാമോവിച്ച് ചെൽസിയെ ഏറ്റെടുത്തിരുന്നതെങ്കിൽ ഇത്തരത്തിലുള്ള ഒരു ബിസിനസ് മോഡൽ സാധ്യമാകുമായിരുന്നോ എന്ന് സംശയമാണ്. 'Break even' ആണ് FFP യുടെ അടിസ്ഥാന തത്വം, ഒരു ക്ലബ്ബിന്റെ വരുമാനം എന്താണോ അതിനനുസൃതമായി മാത്രമേ അവർക്കു ചിലവാക്കാൻ പറ്റുകയുള്ളു. അക്കാദമികളുടെ നടത്തിപ്പിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി ഉപയോഗിക്കുന്ന തുക FFP യുടെ പരിധിക്കുള്ളിൽ വരില്ല എന്നതും ശ്രദ്ധേയമാണ്. FFP നിലവിൽ വന്നതിനു ശേഷം മാഞ്ചസ്റ്റർ സിറ്റിയേയും പി.എസ്.ജിയേയും പോലുള്ള ക്ലബ്ബുകളെ ഭരണകൂടങ്ങളുടെ പിന്തുണയുള്ള കമ്പനികൾ വിലക്കെടുത്തതിന്റെയും ഇന്നത്തെ അവസ്ഥയിലേക്ക് വളർത്തിയതിന്റെയും കഥ FFP ഇല്ലാതെ ആറു വർഷം ഒരു ബ്രാൻഡ് വളർത്തിയെടുക്കാൻ അവസരം ലഭിച്ച അബ്രഹാമോവിച്ചിന്റെ കഥ ശ്രദ്ധേയമാക്കുന്നു. അബ്രഹാമോവിച്ച് ചെൽസിയെ ഏറ്റെടുത്തത് ഒരു പരിധി വരെ ഫുട്ബോളിനോടുള്ള അഭിനിവേശം കൊണ്ട് തന്നെയാണ്, എന്നാൽ അബുദാബി രാജകുടുംബാംഗമായ മൻസൂർ ബിൻ സയിദ് അൽ നഹ്യാൻ മാഞ്ചസ്റ്റർ സിറ്റിയേയും ഖത്തർ ഗവൺമെന്റിന്റെ പിന്തുണയുള്ള നാസ്സർ അൽ ഖേലെയ്ഫി പി.എസ്.ജിയേയും ഏറ്റെടുക്കുന്നത് ഫുട്ബോളിനു അപ്പുറത്ത് ഒരുപാട് മാനങ്ങളുള്ളതാണ്. അതൊരു ഇമേജ് ബിൽഡിംഗ് പ്രവൃത്തിയായാണ് പലരും കാണുന്നത്. 2018 ൽ ' Der Spiegel ' എന്ന ജർമ്മൻ മാഗസിൻ മാഞ്ചസ്റ്റർ സിറ്റി FFP നിയമങ്ങൾ ലംഘിച്ചുവെന്ന് വെളിപ്പെടുത്തുകയുണ്ടായി. ഇത് യുവേഫയേയും, പ്രീമിയർ ലീഗ് അധികൃതരേയും അന്വേഷണം നടത്താൻ നിർബന്ധിതരാക്കി. മാഞ്ചസ്റ്റർ സിറ്റിയിലൂടെ ക്യാപിറ്റലിസത്തിൽ ഒരു പുതിയ അധ്യായം അൽ നഹ്യൻ കുടുംബം തുറന്നിരിക്കുന്നു എന്നാണ് വ്യവസായിക വിപ്ലവകാലത്തെ പ്രയോഗത്തെ കടമെടുത്ത് കൊണ്ട് ' Der Spiegel ' വിശേഷിപ്പിച്ചത്.
മാഞ്ചസ്റ്റർ സിറ്റിയുടെ ഉദയം
2012 മേയ് 13, മാഞ്ചസ്റ്റർ സിറ്റി എന്ന ഫുട്ബോൾ ക്ലബ്, ലോകഫുട്ബോളിലെ വൻ ശക്തികളിൽ ഒന്നായി മാറിയ, ആരാധകരുടെ ഭാവനകൾക്ക് തീ പിടിപ്പിച്ച, തങ്ങളുടെ സ്വന്തം ചരിത്രം രചിച്ച ദിവസമായിരുന്നു അന്ന്. ഫുട്ബോളിൽ ഒരു വൻ ശക്തിയുടെ വരവ് പ്രഖ്യാപിച്ച ദിനം. ആ സീസണിലെ അവസാന മത്സരത്തിനിറങ്ങുമ്പോൾ ബദ്ധവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനും മാഞ്ചസ്റ്റർ സിറ്റിക്കും ഒരേ പോയിന്റുകളായിരുന്നു. ഗോൾ വ്യത്യാസത്തിൽ മാത്രമാണ് സിറ്റി മുന്നിട്ട് നിന്നിരുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ അവസാന മത്സരത്തിൽ മുഴുവൻ സമയവും കഴിഞ്ഞ് ഇഞ്ചുറി ടൈമിലേക്ക് മത്സരം കടക്കുമ്പോൾ താരതമ്യേന ദുർബലരായ ക്വീൻസ് പാർക്ക് റേഞ്ചഴ്സ് തങ്ങളുടെ എതിരാളികളെ ഞെട്ടിച്ചു കൊണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു. 92ആം മിനുട്ടിൽ എഡിൻ സെക്കോ സിറ്റിക്കു വേണ്ടി സമനില ഗോൾ നേടിയപ്പോഴേക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് സണ്ടർലാന്റിനെ അവരുടെ മൈതാനത്ത് പരാജയപ്പെടുത്തിക്കൊണ്ട് ലീഗ് കിരീടം ഏകദേശം ഉറപ്പിച്ചിരുന്നു. എന്നാൽ കളിയവസാനിക്കാൻ ഒന്നര മിനുട്ട് മാത്രം ബാക്കി നിൽക്കെ സെർജിയോ അഗ്യൂറോ നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി മത്സരം വിജയിച്ചു. 2011-12 സീസണിന് ഉദ്വേഗഭരിതമായ പരിസമാപ്തി. മാഞ്ചസ്റ്റർ സിറ്റിയെന്ന ഈസ്റ്റ് മാഞ്ചസ്റ്ററിലെ അധികമാരും അറിയാത്ത ക്ലബിന് 44 വർഷത്തിന് ശേഷമാദ്യമായി ഇംഗ്ലണ്ടിലെ ഫുട്ബോൾ ലീഗ് കിരീടം. കാല്പനികതയും വിലക്ക് വാങ്ങാൻ പറ്റുമോ എന്ന് വരെ ചോദിച്ച ഒരുപാട് ഫുട്ബോൾ പണ്ഡിതന്മാർ ഉണ്ട്. എന്നിരുന്നാലും അവിടുന്ന് തുടങ്ങിയ സിറ്റി പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല, കഴിഞ്ഞ നാല് സീസണുകളിൽ അവർ നേടിയ മൂന്ന് പ്രീമിയർ കിരീടങ്ങൾ മാത്രം മതി ഒരു ഫുട്ബോൾ ടീം എന്ന നിലയിൽ അവരുടെ വളർച്ച മനസിലാക്കാൻ. അത് വില കൊടുത്ത് വാങ്ങിയത് ആയിരുന്നാൽ പോലും.
നേരത്തെ പറഞ്ഞത് പോലെ കളിക്കളത്തിലെ വിജയങ്ങൾ ആണ് ഏതൊരു ഫുട്ബോൾ ടീമിനേയും സാമ്പത്തികമായി മുന്നോട്ടു നയിക്കുന്നത്. ഒരു ക്ലബ് മികച്ച പ്രകടനങ്ങൾ നടത്തുകയും അവരുടെ കളിക്കാർ ശ്രദ്ധിക്കപ്പെടുകയും ചെയ്യുമ്പോൾ പുതിയ സ്പോൺസർമാരുണ്ടാവുകയും വാണിജ്യ കരാറുകൾ ലഭിക്കുകയും ചെയ്യുന്നു. ആ പണം ഉപയോഗിച്ച് അടുത്ത സീസണുകളിൽ കൂടുതൽ മെച്ചപ്പെട്ട കളിക്കാരെ വാങ്ങുകയോ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയോ ചെയ്യാം. അങ്ങനെയുള്ള നിരന്തരമായ വികസന പ്രക്രിയ ആണ് ഒരു ക്ലബ്ബിന്റെ ലൈഫ് സൈക്കിളിൽ കാണാൻ കഴിയുക. എന്നാൽ സിറ്റിയും പിഎസ്ജിയും പോലെയുള്ള ക്ലബ്ബുകളിൽ സംഭവിക്കുന്നത് ക്ലബ് ഉടമകൾ തങ്ങളുടെ തന്നെ മറ്റ് കമ്പനികൾ വഴി സ്പോൺസർഷിപ്പ് ചെയ്യുന്നു എന്ന പ്രത്യേകതയാണ്. സിറ്റിയുടെ മേജർ സ്പോൺസർ ആയ എത്തിഹാദ് എയർവെയ്സ് അൽ നഹ്യാൻ കുടുംബത്തിന്റെ തന്നെ ഉടമസ്ഥതയിൽ ഉള്ള കമ്പനിയാണ്. അവർ ചിലവാക്കാൻ ഉദ്ദേശിക്കുന്ന പണം എത്രയാണോ, അത്ര തന്നെ മൂല്യമുള്ള സ്പോൺസർഷിപ് കരാറുകൾ FFP ക്ക് ഉള്ളിൽ നിന്ന് കൊണ്ട് തന്നെ ഒരു പ്രയാസവും ഇല്ലാതെ ഇവർക്ക് ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ് ഇവരുടെ സാമ്പത്തിക ശക്തിയുടെ അടിസ്ഥാനം. അതിൽ തന്നെ പല കരാറുകളും കണക്കുകൾ കൃത്യമാക്കുക എന്ന ഉദ്ദേശത്തോടെ മുൻകാല പ്രാബല്യത്തോടെ നടത്തിയിരുന്നുവെന്ന് 'Der Spiegel' പുറത്ത് വിട്ടിരുന്നു. പക്ഷെ എത്തിഹാദ് എയർവെയ്സ്, എത്തിസലാത്ത് പോലുള്ള കമ്പനികൾക്ക് മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു ബന്ധവുമില്ലെന്നും അവർ സ്വാതന്ത്ര സ്പോൺസർമാർ മാത്രമാണെന്നുമാണ് സിറ്റി വക്താക്കളുടെ ഭാഷ്യം. ഫുട്ബോൾ ക്യാപിറ്റലിസം എന്ന പ്രയോഗം മാഞ്ചസ്റ്റർ സിറ്റിയോളം ചേരുന്ന ടീമുകൾ വേറെയില്ല.
സിറ്റി ഫുട്ബോൾ ഗ്രൂപ്പ് അഥവാ CFG എന്ന ഹോൾഡിങ് കമ്പനി വഴി ലോകമെമ്പാടുമുള്ള ഫുട്ബോൾ ലീഗുകളിൽ അവർ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഐഎസ്എല്ലിലെ മുംബൈ സിറ്റി എഫ്.സിയിൽ ഉൾപ്പെടെ. ഫുട്ബോളിന്റെ ആഗോള സാമ്രാജ്യം എന്ന ആശയം അന്ന് വരെ ലോകം കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. പ്രതിഭാധനരായ യുവ കളിക്കാരെ ലോകത്തിന്റെ പലകോണുകളിൽ നിന്ന് കണ്ടെത്തി ഇത്തരത്തിലുള്ള സബ്‌സിഡിയറികളിൽ നിലനിർത്തി വികസിപ്പിക്കുകയും അവരുടെ കരിയറിന്റെ നിയന്ത്രണം തങ്ങളുടെ കൈകളിൽ ആകുകയും ചെയ്യുന്ന ആഗോള ഫുട്ബോൾ പ്രൊജക്റ്റ് ആണ് CFG വിഭാവനം ചെയ്യുന്നത്. മാഞ്ചസ്റ്റർ സിറ്റി, ന്യൂയോർക്ക് സിറ്റി, മെൽബൺ സിറ്റി പോലുള്ള ക്ലബുകൾ CFG യുടെ ഫ്ലാഗ്ഷിപ് ക്ലബുകൾ ആവുമ്പോൾ തന്നെ യൂറഗ്വായിലെ ടോർക് ഫാമിലും, സ്പെയിനിലെ ജിറോണിയിലും അവർ നിക്ഷേപം നടത്തുന്നത് ഫുട്ബോളിലെ ഏറ്റവും വലിയ മൂലധനമായ ' talent acquistion' ന്റെ ഭാവിയിലെ നിയന്ത്രണം തങ്ങളുടെ കയ്യിലെത്താൻ വേണ്ടിയാണെന്ന് മനസിലാക്കാൻ സാധിക്കും.
ഈ സബ്‌സിഡിയറി ക്ലബ്ബുകളെ സ്വന്തം സപ്പോർട്ട് സ്റ്റാഫിന്റെയും, കളിക്കാരുടെയും വേതനവും, കമേർഷ്യൽ ഡീലുകളും മാനിപ്പുലേറ്റ് ചെയ്യാൻ കൂടിയാണ് സിറ്റി ഗ്രൂപ്പ് ഉപയോഗിക്കുന്നത്. നിലവിലെ ഇറ്റാലിയൻ ദേശീയ ടീം കോച്ചായ റോബെർട്ടോ മാൻസീനി 2009ൽ രണ്ട് സിറ്റി ഗ്രൂപ്പ് ക്ലബ്ബുകളുമായാണ് കരാർ ഒപ്പിട്ടത്. മാഞ്ചസ്റ്റർ സിറ്റിയുമായി 1.45 മില്യണിന്റെയും അറേബ്യൻ ഗൾഫ് ലീഗ് ക്ലബ് ആയ അൽ ജസീറയുമായി 1.75 മില്യണിന്റെയും കരാറുകൾ. എന്നാൽ മാൻസീനി എന്ന അതികായൻ സിറ്റിയുടെ മാത്രം മാനേജറായി പ്രവർത്തിക്കുന്നതേ ലോകം കണ്ടിട്ടുള്ളു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 1993-94 സീസണിൽ രണ്ടാം സ്ഥാനവും തൊട്ടടുത്ത സീസണിൽ ലീഗ് കിരീടവും നേടിയ ബ്ലാക്ക്ബേൺ റോവേഴ്സിന് 2012 ൽ തരം താഴ്ത്തപ്പെട്ടതിനു ശേഷം ഇതുവരെ പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരാൻ സാധിച്ചിട്ടില്ല. ബോൾട്ടൺ വാണ്ടറേഴ്സ്, വിഗാൻ അത്ലറ്റിക് പോലുള്ള ടീമുകളുടെ അവസ്ഥയും മറ്റൊന്നല്ല. തടസ്സമില്ലാതെ ഒഴുകുന്ന പണത്തിന്റെ സ്രോതസ്സുകൾ ഇല്ലാത്ത ഇത്തരം പരമ്പരാഗത ക്ലബ്ബുകൾ കിതയ്ക്കുമ്പോൾ തന്നെ പുതിയ നിക്ഷേപകരെ ലഭിച്ചിട്ടുള്ള എവർട്ടനേയും ലെസ്റ്റർ സിറ്റിയേയും പോലുള്ള ക്ലബ്ബുകൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്നതും നമ്മൾ കാണുന്നുണ്ട്. ലോകത്തിലെ എല്ലാ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളുടെയും ഉദയത്തിന് കാരണമായിട്ടുള്ള ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിനെ ആഗോളവൽക്കരണകാലത്തെ അവസാനമില്ലാത്ത മൂലധനം പകരം വെക്കുന്ന കാഴ്ചയാണ് ലോകത്തെ പ്രധാന ലീഗുകളിൽ പലതിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ബാഴ്സലോണയെ പോലെയൊരു ക്ലബ് ഇല്ലാതാവാനൊന്നും പോകുന്നില്ല പക്ഷെ അവരുടെ ക്ലബ് നടത്തിപ്പിലെ പരമ്പരാഗത ശൈലി എത്രനാൾ മുന്നോട്ട് പോകുമെന്ന് കണ്ടറിയേണ്ടി വരും. ഫുട്ബോൾ ക്യാപ്പിറ്റലിസത്തിൽ നിന്നും ഫുട്ബോൾ ഇമ്പീരിയലിസത്തിലേക്ക് കുതിക്കുന്ന സമ്പത്തിന് മുന്നിൽ ആരാധക കൂട്ടങ്ങൾ നയിക്കുന്ന ക്ലബ്ബുകൾക്ക് എത്രനാൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞേക്കുമെന്നറിയില്ല.