TMJ
searchnav-menu
post-thumbnail

Outlook

കാപ്പിറ്റലിസത്തിൽ നിന്നും ഇംപീരിയലിസത്തിലേക്ക് കുതിക്കുന്ന ഫുട്ബോൾ

19 Dec 2021   |   1 min Read
അനീഷ്‌ ഉത്തമന്‍

2012 ആഗസ്റ്റിലെ ഒരു രാത്രി, പിറകിൽ മെഡിറ്ററേനിയൻ തഴുകുന്ന ഫ്രഞ്ച് റിവേറ, മുന്നിൽ ശതകോടീശ്വരന്മാരുടെ യോട്ടുകൾ നിർത്തിയിട്ട ബേ, അതിൽ ഒന്ന് റഷ്യൻ ശതകോടീശ്വരനായ റോമൻ അബ്രമോവിച്ചിന്റെതായിരിക്കാം. മോണ്ടെ കാര്‍ലോയിലെ പ്രശസ്തമായ ഒരു ഹോട്ടലിന്റെ ടെറസ്സില്‍ വെച്ച് അന്ന് യുവേഫയുടെ പ്രസിഡന്‍റ് മിഷേല്‍ പ്ലാറ്റിനി യൂറോപ്യന്‍ ഫൂട്ബോള്‍ ലീഗുകളില്‍ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നടപ്പില്‍ വരുത്തുകയാണെന്നും പ്രൊഫെഷണല്‍ ക്ലബ്ബുകളില്‍ ബ്രേക് ഈവണ്‍ സാധ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചു. 2011-12 സീസണില്‍ ചെൽസി ഫുട്ബോള്‍ ക്ലബ്ബ് 80 മില്യൺ യൂറോ ആയിരുന്നു യൂറോപ്യന്‍ ട്രാൻസ്ഫർ മാർക്കറ്റിൽ പൊടിച്ചത്. അമേരിക്കൻ ഫ്രാഞ്ചൈസികളും, അറബ് ഷെയ്ക്കുമാരും, റഷ്യൻ പ്രഭൂക്കന്മാരും പതുക്കെ ഫുട്ബാളിൽ പിടി മുറുക്കി തുടങ്ങിയിരുന്നു. ഷെയ്ഖ് മൻസൂര്‍ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയും അല്‍ ഖലൈഫി ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി യും ഏറ്റെടുത്തത് എല്ലാവരുടെയും ചർച്ചകളിൽ സജീവ സാന്നിധ്യമായിരുന്നു. അവരെല്ലാം ചേർന്ന് തീരുമാനിച്ചു, ഫുട്ബാളില്‍ ഞങ്ങൾ വിപ്ലവം സൃഷ്ടിക്കും, സാമ്പത്തിക സുതാര്യത കൊണ്ട് വരും, ഒരു ക്ലബ്ബും കടക്കെണിയിൽ വീഴരുത്. ഫുട്ബോൾ ക്യാപിറ്റലിസത്തിൽ നിന്ന് ഫുട്ബോൾ ഇംപീരിയലിസത്തിലേക്കുള്ള സമ്പത്തിന്റെ ചുവട് വെപ്പ് ഇവിടെയാണ് ആരംഭിച്ചത്. ഫുട്ബോളിനെ എന്നേക്കുമായി മാറ്റി മറിച്ചുകൊണ്ട്.

2021 Dec 12നു അധികമാരും ശ്രദ്ധിക്കാൻ സാധ്യതയില്ലാത്ത ഒരു വാർത്ത ഫുട്ബോൾ ലോകത്തിൽ നിന്നുണ്ടായി. ന്യൂയോര്‍ക്ക് സിറ്റി എഫ്സി അമേരിക്കയിലെ ഏറ്റവും പ്രധാന ഫുട്ബോള്‍ ലീഗായ മേജർ സോക്കര്‍ ലീഗ്(MLS) കിരീടം നേടി എന്നതാണ് ആ വാർത്ത. CFG എന്ന സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു ക്ലബ്‌ ഈ വർഷം വിവിധ രാജ്യങ്ങളിൽ വിജയിക്കുന്ന നാലാമത്തെ ലീഗ് കിരീടമാണ് ന്യൂയോര്‍ക്ക് സിറ്റി എഫ്സി യുടെ MLS വിജയം. CFG യുടെ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റി എഫ്.സി , മാഞ്ചസ്റ്റർ സിറ്റി എഫ്.സി, മെല്‍ബണ്‍ സിറ്റി എഫ്.സി എന്നീ ക്ലബ്ബുകള്‍ അതാതു രാജ്യങ്ങളിലെ പ്രധാന ലീഗുകൾ 2020-21 സീസണില്‍ വിജയിച്ചിരുന്നു. ഫുട്ബോള്‍ ചരിത്രത്തിൽ ഇതിന് സമാനമായി മറ്റോന്നുണ്ടോ എന്ന് സംശയമാണ്. ഒരേ ഉടമസ്ഥതയിൽ ഉള്ള നാല് ക്ലബ്ബുകൾ അതാത് രാജ്യങ്ങളിലെ പ്രധാന ലീഗ് ജയിക്കുക എന്നത്!!. ഇവയെക്കൂടാതെ 6 ഫുട്ബോൾ ക്ലബ്ബുകളാണ് CFGയുടേതായി വിവിധ രാജ്യങ്ങളിലെ ലീഗുകളിൽ മത്സരിക്കുന്നത്. മോണ്ടിവിഡിയോ സിറ്റി ടോര്‍ക്ക് (ഉറുഗ്വെ), ജിറോണ എഫ്സി (സ്പെയ്ന്‍),ലോമ്മേല്‍ എസ്.കെ (ബെല്‍ജിയം), സിച്ചുവാന്‍ ജിയുനിയു എഫ്.സി (ചൈന), യോകോഹാമ എഫ് മാരിനോസ് (ജപ്പാന്‍), ട്രോയെസ് എ‌.സി (ഫ്രാന്‍സ്) എന്നിവയാണവ. ഇതിൽ ഏറ്റവും അവസാനം CFG നിക്ഷേപം നടത്തിയ ക്ലബ്ബുകൾ ലോമ്മലും ട്രോയെസുമാണ്. കോവിഡ് കാരണം സാമ്പത്തികമായി തകർന്ന ഈ ക്ലബ്ബുകളെ CFG ഏറ്റെടുക്കുകയായിരുന്നു.

ഫെറാൻ സൊറിയാനോ

ഫെറാന്‍ സൊറിയാനോ ബാര്‍സലോണ എഫ്.സിയുടെ ഇക്കണോമിക് വൈസ് പ്രസിഡന്റ്‌ ആയിരുന്നപ്പോൾ വിഭാവനം ചെയ്ത പദ്ധതി ആയിരുന്നു ഒരു ഗ്ലോബൽ ഫുട്ബോൾ സംരംഭമെന്നത്. ഭ്രാന്തമായ ഒന്ന് എന്ന് ആദ്യം കേൾക്കുമ്പോൾ തോന്നിയേക്കാവുന്ന ഈ സൊറിയാനോ പ്രോജക്റ്റ് പ്രവർത്തികമായത് അദ്ദേഹം 2012ൽ മാഞ്ചസ്റ്റർ സിറ്റിയുടെ സിഇഒ ആയതിനു ശേഷമാണ്. തടസമില്ലാതെ ഒഴുകുന്ന പണത്തിന്റെ സ്രോതസ്സ് സൊറിയാനോയുടെ ബിസിനസ്സ് വിഷൻ യാഥാർഥ്യമാക്കി, 2013ൽ CFG എന്ന സിറ്റി ഫുട്ബോൾ ഗ്രൂപ്പ്‌ സ്ഥാപിതമായി. ഫെരാന്‍ സോറിയാനോയുടെ തന്നെ വാക്കുകൾ കടമെടുത്ത് പറയുകയാണെങ്കിൽ “They are globalizing the Barcalona model”. ബാഴ്സയുടെ അതിപ്രശസ്തമായ ലാ മാസിയ അക്കാദമിയുടെ ഗ്ലോബൽ ഫുട്ബോൾ മോഡൽ ആണ് സോറിയാനോ CFG യിലൂടെ നടപ്പില്‍ വരുത്തിയത്. കളിക്കാരെ വാങ്ങി കിരീടങ്ങൾ നേടുക എന്ന വളരെ ലളിതമായ ആയ ഒരു ലക്ഷ്യമല്ല CFG യുടേത്, പുറമെ നിന്ന് നോക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ക്വാഡ് വാല്യൂവും ട്രാൻസ്ഫർ മാർക്കറ്റിൽ അവർ ചിലവഴിക്കുന്ന തുകയും അങ്ങനെ ഒരു തോന്നൽ ആരിലും ഉളവാക്കും. ലോകോത്തര കളിക്കാരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സൃഷ്ടിക്കുകയും വളർത്തിയെടുക്കുകയും, അത് ഭാവിയിൽ ഒരു മൂലധനം ആയി ഉപയോഗിക്കുകയും ചെയ്യുക എന്ന ബൃഹത് പദ്ധതി ആണ് CFG യുടേത്. മാഞ്ചസ്റ്റെര്‍ സിറ്റി അക്കാദമികളിലെ പ്രോഡക്ടുകൾ ആയ ഫില്‍ ഫോഡെനും, ജേഡന്‍ സാഞ്ചോയുമൊക്കെ ഈ ദശകത്തിലെ സൂപ്പർ താരങ്ങൾ ആവാൻ വളരെ അധികം സാധ്യത കൽപിക്കപെടുന്നവരാണ്. ബാഴ്സലോണയ്ക്ക് വേണ്ടി സോറിയാനോ തയാറാക്കിയ ബിസിനസ്‌ ബ്ലൂ പ്രിന്റാണ് CFG യുടെ അടിസ്ഥാനം എന്ന് പറയുമ്പോൾ തന്നെ, ബാഴ്സയുടെ ഫുട്ബോൾ ശൈലി മൊത്തമായി സിറ്റി വിലക്ക് വാങ്ങിച്ചിരിക്കുന്നു എന്ന് പറഞ്ഞാലും അതിശയോക്തി ഇല്ല. യൊഹാന്‍ ക്രൈഫില്‍ തുടങ്ങി പെപ് ഗാര്‍ഡിയോളയിലൂടെ ഔന്നത്യങ്ങളില്‍ എത്തിയ ബാഴ്സ ഫുട്ബോൾ ഫിലോസഫിയിൽ ഫുട്ബോൾ കളിക്കുന്ന ടീം ഇന്ന് ബാഴ്സലോണയുടെ മാഞ്ചസ്റ്റർ സിറ്റിയാണ്. കളിക്കിടയിലെ പൊസിഷൻ മാറ്റങ്ങളും കളിക്കളത്തില്‍ കളിക്കാര്‍ക്കിടയിലെ വിടവ് മിനിമമായി നിലനിര്‍ത്തുകയും, ബോൾ പൊസ്സെഷന്‍ കൈവിടാതെ നടത്തുന്ന ക്രീയേറ്റീവ് അറ്റാക്കുകളും അടങ്ങുന്ന ഈ ശൈലി, ഫുട്ബോളിലെ ഏറ്റവും ആവേശമുയര്‍ത്തുന്ന ആയ ശൈലി ആണെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു. പെപ് ഗാര്‍ഡിയോള മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജറായി നിയമിക്കപെട്ടത് ബാഴ്സ സ്റ്റൈല്‍ ഓഫ് ഫുട്ബോൾ എന്ന ഏറ്റവും പ്രശസ്തവും ആരാധകരെ ത്രസിപ്പിക്കുന്നതുമായ ആയ ഫുട്ബോൾ CFG ഗ്രൂപ്പിന്റെ തനത് ശൈലിയാക്കി രൂപപ്പെടുത്തുക എന്ന വിശാലമായ ഉദ്ദേശത്തോട് കൂടി തന്നെയാണ്. സോറിയാനൊയും, പെപും മാത്രമല്ല ഇന്നത്തെ മാഞ്ചെസ്റ്റർ സിറ്റി ഡയറക്ടറായ ഷിക്കി ബെഗിരിസ്റ്റൈന്‍ ക്രൈഫ് സ്കൂള്‍ അഥവാ ബാഴ്സ ഫിലോസഫി ഓഫ് ഫുട്ബോളിന്റെ വക്താവും ബാഴ്സലോണയുടെ മുന്‍ ടെക്നിക്കൽ ഡയറക്ടറുമാണ്.

ആഗോളവത്കരണമെന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് സാംസ്കാരികമായ കൈമാറ്റമെന്നോ, ആഗോള ഏകീകരണമെന്നോ ഒക്കെയുള്ള ആശയങ്ങളാണ്. നമ്മുടെ ഉപബോധത്തില്‍ ഉപരിപ്ലവമായ ഇത്തരം ചിത്രങ്ങളാണ് ഗ്ലോബലൈസേഷനെ പറ്റി സൃഷ്ടിക്കപെട്ടിട്ടുള്ളത് എന്നത് തന്നെയാണ് അതിന്റെ വിജയവും. കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തില്‍ ഇരുന്നു കൊണ്ട് കെ എഫ് സി ചിക്കന്‍ കഴിക്കുന്നതും, അങ്ങനെ നമ്മളും അമേരിക്കക്കാരനുമായി സാംസ്കാരികമായ കൈമാറ്റം സാധ്യമാകുന്നുവെന്നൊക്കെയുള്ള വളരെ ശുഭാപ്തി വിശ്വാസത്തിലൂന്നിയ വ്യാഖ്യാനം നമുക്ക് കുറച്ച് നേരത്തേക്ക് മറക്കാം. ആഗോളവത്കരണമെന്നത് കുത്തക മുതലാളിത്തത്തിന്റെയോ സാമ്രാജ്യത്യത്തിന്റെയോ മറ്റൊരു പേര് മാത്രമാണെന്ന് ലെനിന്‍ പറഞ്ഞു വെച്ചത് നൂറ് വർഷം മുന്നെയാണ്. അതിൽ സ്വതന്ത്രമായ മല്‍സരമെന്നത് ഒരു മിത്തും, കുത്തകവല്‍ക്കരണം ഒരു നിയമവും ആണ്. CFG പോലുള്ള ആഗോള ഫുട്ബോൾ പ്രൊജക്ടുകൾ വിഭാവനം ചെയ്യുന്നത് ഭാവിയിലെ ഫുട്ബാളിലെ വിഭവങ്ങളുടെ കുത്തകവല്‍ക്കരണം തന്നെയാണ്. അവരെ സംബന്ധിച്ചെടുത്തോളം ഫുട്ബോളിലെ ലേബർ ആയ കളിക്കാർ ഒരു ക്രയവസ്തു മാത്രമാണ്. CFG തെളിച്ച വഴിയിലൂടെ മറ്റുള്ളവർ നടക്കാൻ തുടങ്ങും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. വ്യവസായിക വിപ്ലവാനന്തര ലോകത്തിൽ അധ്വാനിക്കുന്നവന്റെ കൂട്ടായ്മ ഒരു വിനോദോപാധി എന്ന നിലയിൽ തുടങ്ങിയ ഫുട്ബോൾ ക്ലബ്ബുകൾ എല്ലാം തന്നെ മൂന്നോ നാലോ ആഗോള ഭീമന്മാരുടെ നിയന്ത്രണത്തിൽ വരുന്നത് നമ്മുടെ ജീവിതകാലത്തില്‍ തന്നെ കാണാൻ സാധിക്കും എന്ന് ആരെങ്കിലും ചിന്തിച്ചാൽ അതൊരു ഭ്രാന്തന്‍ ചിന്തയായി തള്ളി കളയാൻ സാധിക്കില്ല.

സംസ്കാരികമായ കൈമാറ്റം സാധ്യമാകുന്ന ഒരു ക്രയവസ്തുവിനെ കണ്ടെത്തുകയോ സൃഷ്ടിക്കുകയോ ചെയ്ത് അതിന് ആഗോളമായ വിനിയോഗം സങ്കല്പിച്ചു കൊടുത്ത്, അതിലുടെ ഉണ്ടാക്കിയെടുക്കുന്ന ബിസിനസ്‌ മോഡലുകൾ ആണ് ഗ്ലോബലൈസേഷന്റെ കാതൽ എന്ന് പറയാം. ബാഴ്സലോണയുടെ ഫിലോസഫിയിൽ ഡെവലപ്പ് ചെയ്ത മനോഹരവും ത്രസിപ്പിക്കുന്നതുമായ ആയ ഫുട്ബോള്‍, മാഞ്ചസ്റ്റർ സിറ്റി എന്ന ഫ്ലാഗ്ഷിപ് ക്ലബിന് ചുറ്റുമായി വളര്‍ത്തിയെടുത്ത്, അതിന് ആഗോളമായ ബന്ധങ്ങള്‍ സൃഷ്ടിച്ച്, ലോകത്താകമാനമുള്ള പത്തോളം ക്ലബ്ബുകളിലേക്ക് അര ദശകം കൊണ്ട് തന്നെ വളർന്ന CFG എന്ന പ്രതിഭാസം. അവർ സൃഷ്ടിക്കുന്ന ബിസിനസ്‌ മോഡലിന്റെ ലക്ഷ്യം ഇന്ന് പണം ഒഴുക്കി ഫുട്ബോളിലെ ഏറ്റവും വില പിടിപ്പുള്ള കമ്മോഡിറ്റിയായ ഫുട്ബോള്‍ പ്രതിഭ അല്ലെങ്കിൽ ലേബറിന്റെ ഭാവിയിലെ കുത്തകവത്കരണം തന്നെയാണ്.

സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഗവർണറും ന്യൂ കാസിൽ യുണൈറ്റഡിന്റെ പുതിയ ഉടമകളിൽ ഒരാളുമായ യാസിർ അൽ റുമയ്യാൻ

ലോക രാജ്യങ്ങള്‍ക്കിടയില്‍ തങ്ങളുടെ പ്രതിച്ഛായ ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഖത്തറിന്റേയും അബുദാബിയുടെയും ഭരണകൂടങ്ങളുടെ പിന്തുണയുള്ള സംരംഭങ്ങള്‍ പിഎസ്ജിയേയും മാഞ്ചസ്റ്റർ സിറ്റിയേയും വിലക്ക് വാങ്ങിയത് എന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നുണ്ട്. അതെ പാതയിൽ തന്നെ ആണ് ഏറ്റവുമൊടുവില്‍ ഇംഗ്ലീഷ് ക്ലബ്ബായ ന്യൂ കാസില്‍ യുണൈറ്റഡിനെ സൗദി അറേബ്യയുടെ നിയന്ത്രണത്തിലുള്ള പബ്ലിക് ഇൻവെസ്റ്റ്മന്റ് ഫണ്ട് ഏറ്റെടുത്തതും. 'Sports washing' എന്ന് പേരിട്ട് വിളിക്കുന്ന ഇത്തരം പ്രവൃത്തികള്‍ ലോകത്തിൽ ആദ്യമൊന്നുമല്ല. ജര്‍മ്മന്‍ ഏകാധിപതിയായ അഡോള്‍ഫ് ഹിറ്റ്ലർ 1936 ല്‍ ബെർലിൻ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതും ഇതേ ലക്ഷ്യത്തോടെ തന്നെയാണ്. ഏകാധിപത്യ സ്വഭാവമുള്ള, മനുഷ്യാവകാശങ്ങൾക്കോ, സ്ത്രീ സമത്വത്തിനോ, ഭിന്നലിംഗങ്ങളുടെ അവകാശങ്ങള്‍ക്കൊ വലിയ വില കല്പിക്കാത്ത ഭരണകൂടങ്ങള്‍ സ്പോർട്സ് എന്ന സോഫ്റ്റ്‌ പവറിലൂടെ പുതിയ ഒരു മുഖം സൃഷ്ടിച്ചെടുക്കുകയും അതിലുടെ ലോകത്താകമാനം തങ്ങൾക്കു പുതിയ ഒരു സ്വീകാര്യത സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് സ്പോര്‍ട്ട്സ് വാഷിങ്ങ് എന്ന ആശയം. ന്യൂ കാസില്‍ യുണൈറ്റഡിനെ സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്തത് വലിയ കയ്യടികളോടെയാണ് ക്ലബ്ബ് ആരാധകർ സ്വീകരിച്ചത്. ഇങ്ങനെയൊക്കെ ആയിരുന്നാലും സിറ്റി ഫുട്ബോള്‍ ഗ്രൂപ്പ് വെറും ഒരു പ്രതിച്ഛായ നിര്‍മ്മാണ പ്രവര്‍ത്തി എന്നതില്‍ നിന്ന് മാറി ഒരു ഫുട്ബോൾ ആഗോള സാമ്രാജ്യത്തിന്റെ നിർമിതി എന്ന വളരെ ഉല്‍ക്കര്‍ഷേച്ഛയോടെയുള്ള ഒരു പ്രോജക്ടിലേക്കു കടന്നിരിക്കുന്നു എന്ന് കാണാൻ സാധിക്കും. തടസമില്ലാത്ത പണത്തിന്റെ ഒഴുക്കുള്ള ഇത്തരം ഭരണകൂടങ്ങളുടെ പിന്തുണയുള്ള പ്രൊജക്ടുകൾ ഇങ്ങനെ ഒരു മുതലാളിത്ത കാഴ്ചപ്പാടിലേക്ക് മാറുന്നതിൽ അത്ഭുതപ്പെടാന്‍ യാതൊന്നുമില്ലതാനും. സൗദിയുടെ ന്യൂ കാസില്‍ യുണൈറ്റഡ് ഏറ്റെടുക്കലിന് സിറ്റി ഫുട്ബോള്‍ ഗ്രൂപ്പുമായി സമാനതകളേറെയാണ്, ഒരു സ്റ്റേറ്റ് ബേക്ക്ഡ് ബിസിനസ്‌ പ്രോജക്റ്റ് എന്ന നിലയിൽ CFG യേക്കാള്‍ വളരെ ശക്തവുമാണ്. CFGയ്ക്ക് സമാനമായ ലക്ഷ്യങ്ങള്‍ തങ്ങൾക്കുമുണ്ടെന്ന് ഏറ്റെടുക്കലിന് ശേഷം ന്യൂ കാസിലിന്റെ പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളായ അമാന്‍ഡ സ്റ്റാവ്ലി പ്രഖ്യാപിച്ചിരുന്നു. CFG യേക്കാള്‍ സാമ്പത്തിക ശക്തിയും രാഷ്ട്രീയ സ്വാധീനവുമുള്ള സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അതിൽ പിറകിൽ പോകും എന്ന് വിശ്വസിക്കാൻ കഴിയില്ല. ഫുട്ബോള്‍ ടാലന്റിന്റെ കുത്തകാവകാശത്തിനുള്ള മത്സരത്തിൽ ഇവർ ആരും തന്നെ പിറകിൽ നില്കും എന്ന് കരുതാൻ പറ്റില്ല. ഫെറാൻ സൊറിയാനോയുടെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ഇവരുടെ ആപ്തവാക്യം ഇങ്ങനെയായിരിക്കണം.

“Either we have to buy or we have to make”

Leave a comment