TMJ
searchnav-menu
post-thumbnail

Outlook

ജപ്തി-ലേലപ്പരസ്യങ്ങള്‍ സാമ്പത്തിക തകർച്ചയുടെ സാക്ഷ്യങ്ങള്‍

17 May 2022   |   1 min Read
കെ പി സേതുനാഥ്

ന്നലെ (മെയ് 15, 2022) പ്രസിദ്ധീകരിച്ച ഹിന്ദു ദിനപത്രത്തില്‍ 10 പേജോളം ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) പരസ്യമായിരുന്നു. ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയവര്‍ ഈടായി നല്‍കിയ സ്വത്തുക്കള്‍ ലേലം ചെയ്യുന്നതിനുള്ള വിളംബരമായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം. അതേ ദിവസത്തെ മാതൃഭൂമി പത്രത്തിന്റെ (കൊച്ചി എഡിഷന്‍) മൂന്നോളം പേജുകളിലും SBI യുടെ ലേലപ്പരസ്യങ്ങള്‍ കാണാം. മാതൃഭൂമിയിലെ പരസ്യങ്ങളില്‍ മൊത്തം 65 പേരുടെ വസ്തുവകകളും, കെട്ടിടങ്ങളുമാണ് ലേലത്തില്‍ വയ്ക്കുന്നത്. അതില്‍ ഒരു കോടി രൂപയിലധികം ബാധ്യതയുള്ള 17 പേരെ ഒഴിവാക്കിയാല്‍ ബാക്കിയുളളവരുടെ ലോണ്‍ ബാധ്യത 28 ലക്ഷം മുതല്‍ 96 ലക്ഷം രൂപ വരെയാണ്. സാമ്പത്തിക ദുരിതം മധ്യവര്‍ഗ്ഗങ്ങളിലേക്കു കൂടി കിനിഞ്ഞിറങ്ങുന്നതിന്റെ ലക്ഷണമായി ഇതിനെ കണക്കാക്കിയാല്‍ ലഭിക്കുന്ന ഗുണപാഠം എന്താവും. 'ട്രിക്ലിംഗ് ഡൗണ്‍ എക്കണോമിക്‌സിന്റെ' നേരെ വിപരീതമാണ് സംഭവിക്കുകയെന്ന ലളിത യാഥാര്‍ത്ഥ്യമായിരിക്കും. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളുടെയും, കടം വാങ്ങി മുടിയുന്ന സംസ്ഥാന സര്‍ക്കാരുകളുടെ പെരുകുന്ന കടബാധ്യതകളുടെയും വലിയ സ്ഥിതിവിവരക്കണക്കുകളില്‍ (മാക്രോ ഡാറ്റ) മാത്രമായി ഒതുങ്ങുന്നതല്ല സാമ്പത്തിക മേഖല നേരിടുന്ന പ്രതിസന്ധി. ഈടായി നല്‍കിയ സ്ഥാവരജംഗമ വസ്തുക്കള്‍ വ്യാപകമായി ലേലം ചെയ്യുന്ന പ്രവര്‍ത്തി അതിന്റെ നേര്‍ക്കാഴ്ചയാണ്. വായ്പയെടുത്തവര്‍ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ സാമ്പത്തിക പ്രയാസങ്ങളില്‍ അകപ്പെടുന്ന പക്ഷം അവര്‍ക്ക് തെല്ലും അനുകൂലമല്ലാത്ത വായ്പ നല്‍കുന്ന ബാങ്കുകളുടെ അല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങളുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. വായ്പയെടുക്കുന്നവരും, വായ്പ നല്‍കുന്നവരും ശരിക്കും ഒരു വാണിജ്യ ഉടമ്പടിയിലെ തുല്യാവകാശമുള്ള പങ്കാളികള്‍ എന്നതിനു പകരം അടിമ-ഉടമ ബന്ധത്തെയാണ് ഇപ്പോഴത്തെ സംവിധാനം പ്രതിനിധീകരിക്കുന്നത്. ഒരു വാണിജ്യ ഉടമ്പടിയില്‍ റിസ്‌ക്ക് ഒരു പക്ഷത്തിന് മാത്രമായി നിജപ്പെടുത്തുന്ന രീതിയുടെ നല്ല ഉദാഹരണങ്ങളായി ബാങ്കുകളുടെ ലേലപ്പരസ്യങ്ങളെ വിലയിരുത്താം.

ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പലിശനിരക്കുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ ലേലപ്പരസ്യങ്ങളുടെ എണ്ണം കൂടുന്നതല്ലാതെ കുറയാനുളള സാധ്യത വിരളമാണ്. റിസര്‍വ് ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുകള്‍ എടുക്കുന്ന വായ്പയുടെ പലിശനിരക്ക് (റിപ്പോ റേറ്റ്) 4 ശതമാനത്തില്‍ നിന്നും 4.4 ശതമാനമായി കഴിഞ്ഞയാഴ്ച വര്‍ദ്ധിപ്പിച്ചു. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായ ഈ നടപടി പലിശ നിരക്കുകള്‍ ക്രമേണ ഉയരുന്നതിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. 2018 ല്‍ 6 ശതമാനമായിരുന്ന ഇന്ത്യയുടെ റിപ്പോ നിരക്ക് വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ 4.4 ശതമാനത്തില്‍ നിന്നും 5.15 മുതല്‍ 5.4 ശതമാനം വരെയെത്താന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തപ്പെടുന്നു. ബാങ്ക് വായ്പകളുടെയും, നിക്ഷേപങ്ങളുടെയും പലിശനിരക്കില്‍ സ്വാഭാവികമായും അതിന്റെ പ്രതിഫലനം ഉണ്ടാകും. പ്രത്യേകിച്ചും ഫ്‌ളോട്ടിംഗ് നിരക്കില്‍ വായ്പയെടുത്തവരെ സംബന്ധിച്ചിടത്തോളം പലിശ ഉയരുന്ന സാഹചര്യം ഒട്ടും ആശ്വാസകരമല്ല.

വ്യക്തിഗത വായ്പയെടുത്തവരുടെ പേരിലാണ് ബാങ്കുകള്‍ ഈ നടപടി സ്വീകരിക്കുക. ബിസിനസ്സിന്റെ പേരില്‍ ശതകോടികള്‍ വായ്പയെടുത്ത കോര്‍പറേറ്റ് പ്രമുഖരുടെ പേരില്‍ പത്രങ്ങളില്‍ പരസ്യം ചെയ്തുള്ള ലേല നടപടികള്‍ സ്വീകരിക്കാറില്ല. വ്യക്തിഗത വായ്പ മുടങ്ങുന്നവരുടെ ആസ്തികള്‍ പിടിച്ചെടുക്കുന്നതിന് ബാധകമായ നിയമങ്ങളും ചട്ടങ്ങളുമല്ല കോര്‍പറേറ്റ് വായ്പകളുടെ കാര്യത്തില്‍ നിലവിലുള്ളതെന്ന ന്യായമാണ് സാധാരണഗതിയില്‍ ഉന്നയിക്കുക. കോര്‍പറേറ്റു വായ്പകളുടെ റിസ്‌ക്ക് വായ്പയെടുക്കുന്നവരും, വായ്പ നല്‍കുന്നവരും തമ്മില്‍ പങ്കുവയ്ക്കുന്ന തരത്തിലാവുമ്പോള്‍ വ്യക്തിഗത വായ്പയുടെ കാര്യത്തില്‍ അങ്ങനെയല്ല. സ്ഥൂലമായ സ്ഥിതിവിവര കണക്കുകളിലെ ഭീമന്‍ തുകകളേക്കാള്‍, ഒരു ശരാശരി മനുഷ്യന് വിഭാവന ചെയ്യാന്‍ പറ്റാത്ത വിധമുള്ള ശതകോടികള്‍, സാമ്പത്തിക മേഖല തകര്‍ച്ചയുടെ വക്കിലാണെന്ന ഉത്ക്കണ്ഠകളെ സ്ഥിരീകരിക്കുന്നത് ബാങ്കുകളുടെ ലേലപ്പരസ്യങ്ങളാണ്. ആഗോള-ദേശീയ തലങ്ങളില്‍ അരങ്ങേറുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ലേലപ്പരസ്യങ്ങളുടെ പ്രസക്തി മനസ്സിലാക്കാനാവുക. നിയോലിബറല്‍ രാഷ്ട്രീയ-ധന സംവിധാനം നേരിടുന്ന ഘടനപരമായ പ്രതിസന്ധിയുടെ മറ്റൊരു എപ്പിസോഡിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരെ ദാരിദ്ര്യത്തിന്റെയും, ഇല്ലായ്മകളുടെയും വറുതിയിലേക്കു വലിച്ചെറിയുകയും ഒരു ന്യൂനപക്ഷത്തിനു മാത്രം നേട്ടം കൈവരുത്തുകയും ചെയ്യുന്ന പതിവ് ചടങ്ങുകള്‍ ആവര്‍ത്തിക്കുന്നതിന്റെ ദുരന്തചിത്രങ്ങളാണ് ലേലപ്പരസ്യങ്ങളില്‍ തെളിയുന്നത്. വിപണിയുടെ അദൃശ്യകരങ്ങള്‍ 'സാധാരണ നില' കൈവരിക്കുന്നതുവരെ ഇപ്പോഴത്തെ സ്ഥിതി തുടരുന്നതിനാണ് സാധ്യത.

ജീവിതനിലവാരവും, ഗുണമേന്മയും നിര്‍ണ്ണയിക്കുന്ന സാമ്പത്തിക മാനദണ്ഡങ്ങളുടെ എല്ലാ മേഖലകളിലും സാധാരണ പൗരന്മാർ കടുത്ത സമ്മര്‍ദ്ദം നേരിടുന്നു. വിലക്കയറ്റം, നാണയപ്പെരുപ്പം, രൂപയുടെ മൂല്യശോഷണം, തൊഴിലില്ലായ്മ, കുറഞ്ഞ വേതനം, തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയ ഏതു ഘടകമെടുത്താലും ഒട്ടും ശുഭോദര്‍ക്കമല്ലാത്ത അവസ്ഥയാണ്. മഴ പെരുമഴ മാത്രമായി മാറിയെന്ന ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്ന സാഹചര്യത്തിലൂടെയാണ് സാധാരണ മനുഷ്യരുടെ ജീവിതം കടന്നു പോവുന്നതെന്നു ചുരുക്കം. രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ ഏറ്റവും താഴത്തെ നിരക്കിലാണ്. ഒരു ഡോളറിന് 77.59 രൂപയെന്ന നിരക്കിലാണ് കഴിഞ്ഞ വാരം അവസാനിച്ചത്. ഡോളറിന് 78-80 രൂപ വരെയെത്തുമെന്ന വിലയിരുത്തലുകള്‍ ഇതിനകം സുലഭമാണ്. രൂപയുടെ മൂല്യം കുറയുന്നത് ഇറക്കുമതി ചെലവുകള്‍ ഗണ്യമായി ഉയര്‍ത്തും. കയറ്റുമതിയില്‍ നിന്നുളള വരുമാനം ഉയര്‍ത്തുവാന്‍ രൂപയുടെ മൂല്യശോഷണം ഉപകരിക്കുമെങ്കിലും ഇറക്കുമതി കയറ്റുമതിയേക്കാള്‍ ഗണ്യമായി ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മിയുടെ തോത് കൂടുതല്‍ രൂക്ഷമാകുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നു. ഇന്ത്യയുടെ ഇറക്കുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ (പ്രധാനമായും അസ്സംസ്‌കൃത എണ്ണയും, പ്രകൃതി വാതകവും) വില ആഗോള വിപണയില്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വ്യാപാരക്കമ്മി മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 5 ശതമാനം വരെയെത്തുന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നു റേറ്റിംഗ് ഏജന്‍സിയായ S&P വിലയിരുത്തുന്നു. ഡിസംബര്‍ 2022 ല്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 23 ബില്യണ്‍ ഡോളറായിരുന്നു. അതായത് ജിഡിപിയുടെ 2.8 ശതമാനം. 2021 ഡിസംബറില്‍ വ്യാപാരക്കമ്മി വെറും 2.2 ബില്യണ്‍ മാത്രമായിരുന്നു. ഒരു കൊല്ലത്തിനുള്ളില്‍ കമ്മി കുതിച്ചു കയറിയതിന്റെ തോത് അമ്പരപ്പിക്കുന്നതാണ്. പച്ചക്കറി മുതല്‍ പാചകവാതകം വരെയുള്ള ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം മാധ്യമങ്ങളില്‍ വാര്‍ത്ത പോലുമാവാത്ത സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. പെട്രോൾ, ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ വിലയുടെ കാര്യവും തഥൈവ.

കയറ്റുമതി മേഖലയില്‍ പ്രകടമാകുന്ന ഉണര്‍വ്വാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശ്വസിക്കുവാനുള്ള രജതരേഖ. ഉല്‍പ്പന്ന-സേവന കയറ്റുമതി മേഖലകള്‍ ഉണര്‍വിലാണെന്ന് ഏപ്രില്‍ മാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കയറ്റുമതിയിലെ ഉത്സാഹം നിലനില്‍ക്കുകയാണെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക മേഖലയിലും അതിന്റെ ഗുണപരമായ പ്രതിഫലനങ്ങള്‍ കാണാനാവും. സമുദ്രോല്‍പ്പന്നങ്ങള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍, കയര്‍, കശുവണ്ടി തുടങ്ങിയ മേഖലകള്‍ക്ക് ഗുണകരമാണ് ഇപ്പോഴത്തെ സാഹചര്യം. ഇറക്കുമതിച്ചെലവ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതിയും മന്ദഗതിയിലാവുന്നതിന്റെ സാധ്യതകള്‍ തള്ളിക്കളായാനാവില്ല. സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി മന്ദഗതിയിലാവുന്നത് കേരളത്തിലെ റബ്ബര്‍ കൃഷിക്കാര്‍ക്ക് ആശ്വാസകരമാവും. പ്രവാസി മലയാളികള്‍ അയക്കുന്ന പണത്തില്‍ വരുന്ന വര്‍ദ്ധനയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായ മറ്റൊരു കാര്യം. രൂപയുടെ മൂല്യം ഇടിയുന്നതിന്റെ തോതനുസരിച്ച് പ്രവാസി വരുമാന വിനിമയത്തില്‍ സംഭവിക്കുന്ന ഉയര്‍ച്ചയാണ് കേരളത്തിന് ഗുണകരമാവുക. കയറ്റുമതി മേഖലയില്‍ വ്യാപരിക്കുന്നവര്‍ക്ക് ലഭിക്കുന്ന പരിമിതമായ നേട്ടങ്ങള്‍ സാമ്പത്തിക മേഖലയെ ഒട്ടാകെ ഗ്രസിക്കാനിടയുള്ള തകര്‍ച്ചയുടെ ആഘാതത്തെ ലഘൂകരിക്കാന്‍ പ്രാപ്തമാണെന്നു പറയാനാവില്ല.

2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി 225-230 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ICRA യുടെ നിഗമനം. 2021-22ല്‍ അത് 119 ബില്യണ്‍ മാത്രമായിരുന്നു. ബാരലിന് ശരാശരി 101 ഡോളറിന് അസംസ്‌കൃത എണ്ണ ലഭ്യമാവുന്ന അവസ്ഥയിലാണ് ഇറക്കുമതി ചെലവ് മേല്‍പ്പറഞ്ഞ നിരക്കില്‍ നില്‍ക്കുക. എണ്ണയുടെ ശരാശരി വില ഉയരുന്ന പക്ഷം കണക്കുകളും മാറും. റഷ്യ-യുക്രൈന്‍ യുദ്ധം എണ്ണവിലയുടെ കാര്യത്തില്‍ മാത്രമല്ല ഭക്ഷ്യധാന്യങ്ങളുടെ വിലകളിലും കാര്യമായ വര്‍ദ്ധനവും, ലഭ്യതക്കുറവുകളും സൃഷ്ടിക്കുമെന്ന ആശങ്കകളും അവഗണിക്കാവുന്നതല്ല. ജീവിതം നിലനിര്‍ത്തുന്നതിനാവശ്യമായ അടിസ്ഥാനകാര്യങ്ങളില്‍ ഇങ്ങനെയുള്ള ഒട്ടേറെ ആശങ്കകള്‍ ബാക്കിയാണെങ്കിലും നമ്മുടെ ദുരിതങ്ങള്‍ നമുക്കു തന്നെ ആസ്വദിക്കാനാവുന്നവയായി പരിവര്‍ത്തിപ്പിക്കാനുള്ള വിനോദ വ്യവസായത്തിന്റെ (എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രി) കഴിവും, ശേഷിയും മൊത്തം വ്യവസ്ഥയുടെ തന്നെ സുരക്ഷിതത്വത്തിന്റെ ആണിക്കല്ലാവുന്നു. വിലക്കയറ്റം മുതല്‍ തൊഴിലില്ലായ്മ വരെയുള്ള ദുരിതങ്ങള്‍ 'ട്രോളുകള്‍' മാത്രമായി ഒതുങ്ങുന്നത് വിനോദ വ്യവസായം നിരന്തരം ഉല്‍പ്പാദിപ്പിക്കുന്ന മായികക്കാഴ്ചകളുടെ വിജയത്തിന്റെ സൂചകമായി തോന്നുമെങ്കിലും എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല. 'ട്രോളുകള്‍' എല്ലാക്കാലവും ഡിജിറ്റല്‍ ഉപകരണങ്ങളുടെ തടവറയില്‍ മാത്രമായി ഒതുങ്ങുമെന്ന് കരുതാനാവില്ലെന്ന് ശ്രീലങ്കയില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ട്രോളുകള്‍ തെരുവുകളില്‍ ആള്‍ക്കൂട്ടമായി പ്രത്യക്ഷമാവുമ്പോഴാവും വൃഥാസ്ഥൂലമായ സ്ഥിതിവിവരക്കണക്കുകളുടെ അസംബന്ധം കൂടുതല്‍ വ്യക്തതയോടെ തെളിയുക.

Leave a comment