ഹൈപ്പര്‍ ദേശീയതയുടെ കാലത്തെ വിദേശ സര്‍വ്വകലാശാലകള്‍
വിദേശ സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള രൂപരേഖ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിച്ച യുജിസി അദ്ധ്യക്ഷന്‍ എം ജഗദേഷ് കുമാര്‍ പറഞ്ഞ പല ന്യായങ്ങളില്‍ പ്രധാനപ്പെട്ട ഒരു വിവരം വിദേശപഠനത്തിന്റെ പേരിലുള്ള പണമൊഴുക്കിനെ കുറിച്ചായിരുന്നു. വര്‍ഷം തോറും 2,800-3,000 കോടി ഡോളര്‍ (2.3 മുതല്‍ 2.48 ലക്ഷം കോടി രൂപ) വരെ ഇന്ത്യയില്‍ നിന്നും പഠനത്തിനായി വിദേശത്തേക്ക് പോകുന്ന കുട്ടികള്‍ ചെലവഴിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതായത് വര്‍ഷം തോറും അത്രയും തുക ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് ഒഴുകുന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായ ദാദാഭായി നവ്‌റോജിയുടെ കാലം മുതല്‍ കേള്‍ക്കുന്ന ഡ്രെയിന്‍ തിയറിയുടെ പുതിയ രൂപത്തിലുള്ള ആവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. നവ്‌റോജിയുടെ കാലഘട്ടത്തില്‍ കൊളോണിയില്‍ ഭരണകൂടം നേരിട്ടു നടത്തിയ കൊള്ളയാണ് ഇന്ത്യയില്‍ നിന്നുള്ള സമ്പത്തിന്റെ ഒഴുക്കിന് കാരണമായതെങ്കില്‍ ഹൈപ്പര്‍ ദേശീയതയുടെ കാലത്തെ പണമൊഴുക്കിനെ ഏതുവിധത്തില്‍ ഭാഷയാക്കുമെന്ന കാര്യം എളുപ്പമല്ല. നിയോ കൊളോണിയല്‍ ചൂഷണത്തിന്റെ പുതിയ രൂപമെന്നെല്ലാം പറഞ്ഞാല്‍ ആര്‍ഷവാദികള്‍ക്ക് ഒരു പക്ഷെ ഇഷ്ടമാവില്ല. 2021 ലെ കണക്ക് പ്രകാരം നാലര ലക്ഷത്തോളം കുട്ടികളാണ് കൊല്ലംതോറും ആര്‍ഷഭാരതത്തില്‍ നിന്നും ഉന്നത പഠനത്തിനായി വിദേശരാജ്യങ്ങളില്‍ പോകുന്നതെന്ന് കുമാര്‍ വെളിപ്പെടുത്തി. വിജൃംഭിതമായ ആര്‍ഷഭാരത ദേശീയതയുടെ കാലത്ത് ഉന്നത പഠനത്തിനായി എന്തിനാവും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്? എന്തിനാണെന്ന ചോദ്യം എന്തുകൊണ്ട് ഉയരുന്നില്ല എന്ന സംശയം ബാക്കിയായപ്പോഴാണ് പഴയൊരു കേരള മാതൃക ഓര്‍മ്മയിലെത്തിയത്.
2004 ജനുവരിയില്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു രേഖയിലെ വിവരമാണ് അത്. കേരളം വളരുന്നു എന്ന പേരില്‍ അന്നത്തെ ഇന്‍ഫര്‍മേഷന്‍ പാര്‍ലമെന്ററി കാര്യമന്ത്രി എം എം ഹസ്സന്റെ ആമുഖത്തോടെ ഇറങ്ങിയതാണ് പ്രസ്‌തുത രേഖ. "പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം നമ്മുടെ നാട്ടില്‍ തന്നെ സജ്ജമാക്കി ഇതുമൂലം അന്യസംസ്ഥാനങ്ങളിലേക്ക് പ്രതിവര്‍ഷം ഒഴുകിക്കൊണ്ടിരുന്ന 2000 കോടി രൂപ കേരളത്തില്‍ തന്നെ ചെലവഴിക്കാന്‍ അവസരമുണ്ടായി. സ്വാശ്രയ കോളേജുകളില്‍ 50 ശതമാനം സീറ്റ് മെറിറ്റടിസ്ഥാനത്തില്‍ നല്‍കണമെന്ന് വ്യവസ്ഥ ചെയ്‌തതിലൂടെ രണ്ട് സ്വാശ്രയ കോളേജുകള്‍ തുടങ്ങുന്നത് ഒരു സര്‍ക്കാര്‍ കോളേജ് തുടങ്ങുന്നതിന് തുല്യമായി" - ഹസ്സന്റെ ആമുഖത്തിലെ ഒരു സുപ്രധാന വിവരം. പതിനെട്ട് വര്‍ഷത്തിനു ശേഷം ഈ വാചകങ്ങള്‍ വായിക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള പണമൊഴുക്ക് തടഞ്ഞുവെന്ന ഹസ്സന്റെ അവകാശവാദം രാഷ്ട്രീയനേതാക്കള്‍ നടത്തുന്ന പൊള്ളയായ മേനിപറച്ചിലിന്റെ മറ്റൊരു ഉദാഹരണം മാത്രമായി അവഗണിക്കാനാവില്ല. കേരളത്തിലെ സര്‍ക്കാര്‍ സംവിധാനത്തിന്റെ അവകാശവാദങ്ങളുടെ ഭോഷത്തരവും, അന്തസ്സാര ശൂന്യതയും എത്രയുണ്ടെന്നു വ്യക്തമാകുന്നതാണ് പ്രസ്‌തുത വാചകങ്ങള്‍. 2004 ല്‍ ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളിലേക്കാണ് കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിംഗ്, മെഡിസിന്‍, മാനേജ്‌മെന്റ് വിഷയങ്ങള്‍ പഠിക്കുന്നതിനായി പ്രധാനമായും പുറത്തു പോയിരുന്നതെങ്കില്‍ ഇപ്പോള്‍ വിദേശ രാജ്യങ്ങളാണ് അവരുടെ ലക്ഷ്യം. പുറത്തേക്കുള്ള വിദ്യാര്‍ത്ഥി പ്രവാഹം പഴയതുപോലെ എഞ്ചിനീയറിംഗ്, മെഡിസിന്‍, മാനേജ്‌മെന്റ് വിഷയങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ലെന്നതാണ് കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ സംഭവിച്ച പ്രധാന മാറ്റം. സാധാരണ ഡിഗ്രി പഠനത്തിനായും ഒരുമാതിരി കൊള്ളാവുന്ന കുട്ടികള്‍ വിദേശ രാജ്യങ്ങള്‍ അല്ലെങ്കില്‍ ഡല്‍ഹി, ചെന്നൈ, പൂന, ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബെെ തുടങ്ങിയ പ്രദേശങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രവണതയാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാണാനാവുക.
കേരളത്തില്‍ പ്രകടമാവുന്ന ഈ പ്രവണത ഇന്ത്യയുടെ മറ്റുള്ള ഭാഗങ്ങള്‍ക്കും ബാധകമാണെന്ന് വര്‍ഷം തോറും നാലര ലക്ഷം കുട്ടികള്‍ രാജ്യത്തു നിന്നും വിദേശങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ചേക്കേറുന്നുവെന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നു. വിദേശ വിദ്യാഭ്യാസ നിലവാരത്തിലെ ഗുണമേന്മ, ആഗോള തൊഴില്‍ വിപണിയില്‍ കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭ്യമാകുന്നതിനുള്ള തയ്യാറെടുപ്പുകള്‍, ഇന്ത്യയിലെ സര്‍വ്വകലാശാല ക്യാമ്പസുകളില്‍ ദിവസംതോറും ഏറി വരുന്ന അസഹിഷ്‌ണുത തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സര്‍വ്വകലാശാലകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം. ബ്രിട്ടന്‍, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, അമേരിക്ക, അയര്‍ലണ്ട് എന്നിവ പ്രധാന ലക്ഷ്യങ്ങളാവുമ്പോള്‍ മെഡിസിന്‍ പോലുള്ള വിഷയങ്ങളില്‍ യുക്രൈന്‍ പോലുള്ള പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളും, ചൈനയുമടക്കം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കുടിയേറ്റത്തിന്റെ പ്രധാന കേന്ദ്രങ്ങളാണ്.
വിദേശ സര്‍വ്വകലാശാലകളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിലൂടെ വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവാഹവും പണമൊഴുക്കും തടയാനാവുമെന്നാണ് സര്‍ക്കാരിന്റെ ന്യായം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കായി 'ഫോര്‍ പ്രോഫിറ്റ്' കോളേജുകള്‍ തുടങ്ങുന്നതിന് കേരളത്തിലെ സര്‍ക്കാര്‍ 2001 ല്‍ മുന്നോട്ടു വച്ച ന്യായത്തിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോള്‍ യുജിസി അദ്ധ്യക്ഷന്‍ പറയുന്നതെന്ന് കാണാന്‍ വലിയ വിഷമമില്ല. (സ്വാശ്രയ കോളേജ് എന്നു പറയുന്നത് തെറ്റാണ്. ലാഭത്തിനായി നടത്തുന്ന സ്ഥാപനങ്ങളാണ് അവ. അത്തരം സ്ഥാപനങ്ങളെ ഫോര്‍ പ്രോഫിറ്റ് കോളേജുകള്‍/യൂണിവേഴ്‌സിറ്റികള്‍ എന്നാണ് അമേരിക്കയിലടക്കം അറിയപ്പെടുന്നത്). ആഗോള തൊഴില്‍ വിപണിയില്‍ കയറിപ്പറ്റുകയെന്നതാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സര്‍വ്വകലാശാലകള്‍ തെരഞ്ഞെടുക്കുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും ലക്ഷ്യം. അവരുടെ മാതാപിതാക്കളുടെയും ലക്ഷ്യവും അതുതന്നെയാണ്. തൊഴില്‍ വിപണിയിലെ സാധ്യതകള്‍ നോക്കി വിമാനവും, കപ്പലും കയറുന്ന യുവതി-യുവാക്കള്‍ വിദേശ സര്‍വ്വകലാശകളുടെ ബ്രാഞ്ചുകള്‍ സ്ഥാപിക്കുന്നതോടെ ഇവിടെ തന്നെ തളച്ചിടാന്‍ കഴിയുമെന്നും അതുവഴി ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള പണമൊഴിക്കിനും തടയിടാനാവുമെന്നുമുള്ള യുക്തിയാണ് യുജിസി അദ്ധ്യക്ഷന്‍ പ്രകടിപ്പിക്കുന്നത്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്ന ചുരുങ്ങിയ കാലയളവിനുള്ളില്‍ ആ സ്ഥാപനത്തെ ഏതാണ്ട് കുട്ടിച്ചോറാക്കിയതിന്റെ ട്രാക്ക് റിക്കോര്‍ഡുമായി യുജിസി അദ്ധ്യക്ഷ പദവിയിലെത്തിയ ജഗദേഷ് കുമാര്‍ വിദേശ സര്‍വ്വകലാശാലകള്‍ ഇന്ത്യയിലെത്തുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് വാചാലനാവുമ്പോള്‍ കേരളത്തിലെ പോര്‍ പ്രോഫിറ്റ് (സ്വാശ്രയം) കോളേജുകളുടെ ചരിത്രം കൂടി ഓര്‍ക്കുന്നത് സമയോചിതമാകും.