TMJ
searchnav-menu
post-thumbnail

Crime

കഞ്ചാവ് മുതൽ രാസലഹരി വരെ, മലയാളിയുടെ മാറുന്ന ശീലങ്ങൾ

23 Sep 2022   |   1 min Read
അനിറ്റ് ജോസഫ്‌

തിരിച്ചുവരാൻ പറ്റാത്തവണ്ണം കേരളത്തിലെ യുവതലമുറ മയക്കുമരുന്നുകളുടെ അടിമകളാവുന്നതിനെപ്പറ്റി പരിതപിക്കുന്ന ഒരു അധ്യാപികയുടെ ശബ്ദസന്ദേശം മിക്കവാറും മലയാളി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ കുറച്ചു കാലമായി വൈറലായ ഒന്നാണ്. സ്വന്തം അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള വിവരണമാണെന്നാണ് മധ്യതിരുവിതാംകൂർ ഉച്ചാരണച്ചുവയുള്ള ടീച്ചറുടെ സന്ദേശത്തിന്റെ ഉള്ളടക്കം. സംസ്ഥാന എക്‌സൈസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ നൽകുന്ന വീഡിയോ സന്ദേശവും വളരെ വ്യാപകമായി പ്രചരിച്ചിരുന്നു. മയക്കുമരുന്നിന്റെ അടിമയായ യുവാവിന്റെ ഭയാനകമായ ചേഷ്ടകളും ദാരുണാവസ്ഥകളുമായിരുന്നു അതിന്റെ ഉള്ളടക്കം. കേരളത്തിലെ യുവജനത ലിംഗ വ്യത്യാസങ്ങളെ പോലും നിഷ്പ്രഭമാക്കുന്ന തരത്തിൽ മയക്കുമരുന്നിന്റെ അടിമകളാവുന്നതിന്റെ ആകാംക്ഷകൾ പൊതുസമൂഹത്തിലെ സ്ഥിരം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നായെന്ന് മാത്രമല്ല തികച്ചും അപ്രതീക്ഷിതമായ തലങ്ങളിലേക്ക് അത് വളരുകയും ചെയ്തിരിക്കുന്നു. മതപരവും വർഗീയവുമായ ചേരിതിരിവുകൾക്കുള്ള നിമിത്തങ്ങളായി 'നാർക്കോട്ടിക് ജിഹാദ്'പോലുള്ള പരാമർശങ്ങൾ മാറുന്നത് അതിനുള്ള ഉദാഹരണമാണ്. മയക്കുമരുന്നിന്റെ ഉപയോഗത്തെയും വ്യാപനത്തെയും കുറിച്ചുള്ള ഉത്കണ്ഠകളുടെ ആത്മാർത്ഥതയും ഗൗരവവും ഒട്ടും തന്നെ ലാഘവ ബുദ്ധിയോടെ സമീപിക്കുവാൻ പറ്റുന്ന വിഷയങ്ങളല്ല. അതേ സമയം ഒരു അച്ചടക്ക-ശിക്ഷണ (ഡിസിപ്ലിൻ-പണിഷ്മെന്റ്) വീക്ഷണത്തിലൂടെ മാത്രം ഈ വിഷയത്തെ സമീപിക്കുന്നത് ഗുണത്തേക്കാൾ ദോഷം വരുത്തുന്നതിനാവും ഉപകരിക്കുകയെന്നു സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ ദേശങ്ങളുടെ അനുഭവങ്ങൾ തെളിയിക്കുന്നു. കേരളത്തിലെ നാർക്കോട്ടിക് ഉപയോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിശകലനം സമഗ്രമായി മനസ്സിലാക്കുന്നതിനുള്ള ശ്രമമാണ് ഈ ലേഖനം.

മൂന്നു കോടി ജനങ്ങളുള്ള കേരളത്തിൽ ഒരു വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഒരു ലക്ഷം മയക്കുമരുന്ന് കേസുകളാണ്. എന്നാൽ 30 കോടി ജനങ്ങളുള്ള ഉത്തർ പ്രദേശിൽ ഒരു വർഷം 12,000 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുൻ എക്‌സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗ് പറയുന്ന ഈ കണക്കുകൾ ഒറ്റ നോട്ടത്തിൽ സംഭ്രമജനകമായി തോന്നാം. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന എഫ് ഐ ആർ കളിൽ അഞ്ചിലൊന്ന് കേസുകളും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടവയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസ്സുകളുടെ എണ്ണത്തിലെ കണക്കുകളും മൊത്തം സാമൂഹ്യ സാഹചര്യങ്ങളും തമ്മിൽ ഒന്നിനൊന്നു തുലനപ്പെടുത്തുന്ന തരത്തിൽ പരസ്പരം ബന്ധിതമാണെന്ന വിലയിരുത്തലുകൾ ഏകപക്ഷീയമാണെന്ന കാര്യത്തിൽ തർക്കമില്ല. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വർധിക്കുന്നത് മികച്ച നിയമപാലനത്തിന്റെ തെളിവായും കണക്കാക്കാം. കേരളത്തിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മലബാർ ജേർണലിനോട് നടത്തിയ സംഭാഷണത്തിൽ മുൻ ഡി.ജി.പി. ജേക്കബ്ബ് പുന്നൂസ് ഇക്കാര്യം ഭംഗിയായി വിശദീകരിച്ചിരുന്നു അതിന്റെ അർഥം മയക്കുമരുന്നിന്റെ വ്യാപനത്തെക്കുറിച്ചുള്ള ഋഷിരാജ് സിംഗിന്റെ മുന്നറിയിപ്പുകൾ പാടെ അവഗണിക്കണമെന്നല്ല. കേരളത്തിലെ യുവജനത മയക്കുമരുന്നിന് അടിമപ്പെടുന്നുവെന്നുള്ള മുന്നറിയിപ്പുകൾ സിനിമകളിൽ മാത്രം കാണുന്ന പ്രവണതയായി ആശ്വസിക്കാനും ആവില്ല. കണക്കുകളിലെ പരിമിതികൾ നിലനിൽക്കുമ്പോഴും അവയുടെ എണ്ണത്തിലെ വർധന പല യാഥാർത്ഥ്യങ്ങളുടെയും ചുരുളഴിക്കുന്നതാണ്. 2021 കേന്ദ്ര ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ട് പ്രകാരം, രാജ്യത്ത് മദ്യം ഉപയോഗിക്കുന്നവർ 16 കോടി ജനങ്ങളാണ്. കഞ്ചാവ് 3.1 കോടി. ഒപിയം (കറുപ്പ്) 2.06%. മെഡിക്കൽ ആവശ്യത്തിനല്ലാതെ ലഹരി മരുന്ന് ഉപയോഗിക്കുന്നവർ 1.18 കോടി. ലഹരി വസ്തുക്കൾ ശ്വസിക്കുന്ന കുട്ടികൾ 1.7%, മുതിർന്നവർ 0.58%, ലഹരി കുത്തിവയ്ക്കുന്നവർ 8.5%. 2021 വരെയുളള റിപ്പോർട്ടിൽ കേരളത്തിൽ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രാപിക് സബ്സറ്റൻസസ് ആക്റ്റ് 1985 നിയമപ്രകാരം 17,647 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. കൂടാതെ കൊച്ചി, തിരുവനന്തപുരം നഗരങ്ങൾ കേന്ദ്രീകരിച്ച് ഉപയോഗം കൂടുന്നതായും വെളിപ്പെടുത്തിയിരുന്നു. ലഹരിക്ക് അടിമപ്പെട്ടവരിൽ 25% ആളുകളേ ചികിത്സ തേടിയിട്ടുള്ളു. 75% ചികിത്സ ലഭിക്കാതെ ലഹരി ഉപയോഗത്തിൽ നിന്ന് മാറാൻ സാധിക്കാത്തവരാണെന്നുള്ളതും കാര്യഗൗരവം വർധിപ്പിക്കുന്നു.

ഋഷിരാജ് സിംഗ് | PHOTO: WIKI COMMONS

മദ്യലഹരിയിൽ മുഴുകുന്നവരുടെ നാടാണ് കേരളമെന്ന ഇമേജിനൊപ്പം മയക്കുമരുന്നും മലയാളികളുടെ ലഹരി സൂചികയിലെ പ്രധാന ഇനങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. ഓരോ ആഘോഷങ്ങളിലും കേരളം കുടിച്ചുണ്ടാക്കിയ റെക്കോർഡുകളുടെ കഥകൾ സർവ്വവ്യാപിയായി മാറുന്നതിനൊപ്പമാണ് 2021ൽ പുറത്തുവന്ന നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ പ്രകാരം സംസ്ഥാനത്തെ മദ്യപരുടെ എണ്ണത്തിൽ 46 ശതമാനം ഇടിവുണ്ടായെന്ന കണക്കുകളും പുറത്തു വരുന്നത്. മദ്യമുക്ത കേരളമെന്ന വാഗ്ദത്ത ഭൂമിയല്ല മറിച്ച് മയക്കു മരുന്നിന്റെ ഉപയോഗത്തിലേക്ക് കൂടുതൽ പേർ ചുവടുമാറ്റുന്നതിന്റെ സൂചനയായി മദ്യപാനികളുടെ എണ്ണത്തിൽ സംഭവിച്ച കുറവിനെ വിലയിരുത്തുന്നതാണ് യാഥാർഥ്യവുമായി കൂടുതൽ അടുത്ത് നില്ക്കുന്നതെന്ന നിഗമനങ്ങളാണ് ഇതുമായി ബന്ധപ്പെട്ടവർ മുന്നോട്ടു വെക്കുന്നത്.

ഈ വർഷം ഇതുവരെ എക്സൈസ്, പോലീസ് ഏകോപിത ലഹരിവേട്ടയിൽ 1340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എം ഡി എം എയും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാൽ പിടിക്കപ്പെടാതെ പോകുന്ന കണക്കുകൾ ഇതിലും ഇരട്ടിയായിരിക്കുമെന്നതാണ് യാഥാർത്ഥ്യം. കോവിഡ് കാലത്ത് ലോക്ഡൗൺ വന്നതോടെ മദ്യലഭ്യത കുറഞ്ഞതിനാൽ എളുപ്പത്തിൽ ഒളിപ്പിച്ചു കടത്താൻ സാധിക്കുന്ന ലഹരി വസ്തുക്കൾക്ക് പ്രിയമേറി. കൂടാതെ വരുമാന മാർഗങ്ങൾ അടഞ്ഞപ്പോൾ കൂടുതൽ പേരും ലഹരി വസ്തുക്കളുടെ ഏജന്റുമാരായി പ്രവർത്തനവും ആരംഭിച്ചു. ലഹരിക്കടത്തിലൂടെ വരുമാനം കൂടുമെന്ന് മനസ്സിലായതോടെ സംസ്ഥാനത്തേയ്ക്ക് ഇവയുടെ ഒഴുക്ക് വർദ്ധിക്കുകയായിരുന്നു.

ഒരു കിലോയ്ക്ക് താഴെ കഞ്ചാവ് പിടിക്കപ്പെട്ടാൽ ജാമ്യം കിട്ടുമെന്നുള്ളതിനാൽ കടത്തുന്നതെല്ലാം ഈ അളവിൽ താഴെയാണ്. എന്നാൽ സിന്തറ്റിക് ലഹരിക്കടത്തിൽ ശിക്ഷയ്ക്ക് കടുപ്പമേറും. ജാമ്യം ലഭിക്കാൻ പ്രയാസവുമായിരിക്കും. ഇത്തരത്തിൽ കേസുകളെ സ്‌മോൾ, മീഡിയം, കമേഴ്‌സ്യൽ ക്വാണ്ടിറ്റികളായി തിരിച്ചാണ് ശിക്ഷ നിർണ്ണയിക്കുക.

കഞ്ചാവ് വിപണി

കേരളത്തിൽ കഞ്ചാവ് കൃഷിയുള്ളത് പ്രധാനമായും അട്ടപ്പാടിയിലും ഇടുക്കിയിലെ വനമേഖലകളിലുമാണെന്ന കാര്യം സുപരിചിതമാണ്. ഇടുക്കി ഗോൾഡ് പോലുള്ള കാല്പനിക പദാവലികൾ അതിന് ആവശ്യത്തിലധികം പ്രചാരവും നൽകിയിട്ടുണ്ട്. ഇടുക്കിയിലും കേരളത്തിലും എന്നാൽ ഇപ്പോൾ ഇടുക്കി ഗോൾഡ് കിട്ടാനില്ല എന്നാണ് അതിന്റെ ഉപാസകരുടെ പ്രധാന പരാതി. ആന്ധ്ര, ഒഡീഷ എന്നിവടങ്ങളിൽ നിന്നുള്ള കഞ്ചാവാണ് കേരളത്തിൽ ഇപ്പോൾ മുഖ്യമായും ലഭിക്കുന്നത്. 2019ൽ 2796.934 കിലോ കഞ്ചാവാണ് സംസ്ഥാനത്ത് എക്‌സൈസ് പിടികൂടിയത്. 2020ൽ 3209.29 കിലോഗ്രാമും 2021ൽ 3913.2 കിലോ കഞ്ചാവും പിടികൂടി. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കഞ്ചാവ് കടത്തിന്റെ വിപണി നിരന്തരം ശക്തമാകുകയാണ്. ഇതിനെതിരെ പ്രവർത്തിക്കുന്നതിനുള്ള സർക്കാർ ഏജൻസികളും നിയമ വ്യവസ്ഥയും പഴുതുകളടച്ച് കരുതലുകൾ എടുത്തെങ്കിൽ മാത്രമേ ഈ മേഖലകളെ നമ്മുടെ സമൂഹത്തിൽ നിന്ന് അകറ്റിനിർത്താൻ സാധിക്കുകയുള്ളു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആറു മാസത്തിലൊരിക്കൽ അവലോകന യോഗം, ട്രെയിനുകളിലെ ശക്തമായ പരിശോധന, സംസ്ഥാനത്താകെ പോലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്‌പെഷൽ ഡ്രൈവ്, എക്‌സൈസ് ഓഫീസുകളിൽ കൺട്രോൾ റൂം എന്നീ നടപടികളാണ് കഞ്ചാവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം സ്വീകരിക്കുന്ന നടപടികൾ.

Representational image: Philip Guston

മാറുന്ന ലഹരികൾ

യുവതലമുറ കഞ്ചാവ് ഉപയോഗത്തിൽ നിന്നകന്ന് പകരം രാസ-സിന്തറ്റിക് ലഹരി വസ്തുക്കളോട് വ്യപകമായി അടുക്കുന്നതാണ് ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ പ്രധാനമായും അലട്ടുന്ന കാര്യം. കേസുകളുടെ എണ്ണം സൂചനയായി കരുതാമെങ്കിൽ രാസ-സിന്തറ്റിക് മയക്കു മരുന്നുകൾ കേരളത്തിൽ വ്യാപകമാവുന്നു. കുറഞ്ഞ ചെലവിൽ കൂടുതൽ ലഹരി എളുപ്പത്തിൽ ഒളിപ്പിക്കാനും ഉപയോഗിക്കാനും കഴിയും എന്നതാണ് രാസ ലഹരികളോട് കടത്തുക്കാർക്കും ഉപയോഗിക്കുന്നവർക്കും പ്രിയം കൂടുന്നതിനുള്ള കാരണങ്ങൾ. ഇടുക്കിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന കഞ്ചാവിന്റെ അളവിലും അതിന്റെ ഉപയോഗത്തിലും കുറവുണ്ടായെന്നാണ് എക്‌സൈസ് നിരീക്ഷണം. പകരം കഞ്ചാവ് കടത്തുന്ന സംഘങ്ങൾ സിന്തറ്റിക് ലഹരി വസ്തുക്കളാണ് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഒരു കിലോയ്ക്ക് താഴെ കഞ്ചാവ് പിടിക്കപ്പെട്ടാൽ ജാമ്യം കിട്ടുമെന്നുള്ളതിനാൽ കടത്തുന്നതെല്ലാം ഈ അളവിൽ താഴെയാണ്. എന്നാൽ സിന്തറ്റിക് ലഹരിക്കടത്തിൽ ശിക്ഷയ്ക്ക് കടുപ്പമേറും. ജാമ്യം ലഭിക്കാൻ പ്രയാസവുമായിരിക്കും. ഇത്തരത്തിൽ കേസുകളെ സ്‌മോൾ, മീഡിയം, കമേഴ്‌സ്യൽ ക്വാണ്ടിറ്റികളായി തിരിച്ചാണ് ശിക്ഷ നിർണ്ണയിക്കുക. കഞ്ചാവ് ഒരു കിലോയ്ക്ക് താഴെയുള്ളത് സ്‌മോൾ ക്വാണ്ടിറ്റിയായി പരിഗണിക്കുമ്പോൾ ഒരു വർഷം തടവ് വരെ ലഭിക്കാം. ഒരു കിലോ മുതൽ 10 കിലോ വരെ മീഡിയം ക്വാണ്ടിറ്റി ആകുമ്പോൾ 10 വർഷം വരെയായിരിക്കും കഠിന തടവ്. 20 കിലോയ്ക്ക് മുകളിലാണെങ്കിൽ കൊമേർഷ്യൽ ക്വാണ്ടിറ്റിയായി കണക്കാക്കി 10 മുതൽ 20 വർഷം വരെ കഠിനതടവിന് ശിക്ഷിക്കപ്പെടും. എന്നാൽ എം.ഡി.എം.എ, എൽ.എസ്.ഡി. അളവുകൾ വ്യത്യസ്തമാണ്. എം.ഡി.എം.എ. 0.5 ഗ്രാം സ്‌മോൾ ക്വാണ്ടിറ്റി, ഒരു വർഷം വരെ തടവ് ലഭിക്കും, 0.5 ഗ്രാം- 10 ഗ്രാം വരെ മീഡിയം ക്വാണ്ടിറ്റി- 10 വർഷം വരെ കഠിനതടവ് 10 ഗ്രാമിന് മുകളിൽ കമേഴ്‌സ്യൽ ക്വാണ്ടിറ്റിയാകുമ്പോൾ 10 വർഷം മുതൽ 20 വർഷം വരെ കഠിന തടവ്. എൽ.എസ്.ഡി സ്‌മോൾ ക്വാണ്ടിറ്റി 0.002 ഗ്രാം, ഒരു വർഷം തടവ്. മീഡിയം ക്വാണ്ടിറ്റി 0.1 ഗ്രാം വരെ 10 വർഷം വരെ കഠിനതടവ്, കമേഴ്‌സ്യൽ ക്വാണ്ടിറ്റി 0.1 ഗ്രാം മുകളിൽ 10 മുതൽ 20 വർഷം വരെ കഠിനതടവ്.

2020 ൽ 4,650, 2021 ൽ 5334, 2022 ഓഗസ്റ്റ് 29 വരെയുള്ള കണക്കുകൾ പ്രകാരം 16,128 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് 2020 ൽ 5674 പ്രതികളെയും 2021 ൽ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2022ൽ ഇതുവരെ 17,834 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ സിന്തറ്റിക് ലഹരി വസ്തുക്കളുടെ വ്യാപനം കൂടുന്നതായും കേസുകളുടെ കണക്കുകൾ വ്യക്തമാക്കുന്നു

രാജ്യത്തെ ലഹരി തടയൽ നിയമം നാർകോട്ടിക് ഡ്രഗ് സൈക്കോട്രോപിക്‌സ് സബ്സ്റ്റൻസസ് ആക്റ്റ് 1985 പ്രകാരം ഒരു വ്യക്തി ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തുകയാണെങ്കിൽ 6 മാസം വരെ തടവും 10,000 രൂപ വരെ പിഴയും ഈടാക്കാൻ നിയമമുണ്ട്. രാജ്യത്തെ ജയിലുകളിൽ കഴിയുന്ന 10% ആളുകളും ഇത്തരത്തിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ ഉപയോഗിക്കുന്നതിനായി കൈവശം വെയ്ക്കുകയോ ചെയ്തവരാണ്.

കണക്കുകൾ വെളിപ്പെടുത്തുന്ന യാഥാർത്ഥ്യം

ലഹരിക്ക് അടിമകളായ 70% പേരും 10നും 15നും ഇടയിൽ പ്രായമുള്ളപ്പോൾ തുടങ്ങിയ ശീലമാണെന്ന് എക്‌സൈസ് വകുപ്പിന്റെ സർവ്വേ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം യുവാക്കളെ നേരിട്ട് കണ്ട് സമഗ്ര സർവ്വേ നടത്തുന്നതിനുള്ള തീരുമാനം എടുത്തിരിക്കുകയാണ് വകുപ്പ്. കഴിഞ്ഞ ഒന്നര വർഷത്തിനകം ലഹരി വിമോചന കേന്ദ്രങ്ങളിൽ പ്രവേശിക്കപ്പെട്ടത് 21 വയസ് തികയാത്ത 3933 പേരാണെന്നും ഇതിൽ 40% 18 തികയാത്ത കുട്ടികളാണെന്നും പി സി വിഷ്ണുനാഥ് നിയമസഭയിൽ പറഞ്ഞിരുന്നു. രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി പഠനമുണ്ടെന്ന് എക്‌സൈസ് മന്ത്രി ആയിരുന്ന എം വി ഗോവിന്ദൻ കഴിഞ്ഞ വർഷം സൂചിപ്പിച്ചിരുന്നു. ക്യാമ്പസുകളിൽ രാഷ്ട്രീയം അവസാനിപ്പിക്കാൻ തീരുമാനം എടുത്തത് വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ ആണെങ്കിലും പ്രതീക്ഷിച്ചതിലും അപ്പുറത്താണ് തിക്തഫലം എന്നും അദ്ദേഹം സഭയിൽ പരാമർശിച്ചു. കേസുകളിൽ പ്രതികളാകുന്ന ചെറുപ്പക്കാരുടെ ലഹരി ഉപയോഗം ഈ പഠനത്തെ ശരിവയ്ക്കുന്നതാണ്.

എം.ഡി.എം.എ നിർമ്മാണവും വിതരണവും നടത്തുന്നതിൽ പ്രധാനികൾ പലപ്പോഴും കേരളത്തിന്റെ പുറത്തുള്ള സംസ്ഥാനങ്ങളിൽ വസിക്കുന്ന ആഫ്രിക്കൻ വംശജരാണെന്നുള്ള റിപ്പോർട്ടുകൾ മയക്കുമരുന്നുകളുടെ ഉത്പാദനത്തിലും വിതരണത്തിലുമുള്ള വിദേശ ബന്ധം വ്യക്തമാക്കുന്നതാണ്. കേരളത്തിൽ സമീപകാലങ്ങളിൽ പിടികൂടിയ മുപ്പതോളം എം.ഡി.എം.എ. കേസുകളിൽ അവസാന കണ്ണികളായി ആഫ്രിക്കൻ വംശജരാണെന്ന് അധികൃതർ വെളിപ്പെടുത്തി. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കായി ബംഗളുരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ വരുന്ന ഇവർ ആ നഗരങ്ങളിൽ മയക്കുമരുന്നു നിർമ്മാണം നടത്തുന്നതായാണ് കണ്ടെത്തിയത്. ഡിറ്റർജന്റ്, ചില പെർഫ്യൂം തുടങ്ങിയവ നിർമ്മിക്കുന്ന ഫാക്ടറികളോട് ചേർന്ന് മുറി എടുത്ത് ലാബ് തരപ്പെടുത്തിയാണ് മയക്കുമരുന്ന് നിർമ്മാണം. രാസവസ്തുക്കൾ കൃത്യമായ അളവുകളിൽ ചേർത്ത് നിർമ്മിക്കാൻ പ്രാവീണ്യം നേടിയിരിക്കുന്നത് ഇക്കൂട്ടർ തന്നെ. കേരളവും ഗോവയുമാണ് ഇവരുടെ പ്രധാന വിപണികൾ. മയക്കുമരുന്നുകൾ നല്കുന്നത് നല്ല അനുഭവങ്ങളാണെന്ന് യൂട്യൂബ് ചാനലുകളിലൂടെ പരസ്യമായി വെളിപ്പെടുത്തുന്നതും സിന്തറ്റിക് ലഹരിയുടെ ഉപയോഗം കേരളത്തിൽ വർദ്ധിച്ചു വരികയാണെന്നതിന്റെ തെളിവുകളാണ്. എം.ഡി.എം.എ., ഡി.എം.ടി, കൊക്കെയ്ൻ, സി.പി.എച്ച് 4 തുടങ്ങിയ മാരക ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ മികച്ച അനുഭവങ്ങളായിരിക്കുമെന്നാണ് വീഡിയോകളിലെ പരാമർശം.

Representational image: wiki commons

നിയമങ്ങൾ മയപ്പെടുത്തിയും കടുപ്പിച്ചും അധികാരികൾ

രാജ്യത്തെ ലഹരി തടയൽ നിയമം നാർകോട്ടിക് ഡ്രഗ് സൈക്കോട്രോപിക്‌സ് സബ്സ്റ്റൻസസ് ആക്റ്റ് 1985 പ്രകാരം ഒരു വ്യക്തി ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തുകയാണെങ്കിൽ 6 മാസം വരെ തടവും 10,000 രൂപ വരെ പിഴയും ഈടാക്കാൻ നിയമമുണ്ട്. രാജ്യത്തെ ജയിലുകളിൽ കഴിയുന്ന 10% ആളുകളും ഇത്തരത്തിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ ഉപയോഗിക്കുന്നതിനായി കൈവശം വെയ്ക്കുകയോ ചെയ്തവരാണ്. കൊലപാതകം, ബലാത്സംഗം, മോഷണം എന്നീ കേസുകൾ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ജയിലുകളിലായിരിക്കുന്നത് ഈ നിയമത്തിന്റെ ലംഘനം മൂലമാണ്. ഇതിന് പരിഹാരം എന്ന നിലയിൽ നിയമത്തിലെ 27-ാം വകുപ്പ് ഒഴിവാക്കി ഇവരെ ഇരകളായ് കണ്ട് 30 ദിവസത്തെ കൗൺസിലിങ് നടത്തി തിരികെ കൊണ്ടുവരാൻ ശ്രമിക്കുക എന്ന ആശയം സാമൂഹ്യ നീതി വകുപ്പ് മുന്നോട്ട് വച്ചിരുന്നു. എന്നാൽ ലഹരിക്കടത്തുകാർക്കെതിരെ കർശന ശിക്ഷയുണ്ടാകും. ബോളിവുഡ് താരം ഷാരുഖാന്റെ മകനുമായി ബന്ധപ്പെട്ട കേസിനെത്തുടർന്നുണ്ടായ നീക്കങ്ങളാണിവയെന്ന വിമർശനം ഇതിനെതിരെ ഉയർന്നിരുന്നു. കൗൺസിലിങ് റിഹാബിലിറ്റേഷൻ സെന്റർ രൂപീകരിക്കുന്നതിലെ ബുദ്ധിമുട്ടുകളും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും പരിഗണിച്ച് ഏറ്റവും കുറഞ്ഞ ശിക്ഷയായ 6 മാസം തടവും 10000 രൂപ പിഴയും നിലനിർത്താൻ തന്നെയാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും തീരുമാനം. കൂടാതെ ഏറ്റവും പുതിയ തീരുമാനങ്ങളിലൊന്നായി എൻ.ഡി.പി.എസ് ആക്ട് 1985, പ്രിവൻഷൻ ഓഫ് ഇലിസിറ്റ് ട്രാഫിക് ഇൻ നാർകോട്ടിക് ഡ്രഗ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് 1988 എന്നിവ ധനകാര്യ വകുപ്പിൽ നിന്ന് ആഭ്യന്തര വകുപ്പിന്റെ കീഴിലോട്ട് മാറ്റാൻ നിർദേശിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പിന് കീഴിൽ വരുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് രാജ്യത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ ഏകീകരിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം മുന്നോട്ട് വച്ചിരിക്കുന്നത്.

കോളേജുകളിലുൾപ്പെടെ എല്ലാ വിദ്യാലയങ്ങളിലും ലഹരിവിമുക്ത ജനജാഗ്രത സമിതികൾ രൂപികരിച്ചും സ്‌കൂൾ മതിലുകൾ ഉയർത്തി നിർമ്മിച്ചും പുതുതലമുറയെ ലഹരി മാഫിയയുടെ കൈകളിൽ നിന്നും രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് കേരളം. ലഹരികടത്ത് സംഘങ്ങളിലെ കണ്ണികളായും ലഹരിക്ക് അടിമകളായും ജീവിതം തകർന്നുകൊണ്ടിരിക്കുന്ന നിരവധി വിദ്യാർത്ഥികളും യുവജനങ്ങളും നമുക്ക് ചുറ്റിനുമുണ്ട്. ഇവരെ കണ്ടെത്തുക എന്നത് ദുഷ്‌കരം, കണ്ടെത്തിയാൽ തന്നെ അത്തരക്കാരെ ശരിയായ രീതിയിൽ പുനരധിവസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളുടെ അഭാവം വെല്ലുവിളി ഉയർത്തുന്നതാണ്. ശിക്ഷ കൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒരു വിഷയമല്ല ലഹരിയോടുള്ള ആസക്തി. സാമൂഹ്യവും, സാമ്പത്തികവും, സാംസ്‌കാരികവുമായ നിരവധി അടരുകൾ ചേർന്നതാണ് ലഹരിയുടെ വഴികൾ. സാധാരണ കുറ്റവാളികളെ കടുത്ത കുറ്റവാളികളാകുവാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്ന തടവറകളെ മാത്രം ആശ്രയിച്ചുകൊണ്ട് ഈ ദുരന്തത്തെ നേരിടാനാവില്ല. കൂടുതൽ സമഗ്രവും മാനുഷികവുമായ സമീപനങ്ങൾ സമൂഹത്തിന്റെ മൊത്തം ഭാഗത്തു നിന്നും ഇക്കാര്യത്തിൽ ഉണ്ടാവേണ്ടിയിരിക്കുന്നു.

Leave a comment