വിശ്വസ്തതയിൽ നിന്ന് വിസ്‌മൃതിയിലേക്ക്
ബിസിനസ്സ് രംഗത്തെ നേട്ടങ്ങളുടെ ഉച്ചസ്ഥായിയില്‍ നിന്നും പൊടുന്നനെ താഴേക്കു പതിക്കുകയെന്ന അനുഭവം അത്ര സാധാരണമല്ല. സ്വന്തം ബിസിനസ്സ് മേഖലകളില്‍ അസാധാരണമായ ഖ്യാതി കൈവരിച്ച മലയാളികളായ രണ്ട് ബിസിനസ്സ്‌കാരുടെ നിയോഗം അതായിരുന്നു. രാജന്‍ പിള്ളയും, അറ്റ്‌ലസ് രാമചന്ദ്രനും. നേട്ടങ്ങളുടെ നെറുകയില്‍ നിന്നും അപഖ്യാതിയുടെ കരിനിഴലില്‍ എത്തുകയായിരുന്നു ഇരുവരും. ഡല്‍ഹിയിലെ തീഹാര്‍ ജയിലിലെ ഒരു സെല്ലില്‍ രാജന്‍ പിള്ളയുടെ ജീവിതം അവസാനിച്ചപ്പോള്‍ അറ്റ്‌ലസ് രാമചന്ദ്രന് മരണത്തിന് മുമ്പ് തടവറയില്‍ നിന്നും മോചനം നേടാനായി എന്ന ആശ്വാസത്തിന് വകയുണ്ടായിരുന്നു. ബിസിനസ്സിന്റെ കണ്ണഞ്ചിപ്പിക്കുന്ന വിജയഗാഥകള്‍ക്കപ്പുറം ഇരുവരുടെയും വീഴ്‌ച്ചകള്‍ക്ക് വഴിയൊരുക്കിയതിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. കെട്ടുകഥകളും, ഊഹാപോഹങ്ങളും വേണ്ടതിലധികം പ്രചരിക്കുന്നതിനാല്‍ ഇരുവരുടെയും തകര്‍ച്ചക്കു പിന്നിലെ നെല്ലും പതിരും തിരയുക എളുപ്പവുമല്ല. മള്‍ട്ടിനാഷണല്‍ കമ്പനിയായ ബ്രിട്ടാനിയയുടെ മേധാവിയായി വളര്‍ന്ന രാജന്‍ പിള്ള ആഗോളതലത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നുവെങ്കില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ മലയാളിയുടെ പൊതുമണ്ഡലത്തിലെ സാന്നിദ്ധ്യമായിരുന്നു. ഉയര്‍ച്ചയും താഴ്‌ചയും തമ്മിലുളള സാമാനതകള്‍ ഒഴിച്ചു നിര്‍ത്തിയില്‍ ഇരുവരുടെയും സാമൂഹ്യ പശ്ചാത്തലങ്ങളില്‍ വ്യത്യസ്‌തങ്ങളായിരുന്നു. കശുവണ്ടി ഉല്‍പ്പാദന-കയറ്റുമതി മേഖലയില്‍ മുന്‍നിരയിലുണ്ടായിരുന്ന കുടുബത്തില്‍ പിറന്ന രാജന്‍ പിള്ളയുടെ തുടക്കം സമ്പന്നമായ കുടുംബ ബിസിനസ്സിന്റെ പശ്ചാത്തലത്തിലായിരുന്നു. സാധാരണ ബാങ്ക് ജീവനക്കാരനായി തുടങ്ങിയ രാമചന്ദ്രന്‍ പിന്നീട് അറ്റ്‌ലസ് രാമചന്ദ്രനായി വളരുകയായിരുന്നു.
ബിസിനസ്സ് രംഗത്തെ വളര്‍ച്ചയെക്കാള്‍ വര്‍ണ്ണപ്പകിര്‍ട്ടാന്ന ജീവിതശൈലിയായിരുന്നു ഒരു പക്ഷെ ഇരുവരെയും പ്രശസ്‌തരാക്കിയ സുപ്രധാനഘടകം. 1980 കളുടെ രണ്ടാം പകുതി മുതല്‍ സിംഗപ്പൂരില്‍ കേസ്സില്‍ അകപ്പെടുന്നതുവരെയുള്ള കാലയളവില്‍ രാജന്‍ പിള്ളയുടെ ആതിഥ്യം സ്വീകരിക്കാത്ത രാഷ്ട്രീയത്തിലെ ഉന്നതരും, ഉദ്യോഗസ്ഥ മേധാവികളും ചുരുക്കമായിരുന്നു. ലണ്ടനിലും, സിംഗപ്പൂരിലും, മുംബെയിലുമെല്ലാമുണ്ടായിരുന്ന പിള്ളയുടെ തട്ടകങ്ങളിലെ ആഘോഷങ്ങള്‍ അക്കാലത്തെ മാധ്യമങ്ങളിലെ പേജ് ത്രീ വാര്‍ത്തകളിലെ എരിവും പുളിയും നിറഞ്ഞ ഉള്ളടക്കങ്ങളായിരുന്നു. വിംബിള്‍ഡണ്‍ ടെന്നീസ് മത്സരവേദിയില്‍ അതിസമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായ ബോക്‌സ് സീറ്റുകളില്‍ ഒരെണ്ണം പിള്ളയുടേതായിരുന്നുവെന്നും ശരദ് പവാറടക്കമുള്ള നേതാക്കള്‍ പ്രസ്‌തുത ബോക്‌സ് സീറ്റിന്റെ ആതിഥ്യം
സ്വീകരിച്ചിരുന്നുമെന്നുള്ള വാര്‍ത്തകള്‍ അക്കാലം മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. പിള്ളയുടെ വളര്‍ച്ചയുടെ ഗ്രാഫ് 1993 മാര്‍ച്ചില്‍ വഴിത്തിരിവിലെത്തി.
സിംഗപ്പൂര്‍ കൊമേഷ്‌സ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പിള്ളയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളായിരുന്നു അതിന്റെ തുടക്കം. വിശ്വാസ വഞ്ചനയും തട്ടിപ്പുമുള്‍പ്പടെ 22 ആരോപണങ്ങള്‍ ശരിവെക്കുന്നതായിരുന്നു 1995 ല്‍ അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ട്. 14 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ നിറഞ്ഞതായിരുന്നു റിപ്പോര്‍ട്ട്. സിംഗപ്പൂരിലെ അറസ്റ്റില്‍ നിന്നും രക്ഷ തേടി ഇന്ത്യയിലെത്തിയ പിള്ളക്കെതിരെ ഇന്റര്‍പോള്‍ പുറപ്പെടുവിച്ച് ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം 1995 ജൂലൈ 4 ന് ഡല്‍ഹിയിലെ ലെ മെറിഡീയന്‍ ഹോട്ടലില്‍ നിന്നും ഡല്‍ഹി പോലീസ് അദ്ദേഹത്തെ അറസ്‌റ്റു ചെയത് തീഹാര്‍ ജയിലിലടച്ചു. കരള്‍ രോഗത്തിന് പ്രത്യേക ചികിത്സ വേണമെന്നുള്ള പിള്ളയുടെ അപേക്ഷക്ക് കോടതിയും ജയിലധികൃതരും വേണ്ടത്ര ഗൗരവം കൊടുത്തില്ല. നാലാം ദിവസം അദ്ദേഹം മരിച്ചു. 47 വയസ്സായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. ബിസിനസ്സ് മേഖലയില്‍ ഒരു കാലത്ത് തന്റെ ഉറ്റ ചങ്ങാതികളും പങ്കാളികളുമായുണ്ടായ ഭിന്നതകള്‍ അപരിഹാര്യമായ നിലയിലെത്തുകയും കടുത്ത ശത്രുതയായി മാറുകയും ചെയ്‌തതാണ് പിള്ളയുടെ ദുര്‍വിധിക്ക് കാരണമായതെന്നാണ് അനുമാനിക്കപ്പെട്ടത്. പിള്ളയുടെ പ്രതാപകാലത്ത് അദ്ദേഹത്തിന്റെ ആതിഥ്യം വേണ്ടുവോളം ആസ്വദിച്ച രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥ മേധാവികളും, മാധ്യമ പ്രമുഖരും കേസ്സില്‍ പെട്ടതോടെ പിള്ളയെ കയ്യൊഴിഞ്ഞുവെന്ന വാസ്‌തവവും മറക്കാവുന്നതല്ല.
രാഷ്ട്രീയ-സാമ്പത്തിക അധികാര കേന്ദ്രങ്ങളില്‍ പിള്ളക്ക് ഉണ്ടായിരുന്ന സ്വാധീനവും ബന്ധങ്ങളും അറ്റ്‌ലസ് രാമചന്ദ്രന്റെ കാര്യത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല. ബാങ്ക് ജീവനക്കാരനില്‍ നിന്നും സ്വര്‍ണ്ണത്തിന്റെ റീട്ടൈല്‍ വ്യാപാരത്തിലേക്കു വളര്‍ന്ന രാമചന്ദ്രന്‍ കേരളത്തിന്റെ സാംസ്‌ക്കാരിക പരിസരത്താണ് തന്റെ സ്വാധീനം കൂടുതലും പ്രകടമാക്കിയത്. ടെലിവിഷന്‍ എന്ന മാധ്യമം ഇല്ലായിരുന്നുവെങ്കില്‍ ഇന്നത്തെ നിലയില്‍ അദ്ദേഹം അറിയപ്പെടുന്നതിനുള്ള സാധ്യത ഒരു പക്ഷെ കുറവായിരുന്നുവെന്ന് കരുതേണ്ടി വരും. 'ജനകോടികളുടെ വിശ്വസ്‌ത' സ്ഥാപനമെന്ന പരസ്യവാചകത്തിന്റെ അകമ്പടിയോടെയാണ് കേരളത്തിന്റെ ദൃശ്യമണ്ഡലത്തിലെ ഒരു സാന്നിദ്ധ്യമായി രാമചന്ദ്രന്‍ വളരുന്നത്. അദ്ദേഹത്തിന്റെ സംരംഭം എങ്ങനെ തകര്‍ന്നുവെന്ന കാര്യത്തില്‍ കൃത്യമായ ധാരണ രൂപീകരിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ബാങ്ക് വായ്‌പകളുടെ തിരിച്ചടവ് മുടങ്ങിയതാണ് അറ്റ്‌ലസ് ഗ്രൂപ്പിന്റെ തകര്‍ച്ചയുടെ കാരണമെന്നതാണ് പൊതുമണ്ഡലത്തില്‍ ലഭ്യമായിട്ടുള്ള വിവരം. ആഗോളതലത്തിലെ ഉല്‍പ്പന്ന വാണിജ്യ മേഖലയില്‍ (ഗ്ലോബല്‍ കമ്മോഡിറ്റി ട്രേഡിംഗ്) വളരെയധികം വിപണനം ചെയ്യപ്പെടുന്ന സ്വര്‍ണ്ണം പോലുള്ള ചരക്കിന്റെ റീട്ടൈല്‍ ബിസിനസ്സില്‍ അന്തസ്ഥിതമായ റിസ്‌ക്കുകള്‍ എത്രത്തോളം അറ്റ്‌ലസ്സിനെ പോലുള്ള സ്ഥാപനങ്ങളുടെ ഏറ്റിറക്കങ്ങളെ എങ്ങനെ ബാധിച്ചുവെന്ന വിലയിരുത്തലുകള്‍ നടന്നതായി തോന്നുന്നില്ല. അത്തരത്തിലുള്ള സവിശേഷമായ വിവരങ്ങള്‍ ലഭ്യമാക്കുവാന്‍ ശേഷിയുണ്ടായിരുന്ന വ്യക്തിയും രാമചന്ദ്രന്‍ മാത്രമായിരുന്നിരിക്കും. അദ്ദേഹത്തിന്റെ വിയോഗത്തോടെ അതിനുളള സാധ്യതകള്‍ക്കും മങ്ങലേറ്റിട്ടുണ്ട്. തങ്ങളുടേതായ ബിസിനസ്സ് മേഖലകളില്‍ അസാധാരണമായ വിജയം കൈവരിച്ചതിനൊപ്പം വര്‍ണ്ണപ്പകിട്ടാര്‍ന്ന ജീവിതശൈലിയുടെയും പേരില്‍ കേരളത്തില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും നിറഞ്ഞു നിന്ന വ്യക്തിത്വങ്ങളായിരുന്നു രാജന്‍ പിള്ളയും അറ്റ്‌ലസ് രാമചന്ദ്രനുമെന്ന കാര്യത്തില്‍ സംശയമില്ല. ആഗോളതലത്തിലെ മലയാളികളായ ബിസിനസ്സ് വ്യക്തിത്വങ്ങളുടെ ചരിത്രത്തിലെ തിളക്കമാര്‍ന്ന പേരുകളായി ഇരുവരും കണക്കാക്കപ്പെടുമെന്ന കാര്യവും ഉറപ്പാണ്.