TMJ
searchnav-menu
post-thumbnail

Outlook

ഇലക്ട്രിക്ക് വാഹനങ്ങളുടെ ഭാവി ?

15 May 2022   |   1 min Read
അനീഷ്‌ ഉത്തമന്‍

ഇലക്ട്രിക്‌ സ്കൂട്ടറുകള്‍ക്ക് തീപിടിത്തമുണ്ടാവുന്ന സംഭവങ്ങള്‍ നിരന്തരം പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. വർധിച്ചു വരുന്ന ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനുമായി കഴിഞ്ഞ മാസമാണ് കേന്ദ്ര സർക്കാർ ഒരു വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചത്. എല്ലാ തീപിടിത്തങ്ങളും വിരൽ ചൂണ്ടുന്നത് ഇലക്ട്രിക്‌ സ്കൂട്ടറുകളിലെ ബാറ്ററി ഡിസൈനിലെ പിഴവുകളും, നിര്‍മ്മാണത്തിലെ പോരായ്മകളിലേക്കുമാണ്. ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാതാക്കളുടെതടക്കമുള്ള ഇലക്ട്രിക്‌ സ്കൂട്ടറുകളിൽ ഉണ്ടായ തീപിടിത്തങ്ങള്‍ സർക്കാരിനെയും ഉപഭോക്താക്കളെയും ഒരു പോലെ ചിന്തിപ്പിക്കുന്നവയാണ്. ഇലക്ട്രിക്‌ വാഹനങ്ങളാണ് ഭാവിയുടെ സഞ്ചാര മാർഗം എന്ന് പറയുമ്പോൾ തന്നെ അതിന്റെ സുരക്ഷയും സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ ആവശ്യകതയും ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുകയാണ്.

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരാശിക്ക് എത്ര കണ്ട് വിനാശകരമായിരിക്കും എന്ന തിരിച്ചറിവിന് ശേഷം ലോകത്ത് ഗ്രീന്‍ എനർജിയിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കപ്പെടാൻ കാരണമായതും, ലിതിയം-അയണ്‍ ബാറ്ററികളുടെ ഉത്പാദനച്ചിലവിലുണ്ടായ കുറവും സാങ്കേതികവിദ്യയിലുള്ള വിശ്വാസ്യതയില്‍ കഴിഞ്ഞ ദശാബ്ദത്തിലുണ്ടായ കുതിച്ചു ചാട്ടവുമാണ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്നാവാന്‍ പോകുന്ന ഇലക്ട്രിക്‌ വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് കാരണമാവുന്നതെന്ന് പറയാം. മൂന്നോ നാലോ തലമുറകൾക്ക് അപ്പുറം കാലാവസ്ഥാ വ്യതിയാനം കാരണം മാനവരാശിക്ക് സംഭവിച്ചേക്കാവുന്ന ഒരു മഹാ ദുരന്തത്തെ തടയുക എന്ന വളരെ മഹത്തരമായ ഒരു ദൗത്യത്തിന്റെയും ഒരു സാങ്കേതിക വിപ്ലവത്തിന്റെയും കൂടിച്ചേരല്‍ നടക്കുന്ന ചരിത്രത്തിലെ ഒരു അപൂർവ സന്ദര്‍ഭമാണിത്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇലക്ട്രിക്‌ വാഹനങ്ങള്‍ പെട്രോൾ വാഹനങ്ങളുടെ ബദലായി മാറും എന്ന് കരുതപ്പെടുന്നു. സർക്കാറുകൾ നൽകുന്ന പ്രോത്സാഹനങ്ങളും സ്വകാര്യ മേഖലയിലെ നിര്‍മ്മാതാക്കള്‍ ഇലക്ട്രിക്‌ വാഹനങ്ങളുടെ ഗവേഷണങ്ങളിലും, നിര്‍മ്മാണ സാങ്കേതിക വിദ്യയിലും നടത്തുന്ന വമ്പൻ നിക്ഷേപങ്ങളും ബാറ്ററി ടെക്നോളജിയില്‍ ദിവസം തോറും സംഭവിക്കുന്ന മാറ്റങ്ങളും ഇത്‌ വെറും ഒരു ദിവാസ്വപ്നമല്ലെന്ന് അടിവരയിടുകയാണ്.

ഹരിത വാതകങ്ങള്‍ അന്തരീക്ഷത്തിൽ നിന്ന് കുറയാൻ തുടങ്ങുന്ന സാങ്കല്‍പ്പിക ബിന്ദുവായ Drawdown ലേക്ക് ലോകത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ 'Project Drawdown' എന്ന നോണ്‍ പ്രോഫിറ്റ് സംഘടന വിഭാവനം ചെയ്യുന്ന പരിഹാരങ്ങളില്‍ ഏറ്റവും പ്രധാനപെട്ടതാണ് ഇലക്ട്രിക്‌ വാഹനങ്ങളുടെ ഉപയോഗം.

ഒന്നോ അതിലധികമോ ഇലക്ട്രിക്‌ മോട്ടോറുകള്‍ ഉപയോഗിച്ച് പ്രൊപല്‍ഷന്‍ (യന്ത്രത്തെ മുന്നോട്ട് ചലിപ്പിക്കല്‍) നടത്തുന്ന വാഹനങ്ങളെയാണ് ഇലക്ട്രിക്‌ വാഹനങ്ങൾ എന്ന് പറയുന്നത്. ബാറ്ററിയില്‍ ശേഖരിച്ച എനർജി ഉപയോഗിച്ചുള്ള പ്രൊപല്‍ഷനോ ഒരു ഇലക്ട്രിക്‌ കളക്ടര്‍ സിസ്റ്റം ഉപയോഗിച്ചുള്ള ( ഇലക്ട്രിക്‌ ട്രെയിനിനു സമാനം) പ്രൊപല്‍ഷനോ ഇത്തരം വാഹനങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു. ആഗോള താപനത്തിന്റെ ഏറ്റവും വലിയ കാരണമായ ഹരിത വാതകങ്ങള്‍ അന്തരീക്ഷത്തിൽ നിന്ന് കുറയാൻ തുടങ്ങുന്ന സാങ്കല്‍പ്പിക ബിന്ദുവായ Drawdown ലേക്ക് ലോകത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ 'Project Drawdown' എന്ന നോണ്‍ പ്രോഫിറ്റ് സംഘടന വിഭാവനം ചെയ്യുന്ന പരിഹാരങ്ങളില്‍ ഏറ്റവും പ്രധാനപെട്ടതാണ് ഇലക്ട്രിക്‌ വാഹനങ്ങളുടെ ഉപയോഗം.

ചാര്‍ജ് ചെയ്യാവുന്ന ഒരു ബാറ്ററി ഉപയോഗിച്ച് ഇലക്ട്രിക്കല്‍ മോട്ടോറുകൾ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ഇലക്ട്രിക് വാഹനങ്ങളുടെ അടിസ്ഥാന തത്വം. വലിയ റേഞ്ചിലുള്ള ആര്‍.പി.എമ്മില്‍ ഏറ്റവും കൂടുതല്‍ ടോര്‍ക്ക് മോട്ടോറുകള്‍ ഉപയോഗിച്ച് കൈവരിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഇതേ പവർ റേറ്റിംഗ് ഉള്ള ഒരു ഇ.വി (ഇലക്ട്രിക്ക് വെഹിക്കിൾ) യും ഐസി എഞ്ചിനുമായി (ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍) താരതമ്യം ചെയ്താൽ ഇലക്ട്രിക് വെഹിക്കിളുകളുടെ ടോര്‍ക്കും പെർഫോമൻസും ഐ.സി എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെക്കാള്‍ മികച്ചതായിരിക്കും. ഇന്ധനങ്ങളുടെ ജ്വലനം നടക്കുന്നില്ല എന്നുള്ളത് കൊണ്ട് തന്നെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ എന്ന വിപത്ത് ഉണ്ടാവുകയുമില്ല.

ലിതിയം-അയൺ ബാറ്ററികളാണ് ഇലക്ട്രിക് വെഹിക്കിളുകളിൽ വ്യാപകമായി ഉപയോഗിക്കപെടുന്നത്. ഇലക്ട്രിക്കല്‍ എനർജി സംഭരിച്ച് വെക്കുന്ന ബാറ്ററികൾ ഡിസി രൂപത്തില്‍ ആണ് വൈദ്യുതി ഡിസ്ചാര്‍ജ്ജ് ചെയ്യുക. ഇന്റക്ഷന്‍ മോട്ടോറുകള്‍ ഉപയോഗിക്കുന്ന ടെസ്ലയുടെ മോഡല്‍ എസ് പോലുള്ള വാഹനങ്ങളിൽ ഒരു ഡിസി-എസി കണ്‍വെര്‍ട്ടര്‍ ഉപയോഗിച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. ടെസ്ലയുടെ തന്നെ മോഡൽ 3 വാഹനങ്ങളിൽ പെര്‍മനെന്റ് മാഗ്നെറ്റ് ഡിസി മോട്ടോറുകളാണ് വാഹനത്തിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കുന്നത്. ഒരു ഇവിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ ബാറ്ററി പാക്ക് ആണെന്ന് നിസ്സംശയം പറയാം, ബാറ്ററി ടെക്‌നോളജിയിലെ പുരോഗതികളാണ് ഐസി എഞ്ചിനെ ഇ.വി എത്ര കാലം കൊണ്ട് മറികടക്കും എന്ന് തീരുമാനിക്കാൻ പോകുന്നത്.

ബാറ്ററികളുടെ ഭാരവും അതുള്‍ക്കൊള്ളുന്ന ഊര്‍ജ്ജവും തമ്മിലുള്ള അനുപാതമാണ് ഊര്‍ജ്ജ സാന്ദ്രത. വലിപ്പവും ഭാരവും കുറഞ്ഞ ലിതിയം-അയൺ ബാറ്ററികളില്‍ നിന്ന് ഉയര്‍ന്ന ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നു.

ലിതിയം-അയൺ ബാറ്ററി

ഏതൊരു ബാറ്ററിയേയും പോലെ തന്നെ മൂന്ന് പ്രധാന ഭാഗങ്ങളാണ് ലിതിയം-അയൺ ബാറ്ററിയിലുമുള്ളത്. ഗ്രാഫൈറ്റ് ബേസ്ഡ് ആനോഡ്, ലിതിയവും കൂടെ നിക്കലോ മാംഗനീസോ കൊബാള്‍ട്ടോ ചേര്‍ന്നുള്ള ഓക്സൈഡും കൊണ്ട് നിര്‍മ്മിച്ച കാതോഡും കൂടാതെ ഒരു ഓര്‍ഗാനിക് ഇലക്ട്രോലൈറ്റും. ഉയര്‍ന്ന ഊര്‍ജ്ജ സാന്ദ്രത എന്ന പ്രത്യേകതയാണ് ലിതിയം-അയൺ ബാറ്ററികളെ മറ്റുള്ള ബാറ്ററികളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. ബാറ്ററികളുടെ ഭാരവും അതുള്‍ക്കൊള്ളുന്ന ഊര്‍ജ്ജവും തമ്മിലുള്ള അനുപാതമാണ് ഊര്‍ജ്ജ സാന്ദ്രത. വലിപ്പവും ഭാരവും കുറഞ്ഞ ലിതിയം-അയൺ ബാറ്ററികളില്‍ നിന്ന് ഉയര്‍ന്ന ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നു. ഇതൊക്കെയാണെങ്കിലും ബാറ്ററിക്കുള്ളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് തീ പിടിക്കാന്‍ സാധ്യതയുള്ളതാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മയും സുരക്ഷാ പ്രശ്നവും. ആനോഡും കാതോഡും ഷീറ്റുകളാക്കി ഒരു സാന്‍ഡ്‌വിച്ച് രൂപത്തില്‍ വെറും 10 മുതൽ 15 മൈക്രോണോളം മാത്രം കനത്തിലുള്ള ഒരു വസ്തു ഉപയോഗിച്ച് വേർതിരിക്കുന്ന വളരെ സങ്കീര്‍ണമായ നിര്‍മ്മാണമാണ് ഈ ബാറ്ററികളിൽ ഉള്ളത്. ആനോഡും കാതോഡും ഷോർട് സര്‍ക്യൂട്ടിലേക്ക് നയിക്കും എന്നുള്ളത് കൊണ്ട് തന്നെ ബാറ്ററി നിർമാണത്തില്‍ സൂക്ഷ്മതയും ക്വാളിറ്റി കണ്ട്രോളും വളരെയേറെ നിർണായകമാണ്.

ലിതിയം അയൺ ബാറ്ററിയുടെ വിവിധ ഭാഗങ്ങൾ

ഇന്ധനം, താപം, ഓക്സിജന്റെ സാന്നിധ്യം എന്നീ മൂന്ന് ഘടകങ്ങൾ (fire triangle) കൂടി ചേരുമ്പോളാണ് തീ ഉണ്ടാവുന്നത്. ലിതിയം-അയൺ ബാറ്ററികളിൽ ഷോർട് സര്‍ക്യൂട്ടോ അമിതമായി ചാര്‍ജ് ചെയ്യപ്പെടുന്നതോ കാരണം അനിയന്ത്രിതമായ തെര്‍മല്‍ റിയാക്ഷന്‍സ് സംഭവിക്കാന്‍ ഇടയുണ്ട്. ഇലക്ട്രോലൈറ്റുകള്‍ ഇന്ധനമാണെന്നുള്ളതും, ഇത്തരത്തിലുള്ള ഷോർട് സര്‍ക്യൂട്ടുകള്‍ക്ക് ഇടയിൽ ഓക്സിജന്‍ ഉത്പാദിപ്പിക്കപെടും എന്നുള്ളതും ഫയർ ട്രയാംഗിളിലെ മൂന്ന് ഘടകങ്ങളും ബാറ്ററിക്കു ഉള്ളിൽ തന്നെ സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കും. നിര്‍മ്മാണ ഘട്ടത്തിലെ പിഴവുകള്‍ കാരണം സെപ്പെറേറ്ററില്‍ ഉണ്ടാവുന്ന പ്രശ്നങ്ങൾ, പുറത്ത് നിന്നും ഉണ്ടാകുന്ന മര്‍ദ്ദം, കൃത്യമായ താപ നിയന്ത്രണ സംവിധാനം ഇല്ലാത്തതുമൊക്കെ ഈ സാഹചര്യത്തിലേക്കു വഴി വെച്ചേക്കാം. കഴിഞ്ഞ ഏതാനും മാസങ്ങളിൽ നടന്ന ബാറ്ററി എക്സ്പ്ലോഷനുകൾ ബാറ്ററി നിര്‍മ്മാണത്തില്‍ ഗവണ്‍ന്മെന്റ് റെഗുലേഷൻസ് ശക്തമാക്കേണ്ടതിന്റെ ആവശ്യകത വിളിച്ചു പറയുന്നുണ്ടെങ്കിൽ കൂടി, ടെക്നോളജിക്കല്‍ ഇന്നൊവേഷന്‍ കൊണ്ട് മാത്രമേ ബാറ്ററികളില്‍ പൂര്‍ണമായും സുരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കുകയുള്ളൂ. സുരക്ഷിതമായ ടെക്നോളജിയിലേക്കു അപ്ഗ്രേഡ് ചെയ്യുന്നത് വരെ റെഗുലേഷൻസ് നിർണായകമാണ് താനും.

സാങ്കേതിക വിദഗ്ദ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ.വി നിര്‍മ്മാതാക്കള്‍ക്കുള്ള നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാക്കുമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ AIS 156 സ്റ്റാൻഡേർഡ് ലോകത്തിലെ ഏറ്റവും കര്‍ശനമായ റെഗുലേഷന്‍സ് ഉൾപ്പെടുന്നതാണെന്ന് നിതി ആയോഗ് സിഇഒ അമിതാഭ്കാന്ത് പറയുകയുണ്ടായി. പക്ഷെ AIS 156 ഇന്ത്യ പോലെ ഉള്ള ഉയർന്ന താപനിലയുള്ള രാജ്യത്ത് അനുയോജ്യമല്ലെന്നും, ബാറ്ററി ഡിസൈനും നിര്‍മ്മാണവും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പുതിയ സർട്ടിഫിക്കേഷൻ സ്റ്റാൻഡേർഡ്സ് അനിവാര്യമാണെന്നാണ് ഹീറോ ഇലക്ട്രിക്‌ സിഇഒയും സൊസൈറ്റി ഓഫ് മാനുഫാക്ചേര്‍സ് ഓഫ് ഇലക്ട്രിക്‌ വെഹിക്കിള്‍സ് ഡയറക്ടര്‍ ജനറലുമായ സോഹിന്ധര്‍ ഗില്ലിന്റെ പക്ഷം.

ബാറ്ററി ടെക്‌നോളജിയുടെ ഭാവി

റെഗുലേഷൻസും നിർദ്ദേശങ്ങളുമൊക്കെ അപകടങ്ങൾ ഒഴിവാക്കാൻ വളരെ അധികം സഹായകമാവുമെങ്കിലും സാങ്കേതികമായ നവീകരണം തന്നെയാണ് ഏതൊരു എഞ്ചിനീയറിംഗ് വിഷയത്തിലെയും പോലെ ബാറ്ററികളിലെ സുരക്ഷാ പ്രശ്നത്തേയും മറികടക്കാനുള്ള പോംവഴി. അത് കൊണ്ട് തന്നെയാണ് സോളിഡ് ഇലക്ട്രോലൈറ്റുകൾ ഉപയോഗിക്കുന്ന സോളിഡ് സ്റ്റേറ്റ് ബാറ്ററികൾ അഥവാ SSB പ്രസക്തമാവുന്നത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഉത്പാദനം സാധ്യമാവുന്നതിനു ഇനിയും നാലോ അഞ്ചോ വർഷങ്ങൾ എടുക്കുമെന്നാണ് കണക്കു കൂട്ടുന്നതെങ്കിലും എസ്.എസ് ബാറ്ററികള്‍ മുന്നോട്ട് വെക്കുന്ന സാധ്യതകൾ ഇ.വി വിപ്ലവത്തിന്റെ ആക്കം കൂട്ടും എന്ന് കരുതപ്പെടുന്നു. നിലവിലുള്ള ബാറ്ററികളില്‍ നിന്ന് വ്യത്യസ്തമായി സോളിഡ് ഇലക്ട്രോലൈറ്റുകള്‍ ഉപയോഗിക്കുന്നത് വഴി ഉയര്‍ന്ന ഊര്‍ജ്ജ സാന്ദ്രതയുള്ള ഇലക്ട്രോഡുകള്‍ ബാറ്ററികളില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇത് ബാറ്ററികളുടെ ഭാരവും വലിപ്പവും കുറയ്ക്കുന്നതോടൊപ്പം സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യും.

ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗണ്‍ ഗ്രൂപ്പ്‌ യു.എസില്‍ നിന്നുള്ള എസ്എസ്ബി ടെക്നോളജി സ്റ്റാര്‍ട്ട്‌അപ്പ് ആയ ക്വാണ്ടംസ്കേപ്പില്‍ 300 മില്യൺ ഡോളർ ആണ് നിക്ഷേപിച്ചിരിക്കുന്നത്. തങ്ങളുടെ ബാറ്ററി 15 മിനിറ്റിനുള്ളിൽ 80% ചാർജ് ചെയ്യാൻ സാധിക്കും എന്ന് ക്വാണ്ടംസ്കേപ്പ് അവകാശപ്പെടുന്നു.

ഏറ്റവും മികച്ച ലിതിയം-അയൺ ബാറ്ററികൾ 250Wh/Kg എന്ന എനർജി ഡെന്‍സിറ്റി കൈവരിക്കുമ്പോള്‍ എസ്.എസ് ബാറ്ററികള്‍ക്ക് 400Wh/Kg എന്ന ഉയര്‍ന്ന എനർജി ഡെന്‍സിറ്റി കൂടുതല്‍ സുരക്ഷയോടെ കൈവരിക്കാന്‍ സാധിക്കും എന്നത് തന്നെ ആണ് ഇതിന്റെ പിറകിലെ ഹൈപിനും സ്റ്റാര്‍ട്ട്‌അപ്പുകള്‍ മുതൽ ആഗോള ഭീമന്മാർ വരെ ഈ ടെക്‌നോളജിയുടെ ഡെവലപ്പ്മെന്റിന് വേണ്ടി കയ്യും കണക്കുമില്ലാതെ പണം നിക്ഷേപിക്കുന്നതിനും കാരണം. ബിഎംഡബ്ല്യു, ടൊയോട്ട, ജിഎം പോലുള്ള ഭീമന്മാര്‍ സോളിഡ് ഇലക്ട്രോലൈറ്റ് ടെക്നോളജി ഡെവലപ്പേര്‍സുമായി പാർട്ണർഷിപ്പുകളിൽ ഏര്‍പ്പെട്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗണ്‍ ഗ്രൂപ്പ്‌ യു.എസില്‍ നിന്നുള്ള എസ്എസ്ബി ടെക്നോളജി സ്റ്റാര്‍ട്ട്‌അപ്പ് ആയ ക്വാണ്ടംസ്കേപ്പില്‍ 300 മില്യൺ ഡോളർ ആണ് നിക്ഷേപിച്ചിരിക്കുന്നത്. തങ്ങളുടെ ബാറ്ററി 15 മിനിറ്റിനുള്ളിൽ 80% ചാർജ് ചെയ്യാൻ സാധിക്കും എന്ന് ക്വാണ്ടംസ്കേപ്പ് അവകാശപ്പെടുന്നു. ലിതിയം-അയൺ ബാറ്ററികളുടെ നിര്‍മ്മാണത്തിലെ നിലവിലെ സ്റ്റെപ്പുകള്‍ പലതും കുറക്കുന്നത് കൊണ്ട് തന്നെ തങ്ങളുടെ ബാറ്ററികൾ 20% കുറഞ്ഞ വിലയിൽ വിൽക്കാൻ സാധിക്കും എന്നും കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസർ ടിം ഹോം അഭിപ്രായപ്പെടുന്നത്. മറ്റൊരു എസ്എസ്ബി സ്റ്റാര്‍ട്ട്‌അപ്പ് ആയ സോളിഡ് പവര്‍ 2026ൽ കമേര്‍ഷ്യല്‍ പ്രൊഡക്ഷൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഹ്യുണ്ടായി,ബിഎംഡബ്ല്യു, സാംസങ്ങ് അടക്കമുള്ള ഭീമന്മാർ സോളിഡ് പവറിൽ വമ്പൻ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. നെക്സ്റ്റ് ജനറേഷൻ എസ്എസ്ബികൾക്ക് 560Wh/Kg എന്ന എനർജി ഡെന്‍സിറ്റി കൈവരിക്കാന്‍ സാധിക്കും എന്ന് സോളിഡ് പവര്‍ അധികൃതർ പ്രതീക്ഷിക്കുന്നു.

ഏതൊരു ടെക്നോളജിയും ഒരു വിപ്ലവം സൃഷ്ടിക്കുന്നത് അതിന്റെ വളരെ വ്യാപകമായ ഉപയോഗം സാധ്യമാകുമ്പോൾ മാത്രമാണ്. മൊബൈല്‍ ഫോൺ ടെക്നോളജിയില്‍ വന്നിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ്. എസ്എസ്ബി 2030 ല്‍ ഈ രംഗത്തെ അത്ഭുതമായിരിക്കും എന്ന് ചിന്തിക്കുന്നവർ നിരവധി ആണ്. എസ്എസ്ബിയിൽ ലോ കോസ്റ്റ്-മാസ്സ് പ്രൊഡക്ഷൻ സാധ്യമാകുന്നത് മനുഷ്യ രാശിയുടെ ചരിത്രം തന്നെ വഴി തിരിച്ചു വിടുന്ന ഒരു നാഴികകല്ലായിരിക്കും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. ഭാവി തലമുറക്ക് വേണ്ടി ഈ ഭൂമി സംരക്ഷിച്ചു നിർത്തുക എന്ന മഹത്തരമായ ലക്ഷ്യത്തിനു വേണ്ടി ഒരു സാങ്കേതിക വിപ്ലവം അരങ്ങേറാന്‍ പോവുകയാണ്. ആ അത്യപൂർവ പ്രതിഭാസത്തിനു സാക്ഷികൾ ആവാൻ നമ്മുടെ തലമുറക്ക് സാധിച്ചേക്കും എന്ന പ്രതീക്ഷ ആണ് ഈ കാര്യത്തിൽ നടക്കുന്ന എല്ലാ വാര്‍ത്തകളും നൽകുന്നത്.

Leave a comment