TMJ
searchnav-menu
post-thumbnail

Outlook

ഗൗതം നവ് ലഖ വീട്ടുതടങ്കലിലേക്ക്

10 Nov 2022   |   1 min Read
തോമസ് കൊമരിക്കൽ

യുഎപിഎ ചുമത്തി തടവില്‍ കഴിയുന്ന മാധ്യമ-മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗൗതം നവ് ലഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീം കോടതി വ്യാഴാഴ്ച്ച ഉത്തരവിട്ടു. ഭീമാ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നവ് ലഖ എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ പത്രാധിപ സമിതിയില്‍ ഉപദേശകന്‍ ആയിരുന്നു. എഴുപത് വയസ്സുള്ള നവ് ലഖയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഒരു മാസത്തെ വീട്ടുതടങ്കലിന് ശേഷം, ഡിസംബര്‍ രണ്ടാം വാരത്തില്‍ കേസ് വീണ്ടും പരിഗണിക്കും. 2018 മുതല്‍ ജയിലില്‍ കഴിയുകയാണ് നവ് ലഖ.

ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വീട്ടുതടങ്കലിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ നിരസിച്ച ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീല്‍ ഹര്‍ജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. ഗൗതം നവ് ലഖയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കേന്ദ്ര സര്‍ക്കാരിനും എന്‍ഐഎയ്ക്കും വേണ്ടി ഹാജരായി. നവ് ലഖയെ വീട്ട് തടങ്കലിലേക്ക് മാറ്റുന്നതിന് എതിരായുള്ള വാദങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരത്തിയെങ്കിലും കോടതി ചെവിക്കൊണ്ടില്ല. നവ് ലഖയ്ക്ക് എതിരായ യുഎപിഎ കേസ്സില്‍ 2020 ല്‍ കുറ്റപത്രം തയ്യാറായെങ്കിലും ഇതുവരെ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ല. നവ് ലഖ കുറ്റവാളിയല്ലെന്നും കുറ്റാരോപിതന്‍ മാത്രമാണെന്നും കപില്‍ സിബല്‍ വാദിച്ചു.

ഗൗതം നവ് ലഖ

സെപ്റ്റംബറിലാണ് കേസ് കോടതിക്ക് മുന്നില്‍ വരുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ള നവ് ലഖയെ വിശദമായ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാനും, മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനുമായിരുന്നു കോടതിയുടെ പ്രാഥമിക നിര്‍ദ്ദേശം. അതിന് ശേഷം റിപ്പോര്‍ട്ട് പരിശോധിക്കുകയും എന്‍ഐഎയുടെ പ്രതികരണം ആരായുകയും ചെയ്തു. നവ് ലഖയ്ക്ക് മാവോയിസ്റ്റ്, തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിക്കുന്ന എന്‍ഐഎ, വീട്ട്തടങ്കലിനുള്ള ആവശ്യത്തെ ശക്തമായി എതിര്‍ത്തു. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ നവ് ലഖയുടെ ആരോഗ്യ പ്രശ്നങ്ങള്‍ വിശദമായി എഴുതിയിരുന്നു. ഇത് പരിഗണിച്ച കോടതി നവ് ലഖയ്ക്ക് അനുകൂലമായ തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.

നവ് ലഖയുടെ വീട്ടുതടങ്കലിനെ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തപ്പോള്‍, "അദ്ദേഹമൊരു എഴുപത് വയസ്സുകാരനാണ്. ഇനി എത്ര നാള്‍ ജീവിതം ബാക്കിയുണ്ടെന്ന് അറിയില്ല. ഒഴിവാക്കാനാത്ത അന്ത്യത്തിലേക്കുള്ള യാത്രയിലാണ് അയാള്‍. ഞങ്ങള്‍ അദ്ദേഹത്തിന് ജാമ്യം നല്‍കുന്നില്ല. നിങ്ങള്‍ക്ക് ആവശ്യമായി നിയന്ത്രണങ്ങള്‍ വെക്കാം… നിങ്ങള്‍ രേഖകള്‍ പരിശോധിക്കുക… അവര്‍ക്ക് രാജ്യത്തെ നശിപ്പിക്കണമെന്ന ആഗ്രഹമുണ്ടെന്ന് കരുതുന്നില്ല" എന്നാണ് കോടതി പറഞ്ഞത്. കോടതിയുടെ ഈ നിരീക്ഷണത്തിന് ശേഷം സര്‍ക്കാര്‍ അഭിഭാഷകനും കോടതിയും തമ്മില്‍ നടന്ന സംഭാഷണം വലിയ വാര്‍ത്തയായിരുന്നു. നവ് ലഖയും മറ്റും രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് എന്ന് അഭിഭാഷകന്‍ വാദിച്ചപ്പോള്‍, അഴിമതിക്കാരാണ് സത്യത്തില്‍ രാജ്യത്തെ നശിപ്പിക്കുന്നതെന്ന് കോടതി മറുപടി പറഞ്ഞു. തെലങ്കാനയിലെ എംഎല്‍എ മാരെ പണം കൊടുത്ത് വശത്താക്കാനുള്ള ശ്രമം എന്ന് പറയപ്പെടുന്ന വീഡിയോകളും കോടതി ഉദാഹരണമായി ഉദ്ധരിച്ചു. അഴിമതിക്കാരെ അനുകൂലിക്കുന്നില്ല എന്ന് എസ് വി രാജു പ്രതികരിച്ചപ്പോള്‍ അനുകൂലിക്കുന്നില്ലെങ്കിലും അഴിമതിക്കാര്‍ പണച്ചാക്കുകളുമായി സുഖിച്ച് നടക്കുന്നുണ്ട് എന്നാണ് കോടതി മറുപടി പറഞ്ഞത്. അഴിമതിക്കാര്‍ക്കെതിരെ ആരും നടപടിയെടുക്കുന്നില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

48 മണിക്കൂറിനുള്ളില്‍ നവ് ലഖയെ ജയിലിന് പുറത്തേക്ക് മാറ്റണമെന്നാണ് കോടതിയുടെ ഉത്തരവ്. വീട്ട്തടങ്കലിന്റെ ഭാഗമായി ഗൗതം നവ് ലഖയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കേണ്ടി വരും. മുംബൈ നഗരം വിട്ട് പോകാന്‍ അനുവാദമില്ല. പങ്കാളിക്ക് കൂടെ താമസിക്കാനുള്ള അനുവാദം കോടതി നല്‍കിയിട്ടുണ്ട്. വീടിന് സദാ പോലീസ് കാവലുണ്ടാകും.

നവ് ലഖയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഡോക്ടർമാർ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടും എന്‍ഐഎ കണക്കിലെടുക്കാന്‍ കൂട്ടാക്കിയില്ല. നവ് ലഖയെ വന്‍കുടല്‍ പരിശോധയ്ക്ക് അടക്കം വിധേയനാക്കണം എന്ന് റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. എന്നാല്‍ അല്പം ശ്രദ്ധിച്ചാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ആരോഗ്യപ്രശ്‌നത്തെ ലാഘവവല്‍ക്കരിക്കുകയാണ് എന്‍ഐഎ ചെയ്തത്. നവ് ലഖയ്ക്ക് വീട്ടില്‍ നിന്ന് ഭക്ഷണം ഏര്‍പ്പാട് ചെയ്യുന്നതിനും തയ്യാറാണെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍, സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ ഒന്നും നടന്നില്ലെന്നും, അദ്ദേഹം മരിച്ചു പോയെന്നും കപില്‍ സിബല്‍ ഇടപെട്ടു പറഞ്ഞു.

48 മണിക്കൂറിനുള്ളില്‍ നവ് ലഖയെ ജയിലിന് പുറത്തേക്ക് മാറ്റണമെന്നാണ് കോടതിയുടെ ഉത്തരവ്. വീട്ട്തടങ്കലിന്റെ ഭാഗമായി ഗൗതം നവ് ലഖയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കേണ്ടി വരും. മുംബൈ നഗരം വിട്ട് പോകാന്‍ അനുവാദമില്ല. പങ്കാളിക്ക് കൂടെ താമസിക്കാനുള്ള അനുവാദം കോടതി നല്‍കിയിട്ടുണ്ട്. വീടിന് സദാ പോലീസ് കാവലുണ്ടാകും. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കാനും അനുവാദമില്ല. കാവല്‍ നില്‍ക്കുന്ന പോലീസുകാര്‍ നല്‍കുന്ന ഫോണ്‍ മാത്രമേ ഉപയോഗിക്കാനാകൂ. പങ്കാളിയും ഇന്റര്‍നെറ്റ് ലഭിക്കുന്ന ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. രണ്ട് കുടുംബാംഗങ്ങള്‍ക്ക് ആഴ്ചയിലൊരിക്കല്‍ സന്ദര്‍ശിക്കാം. വീട്ടില്‍ സിസിടിവി സംവിധാനവും ഒരുക്കണം. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 2.4 ലക്ഷം രൂപയോളം, നവ് ലഖ തന്നെ മുടക്കണം. എന്നാല്‍ കുറ്റവിമുക്തനാക്കിയാല്‍ ഈ തുക തിരികെ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Leave a comment