TMJ
searchnav-menu
post-thumbnail

Outlook

മഹാരാഷ്ട്രയിലേത് ഹിന്ദുത്വയുടെ ഗിയര്‍ മാറ്റം

01 Jul 2022   |   1 min Read
ശ്രീജിത്ത്‌ ദിവാകരന്‍

ഴുപതുകളില്‍ പശ്ചിമ മഹാരാഷ്ട്രയിലെ സതാര ജില്ലയുടെ അതീവ പിന്നോക്ക പ്രദേശങ്ങളിലൊന്നായ ദാരെ എന്ന ഗ്രാമത്തില്‍ നിന്ന് മറ്റേത് ചെറുപ്പക്കാരേയും പോലെ തൊഴില്‍ തേടി മുംബൈ നഗരത്തോട് ചേര്‍ന്ന താനയില്‍ എത്തിയ ഏകനാഥ് ഷിന്‍ഡേ അവിടെ ജീവിതമുറപ്പിക്കുന്ന കാലത്താകണം മഹാരാഷ്ട്രയിലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിലൊന്നിലൂടെ അന്ന് മുപ്പത്തിയെട്ട് വയസ്സ് മാത്രം പ്രായമുള്ള ശരത് പവാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. അക്കാലത്തും പശ്ചിമമഹാരാഷ്ട്രയിലെ സതാരടക്കമുള്ള പ്രദേശങ്ങള്‍ ശരത്പവാറിന്റെ ശക്തി കേന്ദ്രങ്ങളാണ്. പിന്നോക്ക മറാത്ത വിഭാഗങ്ങള്‍ സ്വാധീന ശക്തിയായുള്ള ഈ പ്രദേശങ്ങള്‍ കോയ്‌ന നദിയുടെ കരയിലാണ്. ഏകനാഥ് ഷിന്‍ഡേയുടെ ദാരെ ഗ്രാമമാകട്ടെ സഹ്യാദ്രി മലനിരകള്‍ക്കും കോയ്‌ന നദിക്കും ഇടയിലും. സമീപത്തെ ഏറ്റവും വലിയ പട്ടണമായ മഹബലേശ്വരത്തേയ്ക്ക് എഴുപതോളം കിലോമീറ്ററുണ്ട്. ഇന്നും സ്‌ക്കൂളും ആശുപത്രിയും ദാരെയിലില്ല. നദികടന്ന് ഇരുപത് കിലോമീറ്ററെങ്കിലും പോകണം അതിന്. എങ്കിലും കോയ്‌നയുടെ കരയിലിന്ന് രണ്ട് ഹെലിപാഡുകളുണ്ട്. ജോലി തേടി പോയി താനെയില്‍ ഓട്ടോറിക്ഷയോടിച്ചിരുന്ന ഏകനാഥ് ഷിന്‍ഡേ എന്ന ആ ഗ്രാമവാസി മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായി ഉയര്‍ന്ന ശേഷം സ്വന്തം വീടും വാര്‍ഷിക ഗ്രാമോത്സവവും കാണാനെത്താറുള്ളത് ഹെലികോപ്റ്ററിലാണ്.

ശിവസേനയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്ന താനെയുടെ അക്കാലത്തെ അനൗദ്യോഗിക ഭരണാധികാരി ബാല്‍ താക്കറെയുടെ വിശ്വസ്തന്‍ ആനന്ദ് ഡിഘേ ആയിരുന്നു. 2001ല്‍ വെറും 49 വയസുള്ളപ്പോള്‍ ഒരു വാഹനാപകടത്തിനെ തുടര്‍ന്നുള്ള ഹൃദയാഘാതത്തില്‍ മരിച്ച ഡിഘേയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു മറാത്തി സിനിമ ഇക്കഴിഞ്ഞ മേയ് മാസത്തില്‍ റിലീസ് ചെയ്തിരുന്നു- 'ധര്‍മ്മവീര്‍'. ദേശീയ പുരസ്‌കാരം നേടിയ കച്ചാ ലിമ്പു എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ പ്രസാദ് ഒകെയാണ് ചിത്രത്തില്‍ ഡിഘേയുടെ റോള്‍ ചെയ്തത്. സീ സ്റ്റുഡിയോയുടെ ബാനറിലെത്തിയ സിനിമ മുപ്പത് കോടിയിലധികം ബോക്‌സോഫീസ് കളക്ഷന്‍ നേടിയെന്നാണ് കണക്ക്. ഏകനാഥ് ഷിന്‍ഡേയാണ് ഈ ചിത്രത്തിന് വേണ്ടി പണം മുടക്കിയത് എന്നും പറയപ്പെടുന്നുണ്ട്. ഏതായാലും സിനിമ സീ ഫൈവില്‍ സട്രീം ചെയ്യാന്‍ ആരംഭിച്ച സമയത്തുതന്നെയാണ് ഏകനാഥ് ഷിന്‍ഡേ ശിവസേന എന്ന പ്രസ്ഥാനത്തിന്റെ അടിവേര് വെട്ടാനുള്ള ബി.ജെ.പി ശ്രമത്തിന്റെ കോടാലിയായി അവതരിക്കുന്നത്. ബി.ജെ.പിക്ക് വേണ്ടി ഈ ചരടുകളെല്ലാം വലിച്ച ദേവേന്ദ്ര ഫട്‌നാവിസ് എന്ന നാഗ്പൂര്‍ ബ്രാഹ്മണനെ ഉപമുഖ്യമന്ത്രിയാക്കി ഏക്‌നാഥ് ഷിന്‍ഡേ എന്ന മറാത്തിയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ സംഘപരിവാര്‍ ലക്ഷ്യമിടുന്നത് ശിവസേന എന്ന പ്രസ്ഥാനം തന്നെ ഇല്ലാതാക്കുകയാണ്

 

ബാല്‍ താക്കറെയും ആനന്ദ് ഡിഘെയും | Photo: wiki commons

ആരായിരുന്നു ഈ ആനന്ദ് ഡിഘേ?

ശിവസേന എന്ന ഹൈന്ദവ-മറാത്ത തീവ്രവാദ സംഘടനയെ വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്ത പ്രമുഖരില്‍ ഒരാളായിരുന്നു ഡിഘേ. എണ്‍പതുകളിലും തൊണ്ണൂറുകളിലും അയാളില്ലാതെ ബോംബേയും താനെയും ഉണ്ടായിരുന്നില്ല. താക്കറെ പോലെ തന്നെ സി.കെ.പി (ചാന്ദ്രസേനിയ കായസ്ഥ പ്രഭു) ജാതിയില്‍ പെടുന്നയാള്‍. താക്കറേയെ അനുകരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു പദവിയും വഹിച്ചില്ല. എന്നിട്ടും പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണാധികാരികളും വ്യവസായികളും എതിര്‍പാര്‍ട്ടിക്കാരും അദ്ദേഹത്തിന്റെ ഗൃഹസേവമഞ്ചിലെത്തി. താക്കറെയൊഴികെയാരെയും ഡിഘേ ബഹുമാനിച്ചില്ല. മുംബൈ ഭരിക്കാന്‍ താക്കറെയ്ക്ക് വഴിയൊരുക്കിയത്, ഡിഘേയായിരുന്നു. കിഴക്കന്‍ ബാന്ദ്രയിലെ മാതോശ്രീ എന്ന ബംഗ്ലാവില്‍ ബാല്‍ താക്കറെ കുടുംബപ്രശ്‌നങ്ങള്‍ മുതല്‍ വ്യവസായ തര്‍ക്കങ്ങള്‍ വരെ പരിഹരിച്ചിരുന്നത് പോലെ തന്നെ ആനന്ദ ഡിഘേയുടെ ദര്‍ബാറുകള്‍ കുട്ടികളുടെ സ്‌ക്കൂള്‍ പ്രവേശനം മുതല്‍ കുടുംബങ്ങളുടെ ചികിത്സാ പ്രശ്‌നങ്ങള്‍ വരെ പരിഹരിച്ചു. ആ പ്രദേശങ്ങളിലെ നിയമം ഡിഘേ തീരുമാനിച്ചു.

കല്യാണിലെ ഹാജി മലാങ് ദര്‍ഗ മുസ്ലീങ്ങളുടേതല്ല നാഥ് പന്തി വിഭാഗം സ്വാമിമാരുടേതാണ് എന്നവകാശപ്പെട്ട് കലാപം സൃഷ്ടിച്ചാണ് ആനന്ദ് ഡിഘേയും ശിവസൈനികരും എണ്‍പതുകളുടെ ആദ്യം ഈ മേഖലയില്‍ ശ്രദ്ധനേടുന്നത്. അതുപോലെ ഒട്ടേറെ അവകാശവാദങ്ങളിലൂടെ ഹിന്ദുത്വയുടെ പ്രചാരകനായി മാറിക്കൊണ്ട് ധര്‍മ്മവീര്‍ എന്ന വിളിപ്പേരും ഡിഘേ നേടിയെടുത്തു. ഗണപതി പൂജയും നവരാത്രി പൂജയും ഹൈന്ദവരുടെ അഭിമാന ആഘോഷങ്ങള്‍ മാത്രമല്ല, ഹൈന്ദവ ഇതരരുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന ആക്രോശവുമാക്കി ഡിഘേയും കൂട്ടരും മാറ്റി. 1989ല്‍ താനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത ശിവസേന അംഗം ശ്രീധര്‍ ഖോപ്കര്‍ കൊല്ലപ്പെട്ട കേസില്‍ ടാഡ ചുമത്തപ്പെട്ട് ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞത് ആനന്ദ് ഡിഘേയുടെ തൊപ്പിയില്‍ പുതിയ തൂവല്‍ മാത്രമായിരുന്നു. ബി.ജെ.പിയുമായി താനെ മേഖലയില്‍ സഖ്യമുണ്ടാക്കുന്നതും സീറ്റുകള്‍ സംബന്ധിച്ച ധാരണകളുണ്ടാക്കുന്നതും ഡിഘേ തന്നെയായിരുന്നു. താനെയില്‍ നിന്ന് കല്യാണ്‍, ദോംബിവാലി, അംബര്‍നാഥ്, നവി മുംബൈ, വാഷി, ഭീവണ്ടി, ഭയന്തര്‍, വിരാര്‍, മിരാനഗര്‍, നായ്ഗാവ് എന്നിങ്ങനെ വിവിധ മുന്‍സിപ്പാലിറ്റികളിലേയ്ക്ക് ഡിഘേയുടെ സ്വാധീനം വളര്‍ന്നു. ഇതേ കാലത്താണ് ഏകനാഥ് ഷിന്‍ഡേയെ തന്റെ വിശ്വസ്തനായി ആനന്ദ് ഡിഘേ തീരുമാനിക്കുന്നത്. ആദ്യം താനെ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ഒരംഗം. പിന്നീട് താനെ മുന്‍സിപ്പാലിറ്റിയിലെ ശിവസേനയുടെ നേതാവ്. ഇത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടുത്ത ഘട്ടമാണ്. ആര്‍.എസ്.എസ് ഉണ്ടായ അതേ മഹാരാഷ്ട്രയില്‍ നൂറ് വര്‍ഷത്തിന് ശേഷം ഏകഹൈന്ദവ പാര്‍ട്ടി എന്ന മറ്റൊരു ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. കൂടുതല്‍ അപകടകരമായ ഒന്നിലേയ്ക്ക്.

 

ഏക്നാഥ് ഷിന്‍ഡേ | photo: wiki commons

1992 ല്‍ ബാബ്‌രിമസ്ജിദ് തകര്‍ത്തതിന് ശേഷം മുംബൈയില്‍ നടന്ന മുസ്ലീം കൂട്ടക്കൊലയില്‍ ശിവസേന നിര്‍ണായക പങ്കുവഹിച്ചിരുന്നു. അതിനും ശേഷം 1995 ല്‍ ശിവസേന മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്നു. അതോടെ ശിവസേനയിലെ രണ്ടാമന്‍ എന്ന പദവി ആനന്ദ് ഡിഘേയ്ക്ക് നഷ്ടമായി. സേന-ബി.ജെ.പി സഖ്യത്തിന്റെ മുഖ്യമന്ത്രിയായ മനോഹര്‍ ജോഷിയായി സേനയില്‍ താക്കറേയുടെ രണ്ടാമന്‍. പുതിയ മുഖ്യമന്ത്രി താനെ കമ്മീഷണര്‍ ആയി നിയമിച്ച ടി.ചന്ദ്രശേഖര്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ റോഡിന് വീതി കൂട്ടുക, വികസനം കൊണ്ടുവരിക തുടങ്ങിയ പദ്ധതികളുമായി അനധികൃത കെട്ടിടങ്ങളെന്ന പേരില്‍ ആയിരക്കണക്കിന് മനുഷ്യരുടെ കുടിലുകള്‍ ഇടിച്ച് നിരത്തി. ഇതിനെ ഡിഘേ എതിര്‍ത്തുവെങ്കിലും താക്കറെ മുഖ്യമന്ത്രി ജോഷിയുടെ വിശ്വസ്തന് പിന്തുണ നല്‍കി. ഡിഘേയുടെ പ്രതിഷേധങ്ങള്‍ വിലപ്പോയില്ല എന്ന് മാത്രമല്ല, 1997 ലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഡിഘേയുടെ താത്പര്യങ്ങള്‍ക്ക് സേന വലിയ വില കല്‍പ്പിച്ചില്ല. അപ്പോഴേയ്ക്കും മകനേയും മരുമകനേയും പാര്‍ട്ടിയുടെ അടുത്ത നേതാക്കളായി ഉയര്‍ത്താന്‍ പദ്ധതിയിട്ടിരുന്ന താക്കറേ തന്റെ ജാതിക്കാരനും തന്റെ പോലെ തന്നെ ജനപിന്തുണയുമുള്ള മറ്റൊരാള്‍ പാര്‍ട്ടിയില്‍ സമാന്തര ശക്തിയായി വേണ്ട എന്ന് നിശ്ചയിച്ചിരുന്നു. 49 വയസില്‍ ഒരു ഹൃദയാഘാതത്തില്‍ ഡിഘേ അവസാനിച്ചു.

പക്ഷേ അപ്പോഴേയ്ക്കും ഏകനാഥ് ഷിന്‍ഡേ താനെയില്‍ തന്റെ വേരുകള്‍ ഉറപ്പിച്ചിരുന്നു. 2004 മുതല്‍ തുടര്‍ച്ചയായി എം.എല്‍.എയായിരുന്ന ഷിന്‍ഡേ ഇടക്കാലത്ത് താക്കറെ കുടുംബത്തിലുണ്ടായ പിണക്കകാലത്ത് ഉദ്ദവിനൊപ്പം നിലയുറപ്പിച്ചു. ആനന്ദ് ഡിഘേയെ തകര്‍ക്കുന്നതില്‍ അക്കാലത്ത് ബാല്‍താക്കറേയുടെ വലം കൈയ്യായിരുന്ന രാജ് താക്കറേയ്ക്ക് പങ്കുണ്ടായിരുന്നിരിക്കണം. ചുരുങ്ങിയ പക്ഷം ടി.ചന്ദ്രശേഖറിന്റെ വികസന മാതൃകയുടെ ആരാധകനായിരുന്നു രാജ് താക്കറെ. പുതിയ ഉദ്ദവ് സര്‍ക്കാരിന് കീഴില്‍ നഗരവികസന മന്ത്രിയെന്ന പദവിയാണ് ഏകനാഥ് ഷിന്‍ഡേയ്ക്ക് ഉണ്ടായിരുന്നതെങ്കിലും പാര്‍ട്ടിയില്‍ അപ്രഖ്യാപിത രണ്ടാമനായിരുന്നു അദ്ദേഹം. ആ സ്ഥാനത്തേയ്ക്ക് ആദിത്യതാക്കറെ കടന്ന് വന്നത് തീര്‍ച്ചയായും ആനന്ദ് ഡിഘേയ്ക്കുണ്ടായ അനുഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാകണം. പരിസ്ഥിതി മന്ത്രിയും ശിവസേനയുടെ യുവജന വിഭാഗം അധ്യക്ഷനുമെന്ന നിലയില്‍ ആദിത്യതാക്കറെ ആദ്യം ശ്രമിച്ച കാര്യങ്ങളിലൊന്ന് ഏകനാഥ് ഷിന്‍ഡേയുടെ അധികാരങ്ങളുടെ ചിറകരിയാനായിരുന്നു. നഗര വികസന മന്ത്രിയുടെ തീരുമാനങ്ങളെ മറികടന്നും മുംബൈ മെട്രോപോളിറ്റന്‍ റീജ്യണ്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ അധ്യക്ഷനെന്ന പദവിയെ ലംഘിച്ചും ആദിത്യ താക്കറെ തീരുമാനങ്ങളെടുത്തു. പക്ഷേ മറ്റൊരു ആനന്ദ് ഡിഘേ ആകേണ്ടതില്ല എന്ന് അപ്പോഴേയ്ക്കും ഏകനാഥ് ഷിന്‍ഡേ തീരുമാനിച്ചിരുന്നു.

ഏകനാഥ് ഷിന്‍ഡേയ്ക്ക് ആ തീരുമാനമെടുക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ ആദര്‍ശ പുരുഷനായിരുന്ന ആനന്ദ് ഡിഘേയുടെ അതേ ഹിന്ദുത്വ മാതൃകയുള്ള ബി.ജെ.പി അപ്പുറം അവസരം നോക്കി നില്‍ക്കുന്നുണ്ടായിരുന്നത് കൊണ്ടാണ്. 2014 മുതല്‍ വിവിധ സംസ്ഥാനങ്ങളിലെ ജനവിധികളെ അട്ടിമറിച്ച്, പണവും സ്വാധീനവും ഭീഷണിയും എല്ലാം നല്‍കി തലങ്ങും വിലങ്ങും എം.എല്‍.എമാരെ ചാടിച്ച് അമിത്ഷാ നടത്തിയിരുന്ന ജനാധിപത്യ വിരുദ്ധ പദ്ധതികള്‍ക്ക് ആദ്യമായി തിരിച്ചടി ലഭിച്ചത് കഴിഞ്ഞ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലാണ്. ഇതേ തന്ത്രം തിരികെ പയറ്റിയ ശരത് പവാര്‍ എന്ന കുതന്ത്രജ്ഞന്‍ താക്കറെ കുടുംബത്തില്‍ നിന്നൊരാളെ ആദ്യമായി അധികാര സ്ഥാനത്തേയ്ക്ക് ക്ഷണിച്ച് ഇന്ത്യയിലെ ഏറ്റവും സ്വഭാവിക സഖ്യകക്ഷികളായ രണ്ട് ഹിന്ദുത്വ പാര്‍ട്ടികളെ തമ്മിലടിപ്പിച്ചു. താത്കാലികമായാണെങ്കിലും ബി.ജെ.പിക്ക് ഇക്കാലത്തിനിടയില്‍ ലഭിച്ച ഏറ്റവും വലിയ അടിയായി അത് മാറി.

പക്ഷേ തങ്ങളുടെ ഏറ്റവും എളുപ്പമുള്ള ആയുധം കൊണ്ട് തന്നെയാണ് ബി.ജെ.പി തിരിച്ചടിച്ചത്. ശിവസേന എം.പി സഞ്ജയ് റാവത്തിനേയും 17-20 എം.എല്‍.എമാരേയും വിവിധ ഇഡി, സി.ബി.ഐ, ഇന്‍കം ടാക്സ് കേസുകളില്‍ ബി.ജെ.പി പെടുത്തി. നിരന്തരമായ ചോദ്യം ചെയ്യലുകള്‍, നിരന്തരമായ അപമാനം.. അവസാനം കഴിഞ്ഞ ജൂണ്‍ പത്തിന് ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയച്ചു- ബി.ജെ.പിയുമായി സഖ്യം പുനഃസ്ഥാപിക്കാനുള്ള സമയം വൈകിയിട്ടില്ല, ദയവായി അത് ചെയ്യണം എന്നാവശ്യപ്പെട്ട്. ബാല്‍ താക്കറെ സൃഷ്ടിച്ചിട്ടുള്ള ഒരു പ്രഭാവലയത്തിനുള്ളില്‍ ജീവിച്ച, സ്വാഭാവിക രാഷ്ട്രീയക്കാരന്‍ പോലുമല്ലാത്ത ഉദ്ദവ് താക്കറെയ്ക്ക് പക്ഷേ അത് മനസിലായില്ല. ആ അവസരമാകട്ടെ ഏക്‌നാഥ് ഷിന്‍ഡേ കൃത്യമായി ഉപയോഗിച്ചു.

ബി.ജെ.പിക്ക് വേണ്ടി ഈ ചരടുകളെല്ലാം വലിച്ച ദേവേന്ദ്ര ഫട്‌നാവിസ് എന്ന നാഗ്പൂര്‍ ബ്രാഹ്മണനെ ഉപമുഖ്യമന്ത്രിയാക്കി ഏക്‌നാഥ് ഷിന്‍ഡേ എന്ന മറാത്തിയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ സംഘപരിവാര്‍ ലക്ഷ്യമിടുന്നത് ശിവസേന എന്ന പ്രസ്ഥാനം തന്നെ ഇല്ലാതാക്കുകയാണ്. അഥവാ ബാല്‍ താക്കറെ എന്ന പ്രതാപശാലിയായ അതിഹൈന്ദവന്റെ പേരില്‍ സമാന്തര ഹിന്ദുത്വ പ്രസ്ഥാനം ഇവിടെ വേണ്ട. ഹിന്ദുത്വയുടെ പേരില്‍ ബി.ജെ.പിക്കെതിരെ തന്നെ മറ്റൊരു പാര്‍ട്ടി ഭാവിയില്‍ രംഗത്തിറങ്ങരുത്. ഔദ്യോഗിക ശിവസേന ഇതോടെ ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്നതാകും. സഭയില്‍ വിശ്വാസ വോട്ട് തേടുന്ന ഘട്ടമെത്തുമ്പോഴേയ്ക്കും ഉദ്ദവിനും സംഘത്തിനുമൊപ്പം അധികം ശിവസൈനികര്‍ ഉണ്ടാകില്ല. അതോടൊപ്പം ബൃഹദ് മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനും അതിന്റെ സമ്പത്തും ബി.ജെ.പി പാളയത്തില്‍ തന്നെയെത്തും. ഇത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടുത്ത ഘട്ടമാണ്. ആര്‍.എസ്.എസ് ഉണ്ടായ അതേ മഹാരാഷ്ട്രയില്‍ നൂറ് വര്‍ഷത്തിന് ശേഷം ഏകഹൈന്ദവ പാര്‍ട്ടി എന്ന മറ്റൊരു ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. കൂടുതല്‍ അപകടകരമായ ഒന്നിലേയ്ക്ക്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a comment