ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോമിലാവുമ്പോൾ
PHOTO : BROOKINGS
കാലങ്ങളായി നിലനിൽക്കുന്ന ആണധികാര പൊതുബോധത്തിന്റെ ഭാഷ നിത്യജീവിതവുമായി ബന്ധപ്പെട്ട നിരവധി ജീവിതവൃത്തികളിലൂടെയാണ് സമൂഹത്തിൽ ചിരപ്രതിഷ്ഠ നേടുന്നത്. സ്വാഭാവികമെന്നു കരുതുന്ന പലതും വളരെ കൃത്യമായ ആണധികാര നിർമിതികൾ ആണെന്ന തിരിച്ചറിവുകൾ ജ്ഞാനബോധത്തിന്റെ തലത്തിൽ വ്യക്തമാണെങ്കിലും പൊതുബോധത്തിൽ ഇപ്പോഴും വേണ്ടത്ര പ്രചാരം നേടിയിട്ടില്ല. കേരളത്തിലെ സ്കൂൾ യൂണിഫോമുകൾ ആൺ-പെൺ ഭേദമില്ലാത്ത നിലയിൽ പരിഷ്കരിക്കുന്നതിന് എതിരെ ഉയരുന്ന വാദങ്ങൾ ആണധികാര പൊതുബോധ നിർമ്മിതി നേരിടുന്ന അങ്കലാപ്പുകളുടെ ഉദാഹരണമാണ്.
സമത്വസുന്ദരമായ ലോകം വിഭാവന ചെയ്യുന്ന ആശയങ്ങളോട് മറുതലച്ചു നിൽക്കുക എന്നത് അഭിപ്രായസ്വാതന്ത്ര്യമായും ആശയാവിഷ്കാരമായും കാണുന്നതിനെ എങ്ങനെയാണ് മനസ്സിലാക്കാനാവുക. ആണെന്നും പെണ്ണെന്നും മറ്റുള്ളവർ എന്നുമുള്ള കള്ളികൾ അത്ര എളുപ്പം ഉണ്ടായതല്ല. അതിനു വേണ്ടി പ്രയത്നിക്കുന്നവരെ വിപരീത ബുദ്ധിയോടെ കാണാൻ ചില കണ്ണുകൾക്കെങ്കിലും കഴിയും എന്നതാണ് വാസ്തവം.
ചോയ്സും ഇക്വാലിറ്റിയും ജെൻഡറും സ്വാതന്ത്ര്യവും സംസാരിക്കപ്പേടേണ്ടവയാണെന്ന യാഥാർഥ്യത്തോടെ വേണം വിദ്യാർത്ഥികൾ അവരുടെ കർമ്മ മണ്ഡലത്തെ രൂപപ്പെടുത്തിയെടുക്കാൻ. ഇക്വാലിറ്റിയും ന്യൂട്രാലിറ്റിയും വൈവിധ്യങ്ങളിലേക്കു നയിക്കുന്ന വഴികളാണ്. ബാലുശ്ശേരിയിൽ നടപ്പിലാക്കിയ പുതിയ യൂണിഫോം ജെൻഡർ ഐഡന്‍റിഫിക്കേഷന്റെ പരിധികളെ അതിലംഘിക്കുന്നുവെന്നത് അഭിനന്ദനാർഹമാണ്. പെൺകുട്ടികളുടെ വസ്ത്ര സ്വാതന്ത്ര്യമെന്നോ ആൺകുട്ടികളുടെ പൊതുധാരണയെന്നൊക്കെയുള്ള വലയത്തിനുള്ളിൽനിന്നും പുറത്തുവന്ന് തുറന്ന മനസ്സോടെ വിവേചന ബുദ്ധിയോടെ കാര്യങ്ങൾ ഗ്രഹിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പാവാടയും ഷർട്ടും ചുരിദാറും ഷോളും ഇരുവശങ്ങളിലായി പിന്നിയ റിബണിട്ട മുടിയും വിദ്യാലയങ്ങളിൽ സാധാരണയായി അടയാളപ്പെടുത്തിയിട്ടുള്ള പെൺകുട്ടികളുടെ ഡ്രസ്സ് കോഡുകളാണ്. വിലക്കുകളുടെ നിർദ്ദേശങ്ങളിൽ നിന്നുമാണ് പെൺകുട്ടികളുടെ യൂണിഫോം തയ്ച്ചിറങ്ങുന്നത്. ആൺകുട്ടികൾക്ക് അത്രയധികം മാർജിനുകൾ ഇല്ലതാനും.
സ്വാതന്ത്ര്യവും സൗകര്യവും പ്രദാനം ചെയ്യുന്ന ഇത്തരം തുറന്ന സമീപനം ശ്ലാഘനീയമാണ്. അവരവരുടെ സൗകര്യത്തിൽ തുടങ്ങി ന്യൂട്രാലിറ്റിയിലും, തുല്യതയിലൂടെ വളർന്നതും നിലനിന്നും വൈവിധ്യങ്ങളിൽ എത്തുന്ന ആശയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയാണ്. തിരഞ്ഞെടുക്കാൻ കഴിയുകയെന്നത് വ്യക്തിസ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമാണ്. രക്ഷിതാക്കളും കുട്ടികളും ഇത്തരത്തിൽ മാറി ചിന്തിക്കുമ്പോൾ തുല്യതയിലേക്ക് ചിന്തകളെയെങ്കിലും മാറ്റാൻ കഴിയുമെന്നത് നിസ്സംശയം പറയാൻ കഴിയും. ആണായും പെണ്ണായും മറ്റുള്ളവരായും അറിയപ്പെടുന്നതിനേക്കാൾ മനോഹരം വ്യക്തികളായി അറിയപ്പെടുന്നതാണ്.
സാമൂഹ്യപരിഷ്കർത്താക്കളും നവോത്ഥാന ചിന്തകരും അവരവരുടെ കാലങ്ങളിൽ നിലനിന്നിരുന്ന പൊതുബോധത്തിന് വിപരീതമായി ചിന്തിച്ചതു കൊണ്ടാണ് ഇത്രയധികം വൈവിധ്യാത്മക ചിന്തകളിലേക്ക് കാലെടുത്തുവെക്കാൻ ഇപ്പോഴും കഴിയുന്നത്. ഇഷ്‌ടമുള്ളത് തിരഞ്ഞെടുക്കാനും തിരസ്കരിക്കാനും അവകാശമുള്ളിടത്താണ് അധികാരവികേന്ദ്രീകരണം അര്‍ത്ഥവത്താകുന്നത്. ചിന്തിക്കുകയും ആശയങ്ങളെ വളർത്തിയെടുക്കുകയും ചെയ്യുന്നതുവഴി സമത്വത്തിന്റെ സന്ദേശം സാധ്യമാക്കുകയാണ് ചെയ്യുന്നത്.
സ്ത്രീസ്വാതന്ത്രത്തെപ്പറ്റി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ചിലരെങ്കിലും അധിനിവേശത്തിന്റെ മനോഭാവം സൂക്ഷിക്കുന്നവരാണ്. വേണമെന്ന് തോന്നുന്നത് സന്തോഷത്തോടെ സ്വീകരിക്കുകയും അല്ലാത്തവയെ തിരസ്കരിക്കുകയും ചെയ്യാൻ കഴിയണം. സമൂഹത്തിന്റെ പോക്ക് ശരിയല്ലായെന്നും എല്ലാം നശിക്കാറായെന്നും പറയുന്ന ഭൂരിഭാഗം ആളുകളും മാറ്റത്തിന്റെ നാള്‍വഴികൾ തിരിച്ചറിയാത്തവരാണ്. സ്വതന്ത്രമായ ജീവിതത്തിന് തുല്യത ആവശ്യവുമാണന്ന ബോധ്യത്തിന്റെ അടിത്തറയിൽ നിന്നാണ് ജെൻഡർ ന്യൂട്രാലിറ്റി പോലുള്ള ആശയങ്ങൾ ഉടലെടുക്കുന്നത്. അത് അംഗീകരിക്കാൻ പലരും മടിക്കുന്നതുകൊണ്ടാണ് അതൊരു ചർച്ചാവിഷയമായി മാറുന്നതല്ലാതെ നടപ്പിൽവരുത്താൻ കഴിയാതെ പോകുന്നത്.
ജെന്‍ഡര്‍ ഐഡന്റിഫിക്കേഷൻ എന്ന ചിന്തയിലൂന്നിയല്ല മറിച്ച് വ്യക്തികളെ അവരുടെ കഴിവിനും പ്രാഗത്ഭ്യത്തിനും പെരുമാറ്റത്തിനും അനുസരിച്ച് വിലയിരുത്തപ്പെടുകയെന്നതാണ് ജെന്‍ഡര്‍ ഐഡന്റിറ്റിയേക്കാള്‍ സ്വാഗതാര്‍ഹമായി തോന്നുന്നത്. പുരുഷാധിപത്യമെന്നോ കുലസ്ത്രീ പരിവേഷമെന്നോ ഒക്കെയുള്ള അനാവശ്യ ടാഗ് ലൈനുകള്‍ ഒഴിവാക്കാനും കഴിയും. ആശയങ്ങളെ പരിപോഷിപ്പിക്കാനും ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനും വ്യക്തിസ്വാതന്ത്ര്യത്തിലധിഷ്ഠിതമായി ജീവിക്കാനും കഴിയുകയെന്നത് പൊതുസമൂഹത്തിന്റെ ഭാഗമായുള്ള മുന്നോട്ട്പോക്കിന് അത്യന്താപേക്ഷിതമായ ഒന്നാണ്.
നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ജീവിതസംസ്കാരങ്ങളെ കാലബന്ധിതമായി പുനപരിശോധിക്കേണ്ടതാണെന്ന് ഓര്‍മ്മിപ്പിക്കുകയല്ല, പകരം എല്ലാവിധ പുതുക്കല്‍ സാധ്യതകളും ഇവിടെ നിര്‍ദാക്ഷിണ്യം നിരാകരിക്കപ്പെടുകയാണ്. പഴമയുടെ അവശേഷിപ്പുകളെ കൗതുകത്തോടെയും ബഹുമാനത്തോടെയും കാണുന്നു എന്നത് ചരിത്രത്തെ കൃത്യമായും വീക്ഷിച്ചിരുന്നു എന്നതിനെയും, ചാക്രികമായ മാറ്റങ്ങളെ എത്രമാത്രം സൂക്ഷ്മമായി സ്വയം സ്വാംശീകരിക്കുന്നു എന്നതിനെയും ആശ്രയിച്ചാണ്. നിര്‍ബന്ധിതമാക്കപ്പെട്ടതും മാനുഷികമല്ലാത്തതുമായ അവസ്ഥകളില്‍ നിന്നും മുന്നോട്ട് കുതിച്ചതിന്റെ ഫലമാണ് ഏറെ വൈകിയെങ്കിലും ഇന്നുണ്ടായിരിക്കുന്ന ജെൻഡർ ഇക്വാലിറ്റി ചര്‍ച്ചകള്‍.
അധികാരത്തിന്റെയും ആധിപത്യ മനോഭാവത്തിന്റെയും പ്രതിഫലനമാണ് ഇപ്പൊഴും തുല്യതയെ അംഗീകരിക്കാത്ത തടസ്സവാദങ്ങള്‍. സ്വതന്ത്ര ജീവിതാവകാശമുള്ള സാമൂഹികതയില്‍ ആണും പെണ്ണും എല്ലാകാലത്തും വ്യത്യസ്തമായ ജെന്‍ഡര്‍ ഐഡിയോളജിയുടെ വലയത്തിലാകണമെന്ന് ചിലർക്കെങ്കിലും നിർബന്ധം ഉണ്ട്. നമ്മുടെ ജീവിതം നമ്മുടേതാണ്. അതിനാല്‍ തന്നെ സാമൂഹിക നീതിയോടൊപ്പം സഞ്ചരിക്കുമ്പോഴും അവനവന്‍ തന്നെ അധികാരിയാകുന്ന വ്യക്തിസ്വാതന്ത്ര്യം കൂടി സാധ്യമാകേണ്ടതുണ്ട്. ഓരോ വ്യക്തിയും വളരേണ്ടത് അവനവന്റെ ഇഷ്ടങ്ങളെ ചേര്‍ത്ത് പിടിച്ചും ഇഷ്ടക്കേടുകളെ നിരാകരിച്ചുകൊണ്ടും തന്നെയാണ്.