TMJ
searchnav-menu
post-thumbnail

Outlook

ഗവർണർ ‘ഗ്ലോറിഫൈഡ് സൈഫർ’ ആവരുത്

20 Sep 2022   |   1 min Read
K P Sethunath

കേന്ദ്ര-സംസ്ഥാന ബന്ധവും, ഗവർണറുടെ ഭരണഘടനാപരമായ ദൗത്യങ്ങളും ചർച്ച ചെയ്യുമ്പോൾ ആദ്യം കടന്നുവരുന്ന പേരാണ് കേരളം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിരിച്ചുവിടുന്നതിന് സംസ്ഥാനത്തിന്റെ ഗവർണറായിരുന്ന ബർഗല രാമകൃഷ്ണ റാവു 1959-ൽ കൈക്കൊണ്ട തീരുമാനമാണ് അതിന് കാരണം. ഭരണഘടനയുടെ 356-ാം വകുപ്പ് അനുസരിച്ചായിരുന്നു റാവുവിന്റെ നടപടി. സംഭവം നടന്നിട്ട് ഏതാണ്ട് 63 വർഷം കഴിഞ്ഞെങ്കിലും റാവു സ്വീകരിച്ച നടപടിയുടെ ഭരണഘടനപരമായ ശരികേടുകൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. അതിനെ പറ്റി പലതരം അഭിപ്രായങ്ങൾ നിലനിൽക്കുന്നു. എന്നാൽ, 356-ാം വകുപ്പിനെ ഏറ്റവുമധികം ദുരുപയോഗം ചെയ്യുന്ന ഒന്നാക്കി മാറ്റുന്നതിന് റാവുവിന്റെ തീരുമാനം കാരണമായെന്ന കാര്യത്തിൽ ഏകസ്വരമാണുള്ളത്.

രാജ്യത്താകമാനം ഗവർണർ പദവിയിലിരിക്കുന്നവരിൽ ഭൂരിഭാഗവും റാവുവിന്റെ പാരമ്പര്യം പേറുന്നവരാണെന്ന് പറയാം. ഗവർണറുടെ അധികാരങ്ങൾക്ക് പരിധിയുള്ളതാണെന്ന പ്രശസ്തരായ നിയമ പണ്ഡിതരുടെ വാക്കുകളൊന്നും അവരെ ബാധിക്കുന്നില്ല. കേരളത്തിന്റെ ഗവർണറായ ആരിഫ് മുഹമ്മദ് ഖാൻ അതിന്റെ ഉത്തമ ഉദാഹരണമാണ്. സംസ്ഥാന സർക്കാരിനെ 'പഠിപ്പിച്ചും ശിക്ഷിച്ചും' മുന്നേറുന്നതാണ് ഗവർണറുടെ ദൗത്യമെന്ന് അദ്ദേഹം ആത്മാർത്ഥമായും വിശ്വസിക്കുന്നുവെന്നാണ് ഇത് വരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നൽകുന്ന സൂചന.

2019 സെപ്തംബറിൽ അധികാരമേറ്റെടുത്തശേഷം സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്താനുള്ള ഒരവസരവും ഖാൻ പാഴാക്കിയിട്ടില്ല. പലപ്പോഴും സംസ്ഥാന ഭരണത്തിന്റെ തലവനെന്ന നിലയിൽ പാലിക്കേണ്ടതായ ഭരണഘടനാപരമായ മര്യാദകൾ അദ്ദേഹം അവഗണിച്ചു. 2019 ഡിസംബറിൽ പാർലമെന്റ് പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയായിരുന്നു സംസ്ഥാന സർക്കാരുമായുള്ള ഗവർണ്ണറുടെ രാഷ്ട്രീയമായ ആദ്യ ഉരസൽ. നിയമം പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് നിയമസഭ പ്രമേയം പാസ്സാക്കുകയുണ്ടായി. ഇത്തരമൊരു പ്രമേയത്തിന് നിയമപരമോ ഭരണഘടനാപരമോ ആയ യാതൊരു സാധുതയുമില്ലെന്ന വാദവുമായി ഗവർണർ രംഗത്ത് വന്നു.

ബർഗല രാമകൃഷ്ണ റാവു | PHOTO: WIKI COMMONS

കണ്ണൂർ സർവ്വകലാശാല ആതിഥ്യം വഹിച്ച ഇന്ത്യൻ ഹിസ്റ്ററി കോണ്ഗ്രസ്സിന്റെ ഉദ്ഘാടന വേദിയിൽ നിന്നായിരുന്നു ഖാൻ തന്റെ രാഷ്ട്രീയ ദൗത്യത്തിന് തുടക്കമിട്ടത്. പൗരത്വ നിയമ ഭേദഗതിയെയും രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെയും കുറിച്ച് വിമർശനപരമായ പരാമർശങ്ങൾ നടത്തിയവരെ എതിർക്കുന്നതിനായി എഴുതി തയ്യാറാക്കിയ പ്രസംഗം ഉപേക്ഷിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന ചിലർ ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ പോലീസ് ഇടപെടുകയും പ്രതിഷേധിച്ചവരെ നീക്കാൻ ശ്രമിക്കുകയും ചെയ്തു. അതിനിടെ, വേദിയിൽ സന്നിഹിതനായിരുന്ന പ്രശസ്ത ചരിത്രകാരൻ പ്രൊഫസർ ഇർഫാൻ ഹബീബ് സമ്മേളന വേദിയിൽനിന്ന് പോലീസ് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടു. ഈ സംഭവത്തിന് ശേഷം, ഇർഫാൻ ഹബീബ് തന്റെ പ്രസംഗം തടസ്സപ്പെടുത്തിയെന്ന് ആരിഫ് മുഹമ്മദ് ഖാൻ പരാതിയുന്നയിച്ചു. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഉദ്ഘാടന വേദിയിൽ പോലീസ് കയറുന്നതെന്നും അവരെ പുറത്താക്കണമെന്ന് കണ്ണൂർ സർവ്വകലാശാല അധികൃതരോട് ആവശ്യപ്പെടുക മാത്രമാണ് താൻ ചെയ്തതെന്നും പ്രൊഫസർ ഹബീബ് വ്യക്തമാക്കി.

കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഗവർണറും സർക്കാരും വീണ്ടും ഇടഞ്ഞത്. കേന്ദ്ര നിയമങ്ങൾ ചർച്ച ചെയ്യുന്നതിനായി 2020 ഡിസംബർ 23ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേർക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തു. അതിന് മുന്നേതന്നെ സർക്കാർ ആവശ്യപ്പെട്ട പ്രകാരം, 2021 ജനുവരി 21ന് നിയമസഭ സമ്മേളനം തുടങ്ങാനുള്ള അനുവാദം ഗവർണർ നൽകിയിരുന്നു. 2020 ഡിസംബർ 17ന് ആണ് സർക്കാർ ഗവർണറോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചത്. ഈ സാഹചര്യത്തിൽ, തിടുക്കത്തിൽ മറ്റൊരു പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കുന്നതിന്റെ ആവശ്യകത ഗവർണർ ചോദ്യം ചെയ്തു.

ഈ വിഷയം അവധാനതയില്ലാതെ കൈകാര്യം ചെയ്യുകവഴി ഗവർണർക്ക് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സാഹചര്യം സർക്കാർതന്നെ ഒരുക്കിക്കൊടുത്തു എന്ന് പറയുന്നതാവും ശരി. ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഗവർണർ രോഷമുയർത്തി.

ഇർഫാൻ ഹബീബ് | photo: wiki commons

കേരള നിയമസഭാ നടപടി ചട്ടം വകുപ്പ് 3(2) അനുസരിച്ച്, സഭ വിളിച്ച് ചേർക്കാനുള്ള മന്തിസഭാ തീരുമാനത്തെ ഗവർണർ മാനിക്കേണ്ടതുണ്ട് എന്ന് ആരിഫ് ഖാൻ സമ്മതിച്ചു. എന്നാൽ, സഭയുടെ അധികാര പരിധിയിൽ പെടാത്ത കാര്യത്തിനാണ് പ്രത്യേക സമ്മേളനം വിളിച്ചതെന്ന് ബോധ്യപ്പെട്ടതായി ആദ്ദേഹം പറഞ്ഞു. അടിയന്തരമായി ഇത്തരമൊരു സമ്മേളനം വിളിച്ച് ചേർക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകിയില്ലെന്നും ഖാൻ കൂട്ടിച്ചേർത്തു.

ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഇക്കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരം ഇല്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. സർക്കാർ വീണ്ടും മുന്നോട്ടുവെച്ച അപേക്ഷ സ്വീകരിച്ച് ഡിസംബർ 31ന് പ്രത്യേക സമ്മേളനം നടത്താൻ ഗവർണർ അനുവദിച്ചതോടെ പ്രശ്നം അവസാനിച്ചു.

വൈസ് ചാൻസലർ നിയമനം

2021 മേയ് മാസത്തിൽ പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങളും പുനരാരംഭിച്ചു. സർക്കാർ സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്ന വിഷയമായിരുന്നു ഇത്തവണ തർക്ക വിഷയം. വ്യക്തമായ അധികാരങ്ങളൊന്നുമില്ലാതെ സർവ്വകലാശാലകളുടെ ചാൻസലറായി തുടരാൻ താൽപ്പര്യമില്ലെന്ന് കാണിച്ച് ഗവർണർ സർക്കാരിന് കത്തെഴുതി. പ്രതീകാത്മ തലവനായി തുടരാൻ താൽപ്പര്യമില്ലെന്നും, തന്റെ അധികാരങ്ങൾ സർവ്വകലാശാലകളുടെ പ്രൊ-വൈസ് ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിലേക്ക് നിയമപരമായി കൈമാറാൻ ഒരുക്കമാണെന്നുമായിരുന്നു ഗവർണറുടെ നിലപാട്. സർക്കാരിനെ പിണക്കാതിരിക്കാൻ പിൻവാതിൽ നിയമനങ്ങൾക്ക് കുടപിടിക്കാനാവില്ലെന്നും ഖാൻ പറയുകയുണ്ടായി. ആഴ്ചകളോളം വലിയ മാധ്യമശ്രദ്ധ ആകർഷിച്ച ശേഷം മുഖ്യമന്ത്രി മുന്നിട്ടിറങ്ങിയാണ് വിഷയം ഒത്തുതീർപ്പാക്കിയത്.

ഈ വർഷം ഫെബ്രുവരിയിലാവട്ടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെക്കാതെ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിന് വലിയ തലവേദനയുണ്ടാക്കി. ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ പൊതു ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ നടത്തിയ പരാമർശമാണ് ഗവർണറെ ചൊടിപ്പിച്ചത്. ജ്യോതിലാലിനെതിരെ നടപടിയെടുക്കുംവരെ പ്രസംഗത്തിൽ ഒപ്പുവെക്കില്ലെന്ന് ഗവർണർ ശാഠ്യം പിടിച്ചു. മറ്റുവഴികളില്ലാതെ ജ്യോതിലാലിനെ മാറ്റി മറ്റൊരാളെ സർക്കാരിന് നിയമിക്കേണ്ടിവന്നു.

പല സംസ്ഥാനങ്ങളിലും ഭാരതീയ ജനത പാർട്ടിക്ക് പങ്കില്ലാത്ത സർക്കാരുകളാണുള്ളത്. ഈ സംസ്ഥാനങ്ങളിലെ ഗവർണർമാർ ഡൽഹിയിലെ തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരോടുള്ള കൂറ് പ്രകടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ ഭരണഘടനാപരമായ മര്യാദകൾക്കും ഭരണ സംവിധാനങ്ങളുടെ അന്തസ്സിനും മായ്ക്കാനാവാത്ത കളങ്കമാണ് ഉണ്ടാക്കുന്നത്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്

ഈ വിഷയം അവസാനിച്ച ശേഷമാണ് സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിലേക്ക് ആരിഫ് ഖാൻ കടക്കുന്നത്. മന്ത്രിമാർ നിയോഗിക്കുന്ന പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം കൂടുതലാണെന്നും, അവർക്ക് മൂന്ന് വർഷത്തിൽ കുറഞ്ഞ സേവനത്തിന് പെൻഷൻ നൽകുന്നുവെന്നും ഗവർണർ ആരോപിച്ചു. 'കേരളത്തിൽ അവർക്ക് [പേഴസണൽ സ്റ്റാഫിന്] വെറും രണ്ടു വർഷത്തെ സേവനത്തിന് ശേഷം പെൻഷൻ ലഭിക്കും. രണ്ടു വർഷമാവുമ്പോൾ ഒരു കൂട്ടരെ പിൻവലിക്കുകയും അടുത്തവരെ നിയമിക്കുകയും ചെയ്യുന്നു. അവരെല്ലാവരും പാർട്ടിക്കാരാണ് അവർക്ക് സർക്കാർ പണം നൽകുന്നു,' ഖാൻ പറഞ്ഞു. നിതുതി ദായകരുടെ പണം ഉപയോഗിച്ച് പാർട്ടി കേഡർമാരെ സന്തുഷ്ടരാക്കുകയാണ് ചെയ്യുന്നതെന്ന ആരോപണമാണ് ഖാൻ ഉയർത്തിക്കൊണ്ടുവന്നത്.

സർക്കാരിയ കമ്മീഷൻ നിർദേശങ്ങൾ

കഴിഞ്ഞ രണ്ടരവർഷക്കാലമായി ഗവർണർക്കും സർക്കാരിനുമിടയിൽ നിലനിൽക്കുന്ന അസ്വാരസ്യം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ഗുണപരമായ വികാസത്തിന് ഉപകാരപ്രദമായ ഒരു സംഭാവനയും നൽകിയിട്ടില്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് സർക്കാരിയ കമ്മീഷൻ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾക്കും വിരുദ്ധമായിരുന്നു ഗവർണറുടെ നീക്കങ്ങൾ. ഭരണഘടന വിഭാവനം ചെയ്യുന്ന ഗവർണർ പദവി എന്തെന്ന് സംശയത്തിനിടയില്ലാത്ത വിധം കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. 'റോൾ ഓഫ് ദ ഗവർണർ' എന്ന തലക്കെട്ടുള്ള റിപ്പോർട്ടിന്റെ നാലാം അദ്ധ്യായത്തിൽ ഇങ്ങനെ പറയുന്നു: '…മന്ത്രിസഭയുടെ ഉപദേശത്തിന് എതിരായോ വിരുദ്ധമായോ പ്രവർത്തിക്കാനുള്ള വിവേചനാധികാരം ഒന്നുംതന്നെ അനുച്ഛേദം 163 ഗവർണർക്ക് നൽകുന്നില്ല. പരിമിതമായി മാത്രമേ ഗവർണർക്ക് വിവേചനം ഉപയോഗിക്കാൻ പാടുള്ളൂ'. ഗവർണ്ണറുടെ പ്രവർത്തനങ്ങൾ 'ഏകപക്ഷീയമോ ഭാവനാപരമോ ആവരുത്. യുക്തിപരവും, സദുദ്ദേശ്യപരവും, ശ്രദ്ധയോടുകൂടിയതുമാവണം അവ,' എന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

1967ന് ശേഷം സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിന് പകരം പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലെത്തിയ ശേഷമാണ് ഗവർണർമാരും സർക്കാരുകളും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമായതെന്ന് കമ്മീഷൻ നിരീക്ഷിക്കുന്നു. 'അതിന് ശേഷമുള്ള ദശാബ്ദങ്ങളിലാവട്ടെ രാഷ്ട്രീയ പാർട്ടികൾ പിളരുകയും പുതിയ പ്രാദേശിക പാർട്ടികളുണ്ടാവുകയും ചെയ്തു. സർക്കാരുകൾ രൂപീകരിക്കുന്നതിനായി പാർട്ടികളും ഗ്രൂപ്പുകളും അപ്രതീക്ഷിതമായ രീതിയിൽ പങ്കാളികളെ മാറി മാറി സ്വീകരിച്ചു. ഈ പ്രവണത പല സംസ്ഥാന സർക്കാരുകളിലും വലിയ അസ്ഥിരതയുണ്ടാക്കി. അതിന്റെ ഫലമായി ഗവർണർമാർക്ക് വിവേചനാധികാരം കൂടുതലായി ഉപയോഗിക്കേണ്ടിവന്നു. ആവർ ഈ അധികാരത്തെ ഉപയോഗിച്ച രീതി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ബാധിച്ചു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിലെ പ്രശ്ന മേഖലകൾ വർധിച്ചു.'

സമാനമായ സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. പല സംസ്ഥാനങ്ങളിലും ഭാരതീയ ജനത പാർട്ടിക്ക് പങ്കില്ലാത്ത സർക്കാരുകളാണുള്ളത്. ഈ സംസ്ഥാനങ്ങളിലെ ഗവർണർമാർ ഡൽഹിയിലെ തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരോടുള്ള കൂറ് പ്രകടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ ഭരണഘടനാപരമായ മര്യാദകൾക്കും ഭരണ സംവിധാനങ്ങളുടെ അന്തസ്സിനും മായ്ക്കാനാവാത്ത കളങ്കമാണ് ഉണ്ടാക്കുന്നത്. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയിലെ അംഗങ്ങളെ ഗവർണർ പദവിയിലേക്ക് നിയോഗിക്കരുതെന്ന് സർക്കാരിയ കമ്മീഷൻ നിർദേശം ഇത് വരെ ആരും ഗൗരവമായി പരിഗണിച്ചിട്ടില്ല. 'കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽ പെടുന്ന രാഷ്ട്രീയക്കാരനെ മറ്റു പാർട്ടിയോ മറ്റു പാർട്ടികൾ ചേർന്നോ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഗവർണറായി നിയോഗിക്കാതിരിക്കുന്നതാണ് അഭികാമ്യം,' കമ്മീഷൻ റിപ്പോർട്ട് പറയുന്നു. ഗവർണ്ണർ ഗ്ലോറിഫൈഡ് സൈഫറിന്റെ അവസ്ഥയിലേക്ക് അധഃപതിക്കാതിരിക്കുവാനുള്ള ഉത്തരവാദിത്തം ആ പദവി വഹിക്കുന്നവർ തന്നെ ഏറ്റെടുക്കണമെന്ന പ്രശസ്ത നിയമ പണ്ഡിതനായ വി ആർ കൃഷ്ണ അയ്യരുടെ വാക്കുകളെ ഓർമ്മിപ്പിക്കുന്നതാണ് ആരിഫ് മുഹമ്മദ് ഖാന്റെ ചെയ്തികൾ.

2022 മേയിൽ ഫ്രണ്ട്‌ലൈൻ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം. തോമസ് കൊമരിക്കൽ

Leave a comment