'കണ്ടല്‍ വനങ്ങള്‍ ഏറ്റെടുത്ത് സംരക്ഷിക്കേണ്ടതില്ല' സർക്കാർ ഉത്തരവ്
PHOTOS: PRASOON KIRAN
38,863 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയായി കണക്കാക്കിയിട്ടുള്ളത്. കൃത്യമായ സംഖ്യ രേഖപ്പെടുത്തുന്നത് ഭൂവിസ്തൃതിക്ക് ആനുപാതികമായി ജനസംഖ്യയും വനവിസ്തൃതിയും, കൃഷിയോഗ്യമായ വയലിടങ്ങളും കണക്കുകൂട്ടുന്ന സമ്പ്രദായം ഉള്ളതിനാലാണ്. പാരിസ്ഥിതിക ആശങ്കകള്‍ മുന്നോട്ട് വെക്കുന്ന സംഘടനകളെയും വ്യക്തികളെയും പരിസ്ഥിതി ചര്‍ച്ചകളില്‍ താര്‍ക്കികമായി പരാജയപ്പെടുത്താന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടങ്ങള്‍കൂടി ചേര്‍ത്തുള്ള വനവിസ്തൃതിക്കണക്കും, കരനെല്‍കൃഷി കൂടിച്ചേര്‍ത്തുള്ള വയല്‍കൃഷിക്കണക്കും ഉള്‍പ്പെടുത്തിക്കൊണ്ട്, സംസ്ഥാനം വനസമ്പത്തിലും കാര്‍ഷികവൃത്തിയിലും ഏറെ മുന്‍പന്തിയിലാണെന്ന ആഖ്യാനം അതത് കാലങ്ങളിലെ വാദങ്ങളില്‍ മുന്‍നിര്‍ത്തപ്പെടാറുള്ളതിനാലാണ്. ഈ അതിശയോക്തി കണക്കുകള്‍ക്കൊപ്പം യാതൊരു പരിഗണനയും നല്‍കാത്ത തീരവനവിഭാഗങ്ങളാണ് കണ്ടല്‍ക്കാടുകള്‍. വ്യക്തമായ ഡാറ്റകള്‍ മുന്‍നിര്‍ത്തിക്കൊണ്ടുള്ള കണ്ടല്‍സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പോലും ഭരണകൂടങ്ങള്‍ക്ക് അനാവശ്യമായ ഒന്നായിമാറുമ്പോള്‍ സംസ്ഥാനത്തിന്റെ ഭൂവിസ്തൃതി കൂടി പരാമര്‍ശിച്ചുകൊണ്ട് മാത്രമേ ഇന്ന് ബാക്കിയിരിപ്പുള്ള ആകെ കണ്ടല്‍ക്കാടുകളുടെ വിസ്തീര്‍ണ്ണം വെറും '21' ചതുരശ്രകിലോമീറ്റര്‍ മാത്രമാണെന്ന് പറയാനാവൂ. ശതമാനക്കണക്കില്‍ പറയാവുന്നതിലും ദയനീയമായ ഒന്നാണത്. അതായത്, കേരളത്തിന്റെ ആകെ ഭൂവിസ്തീര്‍ണ്ണത്തിന്റെ കണക്ക് ഭൂപടരൂപേണ നോക്കുകയാണെങ്കില്‍ ഒന്നോ രണ്ടോ ഗ്രീന്‍ ഡോട്ടുകളാല്‍ തൊട്ടുകാണിക്കാന്‍ പോലും പറ്റാത്തത്ര ദയനീയസ്ഥിതിയിലാണ് ഭൂമിയുടെ ശ്വാസകോശമെന്ന് സ്കൂള്‍കുട്ടികളെക്കൊണ്ട് ആവര്‍ത്തിച്ചു പഠിക്കുന്ന കണ്ടല്‍ക്കാടുകളുടെ തല്‍സ്ഥിതി. ഈ സാഹചര്യത്തിലാണ് ബാക്കിയിരിക്കുന്ന, നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കണ്ടല്‍ക്കാടുകള്‍ വനംവകുപ്പ് വിലകൊടുത്ത് വാങ്ങി സംരക്ഷിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നായി മാറുന്നത്.
1,40,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിൽ ലോകത്താകമാനവും ഇന്ത്യയിൽ അയ്യായിരത്തോളം ച.കി.മീറ്ററും കണ്ടൽക്കാടുകൾ ഉണ്ടെന്നാണ് ഔദ്യോഗികമായി കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി പരന്നുകിടക്കുന്ന ഏറ്റവും വലിയ കണ്ടൽപ്രദേശങ്ങളുടെ ഭാഗമായ പശ്ചിമബംഗാളിലെ സുന്ദർബൻ പ്രദേശം 2100 ച.കി.മീറ്ററുകളിലായി വ്യാപിച്ച് കിടക്കുന്നു. ഒറ്റ നോട്ടത്തില്‍ ധാരാളം എന്ന് തോന്നിയേക്കാമെങ്കിലും, ദേശീയതലത്തില്‍ പരിശോധിക്കുമ്പോള്‍ സ്ഥിതി നന്നേ ദുര്‍ബലവുമാണ്. ഇനിയത് നമ്മുടെ സംസ്ഥാനത്തിലേക്ക് വരുമ്പോള്‍ കൂടുതല്‍ പരിതാപകരമാകും. ആദ്യകാലങ്ങളില്‍ 700 ച.കി.മീറ്ററോളം വിസ്തൃതിയില്‍ കേരളത്തില്‍ ഉണ്ടായിരുന്ന കണ്ടൽക്കാടുകള്‍ ഇന്ന് വെറും 21 ച.കി.മീ. മാത്രമായി ചുരുങ്ങിക്കഴിഞ്ഞു. അവസാന മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ ലോകത്താകമാനമുള്ള കണ്ടല്‍വനങ്ങളില്‍ 35 ശതമാനവും നഷ്ടപ്പെട്ടപ്പോള്‍ സംസ്ഥാനത്തിന് കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ നഷ്ടമായത് 97 ശതമാനം കണ്ടല്‍ വനങ്ങളാണ്. ഇതില്‍തന്നെ സംസ്ഥാനത്തെ കണ്ടൽക്കാടുകളിൽ 15 ച.കി.മീറ്ററും നിലനിൽക്കുന്നത് കണ്ണൂർ ജില്ലയില്‍ മാത്രമായാണ്. അതിശയിപ്പിക്കുന്ന നാശനഷ്ടങ്ങളാണ് കണ്ടല്‍ വിസ്തൃതിയില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. ലോകത്ത് തന്നെ ഇത്രയും വേഗതയില്‍ മറ്റൊരിടത്തും ചുരുങ്ങിയ കാലത്തിനിടയില്‍ ഇത്രയധികം കണ്ടല്‍വനങ്ങള്‍ നശിപ്പിക്കപ്പെട്ടതായി കണക്കുകളാല്‍ രേഖപ്പെടുത്തിയിട്ടുമില്ല. മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി ഗുരുതരനശീകരണങ്ങള്‍ തുടരുകയാണെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം മതിയാകും ഈ 21 ച.കി.മീറ്റര്‍ നേര്‍പകുതിയായി ചുരുങ്ങുവാന്‍. ഏറെ വൈകിയാണെങ്കിലും ഈ തിരിച്ചറിവാണ് സംസ്ഥാന വനംവകുപ്പിനെ ബാക്കിയിരിപ്പുള്ള സ്വകാര്യ കണ്ടല്‍വനങ്ങള്‍ വിലകൊടുത്ത് വാങ്ങിസംരക്ഷിക്കുക എന്ന അഭിനന്ദനാര്‍ഹമായ നടപടിയിലേക്ക് കൊണ്ടുചെന്നെത്തിച്ചത്.
ആദ്യമാതൃക പയ്യന്നൂരില്‍ നിന്ന്
കണ്ണൂര്‍ പയ്യന്നൂരിലെ കണ്ടല്‍ സംരക്ഷണ സമിതിയാണ് സംസ്ഥാനത്ത് ആദ്യമായി കണ്ടല്‍വനം വിലകൊടുത്ത് വാങ്ങി സ്വാഭാവിക വളര്‍ച്ചയ്ക്ക് വിടുക എന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ 1996 ല്‍ പരിസ്ഥിതി സംഘടനയായ ‘സീക്ക്’ 4 ഏക്കര്‍ ഭൂമി വിലകൊടുത്ത് വാങ്ങിക്കൊണ്ട് ഈ പ്രവര്‍ത്തനത്തിന് ആധികാരികമായ തുടര്‍ച്ചയുണ്ടാക്കി. നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് വേണ്ടി മണ്ണിട്ട് നികത്തി വില്‍ക്കപ്പെടുമായിരുന്ന സ്ഥലം ഏറ്റെടുക്കുവാന്‍ സൂചീമുഖി മാസികയിലൂടെ ആവശ്യമറിയിച്ചപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പണം നല്കിക്കൊണ്ട് ക്യാമ്പയിനിന്റെ ഭാഗമായി മാറി. ആര്‍ക്കും വ്യക്തിപരമായി നിയന്ത്രണാവകാശങ്ങളില്ലാതെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇവിടം സംസ്ഥാനത്ത് ഏറ്റവും സംരക്ഷിതമായിരിക്കുന്ന കണ്ടല്‍വനമാണ്. സമാനമായി വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ശാസ്ത്രസാഹിത്യപരിഷത്ത്, എന്നിവരും ഇതേ പ്രദേശത്ത് ഭൂമി വാങ്ങി സംരക്ഷിച്ചുകൊണ്ട് പിന്നീട് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കി. വിവിധ സംഘടനകളുടെ പേരില്‍ നാല്‍പ്പത് ഏക്കറോളം കണ്ടല്‍ക്കാടുകളാണ് പയ്യന്നൂരിലുള്ളത്. വകമാറ്റലിനല്ലാതെ പണം കൊടുത്ത് സ്വകാര്യഭൂമിയാക്കി കണ്ടല്‍വനങ്ങളെ സ്വാഭാവികമായി നിലനിര്‍ത്തുക എന്ന ഉന്നതമായ ആശയം വ്യാപകമായി അന്ന് ചര്‍ച്ച ചെയ്യപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായിത്തന്നെയാണ് സംസ്ഥാന വനംവകുപ്പിന്റെ നേതൃത്വത്തിലും ഇത്തരമൊരു പദ്ധതി വൈകിയെങ്കിലും നടപ്പിലാക്കുവാന്‍ ശ്രമിച്ചത്.
എറ്റെടുക്കാനിരുന്നത് 270 ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍
വേലിയേറ്റ വേലിയിറക്ക മേഖലകളില്‍ കണ്ടല്‍ക്കാടുകള്‍ക്ക് സ്വാഭാവികമായ വളര്‍ച്ച ഈ കാലയളവില്‍ സാധ്യമായിട്ടുണ്ട്. എന്നാല്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടായിട്ടുകൂടി കണ്ടല്‍ വനവിസ്തൃതി മറുഭാഗത്ത് അനുദിനം ചുരുങ്ങിക്കൊണ്ടിരുന്നു. ഒരു ഭാഗത്ത് ഏറ്റവും പഴക്കമുള്ള സ്വാഭാവിക കണ്ടല്‍വനങ്ങള്‍ നശിപ്പിക്കപ്പെടുകയും, മറുഭാഗത്ത് കൃഷിയിടങ്ങള്‍ വീണ്ടെടുക്കാനെന്ന പേരിലുള്ള നാശങ്ങളും കൂടിയായപ്പോള്‍ സ്ഥിതി കൂടുതല്‍ മോശമായി. കൃത്യമായ സര്‍വ്വേകളുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ ഈ താരതമ്യപഠനം വരാനിരിക്കുന്ന അപകടത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു. വകുപ്പുതല നിര്‍ദേശങ്ങളുടെ ഫലമായി, പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയായ റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി സര്‍ക്കാര്‍ കണ്ടല്‍ക്കാടുകള്‍ ഏറ്റെടുക്കുവാനായി ആവശ്യമായ തുക അനുവദിച്ചിരുന്നു. ഇത് കര്‍ഷകരുമായും ഭൂവുടമകളുമായും നടത്തിയ നിരന്തര ചര്‍ച്ചകളുടെ കൂടി ഫലമായുണ്ടാക്കിയ ധാരണയായിരുന്നു. വിവിധ ഘട്ടങ്ങളിലായി പ്രാരംഭനടപടികള്‍ ആരംഭിച്ച് റവന്യൂ-വനം-തദ്ദേശസ്വയംഭരണം എന്നിങ്ങനെ വകുപ്പുതല ഏകോപനങ്ങളിലൂടെ പദ്ധതി അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് രാജ്യചരിത്രത്തില്‍ തന്നെ ഇടംപിടിച്ചേക്കാവുന്ന വിശാലവീക്ഷണത്തോടെയുള്ള ഒരു സംരക്ഷണപദ്ധതി അപ്പാടെ ഉപേക്ഷിക്കപ്പെടുന്നത്. നിരവധിയായ പരിസ്ഥിതി നാശങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതും, സ്റ്റേറ്റ് വെറ്റ്ലാന്‍ഡ് അതോറിറ്റി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, CRZ അതോറിറ്റി, എന്നിവയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന നിരവധി പരാതികളുടെയും, പരിസ്ഥിതിസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സമ്മര്‍ദങ്ങളുടെയും, പരാതികളുടെ അടിസ്ഥാനത്തില്‍ ഭാഗികമായെങ്കിലും സംരക്ഷിക്കപ്പെട്ടുപോരുന്ന മേഖലകളെക്കൂടിയാണ് ഇതിലൂടെ സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം കൈയ്യൊഴിയുന്നത്.
ബദലുകളില്ലാത്ത ജൈവവൈവിധ്യകേന്ദ്രം
സ്വർണ്ണക്കണ്ടൽ, പ്രാന്തൻകണ്ടൽ, നക്ഷത്രക്കണ്ടൽ, ഉപ്പട്ടി, തുടങ്ങി 18 ഇനങ്ങളിൽപ്പെട്ട കണ്ടലുകൾ നമ്മുടെ സംസ്ഥാനത്തുണ്ട്. നൂറുകണക്കിന് വേരുകൾകൊണ്ട് ചതുപ്പുകളിലെ ആഴങ്ങളിൽ കാലൂന്നിനിൽക്കുന്ന, കൂടിയ അളവിൽ ഓക്സിജൻ പുറത്തുവിടുന്ന കണ്ടലിന് ഉഷ്ണമേഖലാ കാടുകളേക്കാൾ അൻപത് മടങ്ങ് കാർബൺ വലിച്ചെടുക്കാനാകും. പുഴഞണ്ടുകൾ മുതൽ കടുവകൾ വരെ വസിക്കുന്ന നിത്യഹരിതമായി നിൽക്കുന്ന കണ്ടൽക്കാടുകൾ ലവണാംശമുണ്ടെങ്കിൽ എത്ര കൊടുംവേനലിലും വളരുന്നവയാണ്. നീര്‍പ്പക്ഷികള്‍ പ്രജനനം നടത്തുന്ന കൊറ്റില്ലങ്ങള്‍ കൂടുതലും കാണപ്പെടുന്ന കണ്ടല്‍വനങ്ങള്‍, വേലിയേറ്റമേഖലകളില്‍ കരയിടിച്ചില്‍ തടയുവാനായി ഏറ്റവും പ്രായോഗികമായുള്ള പ്രതിരോധമാര്‍ഗ്ഗം കൂടിയാണ്. ഞണ്ടുകള്‍, ചെമ്മീനുകള്‍, മത്സ്യങ്ങള്‍, പൂമ്പാറ്റകള്‍, പക്ഷികള്‍, ഉരഗങ്ങള്‍, സസ്തനികള്‍ തുടങ്ങി ഏതൊരു വനവ്യവസ്ഥയോടും കിടപിടിക്കുന്നതും സമാനതകളില്ലാത്തതും ബദലുകളില്ലാത്തതുമായ ഈ വനവ്യൂഹങ്ങളെ ആശ്രയിച്ച് പതിനായിരക്കണക്കിന് മനുഷ്യര്‍ ജീവിക്കുന്നുണ്ട്.
സംരക്ഷണം പതിയെ, നാശം അതിവേഗതയില്‍
മത്സ്യകൃഷി, ടൂറിസം, വ്യവസായം എന്നിങ്ങനെ വിവിധ ആവശ്യങ്ങളുടെ പേരില്‍ സംസ്ഥാനത്ത് കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കപ്പെടുന്നുണ്ട്. സംസ്ഥാനവ്യാപകമായി ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചിട്ടുള്ളത് ചെമ്മീന്‍കെട്ടുകള്‍ക്ക് വേണ്ടിയാണ്. ഒപ്പം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, കച്ചവട കേന്ദ്രങ്ങള്‍, തുടങ്ങി, ദേശീയപാതാ വികസനത്തിനായും കണ്ടല്‍വെട്ടുന്നത് വ്യാപകമായി. വയലുകളും കുന്നുകളും കേന്ദ്രീകരിച്ച് പുത്തന്‍ നിര്‍മ്മിതികളുടെ അലൈന്‍മെന്റ് നിശ്ചയിക്കുന്നത് പോലെതന്നെ എളുപ്പത്തില്‍ ക്രമഭംഗപ്പെടുത്താവുന്ന ഭൂവിഭാഗങ്ങളുടെ കണക്കിലാണ് കണ്ടല്‍വനങ്ങളും. വരാനിരിക്കുന്ന പുതിയ പദ്ധതിയായ കെ റെയില്‍ പാത കണ്ണൂര്‍ ജില്ലയില്‍ മാത്രം 2.8 കിലോമീറ്റര്‍ പൂര്‍ണ്ണമായും കണ്ടല്‍ക്കാടുകളിലൂടെയാണ് കടന്നുപോകുന്നുത്. തലശ്ശേരി, വളപട്ടണം, പഴയങ്ങാടി, ഏഴോം, ചെമ്പല്ലിക്കുണ്ട് എന്നിവിടങ്ങളില്‍ ദ്രുതവേഗതയിലാണ് ഇന്ന് കണ്ടല്‍നശീകരണം നടക്കുന്നത്. പാപ്പിനിശ്ശേരിയില്‍ വിവാദ കണ്ടല്‍പാര്‍ക്കിന് സമീപത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ അറുപത്തിലധികം ഏക്കര്‍ കണ്ടല്‍വനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി നികത്തിയിട്ടുണ്ട്. കാര്‍ഷിക ആവശ്യങ്ങളുടെ പേരില്‍കൂടാതെ ബാക്കിയിരിപ്പുള്ള നിയമപരിരക്ഷയെകൂടി മറികടക്കാന്‍ തയ്യാറായി നില്‍ക്കുന്ന ടൂറിസം നിര്‍മ്മിതികള്‍ വേറെയും ബാക്കിയിരിപ്പുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ തന്നെ പദ്ധതിയായ, അഡാക് ആവിഷ്കരിച്ച നെല്ലും മീനും പദ്ധതിക്ക് വേണ്ടിയായിരുന്നു പലയിടങ്ങളിലും വ്യാപകമായി കണ്ടല്‍ നാശം ഉണ്ടായിട്ടുള്ളത്. ഒരു വകുപ്പ് സംരക്ഷിക്കുവാനും, മറ്റൊരു വകുപ്പ് അത് നശിപ്പിച്ചുകൊണ്ടുള്ള വകമാറ്റല്‍ പദ്ധതികളും നടത്തുന്നത് വ്യാപകപ്രതിഷേധത്തിന് കാരണമായിരുന്നു. സ്വാഭാവിക ചതുപ്പ്-തണ്ണീര്‍ത്തട പശ്ചാത്തലം അപ്പാടെ ക്രമഭംഗപ്പെടുത്തിക്കൊണ്ടുള്ള ഇവ്വിധ പ്രവര്‍ത്തനങ്ങള്‍ തണ്ണീര്‍ത്തട ജൈവവ്യവസ്ഥകള്‍ അപ്പാടെ താറുമറിക്കുകയുണ്ടായി. ഗുരുതരമായ പ്ലാസ്റ്റിക്-ഇതര മാലിന്യനിക്ഷേപം കാരണവും സ്വാഭാവിക പശ്ചാത്തലം നഷ്ടമായ കണ്ടല്‍ക്കാടുകളും തുടരെ നശിക്കുന്നു.
ഇന്ന് സംസ്ഥാനത്തുള്ള ചെമ്മീന്‍കെട്ടുകളുടെ ആകെ വിസ്തൃതി 100 സ്ക്വയര്‍ കിലോമീറ്ററില്‍ അധികമാണ്. ഇതില്‍ ഏറിയപങ്കും കണ്ടല്‍ക്കാടുകള്‍ വകമാറ്റി നിര്‍മ്മിച്ചവയുമാണ്. 2005 -15 വരെയുള്ള 10 വര്‍ഷ കാലയളവിനെ അപേക്ഷിച്ച്, 2015-20 വരെയുള്ള 5 വര്‍ഷ കാലയളവില്‍ ഇരട്ടിവര്‍ദ്ധനവാണ് ചെമ്മീന്‍ കെട്ടുകളില്‍ ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷങ്ങളില്‍ 300 ഹെക്ടറില്‍ അധികം കണ്ടലുകള്‍ നശിപ്പിക്കപ്പെട്ടിട്ടുമുണ്ട് എന്നുള്ളത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടേണ്ടതുമുണ്ട്. ഈ അനുപാതം ഒരു ഭാഗത്ത് വ്യാവസായിക വളര്‍ച്ചയെ കാണിക്കുമെങ്കിലും, വെറും 21 ച.കി.മീറ്റര്‍ മാത്രം ബാക്കിയുള്ള ഭൂമിയിലെ ഏറ്റവും പ്രാചീന സസ്യവര്‍ഗ്ഗങ്ങളുടെ സംരക്ഷണത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വീണ്ടും കാണിക്കുന്ന അലംഭാവം കൂടിയാണ് വ്യക്തമാവുക.
80 ശതമാനം വരെ സബ്സിഡി നല്കിക്കൊണ്ട് വന്ന ചെമ്മീന്‍കൃഷി പദ്ധതിക്കായി സംസ്ഥാനവ്യാപകമായി കണ്ടല്‍ നികത്തലുകള്‍ നടന്നു. വകുപ്പ് തല വികസനപ്രവര്‍ത്തി എന്ന പേരില്‍ തുറസ്സായി ഇത് ന്യായീകരിക്കപ്പെടുകയും ചെയ്തു. നാടന്‍ മത്സ്യയിനങ്ങളുടെ പ്രജനന വ്യവസ്ഥയെ ഇത് ഗുരുതരമായി ബാധിക്കുകയും, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യലഭ്യത ഇല്ലാതാക്കുകയും പാരിസ്ഥിതികമായി പുഴയുടെ ജൈവവ്യവസ്ഥയെ താറുമാറാക്കുകയും, നീര്‍പ്പക്ഷികളുടെ കൂടുകൂട്ടല്‍ കേന്ദ്രങ്ങളായിരുന്ന കണ്ടല്‍ കൊറ്റില്ലങ്ങളില്‍ 60 ശതമാനത്തോളം അപ്രത്യക്ഷമാകുകയും ചെയ്തു. കൈപ്പാട് മേഖലകളില്‍ കൃഷിക്ക് ഉചിതമായ സ്ഥലങ്ങളില്‍ കൃഷി ചെയ്യാതിരിക്കുകയും, കൈപ്പാട് മേഖലകളില്‍ കൃഷി സാധ്യമാകാത്ത ഇടങ്ങളില്‍ കണ്ടല്‍ വെട്ടിനിരത്തി കൈപ്പാട് കൃഷിക്ക് ശ്രമിച്ചുകൊണ്ട് പരാജയം ഏറ്റുവാങ്ങുകയും ചെയ്യുക എന്നതാണ് നിലവില്‍ നടക്കുന്നത്. വലിയ ശതമാനം ആളുകളും സബ്സിഡി വാങ്ങുന്നത് വരെ മാത്രം കൃഷി നടത്തുകയും കെമിക്കല്‍ ട്രീറ്റ്മെന്റ് കഴിഞ്ഞ ചതുപ്പുകള്‍ അശ്രദ്ധമായി അപ്പാടെ ഉപേക്ഷിക്കുകയും ഇതിലൂടെ തണ്ണീര്‍ത്തടങ്ങളുടെ സ്വാഭാവിക ജലചംക്രമണം ഇല്ലാതാവുകയും ചെയ്തു. വരുമാനം നല്‍കാത്ത കണ്ടല്‍ക്കാടുകളേക്കാള്‍ നല്ലത് 80 ശതമാനം സബ്സിഡി നേടിയശേഷം ഉപേക്ഷിക്കാവുന്ന ചെമ്മീന്‍ കെട്ടുകളാണ് നല്ലതെന്ന ഉത്തരത്തിലേക്ക് സാധാരണക്കാരായ ഭൂവുടമകള്‍ ചെന്നെത്തി. അവര്‍ ഒന്നടങ്കം കണ്ടല്‍ വെട്ടിക്കൊണ്ട് സബ്സിഡിക്ക് പിറകെ പാഞ്ഞു. ഈ സാഹചര്യം കൂടി തിരിച്ചറിഞ്ഞായിരുന്നു വനം വകുപ്പ് ഇത്തരമൊരു പ്രായോഗിക പദ്ധതിയുമായി മുന്നോട്ട് വന്നത്.
നിയനടപടികള്‍ക്കുള്ള സാധ്യത ഇല്ലായ്മ നാശത്തിന് വേഗംകൂട്ടി
സംസ്ഥാന വനംവകുപ്പിനെ ഏറ്റവും കൂടുതല്‍ കുഴപ്പിച്ച വിഷയമായിരുന്നു കണ്ടല്‍ നശീകരണങ്ങള്‍ക്കെതിരെ കേസെടുക്കുവാന്‍ സാധിക്കില്ല എന്നത്. ഭൂരിഭാഗവും സ്വകാര്യഭൂമിയായതിനാല്‍ തന്നെ, വ്യക്തികള്‍ നടത്തുന്ന ഭീമമായ നശീകരണങ്ങള്‍ പോലും ശക്തമായ നിയമനടപടി എടുക്കുവാന്‍ സാധിക്കാതെ വിടുതല്‍ നല്‍കാറാണ് പതിവ്. പരിസ്ഥിതിപ്രവര്‍ത്തകരും നാട്ടുകാരും അറിയിപ്പ് നല്‍കുന്നതിനനുസരിച്ച് സ്ഥലത്തെത്തുന്ന ഫോറസ്റ്റ് അധികൃതര്‍ കേസെടുക്കാനാവാതെ താക്കീത് നല്‍കിയും, അപേക്ഷിച്ചും പരിഹാസ്യരായി മടങ്ങുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇത് മറയാക്കി ഒരേ സമയം തന്നെ ഒരുപാടിടങ്ങളില്‍ വ്യാപകമായി കണ്ടല്‍നശീകരണങ്ങള്‍ നടക്കുക പതിവായി മാറി. 2018 ല്‍ പാപ്പിനിശ്ശേരിയില്‍ 14 ഏക്കര്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കപ്പെട്ട പത്രവാര്‍ത്ത കണ്ട് സ്ഥലത്തെത്തിയ ഫോറസ്റ്റ് അധികൃതര്‍ തുടര്‍നടപടികള്‍ക്ക് മുതിരുമ്പൊഴാണ് ഇത് സര്‍ക്കാരിന്റെ തന്നെ നെല്ലും മീനും പദ്ധതിക്ക് വേണ്ടിയാണ് വെട്ടിയിട്ടുള്ളത് എന്ന് തിരിച്ചറിഞ്ഞത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കണ്ടല്‍വനങ്ങളായതിനാല്‍ തന്നെ, വേരുകള്‍ പൂര്‍ണ്ണമായും നീക്കാനാവാതെ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയും മികച്ച ഒരു ജൈവആവാസവ്യവസ്ഥ നശിപ്പിക്കുകയും ചെയ്തു. ദിനേനയെന്നോണം സ്വകാര്യവ്യക്തികള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി നികത്തലുകള്‍ തുടരുന്ന സ്ഥലത്താണ് ഈ അനാസ്ഥ സംഭവിച്ചത്.
'കണ്ടല്‍ വനങ്ങള്‍ ഏറ്റെടുത്ത് സംരക്ഷിക്കേണ്ടതില്ല'
ഇത്രയും പാരിസ്ഥിതിക പ്രാധാന്യമേറിയതും, സംരക്ഷിക്കപ്പെടേണ്ടതുമായ കണ്ടല്‍വനങ്ങളാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് സംരക്ഷിക്കേണ്ടതില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി 90 ശതമാനവും പൂര്‍ത്തീകരിച്ച പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുവാന്‍ ഉത്തരവിറക്കിയത്. പ്രളയാനന്തര പുനര്‍നിര്‍മ്മിതിയുടെ പേരില്‍ പരിസ്ഥിതിയെ സുസ്ഥിരമായി നിലനിര്‍ത്തിക്കൊണ്ടുള്ള വികസനം മുന്‍നിര്‍ത്തുന്നുവെന്ന് പറയുന്ന ഗവണ്‍മെന്റ് തന്നെയാണ്, തീരസംരക്ഷണ മേഖലയിലെ ഏക പ്രകൃതിദത്ത പ്രതിരോധമാര്‍ഗ്ഗമായ കണ്ടല്‍സംരക്ഷണത്തെ അപ്പാടെ ഉപേക്ഷിക്കുന്നത് എന്നതാണ് ഖേദകരം. ദേശീയപാതാ വികസനത്തിനും കെ റെയില്‍ പദ്ധതിക്കും വേണ്ടി ധൃതിയില്‍ നടപ്പിലാക്കിയ പുതിയ CRZ നോട്ടിഫിക്കേഷന്‍ പ്രകാരം സുപ്രധാന പരിഗണന ആവശ്യമുള്ള കൈപ്പാട് പ്രദേശങ്ങളും പുഴയോരങ്ങളും പഴയ സംരക്ഷിതമേഖലയില്‍ നിന്നും പൂര്‍ണ്ണമായും പുറത്താക്കപ്പെട്ടു. ഇതില്‍ രംസാര്‍ സൈറ്റായി പ്രഖ്യാപിക്കപ്പെടാന്‍ നിരന്തരശ്രമങ്ങള്‍ നടക്കുന്ന കാട്ടാമ്പള്ളി പക്ഷിസങ്കേതവും ഉള്‍പ്പെടുന്നുണ്ട്. കേരളത്തെ അപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ കണ്ടല്‍ സംരക്ഷണം വനസംരക്ഷണം പോലെതന്നെ തുല്യപരിഗണനയുള്ള വിഷയമാണ്. മഹാരാഷ്ട്രയില്‍ മാങ്ഗ്രൂവ് പ്രൊട്ടക്ഷന് വേണ്ടി മാത്രം പ്രത്യേകഫോഴ്സ് തന്നെ പ്രവര്‍ത്തിക്കുമ്പോഴാണ് കേരളത്തില്‍ നേരിയ പ്രതീക്ഷകള്‍ പോലും രാഷ്ട്രീയ ഇടപെടലുകള്‍ക്ക് കീഴ്പ്പെട്ട് കൊണ്ട് ഇല്ലാതാക്കപ്പെടുന്ന ദയനീയസ്ഥിതി നിലനില്‍ക്കുന്നത്. വനംവകുപ്പിന്റെ തന്നെ നിലനില്‍ക്കുന്ന മാങ്ഗ്രൂവ് റിസര്‍വ്വ് ഫോറസ്റ്റ് എന്ന സംവിധാനത്തിന് തുടര്‍ച്ച വന്നാല്‍, നിലവില്‍ എന്നപോലെ അലക്ഷ്യമായി വെട്ടലും നികത്തലും അനധികൃത നിര്‍മ്മിതികളും സാധ്യമാകില്ല എന്ന തിരിച്ചറിവിന്റെ കൂടിഫലമായാണ് ഈ ഉത്തരവിനെ പരിസ്ഥിതി സംരക്ഷണ രംഗത്തുള്ളവര്‍ ഒന്നാകെ കാണുന്നത്. ഒപ്പം, കണ്ടല്‍ക്കാടുകളെ കേന്ദ്രീകരിച്ച് വരാനിരിക്കുന്ന ടൂറിസം പദ്ധതികളും, അത്തരം പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരുടെ രാഷ്ട്രീയസമ്മർദ്ദമാണ് ഇത്തരത്തിലൊരു ഉത്തരവിന് പിന്നിലുള്ളതെന്ന് പ്രത്യക്ഷത്തില്‍ തന്നെ നിരീക്ഷിക്കാം.