ഗുജറാത്ത്-ഹിമാചൽ തെരഞ്ഞെടുപ്പ്, തിരിച്ചു വരുമോ കോൺഗ്രസ്
ഹിമാചൽ പ്രദേശിൽ ജനങ്ങൾ വിധിയെഴുതി കഴിഞ്ഞു. ഫലം കാത്തിരിക്കുകയാണ്. ഗുജറാത്തിൽ പ്രചാരണം അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ബിജെപി ഭരിക്കുന്ന ഈ രണ്ട് സംസ്ഥാനങ്ങളിലുമാണ് ഈ വർഷത്തെ അവസാന തെരഞ്ഞെടുപ്പ്. തുടക്കം പിഴച്ച കോൺഗ്രസിന് വർഷാവസാനമെങ്കിലും നില മെച്ചപ്പെടുത്താനാകുമോ? ഈ ചോദ്യമാണ് ഈ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളേയും പ്രസക്തമാക്കുന്നത്. പരീക്ഷയുടെ തലേദിവസം വരെ ഉഴപ്പി നടന്നിട്ട് ഫലം വരുമ്പോൾ ഒന്ന് നന്നായി ശ്രമിച്ചിരുന്നെങ്കിൽ മെച്ചപ്പെടുത്താമായിരുന്നു എന്ന് ചിന്തിക്കുന്ന സ്‌കൂൾ കുട്ടിയുടെ അവസ്ഥയിലാകും ഈ രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസ് എന്നാണ് പൊതുവിലുള്ള നിരീക്ഷണം.
ഗുജറാത്ത് പിടിക്കുക എളുപ്പമല്ല. അതിന് ഇപ്പോൾ പാർട്ടി നടത്തുന്ന ഈ ശ്രമങ്ങളൊന്നും മതിയാകില്ല. എന്നാൽ ഹിമാചൽ അത്ര കടുപ്പമായിരുന്നില്ല. ഒന്നിച്ച് നിന്ന് ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കിൽ അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്നു. പഴയ കേരളം പോലെ ഓരോ തവണയും അധികാരം മാറ്റി പരീക്ഷിക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. കോൺഗ്രസ് പാർട്ടിക്ക് ഇപ്പോഴും വേരുകളുളള ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്ന്. ബിജെപി സർക്കാരും മുഖ്യമന്ത്രി ജയ്‌റാം താക്കൂറും നേരിടുന്ന വിരുദ്ധതരംഗം മാത്രം മുതലെടുത്തിരുന്നെങ്കിൽ കോൺഗ്രസിന് അധികാരം ഉറപ്പിക്കാമായിരുന്നു. ആ സാധ്യത തീരെ ഇല്ലെന്നല്ല ഈ പറഞ്ഞതിനർത്ഥം. അൽപം കൂടി ഏകോപനവും ആസൂത്രണവുമുണ്ടായിരുന്നെങ്കിൽ ആ സാധ്യത അരക്കിട്ടുറപ്പിക്കാമായിരുന്നു എന്നാണ് പറഞ്ഞതിന്റെ പൊരുൾ. ഹിമാചൽ തെരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് വിശദമായി കടക്കുന്നതിന് മുമ്പ് അതിനെക്കാൾ രാഷ്ട്രീയ പ്രാധാന്യമുള്ള ഗുജറാത്തിനെ കുറിച്ച് ചിലത് പറയാനുണ്ട്.
മോദിത്വം
ഹിന്ദുത്വവും മോദിത്വവും തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും വിജയിയെ തീരുമാനിക്കുക. അത് അട്ടിമറിക്കാനുള്ള കരുത്ത് കോൺഗ്രസിനോ പഞ്ചാബ് പിടിച്ചെത്തിയ ആംആദ്മി പാർട്ടിക്കൊ ഇല്ല. നരേന്ദ്രഭായി മോദി തന്നെയാണ് ഇപ്പോഴും ഗുജറാത്തിലെ സ്റ്റാർ പ്രചാരകൻ. മോദിക്കു വേണ്ടിയാണ് നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി വോട്ട് ചോദിക്കുന്നത്. പന്ത്രണ്ടര വർഷം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ സ്വാധീനം മറികടക്കാൻ ബിജെപിയിൽ പോലും നേതാക്കളില്ല. അറിയപ്പെടുന്ന മോദിയും അറിയപ്പെടാത്ത മുഖ്യമന്ത്രിമാരും ഇതാണ് ഗുജറാത്തിലെ മോദിത്വം. ഈ മോദിത്വം ഉറപ്പിക്കാനുളള എല്ലാ ശ്രമങ്ങളും ഈ തെരഞ്ഞെടുപ്പിലും ബിജെപി നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് വർഷം സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട പദ്ധതികളും പ്രഖ്യാപിച്ചത് മോദി തന്നെ. അങ്ങനെ ആഴത്തിൽ പതിഞ്ഞ മോദിത്വം തന്നെയാണ് ഇത്തവണയും ബിജെപിയുടെ തുറുപ്പ് ചീട്ട്. ഇതിനൊപ്പം സംഘപരിവാറിന്റെ ഹിന്ദുത്വ പ്രചാരണം കൂടിയാകുമ്പോൾ ഈ തെരഞ്ഞെടുപ്പിലും ബിജെപിക്ക് പ്രതിസന്ധി കൂടാതെ കടന്നു കയറാമെന്നായിരുന്നു അവരുടെ കണക്ക് കൂട്ടൽ.
എന്നാൽ ആ കണക്കുകളിൽ ചില പിശകുകൾ ഇത്തവണ ഉണ്ടായിട്ടുണ്ട്. അപ്രതീക്ഷിതമായി തലപൊക്കിയ വിമതർ തന്നെയാണ് പ്രധാന വെല്ലുവിളി. 182ൽ അൻപതിലധികം സീറ്റുകളിൽ തുടക്കത്തിൽ വിമതരുടെ ശല്യമുണ്ടായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേരിട്ടിറങ്ങിയതോടെ പതിനഞ്ചോളം സീറ്റുകളിൽ നിന്ന് ഇവരെ പിന്തിരിപ്പിക്കാനായി. എന്നാൽ മുപ്പത്തഞ്ചോളം സീറ്റുകളിൽ ഇപ്പോഴും ബിജെപി വിമത പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിൽ പതിനെട്ട് സീറ്റിൽ ജയപരാജയം തീരുമാനിക്കാൻ കഴിയുന്നവരാണ് വിമതരായി എത്തിയിരിക്കുന്നത്. കോൺഗ്രസ് വിട്ടു വന്നവർക്ക് സീറ്റ് നൽകിയതാണ് ബിജെപി നേരിടുന്ന റിബൽ പ്രതിസന്ധിക്കുള്ള പ്രധാന കാരണം. തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ട് ഡസനിലധികം കോൺഗ്രസ് നേതാക്കളാണ് ബിജെപിയിലേക്ക് ചാടിയത്. ഇവർക്കൊ ഇവർ നിർദ്ദേശിച്ചവർക്കോ സീറ്റ് നൽകിയതാണ് കാലങ്ങളായി പാർട്ടിയിൽ നിന്നവരെ ക്ഷുഭിതരാക്കിയത്.
രാഹുലിസം
2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. പ്രവചനങ്ങൾ മറികടന്ന് 77 സീറ്റുകൾ കോൺഗ്രസ് നേടി. അധികാരം പിടിക്കാനായില്ലെങ്കിലും ബിജെപിയിൽ നിന്ന് പതിനാറു സീറ്റുകൾ പിടിച്ചെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞു. ഇതിനുള്ള കാരണം സംസ്ഥാനത്ത് തലങ്ങും വിലങ്ങും രാഹുൽ ഗാന്ധി നടത്തിയ പ്രചാരണമായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഇതുവരെ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. ജോഡോ യാത്രയുടെ തിരക്കിലാണ് രാഹുൽ. അടുത്ത ദിവസങ്ങളിൽ രാഹുൽ എത്തുമെങ്കിലും സംസ്ഥാനത്തെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നടത്തുന്ന പ്രചാരണത്തിന് അത് മറുപടിയാകില്ല. ജോഡോ യാത്ര ഗുജറാത്തിൽ കടക്കാത്തത് വിവാദമായപ്പോൾ പ്രഖ്യാപിച്ച അഞ്ച് മേഖല യാത്രകൾ പുരോഗമിക്കുന്നുണ്ടെങ്കിലും അതൊന്നും സംസ്ഥാനത്ത് പ്രതീക്ഷിച്ച ആവേശം ഉണ്ടാക്കുന്നില്ല എന്നതാണ് പ്രചാരണത്തിലെ മുഖ്യപോരായ്മ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങുമൊക്കെ മുന്നിൽ തന്നെയുണ്ടെങ്കിലും മോദിക്ക് പകരം വയ്ക്കാൻ പ്രഭാവമുള്ള നേതാക്കൾ കോൺഗ്രസിനില്ല.
തരൂരിസം
നാൽപത് നേതാക്കളെയാണ് എഐസിസി ഗുജറാത്തിലെ താര പ്രചാരകരായി നിയോഗിച്ചിരിക്കുന്നത്. പുതുമുഖങ്ങളും യൂത്ത് നേതാക്കളും മുതൽ മുൻ മുഖ്യമന്ത്രിമാർ വരെ ഇക്കൂട്ടത്തിലുണ്ട്. പട്ടികയിലുളള നേതാക്കളെക്കാൾ ഒഴിവാക്കപ്പെട്ട നേതാക്കളുടെ പേരിലാണ് പക്ഷെ ഈ താര പട്ടിക ഇപ്പോൾ വാർത്തയാകുന്നത്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ആയിരത്തിലധികം വോട്ട് നേടിയ ശശി തരൂരിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി. പ്രചാരണത്തിനിറങ്ങാൻ താൽപര്യമില്ലെന്ന് തരൂർ അറിയിച്ചു എന്നായിരുന്നു എഐസിസി ഇതിന് കാരണമായി ആദ്യം പറഞ്ഞത്. തരൂർ ക്യാമ്പ് ഇത് നിഷേധിച്ചതോടെ സംസ്ഥാനം നൽകിയ പട്ടിക എഐസിസി അംഗീകരിക്കുകയായിരുന്നുവെന്ന് നിലപാട് മാറ്റി. ഇതും ശരിയല്ലെന്ന് തെളിഞ്ഞതോടെ മൗനം ഭൂഷണമാക്കി തലയൂരി എഐസിസി നേതൃത്വം. ചില സ്ഥാനാർത്ഥികൾ പ്രചാരണത്തിനായി ക്ഷണിച്ചെങ്കിലും എഐസിസി പട്ടികയിൽ പേരില്ലാത്തതിനാൽ എത്താനാകില്ലെന്ന് വ്യക്തമാക്കി തരൂർ അവരെ മടക്കി. ഗുജറാത്തിൽ മാത്രമല്ല ഹിമാചൽ തെരഞ്ഞെടുപ്പിൽ നിന്നും തരൂരിനെ എഐസിസി അകറ്റി നിറുത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും തരൂരിനെ എഐസിസി പ്രചാരണത്തിന് ഇറക്കിയിരുന്നു. തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചിമബംഗാൾ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ തവണ തരൂർ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
ആംആദ്മികൾ
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് വരെ പ്രധാന ചർച്ച ആംആദ് മി പാർട്ടി ഇത്തവണ ഗുജറാത്തിലുണ്ടാക്കാൻ സാധ്യതയുള്ള വലിയ ചലനമായിരുന്നു. പഞ്ചാബിലെ വലിയ വിജയം ആ ചർച്ചകൾക്ക് ആവേശം പകർന്നു. എന്നാൽ തുടക്കത്തിലുണ്ടായിരുന്ന സ്വീകാര്യതയും സ്വാധീനവും ആംആദ്മിക്ക് ഇപ്പോഴില്ല. താഴെ തട്ടിൽ പ്രവർത്തിക്കാനും മേൽതട്ടിൽ നേതൃത്വം നൽകാനും അവർക്ക് ഗുജറാത്തിൽ ആരുമില്ല. കോൺഗ്രസിന്റെ ചില നഗര കേന്ദ്രങ്ങളിൽ കടന്നു കയറാൻ കഴിഞ്ഞു എന്നതിനപ്പുറം ആംആദ്മിക്ക് ഗുജറാത്തിൽ കാര്യമായ ഒരു ചലനവും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ വർഷം സൂറത്ത് നഗരസഭ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടിയാണ് ആംആദ്മി പാർട്ടി ഗുജറാത്തിൽ വരവ് അറിയിച്ചത്. ഇരുപത്തിയേഴ് സീറ്റുകൾ ആംആദ്മി പിടിച്ചെടുത്തു. ഇത് നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ ചലനങ്ങൾ എഎപി ഉണ്ടാക്കുമെന്ന പ്രതീതിക്ക് വഴിവയ്ക്കുകയും ചെയ്തു. എന്നാൽ അതുണ്ടായില്ല. ഡൽഹിയിലെ പോലെ സൗജന്യ വൈദ്യുതിയും വെള്ളവും ഗുജറാത്തിലും എഎപി വാഗ്ദാനം ചെയ്തു. എന്നാൽ അധികമാരും ഈ സൗജന്യങ്ങൾക്ക് പിന്നാലെ പോയില്ല. ഇതോടെയാണ് കറൻസി നോട്ടിൽ ദൈവങ്ങളുടെ ചിത്രം കൂടി വേണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ തന്നെ മുന്നോട്ട് വച്ചത്. മനീഷ് സിസോദിയ അടക്കമുള്ള നേതാക്കൾക്കെതിരെ ഡൽഹിയിൽ സിബിഐ അന്വേഷണം തുടങ്ങിയത് അവരുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയും തകർത്തു.
പൊതു രാഷ്ട്രീയം
കണക്കുകളിൽ മാത്രമല്ല മുന്നൊരുക്കത്തിലും ബിജെപി തന്നെയാണ് ഗുജറാത്തിൽ ഈ തെരഞ്ഞെടുപ്പിൽ മുന്നിൽ. 2017ൽ അധികാരം പിടിച്ചെങ്കിലും പതിനാറു സിറ്റിങ് സീറ്റുകൾ പാർട്ടിക്ക് നഷ്ടമായി. ഇതിനുള്ള കാരണങ്ങൾ കണ്ടെത്തി അതിന് പ്രതിവിധിയുണ്ടാക്കിയാണ് ബിജെപി ഇത്തവണ ഇറങ്ങിയത്. കഴിഞ്ഞ ചില മേഖലകളിലുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണമായി പാർട്ടി കണ്ടെത്തിയത് മൂന്ന് നേതാക്കളുടെ ഇടപെടലുകളാണ്. പട്ടിദാർ നേതാവ് ഹാർദിക് പട്ടേൽ, ഒബിസി നേതാവ് അൽപേഷ് താക്കൂർ, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി. ഈ മൂന്ന് നേതാക്കളും കോൺഗ്രസിനൊപ്പം ചേർന്ന് നടത്തിയ പ്രചാരണ പോരാട്ടമാണ് 2017ൽ ബിജെപിയുടെ വിജയത്തിന്റെ തിളക്കം കുറിച്ചത്. പട്ടേൽ വിഭാഗത്തിന് ഒബിസി സംവരണം ആവശ്യപ്പെട്ട് പട്ടിദാർ ആനാമത് ആന്തോളൻ സമിതിയുണ്ടാക്കിയാണ് ഹാർദിക് പട്ടേൽ പ്രക്ഷോഭം തുടങ്ങിയത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ഇരുപത്തഞ്ച് വയസ് തികയാത്തത് കൊണ്ട് മത്സരിച്ചില്ല. പട്ടിദാർ സമരത്തെ എതിർത്താണ് ഒബിസി നേതാവ് അൽപേഷ് താക്കൂർ പ്രക്ഷോഭം തുടങ്ങിയത്. പിന്നീട് കോൺഗ്രസ് പാളയത്തിലെത്തി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. 2019ൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപി ടിക്കറ്റിൽ അതേ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു. പക്ഷെ പരാജയപ്പെട്ടു. ഇതോടെ എതാണ്ട് രാഷ്ട്രീയ വനവാസത്തിലായി. ഹാർദിക് പട്ടേലും അൽപേഷ് താക്കൂറും ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിക്കുകയാണ്. മൂന്നാമൻ ജിഗ്‌നേഷ് മേവാനി ഇപ്പോൾ ഗുജറാത്ത് പിസിസി വർക്കിങ് പ്രസിഡന്റാണ്. 2017ൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച് മേവാനി ഈ വർഷമാണ് കോൺഗ്രസിൽ ചേർന്നത്.
ഹാർദിക് പട്ടേലിനേയും അൽപേഷ് താക്കൂറിനേയും ഒപ്പം കൂട്ടിയത് വഴി സംസ്ഥാനത്തെ രണ്ട് പ്രബല വിഭാഗങ്ങളെ കൂടിയാണ് ബിജെപി സ്വന്തം പാളയത്തിലെത്തിച്ചത്. ഗുജറാത്തിൽ 48 ശതമാനമാണ് ഒബിസി. ഇതിൽ തന്നെ 44 ശതമാനം കോലി താക്കൂർ വിഭാഗമാണ്. പതിനൊന്ന് ശതമാനമാണ് പട്ടിദാർമാർ. കാലങ്ങളായി ബിജെപിക്കൊപ്പമായിരുന്ന ഇവർ ഒബിസി സംവരണ ആവശ്യമുന്നയിച്ച് ഹാർദിക് പട്ടേൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതോടെയാണ് ബിജെപിയിൽ നിന്ന് അകന്നത്. അൽപേഷും ഹാർദിക്കും ബിജെപിക്കൊപ്പം എത്തിയപ്പോൾ ഈ രണ്ട് പ്രബല വിഭാഗങ്ങളുടെ പിന്തുണ കൂടിയാണ് പാർട്ടി ഉറപ്പാക്കിയത്. ഭൂപേന്ദ്രഭായി പട്ടേൽ തന്നെ മുഖ്യമന്ത്രിയാകുമെന്ന് അമിത് ഷായുടെ പ്രഖ്യാപനവും പട്ടീദർ വിഭാഗത്തെ ബിജെപിയുയി കൂടുതൽ അടുപ്പിക്കുകയും ചെയ്തു.
ഫലം കാത്തിരിക്കുന്ന ഹിമാചൽ
വർഷാന്ത്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അൽപമെങ്കിലും ആശ്വാസം നൽകുന്നത് ഹിമാചൽ തെരഞ്ഞെടുപ്പിൽ ലഭിച്ച സ്വീകാര്യതയാണ്. മോദിയും അമിത്ഷായും ഹിമാചലിൽ കൊണ്ട് പിടിച്ച് പ്രചാരണം നടത്തിയിട്ടും കോൺഗ്രസ് നേതാക്കളുടെ യോഗങ്ങളിൽ ആൾക്കൂട്ടമെത്തി. പ്രധാനമന്ത്രി പതിനാല് റാലികളും അമിത്ഷാ പതിനെട്ട് റാലികളും നടത്തി. കോൺഗ്രസിന് വേണ്ടി പ്രധാന പ്രചാരകയായെത്തിയ പ്രിയങ്ക വാധ്ര ആറു റാലികൾ മാത്രമാണ് നടത്തിയത്. മോദിയേയും അമിത്ഷായേയും കടന്നാക്രമിക്കുന്ന രാഹുൽ ശൈലി മാറ്റിവച്ച് പ്രാദേശിക വിഷയങ്ങളാണ് റാലികളിൽ പ്രിയങ്ക ഉയർത്തിയത്. തുടർന്ന് സംസ്ഥാന നേതൃത്വവും അത് ഏറ്റെടുത്തു. ആപ്പിൾ കർഷകർ നേരിടുന്ന പ്രതിസന്ധി, ഇറാഖിൽ നിന്നുള്ള ആപ്പിൾ ഇറക്കുമതി, പഴയ പെൻഷൻ പദ്ധതി, തൊഴിലില്ലായ്മ തുടങ്ങി കോൺഗ്രസ് റാലികളിൽ ഉയർത്തിയ വിഷയങ്ങളാണ് ഇത്തവണ ഹിമാചൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിച്ചത്. ബിജെപി മോദിയും ദേശീയതയും പറഞ്ഞപ്പോൾ കോൺഗ്രസ് തീർത്തും പ്രാദേശിക വിഷയങ്ങളിലേക്ക് പോയി. കോൺഗ്രസിന്റെ ഈ തന്ത്രം പ്രചാരണത്തിൽ ഫലപ്രദമായി. പക്ഷെ വോട്ടായി മാറുമോ. അതറിയാൻ കാത്തിരിക്കേണ്ടി വരും. പ്രത്യേകിച്ച് വോട്ടിങ് ശതമാനം വളരെ കുറഞ്ഞ സാഹചര്യത്തിൽ പ്രചാരണ വിഷയങ്ങളെന്തായാലും ഫലം പ്രവചിക്കുക എളുപ്പമല്ല.
നിരീക്ഷണം
ഗുജറാത്തിൽ രാഹുലും ഹൈക്കമാന്റും തുടക്കത്തിലെ വേണ്ട ഇടപെടൽ നടത്താത്തത് ബിജെപി വിരുദ്ധ ചേരിയിൽ അവർക്ക് ക്ഷീണമുണ്ടാക്കും. മോദിയുടെ തട്ടകത്തിൽ അദ്ദേഹത്തെ നേരിടാതെ ബിജെപി വിരുദ്ധ ചേരിയുടെ നേതൃത്വം ഏറ്റെടുക്കാൻ രാഹുലിന് കഴിയില്ല. ഐക്യ പ്രതിപക്ഷത്തിന്റെ നേതൃത്വവും ന്യൂനപക്ഷ പിന്തുണയും കോൺഗ്രസിന് നഷ്ടമാകാൻ ഇത് വഴിവയ്ക്കും.