TMJ
searchnav-menu
post-thumbnail

Outlook

ഗുജറാത്ത്: ബിജെപി ചരിത്ര വിജയം നേടിയാൽ അത് ആരുടെ പരാജയം?

07 Dec 2022   |   1 min Read
ടി ജെ ശ്രീലാൽ

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടുമെന്നാണ് പ്രവചനങ്ങൾ. ബിജെപിക്ക് 110 മുതൽ 151 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനങ്ങൾ. കോൺഗ്രസിന് 16 മുതൽ 60 വരെ. ആംആദ്മി പാർട്ടിക്ക് 9 മുതൽ 13 വരേയും. പല ചാനലുകളുടേയും പ്രവചനം പല വിധമാണ്. അതിന് അവർ കാരണം നിരത്തി ന്യായീകരണവും നൽകുന്നുണ്ട്. പ്രവചനങ്ങൾ പലപ്പോഴും തെറ്റിപോകാറുണ്ട്. ചിലപ്പോൾ പ്രവചിച്ചതിന് അടുത്ത് പോലും എത്തില്ല യഥാർത്ഥ ഫലം. എന്നാൽ ചിലപ്പോഴെങ്കിലും അത് പ്രവചനങ്ങളെയെല്ലാം മറികടന്ന് അതിശയിപ്പിക്കുന്ന, അവിശ്വസനീയ കണക്കുകളിൽ എത്തിയിട്ടുമുണ്ട്. പ്രവചനങ്ങളുടെ ശരിയുടേയും തെറ്റുകളുടേയും കണക്കെടുപ്പല്ല നമ്മൾ നടത്തുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവചനങ്ങൾ ഈ രീതിയിലാകാനുള്ള കാരണമാണ് പരിശോധിക്കുന്നത്. ഗുജറാത്തിൽ പ്രവചനങ്ങൾ ഫലിക്കുമോ? കണക്കുകൾ മാറി മറിഞ്ഞാലും പ്രവചന ഫലങ്ങൾ പോലെ ബിജെപി തന്നെ അധികാരത്തിലെത്തുമോ? ഈ ചോദ്യത്തിന് മറുപടി പറയാൻ ബിജെപിക്കോ, കോൺഗ്രസിനോ, ഗുജറാത്തിൽ പുതുതായി ഉദയം ചെയ്ത ആംആദ്മി പാർട്ടിക്കോ എക്സിറ്റ് പോൾ ഫലമോ മറ്റ് കൂട്ടികിഴിക്കലുകളുടെ ആവശ്യമേ ഇല്ല. ഒരുപക്ഷെ ഗുജറാത്ത് രാഷ്ട്രീയം കൗതുകത്തിനെങ്കിലും പിന്തുടരുന്നവർക്ക് പോലും വ്യക്തമാണ് ഗുജറാത്തിൽ ഇത്തവണയും ബിജെപി അധികാരം നിലനിർത്തുമെന്നകാര്യം. ഈ വ്യക്തതയ്ക്ക് കാരണം ഗുജറാത്തിലെ ബിജെപി സർക്കാരിന്റെ ഭരണനേട്ടമൊന്നുമല്ല. മറിച്ച് ബിജെപിയെ ചെറുത്ത് തോൽപ്പിക്കാൻ അവിടെ പ്രതിപക്ഷത്തിന് കരുത്തില്ല എന്നതാണ്.

ബിജെപിയും നൂറിൽ കൂടുതൽ സീറ്റും

തുടർച്ചയായ ഏഴാം തവണയാണ് ഗുജറാത്തിൽ ബിജെപി അധികാരം നിലനിർത്താൻ പോകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് 99 സീറ്റുകളായിരുന്നു. കോൺഗ്രസിന് 77 സീറ്റുകളും ലഭിച്ചു. 2017 തെരഞ്ഞെടുപ്പ് ഫലം ഇരുപാർട്ടികളുടെ ബലാബലത്തിന്റെ കണക്കെടുപ്പ് മാത്രമായിരുന്നില്ല. അത് ആ തെരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്തിലുയർന്ന മറ്റ് ചില സാമൂഹിക പ്രതിഷേധങ്ങളുടെ കൂടി പ്രതിഫലനമായിരുന്നു. പട്ടേൽ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ഹാർദ്ദിക് പട്ടേൽ നടത്തിയ പട്ടീദാർ സമരവും ജിഗ്നേഷ് മേവാനിയുടേയും അൽപേഷ് താക്കോറിന്റെയുമൊക്കെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ആ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. അതാണ് ബിജെപിയെ നൂറിന് താഴെയെത്തിച്ചതും കോൺഗ്രസിന് 77 ലേക്ക് എടുത്തുയർത്തിയതും. അതുകൊണ്ട് തന്നെ 2012 ലെ കക്ഷി നിലകൂടി പരിശോധിക്കേണ്ടതുണ്ട്. 2012 ൽ ബിജെപിക്ക് 116 സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസിനാകട്ടെ 60 തും.

ഹാർദ്ദിക് പട്ടേൽ | photo : ani

ഇനി ഇത്തവണത്തെ തെരഞ്ഞെടുപ്പിലേക്ക് വന്നാൽ 2017 ലെ സാമൂഹിക പശ്ചാത്തലം ഇപ്പോഴില്ല. പട്ടിദാർ സമരമില്ല എന്ന് മാത്രമല്ല അന്ന് ബിജെപിയുടെ അടിത്തറ ഇളക്കിയ പ്രക്ഷോഭം നടത്തിയ ഹാർദ്ദിക് പട്ടേൽ ഇന്ന് ബിജെപി സ്ഥാനാർത്ഥിയാണ്. അൽപേഷ് താക്കോറും ഇന്ന് ബിജെപിയിലാണ്. അന്ന് ബിജെപിയെ വിറപ്പിച്ച ജിഗ്നേഷ് മേവാനി മാത്രമാണ് ഇന്ന് പ്രതിപക്ഷ നിരയിലുള്ളത്. അദ്ദേഹം കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. ദളിത് പിന്നാക്ക മേഖലകളിൽ ഇപ്പോഴും ജിഗ്നേഷിന്റെ സ്വാധീനത്തിൽ കുറവില്ല. പക്ഷെ ആ മേഖലകളിൽ കോൺഗ്രസിന് സ്വാധീനം കുറഞ്ഞു. ഒരുകാര്യം ഉറപ്പിക്കാം. 2017 ലെ ബിജെപിയല്ല 2022 ലെ തെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപി. അന്ന് അനിശ്ചിതത്വങ്ങൾക്ക് നടുവിലായിരുന്നു ബിജെപി. ഗുജറാത്ത് രാഷ്ട്രീയത്തിലും അവിടുത്തെ ബിജെപിയിലും നിർണ്ണായക സ്വാധീനമുള്ള പട്ടേൽ വിഭാഗം അന്ന് പൂർണ്ണമായും ബിജെപിക്കൊപ്പമായിരുന്നില്ല. ഹാർദ്ദിക് പട്ടേലിന്റെ അളവറ്റ വളർച്ചയിൽ അരിശം മൂത്ത പട്ടേലുമാർ മാത്രമായിരുന്നു അന്ന് ബിജെപിക്കൊപ്പമുണ്ടായിരുന്നത്. ഇന്ന് കഥമാറിയെന്ന് മാത്രമല്ല 2017 ൽ നടത്തിയ വീറും വാശിയോടുമുള്ള പ്രചാരണം നടത്താൻ പോലും ഗുജറാത്തിൽ കോൺഗ്രസിന് ഇത്തവണ കഴിഞ്ഞിട്ടില്ല. ഇത് തന്നെയാണ് ബിജെപിക്ക് ആത്മവിശ്വാസം പകരുന്ന കാരണങ്ങളിൽ പ്രധാനം. ഇന്ത്യ ടുഡെ പോൾ പ്രവനചനമാണ് ബിജെപിക്ക് ഏറ്റവും അധികം സീറ്റുകൾ നൽകിയിരിക്കുന്നത്. 129 മുതൽ 151 വരെ എന്നാണ് അവരുടെ പ്രവചനം. ബിജെപി സംസ്ഥാന ദേശീയ നേതൃത്വം പോലും 151 സീറ്റുകൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും 2012 ലെ 116 എന്ന കണക്ക് മറികടക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ കണക്കിലെടുത്താൽ ഇത് ബിജെപിക്ക് അപ്രാപ്യമല്ല.

കോൺഗ്രസും പതനവും.

ബിജെപിയുടെ വളർച്ച പരിശോധിക്കണമെങ്കിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പും 2012 ലെ തെരഞ്ഞെടുപ്പും താരതമ്യം ചെയ്യണമെന്ന് നേരത്തെ പറഞ്ഞത് തന്നെ ആവർത്തിക്കുന്നു. കോൺഗ്രസിന്റെ കാര്യത്തിലും അത് തന്നെ വേണം. 2017 ൽ കോൺഗ്രസിന് 77 സീറ്റുകൾ ലഭിച്ചു. അത് പക്ഷെ പാർട്ടിക്കു കിട്ടിയ അംഗീകാരം മാത്രമായിരുന്നില്ല. ഹാർദ്ദിക് പട്ടേലിന്റെ പട്ടീദാർ പ്രക്ഷോഭത്തിന്റെയും മറ്റ് പ്രതിഷേധങ്ങളുടേയും ഗുണം കോൺഗ്രസിന് ലഭിച്ചത് കൊണ്ട് കൂടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിൽ ഗുജറാത്തിൽ ബിജെപിക്കെതിരെ ഉയർന്ന തരംഗം മുതലെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞു എന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. സംസ്ഥാനത്തെ ബിജെപി വിരുദ്ധ വികാരം അനുകൂലമാക്കാൻ രാഹുൽ ഗാന്ധി തന്നെ മുൻനിരയിലുണ്ടായിരുന്നു. ഗുജറാത്തിലെ എല്ലാ മേഖലകളിലും രാഹുൽ എത്തി. മോദിക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും രാഹുൽ ഗാന്ധി സംസ്ഥാനത്താകെ ഓടി നടന്ന് പ്രചാരണം നടത്തി. ഇത്തവണ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുന്നേ തുടങ്ങിയ ജോഡോ നടത്തത്തിൽ നിന്ന് അവധിയെടുത്ത് ഗുജറാത്തിൽ എത്തി മടങ്ങുക മാത്രമാണ് രാഹുൽ ചെയ്തത്. ഗുജറാത്തിൽ പ്രാദേശിക നേതാക്കളുടെ പേരിലല്ല ബിജെപി വോട്ട് ചോദിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണ്. ആ പ്രചാരണം മറികടക്കാൻ കോൺഗ്രസിന് ഉയർത്തികാട്ടാനുളള ഏക പേര് രാഹുൽ ഗാന്ധിയാണ്. എന്നിട്ടും രാഹുൽ ജോഡോ യാത്രയുടെ പേരിൽ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സജീവമാകാതെ മാറി നിന്നു എന്നതാണ് വസ്തുത.

രാഹുൽ ഗാന്ധി : photo: pti

രാജ്യത്തെ ഒന്നിപ്പിക്കാൻ അഞ്ച് മാസം നീളുന്ന ജോഡോ യാത്ര സംഘടിപ്പിച്ച എഐസിസി നേതൃത്വം പക്ഷെ ആ ജോഡോ യാത്രയെ അതിപ്രധാന തെരഞ്ഞെടുപ്പ് നടക്കാനിരുന്ന ഗുജറാത്ത് വഴി നടത്തിക്കാൻ മറന്നു. അല്ലെങ്കിൽ മനഃപൂർവ്വം വേണ്ടെന്ന് വച്ചു. ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയുടെ അഭാവം മാത്രമല്ല ഗുജറാത്തിൽ കോൺഗ്രസിന്റെ പ്രചാരണത്തിന്റെ മുനയൊടിച്ചത്. ജോഡോ യാത്ര വിജയിപ്പിക്കാൻ ദേശീയ നേതാക്കൾക്കൊപ്പം ഗുജറാത്തിലെ നേതാക്കളും രാഹുലിനൊപ്പം നടന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷമാണ് സംസ്ഥാന നേതാക്കൾ പോലും സജീവമായത്. അതാകട്ടെ സീറ്റിന് വേണ്ടിയുള്ള മത്സരത്തിലാണ് ചെന്നെത്തിയത്. ജോഡോ യാത്ര ഗുജറാത്തിൽ പ്രവേശിക്കാത്തത് തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായതോടെ ഗുജറാത്തിൽ പകരം അഞ്ച് മേഖലാ യാത്രകൾ പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ യാത്രകൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി സച്ചിൻ പൈലറ്റ് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ ചരട് വലി തുടങ്ങിയതോടെ മുഖ്യമന്ത്രി അശോക് ഗലോട്ട് ജയ്പൂർ വിട്ട് എങ്ങും പോകാതെയായി. ഇതോടെ ഗുജറാത്തിലെ ഗലോട്ടിന്റെ പ്രചാരണ പദ്ധതികളും താറുമാറായി. ഇനി ചോദ്യം 2012 ൽ നേടിയ 60 സീറ്റ് കോൺഗ്രസിന് ഇത്തവണ നേടാനാകുമോയെന്നതാണ്. സാധിക്കില്ലെന്ന് ഉറപ്പിക്കുന്നതാണ് പോൾ പ്രവചനങ്ങൾ. അൻപത് സീറ്റ് പരമാവധിയെന്നാണ് പ്രവചനങ്ങൾ. അതുപോലെ ഉറപ്പിക്കാൻ സംസ്ഥാന നേതാക്കളിൽ ചിലർ തയ്യാറല്ല.

ആംആദ്മി വരവ് അറിയിക്കുമോ

പഞ്ചാബ് പിടിച്ചതിന്റെ ആവേശവുമായിട്ടാണ് ആംആദ്മി പാർട്ടിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഗുജറാത്തിലേക്ക് പടയോട്ടം തുടങ്ങിയത്. ബിജെപിയേയും കോൺഗ്രസിനേയും പരാജയപ്പെടുത്തി വന്നവരവിൽ തന്നെ അധികാരം പിടിക്കുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിക്കുകയും ചെയ്തു. വരവെല്ലാം ഗംഭീരമായിരുന്നെങ്കിലും അത് തുടർന്ന് കൊണ്ട് പോകാൻ ആംആദ്മിക്ക് കഴിഞ്ഞില്ല. വന്ന വരവിൽ കോൺഗ്രസ് കോട്ടകളിലേക്ക് കടന്ന് കയറാൻ കെജ്‌രിവാളിനും കൂട്ടർക്കും കഴിഞ്ഞു. കോൺഗ്രസിന്റെ ഉറച്ച വോട്ടു ബാങ്കുകളായ ന്യൂനപക്ഷ ദളിത് മേഖലകളിൽ വലിയ സ്വീകാര്യതയാണ് ആംആദ്മി പാർട്ടിക്ക് ലഭിച്ചത്. എന്നാൽ ആദ്യ ആവേശം അധികം നീണ്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചാരണം നഗരങ്ങളിൽ നിന്ന് ഗ്രാമീണ മേഖലകളിലേക്ക് കടന്നതോടെ ആംആദ്മി പാർട്ടിയുടെ ആവേശം ആറിത്തണുത്തു. പാർട്ടിയുടേയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും പേരും പെരുമയും അറിയാത്ത ഗ്രാമീണരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ പോലും ആംആദ്മിക്ക് പ്രാദേശിക തലത്തിൽ നേതാക്കളില്ല എന്നതായിരുന്നു ആദ്യം നേരിട്ട പ്രതിസന്ധി. ഇത് മറികടക്കാൻ കെജ്‌രിവാൾ കണ്ട കുറുക്കു വഴിയായിരുന്നു ഹിന്ദുത്വത്തെ കൂട്ടുപിടിച്ചുള്ള പ്രഖ്യാപനങ്ങൾ. എന്നാൽ ഹിന്ദുത്വത്തിന്റെ കുത്തക ബിജെപിയിൽ നിന്ന് പിടിച്ചെടുക്കാൻ അരവിന്ദ് കെജ്‌രിവാളിന്റെ ഈ തന്ത്രം പരാജയപ്പെട്ടു. അതാണ് പ്രതാപവും പ്രസക്തിയും നഷ്ടപ്പെട്ട കോൺഗ്രസിനെ പോലും മറികടക്കാൻ ഗുജറാത്തിൽ ആംആദ്മി പാർട്ടിക്ക് കഴിയില്ലെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്കുള്ള കാരണം. കാലങ്ങളായി ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റ് മുട്ടിയിരുന്ന ഗുജറാത്തിൽ തൃകോണ മത്സരം എന്ന പ്രചാരണവുമായിട്ടാണ് എഎപി എത്തിയത്. ഇത് സാധിച്ചില്ലെന്ന് മാത്രമല്ല 182 അംഗ സഭയിൽ ഇരട്ട അക്കം തികയ്ക്കാൻ പോലും ആംആദ്മിക്ക് കഴിയില്ലെന്നാണ് മിക്ക പ്രവചനങ്ങളും പറയുന്നത്. ആംആദ്മി പാർട്ടിക്ക് ഏറ്റവും അധികം സീറ്റ് പ്രവചിക്കുന്നത് ജൻ കി ബാത് സർവ്വേയാണ്. പതിമൂന്ന് സീറ്റ്. ഇരുപത് ശതമാനം വോട്ടാണ് ആംആദ്മി പാർട്ടിക്ക് പ്രവചിക്കുന്നത്. അധികാരം പിടിക്കാനെത്തിയതാണെന്ന കഥമറന്നാൽ തുടക്കക്കാർ എന്ന നിലയ്ക്ക് ഈ വോട്ട് ശതമാനം മോശമല്ല. കാരണം പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് ലഭിക്കാനിടയുള്ളത് ആകെ 26 ശതമാനം വോട്ടാണെന്നാണ് പ്രവചനം.

ആംആദ്മിക്ക് ഇപ്പോഴുള്ളത് 34 ശതമാനം ന്യൂനപക്ഷങ്ങളുടെ പിന്തുണ മാത്രമാണ്. ബാക്കിയുള്ളവർ കോൺഗ്രസിലേക്ക് തന്നെ മടങ്ങിപോയി. ആംആദ്മി പാർട്ടിയെ വിശ്വസിച്ച് ഒപ്പം ഇറങ്ങിയത് മണ്ടത്തരമായിപ്പോയെന്ന് തിരിച്ചറിഞ്ഞാണ് ഇവർ തിരികെ കോൺഗ്രസിലേക്ക് മടങ്ങിയത്.

ആംആദ്മിയുടെ വരവ് ആർക്ക് ഗുണം?

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിത്. ഗുജറാത്തിൽ മാത്രമല്ല ബിജെപിയും കോൺഗ്രസും നേരിട്ടേറ്റ് മുട്ടുന്ന ഹിമാചൽ അടക്കമുളള സംസ്ഥാനങ്ങളിലും ഇതേ ചോദ്യം അവശേഷിക്കുന്നു. ആംആദ്മി പാർട്ടി ഡൽഹിക്കു പുറത്തേക്ക് ഇറങ്ങിയാൽ അത് രണ്ട് പാർട്ടികൾ ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ ബിജെപി ഇതര വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കും. ഇത് ആർക്കും സംശയമില്ലാത്ത പൊതു തത്വമാണ്. ആംആദ്മി പാർട്ടിയെന്നല്ല മറ്റേത് പാർട്ടിയായാലും രണ്ട് പാർട്ടികൾ മത്സരിക്കുന്നിടത്ത് മത്സരത്തിനിറങ്ങിയാൽ അതിന്റെ ഗുണം ലഭിക്കുക പൊതുശത്രുവിനാകും. ഉത്തർപ്രദേശിലും ബീഹാറിലും മറ്റും ന്യൂനപക്ഷ കേന്ദ്രങ്ങളിൽ ഇത്തരം മത്സരം ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കി കൊടുത്തിട്ടുമുണ്ട്. അസറുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഉത്തർപ്രദേശിലും ബീഹാറിലും മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ മൂന്നാംകക്ഷിയായി മത്സരിച്ചപ്പോൾ വിജയം ബിജെപിക്കായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചപ്പോൾ ഭൂരിപക്ഷ സമുദായ വോട്ടുകൾ ബിജെപിക്കൊപ്പം നിന്നു. അതാണ് ആ വിജയങ്ങൾക്ക് കാരണമായത്. അതേ പ്രതിസന്ധി ഗുജറാത്തിലുമുണ്ടാകുമെന്നായിരുന്നു ആദ്യ കണക്ക് കൂട്ടൽ. എന്നാൽ അത് തെറ്റുമെന്നാണ് തെരഞ്ഞെടുപ്പ് പ്രവചന ശാസ്ത്ര മേഖലയിലെ ചില പ്രമുഖർ അഭിപ്രായപ്പെടുന്നത്. അതായത് ഗുജറാത്തിൽ ആംആദ്മി പാർട്ടി മത്സരിച്ചതിന്റെ ഗുണം ബിജെപിക്ക് ലഭിക്കില്ല എന്നാണ് ഇവർ ചൂണ്ടികാട്ടുന്നത്. തെറ്റിപ്പോയിട്ടില്ല. ആംആദ്മി പാർട്ടിയുടെ വരവ് ഗുജറാത്തിൽ സർക്കാരിനല്ല പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസിനാണ് ഗുണം ചെയ്യുക എന്നത് തന്നെയാണ് പറഞ്ഞത്. അത് എങ്ങനെ എന്നതാണ് ചോദ്യമെങ്കിൽ വിശദീകരിക്കാം. ഗുജറാത്തിൽ ബിജെപി വോട്ട് ചോദിക്കുന്നത് സംസ്ഥാന സർക്കാരിന്റെ വികസന ഭരണത്തിന്റെ പേരിലോ മുഖ്യമന്ത്രിയുടെ പേരിലോ അല്ല. ബിജെപി അധികാരത്തിൽ തുടരുന്ന കഴിഞ്ഞ ആറു തെരഞ്ഞെടുപ്പിലെന്ന പോലെ ഇത്തവണയും അവർ വോട്ട് ചോദിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണ്. അതുകൊണ്ട് തന്നെ ഭരണവിരുദ്ധ വികാരമല്ല മോദി അനുകൂല വികാരമാണ് ഭൂരിപക്ഷം വോട്ടർമാരേയും സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ 1995 മുതൽ തുടർച്ചയായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിയുടെ വോട്ട് ശതമാനത്തിൽ ഇത്തവണയും കുറവ് വരില്ലെന്നാണ് പ്രവചനങ്ങൾ.

representational image | photo : pti

ആംആദ്മി പാർട്ടിയുടെ വരവ് ബിജെപിക്ക് ദോഷം ചെയ്യില്ലെങ്കിലും കോൺഗ്രസിന് ഗുണം ചെയ്യുന്നത് എങ്ങനെയാണെന്ന ചോദ്യം അപ്പോഴും ബാക്കിയാകുന്നു. അതിലേക്ക് വരാം. ആംആദ്മി പാർട്ടി ഗുജറാത്തിൽ പ്രചാരണം തുടങ്ങിയപ്പോൾ അവർക്ക് പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് ലഭിച്ചത്. കോൺഗ്രസിൽ പ്രതീക്ഷ നഷ്ടപ്പെട്ട ന്യൂനപക്ഷങ്ങൾ അവർക്കൊപ്പം ചേർന്നു. ആംആദ്മി പാർട്ടിയെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിൽ നടത്തിയ സർവ്വേയിൽ ആംആദ്മി പാർട്ടിക്ക് ലഭിച്ചത് 50 ശതമാനത്തിലധികം പിന്തുണയാണ്. അന്ന് കോൺഗ്രസിന് ലഭിച്ചത് 30 ശതമാനം പിന്തുണയും. എന്നാൽ അതിപ്പോൾ പഴങ്കഥയാണ്. ആംആദ്മിക്ക് ഇപ്പോഴുള്ളത് 34 ശതമാനം ന്യൂനപക്ഷങ്ങളുടെ പിന്തുണ മാത്രമാണ്. ബാക്കിയുള്ളവർ കോൺഗ്രസിലേക്ക് തന്നെ മടങ്ങിപോയി. ആംആദ്മി പാർട്ടിയെ വിശ്വസിച്ച് ഒപ്പം ഇറങ്ങിയത് മണ്ടത്തരമായിപ്പോയെന്ന് തിരിച്ചറിഞ്ഞാണ് ഇവർ തിരികെ കോൺഗ്രസിലേക്ക് മടങ്ങിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തിയ ചില പ്രഖ്യാപനങ്ങളും മുസ്ലീം സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ആംആദ്മിയുടെ നിലപാടുമാണ് ഇതിന് കാരണമായി ചൂണ്ടികാട്ടുന്നത്. കറൻസി നോട്ടിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണമെന്ന കെജ്‌രിവാളിന്റെ ആവശ്യമാണ് അതിലൊന്ന്. ഏകീകൃത വ്യക്തി നിയമം കൊണ്ട് വരുന്നതിന് എഎപി അനുകൂലമാണ് എന്നതാണ് രണ്ടാമത്തെ കാരണം. ബിൽകിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച വിഷയത്തിൽ കെജ്‌രിവാളും എഎപിയും പ്രതികരിക്കാതിരിക്കുക കൂടി ചെയ്തതോടെ ആംആദ്മിക്കൊപ്പം ഇറങ്ങിയ ന്യൂനപക്ഷങ്ങൾ ഒന്നടങ്കം തിരികെ പോയി. ഡൽഹിയിലെ കോസ്മോപൊളിറ്റൻ രാഷ്ട്രീയം സംസ്ഥാനങ്ങളിൽ അത്ര വേഗം ചിലവാകില്ലെന്ന തിരിച്ചറിവാകും പ്രവചനങ്ങൾ സത്യമായാൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് അരവിന്ദ് കെജ്‌രിവാളിന് നൽകുക.

ഗുജറാത്തിൽ ആകെ ജനസംഖ്യയുടെ പത്തു ശതമാനം വരും മുസ്ലീം ന്യൂനപക്ഷങ്ങൾ. പത്തു ശതമാനത്തിനടുത്ത് ദളിതരും അതേ പത്തുശതമാനത്തിനടുത്ത് ആദിവാസികളുമുണ്ട്. ഇതിൽ ഇരുപത് ശതമാനത്തിന്റെ, അതായത് മുസ്ലീം ദളിത് സമുദായത്തിന്റെ വലിയ പിന്തുണ ലഭിച്ചിട്ടും കോൺഗ്രസിന് ചരിത്ര പരാജയവും, ഇവരുടെ പിന്തുണ ഇല്ലാതെ ബിജെപിക്ക് ചരിത്ര വിജയവും ലഭിക്കുമെന്നാണ് പ്രവചനങ്ങൾ പറയുന്നത്. പ്രവചനങ്ങൾ സത്യമായാൽ, ഈ വിഭാഗം രാഷ്ട്രീയമായി ഒറ്റപ്പെടുന്നതിന് കൂടിയാകും ഈ തെരഞ്ഞെടുപ്പും, കോൺഗ്രസ് നേതൃത്വത്തിന്റെ കഴിവ്കേടും, ആംആദ്മി പാർട്ടിയുടെ അവസരവാദ രാഷ്ട്രീയവും വഴിവയ്ക്കുക.

Leave a comment