TMJ
searchnav-menu
post-thumbnail

Outlook

ഉന്നത വിദ്യാഭ്യാസം: ഫെഡറലിസത്തില്‍ അധിഷ്ഠിതമാണ് ഭരണഘടനയുടെ വീക്ഷണം

06 Dec 2022   |   1 min Read
പി രാജീവ്‌

ഞാന്‍ എം പി ആയിരുന്ന കാലത്താണ് ബുന്ദേൽഖണ്ഡ് സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള ബില്‍ അവതരിപ്പിക്കപ്പെടുന്നത്. ആ ബില്ലിനെ എതിര്‍ക്കാന്‍ കഴിഞ്ഞത് അക്കാലത്തെ ഏറ്റവും ആവേശകരമായ അനുഭവങ്ങളില്‍ ഒന്നായിരുന്നു. ഒരു സംസ്ഥാനത്ത് സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് പാര്‍ലമെന്റിന് അധികാരമില്ലെന്ന കാര്യം അടിസ്ഥാനമാക്കിയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. 'വിദ്യാഭ്യാസം' ഭരണഘടനയില്‍ (ഏഴാം പട്ടികയിലെ) സമവര്‍ത്തി ലിസ്റ്റില്‍ ആണ് സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാല്‍, സര്‍വ്വകലാശാലകളുടെ സ്ഥാപനവും നിയന്ത്രണവും സംസ്ഥാന പട്ടികയിലെ 32-ാം ഇനമായിട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ദേശീയ പ്രാധാന്യമുള്ള സര്‍വ്വകലാശാലകള്‍ സ്ഥാപിക്കാനുള്ള നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിന് പാര്‍ലമെന്റിന് അധികാരമുണ്ട്. യൂണിയന്‍ പട്ടികയിലെ 64-ാം ഇനമായി ഇക്കാര്യം ഉള്‍പ്പെടുത്തിട്ടുണ്ട്.

സംസ്ഥാന സര്‍വ്വകലാശാകളുമായി ബന്ധപ്പെട്ട നിയമം നിര്‍മ്മിക്കാനുള്ള അധികാരം പാര്‍ലമെന്റിനില്ല എന്ന തീര്‍പ്പിലാണ് അന്നത്തെ വാദ പ്രതിവാദങ്ങള്‍ എത്തിച്ചേര്‍ന്നത്. ഇപ്പോഴാകട്ടെ ഈ കാര്യത്തിന് മുമ്പത്തേക്കാള്‍ പ്രാധാന്യം വന്നുചേര്‍ന്നിരിക്കുകയാണ്. കേരള സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീം കോടതി വിധിയും അതിനെ ചുറ്റിപ്പറ്റിയുണ്ടായ സംഭവങ്ങളും തന്നെ കാരണം.

representation image: pti

ഈ വര്‍ഷം, ഗംഭീര്‍ധന്‍ കെ ഗധ്വി കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് ശ്രദ്ധേയമായൊരു വിധിയുണ്ടായി. സംസ്ഥാന നിയമങ്ങളുടെയും മുകളിലാണ് യുജിസി ചട്ടങ്ങളുടെ സ്ഥാനം എന്ന്, ഭരണഘടനയിലെ 254-ാം വകുപ്പ് വ്യാഖ്യാനിച്ച് കൊണ്ട് കോടതി വിധിച്ചു. പക്ഷെ, സുപ്രീം കോടതിയുടെ തന്നെ മുമ്പത്തെ വിധിയുമായി ഇതിന് വൈരുധ്യമുണ്ട്. 2015 ലെ കല്യാണി മതിവനന്‍ കേസില്‍, യുജിസി ചട്ടങ്ങള്‍ കേന്ദ്ര സര്‍വ്വകലാശാലകള്‍ക്ക് നിര്‍ബന്ധവും സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശകവും മാത്രമാണ് എന്ന് സുപ്രീം കോടതി തന്നെ വിധിച്ചിരുന്നു. കോടതിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു:

(iii) കേന്ദ്ര സര്‍വ്വകലാശാലകള്‍, യുജിസി വഴി ചെലവുകള്‍ നടത്തുന്ന, സര്‍വ്വകലാശാലയ്ക്ക് തുല്യമായ സ്ഥാപനങ്ങള്‍ക്ക് കീഴിലെ കോളേജുകള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ക്കും മറ്റ് അക്കാദമിക ജീവനക്കാര്‍ക്കും 2010 ലെ യുജിസി ചട്ടങ്ങള്‍ നിര്‍ബന്ധമായും ബാധകമാണ്.

(iv) സംസ്ഥാന നിയമങ്ങളുടെ പരിധിയില്‍ വരുന്ന കോളേജുകള്‍, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ 2010 ലെ യുജിസി ചട്ടങ്ങള്‍ നിര്‍ദ്ദേശകം ആണ്. അവിടത്തെ രീതികള്‍ രൂപീകരിച്ച് നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാരിന് വിട്ടിരിക്കുന്നു എന്നതാണ് കാരണം. അതിനാല്‍, 2010 ലെ യുജിസി ചട്ടങ്ങള്‍ പകുതി നിര്‍ബന്ധവും പകുതി നിര്‍ദ്ദേശകവും ആണ്.

ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയുടെ നിലവാരം നിശ്ചയിക്കുന്നതിനും സഹകരണത്തിനുമായി കേന്ദ്ര സര്‍ക്കാരിന് നിയമം നിര്‍മ്മിക്കാം. ഭരണഘടനയുടെ ഏഴാം പട്ടികയില്‍ യൂണിയന്‍ ലിസ്റ്റില്‍, 66-ാമത്തെ ഇനമായി ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗംഭീര്‍ധന്‍ കെ ഗധ്വി കേസിലെ വിധി വരും വരെ ഇതായിരുന്നു രാജ്യത്തെ നിയമം. ഈ വര്‍ഷം തന്നെ ഡോ. ജെ വിജയന്‍ കേസിലും കല്യാണി മതിവനന്‍ കേസിലെ നിരീക്ഷണം സുപ്രീം കോടതി ആവര്‍ത്തിക്കുകയും ചെയ്തു. വിധിയുടെ 30-ാം ഖണ്ഡികയില്‍ കോടതി ഇങ്ങനെ പറയുന്നു:

"വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിയമം നിര്‍മ്മിക്കുവാന്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട്, യുജിസി ചട്ടങ്ങള്‍ സ്വീകരിക്കാനോ പാലിക്കാനോ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരല്ല. 1956 ലെ യുജിസി നിയമത്തിന്റെ 26-ാം വകുപ്പ് പ്രകാരം നിര്‍മ്മിച്ച ചട്ടങ്ങള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍, സ്വാഭാവികമായും അവര്‍ അത് പാലിക്കേണ്ടതായി വരുന്നു."

ഈ വിധികള്‍ക്ക് കടക വിരുദ്ധമായ നിലയിലാണ് യുജിസി ചട്ടങ്ങള്‍ നിര്‍ബന്ധമായും പിന്തുടരണമെന്ന സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി. ഇത്തരമൊരു വ്യാഖ്യാനം ഫെഡറലിസവുമായി ബന്ധപ്പെട്ട് ഗൗരവമേറിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. സമവര്‍ത്തി ലിസ്റ്റില്‍ പറയുന്ന കാര്യങ്ങളില്‍, ഏതൊരു സംസ്ഥാന നിയമത്തെയും കേന്ദ്ര സര്‍ക്കാരിന് റദ്ദാക്കാനോ മാറ്റുവാനോ കഴിയുമെന്നാണ് വിധി പറയുന്നത്.

representational image

ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയുടെ നിലവാരം നിശ്ചയിക്കുന്നതിനും സഹകരണത്തിനുമായി കേന്ദ്ര സര്‍ക്കാരിന് നിയമം നിര്‍മ്മിക്കാം. ഭരണഘടനയുടെ ഏഴാം പട്ടികയില്‍ യൂണിയന്‍ ലിസ്റ്റില്‍, 66-ാമത്തെ ഇനമായി ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഇനം, സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട് എല്ലാ അധികാരങ്ങളും കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നില്ല. 66-ാം ഇനം (കരട് ഭരണഘടനയില്‍ 57A) അവതരിപ്പിക്കുന്ന വേളയില്‍ ഡോ. അംബേദ്കർ ഇങ്ങനെ പറയുകയുണ്ടായി:

"പ്രവിശ്യകളിലെ ഗവേഷണ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്നതിനും അവയുടെ നിലവാരം താഴുന്നത് തടയുന്നതിനും മാത്രമുള്ള അധികാരമാണ് 57A കേന്ദ്രത്തിന് നല്‍കുന്നത്."

ഡോ പി എസ് ദേശ്മുഖ് ചര്‍ച്ചയില്‍ പങ്കെടുക്കുകയും പ്രസക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. നിലവിലെ സാഹചര്യത്തിലും വളരെ പ്രസക്തിയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:

"പ്രവിശ്യകള്‍ പാസ്സാക്കിയ സര്‍വ്വകലാശാല നിയമങ്ങളില്‍ മാറ്റം വരുത്തിയാണോ നമ്മള്‍ നിലവാരം ഉറപ്പാക്കാന്‍ പോകുന്നത്? അങ്ങനെയല്ല എന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെയൊരു അധികാരം നമ്മള്‍ എടുത്താല്‍ പോലും, സര്‍വ്വകലാശാല വിദ്യാഭ്യാസത്തില്‍ നിയമമുണ്ടാക്കാന്‍ കേന്ദ്രത്തിന് പ്രാപ്തി ഇല്ലാത്തിടത്തോളം (പ്രവിശ്യകളുടെ) സ്വയം ശീര്‍ഷകത്വത്തില്‍ കൈ കടത്താനാവില്ല"

ഇതിന് മറുപടി നല്‍കവേ ഈ ഇനത്തിന്റെ വ്യാപ്തി അംബേദ്കര്‍ വ്യക്തമാക്കുകയുണ്ടായി. "ഏകോപനത്തിന് വേണ്ടി മാത്രമാണോ ഈ ഇനം ഉള്‍പ്പെടുത്തിയിരിക്കുന്നത്? അതിന്റെ ആവശ്യമെന്ത് എന്ന് ഞാന്‍ വ്യക്തമാക്കാം. ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകള്‍ നടത്തുന്ന ബി.എ പരീക്ഷ തന്നെ ഉദാഹരണമായി എടുക്കാം. മിക്ക പ്രവിശ്യകളും കേന്ദ്രവും ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുമ്പോള്‍ അവര്‍ക്ക് ഡിഗ്രി വേണം എന്ന് മാത്രമാണ് പറയുക. ആകെ മാര്‍ക്കിന്റെ 15% ലഭിച്ചാല്‍ ഡിഗ്രി ലഭിക്കുമെന്ന് മദ്രാസ് സര്‍വ്വകലാശാലയും, 20% ലഭിക്കുന്നവര്‍ക്ക് ഡിഗ്രി നല്‍കുമെന്ന് ബീഹാര്‍ സര്‍വ്വകലാശാലയും മറ്റ് സര്‍വ്വകലാശാലകള്‍ പലതരം നിലവാരം വെക്കുകയും ചെയ്താല്‍ ഒരാള്‍ ഗ്രാജ്വേറ്റ് ആവുക എന്ന പ്രയോഗത്തിന് അര്‍ത്ഥമില്ലാതാകും." ഇക്കാര്യത്തില്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത് എന്ത് എന്ന് ഇതിലൂടെ വ്യക്തമാണ്. എന്നാല്‍ സുപ്രീം കോടതി വിധിയാകട്ടെ പാര്‍ലമെന്റിന് മാത്രമല്ല കേന്ദ്ര സര്‍ക്കാരിനും അമിതമായ അധികാരം നല്‍കുകയാണ് ചെയ്യുന്നത്.

കേരള സാങ്കേതിക സര്‍വ്വകലാശാല കേസിലെ വിധിക്ക് മുന്‍കാല പ്രാബല്യമുണ്ട് എങ്കില്‍, രാജ്യത്തെ നൂറിലധികം വൈസ് ചാന്‍സലര്‍മാരുടെ നിയമനം അസാധുവാകുമെന്നും അതിന് അര്‍ത്ഥമുണ്ട്. രാജസ്ഥാന്‍, ആന്ധ്ര പ്രദേശ്, തെലങ്കാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിസി തെരഞ്ഞെടുപ്പ് കമ്മിറ്റകളിലും സര്‍ക്കാര്‍ പ്രതിനിധികളുള്ളതിനാല്‍, യുജിസി ചട്ടങ്ങള്‍ക്ക് എതിരാണ്.

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സര്‍വ്വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരെയും പുറത്താക്കാനുള്ള നീക്കം ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്നുണ്ടായപ്പോള്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നിയമ നിര്‍മ്മാണ അധികാരങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയുണ്ടായി. കേരള സാങ്കേതിക സര്‍വ്വകലാശാല കേസിലെ വിധിക്ക് മുന്‍കാല പ്രാബല്യമുണ്ട് എങ്കില്‍, രാജ്യത്തെ നൂറിലധികം വൈസ് ചാന്‍സലര്‍മാരുടെ നിയമനം അസാധുവാകുമെന്നും അതിന് അര്‍ത്ഥമുണ്ട്. രാജസ്ഥാന്‍, ആന്ധ്ര പ്രദേശ്, തെലങ്കാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിസി തെരഞ്ഞെടുപ്പ് കമ്മിറ്റകളിലും സര്‍ക്കാര്‍ പ്രതിനിധികളുള്ളതിനാല്‍, യുജിസി ചട്ടങ്ങള്‍ക്ക് എതിരാണ്. സര്‍വ്വകലാശകളില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തം എടുത്ത് കളയുന്നത് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റമാണ്. 1986 ലെ നാഷണല്‍ ലോ സ്‌കൂള്‍ നിയമത്തില്‍ (ബെംഗളുരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനുള്ള കര്‍ണാടക നിയമം) പ്രകാരം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആണ് അവിടത്തെ ചാന്‍സലര്‍. എന്നാല്‍ അവിടെ പോലും വൈസ് ചാന്‍സലറെ നിയമിക്കുന്നത് എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് അല്ലാതെ യുജിസി ചട്ടം പറയുന്ന പോലെ ചാന്‍സലറല്ല. കോടതി വിധി വ്യാഖ്യാനിച്ച് കേരള ഗവര്‍ണ്ണര്‍ സ്വീകരിച്ച നിലപാട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രശ്നങ്ങളുണ്ടാവുന്നതിന് കാരണമാകും.

യൂണിയന്‍ ലിസ്റ്റിലെ 66-ാം ഇനം ഉദ്ദേശിക്കുന്ന രീതിയിലുള്ള അടിസ്ഥാന നിലവാരം സംസ്ഥാന നിയമങ്ങളിലൂടെ സാധ്യമാകുന്നുണ്ട് എങ്കില്‍, ആ വിഷയത്തില്‍ യുജിസി ചട്ടങ്ങളുടെ സങ്കുചിത വ്യാഖ്യാനത്തിന് സ്ഥാനമില്ല എന്നാണ് ഒരു നിയമ പഠിതാവ് എന്ന നിലയില്‍ ഞാന്‍ കരുതുന്നത്.

ലൈവ്‌ലോ ഡോട്ട് ഇന്നില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ: തോമസ് കൊമരിക്കല്‍.

https://www.livelaw.in/columns/federalism-under-crisis-unveiling-the-constitutional-aspirations-on-higher-education-214765

Leave a comment