TMJ
searchnav-menu
post-thumbnail

Outlook

ഹിജാബും ഒരു അവകാശമാണ്

10 Feb 2022   |   1 min Read
Faseela Mehar

ബോയിലിങ് ഫ്രോഗ് സിൻഡ്രോം എന്ന ദാരുണമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ ഇന്ത്യൻ ജനത കടന്നുപോകുന്നതെന്ന് തോന്നുന്നു. അതായത് ഒരു തവളയെ അതറിയാതെ പുഴുങ്ങിയെടുക്കുന്ന വിധത്തിലാണ് ഇവിടുത്തെ ജനാധിപത്യത്തെയും മതേതരത്വത്തെയും പരമാധികാരത്തെയുമൊക്കെ സംഘപരിവാറാകുന്ന കേന്ദ്രസർക്കാർ വേവിച്ചുകൊണ്ടിരിക്കുന്നത്. ഒരു തവളയെ തിളച്ച വെള്ളത്തിലിട്ടാൽ ആ നിമിഷം അത് ചാടി രക്ഷപ്പെടും. അതേസമയം പച്ച വെള്ളത്തിലതിനെ പിടിച്ചിട്ട് പതിയെ പതിയെ ആ വെള്ളം ചൂടാക്കിയാൽ ആ താപനിലയോട് തവള പൊരുത്തപ്പെടും. ആ വെള്ളം തിളച്ചുകഴിയുമ്പോഴേക്കും പുറത്ത് ചാടാനാവാതെ തവള അതിനുള്ളിൽ വെന്തുമരിക്കുന്നു. ഒന്നും സംഭവിക്കില്ലെന്ന് കരുതി പ്രതികരിക്കാതിരിക്കുന്നവരുടെ അവസാനം മറ്റൊന്നായിരിക്കില്ല. ഉദാഹരണമായി മീഡിയാവൺ ചാനലിന്റെ നിരോധനമെടുക്കാം. ദേശസുരക്ഷയ്ക്ക് വെല്ലുവിളി ആയതുകൊണ്ടാണ്, 'മുസ്ലിം' മാനേജ്മെന്റ് ആയതുകൊണ്ടാണ് എന്നൊക്കെ ന്യായീകരിച്ച് തീരുമാനം നന്നായിയെന്ന് പറയുന്നവരും ഭയക്കേണ്ടതെന്ന് പറയാത്തവരും ആ തവളയെ പോലെയാണ്. ഒടുക്കം രക്ഷപ്പെടാനും പ്രതികരിക്കാനുമുള്ള ശേഷി നഷ്ടപ്പെട്ടിരിക്കും.

ഒരു ഫാസിസ്റ്റ് ഭരണകൂടം അതിന് 'അന്യ'മെന്ന് കരുതുന്ന ജനതകളെ ഇല്ലാതാക്കാൻ അവലംബിക്കുന്ന മാർഗവും നിർഭാഗ്യവശാൽ അതുതന്നെയാണ്. ഘട്ടം ഘട്ടമായാണ് ആ പ്രക്രിയ നടക്കുന്നത്. അടിസ്ഥാന ആവശ്യങ്ങളിലും അവകാശങ്ങളിലും വിശ്വാസത്തിന്റെ പേരിൽ വിഭാഗീയത സൃഷ്ടിക്കുകയാണ് ആദ്യപടി. ഒന്നാം മോദി സർക്കാർ ആദ്യം കൈവെച്ചത് ഭക്ഷണത്തിലായിരുന്നു. ഗോവധമാരോപിച്ച് കാവിഭീകരത മുസ്ലിങ്ങളുടെ ജീവനെടുത്ത് ഭീതി പരത്തി. പിന്നീടത് ആൾക്കൂട്ടങ്ങളുടെ തെരുവിലെ നീതി നടപ്പാക്കലായി. അതിന്റെ തുടർച്ചയിലാണ് കോൺഗ്രസടക്കമുള്ള 'മതേതര' പാർട്ടികൾ വരെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഗോസംരക്ഷണം മുഖ്യ അജണ്ടയായി എഴുതി ചേർത്തത്. ഭിന്നിപ്പിക്കുന്ന തന്ത്രം 'പൊതു' ആവശ്യമായി സ്വീകരിക്കപ്പെട്ട കാഴ്ചയായിരുന്നു അത്. വസ്ത്രവും ഇത്തരത്തിലൊരു ടൂളായി മുൻപും വന്നിട്ടുണ്ടെങ്കിലും പ്രത്യക്ഷമായി, മൗലിക അവകാശങ്ങളെ ചോദ്യം ചെയ്യുന്ന വിധത്തിൽ ചർച്ചയാവുന്നത് ഇപ്പോഴാണ്. പ്രശ്നം നടക്കുന്നത് കർണാടകയിലാണെങ്കിലും അതിന്റെ വ്യാപനം രാജ്യമൊന്നാകെയാണ്, പ്രത്യേകിച്ചും ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന ഈ സവിശേഷ സാഹചര്യത്തിൽ.

കർണാടകയിലെ ഉഡുപ്പി, ശിവമോഗ, ബഗാൽക്കോട്ട എന്നിവിടങ്ങളിലെ ചില കോളേജുകളിൽ ഹിജാബ് ധരിച്ച വിദ്യാർഥിനികളെ ക്ലാസിൽ കയറാൻ അനുവദിക്കുന്നില്ല. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്ന വിചിത്രവാദത്തിന്റെ പുറത്താണ് വിദ്യാഭ്യാസം നിഷേധിക്കുന്നത്. ജനുവരിയിലാണ് ഇത്തരത്തിൽ ആദ്യ സംഭവം ഉഡുപ്പിയിലെ ഒരു കോളേജിൽ റിപ്പോർട്ട് ചെയ്തത്. ഹിജാബ് ധരിച്ചതിനാൽ ആറ് വിദ്യാർഥിനികളോട് പുറത്തു പോവാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ഹിജാബ് വിഷയത്തിൽ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങൾ ഒരു കാരണവശാലും നല്ലതിനല്ലെന്നായിരുന്നു കോടതി നിരീക്ഷണം. അതേസമയം പരാതി കൊടുത്ത വിദ്യാർഥിനികളെപ്പറ്റി അന്വേഷണം നടത്താനാണ് കർണാടകയിലെ ആഭ്യന്തര വകുപ്പ് നിർദേശിച്ചത്. ഹിജാബ് വിഷയത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ തീവ്രവാദ ബന്ധമുള്ള സംഘടനകളുണ്ടെന്നതാണ് സർക്കാർ വാദം.

ഫെബ്രുവരിയിൽ ഉഡുപ്പി കുന്ദാപുരയിലെ പി യു കോളേജിലും ഹിജാബ് ധരിച്ചെത്തുന്നവരെ ക്ലാസിൽ കയറ്റേണ്ടെന്ന് തീരുമാനിച്ചതോടെയാണ് വിഷയം ദേശീയ, അന്താരാഷ്ട്രീയ പ്രാധാന്യം നേടുന്നത്. മുസ്ലിം വിദ്യാർഥികളുടെ പ്രതിഷേധത്തിനെതിരെ എ ബി വി പിയടക്കമുള്ള തീവ്രഹിന്ദുത്വ സംഘടനകൾ കവിഷാളിട്ട് അണിനിരന്നു. മുസ്ലിം വിദ്യാർഥികൾ ഹിജാബിട്ട് ക്ലാസ്സിൽ വന്നാൽ തങ്ങൾ കാവിയണിഞ്ഞുമെത്തുമെന്നായിരുന്നു വെല്ലുവിളി. ഈ പ്രതിഷേധങ്ങൾ കർണാടകയിലെ മറ്റിടങ്ങളിലേക്കും വ്യാപിച്ചതിന്റെ ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കണ്ടത്. മാണ്ഡ്യയിലെ ഒരു കോളേജിൽ പർദയും നിഖാബുമണിഞ്ഞ് എത്തിയ ഒരു പെൺകുട്ടിക്കു നേരെ ജയ് ശ്രീറാം മുഴക്കി ഒരാൾക്കൂട്ടം പാഞ്ഞുചെല്ലുന്നത്. ഹിജാബിന് 'വിലക്കി' ല്ലാത്ത കോളേജിലും പ്രതിഷേധവുമായി കാവിഭീകരത എത്തുകയാണ്. ആ ആൾക്കൂട്ടത്തെ പ്രതിരോധിക്കാൻ ആ പെൺകുട്ടി 'അല്ലാഹു അക്ബർ' എന്ന് മുദ്രാവാക്യം വിളിച്ചുവെന്നതാണ് ഇവിടുത്തെ അതിപുരോഗമനവാദികളുടെ പരാതി. സ്വന്തം വാഹനം പാർക്കു ചെയ്ത് സാധാരണ മട്ടിൽ കോളേജിലേക്ക് കയറിപോകുന്ന ഒരു പെൺകുട്ടിയെ ഒരു ആൺ ആൾക്കൂട്ടം വളഞ്ഞതിനെ, ആക്രമിക്കാനെത്തിയതിനെ ആ രീതിയിൽ എന്താണ് കാണാൻ കഴിയാത്തത്.? അവൾ ധരിച്ചത് പർദ ആയി എന്നതുകൊണ്ട് മാത്രം അത് വസ്ത്രത്തിനെതിരെയുള്ള പ്രതിഷേധം മാത്രമായി മാറുകയാണ്. ആ പെൺകുട്ടിക്ക് നേരെയുണ്ടായ ഭീകരത ചർച്ചയാവാതെ പോവുന്നു. അവിടെയാണ് ഈ പ്രശ്നം കൂടുതൽ ഗൗരവമാകുന്നത്.

ഹിജാബും പർദ്ദയും നിഖാബുമൊക്കെ ധരിക്കലാണ് ഒരു പെൺകുട്ടിയുടെ ആത്മവിശ്വാസമെങ്കിൽ അതിന് അടിച്ചമർത്തലായി കാണാൻ കഴിയുന്നതെങ്ങനെ..? മറിച്ച് തട്ടമിടാത്ത മുസ്ലിം സ്ത്രീകളോട് 'നിനക്ക് നരകത്തിലെ വിറകുകൊള്ളിയാവണോ' എന്നും ചോദിക്കേണ്ടതില്ല.

വസ്ത്രത്തെ ഒരു വ്യക്തിയുടെ സ്വാതന്ത്യമായി അംഗീകരിക്കാനാവാത്തതെന്താണ്.? മറിച്ച് പർദ്ദയെ മതചിഹ്നമായി കണ്ടാൽ അതിലും തെറ്റെന്താണ്.?ഏതർഥത്തിൽ നോക്കിയാലും അതിനെ മൗലികവകാശമായി അനുവദിച്ചിരിക്കുന്ന രാജ്യമാണ് ഇന്ത്യ. അപ്പോൾ കർണാടകയിൽ ഇപ്പോൾ നടക്കുന്നത് മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ആർട്ടിക്കിൾ 14 ഉറപ്പുനൽകുന്ന സമത്വത്തിനുള്ള അവകാശം, 15-ൽ പറയുന്ന ജാതി-മത-ലിംഗ-ജന്മദേശങ്ങളുടെ പേരിലുള്ള വിവേചനത്തിനെതിരെയുള്ള അവകാശം, ആർട്ടിക്കിൾ 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം - അതായത് മതം പ്രസംഗിക്കാനും ആചരിക്കാനും പ്രചരിക്കാനുമുള്ള അവകാശം - ഇവയെല്ലാമാണ് ലംഘിക്കപ്പെടുന്നത്. വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ 21ന്റെ ലംഘനവും ഈ സംഭവങ്ങളിൽ വ്യക്തം.

wikicommons

വസ്ത്രമെന്നത് ഒരാളുടെ തീർത്തും വ്യക്തിപരമായ ചോയിസാണ്. അത് പർദ്ദയാണെങ്കിലും ഷോർട്സാണെങ്കിലും കാണുന്നവർ അഭിപ്രായമോ തീർപ്പോ കൽപിക്കേണ്ട വിഷയമല്ല. സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇവിടെ നിരന്തരം സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കപ്പെടുന്നത് എന്നത് വേറെ കാര്യം. വസ്ത്രം ശരീരം മറയ്ക്കുന്നതിലുപരി (അത് മറയ്ക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്) ആത്മവിശ്വാസത്തിന്റെയും സ്വയം പ്രകാശിപ്പിക്കുന്നതിന്റെയുമൊക്കെ അടയാളമാണ്. ഹിജാബും പർദ്ദയും നിഖാബുമൊക്കെ ധരിക്കലാണ് ഒരു പെൺകുട്ടിയുടെ ആത്മവിശ്വാസമെങ്കിൽ അതിന് അടിച്ചമർത്തലായി കാണാൻ കഴിയുന്നതെങ്ങനെ..? മറിച്ച് തട്ടമിടാത്ത മുസ്ലിം സ്ത്രീകളോട് 'നിനക്ക് നരകത്തിലെ വിറകുകൊള്ളിയാവണോ' എന്നും ചോദിക്കേണ്ടതില്ല. വസ്ത്രത്തിന്റെ തീർപ്പുകൾ വ്യക്തികൾക്ക് വിട്ടുകൊടുക്കുകയാണ് ജനാധിപത്യ ബോധമുള്ളവർ ചെയ്യേണ്ടുന്ന പണി.

ഇവിടുത്തെ പ്രശ്നം ഹിജാബ് വിഷയം കേവലമത് മാത്രമല്ല എന്നതാണ്. ന്യൂനപക്ഷങ്ങളെ അവരുടെ സാംസ്കാരിക, വിശ്വാസ ഭൂമികയിൽ നിന്നും സാമ്പത്തിക, സാമൂഹിക ജീവിതത്തിൽ നിന്നും അടർത്തിമാറ്റാനും വേട്ടയാടാനുമുള്ളതെന്നതാണ്

കർണാടകയിൽ ഇനി പ്രതീക്ഷ കോടതിയിലാണ്. മുസ്ലിം വിദ്യാർഥിനികൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ കോടതി അനുവദിക്കുമെന്ന് പ്രതീക്ഷിക്കാം. വർത്തമാന ഇന്ത്യയിൽ മറിച്ചുള്ള വിധി അപ്രതീക്ഷിതവുമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആദ്യമായല്ല കോടതിയിലെത്തുന്നത്. 1986ൽ സുപ്രീം കോടതിയിലെത്തിയ കേരളത്തിൽ നിന്നുള്ള ഒരു കേസും അതിലെ വിജയവും ഉദാഹരണമാണ്. ബിജോയി ഇമ്മാനുവേൽ ആന്റ് അദേഴ്സ വെഴ്സസ് കേരള സർക്കാർ എന്ന കേസിൽ യഹോവ സാക്ഷികളായ വിദ്യാർഥികൾ ദേശീയ ഗാനമാലപിക്കാത്തതിനാൽ പ്രധാന അധ്യാപിക പുറത്താക്കിയതായിരുന്നു വിഷയം. വിദ്യാർഥികളെ പുറത്താക്കിയ നടപടി ശരിയാണെന്ന് പറഞ്ഞ ഹൈക്കോടതി വിധിയെ തള്ളിക്കളയുകയാണ് സുപ്രീം കോടതി ചെയ്തത്. നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രനുവദിക്കാത്ത തീരുമാനത്തിലും കോടതിയിൽ നിന്നും അനുകൂല നിലപാടാണുണ്ടായത്.

എന്നാൽ ഇവിടുത്തെ പ്രശ്നം ഹിജാബ് വിഷയം കേവലമത് മാത്രമല്ല എന്നതാണ്. ന്യൂനപക്ഷങ്ങളെ അവരുടെ സാംസ്കാരിക, വിശ്വാസ ഭൂമികയിൽ നിന്നും സാമ്പത്തിക, സാമൂഹിക ജീവിതത്തിൽ നിന്നും അടർത്തിമാറ്റാനും വേട്ടയാടാനുമുള്ളതെന്നതാണ്. കർണാടകയിൽ ഈ പ്രക്രിയ ഹിജാബിലൂടെ മാത്രം ആരംഭിച്ചതല്ല. കഴിഞ്ഞ എട്ടു മാസത്തിനിടെ 71 വർഗീയവിദ്വേഷ സംഭവങ്ങളാണ് അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോൺവെന്റെ വിദ്യാലയങ്ങളിൽ ക്രിസ്മസ് ആഘോഷം നടത്താൻ അനുവദിക്കില്ലെന്ന് ഹിന്ദുത്വ സംഘടനകൾ ഭീഷണി മുഴക്കിയതും അവിടെയാണ്. 2020-ൽ കർണാടക പ്രിവൻഷൻ ഓഫ് സ്ലോർ ആൻറ് പ്രിസർവേഷൻ ഓഫ് കാറ്റിൽ ബിൽ അഥവാ പശു സംരക്ഷണ ബിൽ അവിടുത്തെ ബിജെപി സർക്കാർ പാസാക്കി. ഏറ്റവുമെടുവിൽ 2021 ഡിസംബറിലാണ് റൈററ് ടു ഫ്രീഡം ഓഫ് റിലീജ്യൻ ബിൽ അഥവാ മതം മാറ്റ നിരോധന ബിൽ പാസാക്കിയത്. ഇതിനെതിരെ മുസ് ലിം, ക്രൈസ്തവ വിഭാഗങ്ങൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. തുടർച്ചയായി വർഗീയ വിഷം കലരുന്നതിൽ പ്രതിഷേധിച്ച് സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചേർന്ന് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കർണാടക സർക്കാരിന് നാടിനെ രക്ഷിക്കാനാവശ്യപ്പെട്ട് തുറന്ന കത്തെഴുതിയിരുന്നു. അനുദിനം കലുഷിതമായികൊണ്ടിരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ പ്രതിഷേധമുയർത്തുക എന്നത് തന്നെയാണ് സമരം.

Leave a comment