TMJ
searchnav-menu
post-thumbnail

Outlook

ഹിജാബ്: സുപ്രീം കോടതി ജഡ്ജിമാര്‍ രണ്ട് തട്ടില്‍

13 Oct 2022   |   1 min Read
തോമസ് കൊമരിക്കൽ

PHOTO: WIKI COMMONS

ഹിജാബ് കേസില്‍ സുപ്രീം കോടതി ബെഞ്ചിന് ഭിന്നാഭിപ്രായം. ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധാന്‍ശു ദുലിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാല്‍ ഇന്ന് വിധി പ്രസ്താവിക്കുന്ന വേളയില്‍ ഇരുവരും വ്യത്യസ്തമായ വിധികളാണ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതരായ അപ്പീലുകളിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹൈക്കോടതി വിധി ശരിവെച്ചു. എന്നാല്‍ ബെഞ്ചിലെ രണ്ടാമനായ ജസ്റ്റിസ് സുധാന്‍ശു ദുലിയ ഹൈക്കോടതി വിധിയും ഹിജാബ് നിരോധിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ഉത്തരവും റദ്ദ് ചെയ്തു.

ജഡ്ജിമാര്‍ ഇരുവരും യോജിപ്പില്ലാത്ത വിധികള്‍ പ്രസ്താവിച്ചതോടെ കേസിന്റെ തീര്‍പ്പിനായി ഇനിയും കാത്തിരിക്കേണ്ടി വരും. അടുത്ത പടിയായി ഹര്‍ജികളെല്ലാം ചീഫ് ജസ്റ്റിസിന് മുന്നിലെത്തും. ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് അനുസൃതമായി കൂടുതല്‍ അംഗങ്ങളുള്ള മറ്റൊരു ബെഞ്ചോ അല്ലെങ്കില്‍ അഞ്ച് അംഗങ്ങളുളള ഭരണഘടന ബെഞ്ച് തന്നെയോ കേസില്‍ വാദം കേള്‍ക്കും. ഹിജാബ് ധരിക്കുന്നതിനെ എതിര്‍ത്ത് വിധി പറഞ്ഞ ഹേമന്ത് ഗുപ്ത, അദ്ദേഹത്തിന്റെ വിധിയുടെ ഭാഗമായി കേസ് ഭരണഘടന ബെഞ്ചിന് മുന്നിലേക്ക് അയക്കുന്നതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യുന്നുമുണ്ട്.

REPRESENTATIONAL IMAGE: PTI

മാര്‍ച്ച് 15 നാണ് കര്‍ണാടക ഹൈക്കോടതിയുടെ വിധിയുണ്ടായത്. ഹിജാബ് ഇസ്ലാമിന്റെ സുപ്രധാന മതാചാരങ്ങളില്‍ പെടുന്നതല്ലെന്ന് കോടതി വിധിച്ചു. ഇതോടെ കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ തെറ്റില്ലെന്നും കണ്ടെത്തി. കര്‍ണാടകയിലെ സര്‍ക്കാര്‍ സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് വിലക്കുന്നതായിരുന്നു ഫെബ്രുവരി 5 ന് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. ഇത് പ്രാബല്യത്തിലാക്കാനുള്ള ശ്രമം തുടങ്ങിയതോടെ അത്രയും നാള്‍ ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിയിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ വലിയ പ്രതിസന്ധി ഉയര്‍ന്നുവന്നു. അനേകം വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകളും പരീക്ഷകളും പോലും ബഹിഷ്‌കരിച്ചു. തീവ്ര ഹിന്ദു സംഘടനകളുടെ പ്രേരണയില്‍ അനേകം വിദ്യാര്‍ത്ഥികള്‍ കാവി ഷാളുകള്‍ ധരിച്ചെത്താനും തുടങ്ങിയതോടെ ഉഡുപ്പി അടക്കമുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിഷയം കര്‍ണാടക ഹൈക്കോടതിക്ക് മുന്നിലെത്തുന്നത്. കോടതി, സര്‍ക്കാര്‍ ഉത്തരവിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തതോടെ ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

സുപ്രീം കോടതി ബെഞ്ചിന് മുന്നില്‍ പത്ത് ദിവസത്തെ ദൈര്‍ഘ്യമേറിയ വാദ പ്രതിവാദങ്ങള്‍ അരങ്ങേറി. സെപ്റ്റംബര്‍ 22 നാണ് കേസിലെ കക്ഷികളായവരുടെ വാദങ്ങള്‍ അവസാനിച്ചത്. വാദം അവസാനിച്ചതോടെ വിധി പറയുന്നതിനായി അനിശ്ചിത കാലത്തേക്ക് കേസ് മാറ്റി വെച്ചിരിക്കുകയായിരുന്നു. കേസില്‍ ഒട്ടനേകം പ്രശസ്ത അഭിഭാഷകര്‍ ഇരുപക്ഷത്തും അണിനിരന്നു. ദുശ്യന്ത് ദാവെ, രാജീവ് ധവാന്‍, ദേവ്ദത്ത് കാമത്ത്, കബില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായി. കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് ഇന്ത്യന്‍ ഭരണഘടനയുടെ 19, 21, 25, 29 എന്നീ വകുപ്പുകള്‍ പ്രദാനം ചെയ്യുന്ന മൗലികമായ അവകാശങ്ങളെ ഹനിക്കുന്നു എന്നതില്‍ ഊന്നിയാണ് ഹര്‍ജിഭാഗത്തിന്റെ വാദം മുന്നേറിയത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്തയുടെ നേതൃത്വത്തില്‍ എതിര്‍ ഭാഗം ഹിജാബ് ധരിക്കുന്നതിന് എതിരായ വാദങ്ങള്‍ നിരത്തി്. കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് നിഷ്പക്ഷമായ ഒന്നാണെന്നും അതിനെ റദ്ദ് ചെയ്യേണ്ടതില്ലെന്നും അവര്‍ വാദിച്ചു.

ഒരു ആചാരത്തെ വിലയിരുത്തുന്നതിന് ബിജോ ഇമ്മാനുവല്‍ കേസ് മുന്നോട്ട് വെക്കുന്ന ഉപാധികളെല്ലാം തന്നെ ഹിജാബ് പാലിക്കുന്നുണ്ടെന്നും അതിനാല്‍ അത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിലക്കേണ്ടതില്ലെന്നും ജസ്റ്റിസ് ദുലിയ നിരീക്ഷിക്കുന്നു.

കേസിന്റെ തീര്‍പ്പിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെങ്കിലും, ഹിജാബ് ധരിക്കുന്നതിന് അനുകൂലമായി വിധിച്ച ജസ്റ്റിസ് സുധാന്‍ശു ദുലിയയുടെ വിധിന്യായം ശ്രദ്ധ ക്ഷണിക്കുന്നതാണ്. 1987 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ബിജോ ഇമ്മാനുവല്‍ കേസിലെ വിധി, ഹിജാബ് വിഷയത്തില്‍ പുര്‍ണ്ണമായും ബാധകമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. യഹോവയുടെ സാക്ഷികള്‍ എന്ന ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ ആചാരങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആരംഭിച്ചതാണ് ബിജോ ഇമ്മാനുവല്‍ കേസ്. സ്‌കൂളില്‍ ദേശീയ ഗാനം ആലപിക്കുന്നതില്‍ പങ്കാളികളാവാതെ മൗനമായി നിന്ന വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കുകയുണ്ടായി. ഇതിനെതിരായ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി കേരള ഹൈക്കോടതി തള്ളുകയും, അവര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. സുപ്രീം കോടതിയാകട്ടെ, ദേശീയ ഗാനത്തോട് ബഹുമാനക്കുറവ് കാട്ടാതെ മൗനമായി നില്‍ക്കുവാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.

ഒരു ആചാരത്തെ വിലയിരുത്തുന്നതിന് ബിജോ ഇമ്മാനുവല്‍ കേസ് മുന്നോട്ട് വെക്കുന്ന ഉപാധികളെല്ലാം തന്നെ ഹിജാബ് പാലിക്കുന്നുണ്ടെന്നും അതിനാല്‍ അത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിലക്കേണ്ടതില്ലെന്നും ജസ്റ്റിസ് ദുലിയ നിരീക്ഷിക്കുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന കാര്യമാണ് അദ്ദേഹം പ്രധാനമായും പരിഗണിച്ചത്. വിദ്യാഭ്യാസം നേടുന്നതില്‍ രാജ്യത്തെ ഗ്രാമ പ്രദേശങ്ങളിലും മറ്റും പെണ്‍കുട്ടികള്‍ ഇപ്പോള്‍ തന്നെ വലിയ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്, ഹിജാബ് നിരോധനത്തിന്റെ പേരില്‍ മറ്റൊന്ന് കൂടി അവര്‍ക്കുമേല്‍ സ്ഥാപിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിജാബ് വ്യക്തിപരമായ തിരഞ്ഞെടുപ്പ് മാത്രമാണെന്നും മറ്റൊന്നും അതില്‍ തിരയേണ്ടതില്ലെന്നും ജസ്റ്റിസ് ദുലിയ നിരീക്ഷിച്ചു. അതേസമയം, ജസ്റ്റിസ് ഹേമന്ത് ഗുപ്തയാകട്ടെ കര്‍ണാടക ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ അപ്പീലുകള്‍ തള്ളുന്നതായി വിധിയെഴുതി. ഈ മാസം 16 ന് ജസ്റ്റിസ് ഗുപ്ത ജഡ്ജി സ്ഥാനത്ത് നിന്നും വിരമിക്കുകയാണ്.

വിയോജിക്കുന്നുവെങ്കിലും സഹോദര ജഡ്ജിയോട് വലിയ ബഹുമാനമുണ്ടെന്ന് സുധാന്‍ശു ദുലിയ കോടതിയില്‍ പറഞ്ഞു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭിന്നവിധികള്‍ വന്നതോടെ തുടര്‍ നടപടികള്‍ക്കായി കേസ് ചീഫ് ജസ്റ്റിസിന് മുന്നിലേക്ക് അയക്കും. വിശാലമായ മറ്റൊരു ബെഞ്ച് രൂപീകരിച്ച് വാദം വീണ്ടും തുടങ്ങാനാണ് സാധ്യത. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിച്ച് രാജ്യമെങ്ങും ചര്‍ച്ചകള്‍ക്ക് വഴിവെച്ച വിവാദ വിഷയം നിയമപരമായി പര്യവസാനിക്കുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സാരം.

Leave a comment