TMJ
searchnav-menu
post-thumbnail

Outlook

ഹിന്ദു-മുസ്ലിം ദളിതര്‍ രാജ്യത്തെ പരമദരിദ്രര്‍

09 May 2022   |   1 min Read
മിസ്‌രിയ ചന്ദ്രോത്ത്

PHOTO: DOWNTOEARTH

2014 - 2015 കാലത്ത് ഉത്തർപ്രദേശിലെ 7124 കുടുംബങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ International Journal of Development ൽ പ്രസിദ്ധീകരിച്ച Poverty, Wealth inequality and Financial inclusion among castes in Hindu and Muslim Communities in Uttarpradesh, India എന്ന പഠനം ആദ്യമായി ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ജാതി - സാമ്പത്തിക അസന്തുലിതാവസ്ഥകളുടെ തുറന്നുകാട്ടപ്പെടാത്തതും ഇനിയും പരിഹാരം കണ്ടിട്ടില്ലാത്തതുമായ ചില പ്രശ്നങ്ങളിലേക്കും പരമ്പരാഗതമായി നിലനിൽക്കുന്ന ചില സമവാക്യങ്ങളിലേക്കും വെളിച്ചം വീശുന്നതാണ്. ജാതികളും ഉപജാതികളും പരസ്പരം സമ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും അടിസ്ഥാനത്തിൽ എത്രമാത്രം അന്തരം നിലനിൽക്കുന്നു എന്നും കാലാകാലങ്ങളായി മാറ്റമില്ലാതെ തുടരുന്നു എന്നും പഠനം കാണിക്കുന്നു.
ഹിന്ദു ദളിതുകളെക്കാളും മുസ്ലിം ദളിതുകളെക്കാളും പൊതു വിഭാഗത്തിൽപ്പെടുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും മെച്ചപ്പെട്ട ജീവിത നിലവാരം പുലർത്തുന്നുണ്ടെന്നും മുസ്ലിം ദളിതുകളുടെ അവസ്ഥ ഹിന്ദു ദളിതുകളെ പോലെ തന്നെ പരമ ദയനീയം ആണെന്നും പഠനം പറഞ്ഞുവയ്ക്കുന്നു.

ഉത്തർപ്രദേശിനെ ഒരു രാജ്യമായി പരിഗണിക്കുകയാണെങ്കിൽ ജനസംഖ്യാടിസ്ഥാനത്തി ൽ ലോകത്തെ തന്നെ അഞ്ചാമത്തെ വലിയ രാജ്യമാകും, അങ്ങനെ ഒരു സംസ്ഥാനത്തിലാണ് മതവും ജാതി സമവാക്യങ്ങളും കൂടിപ്പിണഞ്ഞു കിടക്കുന്നതും. ഇത്തരമൊരു പഠനം ഹിന്ദുക്കളിലേയും മുസ്ലീങ്ങളിലേയും ഉപജാതി അടിസ്ഥാനത്തിലുള്ള ദാരിദ്ര്യം, സാമ്പത്തിക അസന്തുലിതാവസ്ഥ, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയെ പറ്റി വിശദമായി കണക്കുകൾ നൽകുകയും ചെയ്യുന്നുണ്ട്.

ഈ പഠനം വിശകലനം ചെയ്യുമ്പോൾ ബ്രാഹ്മണർ, ഠാക്കൂർ, മറ്റ് ഹിന്ദു പൊതുജാതികൾ എന്നിവർക്ക് ദളിതുകളെ അപേക്ഷിച്ച് ഉയർന്ന സമ്പത്ത് ശേഖരണവും കുറഞ്ഞ ദാരിദ്ര്യവുമാണെന്ന് മനസിലാക്കാം, കൂടാതെ, ഹിന്ദു, മുസ്ലീം ഒബിസികൾ, ദളിതർ എന്നിവർക്കിടയിലെ വരുമാന അസമത്വങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന ജാതികൾക്കിടയിലുള്ള വരുമാന അസമത്വങ്ങൾ വളരെ കുറവാണ് എന്നും പഠനം വെളിപ്പെടുത്തുന്നു. ഔദ്യോഗിക സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള ധനസഹായം ചരിത്രപരവും രാഷ്ട്രീയപരവും, സാമൂഹികപരവുമായുള്ള കാരണങ്ങളാൽ ഉയർന്ന ജാതിക്കാർ കൈവശപ്പെടുത്തിയിരിക്കുന്നു, അതുകൊണ്ട് തന്നെ അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങൾക്ക് ധനസഹായത്തിനായി അനൗദ്യോഗിക സാമ്പത്തിക സ്രോതസുകളെ ആശ്രയിക്കേണ്ടി വരുന്നു, ഇത് പരമദാരിദ്ര്യത്തിൽ നിന്നും കരകയറാനാവാത്ത അവസ്ഥ അവരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്നതായും മനസിലാക്കാം.

സുസ്ഥിരവികസനത്തിന്റെ അടിസ്ഥാന മുദ്രാവാക്യങ്ങളിൽ ഒന്ന് "എല്ലാവരെയും ഒപ്പം കൂട്ടിയുള്ള" വികസനം എന്നതാണ്. ഇന്ത്യൻ സവിശേഷ സാഹചര്യത്തിൽ ഈ "എല്ലാവരും" എന്നത് അവരുടെ ജാതി, മതം,വർണ്ണം, ഗോത്രം, വർഗം, ലിംഗം, പ്രദേശം തുടങ്ങിയ സാഹചര്യങ്ങളെ കൂടി അടിസ്ഥാനപ്പെടുത്തി വ്യത്യസ്തരാക്കപ്പെടുന്നവരാണ്. ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം അനുഭവിക്കേണ്ടി വരുന്ന വിവേചനത്തിന്റെയും അനീതിയുടെയും തോത് ഇന്ത്യയിൽ വളരെ വലുതാണ്." Indians don't cast their votes, they vote their castes " എന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജാതിയെ അടയാളപ്പെടുത്തുന്ന ഒരു ചൊല്ലാണ്.

ഭാരതത്തിൽ ജാതിയതയുടെ ചരിത്രവും ഉറവിടവും ഹിന്ദു മതവുമായി ബന്ധപ്പെട്ടതാണെങ്കിലും, ഈ സാമൂഹിക വിപത്ത് കാലക്രമേണ മറ്റുമതങ്ങളിലേക്കും അലിഞ്ഞു ചേർന്നിട്ടുണ്ട്. മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ, വിദ്യാഭ്യാസ, സാമ്പത്തിക അവസ്ഥകളെ പറ്റി പഠിച്ച സച്ചാർ കമ്മിറ്റി (2006) ഇന്ത്യയിലെ മുസ്ലിം സമുദായത്തിലെ ജാതിയതയെ പറ്റി കൃത്യമായി പരാമർശിക്കുന്നുണ്ട്.

ഇന്ത്യൻ ഭരണഘടനയുടെ അനുച്ചേദം 341,342 പ്രകാരം ഭരണനിർവഹണത്തിനും അതിന്റെ നടത്തിപ്പിനുമായി ഇന്ത്യയിലെ ജനങ്ങളെ പൊതുവെ ഹിന്ദു മേൽജാതി, മറ്റു പിന്നോക്ക ജാതിക്കാർ (OBCs), പട്ടികജാതിക്കാർ( SCs ), പട്ടികവർഗം (STs ), മുസ്ലിം എന്നിങ്ങനെ അഞ്ചായി തിരിച്ചിട്ടുണ്ട് (GOI, 1956 ; Lamba and Subramanian, 2020)

ഈ പഠനം സർവ്വേ നടത്തുന്നതിനായി സാമൂഹിക സാമ്പത്തികാടിസ്ഥാനത്തിൽ ഒരു കുടുംബത്തെ നാല് ഡൊമെയിനുകളായി തിരിച്ചിരുന്നു.
1- ജീവിത ശൈലിയിലെ ന്യൂനതകൾ
2- ചരിത്രപരമായ പുറന്തള്ളലുകൾ
3- ഭാവന നിലവാരം
4- സമ്പത്തും സാമ്പത്തിക ഉൾപ്പെടുത്തലുകളിൽ നിന്നുള്ള പുറന്തള്ളലുകളും.

1 - ജീവിത ശൈലിയിലെ ന്യൂനതകൾ: ദാരിദ്ര്യവും ചെലവഴിക്കലും

ഇന്ത്യയിലെ ദാരിദ്ര്യനിലവാരത്തിൽ ജാതി അടിസ്ഥാനമാക്കിയുള്ള സാമൂഹിക തരംതിരിവ് എങ്ങനെ തുടരുന്നുവെന്ന് പഠനം കാണിക്കുന്നു. ഈ പഠനം ജാതി അടിസ്ഥാനത്തിൽ ഗ്രാമീണ ദാരിദ്ര്യത്തിന്റെ കണക്കുകൾ നൽകുന്നത് ഇപ്രകാരമാണ്. മുസ്ലീം ദളിതുകൾ (52.5%), ഹിന്ദു ദളിതുകൾ (51.9%), മുസ്ലീം ഒബിസികൾ (38.2%), ഹിന്ദു ഒബിസികൾ (38.0%), മുസ്ലീം ജനറൽ (31.3%). ഇത് ഗ്രാമീണ ദാരിദ്ര്യം ഹിന്ദു ജനറലുമായി (14.4%) താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്.
എന്നാൽ ഗ്രാമീണ മേഖലയിൽ തന്നെ ഉപജാതിതലത്തിൽ ഏറ്റവും താഴ്ന്ന ദാരിദ്ര്യം താക്കൂർ (9%), ബ്രാഹ്മണർ (15.9%), മറ്റ് പൊതു ജാതി ഗ്രൂപ്പുകൾ (20%) എന്നിവരാണ് എന്ന് പഠനത്തിൽ വെളിപ്പെടുന്നു. പക്ഷെ ഹിന്ദു ഒബിസികളിൽ നിന്നുള്ള ജാട്ടുകൾ (15.3%) ബ്രാഹ്മണരെക്കാളും മറ്റ് ജാതി വിഭാഗങ്ങളേക്കാളും ദാരിദ്ര്യം കുറഞ്ഞവായായിട്ടാണ് കാണുന്നത്.

നഗരദാരിദ്ര്യത്തിന്റെ കാര്യത്തിൽ മറ്റ് ഹിന്ദു ജനറൽ, ബ്രാഹ്മണർ, ഠാക്കൂറുകൾ എന്നിവരിൽ നഗര ദാരിദ്ര്യം ഗണ്യമായി കുറവാണ്. കൂടാതെ കുർമികൾക്കും ജാട്ടുകൾക്കും മറ്റ് ഹിന്ദു ഒബിസികൾ, മുസ്ലീം ഒബിസികൾ, ഹിന്ദു ദളിതുകൾ, മുസ്ലീം ദളിതുകൾ എന്നിവയെ അപേക്ഷിച്ച് ദാരിദ്ര്യം കുറവാണ്. ചെലവഴിക്കലുകളുടെ കാര്യത്തിൽ, ബ്രാഹ്മണരും ഠാക്കൂറുമാരും മറ്റ് ഹിന്ദു ജനറലുകളേക്കാൾ വളരെ കൂടുതലും ഒബിസികളേക്കാളും, ദളിതുകളേക്കാളും ഉയർന്ന തുക ചെലവഴിക്കുന്നതുമായി പഠനം കാണിക്കുന്നു. എന്നാൽ, ഒബിസിക്ക് കീഴിൽ വരുന്ന ജാട്ടുകൾ ബ്രാഹ്മണർക്കും, ഠാക്കൂറുകൾക്കുമെതിരെ ഉയർന്ന ശരാശരി പ്രതിശീർഷ ചെലവ് ഉള്ളവരായിട്ടാണ് പഠനം കാണിക്കുന്നത്. എന്നാൽ പാസി (SCs) വിഭാഗം ചെലവഴിക്കലിന്റെ കാര്യത്തിൽ വളരെ പിന്നിലാണ് മറ്റ് ജാതികളെ അപേക്ഷിച്ച് പ്രതിശീർഷ ചെലവ് ഏറ്റവും കുറവുമാണ്. സാമൂഹികവും സാമ്പത്തികവുമായ പ്രവർത്തനങ്ങളിൽ ആഴത്തിൽ വേരൂന്നിയ ജാതി അധിഷ്‌ഠിത മേധാവിത്വം ഏതെങ്കിലും രൂപത്തിലോ മറ്റോ ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇതിന്റെ കൂടെ 2011ലെ ജാതി സെൻസസ്ന്റെ അടിസ്ഥാനത്തിൽ, ഭരണഘടനപ്രകാരം യഥാക്രമം 7.5%,15% സംവരണത്തിനർഹരായ പട്ടികവർഗ, പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കും 4.37 %(STs), 3.96%(SCs) മാത്രമേ ഗവണ്മെന്റ് ജോലി ലഭ്യമായിട്ടുള്ളൂ, ഗ്രാമീണ മേഖലയുടെ ജനസംഖ്യയുടെ 11% പട്ടികവർഗകാരും 18% പട്ടികജാതിക്കാരും ആണെന്നു കൂടി മനസിലാക്കണം. ദളിതരും ആദിവാസികളും നിരന്തര ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്ന വാദത്തിന് ബലം നൽകുന്ന തെളിവുകളാണ് ഈ പഠനം കണ്ടെത്തിയത്.

Photo: wiki commons

2 - ഭൂമിയുടെ ഉടമസ്ഥാവകാശവും ചരിത്രപരമായ അരികുവൽകരണവും

സമ്പത്തികാസമത്വം അടയാളപ്പെടുത്തുന്നതിൽ കൃഷിയോഗ്യമായതോ അല്ലാത്തതോ ആയ ഭൂവുടമസ്ഥത ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രബലമായ ഭൂ ഉടമകളായ കാർഷിക ജാതികൾ അവരുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക മൂലധനം ഉപയോഗിച്ച് സമൂഹത്തിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നു. ഏറ്റവും സാധാരണമായ ഭൂരഹിത കുടുംബങ്ങൾ മുസ്ലീം ഒബിസികളും ദളിത് മുസ്ലീങ്ങളും, പാസികളും ചമാർമാരും അടങ്ങുന്ന ദളിതരുമാണ്. ഒരു കാർഷിക സംസ്ഥാനമായ ഉത്തർപ്രദേശിൽ ഭൂമിയുടെ അന്തർ-ജാതി വിതരണം ഭയാനകമായ അസമത്വങ്ങൾക്ക്‌ കാരണമാണ്. ഉദാഹരണത്തിന്, ഠാക്കൂറുകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിഹിതം 11% ആണ്, ബ്രാഹ്മണർ (15%), മറ്റ് ഹിന്ദു ജാതികൾ (6%), യാദവ് (13%), കുർമികൾ (4%), ജാട്ടുകൾ (8%) എന്നാൽ ഇവരുടെ ജനസംഖ്യാ അനുപാതം യഥാക്രമം 7%, 10%, 4%, 10%, 3%, 5% എന്നിങ്ങനെയാണ്.

ഇത് ഹിന്ദു ഒബിസി വിഭാഗത്തിലും ഹിന്ദു ദളിതുകളിലും വലിയ അസമത്വത്തെയാണ് സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, ചരിത്രപരമായി നിഷേധിക്കപ്പെട്ട ജാതികൾ അവരുടെ ജനസംഖ്യയുടെ വലിപ്പം കണക്കിലെടുക്കാതെ കൃഷിഭൂമിയുടെ ഗണ്യമായ കുറവ് കാണിച്ചു തരുന്നുണ്ട് ഈ പഠനം. ഹിന്ദു ദളിതുകൾ, മുസ്ലീം ദളിതുകൾ, മുസ്ലീം ഒബിസികൾ, ഹിന്ദു ഒബിസികൾ എന്നിവ ഭൂരഹിതരോ ചെറുകിട ഭൂവുടമകളോ ആകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഭൂമി വാങ്ങിയതിന്റെ കണക്കുകൾ കാണിക്കുന്നത് ദളിതരിൽ ഗണ്യമായ അനുപാതം തങ്ങളുടെ ഭൂമി മറ്റ് ഉയർന്ന ജാതിക്കാർക്ക് വിറ്റിട്ടുണ്ടെന്നാണ്. 2011 ലെ സെൻസസ് പ്രകാരം കേവലം 4% വരുന്ന കർഷകരാണ് കൃഷിഭൂമിയുടെ 32% സ്വന്തമാക്കിയിരിക്കുന്നത് എന്നതു കൂടെ വായിക്കേണ്ടതുണ്ട് ഈ പഠനത്തിന്റെ കൂടെ.

3 - സമ്പത്ത്, ഗാർഹിക സാഹചര്യങ്ങൾ, സൗകര്യങ്ങൾ എന്നിവയിലെ അഭാവം

ഇന്ത്യയെ പോലെ ഒരു രാജ്യത്ത് കേവലം സമ്പത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല സാമ്പത്തിക അസന്തുലിതാവസ്ഥ നിലനിൽക്കുന്നത്. അത് ചരിത്രപരമായ അസമത്വം നിലനിറുത്തുന്ന ഗ്രേഡഡ് ജാതി വ്യവസ്ഥയുടെ ഉത്പന്നം കൂടിയാണ്. ജാതി അടിസ്ഥാനത്തിൽ കുടുംബങ്ങളുടെ സാമ്പത്തിക നില ഇപ്രകാരമാണ് ഈ പഠനം വിലയിരുത്തുന്നത് -ജാട്ടുകൾ (55%), താക്കൂറുകൾ (43%), ബ്രാഹ്മണർ (38%), മറ്റ് ഹിന്ദു ജനറൽ (37%), യാദവ് (31%) എന്നിവരിൽ ഗണ്യമായ ഉയർന്ന അനുപാതം ഏറ്റവും സമ്പന്നമായവരിൽ പെടുന്നു. മറുവശത്ത് പാസി, ദളിത് മുസ്‌ലിംകൾ, മറ്റ് മുസ്ലീം ഒബിസികൾ, മറ്റ് ഹിന്ദു ദളിതർ, ചാമർ, ലോധുകൾ എന്നിവരുടെ 40% കുടുംബങ്ങളും ഏറ്റവും ദരിദ്രരായ ജീവിത സാഹചര്യത്തിൽ പെട്ടവരാണ്.

Photo: wiki commons

4 - കടം: അതിജീവനത്തിനും കൂടുതൽ സമ്പന്നതയിലേക്കും.

പഠനമനുസരിച്ച്, ഗാർഹിക സമ്പത്തിന്റെ സ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി, കഴിഞ്ഞ 3 വർഷത്തിനിടയിൽ വായ്പ എടുത്ത കുടുംബങ്ങളുടെ അനുപാതം ഇപ്രകാരമാണ് ജാട്ടുകൾ (43%), ഠാക്കൂർ, കുർമികൾ, ചാമർ, പാസി, ബ്രാഹ്മണർ എന്നിവരിൽ കടമെടുപ്പിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു. അതായത് സമ്പന്നരും ദരിദ്രരും ഒരുപോലെ ലോൺ എടുത്തിട്ടുണ്ട് എന്ന് പഠനം വ്യക്തമാക്കുന്നു. ഭൂരിഭാഗം ഉയർന്ന ജാതിക്കാരും കാർഷിക പ്രവർത്തനങ്ങൾക്ക് വായ്പ എടുത്തിട്ടുണ്ട്. ഠാക്കൂറുകളിൽ ഏകദേശം നാലിൽ മൂന്ന് ഭാഗവും കാർഷിക പ്രവർത്തനങ്ങൾക്ക് വായ്പ എടുത്തു, ജാട്ട് (66%), ബ്രാഹ്മണർ (60%), യാദവ് (46%), കുർമികൾ (33%). മറ്റ് മുസ്ലീം ഒബിസികൾ (33%), ലോധുകൾ, യാദവർ എന്നിവർ കാർഷിക ആവശ്യങ്ങൾക്കും മറ്റ് ഹിന്ദു ദളിത്, ചമാർ, മറ്റ് ഹിന്ദു ഒബിസി എന്നിവർ വിവാഹ ചടങ്ങുകൾക്കുമായാണ് ഏറ്റവും കൂടുതൽ വായ്പ എടുത്തിട്ടുള്ളത്.

പാസി, ചമാർ തുടങ്ങിയ സാമൂഹിക സാമ്പത്തികമായി അടിച്ചമർത്തപ്പെട്ട ജാതികൾ ആരോഗ്യപരമായ കാരണങ്ങൾക്കും വിവാഹ ചടങ്ങുകൾക്കും കുടുംബ ബാധ്യതകൾ നിറവേറ്റുന്നതിനുമായി വായ്പ എടുക്കുന്നു. വിദ്യാഭ്യാസത്തിനായുള്ള ഏറ്റവും ഉയർന്ന ലോൺ എടുത്തിട്ടുള്ളതായി കാണുന്നത് മറ്റ് ഹിന്ദു ജനറലിലാണ്.
വായ്പകളുടെ ഉറവിടങ്ങൾ നിർണ്ണയിക്കുന്നതിൽ സാമൂഹിക സാമ്പത്തിക സ്ഥാനം ഒരു പ്രധാന പങ്കുഹിക്കുന്നു. സാമൂഹികവും സാമ്പത്തികമായി താഴ്ന്ന ജാതിക്കാർ കൂടുതലും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പ്രാദേശിക പണമിടപാടുകാരിൽ നിന്നും വായ്പകൾ സ്വീകരിച്ചു. ഉദാഹരണത്തിന്, സർവേ ഫലങ്ങൾ അനുസരിച്ച്, അൻസാരി മുസ്ലീങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും അവരുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമാണ് വായ്പ എടുത്തിട്ടുള്ളത്.

രാജ്യത്തിന്റെ ദേശീയ വരുമാനത്തിന്റെ 77 ശതമാനവും കയ്യാളുന്നത് 10 ശതമാനം വരുന്ന സമ്പന്നാരാകുന്ന ഒരു രാജ്യത്തിന്റെ പേര് കൂടിയാണ് ഭാരതം. മുൻവർഷത്തെ അപേക്ഷിച്ച് ഭാരതത്തിൽ 166 ബില്ല്യണേഴ്‌സ് ആണ് കൂടിയത്. സമാനമായ സാമ്പത്തിക അസുന്തലിതാവസ്ഥ നിലനിനിരുന്നത് ബ്രിട്ടീഷ് ഇന്ത്യയിലാണ്. സ്വാതന്ത്ര്യത്തിനു ശേഷം സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലൂന്നിയ വികസന പദ്ധതികൾ കൊണ്ട് ഈ സാമ്പത്തിക അസന്തുലിതാവസ്ഥ കുറഞ്ഞുവരുന്ന ഒരു പ്രവണതയായിരുന്നു രാജ്യത്ത് നിലനിന്നിരുന്നത്, ഇപ്പോൾ അത് ഭീകരാമം വിധം വർധിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ കോവിഡ് കാലത്ത് മാത്രം 18000 കോടി രൂപ ലാഭം നേടിയെടുത്ത അദർ പൂനവാലയും,10000 ദിവസം കൊണ്ട് ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച ഗൗതം അദാനിയും ഭാരതം ഒരു ക്രോണി ക്യാപിറ്റലിസ്റ്റ് സ്വഭാവം കൈവരിച്ചു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങൾ ആണ്. ഉത്തർ പ്രദേശിനെ മുൻനിർത്തിയുള്ള ഈ പഠനത്തിൽ നിന്നും ലഭ്യമായ വസ്തുതകളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥയും.

പിൻകുറിപ്പ്:
Extreme Inequality is a form of ‘economic violence’
(Oxfarm Report 2022)

Leave a comment