വീടകങ്ങള്‍ അഥവാ, അപൂര്‍ണ്ണതയുടെ ആണകങ്ങള്‍
ഹോം സിനിമയില്‍ ശ്രീനാഥ് ഭാസി
കോവിഡ് മഹാമാരി എല്ലാവരെയും നിര്‍ബന്ധിതമായി വീട്ടിലടച്ചപ്പോള്‍, ശ്വാസം മുട്ടിപ്പോയവര്‍ക്ക് മുന്നിലാണ് ‘ഹോം’ എന്ന സിനിമ അവതരിപ്പിക്കപ്പെട്ടത്. ഒരു കുടുംബത്തിനകത്തെ ഇണക്കങ്ങളും പിണക്കങ്ങളും നെടുവീര്‍പ്പുകളും നര്‍മ്മങ്ങളും നിറഞ്ഞ ലക്ഷണമൊത്ത ഒരു സകുടുംബ സിനിമ. ഈ സമ്പൂര്‍ണ ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതിക വെല്ലുവിളി (Technologically challenged) നേരിടുന്ന മനുഷ്യരുടെ മാനസിക വ്യാപാരങ്ങള ആവിഷ്കരിക്കുന്ന ഈ ചിത്രം കണ്ടപ്പോള്‍ എന്‍റെ അച്ഛന്‍ പറഞ്ഞത് തന്‍റെ മനസ്സിലുണ്ടായിരുന്ന സിനിമയാണ് ഇത് എന്നാണ്. സാങ്കേതികത വഴങ്ങിക്കിട്ടാത്ത മുതിര്‍ന്ന തലമുറയിലെ പലരെയും പോലെ അച്ഛനും അമ്മയും ഓണ്‍ലൈനില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള നിരന്തരശ്രമങ്ങളിലാണ്. അതിന്‍റെ ദൃശ്യാവിഷ്കാരം കണ്ടതുകൊണ്ടാവാം ഈ താദാത്മ്യം പ്രാപിക്കല്‍.
ഒലിവര്‍ ട്വിസ്റ്റ് എന്ന നിസ്സഹായനായ മധ്യവയസ്കന്‍റെ ആന്തരിക സംഘര്‍ഷങ്ങളിലൂടെ ഏതാണ്ട് എല്ലാവരും അനുഭവിക്കുന്ന സാങ്കേതികമായ സംഘര്‍ഷങ്ങളിലേക്ക് കടന്നു ചെല്ലുകയാണ് ഈ സിനിമയുടെ ക്യാമറ. ഈ നിസ്സഹായസ്ഥയെ മെലോഡ്രാമയില്‍ പൊതിയുന്നതോടെ കാണികളുടെ നെഞ്ച് കനക്കുന്നു. ഒലിവര്‍ ട്വിസ്റ്റ് എന്ന അച്ഛന്‍ കഥാപാത്രത്തിന് മകനില്‍ നിന്നു കിട്ടുന്ന അവഗണനക്ക് മൂര്‍ച്ച കൂടുന്നത് ‘ഡാഡി’ക്ക് കിട്ടുന്ന പരിഗണനയും ബഹുമാനവും ചേര്‍ത്തു വെയ്ക്കുമ്പോഴാണ്. സ്വസ്ഥമായി തിരക്കഥ എഴുതാന്‍ വീട്ടിലേക്ക് വരുന്ന ആന്‍റണി ഒലിവര്‍ ട്വിസ്റ്റ് പിന്നീടുണ്ടാക്കുന്ന പല തരം സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ തനിക്ക് imperfect ആവാന്‍ പറ്റിയ ഏക ഇടം തന്‍റെ വീടാണെന്ന് പറയുന്നതാണ് സിനിമയുടെ ടാഗ് ലൈന്‍ .
ഒരിക്കല്‍ കാസര്‍കോഡ് ഒരു സെമിനാര്‍ കഴിഞ്ഞ് ഞാനും മിനി ടീച്ചറും ശ്രീജ ചേച്ചിയും ശാരദക്കുട്ടി ടീച്ചറും കൂടി ഒന്നു കറങ്ങാന്‍ ഇറങ്ങി. അന്നവര്‍ പറഞ്ഞത് ഹൃദയത്തില്‍ കോറിയിട്ടിട്ടുണ്ട്. അവര്‍ പലപ്പോഴും തീവണ്ടി യാത്രക്ക് എ.സി ടിക്കറ്റുകള്‍ എടുക്കും. എങ്ങോട്ടും പോകാനില്ലെങ്കിലും യാത്ര ചെയ്യും, എന്നിട്ട് തിരിച്ചു പോരും എന്ന്. ഞാനറിയുന്ന പലരും വീടുവിട്ടു പോകാറുണ്ട് ;എഴുതാന്‍ വേണ്ടി. വീട്ടില്‍ എല്ലാം തികഞ്ഞവര്‍ (perfect) ആവാന്‍ പറ്റുന്ന ഒരാളെയും ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. മൊറാലിറ്റിയുടെ ഏറ്റവും നല്ല മുഖം മൂടി തന്നെ എടുത്തണിയുന്നത് വീട്ടിലാണ്. പുരുഷന്‍മാര്‍ക്ക് വീട് വൃത്തികേടാക്കിയും തിന്ന പാത്രവും കുടിച്ച ഗ്ളാസും അങ്ങനെ തന്നെ വെച്ച് പോകാനും അടിവസ്ത്രം അലക്കാതെ ഊരി ഇടാനും പറ്റുന്ന ഏകസ്ഥലം വീടായിരിക്കും. മനുഷ്യരുടെ ശീലങ്ങളിലെ അപൂര്‍ണതകള്‍ (imperfections) മാത്രം നിറഞ്ഞ ഒരു ഇടമായി വീട് കാണപ്പെടാറുണ്ട്. അത്തരം വീടുകളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഒലിവര്‍ ട്വിസ്റ്റിന്‍റെ വീടും. ഭാര്യ നേഴ്സായതു കൊണ്ട് അച്ഛനെ നോക്കാന്‍ വേറെ ആളെ വെക്കേണ്ടി വന്നില്ല എന്നു പറയുന്നുണ്ട് അയാള്‍. ഒരു പക്ഷേ ആ മകന്‍ അച്ഛനോട് കാണിക്കുന്ന പരിഗണന പോലും അയാള്‍ ഭാര്യയോട് കാണിക്കുന്നില്ല. ഒരു പക്ഷേ അയാള്‍ വഴക്കൊന്നും പറയുന്നില്ലല്ലോ, സൗമ്യനായല്ലേ പെരുമാറുന്നത് എന്ന ആശ്വാസമായിരിക്കാം വ്യവസ്ഥകള്‍ ശീലിച്ചു പോയ ഒരു കാഴ്ചക്കാരനില്‍ ഉണ്ടാകുക.
ഒരു പ്രണയമുണ്ടെങ്കില്‍, മദ്യപിക്കുന്ന ശീലമുണ്ടെങ്കില്‍ ഒരു അദര്‍ ജെന്‍ഡര്‍ സൗഹൃദമുണ്ടെങ്കില്‍ അക്കാര്യം ആദ്യം മുടി വെക്കുന്ന സ്ഥലം വീടാണ്. ഇവിടെ പ്രണയത്തോട് സൗഹാര്‍ദ പരമായ നിലപാട് എടുക്കുന്നവരാണ് ഈ കുടുംബം.
ഈ സിനിമ പറയുന്ന imperfection എന്താണ് ? സിനിമയുടെ തുടക്കം മുതലേ അത് വ്യക്തമാണ്. മൂന്ന് പുരുഷന്‍മാരുടെ ശീലങ്ങളിലെ ‘imperfection’ നിലേക്കാണ് ക്യാമറ ചലിക്കുന്നത്. വീട്ടിലെ ഇളയ സന്തതി ‘കുട്ടിയമ്മോ..’ന്ന് ഉറക്കെ വിളിക്കുന്നു. അവര്‍ വയ്യാതെ കയറി വരുമ്പോള്‍ ഫാന്‍ ഓഫാക്കാന്‍ പറയുന്നു. കുട്ടിയമ്മയുടെ യാതനകള്‍ കാണിക്കാന്‍ ആണ് ഈ രംഗം എങ്കിലും,അത് ഇത്തിരി കൃത്രിമമായി തോന്നി. നിരന്നിക്കുന്ന ചായകുടിച്ച് വെച്ച കപ്പുകള്‍ അതിനെ മറികടന്നെങ്കിലും. ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് കുട്ടിയമ്മ ചോദിക്കുന്നുണ്ട് ‘ഈ മുറിക്കകത്തു എങ്ങിനെയാ കിടന്നുറങ്ങുന്നേ’ എന്ന് .
ഫിഷ് ടാങ്ക് പൊട്ടിയതിനെ തുടര്‍ന്ന് കുട്ടിയമ്മ മുറി വൃത്തിയാക്കുമ്പോള്‍ ഒലിവര്‍ ടിസ്റ്റ് മകനോട് ഫോണില്‍ പറയുന്നു ‘പാവം നിന്‍റെ അമ്മ ഇപ്പോഴും തൊടച്ച് കഴിഞ്ഞിട്ടില്ല എന്ന്. അത്രക്ക് വിഷമം ഉണ്ടെങ്കില്‍ വന്ന് വൃത്തിയാക്കാന്‍ കുട്ടിയമ്മ പറയുന്നുണ്ട്. വീട്ടിലെ ശീലങ്ങളിലുള്ള ഒലിവര്‍ ട്വിസ്റ്റിന്‍്റെ imperfection ആണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.
മൂന്നാമതായി ആന്‍റണി എന്ന സക്സസ്ഫുള്‍ ആയ സംവിധായകന്‍റെ ഫ്ളാറ്റിലേക്ക് ആണ് ക്യാമറ തിരിയുന്നത്. തന്‍റെ സിനിമ എന്തായി എന്ന് അറിയാനുള്ള വ്യാകുലതയില്‍ അവിടേക്ക് ഓടിയെത്തെുന്ന നിര്‍മ്മാതാവ് കാണുന്ന കാഴ്ചയില്‍ ആന്‍റണിയുടെ ഫ്ളാറ്റ്. അവിടെ ദിവസങ്ങളായി കഴുകാത്ത പാത്രങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ച സിഗരറ്റ് കുറ്റികളും കഴുകാത്ത തുണികളുടെ കൂമ്പാരവുമായി അഴുകിയ അവസ്ഥ. "ഇതൊരു വീടല്ല നിന്‍റെ മനസ്സാണ്'' എന്ന് നിര്‍മ്മാതാവ് പറയുന്നു. ആദ്യ പടം നീ എവിടെ ഇരുന്നാണ് എഴുതിയത് എന്ന ചോദ്യത്തിന് ആന്‍റണിയുടെ മനസ്സ് ചെന്ന് നില്‍ക്കുന്ന ഇടമാണ് ഹോം. സിനിമയുടെ ടൈറ്റില്‍സ് ഹാഷ്ടാഗ് ഹോം എന്ന് പച്ചപ്പില്‍ തെളിയുന്നു. "ഉള്ളു മൂടുന്ന ഇരുട്ടില്‍ നേര്‍ത്ത വെട്ടം തൂകുന്ന സൂര്യനായ് മാറുന്ന വീടിന്‍റെ കാഴ്ചകള്‍ ആണ്.
ഫ്ലാറ്റിലിരുന്ന് അയാള്‍ക്ക് എഴുതാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ നിര്‍മ്മാതാവ് അയാള്‍ക്ക് കംഫര്‍ട്ടബിളായ, അയാള്‍ തന്‍റെ ആദ്യ സിനിമ എഴുതിയ ഇടത്തേക്ക് പോകാന്‍ പറയുന്നു. അയാള്‍ക്ക് കംഫര്‍ട്ടിബിള്‍ ആയ ആ ഇടമാണ് #Home എന്ന സിനിമയിലെ മനോഹരമായ വീട്.
കുറച്ചു കാലം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന പ്രശസ്തനായ മകന്‍ അച്ഛനെ ഗൗനിക്കുന്നതേയില്ല. ഫോണില്‍ സംസാരം തുടരുന്നു. ടിവിയുടെ ശബ്ദം കുറയ്ക്കുമ്പോള്‍ അവന്‍ ആരെയോ ചീത്ത വിളിക്കുന്നത് കേള്‍ക്കും. വീട്ടിലുള്ളവര്‍ പരസ്പരം നോക്കുന്നു. വീട്ടില്‍ ഇരുന്ന് ചീത്ത വിളിക്കാന്‍ പാടില്ലാത്തതാണ് . തന്‍്റെ മകന്‍ അങ്ങിനെ അല്ലായിരുന്നു താനും, മകന്‍റെ മാറ്റം അടയാളപ്പെടുത്തുന്ന ആദ്യ രംഗമാണ് ഇത്.
മലയാള സിനിമയിലെ വീടിന്‍റെ നൈതികത നശിപ്പിക്കുന്നതില്‍ ആധുനികത നല്ല പങ്കു വഹിച്ചിട്ടുണ്ട്. കുടുംബനന്മയുടെ മതില്‍ ആദ്യം ചാടി കടക്കുന്നത് ആധുനികരായ, വിദ്യഭ്യാസം ലഭിച്ച ആളുകളാണ്. മുറപ്പെണ്ണ് മുതല്‍ ഇങ്ങോട്ട് പട്ടണത്തില്‍ പോയി പഠിച്ച് നാടു മറക്കുന്നവരുടെ ഒരു നിര തന്നെയുണ്ട് മലയാള സിനിമയില്‍.
ജീവിതത്തില്‍ എക്സ്ട്രാ ഓര്‍ഡിനറി ആയി എന്തെങ്കിലും ഉണ്ടെങ്കിലെ ആത്മകഥ പോലെ പോലുള്ള കൃതികള്‍ എഴുതാന്‍ കഴിയുമെന്ന് മകന്‍ പറയുമ്പോള്‍ വേദനിക്കുന്ന അച്ഛന്‍. വേദനിച്ച അയാള്‍ പുറത്തേക്കിറങ്ങി നടക്കുന്ന ആ രംഗം പണ്ടുതൊട്ടേ മലയാളസിനിമയില്‍ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. കഷ്ടപ്പെട്ട് പഠിപ്പിച്ച മകന്‍ എതിര്‍ത്ത് സംസാരിച്ചാല്‍ വേദനിച്ച് നടക്കുന്ന അച്ഛനും അനിയന്‍ സംസാരിച്ചതിന് നെഞ്ചില്‍ തടവി നടക്കുന്ന ചേട്ടനെയും ധാരാളം കണ്ടിട്ടുണ്ട്. വിങ്ങുന്ന മനസ്സുമായി എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍ ആ വലിയ തറവാടിന്‍റെ മുകളിലത്തെ വരാന്തയില്‍ അലയും കാറ്റിന്‍ ഹൃദയം എന്ന ഗാനത്തിന്‍റെ അകമ്പടിയോടെ ഉലാത്തുന്ന രാഘവന്‍ നായര്‍ എന്ന വാല്‍സല്യത്തിലെ മമ്മുട്ടിയുടെ കഥാപാത്രം എല്ലാവരുടെയും ഉള്ളില്‍ മായാതെ കാണും. മക്കളെയും അനിയന്മാരെയും എതിര്‍പക്ഷത്തു നിര്‍ത്തുന്ന ഈ കാഴ്ചയിലൂടെ ആണ് ഇമോഷണല്‍ ഡ്രാമകള്‍ സൃഷ്ടിക്കാറ്. ഇണക്കങ്ങളും പിണക്കങ്ങളും വീടുകളില്‍ സര്‍വ്വ സാധരണമാണ്.
ഇവിടെ മകന്‍ വലിയ സംവിധായകന്‍ ആവുകയും അയാളേക്കാള്‍ വലിയ ബയോഡാറ്റയുള്ള ഡാഡിയോട് അയാള്‍ക്കുള്ള ബഹുമാനം, സ്വന്തം അച്ഛന്‍റെ extraordinary അല്ലാത്ത ജീവിതത്തില്‍ എഴുതാന്‍ എന്താണ് ഉള്ളത് എന്ന ചോദ്യം ചോദിപ്പിക്കുന്നു. സ്റ്റാറ്റസ് കൂടിയപ്പോള്‍ മകന്‍ ആദ്യകാല സിനിമകളെ പോലെ വില്ലന്‍ ആകുന്നില്ല. പകരം സാധാരണമായ ജീവിതത്തോട് ബഹുമാനം ഇല്ലാതാവുകയാണ്. ഈ അവഗണന എല്ലാ സാധാരണ മനുഷ്യരും അനുഭവിച്ചിട്ടുള്ളതും ആണ്. പക്ഷേ ഒലിവര്‍ ടിസ്റ്റ് തന്‍്റെ extraordinary ആയ ജീവിതം തുറന്നു വെക്കുന്നു. എല്ലാവരുടെയും കണ്ണുകള്‍ ഈറനന്നിയുന്നു.
‘മിഥുന’ത്തിലെ ഉര്‍വശിയുടെ കഥാപാത്രത്തെ പോലെ എണ്ണി പെറുക്കി കരയുന്ന നായികയെ ഈ സിനിമയിലും കാണാം. ആന്‍്റണിയെ ഫോണ്‍ ചെയ്യലും പരിഭവവും പരാതിയുമല്ലാതെ അവള്‍ക്ക് വേറെ പണിയില്ലാത്ത പോലെയാണ്. നായിക പണക്കാരിയാണ് എന്നുള്ളതാണ് മിഥുനത്തില്‍ നിന്ന് ഹോമിലത്തെിയപ്പോള്‍ വന്ന മാറ്റം. പായയില്‍ പൊതിഞ്ഞ് കൊണ്ടു വരുന്നില്ല. പകരം വീട്ടുകാര്‍ പൂര്‍ണ മനസ്സോടെ സ്വീകരിക്കുകയാണ്. നായികമാര്‍ പാവപ്പെട്ടവള്‍ ആയാലും പണക്കാരായാലും എന്നും ഒരുപോലെ തന്നെ. മറ്റു സ്ത്രി കഥാപാത്രങ്ങളാണെങ്കില്‍ സ്വന്തമായ മോഹങ്ങളോ, സ്വത്വമോ ഒന്നു ഇല്ലാത്തവരാണ്.അവിടെ സ്ത്രീകളെല്ലാം സിമണ്‍ ദി ബു വെ ഒക്കെ പറയുന്ന പോലെ വീടിന്‍്റെ പരിരക്ഷകരാണ്.
മൂന്ന് തലമുറയില്‍പെട്ട പുരുഷന്‍മാരെ അവതരിപ്പിക്കുന്നുണ്ട് സിനിമ. ഇംഗ്ളീഷ് ക്ളാസിക്കുകള്‍ വിവര്‍ത്തനം ചെയ്യുന്നവരുടെ ടൈപ്പിസ്റ്റ് ആയ അപ്പച്ചന്‍ ടൈപ്പ് ചെയ്തു ചില കഥാപാത്രങ്ങള്‍ തലയ്ക്കു പിടിച്ചപ്പോള്‍ ആ പേരൊക്കെ മക്കള്‍ക്കിട്ടു. അങ്ങിനെ ആണ് ഒലിവര്‍ ട്വിസ്റ്റ് എന്ന് പേര് വന്നതെന്ന് അയാള്‍ പറയുന്നുണ്ട്. മുമ്പ് വീഡിയോ കാസെറ്റ് കട നടത്തിയിരുന്നു ഒലിവര്‍. അക്കാലത്തൊക്കെ വീഡിയോ കാസറ്റ് കട എന്ന് വെച്ചാല്‍ ഒരു വലിയ സംഭവം തന്നെ ആയിരുന്നു എന്നോര്‍ക്കുന്നുണ്ട് അയാള്‍. ആന്‍റണിയുടെ ഡാഡി ഒരു പേജ് നിറയെ ബയോ ഡാറ്റ ഉള്ളയാളാണ്. പുരുഷന്‍മാര്‍ക്കു മുഴുവന്‍ സ്വന്തമായ വിഷയങ്ങളും പരാജയങ്ങളും പൊതു ഇടങ്ങളും ഉള്ളതായി കാണാം.
ചെയ്ത തെറ്റിനു മാറ്റു പറഞ്ഞ് നല്ലവനാകുന്ന ആന്‍റണി പറയുന്നത് വീട് എന്ന ഇടത്തെ കുറിച്ചാണ്. അവിടെ ആരും പരിഹസിക്കാറോ തള്ളിപ്പറയാറോ ഇല്ല. തിരുത്തുകയേ ചെയ്യു എന്നാണ്. എന്താക്കെ തെറ്റുകള്‍ ചെയ്താലാണ് വീട്ടില്‍ നിങ്ങള്‍ തിരുത്തപ്പെടുക. ദേഷ്യപ്പെടുന്നതും ബഹുമാന കുറവും ഒഴിച്ചുള്ള തെറ്റുകള്‍ ചെയ്താല്‍ തിരുത്തപ്പെടുമോ? നിങ്ങള്‍ ചെയ്യുന്നത് സദാചാരപരമായ തെറ്റുകള്‍ ആണെങ്കിലോ? പ്രണയിച്ചതിന്‍റെ പേരില്‍ ദുരഭിമാനക്കൊല നടക്കുന്ന ഈ നാട്ടില്‍, സ്വന്തം സെക്ഷ്വാലിറ്റി ഉറക്കെ പറഞ്ഞതിന്‍്റെ പേരില്‍ പുറത്താക്കപ്പെടുന്ന വീടുകളുള്ള നാട്ടില്‍ നിന്നു കൊണ്ടോ, ഗാര്‍ഹിക പീഡനങ്ങള്‍ എന്നു വാര്‍ത്തയാവുന്ന നാട്ടില്‍ നിന്നു കൊണ്ടോ ബാലാ...
ഇംഗ്ളീഷില്‍ House എന്ന വാക്കിന് Home എന്നതില്‍ നിന്നുള്ള പ്രകടമായ വ്യത്യാസം തന്നെ ഹോം എന്നത് കുടുംബവുമായി, ബന്ധങ്ങളുമായി ഇഴുകി ചേര്‍ന്നിരിക്കുന്നു എന്നതിലാണ്. സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിലേക്ക് ആളുകളെ എത്തിക്കുന്നതും മനുഷ്യന്‍റെ ഈ ആഗ്രഹം പ്രകടമാകുന്ന ഭവന പദ്ധതികള്‍ നിലനില്‍ക്കുന്നുവെന്നതും യാഥാര്‍ഥ്യമാണ്. മലയാളസാഹിത്യത്തിലെ കുടുംബബന്ധങ്ങളെ സംബന്ധിച്ച നിരവധി വിശകലനങ്ങള്‍ ഉണ്ടായിരിക്കത്തെന്നെ വീട് എന്ന രൂപപരമായ നിര്‍മിതിയെ ഭാവാത്മകമായ കെട്ടിയുറപ്പിക്കലുകളിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ മലയാളത്തിലെ സാഹിത്യത്തിന്‍റെയും സിനിമയുടെയും സ്വാധീനം ആലോചിക്കേണ്ട വസ്തുതയാണ്.
വാല്‍സല്യം , വല്യേട്ടന്‍ , ബാലേട്ടന്‍ , കുടുംബപുരാണം, കുടുംബസമേതം, ഇന്നത്തെ ചിന്താവിഷയം ഇങ്ങനെ വീടിനെ ചുറ്റിപറ്റിയുള്ള സിനിമകള്‍ നിരവധിയാണ് മലയാളത്തില്‍. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ ഒട്ടുമിക്ക മലയാള സിനിമകളുടെയും കേന്ദ്രം തന്നെ ഹോം ആണ്. ഒരു വീടിന്‍റെ നൈതികതയെ പറ്റിയും കുടുംബമൂല്യങ്ങളെ പറ്റിയും വിശ്വാസ അവിശ്വാസങ്ങളെ പറ്റിയും ലൈംഗികതയെ പറ്റിയുമെല്ലാം സിനിമ ആവും വിധം പുരുഷ കേന്ദ്രീത വെള്ളപൂശല്‍ നടത്തിയിട്ടുണ്ട്. സിനിമയുടെ ചരിത്രത്തിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ നമുക്ക് കാണാം സര്‍വ്വംസഹയായ ഭാര്യ, ത്യാഗിയും സ്നേഹ സമ്പന്നയുമായ അമ്മ. കുടുംബത്തിനു വേണ്ടി നിലകൊള്ളുന്ന നല്ല സ്ത്രീ. അവള്‍ക്ക് അപരമായിവരുന്ന സ്ത്രീ വശീകരണ സ്വഭാവം ഉള്ളവളും കുടുംബ സദാചാരമൂല്യങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവളും ആകും. സ്ത്രീയുടെ ചാരിത്ര്യവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ സംഘര്‍ഷങ്ങള്‍ ഒട്ടുമിക്കതും തന്നെ. വീട്/കുടുംബം എന്ന സ്ഥാപനത്തെ പരമ്പരാഗത മാമൂലുകളോടെയും കാല്‍പനിക ഭാവുകത്വത്തോടെ അവതരിപ്പിച്ചു പോന്നു ആദര്‍ശ മലയാള സിനിമ.
പൊളിറ്റിക്കല്‍ കറക്ട്നെസ് മാറ്റി നിര്‍ത്തിയാലേ ഇതു പോലുള്ള നല്ല സിനിമകള്‍ ആസ്വദിക്കാന്‍ പറ്റൂ എന്ന് ഫേയ്സ്ബുക്കില്‍ പലരും കുറിച്ചു കണ്ടു. ആ കണ്ണട വെച്ചതു കൊണ്ടല്ല, യാഥാര്‍ത്ഥ്യത്തോട് ഒരു ബന്ധവുമില്ലാത്ത സിനിമകള്‍ നിര്‍മ്മിക്കണം എന്നല്ല. മറിച്ച് മറ്റു യാഥാര്‍ത്ഥ്യങ്ങള്‍ കാണാതെ പോകുകയും മെലോഡ്രാമക്കു വേണ്ടി എല്ലാറ്റിനേയും ന്യായീകരിക്കുകയും ചെയ്യുന്നതിലാണ് ചതി.
വീട് അഥവാ കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിന്‍റെ സംവിധായകര്‍ പുരുഷനാവുന്നതിനാലും, ജീവിത വിജയത്തെ പറ്റിയും പൊതു ഇടങ്ങള പറ്റിയുള്ള അവരുടെ വേവലാതികള്‍ക്ക് മാത്രം വലിയ പകിട്ട് കിട്ടുന്നത്. ഹോമിലെ എല്ലാ പുരുഷന്‍മാരും വിജയങ്ങളെ കുറിച്ച് ആകുലപ്പെടുന്നവരാണ് പുരുഷ സ്വഭാവം എന്ന പോലെ. സാമൂഹികമോ സാംസ്കാരികമോ കലാപരമോ ആയ വിജയങ്ങള്‍ മാത്രമല്ല ജീവിതത്തെ extraordinary ആക്കുന്നത്. വിജയിക്കുന്നതും പരാജയപ്പെടുന്നതും എല്ലാം പ്രാധാന്യമുള്ളതാന്ന്. വീടിനെ സര്‍ഗാത്മകമായി വീണ്ടെടുക്കുക, സമഭാവനയോടെ പരിഷ്കരിക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ര്ടീയ ദൗത്യങ്ങളില്‍ ഒന്ന്. വീട്എല്ലാവര്‍ക്കും ലഭിക്കണം എന്ന ആവശ്യവും ഈ രാഷ്ര്ടീയ ലക്ഷ്യങ്ങളില്‍ ഒന്നാണ്.
കുമ്പളങ്ങി നൈറ്റ്സ് പോലുള്ള സിനിമകള്‍ ഈ രാഷ്ര്ടീയ ദൗത്യത്തില്‍ വിജയിച്ചിട്ടുമുണ്ട്. ഇന്ന് സ്വത്വമുള്ള, സ്വന്തം ഇടം കണ്ടത്തെുന്ന സ്ത്രീകള്‍ ഉണ്ടാകുന്നുണ്ട് മലയാള സിനിമയില്‍.കുമ്പളങ്ങിയില്‍ ബേബി മോള്‍ ബോബിയോട് ചോദിക്കുന്നുണ്ട് How many mummies and daddies do you have? എന്ന്. മലയാള സിനിമ സര്‍ഗാത്മകമായി വാര്‍പ്പു മാതൃകകളെ പൊളിച്ചു കളഞ്ഞ് പുതിയ ഹോമുകള്‍ നിര്‍മ്മിക്കുമ്പോള്‍, പുറന്തള്ളപ്പെട്ട സാംസ്കാരിക മാലിന്യങ്ങളെ അടിച്ചു കൂടി വാരി കൂട്ടി സൂക്ഷിക്കുന്ന സിനിമയാണ് ഹോം. ഇന്ദ്രന്‍സ് എന്ന നടന്‍ന്‍റെ അഭിനയ വിസ്മയമാണ് ഈ സിനിമ എന്ന പല വായനകളും കണ്ടിരുന്നു. അത് ഇന്ദ്രന്‍സ് അസാമാന്യമായി അഭിനയിച്ച മറ്റു സിനിമകള്‍ കാണാത്തതു കൊണ്ടാണെന്നേ പറയാനുള്ളൂ. അതല്ലെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തെ ഇപ്പോഴാണ് അംഗീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടാവുക.