TMJ
searchnav-menu
post-thumbnail

Outlook

പച്ചയുടെ നിറങ്ങൾ: ഇന്ത്യൻ വനങ്ങളിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നിറഞ്ഞതെങ്ങനെ?

25 Aug 2022   |   1 min Read
രഞ്ജിത്ത് കല്യാണി

ഭാഗം അഞ്ച്:

അമേരിക്കൻ ഐക്യനാടുകളിലെ പാരിസ്ഥിതിക വാദത്തിൽ നിന്നും വ്യത്യസ്തമായി എങ്ങനെയാണ് ഇന്ത്യൻ പാരിസ്ഥിതികവാദം രൂപമെടുത്തത് എന്നാണ് രാമചന്ദ്രഗുഹ, മാധവ് ഗാഡ്ഗിൽ, ജോൺ മാർട്ടിനെസ് അലിയർ എന്നിവരുടെ പഠനങ്ങളെ മുൻനിർത്തി കഴിഞ്ഞ ഭാഗത്തു വിശദീകരിച്ചത്. അത്തരത്തിൽ പരിസ്ഥിതിവാദങ്ങളെ വേറിട്ട് മനസ്സിലാക്കേണ്ടതിന്റെ സമൂഹപാഠപരമായ ആവശ്യകതയും കഴിഞ്ഞ ഭാഗത്തു പരിശോധിച്ചു. ചിപ്കോ പ്രസ്ഥാനം, നർമദാ ബച്ചാവോ ആന്ദോളൻ, കർണാടക പ്ലൈവുഡ് ലിമിറ്റഡിനെതിരെ നടന്ന സമരം എന്നിവയെ അടിസ്ഥാനമാക്കിയാണ് മേല്പറഞ്ഞ പഠിതാക്കൾ ഇന്ത്യൻ പരിസ്ഥിതിവാദത്തെ സിദ്ധാന്തീകരിക്കാൻ ശ്രമിക്കുന്നത്. ഈ മൂന്നു കേസ് സ്റ്റഡികളിൽ ആദ്യത്തെ രണ്ടെണ്ണവും കേരളീയർക്ക് സുപരിചിതമാണല്ലോ. ചിപ്കോ പ്രസ്ഥാനത്തെ പറ്റി കഴിഞ്ഞ ഭാഗത്തിൽ സംക്ഷിപ്തമായി വിവരിക്കുകയും ഉണ്ടായി. മലയാളികൾക്ക് അത്രകണ്ട് സുപരിചിതമല്ലാത്ത കർണാടക പ്രൈവറ്റ് ലിമിറ്റഡിനെതിരെ (കെ.പി.എൽ) 1984-91 കാലത്ത് നടന്ന പ്രക്ഷോഭങ്ങളെ പരിചയപ്പെടുത്താനാണ് ഈ ഭാഗത്തിൽ ഉദ്ദേശിക്കുന്നത്. ഈ പ്രക്ഷോഭങ്ങൾക്ക് രാജ്യത്താകമാനം ഇതേ കാലത്ത് പ്രകൃതി വിഭവങ്ങളുടെ സ്വകാര്യവൽക്കരണ ശ്രമങ്ങൾക്കെതിരെ നടന്ന സമരങ്ങളുടെ അതേ സ്വഭാവം ആണുള്ളത്. അതുകൊണ്ട് രാജ്യവ്യാപകമായ ചില പ്രശ്നങ്ങളെ പറ്റി വിശാലമായ ചില കാഴ്ചപ്പാടുകൾ രൂപീകരിക്കാൻ ഉതകുന്നതാണ് കെ.പി.എല്ലിനെതിരെ നടന്ന ഈ സമരങ്ങളെക്കുറിച്ചുള്ള പഠനം.

ബിർള കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉള്ള വ്യവസായങ്ങളിൽ ഒന്നായ, വടക്കൻ കർണാടകയിൽ സ്ഥിതിചെയ്യുന്ന ഹരിഹർ പോളിഫൈബേഴ്‌സ് എന്ന റയോൺ ഉത്പാദക യൂണിറ്റുമായി കർണാടക സർക്കാർ 1984 നവംബർ 14 ന് ഒരു ഉടമ്പടിയിൽ ഏർപ്പെടുന്നു. ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ കർണാടക സർക്കാരിന് 51 ശതമാനവും ഹരിഹർ പോളിഫൈബേഴ്‌സിന് 49 ശതമാനവും ഉടമസ്ഥതയോടെ കർണാടക പൾപ്പ് വുഡ് ലിമിറ്റഡ് (കെ.പി.എൽ) എന്ന പുതിയൊരു കമ്പനി രുപീകരിക്കപ്പെടുന്നു. ഹരിഹർ പോളിഫൈബേഴ്‌സിന് ആവശ്യമായ യൂക്കാലിപ്റ്റസ് പോലെയുള്ള പെട്ടെന്ന് വളരുന്ന മരങ്ങൾ വ്യാപകമായി കൃഷിചെയ്ത് ഉൽപ്പാദിപ്പിക്കുക എന്നതായിരുന്നു കെ.പി.എല്ലിന്റെ ചുമതല. ഇതിനുവേണ്ടി ഉത്തര കർണാടകയിൽ നാല് ജില്ലകളിലായി പരന്നുകിടക്കുന്ന 30000 ഏക്കർ ഭൂമി കർണാടക സർക്കാർ കണ്ടെത്തുന്നു. സർക്കാരിന് സാങ്കേതികമായ ഉടമസ്ഥതമാത്രം ഉണ്ടായിരുന്ന ഈ ഭൂമിയിലെ പുല്ലും മരങ്ങളും കുറ്റിച്ചെടികളും മറ്റും സമീപ ഗ്രാമവാസികൾ ധാരാളമായി വിറകിനും കാലിത്തീറ്റക്കുമായി ഉപയോഗിക്കുന്നവയായിരുന്നു.

40 വര്‍ഷം എന്ന ഒരു സുദീർഘ കാലപരിധി നിശ്ചയിച്ച് ഏക്കറിന് ഒരു രൂപ എന്ന പരിഹാസ്യമായ വാർഷിക വാടകക്ക് കർണാടക സർക്കാർ ഈ ഭൂമി കെ.പി.എല്ലിന് കൈമാറുന്നു. കരാർ പ്രകാരം ഈ ഭൂമിയിലെ ഉല്പാദനത്തിന്റെ 87.5 ശതമാനത്തിന് അവകാശം ഹരിഹർ പോളിഫൈബേഴ്‌സ് എന്ന സ്വകാര്യ കമ്പനിക്കായിരുന്നു. ബാക്കിവരുന്ന 12.5 ശതമാനവും ഇതേ കമ്പനിക്ക് വേണമെങ്കിൽ വാങ്ങിക്കാം. എല്ലാ വിധത്തിലും ഈ കരാർ ബിർളയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് അസാധാരണമായ രീതിയിൽ ഹിതകരമായ ഒന്നായിരുന്നു. കെ.പി.എല്‍ കമ്പനി എടുക്കുന്ന വായ്പ്കൾക്ക് ജാമ്യം നിൽക്കാൻ പോലും കർണാടക സർക്കാർ തയ്യാറായി.

ഹരിഹർ പോളിഫൈബേഴ്‌സ് എന്ന സ്വകാര്യ കമ്പനി | photo: wiki commons

സത്യത്തിൽ, കെ.പി.എൽ രൂപീകരിക്കുന്നതിന് നാല് വർഷം മുൻപ് തന്നെ വ്യാവസായിക ആവശ്യങ്ങൾക്കുള്ള മരത്തടിക്ക് വലിയ ക്ഷാമം നേരിട്ട് തുടങ്ങിയിരുന്നു. വ്യാവസായിക ആവശ്യങ്ങൾക്കായി വ്യാപകമായി മരം മുറിച്ചത് ആ കാലത്ത് വലിയ തോതിലുള്ള വനനശീകരണത്തിനും കാരണമായിരുന്നു. പേപ്പർ, റയോൺ, പ്ലൈവുഡ് മുതലായവ ഉത്പാദിപ്പിക്കുന്നതിനു സർക്കാർ ഉടമസ്ഥതയിലുള്ള വനങ്ങളിലെ മരംമുറിക്കാൻ വമ്പിച്ചതോതിൽ സബ്‌സിഡിയും മറ്റു സഹായങ്ങളും കമ്പനികൾക്ക് ലഭിച്ചിരുന്നു. എന്നിരുന്നാലും, മരങ്ങളുടെ സ്രോതസ്സുകളുടെമേൽ പൂർണ നിയന്ത്രണം കൈവരിക്കാൻ കമ്പനികൾ പരിശ്രമിച്ചുകൊണ്ടിരുന്നു. വലിയ അളവിൽ ഭൂമി കൈവശംവെക്കാൻ സ്വകാര്യ കമ്പനികൾക്ക് നിയമപരമായ പരിമിതികൾ ഉണ്ടായിരുന്നു. ഈ പരിമിതികളെ മറികടക്കാൻ കമ്പനികൾ കണ്ട മികച്ച മാർഗ്ഗമായിരുന്നു കമ്പനികളുടെയും സർക്കാരുകളുടെയും സംയുക്തമായ ഉടമസ്ഥതയിൽ ഉള്ള ജോയിന്റ് സെക്ടര്‍ കമ്പനികൾ. കെപിഎൽ രൂപീകരിക്കപ്പെട്ട ശേഷം രാജ്യത്ത് വിവിധഭാഗങ്ങളിൽ ഇത്തരം ജോയിന്റ് സെക്റ്റർ കമ്പനികൾ രൂപീകരിക്കാൻ സ്വകാര്യ കമ്പനികൾ അതാത് സർക്കാരുകളിൽ സ്വാധീനം ചെലുത്തിത്തുടങ്ങി.

മരത്തടിയുടെ ക്ഷാമത്തെപ്പറ്റി ആവലാതികൾ ഉണ്ടായിരുന്നവർ പേപ്പർ ഫാക്റ്ററികളും റയോൺ ഫാക്റ്ററികളും മാത്രമായിരുന്നില്ല. ഈ പംക്തിയുടെ കഴിഞ്ഞ ഭാഗത്തു സൂചിപ്പിച്ചതുപോലെ, ചിപ്കോ പ്രസ്ഥാനം ഉയർത്തിക്കാണിച്ച പ്രധാന പ്രശ്നം ഗ്രാമീണരായ തദ്ദേശീയർക്ക് തടി ഉൾപ്പെടെയുള്ള വനവിഭവങ്ങൾക്കുള്ള അവകാശത്തെയും ലഭ്യതയെയും പറ്റി ആയിരുന്നു. ചിപ്കോ പ്രസ്ഥാനത്തിന്റെ ഫലമായി സർക്കാരുകളുടെ വന-നയങ്ങളെ പറ്റി പലതരം ചർച്ചകൾ സജീവമായി. ഈ ചർച്ചകൾ എത്തിച്ചേർന്ന പൊതുവായ അനുമാനം സർക്കാരുകൾ ഗ്രാമീണരുടെയും ആദിവാസി സമുദായങ്ങളുടെയും അവകാശങ്ങളെ അവഗണിച്ച് നഗരകേന്ദ്രീകൃത വ്യവസായങ്ങളെ അതിരുകവിഞ്ഞു സഹായിക്കുന്നു എന്നതായിരുന്നു.

തമിഴ് നാട്ടിലെ യൂക്കാലിപ്റ്റസ് തോട്ടം | Photo: wiki commons

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികലമായ വനനയങ്ങൾ കാരണം ഗ്രാമീണ ഇന്ത്യയിൽ ഉടനീളം വിറകിനും കാലിത്തീറ്റയ്ക്കും ക്ഷാമം നേരിട്ടു. ഒരു പഠനപ്രകാരം കർണാടകയിൽ ഒരു വര്‍ഷം വേണ്ട വിറക് 12.4 മില്യൺ ടൺ ആണ്. ഇതിൽ 10.4 മില്യൺ ടൺ മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളു. അതായത് 16 ശതമാനത്തിന്റെ കുറവ്. കാലിത്തീറ്റയുടെ കാര്യത്തിൽ 35.7 മില്യൺ ടൺ വേണ്ടിടത്ത് 23 മില്യൺ ടൺ ആണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇവിടെ കുറവ് 33 ശതമാനമാണ്. കാലിത്തീറ്റയുടെ ക്ഷാമം സർക്കാരുകളുടെ വനവൽക്കരണ പരിപാടികളിൽ വച്ചുപിടിപ്പിക്കേണ്ട വൃക്ഷ ഇനങ്ങളുടെ തെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിച്ചു. സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള നിലങ്ങളിൽ യൂക്കാലിപ്റ്റസ് എന്ന ഏകവിള വച്ചുപിടിപ്പിക്കാൻ 1960 കൾ മുതൽ വിവിധ സംസ്ഥാനങ്ങളിലെ വനം വകുപ്പുകൾ ഉത്സാഹം കാണിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജൈവവൈവിധ്യ സമ്പന്നമായ വനങ്ങൾ വ്യാപകമായി യൂക്കാലിപ്റ്റസ് കൃഷിക്കായി വെട്ടിനിരത്തപ്പെട്ടു. സർക്കാരുകളുടെ വനവൽക്കരണ പരിപാടികളിൽ വച്ചുപിടിപ്പിക്കേണ്ട വൃക്ഷ ഇനങ്ങളുടെ തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആ കാലത്ത് രൂക്ഷമായിരുന്ന കാലിത്തീറ്റ ക്ഷാമത്തെ സർക്കാരുകൾ നോക്കിക്കണ്ട രീതിയാണ്. ദ്രുതഗതിയിൽ വളരും എന്നതും പേപ്പർ, റയോൺ തുടങ്ങിയ വ്യവസായങ്ങൾക്ക് അനുയോജ്യമാണ് എന്നതും യൂക്കാലിപ്റ്റസ് എന്ന ആസ്ട്രേലിയൻ വൃക്ഷം ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യാനായി തെരഞ്ഞെടുക്കാനുള്ള കാരണങ്ങളാണ്. എന്നാൽ ഇതിനേക്കാൾ പ്രധാനമായ ഒരു കാര്യം ഈ വൃക്ഷമോ അതിന്റെ ഭാഗങ്ങളോ ഒരുതരത്തിലും ആടുമാടുകളുടെ ഭക്ഷണമായി ഉപയോഗിക്കാനാകില്ല എന്നതാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠതയിലും ജല ലഭ്യതയിലും പ്രതികൂലമായ ഫലങ്ങൾ ഉളവാക്കും എന്നതിനാൽ പരിസ്ഥിതി പ്രവർത്തകർ ഈ വൃക്ഷം നട്ടുപിടിപ്പിക്കുന്നതിന്റെ എതിർത്തു.

ഇന്ത്യയിലെ യൂക്കാലിപ്റ്റസ് കൃഷി സർക്കാരുകളുടെ ചില മനോഭാവങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഒന്നാമതായി, വിറക്, മരത്തടി, നാരുകൾ, കായ് കനികൾ , കാലിത്തീറ്റ, തുടങ്ങി പലതരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒട്ടനവധി മരങ്ങളെ തഴഞ്ഞാണ് ജനങ്ങൾക്കും പ്രകൃതിക്കും ദോഷകരമായ ഒരു സസ്യവർഗ്ഗം രാജ്യത്തൊട്ടാകെ നട്ടുപിടിപ്പിച്ചത്. രണ്ടാമതായി, ദരിദ്ര ഗ്രാമീണ ജനതയുടെ ദുരിതത്തേക്കാൾ നഗരകേന്ദ്രീകൃത വ്യവസായങ്ങളുടെ പുഷ്ടിപ്പെടലാണ് സർക്കാരുകളുടെ മുൻഗണന. ഗ്രാമീണ കൃഷിക്കാർ, കാലി വളർത്തുന്നവർ, മരത്തടിയിൽ കരകൗശല പ്രവർത്തികൾ ചെയ്യുന്നവർ തുടങ്ങിയവരുടെ താല്പര്യങ്ങളെ അവഗണിച്ച് സർക്കാരുകൾ വ്യവസായങ്ങൾക്ക് അനുകൂലമായ നിലപാടുകൾ എടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ കെപിഎല്ലിന്റെ രുപീകരണത്തിനു ശേഷം രാജ്യത്താകമാനം വ്യാപകമായി.

ഹരിഹർ പോളി ഫൈബേഴ്‌സിന്റെ റയോൺ ഫാക്റ്ററിയിൽ നിന്നുള്ള മലിനീകരണം കാരണം തുംഗഭദ്ര നദിയിലെ മീനുകൾ ചത്തുപൊങ്ങുന്നത് നിത്യസംഭവമായിരുന്നു. നദീതീര വാസികളുടെ നിത്യജീവിതവും ആരോഗ്യവും ഉപജീവനവും മലിനീകരണം മൂലം പ്രതിസന്ധിയിൽ ആയിരുന്നു.

കെ.പി.എല്ലിനെതിരെ അധികം വൈകാതെ വലിയതോതിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കപ്പെട്ടു. പ്രശസ്ത കന്നഡ എഴുത്തുകാരൻ ഡോ. ശിവറാം കാരന്ത് ബിർളയും സംസ്ഥാന സർക്കാരും തമ്മിലുള്ള അവിശുദ്ധ സഖ്യത്തെ തുറന്നെതിർക്കാൻ ബഹുജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് 1984 ഡിസംബറിൽ കർണാടകയിലെ ഏറ്റവും പ്രശസ്തമായ ഒരു പത്രത്തിൽ ലേഖനമെഴുതി. 1986 ജൂലൈ 15 ന് ഭൂമിയുടെ ആദ്യഘട്ടം കെപിഎല്ലിന് കൈമാറിയ ദിവസം മുതൽ സമരം കൂടുതൽ ശക്തിപ്പെട്ടു. അന്നത്തെ കർണാടക മുഖ്യമന്ത്രി ആയിരുന്ന രാമകൃഷ്ണ ഹെഡ്ഗെക്കു ശ്രദ്ധേയരായ വ്യക്തികളും സംഘടനകളും കത്തുകൾ അയച്ചു. ഇങ്ങനെ കത്തുകൾ അയച്ചവരിൽ ഒരു മുൻ ചീഫ് ജസ്റ്റീസും മുൻ മുഖ്യമന്ത്രിയും ഒരു മുൻ മന്ത്രിയും ഉൾപ്പെട്ടിരുന്നു. സംസ്ഥാന നിയമസഭയിൽ ഈ പ്രശ്നം ശക്തമായി ഉന്നയിക്കപ്പെട്ടു.

കെ.പി.എല്ലിനെതിരെ നടന്ന സമരങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്ന ഒരു സന്നദ്ധ സംഘടനയായിരുന്നു കർണാടകയിലെ ധാർവാർഡ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന സമാജ് പരിവർത്തൻ സമുദായ (എസ്.പി.എസ്). ഹരിഹർ പോളിഫൈബേഴ്‌സ് തുംഗഭദ്ര നദിയിൽ നടത്തുന്ന മലിനീകരണത്തിനെതിരെ ഈ സന്നദ്ധ സംഘടന നിലവിൽ സമരങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഹരിഹർ പോളി ഫൈബേഴ്‌സിന്റെ റയോൺ ഫാക്റ്ററിയിൽ നിന്നുള്ള മലിനീകരണം കാരണം തുംഗഭദ്ര നദിയിലെ മീനുകൾ ചത്തുപൊങ്ങുന്നത് നിത്യസംഭവമായിരുന്നു. നദീതീര വാസികളുടെ നിത്യജീവിതവും ആരോഗ്യവും ഉപജീവനവും മലിനീകരണം മൂലം പ്രതിസന്ധിയിൽ ആയിരുന്നു. 1985 ഒക്ടോബർ രണ്ട്‌ ഗാന്ധിജയന്തി ദിനത്തിൽ ഈ മലിനീകരണത്തിനെതിരെ ഹരിഹർ പോളിഫൈബേഴ്‌സിന്റെ നിർമാണ യൂണിറ്റിന് മുന്നിൽ എസ്.പി.എസ് ഒരു വലിയ ധർണ നടത്തി. തൊട്ടടുത്ത വർഷം കർണാടക ഹൈക്കോടതിയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ ഒരു പൊതുതാത്പര്യ ഹർജി എസ്.പി.എസ് ഫയൽ ചെയ്തു.

പ്രശസ്ത കന്നഡ എഴുത്തുകാരൻ ഡോ. ശിവറാം കാരന്ത് | photo: wiki commons

ഈ ഹർജിയുടെ നടപടികൾ ഹൈക്കോടതിയിൽ നടക്കവെതന്നെ എസ്.പി.എസ് സുപ്രീംകോടതിയിൽ കെ.പി.എല്ലിനെതിരെ ഒരു റിട്ട് ഫയൽ ചെയ്തു. കെപിഎല്ലിന്റെ പ്രവർത്തന പ്രദേശത്തു ജീവിക്കുന്ന അഞ്ചു ലക്ഷത്തോളം ഗ്രാമീണർക്ക് വേണ്ടി എസ്.പി.എസ് സുപ്രീംകോടതിയിൽ വാദിച്ചു. സംസ്ഥാന സർക്കാർ കെ.പി.എല്ലിന് കൈമാറുന്നത് ഗ്രാമീണർ അവരുടെ അടിസ്ഥാന ജീവന ആവശ്യങ്ങൾക്ക് അനേകകാലമായി ആശ്രയിക്കുന്ന പൊതുഭൂമി ആണെന്ന് എസ്.പി.എസ് വാദിച്ചു. ഗ്രാമീണരുടെ ഭൂമി തട്ടിയെടുക്കുന്നതിന് വ്യവസായികളെ സഹായിക്കാൻ സംസ്ഥാന സർക്കാർ അതിന്റെ ജനാധിപത്യ അവകാശം ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു കെ.പി.എല്ലിന്റെ പക്ഷം.

സംസ്ഥാന സർക്കാരിന്റെ അധികാര ദുർവിനിയോഗം സാമൂഹിക നീതിയുടെ അടിസ്ഥാന പ്രമാണങ്ങൾക്ക് മാത്രമല്ല ഭരണഘടനയുടെ 14, 21 എന്നീ അനുച്ഛേദങ്ങൾക്കും എതിരാണ് എന്ന് എസ്.പി.എസ് കോടതിയിൽ ബോധിപ്പിച്ചു. 1987 മാർച്ച് 24 ന് കർണാടക സർക്കാർ കെ.പി.എല്ലിന് ഭൂമി കൈമാറുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. കെ.പി.എല്ലിനെതിരെ എസ്.പി.എസ് ന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളുടെ ഒരു താൽക്കാലിക വിജയമായി ഈ സ്റ്റേ ഓർഡർ. എന്നിരുന്നാലും എസ്.പി.എസ് ന്റെ പ്രക്ഷോഭങ്ങളും നിയമ യുദ്ധവും പിന്നെയും തുടർന്നു. അതിനെക്കുറിച്ച് അടുത്തഭാഗത്തിൽ വിശദീകരിക്കാം. ഈ പ്രക്ഷോഭത്തെക്കുറിച്ച് പഠിച്ച രാമചന്ദ്ര ഗുഹയും മാര്‍ട്ടിനെൻസ് അലിയറും എത്തിച്ചേരുന്ന നിഗമനങ്ങളും അടുത്ത ഭാഗത്ത് വിശദമായി പരിശോധിക്കാം.

Leave a comment