TMJ
searchnav-menu
post-thumbnail

Outlook

നടപ്പാതകളുടെ നഗരമെന്ന കോഴിക്കോടന്‍ ഭാവന

11 Oct 2022   |   1 min Read
കെ പി സേതുനാഥ്

എ. അച്ചുതന്‍ | PHOTO: WIKI COMMONS

ടപ്പാതകളുടെ നഗരമായി (വാക്കേഴ്‌സ്‌ സിറ്റി) കോഴിക്കോടിനെ പരിവര്‍ത്തനപ്പെടുന്നതിനെ പറ്റി വിഭാവനം ചെയ്‌താല്‍ എന്തായിരിക്കും ഫലം. നഗരകേന്ദ്രത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലെ നാട്ടുവഴികളും, ഇടവഴികളും മാത്രം വെട്ടവും, വൃത്തിയുമുള്ള നടപ്പാതകളായി മാറ്റുന്നതിലൂടെ കോഴിക്കോടിനെ വാക്കേഴ്‌സ്‌ സിറ്റിയാക്കി മാറ്റാമെന്ന ആശയം അച്ചുതന്‍ മാഷ്‌ (എ. അച്ചുതന്‍) മുന്നോട്ടു വച്ചിട്ട്‌ ഒരു ദശകം കഴിയുന്നു. അച്ചുതന്‍ മാഷിന്റെ നേതൃത്വത്തില്‍ വാക്കേഴ്‌സ്‌ സിറ്റിയുടെ വിശദമായ രൂപരേഖ 2012 ല്‍ കോഴിക്കോട്‌ നഗരസഭക്ക്‌ സമര്‍പ്പിച്ചുവെങ്കിലും വികസനദാഹികളായ നഗരാസൂത്രകര്‍ അതിനെ പാടെ അവഗണിച്ചുവെന്ന്‌ കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നഗരകേന്ദ്രത്തിന്റെ 10 കിമീ ചുറ്റളവില്‍ ചുരുങ്ങിയത്‌ ചെറുതും വലുതുമായ 50 ഓളം നാട്ടുവഴികളും, ഇടവഴികളും കണ്ടെത്താനാവുമെന്നായിരുന്നു മാഷിന്റെ വിലയിരുത്തല്‍. ജര്‍മനിയിലെ ബോണ്‍ നഗരത്തെ ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശയം.

മോട്ടോര്‍ വാഹനങ്ങള്‍ക്ക്‌ പ്രവേശനമില്ലാത്ത നടപ്പാതകള്‍ നിറഞ്ഞ ബോണ്‍ യൂറോപ്പിലെ വാക്കേഴ്‌സ്‌ സിറ്റിയെന്നാണ്‌ അറിയപ്പെട്ടിരുന്നതെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു. വാഹനങ്ങളുടെ ശല്യമില്ലാതെ നടക്കുന്നതില്‍ താല്‍പ്പര്യമുള്ളവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അതിനായി മാത്രം ബോണില്‍ എത്തിയിരുന്നു. നാട്ടുവഴികളും, ഇടവഴികളും സുരക്ഷിതമായ നടപ്പാതകളായി മാറ്റിയതിനൊപ്പം അവയുടെ ഇരുവശങ്ങളിലും വസിക്കുന്ന പ്രദേശവാസികള്‍ക്ക്‌ ചെറുകിട വാണിജ്യ സംരംഭങ്ങള്‍ അവരവരുടെ വീട്ടുപടിക്കലില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതിയും നല്‍കിയിരുന്നു. പ്രദേശിക ഭക്ഷണം മുതല്‍ കരകൗശല ഉല്‍പ്പന്നങ്ങള്‍ വരെയുള്ളവയുടെ കൊടുക്കല്‍ വാങ്ങലുകള്‍ ഇവിടങ്ങളില്‍ സാധാരണയായിരുന്നു. ഇതേ മാതൃകയിലുള്ള വാക്കേഴ്‌സ്‌ സിറ്റിയായി മാറുന്നതിനുള്ള അപാരമായ സാധ്യതകള്‍ കോഴിക്കോടിനും ഉണ്ടെന്നായിരുന്നു പദ്ധതി രൂപരേഖയുടെ പ്രാഥമികമായ വിലയിരുത്തല്‍.

ജര്‍മനിയിലെ ബോണ്‍ നഗരം | photo: wiki commons

വൃത്തിയും, വെളിച്ചവുമുള്ള ഇടങ്ങളായി നാട്ടുവഴികളെയും, ഇടവഴികളെയും മാറ്റിയെടുക്കുക, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക, കണ്ടാലറയ്‌ക്കുന്ന ഇടങ്ങളെന്നതിനു പകരം അഴുക്ക്‌ ചാലുകളെ ശുചിത്വത്തിന്റെ ചിഹ്നങ്ങളാക്കുക, മാലിന്യങ്ങളും, ചപ്പു ചവറുകളും വൃത്തിയായും സമയബന്ധിതമായും നീക്കം ചെയ്യുന്നതിനും സംസ്‌ക്കരിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയായിരുന്നു പദ്ധതി രേഖയിലെ സുപ്രധാന നിര്‍ദ്ദേശ്ശങ്ങള്‍. അന്തസ്സാര്‍ന്ന നഗരജീവിതത്തിന്‌ അനിവാര്യമായ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശ്ശങ്ങള്‍ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. കോഴിക്കോടിന്‌ മാത്രമല്ല കേരളത്തിലെ മിക്കവാറും എല്ലാ നഗരങ്ങളിലും, പട്ടണങ്ങളിലും ഇത്തരത്തിലുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായി ആര്‍ക്കും തിരിച്ചറിയാവുന്ന കാര്യമാണ്‌. കണ്‍സള്‍ട്ടന്‍സി-കരാര്‍-രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവികള്‍ ചേര്‍ന്ന കൂട്ടുകച്ചവടമാണ്‌ നഗരവികസനമെന്ന സങ്കല്‍പ്പത്തിന്റെ ഗുണഭോക്താക്കളെ സംബന്ധിച്ചിടത്തോളം അത്തരം ഭാവനകള്‍ അസാദ്ധ്യമാണെന്നു പറയേണ്ടതില്ല. ജവഹര്‍ലാല്‍ നെഹ്രു നഗര പദ്ധതി, സ്‌മാര്‍ട്ട്‌ സിറ്റി, അമൃത്‌ പദ്ധതികള്‍ എന്നിവയുടെ ചരിത്രവും ഭൂമിശാസ്‌ത്രവും പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. കോഴിക്കോടിന്റെ വികസനത്തിന്‌ അനിവാര്യം മോണോ റെയില്‍/മെട്രോ റെയില്‍ പദ്ധതികളാണെന്ന ആഖ്യാനങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കാലത്താണ്‌ നടപ്പാതകളുടെ നഗരമെന്ന ആശയം അച്ചുതന്‍ മാഷ്‌ മുന്നോട്ടു വച്ചത്‌. സ്വാഭാവികമായും മാധ്യമങ്ങള്‍ ഈ ആശയത്തെ തമസ്‌ക്കരിച്ചു.

കണ്‍സള്‍ട്ടന്‍സി-കരാര്‍- രാഷ്ട്രീയ -ഉദ്യോഗസ്ഥ കൂട്ടുകെട്ടുകള്‍ രൂപപ്പെടുത്തുന്ന പല പദ്ധതികളും ഫലത്തില്‍ ജനവിരുദ്ധമായി തീരുന്നതിന്റെ ഒരുദാഹരണവും ഒരിക്കല്‍ അച്ചുതന്‍ മാഷ്‌ സ്വകാര്യ സംഭാഷണത്തില്‍ വിശദീകരിച്ചിരുന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടതായിരുന്നു വിഷയം. കോഴിക്കോടിന്റെ കിഴക്കന്‍ അതിര്‍ത്തിയായ പെരുവണ്ണാമുഴിയില്‍ നിന്നും സംഭരിക്കുന്ന വെള്ളം പൈപ്പുകള്‍ വഴി ബേപ്പൂരിലെത്തിച്ച്‌ കുടിവെള്ള വിതരണം നടത്തുന്നതിലെ യുക്തിരാഹിത്യം വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. ബേപ്പൂരിലെ കടലില്‍ നിന്നും ഉപ്പുവെള്ളം ശുദ്ധീകരിയ്‌ക്കുന്ന ഡീസലൈനേഷന്‍ പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ ഒരു പക്ഷെ ഇത്രയും ചെലവും ബുദ്ധിമുട്ടും ഉണ്ടാവുമായിരുന്നില്ലെന്ന്‌ അദ്ദേഹം പരിഹാസ സൂചകമായി പറഞ്ഞിരുന്നു. ഒഴിച്ചു കൂടാനാവാത്ത പൊതുവായ സാമൂഹ്യാവശ്യങ്ങള്‍ സ്വകാര്യ ലാഭത്തിനും, അധികാര പ്രമത്തതക്കും വഴിയൊരുക്കുന്ന പദ്ധതികളായി മാറുന്നതിനെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ കൂടി ചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ പാരിസ്ഥിതിക അവബോധം. കൊട്ടിഘോഷിക്കപ്പെടുന്ന വികസന പദ്ധതികളെക്കുറിച്ചുള്ള കാര്യമാത്ര പ്രസക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും ബദല്‍ സാധ്യതകളെക്കുറിച്ചുള്ള കൃത്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നതിന്‌ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. എക്‌സ്‌പ്രസ്സ്‌ പാതക്ക്‌ എതിരായ വിമര്‍ശനങ്ങളും ബദല്‍ നിര്‍ദേശങ്ങളും അതിന്റെ ഉദാഹരണങ്ങളായിരുന്നു. മെട്രോ റെയില്‍ മുതല്‍ വികസനവുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും ഇ. ശ്രീധരനെ അവസാനവാക്കായി കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയക്കാരും മാധ്യമങ്ങളും കൊണ്ടാടപ്പെടുന്ന അവസരത്തില്‍ അച്ചുതന്‍ മാഷ്‌ നടത്തിയ നിരീക്ഷണവും ശ്രദ്ധേയമായിരുന്നു. പദ്ധതി നടത്തിപ്പില്‍ (പ്രൊജക്ട്‌ ഇംപ്ലിമെന്റേഷന്‍) പ്രകടിപ്പിക്കുന്ന അസാധാരണമായ വൈഭവം പദ്ധതികളുടെ സാമൂഹ്യ-സാമ്പത്തിക പ്രത്യാഘ്യാതങ്ങള്‍ വിലയിരുത്തുന്നതില്‍ പുലര്‍ത്താന്‍ ശ്രീധരന്‌ കഴിഞ്ഞിരുന്നില്ലെന്നായിരുന്നു മാഷിന്റെ നിരീക്ഷണം. കോഴിക്കോട്‌ മോണോ റെയില്‍ പദ്ധതിയുടെ പശ്ചാത്തലത്തിലായിരുന്നു ഈ നിരീക്ഷണം.

അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ നിന്നും കലാപം ചെയ്‌തു പുറത്തുപോയി രൂപീകരിച്ച സിപിഎം ലും 66-67 കാലഘട്ടത്തില്‍ ആശയസമരങ്ങള്‍ രൂക്ഷമായ സാഹചര്യം. ട്രേഡ്‌ യൂണിയന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലും അതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമായിരുന്നു.

അറിവും, ലോകപരിചയവും, സാമൂഹ്യ പ്രതിബദ്ധതയും, സാങ്കേതിക ജ്ഞാനവും വേണ്ടുവോളമുണ്ടായിരുന്ന അച്ചുതന്‍ മാഷിന്റെ കൃത്യമായ ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളും സുവിദിതമായിരുന്നു. 1966-67 കാലഘട്ടത്തില്‍ മദിരാശിയിലെ തൊഴിലാളി സംഘടന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വിപ്ലവകാരിയായ എംഎന്‍ രാവുണ്ണിയുടെ അനുസ്‌മരണക്കുറുപ്പിലെ ഒരനുഭവം ഉദാഹരണം. അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ നിന്നും കലാപം ചെയ്‌തു പുറത്തുപോയി രൂപീകരിച്ച സിപിഎം ലും 66-67 കാലഘട്ടത്തില്‍ ആശയസമരങ്ങള്‍ രൂക്ഷമായ സാഹചര്യം. ട്രേഡ്‌ യൂണിയന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലും അതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമായിരുന്നു. അക്കാലത്ത്‌ യൂണിയന്‍ മേഖലയില്‍ പ്രബലമായിരുന്ന ഐഎന്‍ടിയുസി, എഐടിയുസി എന്നിവയെ വെല്ലുവിളിച്ചുകൊണ്ട്‌ പ്രവര്‍ത്തനം നടത്തിയിരുന്ന കോദണ്ഡരാമന്‍, കുശേലര്‍ എന്നീ യുവക്കളായിരുന്നു. അതില്‍ കുശേലര്‍ എന്ന യുവാവിന്‌ പൊലീസ്‌ ഭീഷണി മൂലം ഒളിവില്‍ പോകേണ്ടി വന്നു. മദ്രാസ്‌ ഐഐടിയിലെ അച്ചുതന്‍ മാഷിന്റെ ഔദ്യോഗിക വസതിയായിരുന്നു ഷെല്‍ട്ടര്‍. ഒരാഴ്‌ചത്തേക്ക്‌ എന്ന പേരില്‍ ഷെല്‍ട്ടറില്‍ എത്തിച്ചവര്‍ ഒരു മാസത്തേക്ക്‌ അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ലെന്നു മാത്രമായിരുന്നു അത്‌ സംബന്ധിച്ച അദ്ദേഹത്തിന്റെ പരാമര്‍ശമെന്ന്‌ രാവുണ്ണി ഓര്‍ക്കുന്നു. സാങ്കേതിക ജ്ഞാനത്തിന്റെ പിന്‍ബലത്തോടെ പാരിസ്ഥിതിക സൗഹൃദവും സാമൂഹ്യ നീതിയും ഉറപ്പാക്കുന്ന തരത്തിലുള്ള വികസന മാതൃകകള്‍ സാക്ഷാത്‌ക്കരിക്കുവാന്‍ ശേഷിയുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അച്ചുതന്‍ മാഷ്‌. അദ്ദേഹത്തിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും വരാനിരിക്കുന്ന നാളുകളില്‍ കൂടുതല്‍ ആഴത്തിലുള്ള വിലയിരുത്തലുകള്‍ക്ക്‌ വിധേയമാവുമെന്ന്‌ പ്രതീക്ഷിക്കാം.

Leave a comment