TMJ
searchnav-menu
post-thumbnail

Outlook

പെരുകുന്ന അസമത്വങ്ങളും, അസഹനീയമാവുന്ന അനീതികളും

17 Dec 2021   |   1 min Read
K P Sethunath

മ്പത്തിന്റെയും വരുമാനത്തിന്റെയും അനുപാതത്തില്‍ ആഗോളതലത്തിലും, ദേശരാഷ്ട്രങ്ങള്‍ക്കുള്ളിലും നിലനില്‍ക്കുന്ന അസമത്വവും അതിന്റെ സ്വാഭാവിക ഫലങ്ങളായ അനീതികളും കഴിഞ്ഞ നാല് ദശകങ്ങള്‍ക്കുള്ളില്‍ അസഹനീയമായ നിലയില്‍ രൂക്ഷമാകുന്നതായി ഏറ്റവും പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 'മൂലധനം 21ാം നൂറ്റാണ്ടില്‍' (Capital in 21st Century) എന്ന വിഖ്യാത കൃതിയുടെ രചയിതാവും, അസമത്വത്തെ കുറിച്ചുള്ള പഠന-ഗവേഷണങ്ങളില്‍ വ്യാപൃതനുമായ തോമസ് പിക്കറ്റിയുടെ (Thomas Piketty) നേതൃത്വത്തിലുളള വേള്‍ഡ് ഇനീക്വാലിറ്റി ലാബ് (World Inequality Lab) തയ്യാറാക്കിയ World Inequality Report-2022 അസമത്വത്തിന്റെ കാഠിന്യം കൂടുന്നതല്ലാതെ കുറയുന്നില്ല എന്നു വ്യക്തമാക്കുന്നു. സമ്പത്ത്, വരുമാനം, ലിംഗ വിവേചനം, പരിസ്ഥിതി എന്നീ മേഖലകളില്‍ ആഗോളതലത്തിലും, രാഷ്ട്രങ്ങള്‍ക്കുള്ളിലും സ്ഥിതി ചെയ്യുന്ന അസമത്വങ്ങള്‍ 236 പേജുകളുള്ള റിപോര്‍ട്ട് പ്രതിപാദിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷക്കാലമായി ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള 100 ഗവേഷകര്‍ ചേര്‍ന്നു നടത്തിയ പഠനങ്ങളുടെ ഫലമാണ് WIR-22. 'പാശ്ചാത്യ സാമ്രാജ്യത്വം ഉച്ചസ്ഥായിയില്‍ നിലനിന്ന 20ാം നുറ്റാണ്ടിന്റെ തുടക്കദശകങ്ങളില്‍ പ്രകടമായിരുന്ന നിലയിലാണ് ആഗോളതലത്തിലെ ഇപ്പോഴത്തെ അസമത്വം', എന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ധന-വാണിജ്യ മേഖലകളില്‍ കഴിഞ്ഞ മൂന്നു ദശകകാലത്തെ ആഗോളീകരണത്തിന് ശേഷമുള്ള അവസ്ഥയാണിതെന്നും അത് വ്യക്തമാക്കുന്നു.

സമ്പത്തിന്റെ അതിതീവ്ര കേന്ദ്രീകരണം

വ്യക്തിഗത സമ്പത്തിന്റെ കേന്ദ്രീകരണം അതിതീവ്രമായ നിലയില്‍ എത്തിയെന്നതാണ് റിപ്പോര്‍ട്ടിലെ ഒരു പ്രധാന കണ്ടെത്തല്‍. ലോക ജനസംഖ്യയിലെ പ്രായപൂര്‍ത്തിയായ 10 ശതമാനം വ്യക്തികളുടെ കൈകളിലായി സമ്പത്തിന്റെ 60-80 ശതമാനം വരെ കേന്ദ്രീകരിച്ചിരിക്കുന്നു. അതേസമയം ദരിദ്രരായ 50 ശതമാനത്തിന്റെ പക്കലുള്ള സമ്പത്ത് 5 ശതമാനത്തില്‍ താഴെ മാത്രമാണെന്നും WIR-22 വെളിപ്പെടുത്തുന്നു. സമ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് നിലനില്‍ക്കുന്ന അസമത്വത്തെ പറ്റി വര്‍ഷം തോറും പഠന റിപ്പോര്‍ട്ട് പുറത്തിറക്കുന്നു ക്രെഡിറ്റ് സ്വീസ് റിപ്പോര്‍ട്ടിലെ നിഗമനങ്ങളെ ശരിവെക്കുന്നതാണ് WIR-22 ലെ കണ്ടെത്തലുകളും. വരുമാനത്തിലെ അസമത്വത്തെക്കാള്‍ പതിന്മടങ്ങാണ് സമ്പത്തിലെ അസമത്വമെങ്കിലും വരുമാനത്തിലെ അസമത്വവും കുത്തനെ ഉയരുകയാണ്. ഏറ്റവും സമ്പന്നരായ 10 ശതമാനം വ്യക്തികള്‍ ലോക വരുമാനത്തിന്റെ 52 ശതമാനവും കൈക്കലാക്കുമ്പോള്‍ വെറും 8 ശതമാനം മാത്രമാണ് ദരിദ്രരായ 50 ശതമാനത്തിന്റെ പക്കലെത്തുന്ന വരുമാനം. വരുമാനത്തിന്റെ ഏറ്റവും മുകള്‍ത്തട്ടിലുള്ള 10 ശതമാനത്തില്‍ പെടുന്ന ഒരു വ്യക്തി 2021 ല്‍ ശരാശരി 122,100 ഡോളര്‍ വരുമാനം നേടിയപ്പോള്‍ ജനസംഖ്യയുടെ അടിത്തട്ടിലെ 50 ശതമാനത്തില്‍ വരുന്ന ദരിദ്ര വിഭാഗത്തിലെ വ്യക്തിയുടെ വര്‍ഷത്തിലെ ശരാശരി വരുമാനം വെറും 3,920 ഡോളര്‍ മാത്രമായിരുന്നു. അതായത് ഉയര്‍ന്ന 10 ശതമാനത്തിലെ വ്യക്തിയുടെ വരുമാനത്തേക്കാള്‍ 30 മടങ്ങ് കുറവായിരുന്നു ദരിദ്ര വ്യക്തിയുടെ വരുമാനം.

Thomas Piketty Photo : Wiki Commons

രാജ്യങ്ങള്‍ സമ്പന്നമാവുകയും സര്‍ക്കാരുകള്‍ ദരിദ്രമാവുകയും ചെയ്യുന്ന പ്രതിഭാസമാണ് റിപോര്‍ട്ടിന്റെ ശ്രദ്ധേയമായ മറ്റൊരു വിലയിരുത്തല്‍. 'കഴിഞ്ഞ 40 വര്‍ഷങ്ങളായി രാജ്യങ്ങള്‍ ഗണ്യമായ സമ്പന്നമായെങ്കിലും സര്‍ക്കാരുകള്‍ ദാരിദ്ര്യത്തിന്റെ നെല്ലിപ്പലക കാണുകയാണ്. സമ്പന്ന രാജ്യങ്ങളിലെ സമ്പത്തില്‍ പൊതുസ്ഥാപനങ്ങളുടെ പക്കലുളള പങ്ക് പൂജ്യമോ അതിലും താഴെയോ എന്ന നിലയിലാണ്. അതായത് സമ്പത്ത് പൊതുവില്‍ സ്വകാര്യ കരങ്ങളിലാണെന്നു സാരം' WIR-22 ന്റെ മുഖ്യ രചയിതാവായ ലൂക്കാസ് ചാന്‍സേല്‍ (Lucas Chancel) വ്യക്തമാക്കുന്നു. സമത്വം വര്‍ദ്ധിപ്പിക്കുന്നതിനും, കാലാവസ്ഥ അടിയന്തരാവസ്ഥയെ നേരിടുന്നതിനും എല്ലാവര്‍ക്കും സമൃദ്ധിയുള്ള ജീവിതം പ്രദാനം ചെയ്യുന്നതിനും പൊതുമേഖലയില്‍ ധാരാളിത്തവും, സ്വകാര്യ മേഖലയില്‍ ആവശ്യാനുസരണവും എന്നതിന് പകരം അതിന്റെ നേര്‍ വിപരീതമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.

വരുമാനത്തിന്റെ കാര്യത്തിലെന്ന പോലെ സമ്പത്തിന്റെ അസമത്വവും 21ാം നൂറ്റാണ്ടില്‍ ഗണ്യമായി ഉയര്‍ന്നു. ഭൂമിയിലെ ഏറ്റവും വലിയ 50 സമ്പന്നരുടെ സമ്പത്ത് 1995-2001 കാലഘട്ടത്തില്‍ വര്‍ഷം തോറും 9 ശതമാനം വീതം വര്‍ദ്ധിച്ചപ്പോള്‍ ഏറ്റവും സമ്പന്നരായ 500 പേരുടെ സമ്പത്തിലുണ്ടായ വര്‍ദ്ധന 7 ശതമാനമായിരുന്നു. കഴിഞ്ഞ 25 കൊല്ലമായി ആഗോളസമ്പത്തില്‍ പുതുതായി വന്ന സമ്പത്തിന്റെ 38 ശതമാനവും പോയത് ഏറ്റവും സമ്പന്നരായ 1 ശതമാനത്തിന്റെ പക്കലായിരുന്നു. അതേസമയം അടിത്തട്ടിലെ 50 ശതമാനത്തിന് ലഭിച്ചത് വെറും 2 ശതമാനം മാത്രമായിരുന്നു. മഹാമാരിയുടെ രണ്ടു വര്‍ഷങ്ങള്‍ അസമത്വത്തിന്റെ തോത് വീണ്ടും ഉയര്‍ത്തി. കോവിഡിന്റെ ഒന്നാം തരംഗം അവസാനിക്കുമ്പോള്‍ ലോകത്തിലെ ശതകോടീശ്വരരുടെ സമ്പത്ത് 3.7 ട്രില്യണ്‍ ഡോളര്‍ വര്‍ദ്ധന രേഖപ്പെടുത്തി. ലോകത്തിലെ എല്ലാ സര്‍ക്കാരുകളും കൂടി മഹാമാരിക്ക് മുമ്പ് ആരോഗ്യമേഖലയില്‍ ചിലവഴിച്ച തുകക്ക് തുല്യമായിരുന്നു ശതകോടീശ്വരരുടെ സമ്പത്തിലുണ്ടായ വര്‍ദ്ധന. കോവിഡിനെ തുടര്‍ന്ന് ഇതേ കാലയളവില്‍ 10 കോടി ജനങ്ങള്‍ അതീവ ദാരിദ്ര്യത്തിലേക്ക് തള്ളിമാറ്റപ്പെട്ടതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

അസമത്വത്തില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം

ലോകത്തിലെ ഏറ്റവും അസമത്വം നിറഞ്ഞ രാജ്യമായി ഇന്ത്യ മാറിയെന്ന് WIR-22 ന്റെ ആമുഖത്തില്‍ നൊബേല്‍ ജേതാക്കളായ അഭിജിത് ബാനര്‍ജിയും, എസ്തര്‍ ഡഫ്‌ളോയും വ്യക്തമാക്കുന്നു. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ ജനങ്ങളുടെ ശരാശരി ദേശീയ വരുമാനം 204,200 രൂപയാണ്. സാമ്പത്തിക ശ്രേണിയിലെ താഴെ തട്ടിലുളള 50 ശതമാനത്തിന്റെ വരുമാനം 53,610 രൂപയും ഉയര്‍ന്ന ശ്രേണിയിലെ 10 ശതമാനത്തിന്റെ വരുമാനം 11,66,520 രൂപയുമാണ്. താഴത്തെ ശ്രേണിയിലുള്ള 50 ശതമാനത്തിന്റെ വരുമാനത്തേക്കാള്‍ 20 മടങ്ങ് കൂടുതല്‍. മൊത്തം ദേശീയ വരുമാനത്തിന്റെ 57 ശതമാനം ഉയര്‍ന്ന ശ്രേണിയിലെ 10 ശതമാനത്തിന്റെ കൈകളിലാണ്. ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുള്ള ഒരു ശതമാനം ദേശീയവരുമാനത്തിന്റെ 22 ശതമാനം കൈവശം വയ്ക്കുമ്പോള്‍ അടിത്തട്ടിലെ 50 ശതമാനം പേരുടെ ദേശീയവരുമാനത്തിലെ പങ്ക് 13 ശതമാനം മാത്രമാണ്. 1980 കളുടെ പകുതിയോടെ ആരംഭിച്ച ഉദാരവല്‍ക്കരണ നയങ്ങള്‍ സമ്പത്തിന്റെയും, വരുമാനത്തിന്റെയും അനുപാതത്തില്‍ ലോകത്തിലെ ഏറ്റവും തീവ്രമായ അസമത്വം നിലനില്‍ക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ഗുണം വരുമാനശ്രേണിയിലെ ഉന്നതരായ 1 ശതമാനത്തിന് ഗുണകരമായെങ്കിലും മധ്യ-താഴ്ന്ന വരുമാനക്കാരുടെ വളര്‍ച്ച മന്ദഗതിയിലാവുകയും ദാരിദ്ര്യം വിട്ടുമാറാതെ തുടരുകയും ചെയ്യുന്നു. അസമത്വത്തെ പറ്റി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സര്‍ക്കാര്‍ പുറത്തിറക്കുന്നു സ്ഥിതിവിവര കണക്കുകളുടെ ഗുണനിലവാരം വളരെ മോശമായതോടെ ഇന്ത്യയിലെ അസമത്വത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ പ്രയാസമായി തീര്‍ന്നുവെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

Photo : PTI

ഇന്ത്യയിലെ ശരാശരി ഗാര്‍ഹിക സമ്പത്ത് 983,010 രൂപയാണ്. എന്നാല്‍ അടിത്തട്ടിലുള്ള 50 ശതമാനത്തെ സംബന്ധിച്ചിടത്തോളം ഗാര്‍ഹിക സമ്പത്ത് ഇല്ലെന്നു തന്നെ പറയാവുന്ന സ്ഥിതിയാണ്. അടിത്തട്ടിലുള്ള 50 ശതമാനത്തിന്റെ ശരാശരി ഗാര്‍ഹിക സമ്പത്ത് 66,280 രൂപ മാത്രമാണ്. അതായത് മൊത്തം ഗാര്‍ഹിക സമ്പത്തിന്റെ 6 ശതമാനം. മൊത്തം ഗാര്‍ഹിക സമ്പത്തിന്റെ 29.5 ശതമാനം മാത്രം കൈവശമുള്ള മധ്യവര്‍ഗ്ഗവും ഇക്കാര്യത്തില്‍ താരതമ്യേന ദരിദ്രരാണ്. മധ്യവര്‍ഗ്ഗത്തിന്റെ ശരാശരി ഗാര്‍ഹിക സമ്പത്ത് 723,930 രൂപയാണ്. മൊത്തം ഗാര്‍ഹിക സമ്പത്തിന്റെ 65 ശതമാനവും ഉന്നത ശ്രേണിയിലെ 10 ശതമാനത്തിന്റെ പക്കലാണ്. ഏറ്റവും ഉയര്‍ന്ന ശ്രേണിയിലെ 1 ശതമാനം അതിസമ്പന്നരുടെ പക്കലാണ് മൊത്തം ഗാര്‍ഹിക സമ്പത്തിന്റെ 33 ശതമാനവും. ഉയര്‍ന്ന ശ്രേണിയിലെ 10 ശതമാനത്തിന്റെ ശരാശരി ഗാര്‍ഹിക സമ്പത്ത് 6,354,070 രൂപയും അതിസമ്പന്നരായ 1 ശതമാനത്തിന്റെ ഗാര്‍ഹിക സമ്പത്ത് 32,449,360 രൂപയുമാണ്.

ലിംഗ അസമത്വം തീവ്രമായി നിലനില്‍ക്കുന്ന രാജ്യമെന്ന പദവിയും ഇന്ത്യക്ക് സ്വന്തമാണ്. തൊഴിലില്‍ നിന്നുള്ള സ്ത്രീകളുടെ വരുമാനത്തിന്റെ പങ്ക് 18 ശതമാനം മാത്രമാണ്. ഏഷ്യന്‍ ശരാശരി 21 ശതമാനമാണ്. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന കാര്യത്തിലും അസമത്വം പ്രകടമാണ്. അടിത്തട്ടിലെ 50 ശതമാനം ശരാശരി 1 ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡിന് (tCO2e) തുല്യമായ ഹരിതഗൃഹവാതകങ്ങള്‍ ബഹിര്‍ഗമിപ്പിക്കുമ്പോള്‍ അതിസമ്പന്നരായ 1 ശതമാനം 9 tCO2e ബഹിര്‍ഗമിപ്പിക്കുന്നു.

കൊളോണിയല്‍ കാലഘട്ടത്തിന്റെ തനിയാവര്‍ത്തനം

ലോക ജനസംഖ്യയുടെ അടിത്തട്ടിലെ 50 ശതമാനത്തോളം വരുന്ന ജനവിഭാഗങ്ങള്‍ക്ക് ആഗോളവരുമാനത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന പങ്ക് 1820 ല്‍ അവര്‍ക്ക് ലഭിച്ചിരുന്ന പങ്കിന്റെ പകുതി മാത്രമാണെന്ന് WIR-22 ചൂണ്ടിക്കാണിക്കുന്നു. സാമ്രാജ്യത്വവും കൊളോണിയല്‍ രാജ്യങ്ങളുമായുള്ള അന്തരം ഗണ്യമായി വര്‍ദ്ധിച്ച 1820 കള്‍ക്കു ശേഷമുള്ള 200 വര്‍ഷങ്ങളിലെ അനുഭവം ഒരു സൂചകമായി സ്വീകരിച്ചാല്‍ ലോകത്തിലെ 50 ശതമാനം ജനങ്ങള്‍ക്കും പ്രത്യക്ഷത്തിലുളള കൊളോണിയല്‍ ഭരണവും ദേശീയ ശക്തികളുടെ ഭരണവും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്ന അവസ്ഥയാണ്. സമ്പത്തിന്റെയും വരുമാനത്തിന്റെയും അനുപാതത്തില്‍ ആഗോളതലത്തിലും, രാഷ്ട്രങ്ങള്‍ക്കുള്ളിലും നിലനില്‍ക്കുന്ന അസമത്വത്തിന്റെ തീവ്രത ലഘൂകരിയ്ക്കുന്നതിന് ഉതകുന്ന നിര്‍ദ്ദേശങ്ങളും WIR-22 മുന്നോട്ടു വയ്ക്കുന്നു. ഒരു ഉദാഹരണം ഇവിടെ ചൂണ്ടിക്കാണിക്കാം. ഒരു മില്യണ്‍ ഡോളറിലധികം സമ്പത്തുള്ള 62 ദശലക്ഷത്തോളം വ്യക്തികള്‍ ലോകമാകെയുണ്ട്. അവരുടെ മേല്‍ 1 ശതമാനം സമ്പത്ത് നികുതി ചുമത്തുകയാണെങ്കില്‍ അത് ആഗോള വരുമാനത്തിന്റെ 1.6 ശതമാനത്തിന് തുല്യമായിരിക്കും. വിദ്യാഭ്യാസത്തിനും, ആരോഗ്യരക്ഷക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി ഈ തുക പുനര്‍നിക്ഷേപം നടത്താനാവുമെന്ന നിര്‍ദ്ദേശമാണ് മേല്‍പ്പറഞ്ഞ ഉദാഹരണം. പൂച്ചക്ക് ആര് മണി കെട്ടുമെന്ന ചൊല്ലുപോലെ ആരാണ് ഇത് നടപ്പാക്കുക എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.

(18/12/2021 ന് മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

Leave a comment