അതിസമ്പന്നര്‍ മാത്രം അതിജീവിക്കുന്ന ഇന്ത്യ
ഇന്ത്യയിലെ 21 ശതകോടീശ്വരന്മരുടെ കൈവശമുള്ള മൊത്തം സമ്പത്ത് 70 കോടി ഇന്ത്യാക്കരുടെ സമ്പത്തിനേക്കാള്‍ കൂടുതല്‍. കൊറോണ മഹാമാരിയുടെ തുടക്കം മുതല്‍ 2022 നവംബര്‍ വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് 121 ശതമാനം വളര്‍ച്ച നേടി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നാണയപ്പെരുപ്പം കഴിച്ചുള്ള യഥാര്‍ത്ഥ നിരക്കില്‍ ദിവസവും 3,608 കോടി രൂപയാണ് അവരുടെ സമ്പത്തായി കുമിഞ്ഞുകൂടിയത്. സര്‍വൈവല്‍ ഓഫ് ദി റിച്ചസ്റ്റ്: ദി ഇന്ത്യ സ്റ്റോറി എന്ന ഓക്‌സ്ഫാം ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് അതിസമ്പന്നര്‍ മാത്രം അതിജീവിക്കുന്ന ആര്‍ഷഭാരത മേന്മയുടെ കണക്കുകള്‍ ലഭിക്കുക. റിപ്പോര്‍ട്ട് സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസ്സില്‍ അരങ്ങേറുന്ന വേള്‍ഡ് എക്കണോമിക് ഫോറമെന്ന ശതകോടീശ്വര ഉച്ചകോടിയുടെ ഓരങ്ങളിലെ സെഷനുകളില്‍ തിങ്കളാഴ്‌ച്ച അവതരിപ്പിക്കുന്നതാണ്. അതിസമ്പന്നരുടെ പക്കല്‍ മാത്രമായി സമ്പത്ത് കുമിഞ്ഞുകൂടുന്ന പ്രക്രിയ നിര്‍ബാധം തുടരുന്നതിന്റെ നേര്‍സാക്ഷ്യങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ കാണാനാവും. ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 62 ശതമാനവും 5 ശതമാനം പേരുടെ പക്കലാണ്. ജനസംഖ്യയുടെ ഏറ്റവും താഴത്തെ തട്ടില്‍ വരുന്ന 50 ശതമാനം പേരുടെ കൈവശം മൊത്തം സമ്പത്തിന്റെ 3 ശതമാനം മാത്രമാണ് ലഭ്യമായിട്ടുള്ളത്.
ഇന്ത്യയിലെ 100 അതിസമ്പന്നരുടെ സഞ്ചിത സമ്പത്ത് 660 ബില്യണ്‍ ഡോളര്‍ (54.12 ലക്ഷം കോടി രൂപ) ആയി ഇക്കാലയളവില്‍ വളര്‍ന്നു. ഇന്ത്യയുടെ ബഡ്‌ജറ്റിന്റെ ചെലവു മുഴവന്‍ 18 മാസത്തേക്കു വഹിക്കുവാന്‍ പര്യാപ്‌തമായ തുകയാണിത്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പേരില്‍ 2 ശതമാനം പ്രത്യേക നികുതി ഏര്‍പ്പെടുത്തുകയാണെങ്കില്‍ അതില്‍ നിന്നും 40,423 കോടി രൂപയുടെ വരുമാനം ഉണ്ടാവുമെന്നും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതിക്ക് വേണ്ടിവരുന്ന മൊത്തം ചിലവും ഈ നിലയില്‍ സംഭരിക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ നികുതി ഘടനയില്‍ നിലനില്‍ക്കുന്ന അനീതിയാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന ഉള്ളടക്കം. ദരിദ്രരും, മധ്യവര്‍ഗ്ഗത്തില്‍ ഉള്ള ജനവിഭാഗങ്ങളാണ് നികുതിയുടെ സിംഹഭാഗവും നല്‍കുന്നത്. ചരക്കു-സേവന നികുതി (ജി എസ് ടി) ഉദാഹരണമായി എടുക്കാം. 2021-22 ലെ മൊത്തം ജി എസ് ടി വരുമാനമായ 14.83 ലക്ഷം കോടി രൂപയുടെ 64 ശതമാനവും വരുമാനത്തിന്റെ താഴെ തട്ടിലുള്ള 50 ശതമാനം ജനങ്ങള്‍ നല്‍കിയപ്പോള്‍ വരുമാനത്തിന്റെ ഉന്നതശ്രേണിയിലുളള 10 ശതമാനത്തിന്റെ സംഭാവന വെറും 3 ശതമാനം മാത്രമായിരുന്നു. പരോക്ഷ നികുതിയുടെ കാര്യത്തില്‍ വരുമാനത്തിന്റെ താഴത്തെ ശ്രേണിയിലുള്ള 50 ശതമാനം ജനങ്ങളില്‍ നിന്നുള്ള പങ്കും വരുമാനത്തിന്റെ ഉന്നത ശ്രേണിയിലുള്ള 10 ശതമാനത്തിന്റെ പങ്കും തമ്മില്‍ താരതമ്യം ചെയ്‌താല്‍ നിലവിലെ നികുതിഘടനയില്‍ അന്തര്‍ലീനമായ അനീതി വ്യക്തമാകുന്നതാണ്.
നികുതി സംവിധാനത്തിലെ അനീതി ഇല്ലാതാക്കുന്നതിന് പുരോഗമനപരമായ നികുതി നയങ്ങള്‍ അനിവാര്യമാണെന്ന് ഓക്‌സ്‌ഫാം ഇന്ത്യയുടെ സിഇഒ ആയ അമിതാഭ് ബെഹര്‍ വെളിപ്പെടുത്തുന്നു. വെല്‍ത്ത് ഇന്‍ഹെറിറ്റന്‍സ് നികുതികള്‍ ഒരു പരിധിവരെ നിലനില്‍ക്കുന്ന അവസ്ഥയെ മറിടക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടന്നു. കേന്ദ്ര സര്‍ക്കാരിന്റെ ബഡ്‌ജറ്റില്‍ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
നികുതി സംവിധാനത്തിലെ അനീതി പോലെ റിപ്പോര്‍ട്ടിലെ ശ്രദ്ധയര്‍ഹിക്കുന്ന പ്രധാന നിഗമനങ്ങളിലൊന്നാണ് നാണയപ്പെരുപ്പത്തിന്റെ ഭാഗമായി സംഭവിക്കുന്ന അസമത്വവും. നാണയപ്പെരുപ്പത്തിന്റെ തിക്തഫലം സമ്പന്നര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പോലെയാണെന്ന ധാരണയെ ചോദ്യം ചെയ്യുന്ന സമീപനം അത് മുമ്പോട്ടു വയ്‌ക്കുന്നു. നാണയപ്പെരുപ്പത്തിന്റെ ഫലമായുള്ള വിലക്കയറ്റം വരുമാനത്തിന്റെ താഴത്തെ ശ്രേണിയിലുളള ജനങ്ങളെ ബാധിക്കുന്ന നിലയില്‍ ഉയര്‍ന്ന വരുമാനക്കാരെ ബാധിക്കുന്നില്ല. വരുമാനത്തിന്റെ താഴത്തെ ശ്രേണിയിലുള്ള ജനങ്ങളുടെ നിത്യോപയോഗത്തിനുളള സാധനങ്ങളുടെയും സേവനത്തിന്റെയും ചെലവ് വിലക്കയറ്റത്തിന്റെ ഫലമായി വര്‍ദ്ധിക്കുമെങ്കിലും അവര്‍ക്ക് അത് ഒഴിവാക്കാനാവില്ല. കാരണം നിത്യോപയോഗ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് അവരുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും ചെലവഴിക്കപ്പെടുന്നത്. സമ്പന്നരുടെ സ്ഥിതി അതല്ല. സാമ്പത്തികമായ മുരടിപ്പിന്റെ ഭാഗമായി സര്‍ക്കാരിന്റെ വരുമാനത്തിലുണ്ടായ ഇടിവ് പരിഹരിക്കുന്നതിന് ജിഎസ്‌ടി നിരിക്കുകളില്‍ വര്‍ദ്ധന വരുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ പാവപ്പെട്ടവരുടെയും മധ്യവര്‍ഗ്ഗത്തിലെ താഴെ തട്ടിലുള്ളവരെയും ഏറ്റവും ദോഷകരമായി ബാധിക്കുന്നതെന്ന് ഈ വിലയിരുത്തല്‍ വെളിപ്പെടുത്തുന്നു. ജി എസ് ടിയും, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേല്‍ ചുമത്തപ്പെടുന്ന നികുതികളടക്കമുള്ള പരോക്ഷനികുതികള്‍ ഫലത്തില്‍ ഒട്ടും പുരോഗമനമല്ലാതാവുന്നതിന്റെ പശ്ചാത്തലമിതാണ്. സമ്പത്തിന്റെ സിംഹഭാഗവും ചെറിയ ന്യൂനപക്ഷത്തിന്റെ കൈകളില്‍ കേന്ദ്രീകരിക്കുന്ന പ്രക്രിയ ഒരു ഭാഗത്തും നികുതി ഭാരം ഭൂരിഭാഗം വരുന്ന ജനങ്ങളുടെ മേലും ആവുന്ന ഈ സ്ഥിതിവിശേഷം ഇന്ത്യയുടെ മാത്രം പ്രത്യേകതയല്ല. പക്ഷെ അതിന്റെ ഏറ്റവും തീവ്രവും, രൂക്ഷവുമായ രൂപം ഇന്ത്യയിലാവും കാണാനാവുക.
2012 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലുണ്ടായ മൊത്തം സമ്പത്തിന്റെ 40 ശതമാനവും ജനസംഖ്യയുടെ 1 ശതമാനത്തിന്റെ കൈവശമാണ് എത്തിയതെന്നു വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് വരുമാനത്തിന്റെ താഴത്തെ ശ്രേണിയിലുള്ള 50 ശതമാനത്തിന് ലഭിച്ച പങ്ക് വെറും 3 ശതമാനം മാത്രമാണെന്നും വ്യക്തമാക്കുന്നു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ജാതി മര്‍ദ്ദനത്തിനും, വിവേചനത്തിനുമൊപ്പം അശ്ലീലകരമായ സാമ്പത്തികമായ അസമത്വവും ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ സ്ഥായീഭാവമായി പരിണമിക്കുന്നതിന്റെ രേഖകളാണ് ഇതു പോലുളള റിപ്പോര്‍ട്ടുകളില്‍ തെളിയുന്നത്. എക്‌സിക്യൂട്ടീവ് സമ്മറിയടക്കം 29 പേജുകളുള്ള റിപ്പോര്‍ട്ടില്‍ നാല് അധ്യായങ്ങളാണുള്ളത്. ഇന്ത്യയിലെ സ്ഥിതി, നാണയപ്പെരുപ്പവും, അസമത്വവും, എന്തുകൊണ്ട് സമ്പന്നര്‍ക്ക് നികുതി, മുന്നോട്ടുളള വഴി എന്നീ നാല് അധ്യായങ്ങളിലായാണ് വിവരണങ്ങള്‍. ദാരിദ്യവും ഇല്ലായ്‌മയും വാര്‍ത്താമൂല്യം തീരെയില്ലാതായ യാഥാര്‍ത്ഥ്യമായി മാറിയ ഇന്ത്യയില്‍ ദീപിക പദുകോണിന്റെ ഉടുതുണിയുടെ നിറത്തിന് ലഭിക്കുന്ന പബ്ലിസിറ്റിയുടെ ഒരംശം പോലും ഓക്‌സ്‌ഫാം റിപ്പോര്‍ട്ടിന് ലഭിക്കുന്നതിനുള്ള സാധ്യത വിരളമാണ്. ഹൈപ്പര്‍ ഇന്‍ഫര്‍മേഷന്റെ കാലഘട്ടത്തെക്കുറിച്ചുള്ള വചനസദസ്സുകളില്‍ പരാമര്‍ശ വിഷയമാവുന്നത് മാത്രമാവും ഒരുപക്ഷെ അതിന് ലഭിക്കുന്ന വാര്‍ത്താ മൂല്യം.