പച്ചയുടെ നിറങ്ങൾ-ഇന്ത്യൻ പരിസ്ഥിതിവാദം: ഒരു ആമുഖം
ഭാഗം നാല് :
അമേരിക്കൻ ഐക്യനാടുകളിൽ രൂപംകൊണ്ട മുഖ്യധാരാ പരിസ്ഥിതിവാദത്തിന്റെ ചില സവിശേഷതകളായിരുന്നു കഴിഞ്ഞഭാഗത്തിൽ വിശദീകരിച്ചത്.
എപ്രകാരമാണ് അമേരിക്കൻ അനുഭവത്തിൽ നിന്നും വേറിട്ട ഒരു പരിസ്ഥിതിവാദം ഇന്ത്യ പോലൊരു രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സ്ഥലിയിൽ രൂപം കൊണ്ടത് എന്നാണ് ഈ ഭാഗത്തിൽ പരിശോധിക്കുന്നത്. പരിസ്ഥിതിവാദത്തിലെ ഈ ഇന്ത്യൻ വിച്ഛേദത്തെക്കുറിച്ച് ആദ്യമായി വിശദീകരിക്കുന്നത് രാമചന്ദ്രഗുഹ1 ആണ്. ഇന്ത്യൻ പരിസ്ഥിതിവാദം എന്ന ഒരു സങ്കല്പനം ഗുഹ മുന്നോട്ടുവക്കുന്നുണ്ട്. ഇവിടെ ഇന്ത്യ എന്ന ഭൂപ്രദേശത്തുണ്ടായ പരിസ്ഥിതിവാദം എന്ന അർത്ഥത്തിലല്ല, മറിച്ച് ചില കാതലായ വ്യതിരിക്തതകൾ പ്രകടിപ്പിക്കുന്ന പരിസ്ഥിതിവാദം എന്ന അർത്ഥത്തിലാണ് ഇന്ത്യൻ പരിസ്ഥിതിവാദം എന്ന സങ്കല്പനം ഗുഹ ഉപയോഗിക്കുന്നത്.
ഗുഹയെ വിശദീകരിക്കുന്നതിനു മുൻപ് ഇത്തരത്തിൽ ഇന്ത്യൻ അവസ്ഥയെ വേറിട്ട് മനസ്സിലാക്കേണ്ടതിന്റെ സാധുത ആദ്യം പരിശോധിക്കാം. ഈ പംക്തിയുടെ രണ്ടാം ഭാഗത്തിൽ പാരിസ്ഥിതികമായ തുല്യതയില്ലായ്മ എന്ന സമീപനത്തിൽ നിന്നും പാരിസ്ഥിതിക നീതി എന്ന സമീപനത്തിലേക്കുള്ള പാരിസ്ഥിതിക സമൂഹപഠനത്തിന്റെ വളർച്ചയെപ്പറ്റി നമ്മൾ പറഞ്ഞിരുന്നുവല്ലോ. അതായത് അനീതിയുടെയും തുല്യതയില്ലായ്മയുടെയും ഭൂമിശാസ്ത്രപരമായ വിതരണത്തെ മാത്രമല്ല മറിച്ച് അനീതി നിരന്തരം ഉത്പാദിപ്പിക്കുന്ന ചരിത്രപ്രക്രിയയെയാണ് സമൂഹ പഠിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്നതായിരുന്നു ആ സമീപന മാറ്റം. ഈ സമീപനമാറ്റം കാരണം സോഷ്യൽ സ്ട്രാറ്റിഫികേഷൻ, അധികാരം, ഗുണഭോക്താക്കൾക്കിടയിലെ ഉച്ചനീചത്വ ബന്ധങ്ങൾ, തുടങ്ങിയവക്ക് വലിയ പരിഗണന നൽകേണ്ടതായി വന്നു, അതോടൊപ്പം പ്രകൃതി, പരിസ്ഥിതി തുടങ്ങിയ സങ്കല്പങ്ങളും അവയുടെ ഭൗമികവും ഭൗതികവുമായ പ്രതിനിധാനങ്ങളും നിർമ്മിച്ചെടുക്കുന്ന ചരിത്രപ്രക്രിയയുടെ സ്വഭാവങ്ങളും സമൂഹപഠിതാക്കൾ അന്വേഷിക്കേണ്ടതായി വന്നു. പരിസ്ഥിതിവാദത്തിന്റെ പല ചരിത്രങ്ങളിൽ ചിലത് മാത്രമാണ് അക്കാദമിക ചർച്ചകളിലും ജനപ്രിയ ചർച്ചകളിലും ഒരുപോലെ അവതരിപ്പിക്കപ്പെടാറുള്ളത് എന്ന് ചില സമൂഹ പഠിതാക്കൾ2 വാദിച്ചു. പരിഗണിക്കപ്പെടാതെ പോകുന്ന ചരിത്രങ്ങളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക അനുഭവങ്ങളും പാരിസ്ഥിതിക സംഭവങ്ങളോടുള്ള പ്രതികരണങ്ങളും അവഗണിക്കപ്പെടുന്നു എന്നതാണ് ഇവിടത്തെ ഒരു പ്രധാന പ്രശ്നം. അതുപോലെ, അനുഭവങ്ങളും പ്രതികരണങ്ങളും എല്ലാവർക്കും ഒരേപോലെയാണ് എന്ന ഒരു തെറ്റിദ്ധാരണ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു എന്നതാണ് മറ്റൊരു പ്രശ്നം.
ആളുകളുടെ പാരിസ്ഥിതിക അനുഭവങ്ങളിലും പരിസ്ഥിതിയുമായുള്ള ബന്ധങ്ങളിലും ഉള്ള വൈവിദ്ധ്യം എന്നത് പാരിസ്ഥിതിക ചരിത്രകാരന്മാരും പാരിസ്ഥിതിക നീതി പഠിതാക്കളും ആവർത്തിച്ച് പറയുന്ന ഒരു കാര്യമാണ്. ഇത്തരത്തിൽ അനുഭവങ്ങളിലും ബന്ധങ്ങളിലും ഉള്ള വൈജാത്യങ്ങൾ പലതരത്തിലുള്ള പാരിസ്ഥിതിക ഉത്കണ്ഠകൾക്കും പരിസ്ഥിതിവാദങ്ങൾക്കും ഉദയം നൽകേണ്ടതാണ്.
സാമൂഹിക ഘടന, സാംസ്കാരിക ഘടകങ്ങൾ തുടങ്ങിയവയിലെ വ്യത്യാസങ്ങൾക്കനുസരിച്ച് വ്യതാസപ്പെടുന്ന ഒന്നാണ് പരിസ്ഥിതി എന്നതിന്റെ ഭൗതിക പ്രതിനിധാനങ്ങളും അവയ്ക്കു കല്പിച്ചുകൊടുക്കുന്ന മൂല്യങ്ങളും അർത്ഥങ്ങളും എന്ന് സമൂഹ പഠിതാക്കൾ വാദിക്കുന്നു. ഉപരി-മദ്ധ്യ വർഗ്ഗങ്ങളിൽ പെടുന്ന വെളുത്ത വർഗ്ഗക്കാർ, തൊളിലാളി വർഗ്ഗം, കറുത്തവർഗ്ഗക്കാർ എന്നീ വിഭാഗങ്ങൾ ചരിത്രപരമായി പരിസ്ഥിതി ആയി വിഭാവനം ചെയ്യുന്ന സംഗതികളിലും ആ സംഗതികളിൽ ആരോപിക്കുന്ന അർത്ഥങ്ങളിലും ഈ വ്യത്യാസം പ്രകടമാണ്. ഉപരി-മദ്ധ്യ വർഗ്ഗങ്ങളിൽ പെടുന്ന വെളുത്ത വർഗ്ഗക്കാരെ സംബന്ധിച്ച് പരിസ്ഥിതി എന്നത് ഗ്രാമീണത മുറ്റിനിൽക്കുന്ന പ്രകൃതിയോ പ്രകൃതി വിഭവങ്ങളോ ആണ്. തൊഴിലാളികൾക്കും കറുത്ത വർഗ്ഗക്കാർക്കും പരിസ്ഥിതി എന്നത് അവർ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന നിർമ്മിത-പരിസ്ഥിതി (built environment) ആണ്. ആളുകൾ പരിസ്ഥിതി എന്നതിനെ മനസ്സിലാക്കുന്ന, അതുമായി താദാത്മ്യം പ്രാപിക്കുന്ന സവിശേഷമായ ചില സാമൂഹികാഭ്യാസങ്ങളാണ് ഈ വ്യത്യാസങ്ങൾക്ക് കാരണം. ആളുകളുടെ സാമൂഹിക നിലകൾക്കും ഭൗതിക നിലകൾക്കും അവർ പരിസ്ഥിതിയെ മനസ്സിലാക്കുന്ന പ്രക്രിയക്കകത്ത് ഇടപെടൽ ശേഷിയുണ്ട്.
ഇങ്ങനെ വർഗ്ഗം, വർണ്ണം, ലിംഗപദവി എന്നിവയെ അടിസ്ഥാനമാക്കി, പ്രധാനമായും നാല് തരം പരിസ്ഥിതി പ്രസ്ഥാനങ്ങൾ അമേരിക്കൻ ഐക്യനാടുകളിൽ ഉണ്ടായിരുന്നതായി സമൂഹ പഠിതാക്കൾ പറയുന്നു. ഒന്നാമത്തേത് വന്യതയും (wilderness) പ്രകൃതി വിഭവങ്ങളെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ. രണ്ടാമത്തേത് പാർക്കുകൾ, തൊഴിലിട-സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്ന നഗര-കേന്ദ്രീകൃത പരിസ്ഥിതി വാദികൾ . മൂന്നാമത്തേത് തൊഴിൽ അവകാശങ്ങൾ, തൊഴിൽ സംബന്ധിച്ച സുരക്ഷ, ആരോഗ്യ പ്രശ്നങ്ങൾ, വിനോദോപാധികളുടെ പ്രാപ്യത തുടങ്ങിയ കാര്യങ്ങളിൽ വ്യാപൃതരായിരുന്ന തൊഴിലാളി-വർഗ്ഗ പരിസ്ഥിതി പ്രസ്ഥാനങ്ങൾ. വംശീയമായ പ്രശ്നങ്ങൾ, തൊഴിലിട-ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ ശ്രദ്ധിച്ചിരുന്ന കറുത്ത വർഗ്ഗക്കാരുടെ പരിസ്ഥിതി പ്രസ്ഥാനമാണ് നാലാമത്തേത്. ഇതിൽ ഒന്നാമത്തെ വന്യതാ പരിസ്ഥിതിവാദികളും രണ്ടാമത്തെ നഗര-കേന്ദ്രീകൃത പരിസ്ഥിതിവാദികളും വെളുത്തവർഗ്ഗക്കാരായ3 പുരുഷന്മാരായിരുന്നു. എന്നാൽ പിൽക്കാലത്ത് ധാരാളം വെളുത്ത വർഗ്ഗക്കാരികളും ഇതിന്റെ ഭാഗമാകുന്നുണ്ട്. തൊഴിലാളിവർഗ്ഗ പരിസ്ഥിതിവാദവും ഏറെക്കുറെ വെളുത്ത വർഗ്ഗക്കാരായ പുരുഷന്മാരുടെ ഇടപാടായിരുന്നു. എന്നിരിക്കിലും അവ പുരോഗമനവാദികളുമായും മധ്യവർഗ്ഗ വെള്ളക്കാരി ആക്റ്റിവിസ്റ്റുകളുമായും അടുത്ത ബന്ധങ്ങൾ ഉണ്ടായിരുന്നു. നാലാമത്തെ വിഭാഗമായ കറുത്ത വർഗ്ഗക്കാരുടെ പരിസ്ഥിതി വാദത്തിൽ ഏതാണ്ട് പൂർണമായും വംശീയ ന്യുനപക്ഷങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അമേരിക്കൻ ഐക്യനാടുകളിലെ പരിസ്ഥിതിവാദങ്ങളിലെ വൈവിദ്ധ്യത്തെക്കുറിച്ച് ചില ഉൾക്കാഴ്ചകൾ പകരുന്നവയാണ് മുകളിൽ വിവരിച്ച ചരിത്രം. പരിസ്ഥിതിവാദങ്ങളുടെ ഈ ചരിത്രം സൂചിപ്പിക്കുന്നത് പരിസ്ഥിതിയുടെ സംരക്ഷണത്തിനും ശുചിയാക്കലിനും വേണ്ടിയുള്ള മുന്നേറ്റങ്ങളിൽ ഉപരി-മദ്ധ്യ വർഗ്ഗങ്ങളിലെ വെളുത്ത വർഗ്ഗ പുരുഷന്മാർക്ക് ഉണ്ടായിരുന്ന അത്രതന്നെ പങ്കാളിത്വം തൊഴിലാളികൾക്കും , കറുത്ത വർഗ്ഗക്കാർക്കും, സ്ത്രീകൾക്കും ഉണ്ടായിരുന്നു എന്നതാണ്. എന്നാൽ, വന്യതയും ഹരിതാഭയും ഇല്ലാത്ത, തൊഴിലാളികളുടെയും കറുത്ത വർഗ്ഗക്കാരുടെയും സ്ത്രീകളുടെയും മുന്നേറ്റങ്ങൾ പരിസ്ഥിതിവാദമായി അംഗീകരിച്ചു തുടങ്ങുന്നത് തന്നെ ഈ അടുത്ത കാലം മുതലാണ്.
ഇന്ത്യൻ പരിസ്ഥിതിവാദം: അടിസ്ഥാന സമീപനങ്ങൾ
മേൽ വിവരിച്ച അമേരിക്കൻ അവസ്ഥയുടെ നേർ വിപരീതമായാണ് ഇന്ത്യയിൽ പരിസ്ഥിതിവാദത്തെപറ്റിയുള്ള പഠനങ്ങൾ ഉണ്ടായിട്ടുള്ളത്. അമേരിക്കയിൽ പരിസ്ഥിതിവാദം വരേണ്യരായ ഉപരി-മദ്ധ്യ വർഗ്ഗങ്ങളിലെ വെളുത്തവർഗ്ഗക്കാരായ പുരുഷന്മാരുടെ ഇടപാടായിരുന്നു എങ്കിൽ ഇന്ത്യയിൽ അത് ദരിദ്രരുടെയും പാർശ്വവൽകൃതരുടെയും നിലനിൽപ്പിന്റെ പ്രശ്നമായാണ് ആദ്യകാല പഠിതാക്കൾ മനസ്സിലാക്കിയിട്ടുള്ളത്. ഇന്ത്യയിൽ പരിസ്ഥിതിവാദം എന്നത് വന്യതയെയോ ഹരിതാഭയെയോ പറ്റിയുള്ള ആവലാതികൾ ആയിരുന്നില്ല എന്ന് ഇവർ നിരീക്ഷിക്കുന്നു. വിഭവങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി തദ്ദേശീയ ജനതകൾ നടത്തിയ പലതരത്തിലുള്ള പ്രാദേശിക സംഘർഷങ്ങളെ ചേർത്ത് പറയുന്ന ഒന്നായാണ് പരിസ്ഥിതിവാദം ഇന്ത്യയിൽ രൂപമെടുക്കുന്നത്.
ചിപ്കോ പ്രസ്ഥാനത്തെയാണ് ഇന്ത്യൻ പരിസ്ഥിതി വാദത്തിന്റെ ആരംഭമായി ഗുഹ കണക്കാക്കുന്നത്. ഹിമാലയ സാനുക്കളിൽ പെടുന്ന ഗർവാൾ മേഖലയിൽ 1973 ഏപ്രിലിൽ ആണ് ഈ സമരം തുടങ്ങുന്നത്. 1973-80 കാലഘട്ടത്തിൽ ഏതാണ്ട് ഒരു ഡസനോളം തവണ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടുന്ന നിരക്ഷരരായ പ്രദേശവാസികൾ വളരെ നൂതനവും കൗതുകകരവുമായ ഒരു പ്രതിഷേധരീതിയിൽ ഏർപ്പെട്ടതാണ് പിൽക്കാലത്ത് ചിപ്കോ പ്രസ്ഥാനമായി അറിയപ്പെടുന്നത്. കാട്ടിലെ മരങ്ങൾ മുറിച്ചു കടത്തുന്നത് തടയാൻ മരങ്ങളെ ആലിംഗനം ചെയ്തു സമരക്കാർ പ്രതിഷേധിച്ചു. ഇവിടെ മരങ്ങൾ എന്നെന്നേക്കുമായി സംരക്ഷിച്ചു നിർത്തുക എന്നതായിരുന്നില്ല സമരക്കാരുടെ ഉദ്ദേശം എന്ന് ഈ സമരത്തെപ്പറ്റി പഠിച്ചിട്ടുള്ള ഗുഹ നിരീക്ഷിക്കുന്നു. കാട്ടിലെ മരങ്ങൾ തങ്ങളുടെ കാർഷികാവശ്യങ്ങൾക്കും ഗൃഹനിർമ്മാണത്തിനും വേണ്ടിയുള്ളതാണെന്ന നിലപാടായിരുന്നു സമരക്കാർക്ക്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ചിപ്കോ ഉയർത്തിയ ചോദ്യം പ്രകൃതി വിഭവങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ളതായിരുന്നു.
ഇതേ മാതൃകയിൽ അനേകം സമരങ്ങൾ പിന്നീട് ഇന്ത്യയിൽ നടക്കുന്നുണ്ട്. ഇവയിൽ ചില സമരങ്ങൾക്ക് നേരിട്ടുള്ള പ്രചോദനമാകാൻപോലും ചിപ്കോക്ക് കഴിഞ്ഞു എന്ന് ഗുഹ പറയുന്നു. വനം, മേച്ചിൽ പുറങ്ങൾ, സമുദ്രം, വെള്ളം, ധാതുക്കൾ തുടങ്ങി പലതരം പശ്ചാത്തലങ്ങളിൽ സമരങ്ങൾ നടന്നു. പ്രാദേശികമായി നടന്ന ഈ സമരങ്ങൾളുടെ ചില പൊതു സ്വഭാവങ്ങൾ ഗുഹ അവതരിപ്പിക്കുന്നുണ്ട്. ഒന്നാമതായി ഈ സമരങ്ങൾ ദരിദ്രരെ ധനികർക്കെതിരെ തിരിക്കുന്നു. അതുപോലെ, മലയോര ഗ്രാമീണരെ മരംവെട്ട് കമ്പനികൾക്കെതിരെയും വനത്തിൽ വസിക്കുന്ന ആദിവാസി ജനവിഭാഗങ്ങളെ അണക്കെട്ട് നിർമ്മാതാക്കൾക്കെതിരെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വൻകിട മത്സ്യബന്ധന യാനങ്ങൾക്കെതിരെയും ഈ സമരങ്ങൾ അണിനിരത്തുന്നു. കമ്പോള താല്പര്യങ്ങളെ മുൻ നിർത്തി വിഭവങ്ങളുടെ ചൂഷണത്തിന്റെ തോത് അനിയന്ത്രിതമായി വർധിപ്പിക്കുന്ന ഒരു വിഭാഗവും, ഈ പ്രക്രിയയുടെ ഫലമായി ഭാഗികമായോ പൂർണമായോ കുടിയിറങ്ങേണ്ടിവരുന്ന മറുഭാഗവും തമ്മിലുള്ള സംഘട്ടനമായാണ് പരിസ്ഥിതിവാദം മനസ്സിലാക്കപ്പെടുന്നത്.
ഈ വിഭവങ്ങളുടെ സാമ്പ്രദായികമായ പൊതു ഉടമസ്ഥത ഉണ്ടായിരുന്ന, ഇവ ഏറ്റവും പരിമിതമായി മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന തദ്ദേശീയ ജനതകളാണ് ഇപ്രകാരം കുടിയിറക്കപ്പെടുന്നത്. ഈ തർക്കത്തിൽ ഭരണകൂടങ്ങൾ മിക്കപ്പോഴും വിഭവ ചൂഷകരോടൊപ്പം നിലകൊള്ളുകയും വലിയ തോതിലുള്ള സബ്സിഡികളും നികുതി ഇളവുകളും മറ്റുമായി അവരെ സഹായിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ അധികാരമോ മറ്റു വിഭവങ്ങളോ കൈവശമില്ലാത്ത, പ്രകടമായ അനീതിക്ക് വിധേയമാകുന്ന തദ്ദേശീയ ജനത സംഘടിക്കുകയും വിഭവക്കൊള്ള നടത്തുന്ന കമ്പനികൾക്കെതിരെയും അവരെ പിന്താങ്ങുന്ന ഭരണകൂടങ്ങൾക്കെതിരെയും പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നു.
ഇന്ത്യയിലെ പരിസ്ഥിതിപ്രശ്നത്തെ ഗുഹയും ഗാഡ്‌ഗിലും അവതരിപ്പിക്കുന്നത് ഒരു ത്രികോണ-പാരസ്പര്യമായാണ്. ഇവർ അവതരിപ്പിക്കുന്ന പാരിസ്ഥിതിക കാഴ്ചപ്പാടു പ്രകാരം ആളുകളെ ആവാസവ്യവസ്ഥാ ജനങ്ങൾ (ecosystem people ), സർവ്വനാശകാരികൾ (omnivores), എക്കോളജിക്കൽ അഭയാർത്ഥികൾ (ecological refugees) എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിക്കാം. ഖനിജ ഇന്ധനങ്ങളെ ആശ്രയിച്ചുള്ള ഊർജ്ജം ഏറ്റവും കുറച്ച് ഉപയോഗിക്കുന്നവരാണ് ആവാസവ്യവസ്ഥാ ജനങ്ങൾ. അവർക്കാവശ്യമുള്ള ഊർജ്ജത്തിന്റെ വലിയ പങ്കും മനുഷ്യരുടെ കായിക അദ്ധ്വാനത്തിൽ നിന്നും കന്നുകാലികളിൽ നിന്നും കണ്ടെത്തുന്നു. ജീവിതത്തിൽ ആവശ്യമായ വിഭവങ്ങൾ മിക്കവാറും ഇവർ സമീപ പ്രദേശങ്ങളിലെ വനങ്ങളിൽ നിന്നും ജലാശയങ്ങളിൽ നിന്നും ചെറുകിട കൃഷിയിൽ നിന്നും മറ്റും കണ്ടെത്തുന്നു. ആൻഡമാൻ ദ്വീപുകളിൽ സെന്റിനാൽ വിഭാഗക്കാരെ പോലെ അപൂർവം സാഹചര്യങ്ങളിൽ ആവാസവ്യവസ്ഥാ ജനങ്ങൾ സ്വാധികാര ജീവിതം നയിക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം സാഹചര്യങ്ങളിലും ഇവർ രണ്ടാമത്തെ വിഭാഗമായ സർവനാശകാരികളാൽ കീഴടക്കപ്പെടുന്നു. തങ്ങൾ സാമ്പ്രദായികമായി ഉപയോഗിക്കുന്ന പ്രകൃതികമോ അർദ്ധ-പ്രാകൃതികമോ ആയ വിഭവങ്ങളുടെ മേലുള്ള അവകാശങ്ങളും പ്രാപ്യതയും ആവാസവ്യവസ്ഥാ ജനങ്ങൾക്ക് നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇവർ ശേഖരിക്കുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളുടെ കമ്പോള മൂല്യം തുലോം കുറവായിരിക്കും എന്നതുകൊണ്ട് കമ്പോളങ്ങളുടെ ചലനങ്ങളിലും ഇവർക്ക് സ്വാധീനം ചെലുത്താനാകില്ല.
ഉത്പാദന പ്രക്രിയയിലും ഊർജ്ജ ഉറവിടങ്ങളുടെ മുകളിലും ജ്ഞാന വ്യവസ്ഥകളിലും വലിയ സ്വാധീനം ഉള്ളവരാണ് സർവ്വനാശകാരികൾ. വലിയ കമ്പോളമൂല്യമുള്ള ഉത്പന്നങ്ങൾക്കായുള്ള കടും കൃഷിയിലും കാലിവളർത്തലിലും ജലകൃഷിയിലും വൻകിട വ്യാവസായിക ഉത്പാദനത്തിലും ഏർപ്പെടുന്നവരാണ് സർവനാശകാരികൾ. വലിയതോതിൽ ഊർജ്ജം ആവശ്യമുള്ള , ഉയർന്ന എക്കോളജിക്കൽ പാദമുദ്രയുള്ളവയാണ് (ecological footprint) ഇവരുടെ ഉത്പാദന രീതികൾ. ഇക്കൂട്ടരുടെ സ്വാധീനവും ശേഷിയും കാരണം ഭൂമിയിൽ എല്ലായിടത്തുനിന്നുമുള്ള സാധനങ്ങളും സേവനങ്ങളും ഇവരിലേക്ക് വന്നുചേരുന്നു.
ആവാസവ്യവസ്ഥാ ജനങ്ങളുടെ സാമ്പ്രദായിക പൊതു ഉടമസ്ഥതയിലുള്ള പ്രാകൃതികവും അർദ്ധ-പ്രാകൃതികവുമായ ആവാസവ്യവസ്ഥകൾ സർവ്വനാശകാരികൾ കയ്യേറുകയും അവയെ അതിവേഗം മാലിന്യ കൂമ്പാരങ്ങൾ ആക്കി മാറ്റുകയും ചെയ്യുന്നു. ഈ കയ്യേറ്റ പ്രക്രിയ ആവാസവ്യവസ്ഥാ ജനങ്ങളെ എക്കോളജിക്കൽ അഭയാർത്ഥികളാക്കി മാറ്റിത്തീർക്കുന്നു. വിഭവാധികാരങ്ങൾ നഷ്ട്ടപ്പെട്ട് അഭയാർത്ഥികളായി മാറുന്ന ആവാസവ്യവസ്ഥാ ജനങ്ങൾ പിന്നീട് സർവ്വനാശകാരികൾക്ക് ചെറിയ വിലക്ക് കിട്ടുന്ന തൊഴിൽ ശക്തികളായി മാറുന്നു. ഇന്ത്യൻ ജനതയുടെ 60 ശതമാനം ആവാസവ്യവസ്ഥാ ജനങ്ങളും 25 ശതമാനം എക്കോളജിക്കൽ അഭയാർത്ഥികളും 15 ശതമാനം സർവ്വനാശകാരികളും ആണെന്ന് ഗുഹയും ഗാഡ്ഗിലും കണക്കാക്കുന്നു.
ഇന്ത്യൻ പാരിസ്ഥിതിക മേഖലയെ ഗുഹയും ഗാഡ്ഗിലും വിവരിക്കുന്നതിന്റെ ഒരു സംക്ഷിപ്ത രൂപമാണ് ഇവിടെ പറഞ്ഞത്. അടുത്തഭാഗത്തിൽ ഈ ചർച്ച തുടരാം. കഴിഞ്ഞ ഭാഗത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ പരിസ്ഥിതി വാദത്തിന്റെ രുപീകരണത്തെക്കുറിച്ചുള്ള ചർച്ചയിൽ നമ്മൾ ജെയിംസ് ലവ്‌ലോക്കിനെ പരാമർശിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 26 ന് അദ്ദേഹം അന്തരിക്കുകയുണ്ടായി. ഈ പംക്തി അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുകയും അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം മുന്നോട്ടുവച്ച ഗൈയ ഹൈപോതെസിസ് പരിസ്ഥിതിവാദികൾക്കിടയിൽ വലിയ ചലനമുണ്ടാക്കിയ ഒന്നായിരുന്നു. എന്നാൽ സമൂഹ പഠിതാക്കൾ ഇതിനെ വിമർശനാത്മകമായാണ് കാണുന്നത്. മറ്റൊരു ഭാഗത്തിൽ ഇത് വിശദമായി ചർച്ചചെയ്യാം.
Endnotes:
1.ഗുഹയുടെ പരിസ്ഥിതി എഴുത്തുകൾ വലിയ തോതിൽ വിമര്ശിക്കപ്പെട്ടിട്ടുള്ളവയാണ്. പണ്ഡിതോചിതമായ സമീപനത്തെക്കാൾ ജനപ്രിയതയെ മുൻനിർത്തുന്ന സമീപനങ്ങൾ ഗുഹയുടെ ഒരു പ്രത്യേകതയാണ്. ഇനി വരുന്ന ഒരു ഭാഗത്തിൽ ഇത് വിശദീകരിക്കാം. പല പരിമിതികൾ ഉണ്ടെങ്കിലും അദ്ദേഹം ഒറ്റക്കും, മാധവ് ഗാഡ്ഗിൽ, ജോന് മെർട്ടിനെൻസ് അലിയർ എന്നിവരോട് ചേർന്നും എഴുതിയിട്ടുള്ള പുസ്തകകങ്ങൾ ഇന്ത്യയിലെ പരിസ്ഥിതിവാദത്തെ ഗൗരവമായി കാണുന്നവർക്ക് അവഗണിക്കാവുന്നവയല്ല. ഈ ഭാഗത്തിലെ വാദങ്ങൾ Varities of environmentalismn: essays north and south, This fissured land: an ecological history of india എന്നീ പുസ്തകങ്ങളിൽ നിന്നുള്ളവയാണ്
2.ഉദാഹരണം: പാരിസ്ഥിതിക നീതി എന്ന പാരഡൈമിന്റെ ഉദയം എന്ന പ്രബന്ധത്തിൽ ഡി ഇ ടെയ്‌ലർ https://doi.org/10.1177/0002764200043004003
3.ആളുകളുടെ സാമൂഹിക നിലയും അവരുടെ പാരിസ്ഥിതിക താല്പര്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്പറ്റി ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. പ്രശസ്ത സമൂഹപഠിതാവായ തിമോത്തി ഫോർസിത്ത് തായ്‌ലൻഡിൽ നടത്തിയ പഠനത്തിൽ ലോവർ ക്‌ളാസ് ആളുകൾ മലിനീകരണം പോലുള്ള പ്രശ്നങ്ങളിൽ താല്പര്യം കാണിക്കുമ്പോൾ അപ്പർക്ലാസ്സും മിഡിൽ ക്ലാസ്സും വനസംരക്ഷണം പോലുള്ള വിഷയങ്ങളിലാണ് തല്പരരാകുന്നത്. അധിക വായനക്ക്; https://doi.org/10.1016/j.worlddev.2007.01.005