TMJ
searchnav-menu
post-thumbnail

Outlook

കാലാവസ്ഥാ വ്യതിയാനത്തിലും അസമത്വം

14 Feb 2022   |   1 min Read
TMJ News Desk

രയിലും, കടലിലും, അന്തരീക്ഷത്തിലും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കാനിടയുള്ള ദുരന്തങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ക്ക് പഞ്ഞമില്ല. പാരിസ്ഥിതികമായ സവിശേഷ മേഖലകള്‍ മുതല്‍ വളരെ പൊതുവായ കാര്യങ്ങള്‍ വരെ ഈ പഠനങ്ങളുടെ പരിധിയില്‍ വരുന്നു. ദേശരാഷ്ട്രങ്ങള്‍ക്കുള്ളിലും, ആഗോളതലത്തിലും അസഹനീയമാവുന്ന സാമ്പത്തിക അസമത്വം അതതിന്റെ ദാരുണതകളെല്ലാമായി പ്രകടമാകുന്ന ഒന്നായി കാലാവസ്ഥ വ്യതിയാനവും മാറുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങളും അതിന്റെ ഭാഗമാണ്. ആഗോള താപനത്തിന്റെ ഭാഗമായി സംഭവിക്കുന്ന അത്യുഷ്ണത്തിന്റെ കെടുതികള്‍ ഏറ്റവുമധികം ബാധിക്കുക ദരിദ്ര ജനതയെയാവുമെന്ന പഠനം അതിന്റെ ഉദാഹരണമാണ്. സമുദ്രങ്ങളിലെ ഓക്‌സിജന്‍ ശോഷണം മത്സ്യ വംശങ്ങളുടെ നാശത്തിനിടയാക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുതിയ പഠനങ്ങളുടെ ദിശാബോധത്തെ വെളിപ്പെടുത്തുന്നു.

 

ചൂടിന്റെ കെടുതിയും ദരിദ്രരുടെ തലയില്‍

 

ആഗോള താപനത്തിന്റെ ഭാഗമായ അത്യുഷ്ണ കെടുതി ഏറ്റവുമധികം അനുഭവിക്കേണ്ടി വരിക ലോകത്തിലെ ദരിദ്ര ജനങ്ങളാകും. ലോകത്തെ ഉയര്‍ന്ന വരുമാനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ താഴ്ന്ന വരുമാന ശ്രേണിയിലുള്ളവര്‍ 40 ശതമാനത്തില്‍ കൂടുതലായി അത്യൂഷ്ണം ഇപ്പോള്‍ അനുഭവിക്കുന്നുവെന്ന് പുതിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. കുറഞ്ഞ വരുമാനക്കാരുടെ വാസസ്ഥലങ്ങള്‍, അത്യുഷ്ണത്തെ നേരിടുന്നതിന് സഹായിക്കുന്ന എയര്‍ കണ്ടീഷണര്‍ പോലുള്ള സൗകര്യങ്ങളുടെ അഭാവം എന്നിവയാണ് അതിനുള്ള പ്രധാന കാരണങ്ങള്‍. വരാനിരിക്കുന്ന നാളുകളില്‍ സ്ഥിതി കൂടുതല്‍ വഷളാവുമെന്നാണ് പുതിയ പഠനങ്ങളുടെ വെളിപ്പെടുത്തലുകള്‍. ഭൂമിയുടെ ഭാവി (Earth's Future) എന്ന പ്രസിദ്ധീകരണത്തില്‍ ഇക്കഴിഞ്ഞ ജനുവരി 20 ന് വന്ന പഠനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. വിവിധ വരുമാന ശ്രേണിയില്‍പ്പെട്ട മനുഷ്യരുടെ വരുമാനം സംബന്ധിച്ച ചരിത്രപരമായ കണക്കുകള്‍, കാലാവസ്ഥ രേഖകള്‍, ചൂടിനോട് പൊരുത്തപ്പെടുന്ന രീതികള്‍ എന്നിവ ആഗോളതലത്തില്‍ വിശകലനം വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അത്യൂഷ്ണം അനുഭവിക്കുന്നതിന്റെ തോതിനെക്കുറിച്ചുള്ള അനുമാനങ്ങള്‍ നടത്തിയിട്ടുള്ളത്. അത്യുഷ്ണ ദിനങ്ങളില്‍ ഉഷ്ണ തരംഗത്തിന് വിധേയമാകുന്ന ആളുകളുടെ എണ്ണവും, സമയവും ഈ വിശകലനം കണക്കിലെടുക്കുന്നു. വരുമാനത്തിന്റെ ഏറ്റവും താഴത്തെ തട്ടിലുള്ള 25 ശതമാനം ജനങ്ങള്‍ ഉഷ്ണ തരംഗത്തിന് വിധേയമാകുന്നതിന്റെ ആധിക്യം അടുത്ത നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഗണ്യമായി ഉയരുമെന്നു ഈ കണക്കുകകള്‍ വെളിപ്പെടുത്തുന്നു. എയര്‍ കണ്ടീഷനിംഗ്, തണുത്ത വായു സഞ്ചാരം, തൊഴില്‍ സമയ ക്രമീകരണം, തണല്‍ ലഭ്യത തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായാലും ഇക്കാര്യത്തില്‍ വലിയ മെച്ചം പ്രതീക്ഷിക്കാനാവില്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ താരതമ്യേന നന്നായി കൈകാര്യം ചെയ്യാനാവുന്ന ഉയര്‍ന്ന വരുമാനക്കാരെ സംബന്ധിച്ചിടത്തോളം ഉഷ്ണ തരംഗത്തെ നേരിടുക പ്രയാസകരമാവില്ല.

 

ഉയര്‍ന്ന വരുമാനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാന ശ്രേണിയിലെ ഏറ്റവും താഴെ തട്ടിലെ 25 ശതമാനം ഒരോ വര്‍ഷവും 23 ദിവസം കൂടുതലായി ഉഷ്ണതരംഗം അനുഭവിക്കേണ്ടി വരും

 

ഉയര്‍ന്ന വരുമാനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാന ശ്രേണിയിലെ ഏറ്റവും താഴെ തട്ടിലെ 25 ശതമാനം ഒരോ വര്‍ഷവും 23 ദിവസം കൂടുതലായി ഉഷ്ണതരംഗം അനുഭവിക്കേണ്ടി വരും. മനുഷ്യ നിര്‍മിതമായ കാലാവസ്ഥ വ്യതിയാനത്തിന് ഏറ്റവും കുറഞ്ഞ ഉത്തരവാദിത്തമുള്ള ജനങ്ങള്‍ അതിന്റെ തിക്തഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്ന സാഹചര്യത്തിലാണെന്ന ഗവേഷണങ്ങളെ ഉഷ്ണതാപം അനുഭവിക്കാനിടയുള്ളവരെ കുറിച്ചുള്ള പഠനങ്ങളും ശരിവെക്കുന്നു. ഉയര്‍ന്ന വരുമാനമുള്ള പ്രദേശങ്ങള്‍ക്ക് അത്യുഷ്ണവുമായി പൊരുത്തപ്പെടാന്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടെങ്കിലും വൈദ്യുതി ക്ഷാമം പോലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഉഷ്ണതരംഗം ബാധിക്കുന്ന ഭൂപ്രദേശങ്ങളുടെ വ്യാപ്തി 1980 കള്‍ക്കു ശേഷം രണ്ടര മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നു. ഉഷ്ണ തരംഗത്തെക്കുറിച്ച് വെറുതെ മുന്നറിയിപ്പു നല്‍കിയതുകൊണ്ട് മാത്രം പ്രയോജനമില്ലെന്നും കൂടുതല്‍ ഫലപ്രദമായ നിര്‍ദ്ദേശങ്ങളും ആശ്വാസ നടപടികളും സ്വീകരിക്കുവാന്‍ ഭരണസംവിധാനങ്ങള്‍ നിര്‍ബന്ധിതമാവുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഉഷ്ണ തരംഗത്തിന്റെ ആപത്തിനെ പറ്റിയും, അത്യുഷ്ണത്തില്‍ നിന്നുള്ള സുരക്ഷയെപ്പറ്റി കുടുതല്‍ ബോധവല്‍ക്കരണത്തോടൊപ്പം മുന്‍കൂറായി മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സംവിധാനങ്ങളും, പ്രസ്തുത സംവിധാനങ്ങള്‍ പ്രവര്‍ത്തനനിരതമാണെന്നും ഉറപ്പാക്കേണ്ടിയിരിക്കുന്നു.

 

wiki commons

 

സമുദ്രത്തിലും വറ്റുന്ന ഓക്‌സിജന്‍

 

ലോകത്തിലെ സമുദ്രങ്ങളുടെ 70 ശതമാനവും 2080 ഓടെ ഓക്‌സിജന്‍ ശോഷണത്താല്‍ ശ്വാസം മുട്ടുന്ന അവസ്ഥയിലാവുമെന്ന് ഭയക്കേണ്ടിയിരിക്കുന്നുവെന്ന് അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍. കടലാഴത്തിന്റെ മധ്യ ഭാഗങ്ങളിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിന്റെ തോത് 2021 നു ശേഷം അപകടകരമായ പ്രവണതയാണ് പ്രകടിപ്പിക്കുന്നതെന്ന് യൂണിയന്റെ ജേര്‍ണലായ ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സില്‍  പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. ഇരുന്നൂറു മുതല്‍ ആയിരം മീറ്റര്‍ വരെ ആഴമാണ് സമുദ്രത്തിന്റെ മധ്യഭാഗമായി കണക്കാക്കപ്പെടുന്നത്. മെസോപെലാജിക് എന്നറിയപ്പെടുന്ന ഈ ഭാഗങ്ങളിലാണ് വാണിജ്യ പ്രാധാന്യമുള്ള ഒട്ടേറെ ഇനം മത്സ്യങ്ങളുടെ ആവാസ കേന്ദ്രം. ഓക്‌സിജന്‍ ശോഷണത്തിന് സ്വാഭാവികമായി തന്നെ വശംവദമാവുന്നതാണ് മെസോപെലാജിക് മേഖല. ഫോട്ടോസിന്തസിസിന്റെ ഭാഗമായി സമുദ്രോപരിതലത്തില്‍ ഓക്‌സിജന്‍ സ്വാഭാവികമായി ലഭ്യമാവുന്നതുപോലെ കടലാഴത്തിന്റെ മധ്യഭാഗങ്ങളില്‍ ഓക്‌സിജന്‍ ലഭിക്കാറില്ല. സമുദ്രജലത്തില്‍ ലയിക്കുന്ന ഓക്‌സിജനാണ് ഈ ഭാഗങ്ങളില്‍ ലഭിക്കുക. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി സമുദ്രത്തിലെ ഓക്‌സിജന്‍ അളവില്‍ വരുന്ന ശോഷണം തിരിച്ചറിയപ്പെടുന്ന പ്രഥമ മേഖലയാണ് മെസോപെലാജിക് മേഖല.
ഡീഓക്‌സിജനേഷന്‍ എന്നറിയപ്പെടുന്ന ഈ പ്രക്രിയ മത്സ്യ സമ്പത്തിന് മാത്രമല്ല മറ്റുള്ള സമുദ്ര വിഭവങ്ങളേയും ബാധിക്കുന്നതാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യുന്താവോ ഷോവു അഭിപ്രായപ്പെടുന്നു. പ്രപഞ്ചത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക സംവിധാനത്തിന്റെ ചയാപചയ (മെറ്റബോളിക്) സ്ഥിതിയാണ് മനുഷ്യരുടെ ഇടപെടല്‍ മൂലം മാറുന്നതെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്താവുമെന്ന് വ്യക്തമല്ലെന്നും സമുദ്ര ശാസ്ത്രജ്ഞനായ മാത്യു ലോംഗ് അഭിപ്രായപ്പെട്ടു. ഡീഓക്‌സിജനേഷന്റെ പ്രധാന കാരണം കാര്‍ബണ്‍ പുറന്തളളലാണെന്നു കരുതപ്പെടുന്നു. കരയിലെ ജീവജാലങ്ങള്‍ക്ക് ഓക്‌സിജന്‍ ആവശ്യമുള്ളതുപോലെ കടല്‍ ജീവികള്‍ക്കും ഓക്‌സിജന്‍ ആവശ്യമാണ്. ജലത്തില്‍ അലിഞ്ഞു ചേര്‍ന്ന (ഡിസ്സോള്‍വ്) ചെയ്ത നിലയിലാണ് കടലിലെ ഓക്‌സിജന്റെ സാന്നിദ്ധ്യം.

 

കേരളത്തിലെ പാരിസ്ഥിതികാവസ്ഥ സവിശേഷമായ ശ്രദ്ധയാവശ്യപ്പെടുന്നതു പോലെ പ്രധാനമാണ് ആഗോളതലത്തില്‍ ലഭ്യമായ പുതിയ പഠനങ്ങള്‍ നല്‍കുന്ന ഉള്‍ക്കാഴ്ചകളും. ആഗോളതലത്തില്‍ അരങ്ങേറുന്ന പ്രക്രിയകള്‍ക്ക് സമാനമായ സംഭവങ്ങള്‍ പ്രാദേശികമായും ഉടലെടുക്കുന്നതിന്റെ രീതികള്‍ മനസ്സിലാക്കുവാനും പ്രതിവിധികള്‍ കണ്ടെത്താനും അവ സഹായകമാവും.

 

 

 

 

 

 

Leave a comment