TMJ
searchnav-menu
post-thumbnail

Outlook

ആഗോള കോവിഡ് പ്രതിരോധത്തിലെ നീതിരാഹിത്യം

17 Sep 2022   |   1 min Read
തോമസ് കൊമരിക്കൽ

PHOTO: PIXABAY

ശലക്ഷക്കണക്കിന് മനുഷ്യ ജീവനുകൾ അപഹരിച്ചെടുത്ത കോവിഡ്-19 മഹാമാരി, ഭൂമുഖത്തെ മനുഷ്യർക്കാകെ അതുവരെ പരിചയമില്ലാത്ത അനുഭവമായിരുന്നു. ചൈനയിലെ വൂഹാനിൽ തുടങ്ങിയ രോഗബാധ ഏതാനും ആഴ്ചകൾക്കകംതന്നെ ലോകമാകെ പടർന്നുപിടിച്ചു. ഭൗമാതിർത്തികൾ ഭേദിച്ച്, പൗരന്മാരുടെ വിലപ്പെട്ട ജീവനുകൾ കവർന്നെടുത്ത് രോഗം മുന്നേറുമ്പോഴും രാജ്യങ്ങളുടെ തലപ്പത്തുള്ളവരും, അന്തർദേശീയ സംഘടനകളും ശരിയായ നടപടികളെടുക്കുന്നതിൽ പരാജയപ്പെട്ടു. അന്തർദേശീയ തലത്തിൽ ഏറ്റവും അത്യാവശ്യമായിരുന്ന പരസ്പര സഹകരണവും പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകീകരണവും സാധ്യമാക്കുന്നതിൽ രാജ്യങ്ങളും ലോകാരോഗ്യ സംഘടന അടക്കമുള്ള സംവിധാനങ്ങളും പരാജയമായിത്തീരുകയും ചെയ്തു. ശാസ്ത്ര ഗവേഷണത്തിൽ പ്രമുഖരായ ദി ലാൻസെറ്റ് (The Lancet) നടത്തിയ പഠനമാണ് ഇക്കാര്യം തെളിവുകൾ സഹിതം വെളിപ്പെടുത്തുന്നത്.

ആരോഗ്യം, പൊതുനയ രൂപീകരണം, സാമ്പത്തികശാസ്ത്രം, കച്ചവടം എന്നീ മേഖലകളിലെ വിദഗ്ധർ അടങ്ങിയ കമ്മീഷനാണ് പഠനം നടത്തിയത്. ലോകം കോവിഡ്-19 മഹാമാരിയെ നേരിട്ടതിനെ വിശകലനം ചെയ്ത്, ഭാവിയിലേക്ക് ആവശ്യമായ പാഠങ്ങൾ പങ്കുവെക്കുക എന്നതായിരുന്നു കമ്മീഷന്റെ ദൗത്യം. അതുകൊണ്ടുതന്നെ ആരോഗ്യശാസ്ത്രപരമായ വിലയിരുത്തലുകളേക്കാൾ അധികമായി, രാഷ്ട്രങ്ങളുടെ നയ രൂപീകരണത്തിലും അന്തർദേശീയ സംവിധാനങ്ങളിലും വന്നുപോയ അബദ്ധങ്ങളെയും വീഴ്ചകളെയുമാണ് കമ്മീഷൻ റിപ്പോർട്ട് സംബോധന ചെയ്യുന്നത്.

വൈറസുകളെക്കുറിച്ച് പഠിക്കുന്ന ലാബുകളിൽ നിന്നാണ് രോഗബാധ പുറം ലോകത്തേക്കെത്തിയതെന്ന വാദം 2020-ൽ തന്നെ ഉയർന്നിരുന്നു. ഉത്ഭവ സ്ഥാനമായ വൂഹാനിൽ ഇത്തരമൊരു പരീക്ഷണശാലയുണ്ടെന്ന സൂചന അന്തർദേശീയ തലത്തിൽ ചൈനയെ കുറ്റാരോപിതരാക്കി. എന്നാൽ, ഈ ആരോപണത്തിൽ ചൈനയെ മാത്രമല്ല ലാൻസെറ്റ് റിപ്പോർട്ട് പ്രതിസ്ഥാനത്ത് നിർത്തുന്നത്.

വൈറസിന്റെ ഉത്ഭവം

കോവിഡ്-19 അഥവാ SARS-Cov-2 രോഗബാധയ്ക്ക് കാരണമായ വൈറസിന്റെ ഉത്ഭവം ഇപ്പോഴും നിഗൂഢമാണ്. ചൈനയിലെ വൂഹാനിലാണ് രോഗബാധ ആരംഭിച്ചതെങ്കിലും വൈറസ് എവിടെനിന്ന് മനുഷ്യരിലേക്ക് എത്തിയെന്ന അന്വേഷണങ്ങൾ അവസാനിച്ചിട്ടില്ല. രണ്ടു സാധ്യതകളാണ് ഇതിനുള്ളതെന്ന് റിപ്പോർട്ട് പറയുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന സൂണോട്ടിക്ക് (Zoonotic) മാർഗ്ഗമാണ് ആദ്യത്തേത്. രണ്ടാമത്തേതാവട്ടെ ലാബിൽനിന്ന് ഉത്ഭവിച്ചുവെന്ന വാദവും. വൈറസുകളെക്കുറിച്ച് പഠിക്കുന്ന ലാബുകളിൽ നിന്നാണ് രോഗബാധ പുറം ലോകത്തേക്കെത്തിയതെന്ന വാദം 2020-ൽ തന്നെ ഉയർന്നിരുന്നു. ഉത്ഭവ സ്ഥാനമായ വൂഹാനിൽ ഇത്തരമൊരു പരീക്ഷണശാലയുണ്ടെന്ന സൂചന അന്തർദേശീയ തലത്തിൽ ചൈനയെ കുറ്റാരോപിതരാക്കി. എന്നാൽ, ഈ ആരോപണത്തിൽ ചൈനയെ മാത്രമല്ല ലാൻസെറ്റ് റിപ്പോർട്ട് പ്രതിസ്ഥാനത്ത് നിർത്തുന്നത്.

2003 ലെ സാർസ് (SARS - Severe Acute Respiratory Syndrome) വ്യാപനത്തിന് ശേഷം ഇത്തരം വൈറസുകളെക്കുറിച്ചുള്ള പഠനങ്ങളും കൂടുതലായി. വൈറസിനെ പഠിക്കുന്നതും വാക്സിൻ വികാസവുമൊക്കെയാണ് പഠനങ്ങൾ ലക്ഷ്യമാക്കിയത്. യു.എസ്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ലാബുകളും SARS-Cov ഇനത്തിലുള്ള വൈറസുകളെ പഠനവിധേയമാക്കുന്നുണ്ട്. എന്നാൽ കോവിഡ്-19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തോട് യു.എസ്. ലാബുകൾ ഒരുതരത്തിലും സഹകരിച്ചില്ലെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ചൈനയിലെ വൂഹാനിലെ ലാബിൽ നടക്കുന്ന പരീക്ഷണങ്ങളെന്തെന്ന് വ്യക്തമല്ലെന്നും പരാമർശിക്കുന്നു.

ഒരുക്കമില്ലാത്ത ലോകം

ഒരു മഹാമാരിയെ നേരിടുന്നതിൽ പല ഘടകങ്ങളുണ്ട്. Prevention, Containment, Health Services, Equity, Global innovation and diffusion എന്നിങ്ങനെ പ്രധാനപ്പെട്ട അഞ്ച് ഘടകങ്ങളുണ്ടെന്ന് പഠനം നടത്തിയ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ മഹാമാരി പടർന്നുപിടിക്കുന്ന വേളയിൽ ഇവ എളുപ്പത്തിൽ നടത്തിയെടുക്കാവുന്ന കാര്യങ്ങളല്ല. മഹാമാരിയെ മുന്നിൽക്കണ്ട് ഇവയെല്ലാംതന്നെ മുന്നേ ഒരുങ്ങിയിരിക്കണം. ഈ മുന്നൊരുക്കങ്ങൾ വൈകി തുടങ്ങരുതെന്ന പാഠം ബുദ്ധിമുട്ടേറിയ വഴിയിലൂടെ മനുഷ്യർക്ക് പഠിക്കേണ്ടിവന്നു എന്ന് റിപ്പോർട്ട് പറയുന്നു. 2022 മേയ് മാസം വരെ 69 ലക്ഷം മരണങ്ങൾ കോവിഡ് മൂലമുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, യഥാർത്ഥത്തിൽ 1.72 കോടി മരണങ്ങളുണ്ടായെന്നാണ് നിഗമനങ്ങൾ പറയുന്നത്.

representational image | photo: who

ചൈനയിലെ വുഹാനിൽ ആരംഭിച്ച രോഗവ്യാപനം ഇത്രയധികം മാരകമാവുന്നതിന് പിന്നിൽ അനേക കാരണങ്ങളുണ്ട്. രാജ്യങ്ങൾക്കകത്തെ പ്രശ്നങ്ങൾക്കപ്പുറം, ഇത്തരമൊരു ആഗോള സാഹചര്യത്തെ ഒറ്റക്കെട്ടായി നേരിടുന്നതിലുണ്ടായ തോൽവിയാണ് ഏറ്റവും വിലയേറിയത്. ഒരു മഹാമാരിയെ നേരിടുന്ന കാര്യത്തിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ ഒട്ടുംതന്നെ ഒരുക്കമില്ലാതിരുന്ന കാലത്താണ് കോവിഡ്-19 ആഞ്ഞടിച്ചതെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു. മഹാമാരികൾ വർധിക്കുന്നുവെന്ന സൂചനകൾ പലകാലത്തായി ഉണ്ടായിട്ടും മുന്നൊരുക്കങ്ങൾ മുരടിച്ചുതന്നെ നിന്നു. കുറഞ്ഞപക്ഷം 2003 ലെ സാർസ് ബാധയെ തുടർന്നെങ്കിലും മഹാമാരികൾക്കെതിരായ ആഗോള പ്രവർത്തനങ്ങൾ വേഗത്തിലാകേണ്ടിയിരുന്നു.

ലോകരാഷ്ടങ്ങളും ലോകാരോഗ്യ സംഘടനയും

ലോകാരോഗ്യ സംഘടന ഭരണഘടനയുടെ അനുച്ഛേദം 21(a), 22 എന്നിവ പ്രകാരം രാജ്യങ്ങൾക്കിടയിൽ രോഗങ്ങൾ പടരുന്നതിനെ തടയുന്നതിന് ചട്ടങ്ങളുണ്ടാക്കാം. സംഘടനയുടെ നിയമനിർമ്മാണ സഭയായ വേൾഡ് ഹെൽത്ത് അസംബ്ലി ഈ വിഷയത്തിൽ ചട്ടങ്ങൾ ഉണ്ടാക്കിയിട്ടുമുണ്ട്. 1969-ൽ നിർമ്മിക്കപ്പെട്ട ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻസ് (IHR) എന്നറിയപ്പടുന്ന ഇവ, 2003 ലെ സാർസ് വ്യാപനത്തെത്തുടർന്ന് 2005-ൽ ഭേദഗതി ചെയ്തിരുന്നു. 2000 ത്തിന് ശേഷം ആഗോളതലത്തിൽ വ്യവസായവും യാത്രയും വലിയ തോതിൽ വർദ്ധിച്ചതോടെ, വലിയ രോഗവ്യാപനമുണ്ടാകുന്ന വേളയിൽ പിന്തുടരേണ്ടതായ പ്രധാന കാര്യങ്ങളും ചട്ടത്തിൽ ഉൾപ്പെടുത്തി. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇത്തരം സംവിധാനങ്ങളുടെ ഏറെ പോരായ്മകൾ പ്രകടമായി. അതിന് ലോകം വലിയ വില നൽകേണ്ടിവരികയും ചെയ്തു.

ലോകാരോഗ്യ സംഘടനയുടെ സാങ്കേതികം, നയപരം, ഭരണപരം എന്നീ നിലകളിലുള്ള ശേഷി തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് 2020-ൽ കാര്യങ്ങൾ നീങ്ങി. രോഗലക്ഷണങ്ങളില്ലാത്തവരും വൈറസ് വാഹകരാണെന്നതും, വായുവിലൂടെയുള്ള പകർച്ചാ സാധ്യതയും മറ്റും കൃത്യമായി വിലയിരുത്തുന്നതിലും അറിവുകൾ രാജ്യങ്ങളിലേക്ക് പകർന്ന് നൽകുന്നതിലും സംഘടനയ്ക്ക് വീഴ്ചയുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. വേൾഡ് ഹെൽത്ത് അസംബ്ലിയാണ് സംഘടനയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളെടുക്കുന്ന എക്സിക്യൂട്ടിവ് ബോഡി. അംഗരാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരടങ്ങുന്ന സഭയാകട്ടെ വർഷത്തിൽ ഒരിക്കൽ മാത്രമേ സമ്മേളിക്കുകയുള്ളു. ദിവസേന എന്നോണം സുപ്രധാന തീരുമാനങ്ങളെടുക്കേണ്ടതായ മഹാമാരിക്കാലത്ത് തീരുമാനങ്ങൾക്കായി 193 അംഗങ്ങളടങ്ങിയ സഭയെ സമീപിക്കുന്നത് സംഘടനയുടെ ചടുലതയെ ബാധിച്ചു. സംഘടനയുടെ ഭരണപരമായ ചട്ടക്കൂടിൽ മാറ്റങ്ങൾ ആവശ്യമാണെന്നാണ് ഇത് നൽകുന്ന സൂചന. ചൈനയും യു.എസും തമ്മിലുള്ള പ്രശ്‌നങ്ങൾക്കിടയിൽ സംഘടന പെട്ടുപോയതും ഏറെ വിഷമതകൾക്ക് വഴിവെച്ചു.

എന്നാൽ പല രാജ്യങ്ങളിലും സർക്കാർ സംവിധാനങ്ങളെയും നിർദേശങ്ങളെയും വിശ്വാസത്തിലെടുക്കുന്നതിൽ ജനങ്ങൾ വിമുഖത കാണിച്ചു. കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളും, സയൻസ് വിരുദ്ധതയും ജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ച കാര്യവും കമ്മീഷൻ റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്.

രാജ്യങ്ങൾക്കകത്ത്

ഒരു മഹാമാരിയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് രാജ്യങ്ങളാണ്. ദേശീയ-പ്രാദേശിക സർക്കാരുകളുടെ നിർദേശങ്ങളും നടപടികളുമാണ് രോഗത്തെ പിടിച്ചുകെട്ടുന്നതിൽ പ്രത്യക്ഷമായ മാറ്റങ്ങളുണ്ടാക്കുന്നത്. ആവശ്യമായ പരിശോധന, ട്രാക്കിംഗ്, ക്വാറന്റീൻ എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ. ശക്തമായ പൊതു ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ മികവ് കാണിച്ചതായി റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. രോഗം പകരുന്നത് തടയുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ആരോഗ്യ സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരും വലിയ പങ്കു വഹിക്കുന്നു. സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങളോടൊപ്പം അവയോട് ചേർന്ന് നിൽക്കാനുള്ള ജനങ്ങളുടെ പൂർണ്ണ സന്നദ്ധതയും ആവശ്യമാണ്. സമൂഹനന്മയെ മുൻനിർത്തി സർക്കാർ നിർദേശങ്ങൾ അനിസരിക്കേണ്ട രീതിയിലേക്ക് ജനങ്ങളെ നയിക്കേണ്ടതുമുണ്ട്. എന്നാൽ പല രാജ്യങ്ങളിലും സർക്കാർ സംവിധാനങ്ങളെയും നിർദേശങ്ങളെയും വിശ്വാസത്തിലെടുക്കുന്നതിൽ ജനങ്ങൾ വിമുഖത കാണിച്ചു. കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളും, സയൻസ് വിരുദ്ധതയും ജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ച കാര്യവും കമ്മീഷൻ റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്.

2019 ലെ ഗ്ലോബൽ ഹെൽത്ത് സെക്യൂരിറ്റി ഇൻഡെക്സ് അനുസരിച്ച്, ആഗോള-പ്രാദേശിക തലങ്ങളിൽ പൊട്ടിപ്പുറപ്പെടുന്ന രോഗബാധയെ നേരിടുന്നതിന് ഒരുങ്ങി നിൽക്കുന്നതിൽ യു.എസും യു.കെയുമാണ് മുൻനിരയിൽ. യൂറോപ്പിലും വടക്കെ അമേരിക്കയിലുമുള്ള രാജ്യങ്ങൾക്ക് റിപ്പോർട്ട് അധിക മാർക്കുകൾ നൽകിയിരുന്നു. ചൈന, ന്യൂസീലന്റ് തുടങ്ങിയ പശ്ചിമ പസഫിക്ക് മേഖലയിലുള്ള രാജ്യങ്ങൾ ഏറെ പിന്നിലായിരുന്നു. എന്നാൽ കോവിഡ്-19 പടർന്നു പിടിച്ചപ്പോൾ പശ്ചിമ പസഫിക്ക് മേഖലയിലെ രാജ്യങ്ങൾ മാത്രമാണ് ഉണർന്നു പ്രവർത്തിക്കുകയും ഫലവത്തായ കാലാനുസൃത നടപടികൾ കൈക്കൊള്ളുകയും ചെയ്തത്. 2003-ൽ ഈ മേഖലയിൽ സാർസ് വൈറസ് പടർന്നു പിടിക്കുകയുണ്ടായി. സാർസിനെ നേരിടുന്നതിലുള്ള അനുഭവ പരിചയം മാസ്‌ക് ഉപയോഗത്തിന്റെ കാര്യത്തിലും മറ്റും വർധിച്ച ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ ഈ രാജ്യങ്ങളെ സഹായിച്ചു. സാർസിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ പശ്ചിമ പസഫിക്ക് മേഖല പ്രാബല്യത്തിലാക്കിയ രോഗ പ്രതിരോധ പദ്ധതി (Asia-Pacific Strategy for Emerging Diseases and Public Health Emergencies) ഈ മേഖലയിലെ രാജ്യങ്ങൾക്ക് ഏറെ ഉപകാരപ്രദമായി മാറി.

representational image | photo: pixabay

ഭാവിയിലേക്ക്

ഇന്നും പൂർണ്ണമായി അവസാനിച്ചിട്ടില്ലാത്ത കോവിഡ്-19 രോഗവ്യാപത്തിൽ നിന്ന് ലോകരാജ്യങ്ങളും അന്താരാഷ്ട്ര സംവിധാനങ്ങളും വിലയേറിയ പാഠങ്ങൾ പഠിച്ചു എന്ന അഭിപ്രായമാണ് റിപ്പോർട്ട് തയ്യാറാക്കിയ വിദഗ്ധ സംഘത്തിനുള്ളത്. വീണ്ടും ഇത്തരമൊരു സാഹചര്യമുണ്ടായാൽ ലോകം അതിനെ നേരിടുന്നതിനായി കൂടുതൽ ഒരുങ്ങിയിരിക്കേണ്ടതുണ്ട്. ഇതിനായി നിലവിലുള്ള സംവിധാനങ്ങളിൽ മാറ്റങ്ങളും അഴിച്ചു പണികളും ആവശ്യമാണ്. നിലവിൽ മഹാമാരികളെ നേരിടുന്നതിനായി ഐ എച്ച് ആർ ചട്ടങ്ങൾ ഉണ്ടെങ്കിലും അവയ്ക്ക് പോരായ്മകളുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട സഹകരണത്തിനായി പുതിയ അന്താരാഷ്ട പാൻഡെമിക്ക് എഗ്രിമെന്റ് ആവശ്യമാണെന്ന് റിപ്പോർട്ട് വാദിക്കുന്നു. അതോടൊപ്പം ലോകാരോഗ്യ സംഘടനയിൽ പുതിയൊരു ഹെൽത്ത് ബോർഡ് രൂപീകരിക്കണമെന്നും നിർദേശമുണ്ട്. ആരോഗ്യ മന്ത്രിമാർക്ക് പകരം ദേശീയ സർക്കാരുകളുടെ തലപ്പത്തുള്ളവർ ഉൾപ്പെടുന്ന ഈ ബോർഡിന് എളുപ്പത്തിൽ തീരുമാനമെടുക്കാനാവുമെന്നാണ് കരുതുന്നത്.

സാമ്പത്തികശേഷി കുറവുള്ള രാജ്യങ്ങളിൽ മഹാമാരിയെ നേരിടുന്നതിനുള്ള ഒരുക്കങ്ങൾക്കായി ജി-20 രാജ്യങ്ങൾ ഗവേഷണ, ഉൽപ്പാദന പ്രക്രിയകൾക്ക് സാമ്പത്തിക സഹായം നൽകണമെന്നും റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. അതിലെല്ലാമുപരിയായി ഓരോ രാജ്യങ്ങളും അവരവരുടെ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യണം. ആരോഗ്യ സംവിധാനങ്ങളുടെ നട്ടെല്ലായ ആരോഗ്യ പ്രവർത്തകർക്ക് നൈപുണ്യവും മാന്യമായ വേതനവും ഉറപ്പുവരുത്തണം. മഹാമാരിക്കാലത്തെ അടിയന്തര ആവശ്യങ്ങൾക്കായി ജനീവ ആസ്ഥാനമായി ഗ്ലോബൽ ഹെൽത്ത് ഫണ്ട് രൂപികരിക്കണമെന്നും പഠനം വിലയിരുത്തുന്നു. വരുമാനം കുറഞ്ഞ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, രോഗ നിർമാർജ്ജന പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ഈ ഫണ്ട്. വർഷാവർഷം, 60 ബില്യൺ ഡോളർ ഇതിൽനിന്ന് വിതരണം ചെയ്യണമെന്നും നിർദേശിക്കുന്നു. കോവിഡ്-19 വാക്സിൻ വേഗത്തിൽ വികസിപ്പിക്കാനായെങ്കിലും കണിശമായ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് അതിനെ അപ്രാപ്യമാക്കിയത് ഉൾപ്പെടെയുള്ള നീതിരാഹിത്യങ്ങളിലേക്കും വിരൽ ചൂണ്ടിയാണ് കമ്മീഷൻ റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.

Leave a comment