കര്‍ഷകര്‍ ഉഴുതുമറിച്ച മണ്ണിലെ ജനാധിപത്യത്തിന്‍റെ വിത്തുകള്‍
ഹനന്‍ മൊള്ള / കെ പി സേതുനാഥ്
പശ്ചിമ ബംഗാളില്‍ നിന്നുള്ള സിപിഎം ലോകസഭാംഗവും ഡിവൈഎഫ്‌ഐ-യുടെ അഖിലേന്ത്യ നേതാവുമായിരുന്ന കാലയളവിലാണ് ഹനന്‍ മൊളളയുമായുള്ള പരിചയം. ഡെല്‍ഹിയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ കാലത്തെ ബന്ധം. 1987-ല്‍ മൂന്നാം തവണയും അധികാരത്തിലെത്തിയതോടെ ബംഗാളില്‍ നിന്നുള്ള സിപിഎം നേതാക്കളില്‍ ചിലരിലെങ്കിലും പ്രകടമായ ഞാനെന്ന ഭാവം തീരെ ഇല്ലാത്ത വ്യക്തിയായിരുന്നു ഹനന്‍ മൊള്ള. തന്റെ രാഷ്ട്രീയ ദിശാബോധത്തിന്റെ ഉറപ്പും വ്യക്തതയും കൃത്യതയോടെ ചുരുക്കം വാക്കുകളില്‍ രേഖപ്പെടുത്തുന്ന സ്വഭാവത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷവും മാറ്റമൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹവുമായി കഴിഞ്ഞ ദിവസം സംസാരിച്ചപ്പോള്‍ വ്യക്തമായിരിന്നു. ഹൗറ ജില്ലയിലെ ഉലുബേരിയ മണ്ഡലത്തില്‍ നിന്നും 1980 മുതല്‍ 8-തവണ തുടര്‍ച്ചയായി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹനന്‍ മൊള്ള സിപിഎം-നും ഇടതുപക്ഷത്തിനും പശ്ചിമ ബംഗാളില്‍ അടിപതറിയ 2009-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ലോകസഭയിലും പിന്നീട് നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കനത്ത പരാജയം ഏറ്റുവാങ്ങി സിപിഎം ബംഗാളില്‍ ഏതാണ്ട് ഇല്ലാതാവുന്നതിന് മുമ്പു തന്നെ പാര്‍ട്ടിയുടെ കര്‍ഷക-കര്‍ഷക തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ച ഹനന്‍ മൊള്ള കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന കര്‍ഷക സമരത്തിന്റെ മുന്‍ നേതാക്കളില്‍ പ്രമുഖനായിരുന്നു. ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷക സമരത്തിന്റെ ചുക്കാന്‍ പിടിച്ച സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നയപരിപാടികള്‍ നടപ്പിലാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചവരില്‍ ഈ 75-കാരനും ഉള്‍പ്പെടുന്നു. അഖിലേന്ത്യ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ സംഘടനയുടെ വ്യക്തിത്വം ബലി കഴിക്കാതെ മറ്റുള്ള കര്‍ഷക സംഘടനകളുമായി സുദൃഢമായ ഐക്യം കെട്ടിപ്പടുക്കുന്നതിലും, ഭിന്നതകള്‍ രമ്യമായി പരിഹരിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്കിനെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട എല്ലാവരും ഒരുപോലെ അംഗീകരിക്കുന്നു. ഭേദഗതി വരുത്തിയ കാര്‍ഷിക ബില്ലുകള്‍ ഒറ്റ ദിവസത്തില്‍ പാസ്സാക്കിയ അതേ തിടുക്കത്തോടെ നിയമങ്ങള്‍ പിന്‍വലിക്കുന്ന ഭേദഗതിയും പാസ്സാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഹനന്‍ മൊള്ള തന്റെ വീക്ഷണങ്ങള്‍ പങ്ക് വയ്ക്കുന്നു.
കെ പി സേതുനാഥ് : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നുവെന്ന നിലയിലാണ് പൊതുവില്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. താങ്കളുടെ വീക്ഷണം എന്താണ്? അപ്രതീക്ഷിതമായിരുന്നോ ഈ തീരുമാനം. അങ്ങനെയാണെങ്കില്‍ എന്താണ് അതിനുള്ള കാരണം.
ഹനന്‍ മൊള്ള : അപ്രതീക്ഷിതമായിരുന്നു പ്രഖ്യാപനം എന്നു തീര്‍ത്തു പറയാനാവില്ല. ഒരു കാര്യവുമില്ലാതെ നാടകീയത സൃഷ്ടിക്കുകയെന്നത് നരേന്ദ്ര മോഡിയുടെ പതിവ് പരിപാടിയാണ്. ഇവിടെയും അതു തന്നെയാണ് നടന്നത്. മോഡിയുടെ മര്‍ക്കടമുഷ്ടിയാണ് പിന്‍വലിക്കല്‍ തീരുമാനം ഇത്രയും വൈകിയതിനുള്ള കാരണമെന്ന് കഴിഞ്ഞ ഒരു വര്‍ഷത്തെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ളവര്‍ക്ക് ബോധ്യമാവും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക മാത്രമാണ് പരിഹാരമെന്ന് ഞാനടക്കമുള്ള കര്‍ഷകരുടെ പ്രതിനിധികള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളില്‍ ഉറപ്പിച്ചു പറഞ്ഞ കാര്യമാണ്. തുടക്കം മുതല്‍ അവസാനം വരെ ഞങ്ങളുടെ നിലപാട് അതായിരുന്നു. സമരം പിന്‍വലിച്ചാല്‍ അത് പരിഗണിക്കാം എന്നുള്ള സൂചനകള്‍ അനൗദ്യോഗികമായും, അനൗപചാരികമായും ഞങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നിരുന്നു. ആരും ക്ഷണിച്ചിട്ടല്ല കര്‍ഷകര്‍ ഇവിടെ എത്തിയത്. അതുകൊണ്ടു തന്നെ ആരെങ്കിലും പറഞ്ഞാല്‍ എണീറ്റു പോകുന്ന പ്രശ്‌നമില്ലെന്നും ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഞങ്ങള്‍ തയ്യാറല്ലായിരുന്നു. 'കോഴി ഇരിക്കുന്നതല്ലാതെ മുട്ടയിടുന്നില്ല'' എന്ന് അവസാനവട്ട ചര്‍ച്ചക്കു ശേഷം ഞാന്‍ മാധ്യമങ്ങളോട് പറഞ്ഞത് സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിയെ വിശദീകരിക്കുവാനായിരുന്നു.
കെ പി സേതുനാഥ് : എന്താണ് സര്‍ക്കാര്‍ പിന്‍വലിയുന്നതിനുള്ള പ്രേരണയുടെ അടിസ്ഥാനം.
ഹനന്‍ മൊള്ള : ഉത്തര്‍ പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ തീരുമാനത്തിന്റെ അടിയന്തിര പ്രേരണയെന്ന കാര്യത്തില്‍ സംശയമില്ല. കാറ്റ് മാറി വീശുകയാണെന്ന വ്യക്തമായ സൂചനകള്‍ മോഡിക്ക് ലഭിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ നിയമം പിന്‍വലിച്ചതുകൊണ്ടു മാത്രം ബിജെപി തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്നു പറയാനാവില്ല. കേന്ദ്രത്തില്‍ മോഡിക്കും യുപിയിലെ യോഗിക്കും എതിരായ വലിയ ജനരോഷത്തെ കുറച്ചെങ്കിലും തണുപ്പിക്കാനുള്ള നീക്കമെന്ന നിലയിലാണ് ഈ പ്രഖ്യാപനത്തെ വിലയിരുത്താനാവുക. ചര്‍ച്ചകളൊന്നും അനുവദിക്കാതെ നിയമങ്ങള്‍ പാസ്സാക്കിയതും പിന്‍വലിച്ചതും ഇന്ത്യയുടെ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കുമെന്നു തോന്നുന്നു. പാര്‍ലമെന്റിനോടും അതിന്റെ പെരുമാറ്റ സംഹിതകളോടും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പുലര്‍ത്തുന്ന കടുത്ത അനാദരവിന്റെ ഉദാഹരണമാണ് ഈ നിയമനിര്‍മാണവും ഇപ്പോള്‍ അതിന്റെ പിന്‍വലിക്കലും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.
കെ പി സേതുനാഥ് : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യം തീര്‍ച്ചയായും വലിയ വിജയമാണ്. എന്നാല്‍ ഇന്ത്യയിലെ കാര്‍ഷിക മേഖല നേരിടുന്ന കാതലായ പല വിഷയങ്ങളും ഇപ്പോഴും ബാക്കി നില്‍ക്കുന്നു. അതിനെ പറ്റി എന്താണ് താങ്കളുടെ വിലയിരുത്തല്‍.
ഹനന്‍ മൊള്ള : ദേശീയതലത്തില്‍ അവഗണിക്കാന്‍ പറ്റാത്ത സംവാദമായി ഇന്ത്യന്‍ കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന അടിസ്ഥാന വിഷയങ്ങള്‍ മാറിയെന്നതാണ് കര്‍ഷകസമരത്തിന്റെ നേട്ടം. വലിയ രാഷ്ട്രീയമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംവാദങ്ങളായി അത് വീണ്ടും വികസിക്കുന്നതിനുള്ള സാധ്യതകള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. ഇപ്പോള്‍ നടന്ന കര്‍ഷക സമരം മാത്രമല്ല അതിന്റെ കാരണം. രാജസ്ഥാനിലും, മഹാരാഷ്ട്രയിലുമെല്ലാം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്ന സമരങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഡെല്‍ഹിയില്‍ അരങ്ങേറിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷകര്‍ മുംബെയിലേക്കു നടത്തിയ ചരിത്ര പ്രസിദ്ധമായ മാര്‍ച്ച് പോലുള്ള സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സമരവും. മിനിമം താങ്ങുവില ഏര്‍പ്പെടുത്തുന്നതിനുള്ള നിയമനിര്‍മാണം, സമരത്തില്‍ രക്തസാക്ഷികളായ 700ലധികം കര്‍ഷകരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം, കര്‍ഷകര്‍ക്കെതിരെയുളള കേസ്സുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഞങ്ങള്‍ ഇതിനകം മുന്നോട്ടു വച്ചു കഴിഞ്ഞു. നിയമങ്ങള്‍ ഔദ്യോഗികമായി പാര്‍ലമെന്റില്‍ പിന്‍വലിച്ചത് പോലെ മറ്റുള്ള ആവശ്യങ്ങളും സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരും.
കെ പി സേതുനാഥ് : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയതു മുതല്‍ പറഞ്ഞു കേള്‍ക്കുന്ന വിഷയമാണ് ഉത്തര്‍പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പ്. ഇക്കാര്യത്തില്‍ എന്താണ് താങ്കളുടെ വിലയിരുത്തല്‍.
ഹനന്‍ മൊള്ള : ഉത്തര്‍പ്രദേശില്‍ ബിജെപി തോല്‍ക്കുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകാതെ ഏകോപിപ്പിക്കുവാന്‍ കഴിയുകയെന്നതാണ് പ്രതിപക്ഷം നേരിടുന്ന പ്രധാന വെല്ലുവിളി. തെരഞ്ഞെടുപ്പിന് ഇനിയും രണ്ട് മാസം ബാക്കിയുണ്ട്. അപ്പോഴേക്കും ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷ.
കെ പി സേതുനാഥ് : ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുവാന്‍ സഹായിക്കുന്ന നിലപാടല്ല കോണ്‍ഗ്രസ്സ് ഉത്തര്‍പ്രദേശില്‍ സ്വീകരിക്കുന്നതെന്ന വിലയിരുത്തലിനെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം.
ഹനന്‍ മൊള്ള : ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തെ പരമാവധി സഹായിക്കുക മാത്രമാണ് കോണ്‍ഗ്രസ്സിന്റെ മുന്നിലുള്ള ഏക പോംവഴി. അത് തിരിച്ചറിയാനുള്ള വിവേകം അതിന്റെ നേതാക്കള്‍ പ്രകടിപ്പിക്കുമെന്നു പ്രത്യാശിക്കാം.