ജാതി മതിലുകള്‍ തകര്‍ക്കുന്ന കര്‍ഷക പോരാട്ടങ്ങള്‍
ലേഖനം വായിക്കുന്നതിനൊപ്പം കേള്‍ക്കാം
ഒരു വര്‍ഷത്തിലധികമായി നീണ്ടുനിന്ന കര്‍ഷകസമരത്തിന്‍റെ അടിയന്തിര പ്രേരണയായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കര്‍ഷക സംഘടനകള്‍ ഉയര്‍ത്തിയ മറ്റുള്ള ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. മിനിമം താങ്ങുവില ഭരണഘടനപരമായ അവകാശമാക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുക, കര്‍ഷകര്‍ക്കെതിരായ കേസ്സുകള്‍ പിന്‍വലിക്കുക, സമരവേദിയിലും, അല്ലാതെയും മരണമടഞ്ഞ 700 ലധികം കര്‍ഷകരുടെ അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ വെടിവെയ്പിന് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അരുണ്‍ കുമാര്‍ മിശ്രയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി കേസ്സ് എടുക്കുക തുടങ്ങിയവയായിരുന്നു സംയുക്ത കര്‍ഷക സഖ്യം ഉയര്‍ത്തിയ പ്രധാന ആവശ്യങ്ങള്‍. മിനിമം താങ്ങു വിലയുടെ കാര്യത്തില്‍ കര്‍കരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഉന്നത സമിതി രൂപീകരിക്കാമെന്നാണ് സര്‍ക്കാര്‍ സഖ്യത്തിന് ചൊവ്വാഴ്ച നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. കര്‍കരുടെ അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും, സമരം അവസാനിപ്പിക്കുന്ന മുറക്ക് കേസ്സുകള്‍ പിന്‍വലിക്കുമെന്നും സർക്കാർ ഉറപ്പ് നല്‍കുന്നു. വൈദ്യുതി നിയമ ഭേദഗതി ബില്ലിന്‍റെ കാര്യത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യുമെന്നും, ഡല്‍ഹിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട നിയമത്തിന്‍റെ കാര്യത്തില്‍ കര്‍ഷകദ്രോഹ വകുപ്പുകള്‍ ഒഴിവാക്കുമെന്നും പറയുന്നു. അഖിലേന്ത്യ കിസാന്‍ സഭ നേതാവും കര്‍ഷക സമരത്തിന്‍റെ സംഘാടകരില്‍ ഒരാളുമായ പി കൃഷ്ണപ്രസാദ് മലബാര്‍ ജേണലുമായി കര്‍ഷകസമരത്തിന്‍റെ വര്‍ത്തമാനവും, ഭാവിയും പങ്കു വെക്കുന്നു.
മിഖില്‍ ആര്‍ പി : കർഷക ബിൽ നടപ്പിൽ വരുത്താനുള്ള തീരുമാനം പിൻവലിച്ചത് തീർച്ചയായും മഹത്തരമായൊരു വിജയമാണ്. നിലവിലെ ഭരണകൂടത്തിന്‍റെ വർഗ്ഗ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഈ തീരുമാനം ഒരേസമയം ഗുണപരവും അങ്ങേയറ്റം ആശ്ചര്യകരവുമായി മാറുന്നുണ്ട്. പഞ്ചാബിലും യുപിയിലുമടക്കം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകൾക്കപ്പുറം ഈ തീരുമാനത്തിലേക്ക് മോദി സർക്കാരിനെ നയിച്ച ഘടകങ്ങൾ എന്തൊക്കെയാവാം ?
പി കൃഷ്ണപ്രസാദ് : ഏററവും പ്രധാനമായി കര്‍ഷക സമരം ഒരു പ്രശ്നാധിഷ്ഠിത പ്രക്ഷോഭം എന്ന നിലയില്‍ കര്‍ഷകരേയും കര്‍ഷക തൊഴിലാളികളെയും അവരുടെ സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായൊരു ഐക്യമുണ്ടാക്കുന്ന നിലയിലേക്ക് നയിച്ചു എന്നതാണ്. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമന്വയ് സമിതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ ഏകദേശം 540 ഓളം കര്‍ഷക സംഘടനകള്‍ ഭാഗമായി. കഴിഞ്ഞ 75 വര്‍ഷത്തെ ചരിത്രത്തില്‍ രാജ്യത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കര്‍ഷക ഐക്യമാണ് ദൃശ്യമായത്. ഈ ഐക്യം തന്നെയാണ് വന്‍തോതിലുള്ള സമര പങ്കാളിത്തത്തിലേക്ക് കര്‍ഷകരെ നയിച്ചത്. ഓരോ ദിവസവും സമരം കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിക്കുകയാണുണ്ടായത്. ഈ വിവരങ്ങള്‍ രഹസ്യാന്വേഷണ സംവിധാനങ്ങളിലൂടെയും മറ്റും ഗവണ്‍മെന്‍റിന്‍റെ പക്കലെത്തുന്നുണ്ട്. കര്‍ഷക സമരത്തിന് പൊതു പിന്തുണയേറുന്നുണ്ടെന്നും ഇത് ഗവണ്‍മെന്‍റിനെ ദുര്‍ബലപ്പെടുത്തുമെന്നും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ വിഷയം കര്‍ഷകരും തൊഴിലാളികളും തമ്മിലുണ്ടായ ഐക്യമാണ്. അതിന്‍റെ ഭാഗമായി നവംബര്‍ 11ന് തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതാക്കള്‍ പങ്കെടുക്കുകയുണ്ടായി. അവിടെ വെച്ചു ഫെബ്രുവരി മാസത്തില്‍ ദ്വിദിന അഖിലേന്ത്യാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. അതില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, താങ്ങുവിലയ്ക്ക് വേണ്ടിയുള്ള നിയമം കൊണ്ടുവരിക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും അന്ന് ഉന്നയിക്കപ്പെട്ടത്. കൂടാതെ നാഷണല്‍ മോണിടൈസേഷന്‍ പൈപ്പ് ലൈനിനെതിരെയും പൊതുമേഖല സ്വകാര്യവത്കരണതിനെതിരെയുമുള്ള മുദ്രാവാക്യങ്ങളും ഉയര്‍ന്നു വന്നു. ഇതെല്ലാം ബിജെപിയുടെയും വന്‍കിട മുതലാളിത്ത വര്‍ഗത്തിൻ്റെയും സാമ്പത്തിക പരിഷ്കരണത്തിൻ്റെ ഭാഗമായ അടിയന്തര അജണ്ടകളാണ്. ഇവയ്‌ക്കെതിരെ തൊഴിലാളി–കര്‍ഷക മുന്നണി രൂപപ്പെട്ടു വരുന്നതിൻ്റെയും പ്രത്യക്ഷ സമരത്തിലേക്ക് അവര്‍ പോകുന്നതിൻ്റെയും തിരിച്ചറിവും ഇത് അനുവദിച്ചു കൊടുത്താല്‍ അത് തങ്ങളെ രാഷ്ട്രീയമായി കൂടുതല്‍ ദുര്‍ബലപ്പെടുത്തും എന്ന ബോധ്യവുമാണ് ബിജെപിയെ കര്‍ഷക ബില്ലുകള്‍ പിന്‍വലിച്ചായാലും ഈ മുന്നേറ്റത്തെ തടയാന്‍ പ്രേരിപ്പിച്ചത്.
മൂന്നാമതായി അടുത്തിടെ ഇലക്ഷന്‍ നടന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്ക് സംഭവിച്ച തോല്‍വിയാണ് വന്‍ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ചിരുന്ന ഹിമാചല്‍ പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളില്‍ അവര്‍ പരാജയപ്പെടുന്ന സാഹചര്യമാണുണ്ടായത്. അതുപോലെ രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അവര്‍ മൂന്നാം സ്ഥാനത്തേക്കും നാലം സ്ഥാനത്തേക്കും പിന്തള്ളപ്പെടുന്നു. ഇത്തരമൊരു സാഹചര്യമാണ് അവരെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. അതുപോലെ യുപിയില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് എതിരായ ജനവികാരമുണ്ടാകുമെന്ന കണ്ടെത്തലുകളാണ് ആര്‍എസ്‌എസ് ഉള്‍പ്പെടെ നടത്തിയ സര്‍വ്വേകളില്‍ ഉണ്ടായിട്ടുള്ളത്. കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുക വഴി നിലവിലുണ്ടായിട്ടുള്ള സര്‍ക്കാര്‍ വിരുദ്ധ വികാരത്തെ മറികടക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകരെ പരിഗണിക്കാന്‍ അവര്‍ തയ്യാറായി എന്ന് പ്രചരിപ്പിക്കാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഇത് തികച്ചും അവസരവാദ നിലപാടാണെന്നത് ബോധ്യപ്പെടുത്തുന്നതാണ് റിപ്പീല്‍ ബില്ലിലെ സര്‍ക്കാര്‍ വാദങ്ങള്‍. കര്‍ഷക നിയമങ്ങളെല്ലാം കര്‍ഷകര്‍ക്ക് അനുകൂലവും നാടിന് ആവശ്യവുമാണ് എന്ന നിലപാടാണ് ഇപ്പൊഴും ബിജെപി സര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നത്. തെരഞ്ഞെടുപ്പില്‍ തോല്‍വി ഒഴിവാക്കുക എന്ന ലക്ഷ്യം മാത്രമാണു സര്‍ക്കാരിനുള്ളത്.
ഇപ്പോഴും ഒരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നത് മോദി ഗവൺമെന്റ് ഈ നിയമം യാതൊരു തിരുത്തലുകളുമില്ലാതെ പിൻവാതിലിൽ കൂടി നടപ്പിൽ വരുത്താൻ ശ്രമിക്കും എന്നാണ്. താങ്കൾ അങ്ങനെയൊരു സാഹചര്യം മുന്നിൽ കാണുന്നുണ്ടോ ?
കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതാണ് ഈ ബില്ലിലെ നിയമങ്ങളെല്ലാം. ഇന്ത്യയിലെ കാര്‍ഷിക വിപണി കോര്‍പ്പറേറ്റുവത്കരിക്കുക എന്നതാണ് ഒന്നാമത്തെ നിയമം, കാര്‍ഷിക ഭൂമി കരാര്‍ കൃഷിയിലൂടെ കമ്പനിവത്കരിക്കുക എന്നതാണു രണ്ടാമത്തെ നിയമം. മൂന്നാമത്തേത് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പ്രത്യേകിച്ച് ഉള്ളി, ഉരുളക്കിഴങ്ങ്, ഭക്ഷ്യ എണ്ണ, ധാന്യ വര്‍ഗങ്ങള്‍ എന്നിങ്ങനെയുള്ള ആവശ്യ വസ്തുക്കള്‍ കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയിലേക്കൊതുക്കാനും ഇവ എത്ര വേണമെങ്കിലും കുന്നുകൂട്ടാനുമായി കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശ ചെയ്യുന്നതുമാണ്. ഈ കോര്‍പ്പറേറ്റ് അനുകൂല നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുന്നു എന്നത് വലിയ തിരിച്ചടിയാണ് കോര്‍പ്പറേറ്റുകള്‍ക്ക് ഉണ്ടാക്കുക. അതുകൊണ്ട് തന്നെ ഈ സമരം ഇനിയും തുടരും. പലവിധത്തിലുള്ള തങ്ങളുടെ സാധ്യത ഉപയോഗിച്ച് കൊണ്ട് ഈ നിയമങ്ങള്‍ പിന്‍വാതിലിലൂടെ നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സംസ്ഥാനങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടോ അല്ലെങ്കില്‍ നിയമങ്ങളില്ലാതെ തന്നെ വിപണി ശക്തികളുടെ സഹായത്തോടെയോ ഇവ നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കാന്‍ പോവുന്നത്. അതിനെതിരെ വളരെ ജാഗ്രതയോടെ മുന്നോട്ടു പോകാന്‍ സാധിക്കണം. ഈ നിയമം പിന്‍വലിക്കപ്പെട്ടത് കൊണ്ട് മാത്രം കാര്യമില്ല മറിച്ച് പകരം സംവിധാനമുണ്ടാകണം. കൃഷിയുടെ കോര്‍പ്പറേറ്റുവത്കരണത്തിന് പകരം കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പാദനം കൂട്ടാനും തങ്ങളുടെ ഉല്‍പ്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി അവയ്ക്കു വിപണി കണ്ടെത്തുന്നതിനുമുള്ള മാര്‍ഗ്ഗങ്ങളാണ് വേണ്ടത്.
കർഷക ബില്ലിന്‍റെ പിൻവലിക്കൽ രാജ്യത്തെ കാർഷിക പ്രതിസന്ധികളെ ഭാഗികമായി മാത്രമേ അഭിസംബോധന ചെയ്യുന്നുള്ളു. താങ്ങുവിലയെ സംബന്ധിച്ച പ്രശ്നങ്ങൾ, ഹരിത വിപ്ലവം അരങ്ങേറിയ പ്രദേശങ്ങളിലെ പരിസ്ഥിതി വിഷയങ്ങൾ, ഭൂപരിഷ്കരണം പോലുള്ളവ കാർഷിക മേഖല നേരിടുന്ന ചില പ്രധാന വെല്ലുവിളികൾ ആണ്. ഇതിനെ പറ്റി താങ്കളുടെ കാഴ്ചപാട് എങ്ങനെയാണ് ?
കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുന്നത് കൊണ്ട് മാത്രം കാര്‍ഷിക പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടാന്‍ പോവുന്നില്ല. ഒന്നാമതായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തണം, അതിനുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്തണം. അതിനര്‍ത്ഥം എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങളും താങ്ങുവില നിശ്ചയിച്ച് സര്‍ക്കാര്‍ വാങ്ങുക എന്നതല്ല. കാര്‍ഷികോല്‍പ്പന്നങ്ങള്‍ പൊതു-സ്വകാര്യ-സഹകരണ മേഖലകളിലെ കാര്‍ഷിക വ്യവസായികളും വന്‍കിട വ്യാപരികളുമെല്ലാം വാങ്ങുന്നുണ്ട്, ആരാണോ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് അവര്‍ മിനിമം വിലയ്ക്ക് കീഴെ വില കൊടുത്ത് ഉല്‍പ്പന്നങ്ങള്‍ വാങ്ങരുത് എന്ന നിയമമാണ് നിര്‍മ്മിക്കേണ്ടത്. എന്നാല്‍ അതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടുകയില്ല. കമ്പനികള്‍ വന്‍ തോതില്‍ ലാഭമുണ്ടാക്കുന്നത് ഈ ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി വന്‍വിലയ്ക്ക് വിറ്റാണ്. ഈ ലാഭത്തിന്‍റെ ഒരു വിഹിതം കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും കൂടി ലഭിക്കുന്ന വിധത്തിലുള്ള നിയമ നിര്‍മ്മാണവും ആവശ്യമാണ്. അതോടൊപ്പം കാര്‍ഷിക വ്യവസായങ്ങള്‍ കര്‍ഷകര്‍ തന്നെ മുന്‍കയ്യെടുത്ത് അവരുടെ നേതൃത്വത്തില്‍ ആരംഭിക്കാനും അങ്ങനെ കാര്‍ഷിക മേഖലയിലെ കുത്തകകളെ ഒഴിവാക്കുക എന്ന ആശയം കൂടി നമ്മള്‍ ചര്‍ച്ച ചെയ്യുകയും ഇത് കര്‍ഷകരുടെ ഒരു പൊതുബോധമാക്കി മാറ്റുകയും ചെയ്യേണ്ടതുണ്ട്.
പഞ്ചാബുള്‍പ്പടെ ഹരിത വിപ്ലവം നടന്ന പ്രദേശങ്ങളിലെ പരിസ്ഥിതി വിഷയങ്ങള്‍ വളരെ ഗൌരവമുള്ളതാണ്. അതില്‍ ഏറ്റവും പ്രധാനം ജലദൗര്‍ലഭ്യമാണ്. അവിടെ എത്രയോ ദശകങ്ങളായി ഏറ്റവും കൂടുതല്‍ വെള്ളം ആവശ്യമുള്ള നെല്ലും ഗോതമ്പും പോലെയുള്ള വിളകളാണ് കൃഷി ചെയ്യുന്നത്. അത് മൂലം നേരത്തെ അഞ്ചോ പത്തോ അടി കുഴിച്ചാല്‍ വെള്ളം കിട്ടുന്നയിടത്ത് നൂറോ നൂറ്റമ്പതോ അടി കുഴിച്ചാലും വെള്ളം കിട്ടാത്ത വിധത്തില്‍ ഭൂഗര്‍ഭജല നിരപ്പ് താഴ്ന്ന് പോയിട്ടുണ്ട്. അതുപോലെ ഒറ്റവിള കൃഷി മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ ജലസംരക്ഷണത്തിനും, ബഹു കൃഷി രീതിയിലേക്ക് പോകുന്നതിനും വേണ്ടിയുള്ള ശാസ്ത്രീയമായ രീതികളെ അവലംബിക്കേണ്ടതുണ്ട്. അങ്ങനെ വന്‍കിട കാര്‍ഷിക ഉല്‍പ്പാദനം നിലനിര്‍ത്തുമ്പോള്‍ തന്നെ കൃഷിയുടെ വൈവിധ്യം നിലനിര്‍ത്താനും പരിസ്ഥിതിയെ സംരക്ഷിക്കാനും കഴിയുന്ന വിധത്തിലേക്കുള്ള സമഗ്രമായ കാര്‍ഷിക സമീപനം നമ്മള്‍ സ്വീകരിക്കണം.
ഭൂപരിഷ്കരണത്തെ സംബന്ധിച്ച് 2011 ലെ സ്റ്റാറ്റസ് പ്രകാരം ഏതാണ്ട് 4.9% ഭൂവുടമകളുടെ കയ്യില്‍ 32% കൃഷി ഭൂമി കേന്ദ്രീകരിച്ചിരിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ കൃഷിഭൂമി കര്‍ഷകന് കൊടുത്തുകൊണ്ട് ഭൂകേന്ദ്രീകരണവും അതുപോലെ ഭൂപ്രഭുത്വവും അവസാനിപ്പിക്കുകയെന്നത് വളരെ പ്രാധാനപ്പെട്ട ഒരുത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിട്ടില്ല എന്നുള്ളതാണ് ഇന്ത്യയിലിന്ന് മുതലാളിത്ത വളര്‍ച്ച പോലും ഗുരുതരമായ പ്രതിസന്ധിയിലാകുന്നതിന് കാരണമായിട്ടുള്ളത്. വ്യവസായ വളര്‍ച്ചയുടെ ഭാഗമായി നമുക്ക് ആഭ്യന്തര വിപണി വികസിപ്പിക്കണമെങ്കില്‍ പോലും ഈ ഭൂപരിഷ്കരണം നടപ്പിലാക്കേണ്ടതുണ്ട്. ഭൂപരിഷ്കരണം നടപ്പിലാക്കാന്‍ ഒരിയ്ക്കലും മുന്‍ കയ്യെടുക്കാത്തൊരു പാര്‍ട്ടിയാണ് ബിജെപി. അവര്‍ എല്ലാ കാലത്തും ഭൂപരിഷ്കരണത്തിന് എതിരായിരുന്നു, കര്‍ഷകര്‍ക്കെതിരായിരുന്നു. അതുകൊണ്ട് തന്നെ കര്‍ഷക വിരുദ്ധമായിട്ടുള്ള ബിജെപി നയങ്ങളെ തുറന്നു കാണിച്ചു കൊണ്ട് പരിസ്ഥിതി പ്രശ്നവും ഭൂപരിഷ്കരണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തുടര്‍ന്നും ഏറ്റെടുത്ത് ഈ സമരം ഒരു വലിയ ബഹുജന മുന്നേറ്റമായി വളര്‍ത്തിയെടുക്കുകയാണ് നമ്മളിനി വേണ്ടത്.
ഉത്തരേന്ത്യയിലെ ജാതി സമവാക്യങ്ങളിൽ മാറ്റം വരുത്താൻ കർഷക സമരത്തിന് സാധിച്ചിട്ടുണ്ട് എന്ന് താങ്കൾ മുന്നേ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യ പോലെ ജാതി എല്ലാ കാലത്തും മുഖ്യ വിഷയമായിട്ടുള്ളിടത്ത് ജാതി താല്പര്യങ്ങൾക്ക് ഉപരിയായി വർഗ്ഗ താല്പര്യത്തിലേക്ക് ഈ സമരം കർഷകരെ നയിക്കുമെന്ന് വിശ്വസിക്കാൻ താങ്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ് ?
ഇന്ത്യയിലെ 75 വര്‍ഷത്തെ മുതലാളിത്ത വളര്‍ച്ച, അതില്‍ തന്നെ കഴിഞ്ഞ 30 വര്‍ഷക്കാലം ഉദാരവല്‍ക്കരണ നയം നടപ്പിലാക്കിയ ശേഷം കാര്‍ഷിക മേഖലയില്‍ മുതലാളിത്ത മൂലധനത്തിൻ്റെതായിട്ടുള്ള ഇടപെടലും, മൂലധനത്തിൻ്റെതായിട്ടുള്ള താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മുതലാളിത്ത ശക്തികളെ വികസിപ്പിച്ചെടുക്കലും നടന്നിട്ടുണ്ട്. ഇതിനെതിരെ ജാതിയുടെ സ്വാധീനത്തെ മറികടക്കുന്ന വിധത്തില്‍, വര്‍ഗ്ഗപരമായിട്ടുള്ള വിഷയങ്ങള്‍ വര്‍ഗ്ഗമുദ്രാവാക്യങ്ങള്‍ ശക്തിപ്പെട്ടു വരുന്നുണ്ട്. ഉദാഹരണത്തിന് ഉത്തരേന്ത്യയില്‍ നെല്ലിന് താങ്ങുവില ഇല്ലാതാവുമ്പോള്‍ എല്ലാ ജാതിയിലുള്‍പ്പെട്ട നെല്‍കൃഷിക്കാരാണ് പ്രതിസന്ധിയിലാവുന്നത്. അതുപോലെ ഭൂമി നഷ്ടപ്പെട്ട് കന്നുകാലികള്‍ നഷ്ടപ്പെട്ട് കൃഷിയുപേക്ഷിച്ച് കുടിയേറ്റ തൊഴിലാളികളായി മാറേണ്ടി വരുന്നതിലും എല്ലാ ജാതിയിലും പെട്ട ആളുകളുണ്ട്. പെട്രോളിന്റെ വില വര്‍ദ്ധിക്കുമ്പോഴും ജാതി മത വ്യത്യാസമില്ലാതെ എല്ലാത്തരം ആളുകളെയും അത് ബാധിക്കുന്നുണ്ട്. അടിസ്ഥാന ജീവിത പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ സമരം അത്തരം പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില, കൃഷിഭൂമിയുടെ സംരക്ഷണം, കര്‍ഷക തൊഴിലാളികളുടെ കൂലി, കര്‍ഷക തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം. ഇങ്ങനെയുള്ള വര്‍ഗ്ഗപരമായ വിഷയങ്ങള്‍ മുന്നോട്ട് വെച്ചു കൊണ്ട് നമുക്ക് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും എന്നുള്ളതാണ് ഈ സമരം എല്ലാ ജാതിയിലും പെട്ട കര്‍ഷകരെ ബോധ്യപ്പെടുത്തി കൊടുക്കുന്നത്. ജാതി മതം എന്നതിനേക്കാള്‍ പ്രധാനം, വര്‍ഗ്ഗപരമായിട്ടുള്ള ഈ ആവശ്യങ്ങളാണ് എന്നു കര്‍ഷകര്‍ക്ക് ബോധ്യപ്പെടുന്നതിലൂടെ രാഷ്ട്രീയം പോലും ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിട്ടുള്ള ഒരു സാഹചര്യത്തെ മുറിച്ച് കടക്കാന്‍ തീര്‍ച്ചയായും നമ്മളെ സഹായിക്കും എന്നാണ് കര്‍ഷക സമരത്തിന് കിട്ടിയ ഈ വിപുലമായ പിന്തുണ ഉറപ്പ് വരുത്തുന്നുണ്ട് . ഉദാഹരണത്തിന് നമ്മുടെ രാജ്യത്തു നടന്ന കര്‍ഷക പഞ്ചായത്തുകളെല്ലാം ജാതിയടിസ്ഥാനത്തിലാണ് നടക്കാറുള്ളത്. ഖാപ്പുകളുടെ നേതൃത്വത്തില്‍. യാദവരുടെ , ബ്രാഹ്മണരുടെ അല്ലെങ്കില്‍ ദളിതരുടെ നേതൃത്വത്തിലുള്ള പഞ്ചായത്തുകള്‍. എന്നാല്‍ ഇപ്പോള്‍ കര്‍ഷക പഞ്ചായത്തുകളില്‍ ദളിതരും ബ്രാഹ്മണരും ഒരുമിച്ചിരിക്കുകയാണ്. അതുപോലെ തന്നെ ജാതിയുടെ സ്വാധീനം കൊണ്ട് സ്ത്രീകള്‍ പ്രത്യേകമായി നേരിടുന്ന അടിച്ചമര്‍ത്തലുകളെ മറികടന്നു കൊണ്ട് അവര്‍ സമരത്തിൻ്റെ നേതൃത്വത്തിലേക്ക് വരികയാണ്. പലയിടങ്ങളിലും സ്ത്രീകളാണ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതും പ്രസംഗിക്കുന്നതും കമ്മിറ്റികളില്‍ അഭിപ്രായം പറയുന്നതുമെല്ലാം. ആ രീതിയില്‍ സ്ത്രീകളുടെ വലിയ രീതിയിലുള്ള ശാക്തീകരണം ഈ സമരത്തിലൂടെ നടന്നിട്ടുണ്ട്. ഇതെല്ലാം ജാതിയുടെ അല്ലെങ്കില്‍ മതത്തിൻ്റെയും ഭാഗമായി രൂപപ്പെട്ട പല സാമൂഹിക കാഴ്ചപ്പാടുകളെയും തിരുത്തിക്കാന്‍ സഹായിക്കുമെന്നത് തീർച്ചയാണ്.
ഇന്ത്യയിലെ കർഷക പ്രസ്ഥാനം നിരവധി സംഘടനകളായി ചിതറിക്കിടക്കുകയാണല്ലോ. അഖിലേന്ത്യ കിസാൻ സഭ രാജ്യത്തെ കർഷക സംഘടനകളെ ഏകോപിപ്പിക്കാനും ഒരു പൊതുവേദിയിൽ അണിനിരത്താനും നിരന്തരം പരിശ്രമിച്ചിട്ടുണ്ട്. ഈ ശ്രമങ്ങൾ ഇന്ത്യയിലെ വർഗ്ഗ രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പുകളിലും സംഘടനപരമായും എത്രത്തോളം ഗുണകരമാവുമെന്നാണ് താങ്കൾ കരുതുന്നത് ?
ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 ല്‍ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ ‘ഭൂമി അധികാര്‍ ആന്ദോളന്‍’ എന്ന പൊതുവേദി രൂപീകരിച്ചത്. എല്ലാ ഇടതുപക്ഷ കര്‍ഷകസംഘടനകളും ഒരുമിച്ച് ചേര്‍ന്നുകൊണ്ടാണ് ആ വേദി രൂപപ്പെട്ടത്. അതിനു ശേഷം മന്‍സൂരിലെ വെടിവെപ്പിനെ തുടർന്ന് എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളണം, എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും താങ്ങുവില നിശ്ചയിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമന്വയ് സമിതി ഉണ്ടായത്. ഈ ആവശ്യങ്ങളും ഇപ്പോള്‍ മൂന്ന് കര്‍ഷക നിയമങ്ങള്‍ കൊണ്ട് വന്നപ്പോള്‍ അതും പിന്‍വലിക്കണം എന്നും ആവശ്യമുന്നയിച്ചു കൊണ്ടാണ് സംയുക്ത കിസാന്‍ മോര്‍ച്ച രൂപപ്പെട്ടുവന്നത്. ഇതിനെല്ലാം അഖിലേന്ത്യാ കിസാന്‍ സഭയുടെ വലിയൊരു പങ്ക് കാണാന്‍ കഴിയും. ഇതോടൊപ്പം മുംബൈയിലെ നിയമസഭയിലേക്ക് നടത്തിയ മഹാരാഷ്ട്ര കര്‍ഷക ലോങ്ങ് മാര്‍ച്ച്, അതുപോലെ രാത്രിയും പകലും പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത് വിജയിപ്പിച്ച സിക്കറില്‍ നടന്ന ദിനരാത്ര സമരം, അങ്ങനെ സ്വതന്ത്രമായ സമരങ്ങള്‍ നമ്മള്‍ നടത്തി. ഇങ്ങനെ കര്‍ഷകരെ ഒരുമിപ്പിച്ച് കാര്‍ഷിക മേഖലയില്‍ വലിയൊരു രൂപീകരിക്കാന്‍ സാധിച്ചു.
ഇങ്ങനെ ഒരു ഐക്യമുന്നണി രൂപീകരിക്കുന്നതിലെ സംഘടനപരമായ ഗുണം, ഒരുപക്ഷേ ഈ സമരങ്ങളെല്ലാം കിസാന്‍ സഭയോ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക സംഘടനകളോ വ്യക്തികളോ നടത്തിയ സമരങ്ങളായി മാധ്യമങ്ങള്‍ കാണിക്കുമ്പോള്‍ കര്‍ഷക നിയമത്തിനെതിരെയായ സമരം ഏതെങ്കിലും പ്രത്യേക സംഘടനയോ വ്യക്തിയോ അല്ലാതെ സംയുക്ത മുന്നണിയായി നടത്തിയ സമരമാണ്. ഒരു ഫാസിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരിനെതിരെ സമരം ചെയ്യുമ്പോള്‍ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കിയും ജയിലിലിട്ടും സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും, ഈ കാഴ്ച പൗരത്വ ബില്ലിനെതിരായ സമരത്തിലും നമ്മള്‍ കണ്ടതാണ്. ഈയൊരു സാഹചര്യത്തെയാണ് കര്‍ഷക സംഘടനകളുടെ ഐക്യത്തിലൂടെ മറികടന്നത്. സമരത്തെ വലിയ രീതിയില്‍ കായികമായി നേരിടുന്നത് ബിജെപി സര്‍ക്കാരിന് വലിയ പരിക്ക് ഉണ്ടാക്കും എന്നു അവര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു. സമരം ചെയ്യുന്നവരെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ച ബിജെപിയും ബിജെപി സര്‍ക്കാരും സ്വയം ഒറ്റപ്പെടുകയാണുണ്ടായത്. സംഘടനാപരമായി ഈ ഐക്യമുന്നണി രൂപീകരണം എ.ഐ.കെ.എസ്സിനെ സംബന്ധിച്ച് പുതിയ ഉണര്‍വുകള്‍ നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയമായി നോക്കിയാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കര്‍ഷകരുടെ പ്രശ്നം അവഗണിക്കാന്‍ കഴിയില്ല, കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിച്ചല്ലാതെ ഒരു ഗവണ്‍മെന്റിനും അധികാരത്തില്‍ തുടരാന്‍ കഴിയില്ല എന്ന നിലയിലേക്ക് രാജ്യവ്യാപകമായി കര്‍ഷക പ്രശ്നങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാനും കര്‍ഷകരുടെ വിപുലമായ ഐക്യമുണ്ടാക്കിയെടുക്കാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. ബിജെപിക്ക് തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിരിച്ചടി അതിന്റെ തെളിവാണ്. ഇനിയുള്ള വര്‍ഷങ്ങളിലും ദേശീയ രാഷ്ട്രീയത്തില്‍ ബദല്‍ ഉയര്‍ന്നുവരിക കര്‍ഷകരുടേയും തൊഴിലാളികളുടെയും ഐക്യത്തിലൂടെയുള്ള സമരങ്ങളുടെ രൂപത്തിലായിരിക്കും എന്നതാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഈ രണ്ടു മാറ്റങ്ങളും സംഘടനപരമായും രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പുകളിലും വലിയ സ്വധീനം ചെലുത്തുമെന്നത് തീര്‍ച്ചയാണ്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറത്തുള്ള സമരത്തിൻ്റെ ഭാവി രാഷ്ട്രീയ സാധ്യത താങ്കൾ എങ്ങനെയാണ് വിശകലനം ചെയ്യുന്നത് ? ഇത് പുതിയ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കുമോ ? അങ്ങനെയെങ്കിൽ അതിൻ്റെ കേന്ദ്രങ്ങൾ എവിടെയൊക്കെയാവും? അതിന് ഇന്ത്യയെ മൊത്തമായും ഉത്തരേന്ത്യയെ സവിശേഷമായും അഭിസംബോധന ചെയ്യാൻ കഴിയുമോ?
ഈ കര്‍ഷക സമരത്തെ തിരഞ്ഞെടുപ്പേതര രാഷ്ട്രീയം എന്ന നിലയില്‍ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പേതര സമരം എന്ന നിലയില്‍ ഇന്ത്യയിലെ ദേശീയ രാഷ്ട്രീയത്തെ വലിയ രൂപത്തില്‍ സ്വാധീനിക്കാന്‍ ഈ കാര്‍ഷിക പ്രശ്നം മുന്‍നിര്‍ത്തിക്കൊണ്ടുള്ള സമരത്തിന് സാധിച്ചിട്ടുണ്ട്. സിപിഐ(എം)ന്‍റെ പാര്‍ട്ടി പരിപാടി ഊന്നല്‍ കൊടുക്കുന്നത്, കാര്ഷിക പ്രശ്നത്തെ അഭിമുഖീകരിക്കുക എന്നുള്ളതിനാണ്. രാജ്യം സ്വാതന്ത്രം നേടിയ സമയത്ത് ഭൂപ്രഭുത്വത്തെ അവസാനിപ്പിക്കുന്നതിന് പകരം അതിനോടു സന്ധി ചേരാനാണ് വന്‍കിട മുതലാളിത്ത വര്‍ഗ്ഗം തയ്യാറായത്. ഇന്ത്യയിലെ കാര്ഷിക പ്രശ്നത്തിന്റെ അടിസ്ഥാനം തന്നെ ഈ ഭൂപ്രഭുത്വവുമായിട്ടുള്ള മുതലാളിത്തത്തിന്റെ സന്ധിയാണ്. അതാണ് ഇന്ത്യയൊരു ആധുനിക വ്യവസായവല്‍കൃത സമൂഹമായി വികസിപ്പിക്കപ്പെടുന്നതില്‍ തടസ്സം നില്‍ക്കുന്നതും. തൊഴിലുകളുടെ വികസനം, ആഭ്യന്തര വിപണിയുടെ വളര്‍ച്ച, വ്യവസായവല്‍ക്കരണം ഒക്കെ ഈ കാര്‍ഷിക പ്രശ്നവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. ഈ പ്രശ്നത്തെ അഭിമുഖീകരിക്കാന്‍ കര്‍ഷക പ്രക്ഷോഭത്തിന് കഴിയുന്നു എന്നതാണു ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം.
രണ്ടാമതായി കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് കാർഷിക പ്രശ്നങ്ങള്‍ മുന്നോട്ട് വെക്കുന്നതിന് പുറമെ കര്‍ഷകരും തൊഴിലാളികളും തമ്മിലുള്ള ഐക്യത്തെ വികസിപ്പിച്ചെടുക്കുന്നതിനും സാധിച്ചു എന്നതാണ്. ഇതോടു കൂടി ഇന്ത്യയിലെ രണ്ട് പ്രധാനപ്പെട്ട ഉല്‍പ്പാദക വര്‍ഗ്ഗങ്ങള്‍, അവര്‍ ഏതാണ്ട് 80-85 ശതമാനത്തോളം ആളുകള്‍ വരുന്ന ഒരു ഐക്യമുന്നണി നയിച്ച സമരം ഇന്ത്യയുടെ ഭാവിയെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന വിധത്തിലേക്ക് വളര്‍ന്ന് വന്നിരിക്കുന്നു. തൊഴിലാളികളുടെ/തൊഴിലാളി സംഘടനകളുടെ ഒരു കൂട്ടായ്മ രാജ്യത്തു കഴിഞ്ഞ 30 വര്‍ഷമായി രാജ്യത്തു നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കാര്‍ഷികര്‍ക്കിടയില്‍ അങ്ങനെയൊരു കൂട്ടായ്മ നിലവിലില്ല. ഓള്‍ ഇന്ത്യ കിസാന്‍ സമന്വയ് സമിതിയുടെയും സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ആവിര്‍ഭാവത്തോടു കൂടി തൊഴിലാളി യൂണിയനുകള്‍ക്ക് സമാന്തരമായി കര്‍ഷക സംഘടനകളുടെ ഒരു മുന്നണി രൂപപ്പെട്ടുവന്നിരിക്കുന്നു. തൊഴിലാളി – കര്‍ഷക മുന്നണി കൂട്ടായ മുദ്രാവാക്യങ്ങളെറ്റെടുത്തുകൊണ്ട് കൂട്ടായ സമരത്തിന് തയ്യാറാവുന്നു. 2022 ഫെബ്രുവരി 23,24 തീയതികളില്‍ നടക്കാന്‍ പോകുന്ന അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ നല്കുമെന്ന് കര്‍ഷക മുന്നണി പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യത്തെ വര്‍ത്തമാനരാഷ്ട്രീയത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുറത്തുള്ള സമരങ്ങളുടെ രാഷ്ട്രീയം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോവുകയാണ്. തൊഴിലാളികളുടെയും കര്‍ഷകരുടെയും ആവശ്യങ്ങളെ അവഗണിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയില്ല എന്ന സാഹചര്യമുണ്ടാകും. ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ നേതൃത്വത്തില്‍ ഒരു കോര്‍പ്പറേറ്റ് വിരുദ്ധ ബഹുജന മുന്നണി വികസിച്ചു വരും. ഇതിൻ്റെ ഏറ്റവും പ്രധാന കേന്ദ്രമായി ഉത്തരേന്ത്യ തന്നെ മാറുകയാണ്. ഉത്തരേന്ത്യയില്‍ ഏറ്റവും കാർഷിക പ്രതിസന്ധി നിലനില്‍ക്കുന്ന പ്രദേശങ്ങളിലല്ല ഈ പ്രക്ഷോഭങ്ങള്‍ ഇപ്പോള്‍ രൂപപ്പെട്ടു വന്നിട്ടുള്ളത്. പക്ഷേ പ്രക്ഷോഭങ്ങള്‍ അവിടേയ്ക്ക് പടര്‍ന്ന് പിടിക്കുകയാണ് ചെയ്തത്. അങ്ങനെ ഉത്തരേന്ത്യ കേന്ദ്രീകരിച്ചു കൊണ്ട് ഇന്ത്യയില്‍ ആകമാനം മുതലാളിത്ത വളര്‍ച്ച കൃഷിയില്‍ ശക്തിപ്പെട്ടിട്ടുള്ള എല്ലായിടങ്ങളിലും അതിനു സമാന്തരമായി തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തിലുള്ള ചെറുത്ത് നില്‍പ്പ് സമരങ്ങളും ശക്തിപ്പെടാന്‍ പോവുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പത്തോ ഇരുപതോ വര്‍ഷത്തില്‍ വലിയ മാറ്റങ്ങൾ ഉണ്ടാവാന്‍ പോവുന്നതെന്നതിൻ്റെ സൂചനകള്‍ കര്‍ഷക പ്രക്ഷോഭം നല്‍കിക്കഴിഞ്ഞിട്ടുണ്ട്.
ഈ സമരത്തിന് മുൻപ് നേരത്തെ വയനാട്ടിലെ ഗുരുതരമായ കാർഷിക പ്രശ്നവുമായി ബന്ധപ്പെട്ട സമരാനുഭവവും അതിനെ തുടർന്ന് കർഷകരുടേതായ ഒരു സൊസൈറ്റി രൂപീകരിച്ചുള്ള പ്രവർത്തന അനുഭവവും താങ്കൾക്ക് ഉണ്ട്. ഈ സമരം അത്തരത്തിൽ കാർഷിക പ്രശ്ന പരിഹാരത്തിനായി എന്തെങ്കിലും സമഗ്രമായ ബദൽ മുന്നോട്ട് വെക്കുന്നുണ്ടോ?
വയനാട്ടിലെ കാപ്പികൃഷി പ്രതിസന്ധി എന്ന് പറയുന്നതു 1999 നും 2007 നും ഇടയിലുണ്ടായ ഗുരുതരമായ സാഹചര്യമായിരുന്നു. 1999ല്‍ വാജ്പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കൂടുതല്‍ ശക്തമായി ഉദാരവല്‍ക്കരണ നയങ്ങളും ഫ്രീ ട്രേഡ് കരാറുകളും നടപ്പിലാക്കുകയാണ് ചെയ്തത്. നരസിംഹ റാവു സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞതിനെക്കാള്‍ കൂടുതല്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിയത് ഒന്നാം വാജ്പേയി സര്‍ക്കാരായിരുന്നു. ആ സാഹചര്യത്തിലാണ് കാപ്പികൃഷി പ്രതിസന്ധി രൂപപ്പെട്ടു വന്നത്. അന്ന് വിദര്‍ഭയില്‍ ഉണ്ടായിരുന്നത് പോലെ അല്ലെങ്കില്‍ അതിനെക്കാള്‍ രൂക്ഷമായ ആത്മഹത്യകളാണ് വയനാട് ജില്ലയില്‍ ഉണ്ടായത്. 8 ലക്ഷം ജനങ്ങള്‍ മാത്രം താമസിക്കുന്ന വയനാട് ജില്ലയില്‍ ഏതാണ്ട് 3000ത്തിലേറെ കര്‍ഷകരുടെ ആത്മഹത്യ ആ കുറഞ്ഞ കാലയളവിലുണ്ടായി. അവിടെ ഉയര്‍ന്നു വന്ന പ്രക്ഷോഭം ഏതെങ്കിലുമൊരു കര്‍ഷക സംഘടനയല്ല നടത്തിയത്, മറിച്ച് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണയോടെ വയനാട് കര്‍ഷക സമിതിയെന്ന കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു കൊണ്ടാണ് അന്ന് ആ പ്രക്ഷോഭം സാധ്യമായത്. അതായത് വിദര്‍ഭയില്‍ നിന്നോ അനന്തപൂരില്‍ നിന്നോ അല്ല ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഒരു പാര്‍ലിമെന്‍റ് മാര്‍ച്ച് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്, മറിച്ച് വയനാട്ടില്‍ നിന്നായിരുന്നു. 2006 മാര്‍ച്ച് 24നാണ് പാര്‍ലിമെന്‍റ് മാര്‍ച്ച് നടന്നത്. അന്ന് വയനാട്ടിലെ കടകളെല്ലാം അടച്ചുകൊണ്ട് വ്യാപാരി വ്യവസായികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചു. ആ സമരം വലിയ രൂപത്തില്‍ വിജയിച്ചു. അന്ന് ഏതെങ്കിലും ഒത്തുതീര്‍പ്പുണ്ടായിട്ടല്ല മറിച്ച് 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലാദ്യമായി ഇടതുപക്ഷത്തെ 3 എംഎല്‍എമാര്‍ വിജയിച്ചു വന്നു. അതിനെ തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനാകെ മാതൃകയായി ഒരു കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ രൂപീകരിക്കാന്‍ വേണ്ടി തയ്യാറായി, അതോടൊപ്പം തന്നെ സമഗ്രമായി ഈ വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ വേണ്ടി മലബാര്‍ മീറ്റ് എന്ന പദ്ധതി രൂപംകൊണ്ടു. പ്രഭാത് പട്നായിക്കിൻ്റെ നേതൃത്വത്തില്‍ അന്നത്തെ പ്ലാനിംഗ് ബോര്‍ഡ് ആണ് ഈ പദ്ധതിക്കു അംഗീകാരം നല്കിയത്. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായി 24 കോടി രൂപയുടെ പദ്ധതിയായിരുന്നു ഇത്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില കൊടുക്കണമെങ്കില്‍ ആ ഉല്‍പ്പന്നങ്ങള്‍ സംസ്കരിക്കുന്ന വ്യവസായങ്ങള്‍ സ്ഥാപിക്കപ്പെടുകയും ആ വ്യവസായങ്ങളിലൂടെ ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധന നടത്തി വില്പന നടത്തുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിൻ്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയും ചെയ്യണമെന്നതായിരുന്നു മലബാര്‍ മീറ്റിൻ്റെ ലക്ഷ്യം. കൃഷിഭൂമി കര്‍ഷകരുടെതായത് പോലെ കാർഷിക വ്യവസായങ്ങളും കര്‍ഷക കൂട്ടായ്മയില്‍ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ആശയം. 1999–2000 കാലഘട്ടത്തില്‍ ലോകത്ത് 3000 കോടി ഡോളറിൻ്റെ കോഫീ വ്യാപാരമാണ് നടന്നിരുന്നത്. അതില്‍ 1000 കോടി ഡോളറാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. ബാക്കി 2000 കോടി കമ്പനികളും ഇടനിലക്കാരും വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്. 2020 ലെ കണക്ക് പ്രകാരം അന്നത്തെ 3000 കോടി ഡോളര്‍ എന്നത് 7000 കോടി ഡോളറായി വര്‍ധിച്ചു, എന്നാല്‍ അതില്‍ 500 കോടി ഡോളര്‍ മാത്രമാണു കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ബാക്കി 6500 കോടി ഡോളറും കമ്പനികളുടെ കയ്യിലേക്കാണ് എത്തുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂലവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ മൂല്യമെത്രയാണോ അതിൻ്റെ പത്തോ അതില്‍ താഴെയോ ശതമാനം മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ടു കോര്‍പ്പറേറ്റുകളെ ഒഴിവാക്കി കര്‍ഷകരുടെ നേതൃത്വത്തില്‍ തന്നെ കാര്‍ഷിക വ്യവസായങ്ങള്‍ സ്ഥാപിച്ച് കൊണ്ട് മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയൂ. കോര്‍പ്പറേറ്റ് കൃഷിക്ക് പകരം സഹകരണ കൃഷി വികസിപ്പിച്ചെടുക്കുകയും അതുവഴി കാര്‍ഷിക വ്യവസായങ്ങളും അതിൻ്റെ വിപണിയും നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തില്‍ കാര്‍ഷിക മേഖലയിലെ സഹകരണ പ്രസ്ഥാനം വളര്‍ന്ന് വരേണ്ടതുണ്ട്. വയനാട്ടില്‍ സര്‍ക്കാര്‍ രൂപീകരിച്ച ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റി ഇത്തരത്തില്‍ സഹകരണ കൃഷിയുടെതായ ഒരു മാതൃകയാണ് മുന്നോട്ട് വെച്ചത്. ഇത്തരം സംരഭങ്ങള്‍ വിജയിപ്പിക്കാവുമെന്നതിന് നമുക്ക് സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ മാതൃകകളില്‍ നിന്ന് കണ്ടെത്താന്‍ കഴിയും. മാര്‍ക്സും ലെനിനും ഉള്‍പ്പെടെയുള്ളവര്‍ കാര്‍ഷിക മേഖലയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഹൈടെക് കൃഷി രീതികൾ കാർഷിക മേഖലയിൽ വ്യാപകമായി മാറുന്നുണ്ടല്ലോ. ഇത്തരം സാധ്യതകളെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു ?
ഡിജിറ്റല്‍ സാങ്കേതിക വിദ്യ എന്നു പറയുന്നത് ഒരിയ്ക്കലും വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെ കയ്യില്‍ ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ല. മറിച്ച് അത് കര്‍ഷകരുടെ മുന്നേറ്റത്തിന് വേണ്ടി ഉപയോഗിക്കപ്പെടേണ്ട ഒന്നാണ്. കാര്‍ഷിക മേഖലയില്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ആസൂത്രണത്തിന് വേണ്ടി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ കഴിയും. കൂടാതെ ഉത്പാദനം, സംസ്കരണം, വിപണനം, വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലടക്കം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ ഉത്പാദന ബന്ധങ്ങളെ മാറ്റിമറിക്കാനും കാര്‍ഷികോത്പാദനത്തിലൂടെ ഉത്പാദിപ്പിക്കുന്ന മൂല്യത്തിന്‍റെ പങ്ക് പ്രാഥമിക ഉത്പാദകരായ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ലഭിക്കാന്‍ സാങ്കേതിക വിദ്യയുടെ പിന്തുണ നമുക്ക് ആവശ്യമുണ്ട്.