”ലീഗും സമസ്തയും തമ്മിലുള്ള പ്രശ്‍നങ്ങൾ പുതുതായി ഉണ്ടായതല്ല“
"സമസ്തയും ലീഗും പല കാര്യങ്ങളിലും വിയോജിച്ചിട്ടുണ്ട്. വിവാദങ്ങളുണ്ടായിട്ടുണ്ട്. വാർത്തയായിട്ടുണ്ട്. അത് പിന്നീട് പരസ്പരം പറഞ്ഞു തീർക്കാറുമുണ്ട്. സമസ്തയും ലീഗും തമ്മിൽ നിലവിൽ പ്രശ്നങ്ങൾ ഒന്നുമില്ല. മിക്കതും മാധ്യമങ്ങൾ വെറുതെ ഉണ്ടാക്കുന്ന വിവാദമാണ്, അതേസമയം മാധ്യമങ്ങളുടെ ആധിക്യവും ഗൾഫ് ബന്ധവും മലയാളി മുസ്‌ലിംകളുടെ മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിൽ നല്ലതും അല്ലാത്തതുമുണ്ട്. എന്നാൽ പാൻ ഇസ്ലാമിസത്തെ പറ്റി ആശങ്കപ്പെടേണ്ട സാഹചര്യം കേരളത്തിൽ നിലവിലില്ല. ജമാഅത്ത്, മുജാഹിദ് പ്രസ്ഥാനങ്ങൾ വീക്ഷണ വൈകല്യങ്ങൾ നിറഞ്ഞതാണ് മറുവശത്ത് സുന്നികൾ കേരളത്തിലെ മുസ്ലിം ജന വിഭാഗത്തിന്റെ തനതായ പാരമ്പര്യം ഉയർത്തി പിടിക്കുന്നു’’. സമസ്തയുടെ യുവജനവിഭാഗമായ എസ്കെഎസ്എസ്എഫ് ന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ മലബാർ ജേര്‍ണലുമായി തന്റെ വീക്ഷണങ്ങൾ പങ്ക് വയ്ക്കുന്നു.
മിഖില്‍ ആര്‍ പി : ധൈഷണിക തലങ്ങളില്‍ ഏറ്റവുമധികം വൈബ്രന്റ് ആയി പ്രതികരിക്കുന്ന ഒരു സമൂഹമെന്ന നിലയില്‍ മുസ്ലീം ജനത കേരളത്തില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമാണ്. രാഷ്ട്രമീമാംസ, ഭരണകൂടം, സ്ത്രീകളുടെ അവകാശങ്ങള്‍, ദേശീയവും, പ്രദേശികവുമായ സാംസ്‌ക്കാരിക സവിശേഷതകള്‍ തുടങ്ങിയ ഏതു മേഖലയെടുത്താലും വൈവിദ്ധ്യങ്ങളായ നിരവധി വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന സമൂഹമാണ് മുസ്ലീം ജനസമൂഹം. അതേ സമയം ഈ വൈവിധ്യങ്ങളെ മുഴുവന്‍ ഒഴിവാക്കി മതശാസനകളെ അതേപോലെ പിന്‍പറ്റുന്ന ഒരു ജനത മാത്രമായി മുസ്ലീം ജനതയെ ചിത്രീകരിയ്ക്കുന്ന വാര്‍പ്പ് മാതൃകകളും ഇതേ കാലഘട്ടത്തില്‍ തന്നെയാണ് ലോകവ്യാപകമായി പ്രചാരം നേടിയതും. പ്രകടമായ വൈരുദ്ധ്യം ഇതില്‍ കാണാവുന്നതാണ്. ഈ വിഷയത്തെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്.
സത്താർ പന്തല്ലൂർ : കൊളോണിയൽ അധിനിവേശങ്ങളുടെയും പടിഞ്ഞാറൻ ആധിപത്യത്തിന്റെ നീരാളിപ്പിടുത്തത്തിലായിരുന്നു പത്തൊമ്പത് - ഇരുപത് നൂറ്റാണ്ടുകളിലെ മുസ്‌ലിം ലോകം. അതിന്റെ എല്ലാ വിധ പരിക്കുകളും പ്രയാസങ്ങളും മുസ്‌ലിം സമുദായത്തെ പിടികൂടിയിട്ടുണ്ട്. ഇപ്പോഴും അതിന്റെ ആഘാതത്തിൽ നിന്ന് പൂർണമായി കരകയറാൻ മുസ്ലിംകൾക്ക് സാധിച്ചിട്ടില്ല. എന്നിട്ടും ധൈഷണിക രംഗത്ത് മുസ്‌ലിം സമുദായം വളരെ ഊർജസ്വലരായി ഇടപെടുന്നു എന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. അതോടൊപ്പം നാം തിരിച്ചറിയേണ്ട മറ്റൊരു വസ്തുത ഇവിടെ ഉണ്ട്. ധൈഷണിക ഇടപടലും നവോത്ഥാന മൂല്യങ്ങളും യഥാർത്ഥത്തിൽ ഉൽപാദിപ്പിക്കുന്നത് പാശ്ചാത്യരാണെന്നും, അതിന്റെ അടിസ്ഥനം മതനവീകരണത്തിന്റെ ഭാഗമായി അവിടങ്ങളിൽ ആരംഭിച്ച പ്രോട്ടസ്സ്റ്റന്റ് പ്രസ്ഥാനം, ഇറ്റാലിയൻ നവോത്ഥാനം, മതവിരുദ്ധവും മതമുക്തവുമായ സെക്യുലറിസം തുടങ്ങിയവ ആണെന്നും വിശ്വസിക്കുന്ന ചിലരെങ്കിലും സമീപ കാലത്ത് മുസ്‌ലിം ലോകത്തുണ്ടായി. ഇസ്ലാമിക സമൂഹത്തെ സമുദ്ധരിക്കാൻ പാശ്ചാത്യ മൂല്യങ്ങൾ കൊണ്ടേ സാധിക്കൂ എന്ന് അവർ വിശ്വസിച്ചു. അങ്ങനെ മത പാരമ്പര്യങ്ങളെയും ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെയും അവർ ചോദ്യം ചെയ്തു. ഇസ്ലാമിനെ പടിഞ്ഞാറൻ ജനാധിപത്യ- സെക്യുലർ- ലിബറൽ ചിന്തകൾക്ക് ഉൾകൊള്ളാനാകും വിധം വെട്ടി ശരിപ്പെടുത്തി അവതരിപ്പിക്കുകയാണവർ ചെയ്തത്. അതിനെ ധൈഷണിക മുന്നേറ്റമെന്നും നവോത്ഥാന സംരംഭമെന്നും അവർ വാഴ്ത്തി. ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിള തുടങ്ങിയവരുടെ ഇടപെടലുകളിൽ ഇതു കാണാം.
കേരളത്തിന്റെ സുന്നി സംഘടനകളും, മറ്റുള്ള മുസ്ലീം സംഘടനകളും - മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവ തമ്മിലുള്ള ഭിന്നതകള്‍ വളരെ കാലമായി അറിവുള്ളതാണ്. സുന്നികള്‍ തികഞ്ഞ യാഥാസ്ഥിതികരും, ധൈഷണികമായി പിന്നോക്കം നില്‍ക്കുന്നവരുമാണെന്ന ഒരു ധാരണ പോലും ഈ ഭിന്നതകളുടെ ഭാഗമായി ഉരുത്തിരിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തല്‍ എത്രത്തോളം ശരിയാണ്.
കേരളത്തിലെ മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങൾ ഊർജം സ്വീകരിച്ചത് നാം നേരത്തെ പറഞ്ഞ ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിള തുടങ്ങിയവരിൽ നിന്നാണ്. അതു കൊണ്ടു തന്നെ അവരുടെ വീക്ഷണ വൈകല്യങ്ങളും ധൈഷണിക കടമെടുപ്പും ഇവരിൽ കാണാം. സുന്നികൾ അങ്ങനെയല്ല. കരുത്തുറ്റ ആത്മീയ ബലവും പൈതൃക താവഴിയും അവർക്കുണ്ട്. കഴിഞ്ഞ കാലങ്ങളിൽ അവർ പിന്നാക്കമായിരുന്നു എന്നത് വസ്തുതയാണ്. എന്നാൽ ആ പിന്നാക്കാവസ്ഥയുടെ മൂല കാരണം അവരുടെ മത വിശ്വാസമോ ആദർശനിലപാടുകളോ അല്ല. ഭൗതികവും സാമ്പത്തികവുമായ പ്രശ്നങ്ങളായിരുന്നു. ഒരു ഭാഗത്ത് കൊളോണിയൽ ഭരണവും അവരുടെ ചൂഷണങ്ങൾക്കെതിരെയുള്ള സമരങ്ങളും. മറുഭാഗത്ത് അരപ്പട്ടിണിയും മുഴുപ്പട്ടിണിയും പകർച്ചവ്യാധികളും. ഇത് രണ്ടിനുമിടയിൽ കർഷക ഭൂരിപക്ഷമായിരുന്ന ഈ സമൂഹത്തെ ചൂഷണം ചെയ്തു ഊറ്റിക്കുടിക്കുന്ന ജന്മി-കുടിയാൻ വ്യവസ്ഥയും. സ്വാതന്ത്ര്യാനന്തര കാലത്തും ഈ അവസ്ഥ മാറാൻ സമയമെടുത്തു. കോളനി ഭരണം മാറിയപ്പോഴും അതിന്റെ പ്രേതങ്ങൾ ഇവിടെ ബാക്കിയായി. 1970 നു ശേഷം മുസ്ലിംകൾ വ്യാപകമായി ഗൾഫിലേക്ക് കുടിയേറിയപ്പോഴാണ് ചിത്രം ശരിക്കും മാറാൻ തുടങ്ങിയത്. പട്ടിണി മാറിത്തുടങ്ങിയപ്പോൾ വിദ്യാഭ്യാസത്തെ കുറിച്ചു ചിന്തിച്ചു. മത സംഘടനകൾ ഉണർന്നു. അവർ പുതിയ വിദ്യാഭ്യാസ-ധൈഷണിക മുന്നേറ്റങ്ങൾക്ക് തുടക്കമിട്ടു. അതോടെ സുന്നികൾ പിന്തിരിപ്പന്മാരും അക്ഷരജ്ഞാനമില്ലാത്തവരുമാണെന്ന ആക്ഷേപം മാറിമറിഞ്ഞു. സമുദായത്തിലെ വരേണ്യവർഗമായി വിരാജിച്ചിരുന്ന മുജാഹിദ് ജമാഅത്ത് വിഭാഗങ്ങളെ ഏറെ പിന്നിലാക്കി പാരമ്പര്യ മുസ്ലിംകൾ മുന്നേറി. ഇന്ന് പൊതുസമൂഹത്തിന് കാര്യങ്ങൾ വ്യക്തമാണ്. അഫ്സലുൽ ഉലമ കോഴ്സുകൾക്കപ്പുറം വിചാരപ്പെടാനില്ലാത്ത അക്ഷര പൂജകരാണ് പഴയ വരേണ്യ വിഭാഗങ്ങളെന്ന് പൊതുസമൂഹത്തിന് ഇപ്പോൾ തിരിച്ചറിയാം.
സാമൂഹ്യവും, രാഷ്ട്രീയവും, സാംസ്‌ക്കാരികവുമായ വിവിധ മേഖലകളില്‍ കേരളത്തിലെ മുസ്ലീം ജനത വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണ്. പ്രകടമായ മുസ്ലീം വിരുദ്ധത മുഖമുദ്രയാക്കിയ ഹൈന്ദവ മതവാദികള്‍ ദേശീയതലത്തില്‍ ഭരണകൂടാധികാരം കൈയ്യടക്കിയതിന്റെ ഭീഷണി ഒട്ടും അവഗണിക്കാവുന്നതല്ല. അതുപോലെ പ്രധാനമാണ് ആഗോളതലത്തിലെ ഇസ്ലാമിക ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണിക്ക് ഇവിടുത്തെ മുസ്ലീം ജനത മറുപടി പറയാന്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യം. കേരളത്തിലെ പോലെ വിവിധ മതങ്ങള്‍ നൂറ്റാണ്ടുകളായി സഹവര്‍ത്തിത്വത്തില്‍ ജീവിച്ചിരുന്ന ഒരു ദേശത്ത് ഇത്തരം പ്രസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നു സമീപകാലത്തെ പല അനുഭവങ്ങളും തെളിയിക്കുന്നു. എന്താണ് താങ്കളുടെ വിലയിരുത്തല്‍.
ശീതയുദ്ധത്തിനു ശേഷമുണ്ടായ സാഹചര്യവും കമ്യൂണിസ്റ്റ് റഷ്യയുടെ തകർച്ചയും ഉണ്ടാക്കിയ പരിസരത്തിൽ ആഗോള തലത്തിൽ മുതലാളിത്തത്തിന് പുതിയ ഒരു ശത്രുവിനെ വേണമായിരുന്നു. ക്യാപിറ്റലിസത്തിന്റെ അമിതമായ അഴിഞ്ഞാട്ടത്തെയും ലിബറലിസത്തിന്റെ അരാജകവഴികളെയും ആശയപരമായും ധൈഷണികമായും പ്രതിരോധിക്കുന്ന ഒരേയൊരു സംവിധാനമാണ് ഇസ്ലാം. അതു കൊണ്ടു തന്നെ ഇസ്‌ലാമിന്റെ തകർച്ച അവരുടെ ലക്ഷ്യമാണ്. പുതിയ കാലത്തെ ഇസ്ലാമോഫോബിയയെയും ഇസ്ലാം വിരുദ്ധ നീക്കങ്ങളെയും ഇവിടെ നിന്ന് നാം വായിച്ചു തുടങ്ങണം.
ഇന്ത്യയിൽ സംഘ് പരിവാറിന് ആത്യന്തിക ലക്ഷ്യം അധികാരമാണ്. അതിനായി അവർ ഉപയോഗിക്കുന്ന ആയുധമാണ് ഹിന്ദുത്വം. ഇന്ത്യയിലെ ഹിന്ദുക്കൾ നൂറുകണക്കിന് ജാതികളാലും അനേകായിരം ദർശനങ്ങളാലും വ്യത്യസ്തമാണ്. അനേകം മതങ്ങളുടെ കൂട്ടായ്മ എന്ന് വേണമെങ്കിൽ ഹൈന്ദവതയെ വിളിക്കാം. ഈ വിഭാഗങ്ങളെ പരസ്പരം യോജിപ്പിക്കുന്ന യാതൊരു ഘടകവും ഇവിടെ ഇല്ല. അപ്പോൾ അവരെ ഏകീകരിക്കാൻ സംഘ് പരിവാറിന് മുന്നിൽ ഇസ് ലാം വിരുദ്ധത മാത്രമേയുള്ളൂ. മുസ്ലിംകൾ ഈ നാടു കീഴടക്കി നമ്മുടെ സംസ്കാരങ്ങളെ നശിപ്പിക്കുമെന്ന് കള്ള പ്രചരണം നടത്തുക. അങ്ങനെ ഒരു കൃത്രിമമായ ഹൈന്ദവ ഏകീകരണവും അതുവഴി അധികാരവും ഉണ്ടാക്കുക. ഇതാണ് സംഘ് പരിവാറിന്റെ ലക്ഷ്യം. തികച്ചും ഭൗതികമായ ഒരു ലക്ഷ്യത്തിൽ നിലകൊള്ളുന്നതു കൊണ്ടു തന്നെ സംഘ് പരിവാറിന് ഇസ്ലാമിന് നേരെ യാതൊരു ധൈഷണിക വെല്ലുവിളിയും ഉയർത്താനാകില്ല. കുറെ മുസ്ലിംകളെ വേട്ടയാടി രസിക്കാം എന്നത് മാത്രമാകും അതിന്റെ ഫലം.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും സമസ്തയുമായുള്ള സവിശേഷ ബന്ധത്തില്‍ സമീപകാലത്തായി ചില വിള്ളലുകള്‍ പ്രത്യക്ഷമായി എന്നാണ് മനസ്സിലാക്കുവാന്‍ കഴിയുന്നത്. കേരളത്തിലെ മുസ്ലീം ജനതയുടെ, പ്രത്യേകിച്ചും മലബാറിലെ മുസ്ലീം സമൂഹത്തില്‍ നടക്കുന്ന അടിസ്ഥാനപരമായ ചില മാറ്റങ്ങളുടെ പ്രതിഫലനമാണ് ഈ ഭിന്ന സ്വരങ്ങള്‍ എന്ന വിലയിരുത്തല്‍ എത്രത്തോളം ശരിയാണ്.
കേരള മുസ്‌ലിംകളിൽ മഹാഭൂരിപക്ഷവും അണി നിരന്നിട്ടുള്ള മത സംഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമാ. കേരള മുസ്‌ലിംകളിൽ നല്ലൊരു പങ്കും തിരഞ്ഞെടുത്ത രാഷ്ട്രീയ വഴിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. അതു കൊണ്ടു തന്നെ സമസ്തയിലെ മഹാഭൂരിപക്ഷവും ലീഗുകാരും ലീഗിലെ മഹാഭൂരിപക്ഷവും സമസ്തക്കാരുമാണ്. ആ ഒരു ബന്ധം പരിഗണിച്ചു കൊണ്ട് സമസ്തയും മുസ്‌ലിം ലീഗും തമ്മിൽ ഒരു പാരസ്പര്യത്തിന്റെ പാലമായി നിലകൊള്ളുന്നു. അത് സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയയാണ്. സമസ്തക്ക് ഒരു മത സംഘടന എന്ന നിലക്ക് ഒരു രാഷ്ട്രിയ കക്ഷിയോടും ബന്ധമില്ല. ലീഗിൽ സമസ്തേതര വിഭാഗങ്ങൾ പ്രവർത്തിക്കുന്ന പോലെ സമസ്തയിൽ ലീഗിന്റെ രാഷ്ട്രീയ വഴി അംഗീകരിക്കാത്തവരും ഉണ്ടാകാം. അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.
ലീഗും സമസ്തയും നിലവിൽ പ്രശ്നങ്ങളില്ല. മാധ്യമങ്ങൾ മിക്കതും വെറുതെ ഉണ്ടാക്കുന്ന വിവാദമാണ്. ഒന്ന് മത സംഘടനയും മറ്റേത് രാഷ്ട്രീയ പാർട്ടിയുമായത് കൊണ്ട് ശൈലിയിലും സമീപനങ്ങളിലും മാറ്റങ്ങളുണ്ട്. രാഷ്ട്രീയക്കാരുടെ സമരശൈലി സ്വീകരിക്കാൻ മത സംഘടനക്ക് സാധിക്കണമെന്നില്ല. മത സംഘടനയുടെ ശൈലിയിൽ പ്രവർത്തിച്ചാൽ രാഷ്ട്രീയ പാർടിക്ക് മുന്നേറാൻ സാധിക്കണമെന്നില്ല. ഇത് തിരിച്ചറിയാൻ ദ്വയാംഗത്വമുള്ള പ്രവർത്തകർക്ക് സാധിക്കും. മുമ്പ് കാലത്ത് സമസ്തയും ലീഗും പല കാര്യങ്ങളിലും വിയോജിച്ചിട്ടുണ്ട്. വിവാദങ്ങളുണ്ടായിട്ടുണ്ട്. വാർത്തയായിട്ടുണ്ട്. അത് പിന്നീട് പരസ്പരം പറഞ്ഞു തീർക്കാറുമുണ്ട്. അന്ന് പൊതുമീഡിയയും സോഷ്യൽ മീഡിയയും ഇത്ര ശക്തമല്ലാത്തത് കൊണ്ട് ഇതുപോലെ ഒച്ചപ്പാടുകളുണ്ടായില്ലെന്നു മാത്രം.
കേരളത്തിലെ മുസ്ലീം സമുദായത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ 2-3 ദശകങ്ങളിലായി കാണുന്ന ഒരു പ്രകടമായ മാറ്റം വിദ്യാഭ്യാസത്തിന് നല്‍കുന്ന വലിയ ഊന്നലാണ്. 1990കള്‍ മുതല്‍ ഇത് പ്രകടമാണെങ്കിലും 2000 മുതല്‍ അത് വളരെ ശക്തമായി. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ കാര്യത്തില്‍. ഈയൊരു മാറ്റം വേണ്ടത്ര ഉള്‍ക്കൊള്ളുന്നതില്‍ സമുദായ-രാഷ്ട്രീയ സംഘടനകള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ?
സ്ത്രീ വിദ്യാഭ്യാസ രംഗത്ത് സമുദായം കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത് അടുത്ത കാലത്താണ്. അതു കൊണ്ടു തന്നെ അതിന്റെ ചില പരിമിതി സമുദായത്തിൽ ഉണ്ടെന്ന് സമ്മതിക്കുന്നു. അതോടൊപ്പം നിലവിലെ സാഹചര്യത്തിൽ പലപ്പോഴും നമ്മുടെ പെൺകുട്ടികളാണ് ആൺകുട്ടികളെക്കാൾ വിദ്യാഭ്യാസ മേഖലയിൽ മുന്നേറുന്നത്. ആൺകുട്ടികൾ പ്ലസ് ടു കഴിഞ്ഞാൽ പല കുടുംബങ്ങളിലും ജോലിക്കോ ഗൾഫിലേക്കോ പോകുമ്പോൾ, മിക്ക കുടുംബങ്ങളിലും സ്ത്രീകൾ തുടർന്ന് പഠിക്കുകയാണ്. നമ്മുടെ മഹല്ലുകളിലെ വിവാഹ രജിസ്ട്രേഷൻ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. വരനെക്കാൾ കൂടിയ വിദ്യാഭ്യാസ യോഗ്യതയാകും അവിടെ മിക്കവാറും ഇപ്പോൾ കാണാനാവുക.
തീവ്ര-ഭീകരവാദ ആശയങ്ങള്‍ കേരളത്തിലെ മുസ്ലീം യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നതായ വിലയിരുത്തലുകള്‍ എത്രത്തോളം വസ്തുതാപരമാണ്. എന്താണ് യുവജനപ്രസ്ഥാനമെന്ന നിലയില്‍ നിങ്ങളുടെ വിലയിരുത്തല്‍.
തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് മുസ്ലിം യുവാക്കൾക്കിടയിൽ ഇവിടെ വലിയ വേരോട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. മത സംഘടനകൾ അവയെ നന്നായി ചെറുത്തു തോൽപ്പിച്ചതാണ്. മുസ്ലിംകളുടെ മുഖ്യധാര മത-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ദുർബലമാകുന്ന പ്രദേശങ്ങളിലാണ് പലപ്പോഴും ഇത്തരം പ്രസ്ഥാനങ്ങൾക്ക് കുറച്ചെങ്കിലും വേരോട്ടമുണ്ടായിട്ടുള്ളത്.
കേരളത്തിലെ മുസ്ലീം ജനതയുടെ തനതായ സാംസ്‌ക്കാരിക സവിശേഷതകള്‍ ഒരു തരം പാന്‍ ഇസ്ലാമിക് കടന്നുകയറ്റത്തില്‍ ഇല്ലാതാവുന്നുവെന്ന ഉത്ക്കണ്ഠകള്‍ എത്രത്തോളം ശരിയാണ്. വസ്ത്രധാരണം മുതല്‍ പള്ളികളുടെ വാസ്തുഘടന വരെയുള്ള കാര്യങ്ങളില്‍ ഇത്തരം പ്രവണതകള്‍ ശക്തമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്താണ് താങ്കളുടെ വീക്ഷണം.
പാൻ ഇസ്ലാമിസത്തിന്റെ കടന്നുവരവിൽ കേരള മുസ്‌ലിംകളുടെ സാംസ്കാരിക സ്വത്വം ഇല്ലാതെയാവുകയാണ് എന്ന ആശങ്ക ശരിയല്ല. ഇവിടെ ഉണ്ടാകുന്ന മാറ്റങ്ങളെ നാം കാണേണ്ടത് പാൻ ഇസ്ലാമിസത്തിന്റെ ഭാഗമായല്ല. ആഗോളീകരണാനന്തര ലോകത്ത് പൊതുവിൽ ഉണ്ടായ ഒരു പ്രതിഭാസമാണ്, പ്രാദേശിക സ്വത്വങ്ങൾക്ക് പകരം ഒരു അന്താരാഷ്ട്ര ഏകകം രൂപപ്പെടുന്നു എന്നത്. വാർത്ത മാധ്യമങ്ങളുടെ ആധിക്യവും ഗൾഫ് ബന്ധവും മലയാളി മുസ്‌ലിംകളുടെ മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിൽ നല്ലതും അല്ലാത്തതും ഉണ്ട്.