ചൈനയുടെ മധ്യസ്ഥതയില്‍ ഇറാന്‍-സൗദി ഭായി ഭായി
ആഗോളതലത്തിലെ ഭൗമരാഷ്ട്രീയത്തില്‍ ഒരു പുതിയ തുടക്കത്തിന്റെ സൂചന നല്‍കിക്കൊണ്ട് സൗദി അറേബ്യയും, ഇറാനും തമ്മില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുവാന്‍ തീരുമാനിച്ചു. ചൈനയുടെ മധ്യസ്ഥതയിലാണ് പശ്ചിമേഷ്യയിലെ വന്‍ശക്തികളായ സൗദിയും ഇറാനും തമ്മില്‍ ധാരണയില്‍ എത്തിയതെന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. പരമ്പരാഗത വൈരികളായ ഇരുവരും തമ്മിലുള്ള ബന്ധം സാധാരണ നിലയില്‍ പുനഃസ്ഥാപിക്കപ്പെടുന്നത് അമേരിക്കയുടെ വിദേശനയത്തെ അങ്കലാപ്പിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സൗദി-ഇറാന്‍ ബന്ധങ്ങളിലെ മഞ്ഞുരുകല്‍ ചൈനയുടെ മധ്യസ്ഥതയിലാണ് അരങ്ങേറിയതെന്ന കാര്യം അമേരിക്കന്‍ നയകര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം ഒട്ടും സുഖകരമാവില്ല. പശ്ചിമേഷ്യ നയത്തിന് മാത്രമല്ല അമേരിക്കയുടെ ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ നയത്തിനെക്കൂടി ബാധിക്കുന്നതാണ് ചൈനയുടെ മധ്യസ്ഥതയില്‍ അരങ്ങേറിയ ഇറാന്‍-സൗദി ചങ്ങാത്തം. പാശ്ചാത്യ മാധ്യമങ്ങള്‍ അവരാല്‍ കഴിയുന്നിടത്തോളം ഈ വാര്‍ത്തയെ അപ്രധാനമായി ഒതുക്കുന്നതിനുള്ള ശ്രമം നടത്തിയിട്ടുണ്ട്.
ഇറാന്‍-സൗദി ചങ്ങാത്ത പുനഃസ്ഥാപനം പശ്ചിമേഷ്യയിലുള്ള അമേരിക്കന്‍ ഇടപെടലുകളെ ഒരു തരത്തിലും ബാധിക്കുന്നതല്ലെന്നു വൈറ്റ്‌ഹൗസിലെ ദേശീയ സുരക്ഷ വക്താവായ ജോണ്‍ കിര്‍ബി വ്യക്തമാക്കി കഴിഞ്ഞു. "പശ്ചിമേഷ്യയില്‍ നിന്നും അമേരിക്ക ഒരു ചുവട് പിന്നോട്ടു വയ്‌ക്കുമെന്ന ആശയം ആരും പുലര്‍ത്തേണ്ടതില്ലെന്നു ശക്തമായി രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു" എന്നായിരുന്നു കിര്‍ബിയുടെ പ്രതികരണം. ഇസ്രായേലും അവരുടെ അറബി അയല്‍ക്കാരും തമ്മിലുള്ള നല്ല ബന്ധം എല്ലാവര്‍ക്കും നല്ലതായിരിക്കുമെന്നാണ് ഇതു സംബന്ധിച്ച അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രതികരണം.
ഇറാന്റെ സുപ്രീം ദേശീയ സുരക്ഷ കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനിയും, സൗദി ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുസാദ് ബിന്‍ മുഹമ്മദ് അല്‍ അയ്‌ബാനും ചൈനയുടെ ഏറ്റവും മുതിര്‍ന്ന നയതന്ത്രജ്ഞനായ വാങ്ങ് യിയുടെ സാന്നിദ്ധ്യത്തില്‍ ബെയ്‌ജിംഗില്‍ വച്ചു നടത്തിയ ചര്‍ച്ചയിലാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള തീരുമാനത്തിലെത്തിയത്. തീരുമാനപ്രകാരം രണ്ടുമാസങ്ങള്‍ക്കുള്ളില്‍ ഇരു രാജ്യങ്ങളും എംബസ്സികള്‍ വീണ്ടും തുറക്കും. ബെയ്‌ജിംഗില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം മൂന്നു രാജ്യങ്ങളും ചേര്‍ന്നു പുറപ്പെടുവിച്ച സംയുക്ത പ്രസ്‌താവന ആഗോളതലത്തില്‍ രൂപപ്പെടുന്ന പുതിയ ശാക്തിക ബന്ധങ്ങളെപ്പറ്റിയുള്ള സൂചനയാണ്. ഇറാനിലെ നയതന്ത്ര ഓഫീസുകള്‍ പ്രതിഷേധക്കാര്‍ കൈയ്യേറിയതിനെ തുടര്‍ന്ന് 2016 ലാണ് സൗദി ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നത്. ഇറാനിലെ ഷാ ഭരണകൂടത്തെ പുറത്താക്കി അയോത്തൊള്ള ഖൊമൈനിയുടെ നേതൃത്വത്തില്‍ 1979 ല്‍ ഇസ്ലാമിക സ്ഥാപിച്ചതു മുതല്‍ സൗദിയുടെ പ്രധാന ശത്രുവായി ഇറാന്‍ മാറി.
Photo: Twitter
ഇസ്ലാം മതത്തിലെ സുന്നി-ഷിയ ധാരകള്‍ തമ്മിലുള്ള നൂറ്റാണ്ടുകളായി തുടരുന്ന ഭിന്നതയും ഇരുരാജ്യങ്ങളും തമ്മിലുള്ള സ്‌പര്‍ദ്ധ രൂക്ഷമാക്കി. ലോകത്തിലെ ഷിയ വിശ്വാസികളുടെ ഏക രാജ്യമാണ് ഇറാന്‍. ഇറാഖിലും, ബഹ്‌റൈനിലുമെല്ലാം ഷിയ വിശ്വാസികള്‍ ഏതാണ്ട് ഭൂരിപക്ഷമുണ്ടെങ്കിലും ഭരണസംവിധാനം മിക്കവാറും സുന്നികളുടെ കൈകളിലായിരുന്നു. അമേരിക്കയോടൊപ്പം സൗദി ഭരണാധികാരികളെയും സാത്താന്റെ പ്രതിനിധികളായി ഖൊമൈനി മുദ്രയടിച്ചതും ഇറാന്‍-സൗദി ബന്ധങ്ങളെ കൂടുതല്‍ വഷളാക്കി. അമേരിക്കയുടെയും സൗദി അറേബ്യയുടെയും ഒത്താശയോടെയാണ് 1980 ല്‍ ഇറാഖിന്റെ മുന്‍ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍ ഇറാനു നേരെ യുദ്ധം പ്രഖ്യാപിച്ചതെന്നും ഇസ്ലാമിക റിപ്പബ്ലിക്കിന്റെ നേതാക്കള്‍ വിശ്വസിച്ചിരുന്നു. 1987 ലെ ഹജ്ജ് തീര്‍ത്ഥാടന സീസണില്‍ ഇറാനില്‍ നിന്നുള്ള ഷിയ തീര്‍ത്ഥാടകരും സൗദി സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 400 പേര്‍ കൊല്ലപ്പെട്ടതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ രൂക്ഷമാക്കിയിരുന്നു. ഇറാന്‍-സൗദി തര്‍ക്കത്തില്‍ എല്ലാകാലത്തും സൗദിയുടെ വിശ്വസ്‌ത പിന്തുണക്കാരായിരുന്നു അമേരിക്ക. ഇസ്രായേല്‍ കഴിഞ്ഞാല്‍ പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വിശ്വസ്‌തമായ രാജ്യം സൗദി അറേബ്യയായിരുന്നു. അധികാരത്തില്‍ നിന്നും ഷാ പുറത്താകുന്നതുവരെ അമേരിക്കയുടെ വിശ്വസ്‌ത സഖ്യകക്ഷിയായിരുന്നു ഇറാന്‍.
ചുരുക്കത്തില്‍ 43 വര്‍ഷമായി ഏറ്റുമുട്ടലിന്റെ പാതയില്‍ മുഖാമുഖം നിന്നിരുന്ന പശ്ചിമേഷ്യയിലെ പ്രബല ശക്തികളായ രാജ്യങ്ങള്‍ ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിംഗില്‍ വെച്ച് പുതിയ സൗഹൃദത്തിന്റെ അധ്യായത്തിന് തുടക്കമിടുന്നതിന്റെ ആഗോള പ്രാധാന്യം ഭൗമരാഷ്ട്രീയത്തെ നിരീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒട്ടും തന്നെ അവഗണിക്കാവുന്നതല്ല. അമേരിക്കയിലെ റൈസ് യൂണിവേഴ്‌സിറ്റിയിലെ ബേക്കര്‍ ഇൻസ്റ്റിട്യൂട്ടിലെ പൊളിറ്റിക്കല്‍ സയന്റിസ്റ്റായ ക്രിസ്റ്റാന്‍ കോട്‌സ് യുള്‍റിച്ചണിന്റെ അഭിപ്രായത്തില്‍ ചൈനയുടെ നീക്കം ശക്തമായ ഒരു സൂചനയാണ്. "ഇറാനോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ അമേരിക്ക കൂടുതല്‍ കര്‍ക്കശ്ശമായ ഒരു നിലപാട് സ്വീകരിക്കുന്ന വേളയില്‍ ചൈന ഈ വിഷയത്തെ (ഇറാന്‍-സൗദി) അഭിസംബോധന ചെയ്‌തുവെന്നത് ശക്തമായ സൂചനയാണ്", അദ്ദേഹം പറഞ്ഞു.
ഇറാന്‍-സൗദി ചങ്ങാത്തത്തില്‍ അമേരിക്കയെപ്പോലെ ഒരു പക്ഷെ അതിനേക്കാളും അസ്വസ്ഥത പ്രകടിപ്പിക്കുന്ന രാജ്യം ഇസ്രായേലാണ്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അപകടകരമായ ഒന്നായി ഈ സൗഹൃദത്തെ വിശേഷിപ്പിച്ച മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നഫാലി ബെന്നറ്റ് ഇറാന്‍ കൈവരിച്ച വലിയ ഒരു രാഷ്ട്രീയ വിജയമായും അതിനെ വിലയിരുത്തി. ഇസ്രായേല്‍ പാര്‍ലമെന്റിന്റെ ഫോറിന്‍ റിലേഷന്‍സ് മേധാവിയായ യൂലി എഡല്‍സ്‌റ്റൈന്‍ ഈ സംഭവവികാസം ഇസ്രായേലിന് വലിയ ആപത്താണെന്നു വിലയിരുത്തി. ഇസ്രായേല്‍ സര്‍ക്കാരിന്റെ വിദേശനയത്തിന് സംഭവിച്ച കനത്ത തിരിച്ചടിയാണ് ഇറാന്‍-സൗദി ചങ്ങാത്തമെന്നും ചില മുതിര്‍ന്ന ഇസ്രായേല്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഇറാന്‍-സൗദി സൗഹൃദത്തിന്റെ പാത തെളിഞ്ഞതോടെ യമനില്‍ 2014 മുതല്‍ നടക്കുന്ന രൂക്ഷമായ യുദ്ധത്തിന് അറുതി വരുമെന്നു കരുതപ്പെടുന്നു. ഇറാന്റെ പിന്തുണയുള്ളതെന്നു കരുതപ്പെടുന്ന ഹുതി കലാപകാരികളും സൗദി അറേബ്യയുടെ പിന്തുണയുള്ള ഭരണകൂടവും തമ്മില്‍ കഴിഞ്ഞ 8 വര്‍ഷങ്ങളായി നടക്കുന്ന ആഭ്യന്തരയുദ്ധം യമനിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അസഹനീയമായ ദുരന്തമായി മാറിയതിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ആഭ്യന്തര യുദ്ധമെന്നാണ് പേരെങ്കിലും ഫലത്തില്‍ ഇറാനും, സൗദിയും തമ്മില്‍ നടക്കുന്ന പ്രോക്‌സി യുദ്ധമാണ് യമനില്‍ നടക്കുന്നതെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ലബനണില്‍ തമ്പടിച്ചിട്ടുള്ള ഹെസബോള്ള കലാപകാരികളും ഇറാന്റെ പിന്തുണയില്‍ നിലനില്‍ക്കുന്നവരാണ്. ഇറാന്‍-സൗദി സൗഹൃദം നയനന്ത്രബന്ധങ്ങളുടെ ഔപചാരികതയ്‌ക്കപ്പുറം ദൃഢമാവുന്ന പക്ഷം പശ്ചിമേഷ്യന്‍ മേഖലയിലാകെയുള്ള ശാക്തിക ബന്ധങ്ങളില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുന്നതിനുള്ള സാധ്യതകള്‍ അനന്തമാണ്. അറബികളും, പേര്‍ഷ്യയും (ഇപ്പോഴത്തെ ഇറാന്‍) തമ്മിലുള്ള പരമ്പരാഗതമായ വൈരങ്ങളെ മറികടക്കുവാന്‍ എത്രത്തോളം കഴിയുമെന്നതിനെ ആശ്രയിച്ചാവും അതിനുള്ള സാധ്യതകള്‍. സോവിയറ്റ് യൂണിയന്റെ തിരോധാനത്തിനു ശേഷം പശ്ചിമേഷ്യയില്‍ നടമാടിയിരുന്ന അമേരിക്കയുടെ അപ്രമാദിത്വത്തിന് ചെറുതായെങ്കിലും ഏറ്റ ആഘാതമാണ് ചൈനയുടെ മധ്യസ്ഥതയില്‍ ഉടലെടുത്ത ഇറാന്‍-സൗദി സൗഹൃദം. ഡിപ്ലോമസി സിംബോളിക് ആയ ഒരു ഗെയിം ആണെങ്കില്‍ ചൈനയെ സംബന്ധിച്ചിടത്തോളം ഇതിലും പ്രധാനമായ ഒരു സിംബലിസം വേറെയുണ്ടാവില്ല.
ചൈനയുടെ മധ്യസ്ഥതയില്‍ ഇറാന്‍-ചൈന ഭായി-ഭായി ബന്ധം ഉരുത്തിരിഞ്ഞതിനോടുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം ഈ കുറിപ്പ് തയ്യാറാക്കുമ്പോള്‍ ലഭ്യമായിട്ടില്ല. ഇറാന്‍-സൗദി ബന്ധം സാധാരണ നിലയിലാവുന്നതിനെ ഇന്ത്യ സ്വാഗതം ചെയ്യുമെങ്കിലും അതിന്റെ പിന്നിലെ പ്രേരണ ചൈനയാണെന്ന വസ്‌തുത ഇന്ത്യയിലെ നയകര്‍ത്താക്കള്‍ക്ക് പഥ്യമാവില്ലെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഭൗമരാഷ്ട്രീയത്തിന്റെ ആഗോള അരങ്ങില്‍ ചൈന തങ്ങളുടെ സാന്നിദ്ധ്യം ശക്തമായി രേഖപ്പെടുത്തുന്നതിന്റെ സൂചന സംയുക്ത പ്രസ്‌താവനയില്‍ വ്യക്തമാണ്. ചൈനയുടെ ഈ മുന്നേറ്റം ഇന്ത്യയുടെ താല്‍പ്പര്യങ്ങളെ ഏതുവിധത്തില്‍ സ്വാധീനിക്കുമെന്നുള്ള കാര്യങ്ങള്‍ വരാനരിക്കുന്ന ദിവസങ്ങളിലാവും കൂടുതല്‍ വ്യക്തത കൈവരിയ്‌ക്കുക. ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് ലോകത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നതെന്ന അമേരിക്കന്‍ ആഖ്യാനം വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ തീവ്രത കൈവരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.