TMJ
searchnav-menu
post-thumbnail

Outlook

ബ്ലാസ്റ്റേർസ്: കുരിശേറ്റത്തിന് ശേഷമുള്ള ഉയർത്തെഴുന്നേൽപ്പ്

20 Mar 2022   |   1 min Read
ജുനൈദ് ടി പി തെന്നല

PHOTO : Facebook

കുരിശിലേറ്റപ്പെട്ട ക്രിസ്തു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്നാണ് ചരിത്രം. ലോകചരിത്രത്തിലെ മോഹിപ്പിക്കുന്ന ഈ സംഭവകഥയെ വെല്ലുന്ന ക്ലൈമാക്സിലേക്കാണ് പരാജയങ്ങളുടെ താഴ്ചയില്‍ നിന്നും വിജയങ്ങളുടെ കൊടുമുടിയിലേക്ക് കേരള ബ്ലാസ്റ്റേർസ് എന്ന ഫുട്ബാള്‍ ടീം ഇപ്പോള്‍ പറന്നുയർന്നിരിക്കുന്നത്. ആരാധകരുടെ ഫുട്ബോൾ സ്വപ്നങ്ങളിൽ ഇത്രയേറെ കാത്തിരിപ്പിന്റെ നൊമ്പരവും സുഖവും ഒരുപോലെ അനുഭവിപ്പിച്ച മറ്റൊരു ടീം ഐഎസ്എല്ലിൽ മാത്രമല്ല ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ തന്നെ ഉണ്ടായിരിക്കാൻ സാധ്യതയില്ല. അത്രമേൽ ആരാധകരുടെ ഹൃദയ താളത്തിനൊപ്പമാണ് ബ്ലാസ്റ്റേർസ് എന്ന ടീം ഇന്നുവരെയും പന്തുരുട്ടിയത്. അത് കൊണ്ടാണ് ഈ ഫൈനൽ പ്രവേശനം അത്രമാത്രം ആഘോഷിക്കപ്പെടുന്നതും..

മലയാളികളുടെ സ്വന്തം ബ്രാന്റ്

ഒരു പ്രൊഫഷണൽ ഫുട്ബാള്‍ ടീം എന്നതിനേക്കാൾ ഇന്ത്യന്‍ ഫുട്ബാളിലെ ഏറ്റവും ജനകീയമായ ഫുട്ബാള്‍ ബ്രാന്റ് എന്നതിലേക്കുള്ള വളർച്ചയാണ് ഐഎസ്എൽ എട്ടാം സീസണിൽ എത്തി നിൽക്കുന്ന ടീമിന്റെ ഏറ്റവും വലിയ മൂലധനം. അത് ഒരുപക്ഷേ മാനേജ്മെന്റ് പോളിസികളുടെ ഭാഗമായോ കളിമികവിന്റെയോ അടിസ്ഥാനത്തില്‍ സ്വാഭാവികമായി രൂപപ്പെട്ടുവന്ന ഒന്നല്ല. അത് കേരളം എന്ന കൊച്ചു ദേശത്തെ ലക്ഷക്കണക്കിന് വരുന്ന ഫുട്ബാള്‍ ആരാധകരുടെ അടങ്ങാത്ത ആവേശത്തിന്റെയും ഒടുങ്ങാത്ത ആരവങ്ങളുടെയും ഫുട്ബാള്‍ അഭിനിവേശത്തിന്റെ നിഴൽചിത്രമായി പതിഞ്ഞു പോയതാണ്. വിജയങ്ങളിലും പരാജയങ്ങളിലും ഒരുപോലെ ടീമിനൊപ്പം നിൽക്കുന്ന ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ആരാധക സംഘത്തേക്കാൾ അത്ഭുതപ്പെടുത്തുന്ന ഫാൻ ബെയ്സാണ് ഇന്നും ബ്ലാസ്റ്റേർസിനുള്ളത്. മുൻ ഇന്ത്യൻ ഫുട്ബാള്‍ താരം പാപ്പച്ചൻ പ്രദീപ് ഒരിക്കൽ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു. “കേരളത്തിൽ ആളുകൾ ഫുട്ബോളിനെ വിശ്രമമില്ലാതെ പിന്തുണയ്ക്കുന്നു. ടീം ജയിച്ചാലും തോറ്റാലും കാര്യമില്ല, അവർ എപ്പോഴും ടീമിനൊപ്പമുണ്ടാകും കൊൽക്കത്ത പോലുള്ള സ്ഥലങ്ങളിൽ ഞാൻ കളിച്ചിട്ടുണ്ട്, സ്പിന്നിൽ ടീം രണ്ട്-മൂന്ന് മത്സരങ്ങൾ തോറ്റാൽ സ്റ്റേഡിയത്തിലെ എണ്ണം കുറയും. ഫുട്ബാളിന്റെ മെക്ക എന്നറിയപ്പെടുന്ന കൊൽക്കത്തയിലെ ജനങ്ങളേക്കാൾ ഇവിടുത്തെ മനുഷ്യന്‍ ഫുട്ബാളിനെ എത്രമാത്രം നെഞ്ചേറ്റുന്ന എന്നതിന്റെ സാക്ഷ്യമാണ് കേരള ബ്ലാസ്റ്റേർസ് ടീമിന്റെ ആരാധക സംഘമായ മഞ്ഞപ്പട.

ടീമിന്റെ ഉദയവും വളർച്ചയും

ക്രിക്കറ്റ് തുരുത്തായ ഇന്ത്യന്‍ കായിക ലോകത്ത് ഐഎസ്എൽ പ്രഖ്യാപിക്കപ്പെട്ട സമയത്ത് അതിന് വലിയ ജനശ്രദ്ധ ലഭിച്ചതിന് കാരണം കേരള ടീമിനെ സാക്ഷാല്‍ സച്ചിൻ ടെണ്ടുൽക്കറും കൊൽകത്ത ടീമിനെ സൌരവ് ഗാംഗുലിയും സ്വന്തമാക്കാൻ മുന്നോട്ടു വന്നതോടെയായിരുന്നു. മാസ്റ്റർ ബ്ലാസ്റ്റർ എന്ന സച്ചിന്റെ സ്ഥാന പേരിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേർസ് എന്ന പേര് പിറന്നത് കേരളത്തിന്റെ സാംസ്കാരിക ചിഹ്നമായ ആനയെ ലോഗോയിലും ഉൾപെടുത്തി മനേജ്മെന്റ് കേരളത്തിന്റെ ഫുട്ബാള്‍ ആരാധകരെ വൈകാരിക തലത്തില്‍ തന്നെ ഉത്തേജിപ്പിച്ചു നിർത്തി. ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ജെയിംസിനെ ഗോൾകീപ്പർ കം കോച്ചായി ടീമിലെത്തിച്ചതും ആരാധകർക്കിടയിൽ വലിയ ഓളമുണ്ടാക്കി. അന്ന് ഇന്ത്യന്‍ ടീമിൽ തിളങ്ങി നിന്നിരുന്ന മെഹതാബ് ഹുസൈനെയും ഇന്ത്യന്‍ താരങ്ങളായ സന്ദേശ് ജിങ്കനെയും, ഇഷ്ഫാഖ് അഹമ്മദ്, ഗുർവീന്ദർ സിംഗ്, നിർമൽ ചേത്രി, സുശാന്ത് മാത്യു, എന്നിങ്ങനെ സാമാന്യം നല്ലൊരു നിരയെയും ടീമിനൊപ്പം ചേർത്തു. ആദ്യ സീസണിൽ തന്നെ ഫൈനലിൽ എത്തിയ ടീം പക്ഷേ ഫൈനലിൽ എല്ലാ പ്രതീക്ഷകളും തകർത്തു ഏകപക്ഷീയമായ ഒരു ഗോളിന് അത്ലറ്റിക്കോ ഡി കൊൽക്കത്തയോട് അടിയറവ് പറയുകയായിരുന്നു. മാത്രമല്ല അന്ന് കേരളത്തേക്കാൾ ഗംഭീരമായി കളിച്ചതും കൊൽക്കത്തയായിരുന്നു. ആ സീസണിൽ നെഗറ്റീവ് ഗോൾ ഡിഫറൻസിൽ പ്ലേഓഫിലെത്തിയ ഏക ടീമും കേരളമായിരുന്നു. എന്നിരുന്നാലും ആദ്യത്തെ ഫൈനൽ ടീമിന്റെ ആരാധക പിന്തുണയിൽ വലിയ വളർച്ചയുണ്ടാക്കി. എന്നാല്‍ തൊട്ടടുത്ത സീസണിൽ ടിം അമ്പേ പരാജയമായി മാറി. ഏറ്റവും പിന്നില്‍ എട്ടാം സ്ഥാനത്തായിരുന്നു ടീം ഫിനിഷ് ചെയ്തത്.

സച്ചിന്റെ ടീം എന്ന മേൽവിലാസത്തിലാണ് ബ്ലാസ്റ്റേർസ് അറിയപ്പെട്ടത്. കേരളത്തിന്റെ ഫുട്ബാള്‍ ആവേശത്തെ പരമാവധി ചൂഷണം ചെയ്ത മനേജ്മെന്റെ ഒരിക്കലും ആരാധകരുടെ സ്വപ്നങ്ങള്‍ക്ക് നിറം പിടിപ്പിക്കാൻ കാര്യമായ ഒന്നും ചെയ്തിരുന്നില്ല. ഓരോ സീസണലിലും മികച്ച പ്രകടനം നടത്തിയ താരങ്ങളെ തൊട്ടടുത്ത സീസണലിൽ വില്പന നടത്താൻ മാനേജ്മെന്റിന് യാതൊരു മടിയുമുണ്ടായില്ല. ഒന്നാം സീസണിൽ ബ്ലാസ്റ്റേസിന്റെ സൂപ്പർ ഐക്കണായി മാറിയ കനേഡിയൻ താരം ഇയാൻ ഹ്യൂമിനെ കൊൽക്കത്തക്ക് വിറ്റപ്പോൾ ഉള്ളു പിടയാത്ത ഒരു ആരാധകനും ഉണ്ടായിരിക്കില്ല. ടീമിന്റെ ചിറകരിഞ്ഞിട്ട പ്രതീതിയാണ് രണ്ടാം സീസണലിൽ അതുണ്ടാക്കിയത്. അത്രമാത്രം ഹ്യൂം ബ്ലാസ്റ്റേസിന്റെ അവിഭാജ്യഘടകമായിരുന്നു. 2019-20 സീസൺ അവസാനിച്ചപ്പോൾ നൈജീരിയൻ താരമായ ഒഗ്ബച്ചേയെയും സമാനമായി മുബൈ ടീമിന് വില്പന നടത്തി.

സ്റ്റീവ് കോപ്പലിന്റെ ബ്ലാസ്റ്റേർസ്

മൂന്നാം സീസണിൽ ബ്ലാസ്റ്റേർസിനെ അതിന്റെ പഴയ പ്രതാപത്തിലേക്ക് ഉയർത്തിയത് ഇംഗ്ലീഷ് പരിശീലകനായ സ്റ്റീവ് കോപ്പലായിരുന്നു ആരാധകർ കോപ്പലാശാൻ എന്ന് വിളിച്ച കോച്ച് അക്ഷരാര്‍ത്ഥത്തില്‍ ആരാധകരുടെ സുപ്പർ ഹീറോ തന്നെയായിരുന്നു അവസാന സീസണിൽ തോറ്റമ്പിയ ടീമിനെ ഫൈനലിലേക്ക് മാർച്ച് ചെയ്യിപ്പിച്ച ആശാന്റെ ഓരോ കളിയും 90 മിനുറ്റും ആവേശം ജനിപ്പിച്ച സസ്പെൻസ് ത്രില്ലർ പോലെയായിരുന്നു. ഈ സമയത്താണ് കേരളത്തിലെ തെരുവുകളില്‍ ലോകകപ്പ് ഫുട്ബാളിന് സമാനമായി ഐഎസ്എൽ ഓളമുണ്ടാക്കി തുടങ്ങിയത്. കളി കാണാൻ തെരുവുകളില്‍ വലിയ സ്ക്രീനുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കളി നടക്കുന്ന ദിവസം കൊച്ചി നഗരത്തിൽ വലിയ ട്രാഫിക്ക് ബ്ലോക്കുണ്ടായി. അങ്ങനെ ബ്ലാസ്റ്റേർസ് മലയാളിയുടെ സാംസ്കാരിക ജീവിതത്തിന്റെ മാറ്റി നിർത്താനാവാത്ത അടയാളമായി മാറുകയായിരുന്നു. ഡിഫൻസീവ് ഫുട്ബാള്‍ കളിച്ച ടീം എങ്ങനെ എങ്കിലും കടന്നു കൂടുമെന്ന് ആരാധകരെ തോന്നിപ്പിക്കാൻ മാത്രം കോപ്പലിന്റെ തന്ത്രങ്ങളിൽ ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. അവസാനം ഫൈനൽ മത്സരത്തില്‍ ഒരിക്കല്‍ കൂടി ഷൂട്ടൗട്ടിൽ അത്ലറ്റിക്കോയോട് തോറ്റതോടെ കോച്ചും ടീമിന് പുറത്തായി.

സ്റ്റീവ് കോപ്പൽ | photo : facebook

പരാജയങ്ങളുടെ കാലം ഒപ്പം പരീക്ഷണങ്ങളുടെയും

2016 ന് ശേഷം ആരാധകരെ മോഹിപ്പിക്കുന്ന ഒരു പ്രകടനം പോലും ടീമിന് നടത്താനായിരുന്നില്ല. കളി കണ്ട് മടുത്തു പോയ ആരാധകർ ഗ്യാലറിയിൽ നിന്നും ഇറങ്ങി വന്നു മാനേജ്മെന്റിനോടും ടീമിനോടും ഇനി ഞങ്ങളില്ല ഈ ടീമിനൊപ്പമെന്ന് പരസ്യമായി പറയുകവരെ ചെയ്തു. കപ്പടിക്കണം കലിപ്പടക്കണം എന്ന തീ സോങ്ങുമായി വന്ന് വലിയ ഹൈപ്പുണ്ടാക്കിയ 2017-18 സീസണിലും ടീം നിരാശപ്പെടുത്തി. മാഞ്ചസ്റ്ററിന്റെ ഇതിഹാസ താരങ്ങളായ ദിമിത്രി ബെർബറ്റോവും വെസ് ബ്രൌണും അന്ന് ടീമിനൊപ്പമുണ്ടായിരുന്നു. തുടർന്ന് വന്ന സീസണുകളിലൊന്നും സെമി പ്രതീക്ഷ പോലും നിലനിര്‍ത്താന്‍ ടീമിന് കഴിഞ്ഞിരുന്നില്ല. അതിനിടെ സച്ചിനും ടീമിനെ ഉപേക്ഷിച്ച് തന്റെ ഓഹരികള്‍ വില്പന നടത്തി. തുടർന്ന് തെലുങ്ക് താരങ്ങളായ ചിരഞ്ജീവിയും നാഗാര്‍ജുനയും ഒക്കെ ഓഹരികൾ വാങ്ങി ടീമിനൊപ്പം ചേർന്നു. ഒടുവില്‍ 2020-21 സീസണും ടീം ആരാധകർക്ക് വലിയ നിരാശയുണ്ടാക്കിയാണ് അവസാനിച്ചത്. പത്താം സ്ഥാനത്തായിരുന്നു ടീം ഫിനിഷ് ചെയ്തത്. 20 കളികളിൽ നിന്ന് വെറും മൂന്ന് ജയം മാത്രമായിരുന്നു ടീമിന് സീസണിൽ നേടാനായത്. എന്നാല്‍ ഇതേ കാലത്താണ് ടീം ഒട്ടനവധി പരീക്ഷണങ്ങൾക്ക് മുതിർന്നത് ദേശീയ താരങ്ങളായ യുവപ്രതിഭകളെ ടീമിലേക്ക് കൊണ്ടുവരാൻ ഇക്കാലത്ത് മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചു. 2020-21 സീസൺ മുതലാണ് ടീമിന് ഒരു വിഷൻ ഉണ്ടായി വന്നത് എന്ന് പറയാം. സീസണിന്റെ തുടക്കത്തില്‍ തന്നെ സ്പോട്ടിംഗ് ഡയറക്ടറായി കരോളിസ് സ്കിൻസിനെ നിയമിച്ചതായിരുന്നു മാനേജ്മെന്റ് നീക്കങ്ങളിൽ ഏറ്റവും നിർണായകമായത്. മാത്രമല്ല സീസണലിൽ സഹലിനെയും രാഹുലിനെയും ടീം 2025 വരെ കരാർ പുതുക്കി നൽകുകയുമുണ്ടായി, ബാഗ്ലൂർ എഫ്സിയിൽ നിന്ന് നിഷു കുമാറിനെയും സീസണലിൽ ടീമിലെത്തിച്ചിരുന്നു. പ്രദേശിക താരങ്ങളെ ഉന്നം വെച്ചതിന് പിന്നില്‍ സാമ്പത്തിക പ്രതിസന്ധി കൂടി കാരണമായിരിക്കണം എന്നിരുന്നാലും അത് ടീമിന് ഇപ്പോള്‍ കിട്ടിയ മുതൽ കൂട്ട് ചെറുതല്ല എന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

ഇവാൻ വുകോമനോവിച്ചും പുതിയ കളി രീതിയും.

മാനേജ്മെന്റ് പോളിസിയുടെയും പരീക്ഷണങ്ങളുടെയും ഫലമാണ് ഇപ്പോള്‍ ബ്ലാസ്റ്റേർസ് എത്തി നിൽകുന്ന വിജയങ്ങളുടെ ആണിക്കല്ല്. സീസൺ തുടക്കത്തില്‍ തന്നെ സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ചിനെ പരിശീലകനായി നിയമിച്ചതും സ്പോട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻസിന്റെ തെറ്റാത്ത ടീം സെലക്ഷനുമാണ് വലിയ തിരിച്ചു വരവിന് കാരണമായത്. വിദേശ താരങ്ങളെ കണ്ടെത്തുന്നതിൽ സ്പോട്ടിംഗ് ഡയറക്ടറുടെ ഗംഭീര സെലക്ഷനായിരുന്നു എന്നതാണ് അഡ്രിയാൻ ലുണയുടെ പ്രകടനത്തോടെ ശരിവെക്കപ്പെട്ടത്. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മൈതാനത്ത് നിറഞ്ഞു കളിക്കുന്ന ടീമിൽ വുകോമനോവിച്ച് എന്ന പരിശീലകന്റെ ഗെയിം പ്ലാൻ കൊണ്ടു വന്ന മാറ്റം പ്രകടമായി കാണാം. ടീമിനൊപ്പം ഏറെ കാലം താരമായി ഉണ്ടായിരുന്ന ഇഷ്ഫാക് അഹമ്മദിനെ അസിസ്റ്റ് കോച്ചായി നിലനിർത്തിയതും ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗമായി കാണേണ്ട ഒന്നാണ്. ഇപ്പോള്‍ ടീമിനൊരു ഫുട്ബാള്‍ ഫിലോസഫിയുണ്ട് കൃത്യമായ ഗെയിം പ്ലാനും പിന്തുടരുന്നുണ്ട്.

കേരള ബ്ലാസ്റ്റേർസ് കോച്ച് ഐവാൻ വുകോമാനോവിച്ച് | photo : facebook

യൂറോപ്പിൽ ഇപ്പോള്‍ റോബർട്ടോ മാൻസീനിയുടെ ഇറ്റാലിയൻ ടീം പിന്തുടരുന്ന കളി രീതിയുടെ ഇന്ത്യന്‍ പതിപ്പാണ് വുകോമനോവിച്ചിന്റെ കളി രീതി എന്ന് കാണാം. പതിനൊന്ന് താരങ്ങളും ഒരേ സമയം അക്രമിച്ചും പ്രതിരോധിച്ചും കളിക്കുന്ന പുതിയ കളി രീതി ഐഎസ്എല്ലിൽ ഇതുവരെ കണ്ടു പരിചയിച്ച കളി രീതികളിൽ നിന്ന് ഏറ്റവും ഗംഭീരമായ കളി വിരുന്നാണ് കാണികൾക്ക് സമ്മാനിക്കുന്നത്. സഹൽ എന്ന പ്രതിഭയെ തേച്ച് മിനിക്കിയടുക്കുക കൂടി ചെയ്ത വുകോമനോവിച്ച് ഒന്നോ രണ്ടോ താരങ്ങളെ മാത്രം വെച്ച് കളി ആസൂത്രണം ചെയ്യുന്ന പരിശീലകനല്ല എന്ന് കൂടി തെളിയിക്കുന്നുണ്ട്. റിസൽവ് ബെഞ്ചിൽ വരെ ഇപ്പോള്‍ ബ്ലാസ്റ്റേർസ് ഒന്നിനൊന്ന് മികച്ച പകരക്കാരെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പ്രതിരോധത്തിൽ ഹോർമിപാം റൂയിവ-മാർക്കോ ലെസ്ക്കോവിച്ച് സഖ്യവും അഡ്രിയാൻ ലൂണ, പെരേര ഡയസ്, അൽവാരോ വാസ്കസ് സഖ്യം മുന്നേറ്റത്തിലും കാണിക്കുന്ന ഗംഭീര പ്രകടനം ഏതൊരു ബ്ലാസ്റ്റേർസ് ആരാധകനും എത്ര കാലം കഴിഞ്ഞാലും മറക്കാനിടയുള്ളതല്ല. കഴിഞ്ഞ രണ്ട് ഫൈനലുകളിലേക്കും ടീം മാർച്ച് ചെയ്തത് മൈനസ് ഗോൾ വ്യത്യാസത്തിലായിരുന്നു എന്നാല്‍ ആ ചരിത്രം കൂടി തിരുത്തിക്കൊണ്ടാണ് ഇവാൻ ടീമിനെ മൂന്നാം ഫൈനലിലേക്ക് എത്തിച്ചത്.

ഫൈനലിൽ ഹൈദ്രാബാദിനോട് മത്സരിച്ച് ജയിച്ചാലും തോറ്റാലും ഒരു കാര്യം ഉറപ്പിച്ചു പറയാനാവും ഈ ടീം ബ്ലാസ്റ്റേർസിന്റെ ചരിത്രത്തിലെ സുവർണ്ണ തലമുറയായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുത്തപ്പെടും. അത് കൊണ്ട് തന്നെ ഗോവയിൽ പന്തുരുളുന്നത് കപ്പിലേക്ക് മാത്രമാവില്ല ചരിത്രത്തിലേക്ക് കൂടിയാവും.

Leave a comment