TMJ
searchnav-menu
post-thumbnail

Outlook

മീഡിയാവണ്ണുകാര്‍ മാത്രം വായിക്കേണ്ട വിധിയല്ല അത്

11 Apr 2023   |   8 min Read
ശ്യാം ദേവരാജ്

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ വാര്‍ത്താ ചാനലായ മീഡിയ വണ്ണിന് പ്രവര്‍ത്തനം തുടരാന്‍ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് ഡോ. ധനഞ്ജയ വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റെ വിധി രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ നിന്ന് പുറത്തുവന്ന മറ്റൊരു ചരിത്ര വിധിന്യായമായി പരിഗണിക്കപ്പെടണം. ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികാവകാശമായ അഭിപ്രായ - ആവിഷ്‌കാര സ്വാതന്ത്ര്യം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നുണ്ട് ഡിവിഷന്‍ ബെഞ്ച്. മീഡിയ വണ്‍ ചാനലിന്റെ നിയമപോരാട്ടം പൗരന്റെ നീതി തേടിയുള്ള യാത്രയ്ക്ക് ഊര്‍ജ്ജം പകരുന്നതാണ്. സമകാലിക ഇന്ത്യയില്‍ നിരന്തരം വെല്ലുവിളി നേരിടുന്ന പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, സ്വാഭാവികനീതി തുടങ്ങിയ ഭരണഘടനാ തത്വങ്ങള്‍ പരമോന്നത കോടതി അര്‍ത്ഥശങ്കയ്ക്ക് ഇടമില്ലാത്ത വിധം വ്യക്തത വരുത്തുന്നു. ഇതാണ് ലേഖനത്തിന്റെ ആദ്യഭാഗത്തില്‍ പരിശോധിക്കുന്നത്.

മീഡിയ വണ്‍ കേസിന്റെ ചരിത്രം

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് 2010 മേയ് 19 നാണ് മീഡിയ വണ്‍ വാര്‍ത്താ ചാനലിന് പ്രവര്‍ത്തനാനുമതി തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നത്. 2011 ഫെബ്രുവരി ഏഴിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ നിരാക്ഷേപ പത്രം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മീഡിയ വണ്‍ വാര്‍ത്താ ചാനല്‍ പ്രവര്‍ത്തനം തുടങ്ങി. പത്ത് വര്‍ഷത്തേക്കാണ് ലൈസന്‍സ് പ്രകാരമുള്ള പ്രവര്‍ത്തനാനുമതി. ഇതിന് പിന്നാലെ മീഡിയ വണ്‍ ലൈഫ് ചാനലിന് അഞ്ച് വര്‍ഷത്തേക്ക് നല്‍കിയ പ്രവര്‍ത്തനാനുമതിയുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നല്‍കി. രണ്ട് മാസത്തിന് ശേഷം 2019 സെപ്റ്റംബര്‍ 11 ന് മീഡിയ വണ്‍ ലൈഫ് ചാനലിന്റെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനാല്‍ ഈ നടപടി മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് ചോദ്യം ചെയ്തില്ല. ഇതേ സമയം മീഡിയ വണ്‍ ചാനലിനും കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രാലയം തുടര്‍ നടപടി സ്വീകരിച്ചില്ല.

2021 സെപ്റ്റംബറില്‍ മീഡിയ വണ്‍ ലൈസന്‍സ് പുതുക്കേണ്ട സാഹചര്യത്തില്‍ മേയ് മാസത്തില്‍ത്തന്നെ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം ലൈസന്‍സ് പുതുക്കി നല്‍കണമെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ നിരാക്ഷേപ പത്രം (No Objection Certificate) ലഭ്യമാക്കണം. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെയും പ്രത്യേക സമിതിയുടെ പരിശോധനയുടെയും അടിസ്ഥാനത്തില്‍ സുരക്ഷാ നിരാക്ഷേപ പത്രം നല്‍കിയില്ല. ഇതേത്തുടര്‍ന്ന് മീഡിയ വണ്‍ വാര്‍ത്താ ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ട സാഹചര്യം ഉടലെടുത്തു.


ലൈസന്‍സ് നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് മീഡിയ വണ്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. സീല്‍ വെച്ച കവറില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ പരിഗണിച്ച് സിംഗിള്‍ ബഞ്ച് മീഡിയ വണ്‍ നല്‍കിയ ഹര്‍ജി തള്ളി. വിധി ചോദ്യം ചെയ്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചുവെങ്കിലും തിരിച്ചടിയായിരുന്നു ഫലം. രാജ്യസുരക്ഷയെ ബാധിക്കുമെന്ന വാദം ഉയര്‍ത്തി ലൈസന്‍സ് നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് ഹൈക്കോടതിയില്‍ നിന്ന് നിരുപാധിക അംഗീകാരം നേടാനായി. എന്നാല്‍, ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് അന്തിമ വിധി വരുംവരെ പ്രവര്‍ത്തനം തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കി.

മീഡിയ വണ്ണിന്റെ വാദങ്ങള്‍

മീഡിയ വണ്‍ വാര്‍ത്താ ചാനലിന്റെ മാതൃസ്ഥാപനമായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. മീഡിയ വണ്‍ വാദങ്ങളുടെ സംക്ഷിപ്ത രൂപം ഇങ്ങനെയാണ്. ഏതൊരു കേസിലും എതിര്‍കക്ഷികളുടെ ഭാഗം കേള്‍ക്കണം. ഇല്ലെങ്കില്‍ അത് സ്വാഭാവിക നീതിയുടെ ലംഘനമാകും. സ്വന്തം ഭാഗം പറയണമെങ്കില്‍ എതിര്‍കക്ഷി ഉന്നയിക്കുന്ന വാദമുഖങ്ങള്‍ എന്തൊക്കെ എന്ന് ഹര്‍ജിക്കാരന്‍ അറിയണം. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരള ഹൈക്കോടതിയില്‍ നിന്നും ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്നായിരുന്നു ദുഷ്യന്ത് ദവെയുടെ പ്രധാന വാദം. കേന്ദ്ര സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിലും വ്യക്തതയുണ്ടായിരുന്നില്ല. സുരക്ഷാ നിരാക്ഷേപ പത്രം നല്‍കാതിരിക്കുന്നത് സംബന്ധിച്ച അറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയില്ല. 

കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ഒരു നടപടിക്രമത്തിലും മീഡിയ വണ്‍ കക്ഷിയല്ല. അത്തരം നടപടിക്രമങ്ങള്‍ സംബന്ധിച്ചും സുരക്ഷാ നിരാക്ഷേപ പത്രം നല്‍കാതിരിക്കാനുള്ള കാരണങ്ങള്‍ സംബന്ധിച്ചും ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. തികച്ചും ഏകപക്ഷീയവും ഭരണഘടനയുടെ അനുച്ഛേദം 14 ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനവുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഭരണഘടനയുടെ അനുച്ഛേദം 19 (1) എ ഉറപ്പുനല്‍കുന്ന അഭിപ്രായ - ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള ലംഘനം കൂടിയാണ് പ്രവര്‍ത്തന അനുമതി പുതുക്കി നല്‍കാതിരുന്ന കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി.

മീഡിയ വണ്‍ വാര്‍ത്താ ചാനലിന് അപ് ലിങ്കിംഗ്, ഡൗണ്‍ ലിങ്കിംഗ് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണ്. ചാനല്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് സുരക്ഷാ നിരാക്ഷേപ പത്രത്തിന്റെ സാധ്യത. പുനര്‍ അനുമതി തേടുമ്പോള്‍ വീണ്ടും സുരക്ഷാ നിരാക്ഷേപ (Security Clearence) അനുമതിയുടെ ആവശ്യമില്ല. 1994ലെ പ്രോഗ്രാം കോഡ് അഞ്ചിലധികം അവസരങ്ങളില്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് പ്രവര്‍ത്തനാനുമതി നിഷേധിക്കാം. ഭരണഘടനയുടെ അനുച്ഛേദം 19 (2) നിര്‍വചിക്കുന്ന യുക്തിപരമായ നിയന്ത്രണങ്ങളുടെ പേരില്‍ സുരക്ഷാ അനുമതി പിന്‍വലിക്കാനാവില്ല. പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കാതിരിക്കാനുമാവില്ല.

സസ്‌പെന്‍ഷന്‍ നടപടി ആണെങ്കില്‍ പോലും നിശ്ചിത കാലത്തേക്ക് മാത്രമേ ചാനലിന് എതിരെ സ്വീകരിക്കാനാവൂ. സ്വാഭാവികമായി സംഭവിക്കേണ്ടതാണ് ലൈസന്‍സ് പുതുക്കി നല്‍കുന്ന നടപടി. ചാനല്‍ പ്രവര്‍ത്തന നിരതമായിരുന്ന 2011 - 2022ന കാലയളവില്‍ സുരക്ഷാ അനുമതി പിന്‍വലിച്ചിട്ടില്ല. അപ് ലിങ്കിംഗ് നിയമം ലംഘിച്ചുവെന്ന് കാരണം കാണിക്കല്‍ നോട്ടീസ് പറയുന്നില്ല. മുദ്രവെച്ച കവറില്‍ നല്‍കിയ രേഖകളെ അധികരിച്ചാണ് ഹൈക്കോടതിയുടെ വിധി. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. തുറന്ന കോടതികള്‍ എന്ന സംവിധാനത്തിനും കക്ഷികളോടുള്ള ശരിയായ സമീപനത്തിന് വിരുദ്ധവുമാണ് മുദ്രവെച്ച കവറിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലെ വിധിപ്രസ്താവം. 

ദുഷ്യന്ത് ദവെ

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത് നയപരവും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയവും ആയതിനാലാണ് പ്രവര്‍ത്തനാനുമതി നിരാകരണത്തിന്റെ കാരണം അറിയിക്കാതിരുന്നത് എന്നാണ്. കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളുടെ ആഴം, അനന്തരഫലം, സ്വഭാവം, പ്രാധാന്യം എന്നിവ ലഭ്യമാക്കിയ ഫയലുകളില്‍ നിന്ന് തിരിച്ചറിയുന്നില്ലെന്നും വ്യക്തത വരുന്നില്ലെന്നുമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിയില്‍ പറയുന്നത്. 'പൗരന് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശത്തെക്കാള്‍ വലുതാണ് കേന്ദ്ര സര്‍ക്കാരിന്റെ രാജ്യസുരക്ഷ' എന്ന അമിത പ്രയോഗത്തില്‍ സുപ്രീം കോടതി തന്നെ നെറ്റി ചുളിക്കുന്നു. സീല്‍ഡ് കവര്‍ അംഗീകരിച്ച ഹൈക്കോടതി നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണ്. 

ദേശസുരക്ഷയെ സംബന്ധിച്ച് സിംഗിള്‍ ബെഞ്ച് ജഡ്ജി വ്യക്തത വരുത്തിയില്ല. എന്ത് അളവുകോലാണ് ദേശസുരക്ഷയ്ക്ക് ഉപയോഗിച്ചത് എന്നതിലും വ്യക്തതയില്ല. നിരാകരണ ഉത്തരവ് സംബന്ധിച്ച് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും വ്യക്തത നല്‍കിയില്ല. മുദ്രവച്ച കവറില്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ഹൈക്കോടതി വിധിയെഴുതി. ഹൈക്കോടതി നടപടിക്രമങ്ങള്‍ കാരണം മീഡിയ വണിന് ഇരുട്ടിനോട് യുദ്ധം ചെയ്യേണ്ടിവന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകള്‍ക്കുമൊപ്പം ഇരിക്കേണ്ട രേഖയാണ് കേന്ദ്ര സര്‍ക്കാര്‍ രഹസ്യരേഖയെന്ന് വ്യാഖ്യാനിച്ച് എടുത്തുമാറ്റിയത് എന്നുമാണ് ദുഷ്യന്ത് ദവെയുടെ വാദങ്ങളിലെ വിമര്‍ശനം.

കേന്ദ്ര വാദവും ഹൈക്കോടതി വിധികളും

പ്രവര്‍ത്തനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ വിധി ചോദ്യം ചെയ്താണ് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയും പിന്നാലെ ഡിവിഷന്‍ ബെഞ്ചിനെയും സമീപിച്ചത്. രണ്ടിടത്തുനിന്നും തിരിച്ചടിയായിരുന്നു മീഡിയ വണിന് ലഭിച്ചത്. മുദ്രവച്ച കവറില്‍ കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ ചില വിവരങ്ങള്‍ പരിശോധിച്ച കോടതി കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോട് നിരുപാധികം ഐക്യപ്പെട്ടു. കാരണം കാണിക്കല്‍ നോട്ടീസിന്മേല്‍ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നല്‍കിയ മറുപടി കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സുരക്ഷാ അനുമതി നല്‍കുന്നതെന്നുമായിരുന്നു സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എന്‍ നഗരേഷിന്റെ വിധിയിന്മേലുള്ള ന്യായപ്രമാണം. 

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരങ്ങള്‍ സൂക്ഷ്മ സംവേദനവും സ്വകാര്യ സ്വഭാവത്തിലുള്ളതുമാണ് എന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. നയസ്വഭാവത്തിലുള്ളതും രാജ്യസുരക്ഷാ താല്‍പര്യമുള്ളതുമാണ് രേഖകളെന്നും അതിനാലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രേഖകള്‍ ഹൈക്കോടതി മുന്‍പാകെ നല്‍കാനാകാത്തതെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിന്റെ വാദം. ലഭ്യമായ രേഖകള്‍ അനുസരിച്ചാണ് സിംഗിള്‍ ബെഞ്ച് മീഡിയ വണിന്റെ ആവശ്യം തള്ളിയത്. 

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് പ്രവര്‍ത്തനാനുമതി നല്‍കിയാല്‍ അത് രാജ്യസുരക്ഷയെയും പൊതുക്രമത്തെയും ബാധിക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും നിരീക്ഷിച്ചു. അങ്ങനെയുള്ള വ്യക്തമായ സൂചകങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഫയലുകളില്‍ ഉണ്ട്. ആയതിനാല്‍ കോടതിയുടെ പരിശോധനയ്ക്കുള്ള സാധ്യത പരിമിതമാണ്. രാജ്യസുരക്ഷാ വാദം ഉയര്‍ത്തിയാല്‍ പ്രത്യേക നിയമങ്ങളനുസരിച്ച് പ്രത്യേക പരിരക്ഷ കേന്ദ്ര സര്‍ക്കാരിന് ലഭിക്കും. ഇന്റലിജന്‍സ് രേഖകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ നിരാക്ഷേപ പത്രം നിഷേധിച്ചത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നുണ്ട് എന്നും ഹൈക്കോടതി വിധികളില്‍ ആവര്‍ത്തിക്കുന്നു.

സൂക്ഷ്മ സംവേദനവും സ്വകാര്യവും നയസ്വഭാവമുള്ളതും രാജ്യസുരക്ഷാ ബന്ധിതവുമാണ് വിവരങ്ങള്‍. ആയതിനാല്‍ അനുമതി നിഷേധത്തിനുള്ള കാരണം വെളിപ്പെടുത്താനാവില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള വാദം ഡിവിഷന്‍ ബെഞ്ചും അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഇതേ രേഖകള്‍ പരിശോധിച്ചാണ് സുപ്രിം കോടതി ഇടക്കാല ഉത്തരവിലൂടെ മീഡിയ വണിന് പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കിയത് എന്ന് ഡിവിഷന്‍ ബെഞ്ച് വിധിന്യായത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. ദേശസുരക്ഷ വിഷയമാകുമ്പോള്‍ സ്വാഭാവിക നീതിയെന്ന തത്വം ഒഴിവാക്കപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍

കൂട്ടിലടച്ച തത്തയെന്ന് സുപ്രീം കോടതി തന്നെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി മാത്രമേ എന്നും നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുള്ളൂ എന്നതും സ്വതന്ത്ര നിലപാട് ഇല്ലെന്നതുമാണ് സിബിഐയ്ക്ക് പേരുദോഷം കേള്‍ക്കാന്‍ കാരണം. ആ സ്വഭാവം തന്നെയാണ് സിബിഐ, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ മീഡിയ വണ്‍ കേസിലും സ്വീകരിച്ചത്. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കും വിധം യജമാനന്മാരായ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതിന് അനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിനെ സാധൂകരിക്കാനാണ് പ്രത്യേക സമിതിയെ നിയോഗിച്ച് മീഡി വണിന് എതിരായ ആക്ഷേപങ്ങള്‍ ഗുരുതരമാണെന്നും സുരക്ഷാ അനുമതി നല്‍കരുതെന്നും റിപ്പോര്‍ട്ട് നേടിയത്. നിക്ഷിപ്ത താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ തിരക്കഥയുടെ ലഭ്യമായ ഉള്ളടക്കം ഇതാണ്.


Representational Image: PTI

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ മീഡിയ വണ്ണിന് ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം ദിനപത്രവുമായി അടുത്ത ബന്ധമുണ്ട്. മാധ്യമം ദിനപത്രത്തില്‍ വന്ന ലേഖനങ്ങള്‍ രാജ്യസുരക്ഷയ്ക്ക് വിഘാതമുണ്ടാക്കുന്നതാണ്. മീഡിയ വണ്ണിന്റെ തലപ്പത്തുള്ള ചിലര്‍ക്ക് ജമാഅത്തെ ഇസ്ലാമി ഹിന്ദുമായി ബന്ധമുണ്ട്. മീഡിയ വണ്‍ ചാനല്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ആശയം പിന്തുടരുന്നു. ജമാ അത്തെ ഇസ്ലാമി ഹിന്ദ് മൂന്ന് തവണ നിരോധിക്കപ്പെട്ട സംഘനടയാണ്. ഇന്ത്യയുടെ വിദേശനയത്തിലെ വിമര്‍ശനം, അമേരിക്കന്‍ വിരുദ്ധത തുടങ്ങിയ അജണ്ട ജമാഅത്തെ ഇസ്ലാമി ഹിന്ദിനുണ്ട്. രാജ്യത്തെ ഇസ്ലാമിക് സ്ഥാപനങ്ങള്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദിന് നിര്‍ണ്ണായക റോളുണ്ട്. 

ജമാഅത്തെ ഇസ്ലാമിയുടെ കേഡര്‍മാരില്‍ നിന്നും അവരെ അനുകൂലിക്കുന്നവരില്‍ നിന്നും സ്വരൂപിച്ച നിക്ഷേപമാണ് മീഡിയ വണ്ണിന്റെ പ്രധാന സാമ്പത്തിക സ്രോതസ്. യുഎപിഎ, സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം (അഫ്‌സ്പ) തുടങ്ങിയ നിയമങ്ങളില്‍ മീഡിയ വണ്ണിന് എതിര്‍ നിലപാടുണ്ട്. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തുടങ്ങിയവയിലും ചാനലിന് എതിരഭിപ്രായമുണ്ട്. വ്യവസ്ഥാപിത ഭരണകൂടത്തിനെതിരായ നിലപാടാണ് നിരന്തരം മീഡിയ വണ്‍ സ്വീകരിക്കുന്നത് എന്നുമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് എന്ന് സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നു.

സുപ്രീം കോടതിയുടെ മുന്നിലെ ചോദ്യങ്ങള്‍

ഏതൊരു ഹര്‍ജിയിന്മേലും കോടതി ചില ചോദ്യങ്ങള്‍ തയ്യാറാക്കും. അതിനുള്ള ഉത്തരമാണ് വാദങ്ങളിലൂടെ കോടതി തേടുന്നത്. മീഡിയ വണ്‍ കേസില്‍ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് തയ്യാറാക്കിയ ചോദ്യങ്ങള്‍ ഇവയാണ്. 
1. ചാനല്‍ പ്രവര്‍ത്തനം തുടരുന്നതിന് വീണ്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി ആവശ്യമുണ്ടോ?
2. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, മീഡിയ വണ്‍ ചാനലിന്റെ പ്രവര്‍ത്തനാനുമതി നിരാകരിച്ചതിലും ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടിക്രമങ്ങളിലും ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാഭാവിക നീതി ഉള്‍പ്പടെയുള്ള അവകാശങ്ങളുടെ ലംഘനമുണ്ടോ? 
3. പ്രവര്‍ത്തനാനുമതി നിഷേധിച്ച കേന്ദ്ര മന്ത്രാലയത്തിന്റെ നടപടി മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ അഭിപ്രായ - ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഏകപക്ഷീയമായി നിയന്ത്രിക്കുന്നതാണോ?

ചോദ്യങ്ങള്‍ക്ക് ഉത്തരം; ആധികാരിക വിധി

മീഡിയ വണ്ണിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങളും തീരുമാനവും തീരുമാനം തെളിച്ചമില്ലാത്തതാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന തത്വമായ മൗലികാവകാശങ്ങളുടെ ഭാഗമായ സ്വാഭാവിക നീതി കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ല. അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് രഹസ്യ സ്വഭാവമുള്ളതാണ്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാവില്ല എന്നാണ് കേന്ദ്ര നിലപാട്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം അവകാശവാദം ആണ്. അത് അംഗീകരിക്കാനാവില്ല. ഇന്റലിജന്‍സ് ഏജന്‍സികളുടെ ചുമതല വസ്തുതാന്വേഷണം മാത്രമാകരുത്. ആധികാരികത നല്‍കുന്ന തെളിവുകള്‍ കൂടി റിപ്പോര്‍ട്ടിന് ഒപ്പം നല്‍കാന്‍ ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയണമെന്നും സുപ്രീം കോടതി ഓര്‍മ്മിപ്പിക്കുന്നു. 

മീഡിയ വണ്ണിന് ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കാനുള്ള കാരണം നിഷേധിച്ചതും പ്രധാന രേഖകളുടെ പകര്‍പ്പ് നല്‍കാത്തതും മുദ്രവെച്ച കവറില്‍ രേഖകള്‍ കോടതിക്ക് നല്‍കിയതും മീഡിയ വണിന്റെ സുതാര്യ വാദത്തിനുള്ള അവകാശത്തെ ഹനിച്ചു. ഇത് ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. അനുച്ഛേദം 21 അനുസരിച്ച് സുതാര്യമായ വിചാരണ പൗരന് (മീഡിയ വണിന്) ഉണ്ട്. മീഡിയ വണിന്റെ സുതാര്യ വാദത്തിനുള്ള അവകാശം നിയന്ത്രിക്കുന്നതിനെ യുക്തിപരമാണെന്ന് തെളിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ല. അതിനാല്‍ 2022 ജനുവരി 31ലെ മീഡിയവണിന്റെ ലൈസന്‍സ് നിരാകരണ തീരുമാനവും 2022 മാര്‍ച്ച് 22ലെ കേരള ഹൈക്കോടതിയുടെ വിധിയും റദ്ദാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുപ്രീം കോടതി കണ്ടെത്തി. 


സുപ്രീം കോടതി | Photo: PTI
സുരക്ഷാ അനുമതി നല്‍കാതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി മീഡിയ വണ്ണിന്റെ നിയമപരമായ അവകാശങ്ങള്‍ക്കും വിരുദ്ധമാണ്. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് എതിരെ സിബിഐയുടെ റിപ്പോര്‍ട്ടില്ല. മാധ്യമം ദിനപത്രവുമായി മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് അടുത്ത ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാധ്യമം ദിനപത്രത്തിലെ ലേഖനങ്ങളും മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും തമ്മില്‍ ബന്ധമില്ല. രാജ്യത്തെ മുസ്ലിംകള്‍ക്ക് നേരെ വിവേചനമുണ്ടെന്ന് പറയുന്നതോ, ഹൈന്ദവ തീവ്രവാദത്തെ എതിര്‍ക്കുന്നതോ ലൈസന്‍സ് നിഷേധിക്കാനുള്ള ശക്തമായ കാരണമല്ല.

യുഎപിഎ, അഫ്‌സ്പ, സിഎഎ, എന്‍അര്‍സി, എന്‍പിആര്‍, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്നിവയ്ക്ക് എതിരെ സ്ഥാപനം നിലപാട് എടുത്തു. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്ക് എതിര് നില്‍ക്കുന്നു. ഇന്ത്യന്‍ ജുഡീഷ്യറി തീവ്രവാദത്തിനെതിരെ ഇരട്ട നിലപാട് എടുക്കുന്നു. ഇതുള്‍പ്പടെ രാജ്യത്തെ ഭരണസംവിധാനങ്ങള്‍ക്ക് എതിരായ നിലപാടാണ് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് സ്വീകരിച്ചത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു ആക്ഷേപം. ഇത് നീതീകരിക്കാവുന്ന അടിസ്ഥാന കാരണം ആണോ എന്ന് സുപ്രീം കോടതി ചോദ്യമുയര്‍ത്തുന്നു. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതാണ് സുരക്ഷാ നിരാക്ഷേപത്തിന്റെ നിരാകരണം. ലൈസന്‍സ് തടയുന്നതും ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്.

രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് സുരക്ഷാ വ്യക്തത നിഷേധിച്ചത്. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ ഭരണകൂട വിരുദ്ധ നിലപാടും മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ജമാഅത്തെ ഇസ്ലാമി ഹിന്ദും തമ്മിലുള്ള ബന്ധവും ആണ് കാരണങ്ങള്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ വാദങ്ങളെയും സുപ്രീം കോടതി നിരുപാധികം തള്ളി. 'അധികാരത്തോട് സത്യം വിളിച്ചുപറയാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട്. ജനാധിപത്യത്തെ ശരിയായ പാതയിലേക്ക് പ്രചോദിപ്പിക്കാനും ജനങ്ങളോട് അസന്ദിഗ്ധ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയാനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ നിയന്ത്രണങ്ങള്‍ പൗരന്മാരെയും ബാധിക്കുന്നതാകുമെന്ന് ചിന്തിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കും', വിധിന്യായത്തില്‍ ഡിവിഷന്‍ ബെഞ്ച് പറയുന്നു.

സാമൂഹിക - സാമ്പത്തിക ഭരണപദ്ധതി മുതല്‍ രാഷ്ട്രീയ വീക്ഷണങ്ങള്‍ വരെ സമജാതീയ ദിശയിലാകുന്നത് ജനാധിപത്യത്തെ മാരകമായി അപകടത്തിലാക്കും. വിമര്‍ശനങ്ങളെല്ലാം ഭരണകൂടത്തിന് എതിരാണെന്ന് പറയരുത്. മാധ്യമങ്ങള്‍ ഭരണകൂടത്തെ അനുകൂലിക്കണം എന്നാണ് അതിന്റെ വ്യാഖ്യാനം. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ പൊതുവിലും മാധ്യമ സ്വാതന്ത്ര്യത്തെ പ്രത്യേകിച്ചും ശീതഭാവത്തിലാക്കും. ഭരണകൂട നയങ്ങലെ വിമര്‍ശിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 19 (2) നിര്‍വചിക്കുന്ന യുക്തിപരമായ നിയന്ത്രണങ്ങളുടെ പരിധിയില്‍ വരില്ല. - വിധിന്യായത്തില്‍ വിമര്‍ശിക്കുന്നു.

ഓഹരി ഉടമകളുടെ പട്ടിക നോക്കി ജമാഅത്തെ ഇസ്ലാമി ഹിന്ദും മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും തമ്മിലുള്ള ബന്ധം തെളിയിക്കാനാവില്ല. ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ അണികളുടെ നിക്ഷേപം രാജ്യസുരക്ഷയെ ബാധിക്കുമെന്ന് പറയാനാവില്ല. മീഡിയ വണ്‍ ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നിയമപരമായ ലക്ഷ്യത്തിലോ ശരിയായ ഉദ്ദേശത്തിലോ ഉള്ളതല്ല. ഓഹരി ഉടമകളുടെ പട്ടിക, വാര്‍ത്തകളുടെ സ്വഭാവം എന്നിവ പരിഗണിച്ച് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് മതപരിവര്‍ത്തനത്തില്‍ ഭാഗമാണെന്ന് പറയാനാവില്ലെന്നുമാണ് സുപ്രീം കോടതി വിധി. മീഡിയ വണിന് ലൈസന്‍സ് പുതുക്കി നല്‍കുന്നത് സംബന്ധിച്ച നടപടിക്രമം നാലാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണം. അനുമതികള്‍ക്കായി ബന്ധപ്പെട്ട ഭരണ വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും വിധിയിലൂടെ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ഇന്ത്യന്‍ ജുഡീഷ്യറിയുടെ നയവും നിലപാടും

മീഡിയ വണിനെതിരായ ഓരോ ആക്ഷേപങ്ങളിലും കൃത്യമായ മറുപടി നല്‍കിയായിരുന്നു അഭിഭാഷകനായ ദുഷ്യന്ത് ദവെയുടെ വാദം. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്രമങ്ങളിലെ വീഴ്ച എണ്ണിപ്പറഞ്ഞതിനൊപ്പം ഭരണഘടനാ തത്വങ്ങളുടെ ലംഘനവും മനോഹരമായി കോടതിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അഭിഭാഷകനിലൂടെ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് കഴിഞ്ഞു. ഈ വാദങ്ങളെയെല്ലാം അര്‍ഹിക്കുന്ന ഗൗരവത്തിലാണ് കോടതിയും സമീപിച്ചത്. ഭരണഘടനാ തത്വങ്ങള്‍ ഹനിക്കാന്‍ ശ്രമിച്ചാല്‍ വിട്ടുവീഴ്ചയില്ലാതെ തടയുമെന്ന് രാജ്യത്തിന്റെ പരമോന്നത നീതിപീഠം പ്രഖ്യാപിക്കുന്നു. 

സമകാലിക ഇന്ത്യയില്‍ ഉയരുന്ന ഭരണഘടനാ പ്രശ്‌നങ്ങളില്‍ ചിലതിന് കൃത്യമായ അര്‍ത്ഥവും വ്യാഖ്യാനവും നല്‍കാനും പൗരസ്വാതന്ത്ര്യം ഹനിച്ചാല്‍ ഭരണകൂട നടപടികളെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വിധിന്യായം ഓര്‍മ്മിപ്പിക്കുന്നു. മാധ്യമ സ്വാതന്ത്ര്യം അരക്കിട്ടുറപ്പിക്കുന്ന അസാധാരണ വിധി മാത്രമല്ല ഇത്. ഇക്കാലത്ത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ നിലപാട് എന്താണെന്ന് ഭരണകൂടത്തെ ഓര്‍മ്മിപ്പിക്കുന്നത് കൂടിയാണ് ചീഫ് ജസ്റ്റിസ് ഡോ. ധനഞ്ജയ വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്‌ലിയും തയ്യാറാക്കിയ സമകാലിക പ്രസക്തമായ വിധിന്യായം.


(തുടരും)

#outlook
Leave a comment