TMJ
searchnav-menu
post-thumbnail

Outlook

വീണുപോയ ആയിരങ്ങളിൽ നിന്നുയിർക്കുന്ന സെങ്കനി

08 Nov 2021   |   1 min Read
അനു പാപ്പച്ചന്‍

യ് ഭീമി'ന് മുൻപും സിനിമകളുണ്ടായിട്ടുണ്ട്.

പീഡയേല്ക്കുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. ഇനിയുമുണ്ടാകുമായിരിക്കും. എത്രകണ്ടിട്ടും കേട്ടിട്ടും ഒന്നുമേ വ്യത്യാസമില്ലാത്ത കാലവും ലോകവും ആവർത്തിക്കപ്പെടുന്നതിനു നേർക്കാണ് സെങ്കനിമാർ ഉയിർക്കുന്നത്. ഏറ്റവും അടിച്ചമർത്തപ്പെടുന്ന ഒരു സമൂഹത്തിൽ, ഏറ്റവും അടിച്ചമർത്തപ്പെടുന്ന സ്ത്രീ വിഭാഗത്തിന്റെ പ്രതിനിധിയാണവൾ. പലവിധം വീണുപോയവരുടെ ചരിത്രത്തിൽ ഇന്നും മായാത്ത ചോരപ്പാടുകളുണ്ട്.ഉണങ്ങാത്ത മുറിവുകളുണ്ട്. അങ്ങേയറ്റം നിവർത്തികേടിൽ ഭീഷണിയിലും അടിച്ചമർത്തലിലും പ്രലോഭനത്തിലും വീണുപോയിട്ടുള്ള നൂറായിരം പേരിൽ നിന്ന് വഴിമാറി മുന്നോട്ട് നടന്നവളാണ് സെങ്കനി.

കാലമെത്ര മാറിക്കഴിഞ്ഞിട്ടും മനുഷ്യ ജീവിതം അനുവദനീയമല്ലാത്ത ജനതയുടെ പ്രതിനിധിയാണ് സെങ്കനി. എലികളെയും കാട്ടു പന്നിയെയും വേട്ടയാടി ഭക്ഷിച്ച് വിശപ്പടക്കുന്ന, പാമ്പുപിടിച്ച് ജീവിക്കുന്ന, റേഷൻ കാർഡും ആധാർ കാർഡും ഇല്ലാത്ത, വോട്ടവകാശം ഇല്ലാത്ത, പൗരത്വമില്ലാത്ത, സ്വന്തമായി മണ്ണില്ലാത്ത, ഓലകൊണ്ടു മാത്രം മേയാനാവുന്ന കൂരയുള്ള, സവർണ്ണരാലും നിയമ സംവിധാനങ്ങളാലും ക്രൂരമായി അടിച്ചമർത്തപ്പെട്ട, ദേഹത്ത് ഒരു തരി മിന്നിട്ടാൽ കള്ള വർഗം എന്നു നിരന്തരം ചാപ്പ വീഴുന്ന, വംശത്തിന്റെ പ്രതിനിധി.

സ്വസമൂഹത്തിന്റെ ദുരവസ്ഥയിൽ നിന്ന് നീതിക്കുവേണ്ടി പോരാടാനിറങ്ങുമ്പോൾ,
അധികാരമോ, ജ്ഞാനമോ, സമ്പത്തോ കൈമുതലായില്ല. ഇവ മൂന്നും ഉപയോഗിച്ച് നീതിയെ അട്ടിമറിക്കാം എന്ന സാധ്യതകളുള്ള ഒരു രാജ്യത്ത്, നിയമത്തിൽ വിശ്വാസമർപ്പിച്ച് മുന്നോട്ടു പോകുന്ന സെങ്കനിയുടെ രാഷ്ടീയത്തെ വിലമതിക്കേണ്ടതുണ്ട്. അത് കേവലം വൈകാരികമല്ല. രാജാക്കണ്ണ് നഷ്ടപ്പെട്ടു എന്നറിഞ്ഞിട്ടും നീതി നടപ്പാകും വരെ ഉറച്ചു നില്ക്കുന്നുണ്ട് സെങ്കനി.

കടുത്ത മഴയിൽ അടർന്നു വീഴുന്ന ,കുനിഞ്ഞ് മാത്രം കടക്കാവുന്ന കൂരയിലാകെ അവർക്കുള്ള ആനന്ദം പരസ്പര സ്നേഹം മാത്രമാണ്. കല്ലിട്ട വീടെന്നൊരു മോഹമെങ്കിലും പൂർത്തിയാക്കാൻ, അനുദിനം മാടിനെപ്പോലെ പണിയെടുക്കുന്ന പുരുഷനെ കള്ളനെന്നു മുദ്രകുത്തി കവർന്നെടുത്ത അധികാര വ്യവസ്ഥക്കെതിരെയാണ് സെങ്കനി നിറവയറുമായി ഇറങ്ങിത്തിരിച്ചത്. അവളുടെ യാത്രയിലുടനീളം പീഡകൾ. ഇരുട്ടിൽ വന്നതിക്രമിച്ചു കയറി ചെകിടത്തടിച്ച് ഒരു പെണ്ണിനെ പൊലിസ് കൂരയിൽ നിന്നിറക്കുന്നെങ്കിൽ, അത് ഒരു ദളിത് സ്ത്രീയെ മാത്രമായിരിക്കും. താലിയിലെ ഒരു തരിമിന്ന്, കട്ടെടുത്ത സ്വർണ്ണമെന്നും നിറവയർ കണ്ട് കള്ള് ഒളിച്ചു കടത്തലെന്നും അപമാനിക്കുന്നത് ദളിതത്വത്തോടുള്ള നിർദ്ദയ സമീപനത്താൽ തന്നെ.. അതൊരു സ്ത്രീയുടെ മാത്രം, ഒരു ദേശത്തിലെ മാത്രം കദനമല്ല..

ജയ് ഭീം സിനിമയില്‍ നിന്നുള്ള രംഗം

പൊലിസുകാർ കള്ളക്കേസുകുടുക്കി മർദ്ദിച്ച് ജയിലിലേക്കയക്കുന്ന പുരുഷനെ കാത്തു നിന്ന് കുഞ്ഞിനെ ഒക്കത്തേന്തി കരഞ്ഞ പെണ്ണുണ്ട്. മുഖത്തടിയും പിടി വലിയുമേറ്റ്, സ്റ്റേഷനിലെത്തി ഉടു തുണി വലിച്ചു കീറിയ പൊലിസിനു മുന്നിൽ വാ കീറി കരയുന്ന സഹോദരിയുണ്ട്. പരാതി കേൾക്കാനെത്തിയ ഉയർന്ന പൊലിസധികാരിയോട്,
തന്റെ അപ്പൻ, തന്റെ ഭർത്താവ്, തന്റെ മകൻ ഇങ്ങനെ പരമ്പരയായി പൊലിസ് കള്ളക്കേസുണ്ടാക്കിയ ക്രൂരത പറഞ്ഞു കരഞ്ഞ അമ്മയുണ്ട്. പൊലിസിന്റെ ലൈംഗികാക്രമം സഹിക്കവയ്യാതെ കുറ്റം സമ്മതിക്കേണ്ടി വന്ന തന്റെ ഭർത്താവിനെ പറ്റി നൊന്തു പറഞ്ഞ സ്ത്രീയുണ്ട്. പീഡയനുഭവിക്കുന്ന ഓരോ ദളിത്പെണ്ണിന്റെയും പ്രതിനിധിയാണ് സെങ്കനി .ഇരുട്ടപ്പന്റെയും മൊസക്കുട്ടിയുടെയും വീടുകൾ പീഡനപർവത്തിലെ ഇരു കണ്ണികൾ മാത്രം.

പൊലിസ് സ്റ്റേഷന്റെ വരാന്തയിലിരുന്ന് മർദ്ദനമേറ്റവശനായ രാജാക്കണ്ണിന് വായിൽ വച്ചു കൊടുത്ത ഒരുരുള ഇറക്കാൻ വയ്യാത്തത് കണ്ട് അലറിക്കരയുന്ന സെങ്കനിയിൽ നിന്നാണയാളെ തട്ടിപ്പറിച്ചു വലിച്ചുകൊണ്ടു പോകുന്നത്.
"ആരേലും പോയി സ്വാധിനിക്കൂ" എന്നല്പമെങ്കിലും അലിവുള്ള പൊലിസുകാരൻ പറഞ്ഞതു കേട്ട് ഗ്രാമത്തിൽ, പ്രസിഡൻറിന്റെ അടുത്ത് …"അയ്യാ, കാപാത്തുങ്കോ "എന്നു കരയുന്ന സെങ്കനിയുണ്ട്. വോട്ടില്ലാത്ത ഇരുളരുടെ വോട്ടു കിട്ടിയിട്ടാണോ ഞാൻ പ്രസിഡൻറായത് എന്ന ഗർവ് ചോദ്യത്തിലുണ്ട് ഇവിടത്തെ രാഷ്ട്രീയം..

പൊലിസ് സ്റ്റേഷനിൽ ചെന്ന് പുരുഷനെ കാണാതായെന്ന പരാതി കൊടുക്കുമ്പോൾ, ഫോട്ടോ എവിടെയെന്ന ചോദ്യത്തിന് 'ഇല്ല' എന്നു നിസ്സഹായമായ മറുപടി പറയുന്ന സെങ്കനിക്ക് 'മുഖം കാണാതെ ആളെ എങ്ങനെ കണ്ടു പിടിക്കും, ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് ' എന്ന പരിഹാസമാണേല്ക്കുന്നത്. വംശപരമായ ചികിത്സാ അറിവിനാൽ ഉയിരിന്റെ വിലയറിഞ്ഞ് മരുന്നു ചെയ്യുന്നവളാണ്. പക്ഷേ പാമ്പുപിടിത്തമെന്ന പേരിൽ തിരുടുന്നവർ എന്ന അപമാനം ഏറ്റുവാങ്ങുന്നു സെങ്കനിയുടെ കുലം. അടിയാള അറിവുകൾ ജ്ഞാന കേന്ദ്രങ്ങളിൽ നിന്നെക്കാലവും പുറത്തു തന്നെ.

അധികാരപ്രയോഗവും ഭീഷണിയും അപമാനവും പണവും പ്രലോഭനവും അതിജീവിച്ച് നിശ്ചയദാർഢ്യത്തോടെ ആ ഇരുള സ്ത്രീ ഓരോ ചുവടും മുന്നോട്ട് വക്കുന്നു. ജീപ്പിനെ പിന്നിലാക്കി അവൾ നടക്കുന്നൊരു നടത്തമുണ്ട്. ഇനിയൊരു രാജാക്കണ്ണ് ഉണ്ടാകാതിരിക്കാൻ തെരുവിലിറങ്ങാനുള്ള ഊർജം നേടുന്നു, മുദ്രാവാക്യം വിളിക്കുന്നു, സമരം ചെയ്യുന്നു. ചെന്നൈ ഹൈക്കോടതിയിൽ പുതുചരിത്രം സൃഷ്ടിക്കുന്നു. "തോറ്റാൽ പോരാടി തോറ്റെന്നു മക്കളോട് പറയും " എന്നാണവൾ സമവായത്തിനെത്തുന്ന അധികാരികളോട് പറയുന്നത്.

ജയ് ഭീം സിനിമയില്‍ നിന്നുള്ള രംഗം

"കേസിൽ നിന്ന് പിൻമാറാൻ അവർ പാർവതിക്ക് ( സിനിമയിൽ സെങ്കനി ) ഒരു ലക്ഷം രൂപ നല്കാനൊരുങ്ങി. എന്നാൽ അവർ അത് നിരസിച്ചു. ഓർക്കണം നൂറ് രൂപ പോലും വരുമാനം ഇല്ലാത്തവർ ആണത് ചെയ്ത്, അവരെ നമ്മൾ ആദരവോടെ കാണണം '' എന്ന് ചന്ദ്രു രേഖപ്പെടുത്തിയിട്ടുണ്ട്.

മാനവികതയും മർത്യവീര്യവും ചിന്താശേഷിയുമുള്ള, നിയമത്തിന്റെ ശക്തിയറിയുന്ന ജസ്റ്റിസ് ചന്ദ്രുവിന്റെ സ്ഥൈര്യത്തെ മാനിക്കുന്നു. അധികാരവും ആധിപത്യവും ദുഷിപ്പിച്ച സിസ്റ്റത്തെ നിയമം കൊണ്ട് നേരിടാനാകുമെന്ന ആ ആത്മവിശ്വാസത്തെ ആദരിക്കുന്നു. അടിത്തട്ടിലെ മനുഷ്യർക്കായി സ്വന്തം കർമ്മ പഥത്തെ ഉഴിഞ്ഞുവച്ച മനുഷ്യനോട് സാദര സ്നേഹമുണ്ട്. അപൂർവമാണ് അത്തരം മനുഷ്യർ. സൂര്യയുടെ നായകത്വത്തിന്റെ മിന്നലാട്ടങ്ങൾ കാണുമ്പോഴും,
അതിമാനുഷികതകൾ ഉപേക്ഷിച്ച്,അനീതിക്കെതിരെയുള്ള മൂർച്ചയുള്ള ആയുധം നിയമമാണ് അക്രമമല്ല എന്ന് നിലത്തു നില്ക്കുന്നു സിനിമ.

പക്ഷേ ചന്ദ്രുമാർ ഉണ്ടാവുന്നതിനേക്കാൾ എത്രയോ മടങ്ങ് പ്രയാസകരമാണ് ഇന്നാട്ടിൽ സെങ്കനിമാരുണ്ടാവുക എന്നത്.
ചന്ദ്രുവിന് വെളിച്ചമായി
മാർക്സുണ്ട്, ലെനിനുണ്ട്, പെരിയോരുണ്ട്, അംബേദ്കറുണ്ട്.
സെങ്കനിയാരുമല്ല..
അവൾക്കൊരു പ്രിവിലേജുമില്ല.
അറിവും അർഥവും ആശ്രയങ്ങളും നിഷേധിക്കപ്പെട്ടവൾ.
പൂർണ്ണ ഗർഭിണിയായ
ഒരു ആദിവാസി സ്ത്രീ.

ഉടൽ അൽപ്പം കറുപ്പിച്ചെടുത്ത നായികയുടെ (ലിജോമോളുടെ ) ശരീരത്തിൽ നിന്ന്, ഒരു ജീവകാലം മുഴുവൻ ഇരുണ്ടു പോയ സെങ്കനിയുടെ ജീവിതമോർത്താൽ. പിന്നെയത് കേവലം സിനിമയായത് കാണാനാവില്ല.പോരാട്ടത്തിനിറങ്ങുന്ന ഒരു ദളിത് സ്ത്രീ അനുഭവിക്കേണ്ട വേദനയുടെ കനം, കാലങ്ങളായുള്ള വംശപീഢയുടെ കനമാണ്.

കാലം അങ്ങു ദൂരെയല്ല. 1990കളാണ്, അന്തകാലമൊന്നുമല്ല. ദാ ഓർമ്മയുടെ തൊട്ടടുത്ത്..തമിഴ്നാട്ടിലെ ഗൂഡല്ലൂരിലെ കാമപുരം പൊലിസ് സ്റ്റേഷനിൽ ക്രൂരമായ നരനായാട്ടിനു വിധേയനായി രാജാക്കണ്ണ് കൊല്ലപ്പെട്ടത് ജാത്യധികാര ഊറ്റ

ഇന്ത്യയുടെയും പൊലിസ് അരാജകത്വത്തിന്റെയും ക്രൂരചരിത്രഹത്യകളിലെ തുടർക്കഥ മാത്രം. സ്വാതന്ത്ര്യം നേടി വർഷങ്ങൾ കഴിഞ്ഞിട്ടും ,ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്ന കപട കാല്പനിക കുളിർമയുണ്ടാക്കുന്ന നാട്ടിൽ അതിന് നിർബാധം നിരവധി തുടർച്ചകളുണ്ടാവുന്നു.അത് തമിഴ്നാട്ടിലല്ലേ എന്ന അകൽച്ചയില്ല.. ആദിവാസി മധുവിന്റെ കൊല മറന്നു പോയിട്ടില്ല. ദളിതരായ മനുഷ്യരെ ജാതിപ്പേരിൽ കുറ്റവാളികളാക്കുന്ന, അവരുടെ മേലുള്ള ക്രൂര പീഢനങ്ങൾക്ക് ഒരാളും ചോദിക്കാനും പറയാനും ഉണ്ടാകേണ്ടതില്ല എന്ന വിധിയുണ്ടാകുന്ന ഇന്ത്യാ രാജ്യത്ത് നൂറുകണക്കിന് ദളിത്ഹത്യകൾ /ജാതി വേട്ടകൾ /ജാതിയപമാനങ്ങൾ തുടരുകയാണ്. എന്തിന്, കറുത്തവൻ കള്ളനാവുന്ന, കറി പൗഡർ ബ്രാഹ്മിൺസാകുന്ന നാട്ടിൽ തന്നെയാണ്..

ഡോ. ബി ആര്‍ അംബേദ്കര്‍

"Law is the powerful weapon.''

അനീതികൾക്കുള്ള പരിഹാരം നിയമമാണ് എന്നാണ് പ്രതീക്ഷ.ആ നിയമത്തെയും മറികടക്കാൻ അധികാരവർഗം തന്ത്രം മെനയുമ്പോൾ പോലും നീതിന്യായത്തെ മുറുകെപ്പിടിക്കാൻ ധൈര്യം കാണിച്ച സെങ്കനിയിലാണ് 'ജയ് ഭീം.' ഒരു ഇരുള സ്ത്രീ, ജാതിയുടെയും അധികാരികളുടെയും നിയമപാലകരുടെയും നേർക്കുനേരെ നിന്ന്, നീതിക്കുവേണ്ടി ഉച്ചിയും കാലും വെന്ത്, തന്റെ മൂത്ത പെൺകുഞ്ഞിന്റെ വിരലും പിടിച്ച് മൺകൂര വിട്ടിറങ്ങുന്ന പോരാട്ട ചരിത്രമായി 'ജയ് ഭീമി'നെ കാണുന്നു. അവൾക്ക് അംബേദ്ക്കറെ അറിവില്ലായിരിക്കാം. ചരിത്രത്തിൽ നിന്ന് അംബേദ്ക്കറെ അടർത്തിയകറ്റുന്നവരുടെ ലോകം തന്നെയാണിത്. "നെഹ്റു, ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ് മുഖ്യമായ എല്ലാ തലൈവരുമുണ്ടല്ലോ, അംബേദ്കർ മാത്രം എന്താണില്ലാത്തത് " എന്ന് ചന്ദ്രുവിന്റെ ചോദ്യമുണ്ടല്ലോ.പക്ഷേ അംബേദ്ക്കർ ജീവിക്കുന്നത് ചുമരിലെ നിശ്ചലതകളില്ല, വിഗ്രഹത്തിൽ ചാർത്തും മാലകളിലല്ല. സാമാന്യ മനുഷ്യർക്കുള്ള നീതികളിലാണ്. നീതി തേടുന്ന സെങ്കനിയെ പുതു കണ്ണകിയെന്ന്, ചട്ടം പുതു ചിലപ്പതികാരമെന്നാണ് ചന്ദ്രു കോടതിയിൽ ഉപസംഹരിക്കുന്നത്.. വിരലിൽ മഷി മുക്കി ഒപ്പു പതിക്കുന്ന സെങ്കനിയിൽ നിന്ന്, അല്ലിയെന്ന പേര് സ്ളേറ്റിലെഴുതുന്ന, കാലിൻമേൽ കാലു കയറ്റി ഇരുന്ന് പത്രം വായിക്കുന്ന അല്ലിമാരിലൊരാൾ ജസ്റ്റിസ് അല്ലിയാകുമ്പോഴാണ് വാസ്തവത്തിൽ "Jai Bhim is light "എന്നത് ഫലവത്താകുക.

അടിച്ചേല്പിക്കപ്പെട്ട അടിമത്തത്തിന്റെ ചുമടും താങ്ങി അധികാരപ്രയോഗത്തിനെ അതിജീവിച്ച് നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകുന്ന ദളിത് സ്ത്രീ ഇരയനുതാപങ്ങളാൽ ചുരുക്കപ്പെടേണ്ടവളല്ല.. നടു മടക്കി മാത്രം കടക്കാനാവുന്ന കൂരയിൽ നിന്ന് മനുഷ്യക്കൂട്ടങ്ങളുടെ തുറസിലെത്തിയ പെണ്ണിന്റെ രാഷ്ട്രീയമാണ് ചർച്ച ചെയ്യപ്പെടേണ്ടത്. സാമൂഹിക ഇടത്തിൽ ദളിത് പ്രതിനിധാനത്തെ സ്ഥാപിച്ചെടുക്കുന്നതിന്റെ പ്രാധാന്യം സെങ്കനി തന്റെ പോരാട്ടത്തിലൂടെ തെളിയിക്കുന്നു . ആ യാത്രയിലുടനീളം സെങ്കനി, മകൾ അല്ലിയെ കൂടി ഒപ്പം ചേർക്കുന്നു.. അമ്മയുടെ നോവും വേവും കണ്ട അല്ലിയാണൊടുവിൽ കാലിൻ കാലു കയറ്റി അക്ഷരം കൂട്ടി വായിക്കുന്നത്. അങ്ങനെയാണ് സിനിമ കാലങ്ങളായി തുടരുന്ന ഇരവല്ക്കരണ ചിത്രീകരണത്തിൽ നിന്ന് മാറിനില്ക്കുന്നത്.

ജയ് ഭീമിലെ സെങ്കനിയിപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്നാണറിവ്. തങ്ങൾക്കു ചുറ്റുമുള്ള സെങ്കനിമാരുടെ ജീവിതം എങ്ങനെ തുടരുന്നു എന്ന കണ്ടെത്തലിലും ബോധ്യത്തിലും, യഥാർത്ഥത്തിൽ കാണിക്കും നാളിതുവരെ ശീലിച്ച ഇരസഹതാപത്തിൽ നിന്നും പുറത്തു കടക്കാനാവട്ടെ..

Leave a comment