ജെയിംസ് ലവ് ലോക്ക്; ജീവന്റെ വഴി തേടുന്നവരിലേക്ക് ബാക്കിനിർത്തിയ പാത
PHOTO: WIKI COMMONS
"ബഹിരാകാശയാത്രയിൽ എന്റെ മനസ്സിനെ പ്രചോദനം കൊള്ളിക്കുന്നതെന്താണെന്നോ? മനുഷ്യരാശിക്കാദ്യമായി പുറംലോകത്തു നിന്നു കൊണ്ട് ഭൂമിയെ നോക്കിക്കാണാനും പുതിയ കുറെ ചോദ്യങ്ങളുന്നയിക്കാൻ അവസരം ലഭിച്ചു എന്നതുമാണ്.
ചന്ദ്രനിൽ ജീവന്റെ ലാഞ്ചനയുണ്ടോ എന്നതിൽ നിന്നും എന്റെ അന്വേഷണം പിന്നെ ഭൂമിയിലേക്ക് തിരിഞ്ഞു. ഭൂമിയുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനത്തിലായി ശ്രദ്ധ മുഴുവൻ. ഗയ (GAIA) സിദ്ധാന്തം ആവിഷ്കരിക്കുന്നതങ്ങിനെയാണ്. ഭൂമിയിലെ സമസ്ത ജീവനും, വൈറസ് മുതൽ തിമിംഗലം വരെ ഒരേ ഒരു സത്തയുടെ ഭാഗമാണ്. അവയ്ക്ക് ആവശ്യാനുസരണം തനിക്ക് യോജിക്കും വിധം തന്റെ ചുറ്റുപാടുകളിൽ സ്വാധീനം ചെലുത്താനും സാധിക്കും. ഗയ സിദ്ധാന്തത്തിന്റെ ഉണ്മ ഇതാണ്.
ഭൂമിയുടെ അന്തരീക്ഷം, അതിലെ മൂലകങ്ങളുടെ നിരന്തരമായ ചാക്രികത എന്നിവ ഊർജ്ജസ്വലതയോടെ, നിലനിർത്താനും നിയന്ത്രിക്കാനും ജൈവമണ്ഡലത്തിന് കഴിയുന്നുണ്ടോ എന്ന് ഈ സിദ്ധാന്തവുമായി ബന്ധപ്പെട്ട് ദീർഘകാലത്തെ പഠനങ്ങൾ ആവശ്യപ്പെടുന്നു. പക്ഷെ നമുക്കറിയുന്നതെന്തെന്നാൽ അന്തരീക്ഷത്തിന്റെ രസതന്ത്രം നാം പഠിക്കുന്ന രസതന്ത്രനിയമങ്ങളെ തള്ളിക്കളയുന്നു എന്നതാണ്. ഓക്സിജൻ ഒരു ജൈവിക ഉല്പന്നമാണ്. അതുപോലെ അന്തരീക്ഷം ഒരു ജൈവീക ഉല്പന്നമല്ല. മറിച്ച് അന്തരീക്ഷം ഒരു ജൈവ നിർമ്മിതിയാണ്. പൂച്ചയുടെ രോമക്കുപ്പായം പോലെ, അതുമല്ലെങ്കിൽ ഒരു പക്ഷിയുടെ തൂവൽ പോലെ, ജീവനുള്ള ഒരു വ്യവസ്ഥയുടെ തുടർച്ച. ഒരു പ്രത്യേക പരിസരം പരിപാലിച്ച് നിലനിർത്താനുതകും വിധം രൂപകല്പന ചെയ്യപ്പെട്ട ഒരു വ്യവസ്ഥയാണ് അന്തരീക്ഷം.
ഗയ ഒരു സങ്കീർണ്ണമായ ഉണ്മയാണ്. അതിൽ ഭൂമിയുടെ ജൈവമണ്ഡലം. അന്തരീക്ഷം, മണ്ണ്, സമുദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. അവയുടെ സമ്പൂർണ്ണതയിൽ പ്രതിപ്രവർത്തിച്ച് ഈ ഗ്രഹത്തിലെ ജീവൻ നിലനില്ക്കാൻ ഏറ്റവും അനുയോജ്യമായ രാസഭൗതിക പരിസരം സൃഷ്ടിച്ചെടുക്കണം.
ഗയ എന്നത് ഒരു സിദ്ധാന്തമായി കണക്കാക്കിയേക്കാം. എന്നാൽ ഒട്ടനവധി തെളിവുകൾ സൂചിപ്പിക്കുന്നത് ഈ വ്യവസ്ഥയിലെ ഒട്ടനവധി ഘടകങ്ങൾ പ്രവർത്തിക്കുന്നത് ഈ സിദ്ധാന്തം വിവക്ഷിക്കുന്ന രീതിയിലാണ്. അതിനിടയിൽ മനുഷ്യനെന്ന ജീവിവർഗ്ഗം തങ്ങളുടെ അധീനതയിലുള്ള വ്യവസായങ്ങളുടെ സഹായത്തോടെ ഭൂമി എന്ന ഗ്രഹത്തിന്റെ ഭൂരിപക്ഷം രാസചാക്രികതകളിലും ഗണ്യമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കാർബൺ ചാക്രികത നാം 20 ശതമാനം വർദ്ധിപ്പിച്ചു. നൈട്രജൻ ചാക്രികത 30 ശതമാനമാണ് വർദ്ധിപ്പിച്ചത്. എതാണ്ട് 100 ശതമാനത്തോളം സൾഫർ ചാക്രികതയിൽ മാറ്റം വരുത്തിയിട്ടുണ്ട്. വായു, ജലം, ഭക്ഷ്യ ശൃഖല എന്നിവയില്ലെല്ലാം വിഷം ഒഴുക്കി വിട്ടു. ഭൗമഗ്രഹത്തിന്റെ ഹരിതകവചത്തെ കുറച്ചു. നമ്മുടെ വ്യവസായ ശാലകളിൽ നിന്ന് പുറം തള്ളുന്നവ അന്തരീക്ഷത്തിന്റെ ഉപരിതലത്തോളം എത്തി. നമ്മുടെ എണ്ണത്തെപ്പോലെ പ്രകൃതി ബന്ധങ്ങളിലെ താളഭംഗങ്ങളും വർദ്ധിക്കുന്നു.
ബയോസ്ഫിയറാണ് (ജൈവ മണ്ഡലം) അന്തരീക്ഷത്തെ നിയന്ത്രിക്കുന്നതെങ്കിൽ അത്തരം നിയന്ത്രണ വ്യവസ്ഥകളെ ഒരിക്കലും താറുമാറാക്കരുത്. എന്ത് തന്നെയായാലും നമ്മുടെ ഓരോ കാൽവെപ്പും മുൻകരുതലോടെ തന്നെയാകണം. എന്നാലേ സങ്കീർണ്ണമായ ദുരന്തങ്ങളെ ഒഴിവാക്കാനാകൂ. നാം ആഗ്രഹിക്കാത്ത പ്രതിപ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ പറ്റൂ. ഭൗമപരിപാലന സാങ്കേതിക വിദ്യയുമായി ജീവിതാന്ത്യം വരെയുള്ള പ്രവർത്തനങ്ങൾക്കായി സ്വയം ഇറങ്ങിതിരിച്ചിരിക്കുകയാണെന്ന് ഒരു സുപ്രഭാതത്തിൽ നാം അറിയുന്നു. അപ്പോഴും നാം, ഭൂമി എന്ന ബഹിരാകാശ കപ്പലിൽ യാത്രചെയ്യുകയായിരിക്കും.
ഗയയുമായി സുസ്വരതയിൽ പോകുന്ന വിവേകമുള്ള ഒരു സാമ്പത്തിക-സാങ്കേതിക വിദ്യ നാം കൈവരിക്കുമെന്ന് ഞാൻ ആഗ്രഹിക്കുന്നു വിശ്വസിക്കുന്നു. "പ്രകൃതിയിലേക്ക് മടങ്ങാം" എന്ന വിപ്ലവാത്മകമായ പ്രചാരണത്തേക്കാളും മേൽ ലക്ഷ്യത്തിലെത്താൻ സഹായിക്കുക സാങ്കേതികവിദ്യകളെ പരിഷ്കരിക്കുന്നതിലൂടെയായിരിക്കും. ഉയർന്ന തലത്തിലുള്ള സാങ്കേതിക വിദ്യകൾ എല്ലാ അർത്ഥത്തിലും ഊർജ്ജാധിഷ്ഠിതമായിരിക്കും. ഒരു സൈക്കിളോ, യന്ത്രമില്ലാതെ പറക്കുന്ന ഉപകരണങ്ങളോ ആധുനിക തുഴകപ്പലുകളോ ഒക്കെ ഒരു നിമിഷം ഓർമ്മയിലെത്തട്ടെ. അവയൊക്കെ പ്രകാശം തരുന്ന ഒരു ബൾബിനെക്കാളും കുറച്ച് വൈദ്യുതിയേ ഉപയോഗിക്കുന്നുള്ളൂ. ഗയയുടെ ഘടകങ്ങളായ ഊർജ്ജം, ജലം, വായു, കാലാവസ്ഥ എന്നിവയുടെ അളവ് അപരിമിതമാണ്. അവ സ്വയം ശുദ്ധീകരിക്കാൻ കഴിവുള്ളതുമാണ്. നമ്മെ ഓരോരുത്തരേയും ലക്ഷപ്രഭുവാക്കാനുള്ള അന്തർശക്തി അവയ്ക്കുണ്ട്. ചുരുക്കത്തിൽ ആ അന്തർശക്തി നമുക്കുമുണ്ടാകണം. ചുരുങ്ങിയത് ഗയയുടെ അടിത്തറ തോണ്ടാതെ ഗയയോടൊപ്പം എങ്ങിനെ കഴിയുമെന്നുള്ള ബുദ്ധിസാമർഥ്യമെങ്കിലും നാം തേടിയിരിക്കണം."
103ാമത്തെ വയസ്സിൽ 2022 ജൂലായ് 26 ന് മരണപ്പെട്ട ജെയിംസ് ഇ ലവ്‌ലോക്കിന്റെ വാക്കുകളാണിവ. ഗയ സിദ്ധാന്തത്തിന്റെ ഉപജ്‌ഞാതാവായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. ഭൂമിദേവി എന്ന അർത്ഥം വരുന്ന ഒരു ഗ്രീക്ക് പദമാണ് ഗയ എന്നത്. ആരോഗ്യ ശാസ്ത്രത്തിൽ പി.എച്ച്.ഡി ബിരുദമെടുത്ത ലവ്‌ലോക്ക് ഒരു ജീവിയെപ്പോലെയാണ് ഭൂമി എന്നും ഒരു ജീവിയെ പോലെ തന്നെ സ്വയം നിയന്ത്രിച്ച് കൊണ്ടേയിരിക്കുന്ന ഒരു വ്യവസ്ഥയാണെന്നും സിദ്ധാന്തിച്ചു.
ജീവനുള്ളവയെല്ലാം തന്നെ അജൈവ ചുറ്റുപാടുകളുമായി കൂട്ടുചേർന്ന് പ്രവർത്തിച്ച് സ്വയം നിയന്ത്രിക്കുന്ന സങ്കീർണ വ്യവസ്ഥയായി തുടരുമ്പോൾ തന്നെ ഭൂമിയിലെ ഇതര ജീവനുകളുടെ സ്ഥായിയായ നിലനിൽപ്പിനു ഉതകുന്ന സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. ഭൂമിയിൽ മാത്രമാണ് ജീവൻ നിലനിൽക്കുന്നതായി മനുഷ്യന് അറിയാവുന്നത്. അതിനാൽ നമുക്കറിയാവുന്ന ജീവ സാഹചര്യങ്ങൾ ഉപയോഗിച്ച് അറിയപ്പെടാത്ത ജീവനാവശ്യമായ ആവാസ ഇടങ്ങൾ പ്രവചിക്കാൻ സാധിക്കുമെന്ന് ലവ്ലോക്ക് കരുതുന്നു.
ആഗോള താപനിലയുടെ സുസ്ഥിരത സമുദ്രജലത്തിന്റെ ലവണത്വം, അന്തരീക്ഷ ഓക്സിജന്റെ നില, ദ്രവ ജലത്തിന്റെ അവസ്ഥാ മാറ്റങ്ങളുടെ പാലനം, ഭൂമിയില്‍ ജീവനിഷേധം വരുത്തുന്ന പാരിസ്ഥിതിക വ്യതിയാനങ്ങള്‍ എന്നിവ ഗയ സിദ്ധാന്തവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.
പാരിസ്ഥിതിക സാഹചര്യത്തിനനുസരിച്ച് ജീവന്‍ ഉരുത്തിരിയുന്നു. അവ അജൈവ പരിസരത്തെ സ്വാധീനിക്കുന്നു. മാത്രമല്ല പരിസര ഘടകങ്ങളെല്ലാം തിരികെ ജീവനെ പരിണാമ വഴിയില്‍ സ്വാധീനിക്കുകയും ചെയ്യുന്നു. വിശ്രമമില്ലാതെ, കഠിനമായ അന്വേഷണ ത്വരയിലൂടെ ജീവന്റെ നിലനില്‍പ്പിന് അജൈവ-ജൈവ ബന്ധങ്ങളിലെ അത്ഭുത പരതന്ത്രരാക്കുന്ന കണ്ണികള്‍ തേടിയുള്ള യാത്ര ജെയിംസ് ഇ ലവ് ലോക്ക് അവസാനിപ്പിച്ചിരിക്കുന്നു. ജീവന്റെ വഴി തേടുന്നവരെ ആ പാത കാത്തിരിക്കുന്നു.