TMJ
searchnav-menu
post-thumbnail

Outlook

രാജ്ഭവനുകളിൽ കൊല്ലപ്പെടാൻ മനസില്ലാത്ത പെണ്ണുങ്ങളുടെ ജയ ഹേ

08 Nov 2022   |   1 min Read
Stalin K

തുടക്കം ജയയിൽ നിന്നല്ലാത്തതും ജയയുടെ ജീവിതത്തിലവസാനിക്കാത്തതുമായ സാമൂഹിക പ്രശ്നമാണ് ജയ ജയ ജയ ജയ ഹേ എന്ന സിനിമയുടെ പ്രമേയം. വിപിൻ ദാസ് സംവിധാനം ചെയ്ത സിനിമ ചിരിയും ചിന്തയുമുണർത്തി സ്ക്രീനുകളിൽ നിറയുകയാണ്. വ്യവസ്ഥിതി അനുശാസിക്കുന്ന അലിഖിതനിയമങ്ങളുടെ അതിരുകൾ ലംഘിക്കാതെ 'അച്ചടക്കത്തോടെ' ആജീവനാന്തം അനുസരണയുള്ളവരാകാൻ നിർബന്ധിക്കപ്പെടുന്ന എല്ലാ സ്ത്രീകളുടേയും പ്രതിനിധിയാണ് ജയ എന്ന ജയഭാരതി. സ്ത്രീജീവിതത്തിലെ സംഘർഷങ്ങൾ സിനിമാ സ്ക്രീനിലെത്തുന്നത് ആദ്യമായല്ല. സ്ത്രീയുടെ താല്പര്യത്തിന് വിരുദ്ധമായ വിവാഹവും തുടർന്ന് ഭർത്തൃവീട്ടിൽ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളും അമ്മായിയമ്മ-മരുമകൾ ഏറ്റുമുട്ടലുകളും ഭർത്താവിൽനിന്ന് ഏറ്റുവാങ്ങേണ്ടി വരുന്ന പീഡനങ്ങളുമെല്ലാം പലതവണ സിനിമയിലാവിഷ്കൃതമായിട്ടുണ്ട്. പുരുഷ താരങ്ങളെ അമാനുഷിക സൂപ്പർ താരങ്ങളാക്കുകയും സ്ത്രീ കഥാപാത്രങ്ങളെ കരുത്തനായ നായകന് കീഴ്‌പ്പെടുന്ന, എല്ലാ തെറ്റുകളും മറന്ന് നായകനെ സ്നേഹിക്കുന്ന സർവ്വംസഹയായ വിശുദ്ധ സങ്കൽപ്പങ്ങളാക്കി മാറ്റുകയും ചെയ്യുന്ന പതിവ് വ്യവസായിക സിനിമ ഇപ്പോഴും തുടരുന്നുണ്ട്. ഇന്നോളമുള്ള മലയാളസിനിമയിലെ മഹിളാ കഥാപാത്രങ്ങളെല്ലാം അങ്ങനെയാണെന്നല്ല. മറിച്ചുള്ളവയും ധാരാളമുണ്ട്. ശരപഞ്ജരത്തിൽ ഷീലയവതരിപ്പിച്ച സൗദാമിനി, പത്മരാജന്റെ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോഫിയ, തൂവാനതുമ്പികളിലെ ക്ലാര തുടങ്ങിയ കഥാപാത്രങ്ങൾ സാമ്പ്രദായിക ജീവിതത്തിന്റെ അതിരുകൾ മുറിച്ചുകടന്നവരിൽ ചിലരാണ്. റോഷൻ ആഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു സിനിമയിൽ മഞ്ജുവാര്യർ അവതരിപ്പിച്ച കഥാപാത്രം നിരുപമ, 22 ഫീമെയിൽ കോട്ടയത്തിലെ ടെസ്സ, മായാ നദിയിലെ അപർണ്ണ, മഹേഷിന്റെ പ്രതികാരത്തിലെ ജിംസി, ബാംഗ്ലൂർ ഡെയ്സിലെ സാറ, ഉയരെയിലെ പല്ലവി രവീന്ദ്രൻ. ഈ അടുത്തകാലത്ത് പുറത്തിറങ്ങിയ റേഷാക്കിൽ ഗ്രേസ് ആന്റണി അവതരിപ്പിച്ച സുജാത, ബിന്ദുപണിക്കരവതരിപ്പിച്ച സീത എന്നിങ്ങനെ ഒരുപിടി മികച്ച സ്ത്രീ കഥാപാത്രങ്ങൾ നമുക്കുമുന്നിലുണ്ട്. സിനിമയിൽ സ്ക്രീൻ സ്പേയ്സുള്ള കഥാപാത്രങ്ങളാണ് എന്നത് മാത്രമല്ല കഥാഗതിയിൽ നിർണ്ണായക സ്വാധീനമുള്ള റോളുകൾ തന്നെയാണിവയൊക്കയും. വാണിവിശ്വനാഥും വിജയ് ശാന്തിയും അവതരിപ്പിച്ച ആക്ഷൻ കഥാപാത്രങ്ങളും അവിസ്മരണീയം തന്നെ. ഇതിന്റെയെല്ലാം സ്വാഭാവികമായ തുടർച്ചയും വളർച്ചയുമാണ് ജയ ഹേ.

കഥാപാത്രങ്ങൾ, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ എന്നിങ്ങനെ ചലച്ചിത്രരംഗത്ത് എല്ലാ തലത്തിലും സ്ത്രീപങ്കാളിത്തം അനിവാര്യഘടകമായിത്തീർന്നിട്ടുണ്ട്. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും അഹോരാത്രം പണിയെടുക്കുന്ന പ്രതിഭാശാലികളായ സ്ത്രീകൾക്ക് തുല്യപങ്കാളികളെന്ന നിലയിലുള്ള മാന്യമായ വേതനവും പരിഗണനയും ലഭിക്കണമെന്ന ആവശ്യത്തിൽ നിന്നാണ് വിമൺ ഇൻ സിനിമ കളക്റ്റീവ് കൂട്ടായ്മ രൂപപ്പെടുന്നത്. സ്ത്രീജീവിതത്തിലെ പ്രശ്നങ്ങൾ ആവിഷ്കരിച്ച സിനിമകളും പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തോട് പ്രതിഷേധിക്കുന്നതും പ്രതിരോധമുയർത്തുന്നതുമായ സ്ത്രീകൾ കേന്ദ്രകഥാപാത്രമായിട്ടുള്ള നായികാപ്രാധാന്യമുള്ള സിനിമകളും പല സമയങ്ങളിലായി വെള്ളിത്തിരയിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നായകനോടൊപ്പം പ്രാധാന്യമുള്ള കഥാപാത്രങ്ങളും പൂർണ്ണമായും നായികാകേന്ദ്രീകൃതമായ സിനിമകളുമുണ്ടായി. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിൽ രമേശൻ എന്ന നായകകഥാപാത്രത്തിനൊപ്പം പ്രാധാന്യമുണ്ട് മീരാജാസ്മിൻ അവതരിപ്പിച്ച ശിവാനിക്കും ബിന്ദുപണിക്കർ അവതരിപ്പിച്ച ദേവുമ്മയ്ക്കും. ക്ലാരയും ജയകൃഷ്ണനും ചേരുമ്പോൾ മാത്രമേ തൂവാനതുമ്പികൾ സാധ്യമാവുകയുള്ളൂ. ശാപംകിട്ടിയ ഗന്ധർവ്വനും ഭാമയുമുണ്ടെങ്കിലേ ഞാൻ ഗന്ധർവ്വനുണ്ടാവുകയുള്ളൂ. ആനപ്പാറയിലച്ചാമ്മയും അഞ്ഞൂറാനും കൊമ്പുകോർത്തില്ലെങ്കിൽ ഗോഡ്ഫാദറില്ല. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലും 22 ഫീമെയിൽ കോട്ടയത്തിലും ഉയരെയിലും തുല്യസ്ഥാനത്തല്ല താക്കോൽസ്ഥാനത്താണ് സ്ത്രീകളുള്ളത്. സ്ത്രീകഥാപാത്രങ്ങൾക്ക് തുല്യപ്രാധാന്യം നൽകിയ സിനിമകളിലും സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കിയ സിനിമകളിലും സ്ത്രീജീവിതത്തിന്റെ സംഘർഷാത്മകമായ പല അടരുകൾ വിവിധ വീക്ഷണകോണുകളിൽ നിന്നാണ് ആവിഷ്ക്കരിക്കപ്പെട്ടത്. പുരുഷകേന്ദ്രീകൃത സമൂഹത്തിന് സ്ത്രീയോടുള്ള സമീപനവും സ്ത്രീവിമോചന ആശയങ്ങളുമെല്ലാം ഇടകലർന്ന് പ്രതിഫലിച്ചിട്ടുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ നാമ്പാണ് ജയ ഹേ. ഇതുവരെ സ്ക്രീനിൽ കാണാത്ത ഒന്ന് എന്ന് കഥയെയോ കഥനത്തെയോ വിശേഷിപ്പിക്കാനാവില്ല. എങ്കിലും ജയ ഹേ നമ്മുടെയെല്ലാം ജീവിതത്തോട് അടുത്ത് നിൽക്കുന്ന ഒന്നാണ്. ഉയരെയിലെ പല്ലവി രവീന്ദ്രൻ, 22 ഫീമെയിൽ കോട്ടയത്തിലെ ടെസ്സ, ഹൗ ഓൾഡ് ആർ യുവിലെ നിരുപമ എന്നിവരെല്ലാം നമുക്കുചുറ്റുമുള്ളവർ തന്നെയാണ്. പല്ലവിയുടെ മുഖത്ത് ആസിഡ് വീഴുമ്പോൾ നമുക്കും പൊള്ളലേൽക്കുന്നുണ്ട് എന്നതും ശരിയാണ്. ജയ ഹേ യിലെ ജയഭാരതി രണ്ടാംകിട പൗരൻമാരായി ജീവിക്കുന്ന എല്ലാസ്ത്രീകളുടേയും മുഴുനീള ജീവിതമാണ് കാണികൾക്കു മുന്നിലവതരിപ്പിക്കുന്നത്.

ഉയരെ സിനിമയിലെ രംഗം

ആക്രമണോത്സുകമായ ആണധികാരത്തോട് ശാരീരികമായും മാനസികമായും ജയ നടത്തുന്ന ചെറുത്തുനിൽപ്പുകളാണ് സിനിമയെ ചലനാത്മകമാക്കുന്നത്. 'നീ കൊടുത്തിട്ടു വേണോ അവൾക്ക് സ്വാതന്ത്ര്യം കിട്ടാൻ' എന്ന് ജഡ്ജ് ചോദിക്കുമ്പോൾ രാജേഷും ബന്ധുവായ അനിലും ഒരു മാത്ര നിശബ്ദരായിപ്പോകുന്നുണ്ടെങ്കിലും സ്ത്രീകളുടെ സ്വയംനിർണ്ണയാവകാശം പുരുഷന്റെ ഔദാര്യമാണ് എന്ന യുക്തിയിലാണ് അവരപ്പോഴും ഉറച്ചുനിൽക്കുന്നത്.

ജയയുടെ ജീവിതത്തിലെ ഒരു സംഭവമോ ഒരനുഭവമോ മാത്രമായൊതുങ്ങുന്നില്ല ഈ സിനിമ. കുട്ടിക്കാലത്ത് കളിക്കുന്ന സമയത്ത് അവളെമാത്രം പറങ്കിമാവിൻ കൊമ്പിൽ നിന്ന് താഴെയിറക്കുന്നതു മുതൽ വിവാഹം നിശ്ചയിക്കുന്നതും വിവാഹാനന്തര ജീവിതത്തിലെ ഓരോ നിമിഷങ്ങളും പുരുഷയുക്തികളാൽ നിയന്ത്രിക്കപ്പെടുന്ന അനേകായിരം സ്ത്രീകളുടെ ചാക്രിക ജീവിതത്തിൽ ജയയും കണ്ണിചേർക്കപ്പെടുന്നു. ആക്രമണോത്സുകമായ ആണധികാരത്തോട് ശാരീരികമായും മാനസികമായും ജയ നടത്തുന്ന ചെറുത്തുനിൽപ്പുകളാണ് സിനിമയെ ചലനാത്മകമാക്കുന്നത്. 'നീ കൊടുത്തിട്ടു വേണോ അവൾക്ക് സ്വാതന്ത്ര്യം കിട്ടാൻ' എന്ന് ജഡ്ജ് ചോദിക്കുമ്പോൾ രാജേഷും ബന്ധുവായ അനിലും ഒരു മാത്ര നിശബ്ദരായിപ്പോകുന്നുണ്ടെങ്കിലും സ്ത്രീകളുടെ സ്വയംനിർണ്ണയാവകാശം പുരുഷന്റെ ഔദാര്യമാണ് എന്ന യുക്തിയിലാണ് അവരപ്പോഴും ഉറച്ചുനിൽക്കുന്നത്. ജയയുടെ അച്ഛനും അമ്മയും അമ്മാവനും ചേട്ടനുമെല്ലാം ഇതേയുക്തിയുടെ തടവിലാണ്. പഠിക്കാനുള്ള പുസ്തകത്തിലും യൂണിഫോമിലും എന്ത് പഠിക്കണമെന്ന തെരഞ്ഞെടുപ്പിലും ജയയുടെ അഭിപ്രായങ്ങൾ അടിച്ചമർത്തപ്പെടുകയാണ്. പഠനം, വസ്ത്രം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീകളുടെ ഇഷ്ടങ്ങൾക്ക് അല്പമെങ്കിലും ഇടം കിട്ടിയേക്കാം എന്നാൽ വിവാഹകാര്യത്തിലാണ് ഏറ്റവും കുറഞ്ഞ അളവിലുള്ള അഭിപ്രായ സ്വാതന്ത്ര്യമുള്ളത്. അച്ഛനും അമ്മാവനും അവളുടെ ഇഷ്ടങ്ങൾ നിയന്ത്രിക്കുമ്പോൾ കോളേജ് മാഷായ പുരോഗമനവാദിയായ കാമുകൻ അവളുടെ ഉടുപ്പും ഹെയർ സ്റ്റൈലും ഫേസ്ബുക്ക് അക്കൗണ്ടും വരെ നിയന്ത്രിക്കുന്നു. രാജേഷിനിഷ്ടം ഇടിയപ്പവും കടലക്കറിയുമായതിനാൽ ആ വീട്ടിലെ ജയയടക്കമുള്ള മൂന്ന് സ്ത്രീകൾ നിത്യവും ആവർത്തനത്തിന്റെ അരുചി തൊണ്ടതൊടാതെ വിഴുങ്ങുകയാണ്. പൊറോട്ടയും ബീഫും കഴിക്കണമെന്ന ജയയുടെ ഏറ്റവും ചെറിയ ആഗ്രഹത്തിനു പോലും രാജേഷിന്റെ ചിക്കനുമുന്നിൽ അടിയറവ് പറയേണ്ടി വരുന്നു. കുടുംബത്തിൽ പിറന്ന സ്ത്രീകൾ കഴിക്കാത്ത ഭക്ഷണമാണ് ബീഫെന്ന ഹിന്ദുത്വ സങ്കുചിത യുക്തികൂടി രാജേഷിനെ നയിക്കുന്നുണ്ട്.

സ്ത്രീകളുടെ തൊഴിൽശക്തികൊണ്ട് പ്രവർത്തിക്കുന്ന ധാരാളം കശുവണ്ടി ഫാക്ടറികളുള്ള നാടാണ് കൊല്ലം. അണ്ടിയാപ്പീസിലും വീടുകളിലും ഒരു പോലെ പണിയെടുക്കുന്ന സ്ത്രീകളുടെ നാട്. തൊഴിലിൽ നിന്ന് മികച്ച വരുമാനം ലഭിക്കുന്നില്ല എന്നു മാത്രമല്ല എത്ര തൊഴിലെടുത്താലും സ്വന്തം ജീവിതം എങ്ങനെയാകണമെന്ന് തീരുമാനിക്കാനുള്ള സ്വയംനിർണയാവകാശമവർക്ക് കിട്ടാക്കനിയാണ്. വീടുകളിലും തൊഴിലിടങ്ങളിലും അസ്തിത്വമില്ലാത്ത "എടീ" വിളികളാണുള്ളത്. ഈ സാമൂഹിക സാഹചര്യത്തിലാണ് സിനിമയുടെ ഫ്രെയിം സജജീകരിച്ചിട്ടുള്ളത്. ഗർഭം ധരിക്കാനും ഗർഭഛിദ്രത്തിനുമുള്ള പൂർണ്ണമായ അകാശം സ്ത്രീകളുടെ വിവേചനാധികാരമാണെന്ന് നിരവധി തവണ സുപ്രീംകോടതി അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുള്ളതാണ്. അനുസരണയില്ലാത്ത പെണ്ണിനെ നിലയ്ക്ക് നിർത്താൻ അവളുടെ ഒക്കത്ത് ഒരു കുട്ടിയെ വെച്ചുകൊടുത്താൽ മതിയെന്ന തീരുമാനത്തിലെത്തുന്ന ഒരു രാജേഷ് മാത്രമല്ല നാട്ടിലുള്ളത്. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകണം എന്ന തിരിച്ചറിവ് നമുക്കുണ്ടായിട്ട് കാലം കുറച്ചായെങ്കിലും സ്ത്രീകൾക്കും പുരുഷൻമാർക്കും ഇപ്പോഴും ലൈംഗികവിദ്യാഭ്യാസം ലഭിക്കുന്നത് അനൗപചാരികമായി നിലനിന്നുപോരുന്ന രഹസ്യമായി പ്രവർത്തിക്കുന്ന 'സമാന്തരസർവകലാശാല'കളിൽ നിന്നാണ്. ലോകം എത്രയൊക്കെ മുന്നോട്ടു നടന്നാലും സൗഹൃദസംഘങ്ങളായും ബന്ധുക്കളായും കവലയിലെ അടക്കം പറച്ചിലുകളായും നിലനിൽക്കുന്ന ഈ അശാസ്ത്രീയ വിദ്യാഭ്യാസപദ്ധതി വികലമായ ധാരണയുടെ പടുകുഴിയിലേക്ക് തലമുറകളെ നയിക്കുന്നു.

'ജയ ജയ ജയ ജയ ഹേ' സിനിമയിലെ രംഗം

സമീപകാലത്ത് സംഭവിച്ച ഉത്ര കൊലക്കേസും വിസ്മയ വധക്കേസും സിനിമയിലേതിനേക്കാൾ ഭീതിതമാണ് യാഥാർത്ഥ്യം എന്ന് സാക്ഷ്യപ്പെടുത്തുന്നു. വിസ്മയ കൊല്ലപ്പെട്ടത് ക്രൂരമായ മർദ്ദനങ്ങൾക്കൊടുവിലാണെങ്കിൽ ഉത്രയെ കൊന്നത് വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ്. മർദ്ദനമേറ്റ സമയത്തെല്ലാം ചെന്നുകയറിയ വീടിന്റെ വിളക്കാകണമെന്ന ഉപദേശം ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്ന് ഇവർക്കും ലഭിച്ചിരിക്കാം. എന്തൊക്കെ സംഭവിച്ചാലും ഭർത്താവിന്റെ വീടാണ് ഇനി നിന്റെ വീടെന്ന പതിവ് പല്ലവി അവരും കേട്ടിരിക്കാം. ജയ ചെന്നു കയറിയ രാജ്ഭവനേക്കാൾ വലിയ രാവണൻ കോട്ടകളിലാണ് ഉത്രയും വിസ്മയയും അകപ്പെട്ടത്. രാജ്ഭവൻ തന്റെ വീടല്ലെന്നും അത് രാജേഷിന്റെ മാത്രം വീടാണെന്നും തിരിച്ചറിയാൻ ജയക്ക് കഴിഞ്ഞു. രാജ്ഭവനിൽ കിടന്ന് അടികൊണ്ട് മരിക്കാൻ തയ്യാറല്ലെന്ന് തീരുമാനിച്ചിടത്തു നിന്നാണ് അതിജീവനം ആരംഭിക്കുന്നത്. രാജ്ഭവനുകളിൽ കൊല്ലപ്പെടാൻ ഞങ്ങളൊരുക്കമല്ലെന്ന സ്ത്രീകളുടെ പ്രഖ്യാപനത്തിന്റെ പോസ്റ്ററാണ് ഈ സിനിമ. ദേഷ്യം വരുന്ന പുരുഷൻ സ്ത്രീയെ അടിക്കുന്നത് സ്വാഭാവികമായ ഒരു പ്രവർത്തനവും പുരുഷന്റെ ഭാഗത്തുനിന്നുള്ള ആക്രമണം സ്ത്രീ സ്വയരക്ഷയ്ക്കായി പ്രതിരോധിച്ചാൽ പോലും അത് അക്ഷന്തവ്യമായ അപരാധമായി കണക്കാക്കുകയും ചെയ്യുന്നതാണ് ലോകനീതി. ജയയുടെ ചവിട്ടുകൊണ്ട് വയറുകലങ്ങി അടിമുടി തകർന്നാണ് പ്രേക്ഷകക്കൂട്ടത്തിലെ യാഥാസ്ഥിതിക പുരുഷൻമാർ സിനിമ കൊട്ടക വിട്ടിറങ്ങുന്നത്. തീയേറ്ററിലും സാമൂഹികമാധ്യമങ്ങളിലും ജയയുടെ പക്ഷത്ത് നിന്ന് കയ്യടിക്കുന്ന പുരുഷൻമാരൊക്കെയും തിരിച്ചുകയറുന്നത് അവർ സേച്ഛാധിപതികളായി വാഴുന്ന രാജ്ഭവനുകളിലേക്കാണ്. അവിടെ അവരുടെ വസ്ത്രമലക്കാനും അവർക്ക് ഇഷ്ട്ടപ്പെട്ട രുചിയിലും മേന്മയിലും ഭക്ഷണം വെച്ചുവിളമ്പാനും അടിമകളായ ജയമാരുണ്ട്. ആയോധന കലകൾ പഠിച്ചാലും ആയുധപരിശീലനം ലഭിച്ചാലും തന്നെ അക്രമിക്കുന്ന പുരുഷനെ ചവിട്ടി അപ്പുറത്തെ പറമ്പിലേക്ക് തെറിപ്പിക്കാനവർക്ക് കഴിയാതെ വരും കാരണം അവരെ വരിഞ്ഞുമുറുക്കിയ ചങ്ങലകൾക്ക് നൂറ്റാണ്ടുകളുടെ ഉറപ്പും പഴക്കവുമുണ്ട്, ശരീരത്തിലല്ല തലച്ചോറിലാണവ പതിഞ്ഞുകിടക്കുന്നത്. ആ ചങ്ങലകൾ പൊട്ടിക്കാനുള്ള ഊർജ്ജം പകരുന്ന ഉറുമ്പിൻ കണ്ണിനോളം ചെറുതായ ഒരു മിനുങ്ങുവെട്ടം മാത്രമാണീ സിനിമ.

Leave a comment