കാന്താര; കാട്ടുപന്നിത്തേറ്റ പോലെ, കാടുലയ്ക്കുന്ന ഒച്ച പോലെ
PHOTO: FACEBOOK
സ്‌പോയ്‌ലര്‍ അലര്‍ട്ട് : ലേഖനത്തിൽ സിനിമയുടെ കഥയെ കുറിച്ചും നരേഷനെ കുറിച്ചും സൂചനകളുണ്ട്. അതുകൊണ്ട് കഥ അറിഞ്ഞാല്‍ സിനിമാസ്വാദനം നഷ്ടപ്പെടുന്നവര്‍ ദയവായി വായിക്കരുത്.
പഞ്ചുരുളി പുലർച്ചെയാണ് മുടിയഴിക്കുക. രാവേറിത്തികഞ്ഞ തോറ്റവും ഉടല് കടഞ്ഞ നൃത്തവും കഴിഞ്ഞ് അർക്കനുദിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ തന്റെ ചുറ്റും കൂടിയവരോടായി പഞ്ചുരുളി തുളുവിൽ പറഞ്ഞ ഒരു വാചകമുണ്ട്-
"എന്ന മൂല്യരേ, കാട് കപ്പാണ്ട്
ഊറ് ബൊൾപ്പാണ്...."
കാട് കറുത്തുവെന്നും നാട് വെളുത്തുവെന്നും തനിക്ക് കാടിന്നകം പൂകാൻ നേരമായെന്നും തന്റെ ഭക്തരോട് ചൊല്ലിപ്പിരിയുകയാണ് തെയ്യം.
സൂര്യനുദിക്കുമ്പോൾ കാട് കറുക്കുന്നതെങ്ങനെ എന്ന സംശയം ഇതുകേട്ടത് മുതൽ മനസ്സിലുണ്ടായിരുന്നു.
കാടിന്റെ കറുപ്പ് വെളിച്ചമാക്കുന്ന ചിലരുണ്ട്.
ഓരോ ഇലയടരുകളിലും ഒരു മരത്തിന്റെ പച്ചധമനികൾ കാണാൻ കണ്ണുള്ള ഭൂമിപുത്രർ.
അവർ പാർക്കുന്ന മണ്ണും തലമുറകൾ വേരാഴ്ത്തിയ വയലും വീടും.
വന്യതയുടെ മടിക്കനത്തിൽ ഊറ്റമുള്ളൊരു നോട്ടമോ ശബ്ദമോ കൊണ്ട് അടയാളപ്പെടുന്ന കാട്ടുമൃഗങ്ങൾ.
കാട്ടുവള്ളി പോലെ പടരുന്ന കൂവലുകൾ.
കാറോ കോളോ അലോസരപ്പെടുത്താത്ത നിത്യതയുടെ ഒഴുക്കുകൾ .
കാടിന്റെ കറുപ്പ് അവർക്ക് വെളിച്ചമാണ്.
ഒരു മിന്നാമിന്നിത്തെളിച്ചം പോലുമില്ലാത്ത കനപ്പെട്ട നിഴൽ ജീവിതങ്ങൾ.
ആ കാട്ടിലേക്കാണ് ഓരോ ദൈവനർത്തനത്തിന് ശേഷവും പഞ്ചുരുളി ഉൾവലിയുന്നത്. ആ കാട്ടിലേക്കാണ് ചിലമ്പൊച്ച നേർത്ത് ഇലമർമ്മരത്തിനൊപ്പം ലയിക്കുന്നത്. പുലർച്ചയിലെ കാട് പഞ്ചുരുളിക്ക് മാഞ്ഞ് പോവാനുള്ള ഇരുട്ടാണ്. അത് കാണാൻ ക്യാൻവാസൊരുക്കുന്നിടത്ത് "കാന്താരാ" ഒരു നവ്യാനുഭവമായിത്തീരുന്നു. കാന്താര സത്യത്തിൽ പഞ്ചുരുളിയുടെ കഥയല്ല. പഞ്ചുരുളിയെന്ന മിത്തിനെ പൊലിപ്പിക്കുന്ന കഥാപരിസരമാണെന്നേയുള്ളൂ.
തുളുനാട്ടിലെ പ്രസിദ്ധമായ കോട്ടി - ചെന്നയ ഇരട്ടത്തെയ്യങ്ങളുടെ കഥയിൽ ഒരിടത്ത് പഞ്ചുരുളിയെ സഹായത്തിന് വിളിക്കുന്നതായി പറയുന്നുണ്ട്. ഈ സഹോദരങ്ങളെ ഉപായത്തിൽ വിളിച്ച് അപായത്തിൽ പെടുത്തി മല ദുർഗ് കോട്ടയിലെ കൽത്തുറങ്കിൽ അടച്ചു. വിശപ്പും ഭയവും കൊണ്ട് വലഞ്ഞ കോട്ടി - ചെന്നയമാർ ഭയഭക്തി ബഹുമാനത്തോടെ പഞ്ചുരുളിയെ വിളിച്ച് കേണു. വിളികേട്ട പഞ്ചുരുളിയാവട്ടെ ഒരു ചിക്കെലി (കുഞ്ഞ് എലി) യുടെ രൂപത്തിൽ കോട്ട തുരന്ന് അകത്ത് കടക്കുകയും കോട്ട തകർത്ത് അവരെ രക്ഷിച്ചതായും മിത്തിൽ പറയുന്നു.
ഏത് ദുർഗ്ഗം തകർക്കാനും ഏത് ദുര്യോഗത്തെ തുരത്താനും കെല്പുള്ള തെയ്യമായി പഞ്ചുരുളി തുളുവന്റെ മനസ്സിൽ ചിരപ്രതിഷ്ഠയാവുന്നത് ഇത്തരം ആഖ്യാനങ്ങളിലൂടെയാണ്.
വാക്കും ലംഘനവും പോരാട്ടവും തിരിച്ചു പിടിക്കലുമാണ് കാന്താരയുടെ കഥ. തെയ്യമെന്ന ജനകീയ കോടതിയാണ് കഥാപരിസരം. ജാതി, അധികാരം, മണ്ണ് എന്നൊക്കെ ഒറ്റവാക്കിൽ നിർത്താൻ പറ്റാത്ത അത്രയും ഉൾപ്പിരിവുകളുള്ള കീഴാള ജീവിതം. ആ ജീവിതങ്ങളെ ഏറെക്കുറെ തോറ്റവരുടെ പക്ഷം ചേർന്ന് അവതരിപ്പിക്കുന്നു എന്നതിനാലാണ് കാന്താര കാമ്പ് തൊടുന്നത്. തുളുത്തെയ്യങ്ങൾ 'സത്യോ' എന്നും വിളിക്കപ്പെടുന്നു. തെയ്യം സ്വയം അഭിസംബോധന ചെയ്യുന്നതും അങ്ങനെത്തന്നെ. ഏത് തുളുത്തോറ്റത്തിലും കാടും മണ്ണും വയലും തോടും ആകാശവും സൂര്യ-ചന്ദ്രാദികളും വന്യമൃഗങ്ങളും കടന്നുവരും. അതിൽ നിന്നൊക്കെ ഉയിർക്കൊണ്ടതിനാലാവണം പ്രകൃതി പോലെ സത്യമാണ് താനെന്ന് നിരന്തരം ഓർമ്മിപ്പിക്കുന്നതാണ് തെയ്യം. തെയ്യത്തിന്റെ കല്പനയെ അധികരിച്ചാണ് അവിടത്തെ അധഃസ്ഥിതരുടെ ജീവിതം. ആര്യദൈവങ്ങളുടെ എതിരാഖ്യാനമായി നിൽക്കുന്ന മൺപെറ്റ വിശ്വാസങ്ങൾ.
സിനിമയുടെ തുടക്കം 1847 ലാണ്. മാതാവിനെപ്പോലെ കരുതലും മാതുലനെപ്പോലെ കാര്യപ്രാപ്തിയും തന്ന് രക്ഷിപ്പാൻ ഒരു ദൈവത്തെ അന്വേഷിച്ച് ദിക്കായ ദിക്കെല്ലാം അലഞ്ഞ നാട്ടുരാജാവ് ഒടുക്കം കൊടുങ്കാട്ടിലെ ഒരു കല്ലിന്റെ മുൻപിൽ തന്റെ അന്വേഷണം അവസാനിപ്പിക്കുന്നു. കാട്ടുമരങ്ങളുടെ നീരഭിഷേകത്താൽ കുതിർന്ന കല്ല്. കറുപ്പിലും തെളിച്ചമുള്ളതെന്തോ തന്നെ തൊടുന്നുവെന്ന ഉള്ളറിവിൽ ഉടവാൾ നിലത്തിട്ട് വിനീതവിധേയനാകുന്ന രാജാവ്.
കല്ലിനെ തൊഴുത് തിരിഞ്ഞു നോക്കേ നേരവകാശികളുടെ നിര പിന്നിൽ നിൽക്കുന്നു.
മനഃസമാധാനം കിട്ടാൻ ഈ കല്ലിൽ കുടിയിരിക്കുന്ന സത്യത്തെ എനിക്ക് തരൂ എന്ന് കൈകൂപ്പുന്ന രാജാവിനോട് പഞ്ചുരുളി ആവേശിച്ച നർത്തകൻ മരത്തലപ്പും മലത്തലപ്പും കടന്ന് മഹാദിക്ക് തൊട്ട ഒരലർച്ചയോടെ പറയുന്നുണ്ട് -
"എന്റെയീ ഒച്ച തൊട്ടിടത്തോളം സ്ഥലം കാടിന്റെ മക്കൾക്ക് പതിച്ചു കൊടുക്കണം. എങ്കിൽ നിന്റെ ഒപ്പം ഞാൻ വരും. നിനക്ക് സമാധാനവും തരും. എന്നെങ്കിലും ഈ വാക്ക് ലംഘിച്ചാൽ ഞാൻ ക്ഷമിച്ചെന്നിരിക്കും. പക്ഷേ എന്റെ ഗുളികൻ ക്ഷമിച്ചെന്ന് വരില്ല".
ശേഷം പഞ്ചുരുളിയെ കൊട്ടാരത്തിലേക്ക് കൂടെ കൂട്ടുകയാണ് രാജാവും പരിവാരങ്ങളും.
കാട് കാത്തൊരു ദൈവത്തിന് നാടിന്റെ അധികച്ചുമതല അവിടെത്തുടങ്ങുന്നു.
കാടിനെയും നാടിനെയും ഒരുമിപ്പിക്കുന്ന 1970 ലെ ഒരു തെയ്യം കെട്ട് ഉത്സവം. പണ്ടെന്നോ കൊടുത്തൊരു വാക്കിന്റെ പുറത്ത് കൈമാറിയ സ്ഥലം തിരിച്ചു പിടിക്കാൻ രാജകുടുംബത്തിലെ ഇളംതലമുറക്കാരനായ ചെറുപ്പക്കാരൻ മുംബൈയിൽ നിന്ന് വരുന്നു. വാക്കാലെഴുതിയ ഒരു പട്ടയം തെയ്യത്തിന്റെ കയ്യിലായതു കൊണ്ട് ആ സ്ഥലം പഞ്ചുരുളിയോട് തിരിച്ചു ചോദിക്കുന്നൊരു രംഗമുണ്ട്.
സ്ഥലം തിരിച്ചു തരാം. പക്ഷേ ഞാൻ തന്ന സമാധാനം തിരിച്ചു തരാൻ പറ്റുമോ എന്ന് ചെറുചിരിയോടെ തെയ്യം ചോദിക്കുന്നു. കോടതിയിൽ പോയാലും നിന്റെ വിധി ഞാൻ നിശ്ചയിക്കും എന്ന് ഓർമ്മിപ്പിക്കുന്ന തെയ്യത്തോട്, "ഇത് ദൈവം പറയുന്നതാണോ ദൈവനർത്തകൻ പറയുന്നതാണോ" എന്ന സംശയം എറിയുന്നുണ്ട് ചെറുപ്പക്കാരൻ.
"ദൈവ നർത്തകൻ പറയുന്നതാണെങ്കിൽ നിങ്ങൾക്ക് എന്നെ കിട്ടും. അതല്ല ദൈവമാണ് പറയുന്നതെങ്കിൽ നിങ്ങളിനി എന്നെ കാണില്ല" എന്നും പറഞ്ഞ് ചൂട്ട് പിടിച്ചുവാങ്ങി കാട്ടിലേക്ക് ഓടി അപ്രത്യക്ഷമാവുകയാണ് തെയ്യം.
അന്ന് ഓടി മറഞ്ഞ തെയ്യക്കാരന്റെ മകനായ ശിവയിലൂടെയും കാടിനെ ആശ്രയിച്ചു കഴിയുന്ന നിസ്വജനതയിലൂടെയും നാട്ടുപ്രമാണിയിലൂടെയുമാണ് പിന്നീട് കഥ മുന്നോട്ട് പോവുന്നത്. തുളുനാടിന്റെ ഗ്രാമീണജീവിതവും കമ്പളവും ഉത്സവങ്ങളും നായാട്ടും പ്രണയവും ജാത്യാധികാരത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ചതിപ്രയോഗങ്ങളും അടിസ്ഥാനവർഗ്ഗത്തിന്റെ ഭൂമിപ്രശ്നങ്ങളിലേക്ക് സ്റ്റേറ്റിന്റെ കടന്നുകയറ്റവും രാജാധികാരവും രാജ്യാധികാരവും തമ്മിലുള്ള കൈകോർക്കലും ഒക്കെയായി സിനിമ പിന്നീട് സാധാരണ ട്രാക്കിലൂടെയാണ് പോകുന്നത്. നാട്ടുകാർക്ക് ഒപ്പമെന്ന് നടിക്കുന്ന പുതിയ പ്രമാണി സ്ഥലം കൈക്കലാക്കാൻ നോക്കുന്നതും അതിന് പുതിയ കോലക്കാരനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതും കാണാം. ദൈവങ്ങളെന്നത് എല്ലാക്കാലത്തും ഉപരിവർഗ്ഗത്തിന് തങ്ങളുടെ അഭിവൃദ്ധിക്കും നേട്ടത്തിനും മാത്രമുള്ള ഒന്നായിരുന്നല്ലോ.
തെയ്യം പറഞ്ഞാൽ മാത്രം കൂട്ടാക്കുന്ന ഒരു സമൂഹത്തിൽ നിന്നും സ്ഥലം തിരിച്ചു തരാൻ തെയ്യത്തെ കൊണ്ട് തന്നെ പറയിപ്പിക്കുക എന്ന തന്ത്രമാണ് പയറ്റാൻ നോക്കിയത്. ദൈവകോലത്തിൽ താനത് തന്റെ ജനതയോട് പറയില്ല എന്ന് ഉറച്ചുനിന്ന ഗുരുവയെ കൊന്നു തള്ളുന്നുണ്ട് പ്രമാണി. പക്ഷേ കരയുന്നതാവട്ടെ പഞ്ചുരുളിയും. കീഴാളന് ബലം തെയ്യമെന്നത് പോലെത്തന്നെ തെയ്യത്തിന്റെ ബലമാണ് വിശ്വാസം പിൻപറ്റുന്ന ജനത. ഇവയിലാർക്ക് നൊന്താലും പരസ്പരം കരയും. തുളുത്തെയ്യങ്ങൾ തോറ്റത്തിലും വാക്കുരിയിലും ചിലപ്പോൾ തൊണ്ടയിടറി കരയുന്നത് ഇതിനാലാണ്. ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്.
ഞാൻ ക്ഷമിച്ചാലും ഗുളികൻ ക്ഷമിക്കില്ല എന്ന് തുടക്കത്തിൽ പഞ്ചുരുളി പറഞ്ഞതിന്റെ പൊരുൾ ക്ലൈമാക്സിലാണ് ബോധ്യമാവുക. അധികാരവും അടർത്തിമാറ്റപ്പെട്ടരും തമ്മിൽ നേരിട്ട് പോര് നടക്കുന്ന സമയം. നാട്ടുപ്രമാണിയാൽ ചതിക്കപ്പെട്ടു എന്ന് ശിവയും കൂട്ടാളികളും മനസ്സിലാക്കുകയും ഇനി സംഹാരമാണ് വഴിയെന്ന് പ്രമാണി തീർച്ചപ്പെടുത്തുകയും ചെയ്ത ഉദ്വേഗം നിറഞ്ഞ സന്ദർഭം.
അടിയേറ്റ് ശിവ മണ്ണിൽ കമിഴ്ന്നു വീണുകിടക്കുമ്പോൾ എല്ലാ ഉറക്കത്തിലും തന്നെ ചൂഴ്ന്നു വരുന്ന ചിലമ്പൊച്ചയും ചൂട്ടു വെളിച്ചവും പോലെ പഞ്ചുരുളി വന്ന് ഒച്ചവയ്ക്കുന്നുണ്ട്. ശരീരത്തിൽ ഗുളികൻ ആവേശിച്ചാണ് ശിവ എഴുന്നേൽക്കുന്നത്.
മന്ത്രവാദി ഗുളികനാണ്. അമ്മയുടെ ഉദരത്തിൽ കിടക്കേ തനിക്ക് പുറത്തുകടക്കണമെന്ന് ആവശ്യപ്പെടുകയും എല്ലാവരും പോകുന്ന വഴിയിലൂടെ തന്നെ നീ പുറത്തുകടക്കണമെന്ന് പറഞ്ഞ അമ്മയെ തിരുത്തി, ഞാൻ അമ്മയുടെ മാറ് പിളർന്ന് ജനിച്ചോളാം എന്ന് ഉദരത്തിലേ വമ്പ് കാട്ടിയ രൗദ്രഗുളികൻ !
ഏറ്റവും ഭീതി ജനിപ്പിക്കുന്ന തുളുത്തെയ്യങ്ങളിൽ ഒന്നാണ് മന്ത്രവാദി ഗുളികൻ. വലിയ ചമയങ്ങളില്ല. പക്ഷേ പേടിപ്പെടുത്തുന്ന മുഖത്തെഴുത്തും ചടുലമായ ചലനങ്ങളും കൊണ്ട് വിറപ്പിക്കുന്നവൻ. അണിയറ തകർത്ത് ഓലയിലും പായയിലും ഉരുണ്ടു പിരണ്ടാണ് രംഗപ്രവേശം ചെയ്യുന്നത്. അമ്മയുടെ മാറ് തകർത്ത അതേ വരവ്.
ഗുളികന് പച്ചക്കോഴിയും മലരും വേണം. വലിച്ചു വാരിയും മുഴുക്കെ തിന്നും ചോരയിറ്റിച്ചും താനൊരു സംഹാരത്തിന്റെ സന്ദിഗ്ധതയിലാണെന്ന് കാട്ടുന്ന ഗുളികൻ.
അണിയറ തകർത്തു വരുന്ന ഗുളികൻ ഒരു കീഴാള പ്രതിരോധമാണ്. കൊന്ന് തള്ളിയാലും ചതുപ്പിൽ താഴ്ത്തിയാലും പലതായി ഉയിർത്തു വരുമെന്ന ഉറപ്പ്. ആ ഗുളികനായുള്ള നായകന്റെ പകർന്നാട്ടം കാണികളെ ഭ്രമാത്മകമായ മറ്റൊരു ലോകത്തേക്ക് എടുത്തെറിയും. ആരുമില്ലാത്തവർക്ക് ദൈവമുണ്ടെന്ന കേവലപ്രയോഗത്തിനപ്പുറം, കൊണ്ടതൊക്കെയും കായബലമാക്കുന്ന കീഴാള സ്വത്വബോധത്തിന്റെ മുടിയേറ്റമാണ് തെയ്യങ്ങൾ. അത് ഉണ്ടാക്കുന്ന മാജിക്കൽ റിയലിസത്തിലാണ് വിശ്വാസങ്ങളുടെ ചൂട്ട് മുനിഞ്ഞുകത്തുന്നത്.
വീരേതിഹാസങ്ങളായ മിക്ക തുളുത്തെയ്യങ്ങളും മനുഷ്യൻ മായയായി മരിച്ചുയിർത്തതാണ്. കൽക്കുടനും കല്ലുരുട്ടിയും, കൊറഗജ്ജൻ, സിരി, കോട്ടി- ചെന്നയ.... വ്യവസ്ഥിതിയെ വെല്ലുവിളിച്ച് മരണം വരിച്ചതിന് ശേഷം ദൈവപദവിയിലേക്ക് ഉയർത്തപ്പെട്ടവരുടെ നിരയിങ്ങനെ നീളുന്നു. അതുകൊണ്ട് തന്നെ മനുഷ്യൻ മായയാവുന്നതും ദൈവനർത്തകൻ ആത്മാഹുതിക്ക് മുതിരുന്നതുമായ കഥകൾക്ക് തുളുനാട്ടിലൊരു പഞ്ഞവുമില്ല.
കാസറഗോട്ടെ നെട്ടണിഗെയിൽ കായിമല എന്ന സ്ഥലത്ത് കർക്കിടക തെയ്യമായ "ഗളിഞ്ചൻ" അപ്രത്യക്ഷമായ ഒരിടമുണ്ട്. കർക്കിടക മാസത്തിൽ വീടുതോറും കയറിയിറങ്ങുന്ന അർജ്ജുന സങ്കൽപത്തിലുള്ള തെയ്യമാണ്. പണ്ടേതോ കാലത്ത് ഗളിഞ്ചൻ അവിടെ വിശ്രമിക്കാൻ ഓലക്കുടയും ചൂടി ഇരുന്നെന്നും പരികർമ്മി വന്ന് നോക്കിയപ്പോൾ ഓലക്കുടയും ഒരു കാലടിപ്പാടും മാത്രം ബാക്കി വെച്ച് തെയ്യം അപ്രത്യക്ഷമായെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്നവിടെ സ്മാരകമായി ഒരു കുടയും സദാ വെള്ളം കിനിയുന്ന പാദമുദ്രയും ഉണ്ട്. അതിന്റെ സത്യാവസ്ഥ എന്ത് തന്നെയായാലും ആ കഥയുണ്ടാക്കിയ സ്വാധീനം ചില്ലറയൊന്നുമല്ല.
കർക്കിടക മാസത്തിൽ തെയ്യം കൊണ്ടുപോയാൽ തെയ്യം കെട്ടിയ ആൾ അപ്രത്യക്ഷനാകും എന്ന ഭയത്താൽ ഇപ്പോഴും ചിങ്ങമാസത്തിലാണത്രെ കർക്കിടകത്തെയ്യം കൊണ്ടുപോവുന്നത്!
സമാനമായ കഥകൾ; മായക്കഥകൾ പലയിടത്തും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതൊക്കെ തങ്ങി നിൽക്കുന്ന ഒരു പ്രദേശത്ത് ദൈവത്തെ/ തെയ്യത്തെ ധിക്കരിക്കുകയെന്നത് മരണവും തലമുറകൾക്ക് അംഗവൈകല്യവും ഇരന്നുവാങ്ങലാണ് എന്ന് ഒരു ജനത കരുതിപ്പോന്നതിൽ അതിശയമൊന്നുമില്ല. എൻഡോസൾഫാൻ ദുരന്തം പോലും ദൈവകോപമെന്ന് കരുതിയ ആളുകൾ കാസറഗോഡിന്റെ ഉൾനാടുകളിൽ ഇപ്പോഴുമുണ്ട്.
ഇത്രയും പറഞ്ഞത് കാന്താരയുടെ മിത്തിക്കൽ/ മിസ്റ്റിക്കൽ പശ്ചാത്തലമാണ്. ഇനി യാഥാർത്ഥ്യത്തിലേക്ക് വരാം. ആരാണ് ഭൂമിയുടെ നേരവകാശികൾ, അവിടെ പിറന്നവരോ അവിടം തുരന്നവരോ?
വനത്തെയും വനവിഭവങ്ങളെയും ആശ്രയിച്ചും, വനമൂർത്തികളെ ആരാധിച്ചും കഴിഞ്ഞവർ പലകാലങ്ങളിൽ ഭൂപ്രമാണിമാരുടെയും ഭരണകൂടത്തിന്റെയും വേട്ടയാടലുകൾക്ക് വിധേയമായിട്ടുണ്ട്.
രക്ഷകവേഷം ചമഞ്ഞെത്തിയ മേലാളർ തുച്ഛവിലക്കോ ഒരു കുപ്പി റാക്കിനോ തങ്ങളിൽ നിന്നും ഏക്കറ് കണക്കിന് സ്ഥലം കൈക്കലാക്കിയത് മുത്തശ്ശിക്കഥ പോലെ പലരിൽ നിന്നും കേട്ടതോർക്കുന്നു.
കാന്താരയിലെ ദൈവമണ്ണ് സങ്കൽപ്പമായാലും യാഥാർത്ഥ്യത്തോട് മുഖം തിരിക്കാനാവാത്ത ചില നീതികേടുകളെ ചൂണ്ടിക്കാട്ടുന്നു. അത് മണ്ണിന്റെ കാര്യത്തിൽ മാത്രമല്ല, തങ്ങളിൽ നിന്നും അടർത്തിമാറ്റി പുണ്യാഹം തളിച്ചുണ്ടാക്കുന്ന പുതിയ വിശ്വാസക്രമത്തിന്റെ കാര്യത്തിലായാലും ഈ കൈയ്യേറ്റങ്ങളെ കാണാം. വരാഹരൂപം പാടിയാൽ പച്ചക്കോഴിയിലും ഇളംകള്ളിലും പ്രീതിപ്പെടുന്ന അതിദ്രാവിഡനായ ഒരു ദൈവത്തെ അപ്പാടെ വിഴുങ്ങാൻ ആവില്ലല്ലോ.
സിനിമ ഇറങ്ങിയതിനുശേഷം നടത്തിയ ചേതൻ അഹിംസയുടെയും നടൻ കിഷോറിന്റെയും പ്രസ്താവനകൾ ഇതിനോട് ചേർത്ത് വായിക്കണം. നമ്മുടെ പാമ്പദ/നളിക്കേ/പരവാ ബഹുജൻ പാരമ്പര്യങ്ങൾ വേദിക് - ബ്രാഹ്മണിക് ഹിന്ദൂയിസത്തിന് മുൻപുള്ളതാണെന്നും ഭൂതക്കോലത്തെ ഹിന്ദുവിശ്വാസത്തിന്റെ ഭാഗമായി വ്യാഖ്യാനിക്കരുതെന്നും ചേതൻ പറഞ്ഞപ്പോൾ ജാതീയമായ ഉച്ചനീചത്വങ്ങളെ കാണണമെന്നും നമ്മുടെ സിനിമകളെ ഹിന്ദുത്വവാദികൾ ഹൈജാക്ക് ചെയ്യാൻ അനുവദിക്കരുതെന്നുമാണ് കിഷോർ അഭിപ്രായപ്പെട്ടത്.
ദൈവം പറയുന്നതാണോ ദൈവനർത്തകൻ പറയുന്നതാണോ എന്ന ചോദ്യം എല്ലാക്കാലത്തും തെയ്യക്കാരൻ നേരിടുന്ന ഒന്നാണ്. കോലമണിയുമ്പോൾ ദൈവമാവുകയും കോലമഴിക്കുമ്പോൾ ജാതിയാവുകയും ചെയ്യുന്ന തെയ്യക്കാരന്റെ ഉടലിന് എപ്പോഴും ഒരു സ്വത്വ പ്രതിസന്ധിയുണ്ടായിരുന്നു. "ഞാൻ ചോദിച്ചാലും നിങ്ങളുടെ കൽദൈവം മറുപടി തരുമോ" എന്ന് ചോദിച്ച ഫോറസ്റ്റ് ഓഫീസറുടെ കൈ തന്നെ ആദ്യം നെഞ്ചോട് ചേർക്കുന്ന തെയ്യത്തെയാണ് സിനിമയിൽ നിങ്ങൾക്ക് കാണാനാവുക. ചേർത്തുപിടിക്കലാണ് തെയ്യത്തിന്റെ രാഷ്ട്രീയം. ബദൽ ദൈവമാണെങ്കിലും ഉടൽ കൊണ്ട് തീണ്ടാജാതിയെങ്കിലും ദൈവമാകുമ്പോഴുള്ള ഭാഷ എന്തെന്ന് കൃത്യമാണ്. പഞ്ചുരുളിയും ഗുളികനും വ്യത്യസ്ത സന്ദർഭങ്ങളിൽ അത് വെളിവാക്കുന്നുണ്ട്. ക്ലൈമാക്സിൽ, കണ്ണുരുട്ടി അലറിവിളിച്ച് വയറിൽ തട്ടി എന്റെ അന്നമെവിടെ എന്ന് ആംഗ്യത്തിൽ ചോദിക്കുന്ന ഗുളികനെ നിങ്ങൾക്ക് എങ്ങനെയൊക്കെ വായിച്ചെടുക്കാം ?തുടക്കത്തിൽ, ഒച്ചകൊണ്ട് ദിക്കളന്ന പഞ്ചുരുളിയെ നിങ്ങൾക്ക് എന്തിനോടൊക്കെ ഉപമിക്കാം ?
മറ്റെന്ത് പോരായ്മകളുണ്ടെങ്കിലും ഈ സിനിമ ഹൃദ്യമാവുന്നത് തെയ്യത്തിന് മാത്രം സംസാരിക്കാനാവുന്ന മറ്റൊരു ഭാഷ കൂടിയുള്ളത് കൊണ്ടാണ്.
കാട്ടുപന്നിത്തേറ്റ പോലെ, കാടുലയ്ക്കുന്ന ഒച്ച പോലെ പഞ്ചുരുളി നിങ്ങളുടെ വഴിക്ക് വട്ടംപിടിച്ച് സിനിമയിൽ നിന്നും ഇറങ്ങിപ്പോരാൻ അനുവദിക്കാത്തതും അതുകൊണ്ടു തന്നെ!