കേരള പോലീസും ടി.എസ് എലിയറ്റ് ഉപേക്ഷിച്ചു കളഞ്ഞ ശീര്‍ഷകവും
“For I aint, you must know,' said Betty, 'much of a hand at reading writing-hand, though I can read my Bible and most print. And I do love a newspaper. You mightn't think it, but Sloppy is a beautiful reader of a newspaper. He do the Police in different voices.”
(Our Mutual Friend - Charles Dickens )
വൃത്താന്ത പത്രം ഒരു പാട് പേരുടെ ശബ്ദങ്ങളില്‍ വായിക്കാന്‍ സ്ലോപ്പിയ്ക്ക് കഴിവുണ്ടെന്ന് പറയുന്നത് ചാള്‍സ് ഡിക്കന്‍സിന്‍റെ കഥാപാത്രമാണ്. ബെറ്റി ഹിഗ്ഡണ്‍ എന്ന കഥാപാത്രം. He do the Police in different voices എന്നാണ് അവര്‍ അതേക്കുറിച്ച് പറയുന്നത്. ഏത് പോലീസ് ഓഫീസറുടെ ഭാഗമാണോ വായിക്കുന്നത് അവരുടെ ശബ്ദത്തില്‍ തന്നെ വായിച്ചുതരുന്ന ഒരാള്‍ എന്നത് അത്യുക്തിയായി തോന്നാമെങ്കിലും പോലീസിങ്ങിനെ കുറിച്ചുള്ള ഒരു താക്കോല്‍വാചകം കൂടി ആയിത്തീരുന്നുണ്ടത്. ടി.എസ് എലിയറ്റ് തന്‍റെ വിഖ്യാതകൃതിയായ 'ദ വേസ്റ്റ് ലാന്‍റി' (The Waste Land )ന് ശീര്‍ഷകമാക്കി ആദ്യം കുറിച്ചതും ഈ വാചകമായിരുന്നു. ഒരുപാട് പേരുടെ ശബ്ദങ്ങളില്‍ സംസാരിക്കുന്ന, സ്വന്തം ശബ്ദം ഏതെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന അവസ്ഥയെ, സമ്മിശ്ര വ്യക്തിത്വങ്ങളുള്ള ആഖ്യാതാവിനെ ദ്യോതിപ്പിക്കുകയായിരുന്നു എലിയറ്റ് അതിലൂടെ ചെയ്തത്. പില്‍ക്കാലത്ത് ശീര്‍ഷകം ‘തരിശുഭൂമി’ എന്നു മാറ്റപ്പെടുകയും ചെയ്തു. വര്‍ത്തമാനകാല മനുഷ്യാവസ്ഥയെ കൂടുതല്‍ വ്യക്തതയോടെ അത് വ്യാപനം ചെയ്യുന്നതുകൊണ്ടാകണം കവി അങ്ങനെ ചെയ്തത്. പില്‍ക്കാല ശീര്‍ഷകവും ആദ്യം അദ്ദേഹം സ്വീകരിച്ച ശീര്‍ഷകവും ചേര്‍ത്ത് വായിക്കുന്നത് സമകാലീന പോലീസിങ്ങ് എന്ന അവസ്ഥയെ സംബന്ധിച്ചിടത്തോളം ഉള്‍ക്കാഴ്ച നല്‍കുന്നു. പോലീസിങ്ങ് എന്നത് എത്രമേല്‍ തരിശുവല്‍ക്കരിക്കപ്പെടുന്ന ഒരിടമായി മാറുന്നുവെന്നത് ചിന്തനീയമാണ്. സമകാലീക കേരളത്തില്‍ പോലീസിനെകുറിച്ച് ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങളും ആവലാതികളും ടി.എസ് എലിയറ്റ് ഉപേക്ഷിച്ചുകളഞ്ഞ ആ ശീര്‍ഷകത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആരുടെ ഭാഗവും വായിക്കാന്‍ കഴിയുന്ന, ഏത് യജമാനനെയാണോ തൃപ്തിപ്പെടുത്തേണ്ടത് അവരുടെ ശബ്ദത്തില്‍ സംസാരിക്കുന്ന സ്ലോപ്പിമാരുടെ ലോകം. ഇത് ഒരേ സമയം ദൗര്‍ബല്യവും കരുത്തുമാകുന്നു.
പോലീസിങ്ങ് എന്നത് വലിയ ഒരു ഉത്തരവാദിത്തമാകുന്നു, പൂര്‍ണ്ണമായ പ്രതിബദ്ധതയോടും അചലഞ്ചിതമായ നീതിബോധത്തോടും തത്വനിബദ്ധതയോടും കൂടി നിര്‍വഹിക്കേണ്ടത്. സമൂഹത്തിന്‍റെ ക്രമീകരണവും നിയന്ത്രണവും എന്ന വിപുലമായ അധികാരം കൈയ്യാളുന്ന സംവിധാനത്തിന് ആ അധികാരം തന്നെ വഴിവിട്ടുപോകുന്നതിനുള്ള അനന്തമായ സാധ്യതകളും നല്‍കുന്നുണ്ട്. വ്യവസ്ഥാപിത ഭരണകൂടം എന്നും പൊതുഭരണമെന്നും അര്‍ത്ഥം വരുന്ന police എന്ന ഫ്രഞ്ച് വാക്ക് പതിനാറാം നൂറ്റാണ്ടുമുതല്‍ വ്യാപകമായി പ്രയോഗത്തില്‍ ഉണ്ടായിരുന്നു, അതിനുള്ള സംവിധാനങ്ങളും കാലാന്തരത്തില്‍ രൂപപ്പെട്ടു. പോകെപ്പോകെ വിപുലമായ, എഴുതപ്പെട്ടതും അല്ലാത്തതുമായ അധികാരങ്ങള്‍ ഉള്ള സംവിധാനമായി അത് മാറി. മുന്‍കാലങ്ങളില്‍ പോലീസിങ്ങ് ഒറ്റ ഏജന്‍സിയില്‍ കേന്ദ്രീകരിച്ചപ്പോള്‍ ആധുനിക സമൂഹങ്ങളില്‍ അതിനായി നിരവധി ഏജന്‍സികള്‍ രൂപംകൊണ്ടു. അധികാരങ്ങള്‍ കൂടുന്നത് അനുസരിച്ച് അവയുടെ ദുര്‍വിനിയോഗവും അത് ഏത് സമൂഹത്തിലായാലും രാജ്യത്തിലായാലും വര്‍ദ്ധിച്ചുവന്നു. പക്ഷെ ആധുനിക ജനാധിപത്യ ദേശ രാഷ്ട്രങ്ങളിലേക്ക് എത്തുമ്പോള്‍, അവയുടെ ദുര്‍വിനിയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഒട്ടേറെ സംവിധാനങ്ങളും നിലവില്‍ വന്നു. വ്യവസ്ഥാപിത ഭരണഘടനാ ബാദ്ധ്യതകളില്‍ നിന്നും വഴിവിട്ട് ഇത്തരം ഏജന്‍സികള്‍ പ്രവര്‍ത്തിച്ചാല്‍ അത് നിതിന്യായ കോടതികളില്‍ ചോദ്യം ചെയ്യാന്‍ എല്ലാ പരിഷ്‌കൃത സമൂഹങ്ങളും അവിടത്തെ പൗരന്മാര്‍ക്ക് അവസരം നല്‍കുന്നു. പക്ഷെ, നിസ്വന്മാരായ ദരിദ്രനാരായണന്മാര്‍ക്ക് ഇത്തരം കോടതികളെ സമീപിക്കുന്നതിനുള്ള വിഷമങ്ങള്‍ ചില്ലറയല്ല.
പോലീസിങ്ങിനുള്ള ഏജന്‍സികള്‍ക്ക് വ്യവസ്ഥാപിതങ്ങളായ ചട്ടവട്ടങ്ങള്‍ ഉണ്ടെങ്കിലും ജനാധിപത്യ സമൂഹത്തില്‍ ഭരണത്തില്‍ മാറിമാറി വരുന്ന പാര്‍ട്ടികളുടെ നയസമീപനങ്ങള്‍ പോലീസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പ്രകടമാകുകയും ചെയ്തു. ആദ്യ കേരള സര്‍ക്കാര്‍ മുതല്‍ ഇക്കാര്യത്തില്‍ ആക്ഷേപങ്ങളുണ്ട്. മനുഷ്യാവകാശങ്ങളെ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കാനുള്ള സഹജമായ താല്പര്യങ്ങള്‍ ഇത്തരം ഏജന്‍സികള്‍ ഫ്യൂഡല്‍കാലഘട്ടം മുതല്‍ പ്രകടിപ്പിച്ചിരുന്നു. അതിന് കാരണങ്ങളും ഉണ്ടായിരുന്നു. ആധുനിക കാലത്തും സമാന താല്പര്യങ്ങള്‍ അവരെ അനുയാത്ര ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് സമൂഹത്തിലായാലും പോലീസിങ്ങിന് അതിന്‍റെ പ്രഖ്യാപിത ഉന്നത ലക്ഷ്യങ്ങള്‍ക്കൊപ്പം തന്നെ അടിച്ചമര്‍ത്തല്‍, പീഡന രീതികളും മനുഷ്യത്വ വിരുദ്ധമായ സമീപനങ്ങളും സഹജമെന്നതുപോലെ കൂടെയുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ താല്പര്യ സംരക്ഷണവും സമൂഹത്തിലെ മേലാളത്ത സ്വാധീനത നിലനിര്‍ത്തുന്നതിനുമായി പോലീസിങ്ങിനെ പ്രയോജനപ്പെടുത്തുകയും ചെയ്തുവരുന്നു. ഇതൊക്കെ ചരിത്രവും വര്‍ത്തമാനവുമാണ്, സാധാരണ സാമൂഹ്യപാഠങ്ങള്‍. പക്ഷെ, ഇത്തരത്തില്‍ കേവലം ഉപന്യസിച്ചു പോകുവാന്‍ മാത്രമുള്ള അവസ്ഥയിലൂടെയല്ല, പോലീസിങ്ങിന്‍റെ കാര്യത്തില്‍ സമകാലീക സമൂഹം കടന്നുപോകുന്നത്. സമൂഹത്തിന്‍റെ സംരക്ഷകരാകേണ്ടവരില്‍ ഒരു വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ അരക്ഷിതബോധം വളര്‍ത്താന്‍ കാരണമാകുന്നു എന്നതാണ് നാം ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രധാനം. അവരുടെ മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നു. സുരക്ഷ ഉറപ്പാക്കേണ്ടവര്‍ തന്നെ എന്തുകാരണത്താലാണോ ജനതയ്ക്കു നേരെ വെടി ഉതിര്‍ക്കുന്നത്? ആധുനിക സമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണിവ.
വലിയ ആക്ഷേപങ്ങളാണ് പോലീസിങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ജനമൈത്രി എന്നതടക്കം നിരവധി പേരുകളില്‍ പല പരിഷ്‌ക്കാരങ്ങളും നടക്കുകയും ഏറെ വിദ്യാസമ്പന്നരും മറ്റും പോലീസ് സേനയുടെ ഭാഗമാകുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും അത് സാമ്പ്രദായികമായി പ്രവര്‍ത്തിച്ചുവരുന്ന വഴിയില്‍ നിന്നും മറിനടക്കാനുള്ള വിമുഖതകള്‍ ഏറിവരുന്ന ആക്ഷേപങ്ങള്‍ കാണിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ കേരളം പോലെ ഒരു സമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആളുമാറി പിടിച്ചുകൊണ്ടുപോയി തല്ലികൊല്ലുക, പരാതിയുമായി എത്തുന്നവരെ സമ്മര്‍ദ്ദത്തിലാക്കി ആത്മഹത്യ ചെയ്യേണ്ട അവസ്ഥ സൃഷ്ടിക്കുക, പരാതികളില്‍ വേണ്ട സമയത്ത് നടപടി കൈക്കൊള്ളാതെ ആവലാതിക്കാര്‍ക്ക് ജീവനൊടുക്കേണ്ടിവരുക, പ്രതികള്‍ക്ക് വേണ്ടി ആവലാതിക്കാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, പല പോലീസ് സ്‌റ്റേഷനുകളില്‍ ഭയമില്ലാതെ ചെല്ലാന്‍ ആവില്ലെന്ന ആക്ഷേപം… ഇങ്ങനെ എത്രയെത്ര പരാതികളാണ് നമ്മള്‍ നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്.
നീതി ലഭ്യമാകുന്നതിനുള്ള പ്രയാസവും കാലവിളംബവും ഒരു പരിഷ്‌കൃത സമൂഹത്തെ സംബന്ധിച്ചിടത്തോളം സൃഷ്ടിക്കുന്നത് വലിയ പ്രതിസന്ധികളാണ്. സമൂഹത്തില്‍ ക്രമസമാധാന പാലനം അടക്കമുള്ള സുപ്രധാനങ്ങളായ ഉത്തരവാദിത്തങ്ങളും ചുമതലകളും വഹിക്കുന്ന പോലീസിന്‍റെ പങ്ക് ആധുനിക ദേശരാഷ്ട്ര വ്യവസ്ഥയില്‍ ഏറെ ഭാവനാപൂര്‍ണമായിട്ടാണ് വിഭാവന ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ കാര്യത്തിലും ഇത് ഭിന്നമല്ല. എങ്കിലും പോലീസിങ്ങ് വലിയ പ്രശ്‌നമായി സംവാദപരിസരങ്ങളില്‍ നിറയുന്ന കാഴ്ചയാണ് ചുറ്റുമുള്ളത്. സാധാരണക്കാരുടെ ജീവിതത്തെ പലപ്പോഴും വിപല്‍ക്കരമായി ബാധിക്കുന്ന ഒരു സംവിധാനമായി അത് മാറുന്നതായുള്ള ഭീതിയും വിമര്‍ശനവും പരിഹരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇവയെന്ന് ഏറിവരുന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മുതല്‍ പീഡകര്‍ക്കൊപ്പം അവര്‍ നില്‍ക്കുന്നുയെന്നുവരെയുള്ള ആക്ഷേപങ്ങള്‍ അടിക്കടി ഉയരുന്നത് എന്തായാലും ശുഭകരമല്ല.
ഒരു സുപ്രഭാതത്തില്‍ സംഭവിയ്ക്കുന്ന കാര്യമല്ല ഇവയൊന്നും. പലരും കക്ഷി രാഷ്ട്രീയ താല്പര്യത്തോടെ പറയുന്നതുപോലെ ഇത് ഏതെങ്കിലും ഒരു ഭരണകാലത്ത് മാത്രമോ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി അധികാരത്തില്‍ ഇരിക്കുമ്പോഴോ ഉണ്ടാവുന്നതുമല്ല. പക്ഷെ മാറുന്ന കാലത്ത് ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. തിരുത്തലുകള്‍ വൈകുന്നുവെന്നതെന്തുകൊണ്ടെന്നും ചിന്തിക്കണം. പോലീസിങ്ങ് എന്ന പ്രക്രീയയില്‍ സഹജമായി അത്തരം ഒരു തലം എക്കാലത്തും അടങ്ങിയിട്ടുണ്ടെന്ന് കാണാം. രാജകാലത്തെ പോലീസ് രാജാവിന്‍റെ താല്പര്യങ്ങളുടെ വാഹകരായിരുന്നു. ജനാധിപത്യകാലത്തും അധികാരം കൈയ്യാളുന്നവരുടെ താല്പര്യങ്ങള്‍ അത്തരം ഏജന്‍സികളെ ബാധിക്കുന്നു. കൈയടക്കത്തോടെ പോലീസിനെ നിയന്ത്രിച്ച് സാധാരണ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഉത്തോലകമാകുന്ന അവസ്ഥ രൂപപ്പെടുത്തിയെടുക്കുക ചെറിയ കാര്യമല്ല. കൊളോണിയല്‍-രാജവാഴ്ചക്കാല പോലീസിങ്ങിന്‍റെ തുടര്‍ച്ചയായിട്ടാണ് നമ്മുടെ പോലീസ് സംവിധാനം നിലവില്‍ വരുന്നത്. പല അടിസ്ഥാന പ്രമാണങ്ങളും അക്കാലത്ത് രൂപപ്പെട്ടതിന്‍റെ തുടര്‍ച്ചയോ നവീകൃതരൂപമോ ഒക്കെയാണ്. ഇത്തരത്തില്‍ വേണം ഇക്കാലത്തെ പോലീസിനെയും മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത്. സംവിധാനത്തിനും അധികാരം കൈയ്യാളുന്നവര്‍ക്കും ഒരുപോലെ പ്രശ്‌നങ്ങളുണ്ടെന്ന് പറയാതിരിക്കാന്‍ ആവില്ല.
പോലീസ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ അത്താണിയാവേണ്ടതാണ്. അന്യാദൃശ്യമായ നീതിബോധത്തോടെ അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഘട്ടങ്ങള്‍ ഏറെയുണ്ടുതാനും. അതേസമയം, ആധുനിക ജനാധിപത്യ സമൂഹത്തില്‍ പൗരന്മാര്‍ക്ക് ലഭിക്കേണ്ട പല അവകാശങ്ങളും വകവെച്ചു കൊടുക്കാത്ത, സൗമനസ്യങ്ങള്‍ക്കും സന്നദ്ധമാകാത്ത പ്രവര്‍ത്തനങ്ങള്‍ ഇത്തരം ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ ആവര്‍ത്തിച്ച് ദൃശ്യമാകുന്നുണ്ട്. സമൂഹത്തിലെ കീഴെ ശ്രേണിയിലുള്ളവരുടെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ ആ സമൂഹങ്ങള്‍ക്ക് അര്‍ഹമായ തരത്തിലുള്ള പരിഗണനയോ പിന്തുണയോ സമഭാവമോ ലഭിക്കുന്നില്ലെന്നു മാത്രമല്ല, അവരുടെ മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അത്തരം എത്രയോ സംഭവങ്ങള്‍ വര്‍ത്തമാനകാല കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. വാര്‍ത്ത എന്നത് ഉല്പന്നമായി തീര്‍ന്നിരിക്കുന്ന ഇക്കാലത്ത് ആ ഉത്പന്നത്തിന്‍റെ വിപണനത്തിനപ്പുറം അവ സമൂഹത്തില്‍ ആഴത്തിലേക്ക് ഇറങ്ങിപ്പോയി ഉറക്കത്തിലായ സംവിധാനങ്ങളെ ഉണര്‍ത്തിയെടുത്ത് അധികാരികളെ നിത്യമായ തിരുത്തലിന് സജ്ജമാക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നില്ല. ഇത്തരത്തില്‍ സങ്കീര്‍ണ്ണമായ, കൂടിക്കുഴഞ്ഞ സാഹചര്യത്തില്‍ മാറുന്ന കാലത്തില്‍ മാറേണ്ട പോലീസിങ്ങിനെക്കുറിച്ചുള്ള ചിന്തകള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.
ഇവിടെയാണ് ടി.എസ് എലിയറ്റ് ഉപേക്ഷിച്ച ശീര്‍ഷകത്തിന്റെ പ്രസക്തി. ഒരുപാട് ശബ്ദത്തില്‍ പോലീസിങ്ങ് നടത്താന്‍ ശ്രമിക്കുന്ന സ്ലോപ്പിയെന്ന അനാഥക്കുട്ടിയെപ്പോലെ, നമ്മുടെ പോലീസും പ്രവര്‍ത്തിക്കുന്നുവെന്നതാണ്/ പ്രവര്‍ത്തിക്കേണ്ടി വരുന്നുവെന്നതാണ് അടിസ്ഥാന പ്രശ്‌നം. തങ്ങള്‍ക്കു വഴികാട്ടേണ്ട നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും മുകളില്‍ മറ്റു പല പരിഗണനകള്‍ക്കും താല്‍പര്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ വഴങ്ങിക്കൊടുക്കുമ്പോള്‍ അല്ലെങ്കിലതിനു നിര്‍ബന്ധിതരാകുമ്പോള്‍ നീതിപാലനത്തില്‍ അവര്‍ക്ക് പല ശബ്ദങ്ങളില്‍, പല കാലങ്ങളില്‍ സംസാരിക്കേണ്ടിവരുന്നു. രാഷ്ട്രീയ യജമാന്മാരോടും സമൂഹത്തിലെ പ്രബലരോടും സാമ്പത്തിക ശക്തികളോടും സന്ധിചെയ്തുകൊണ്ടും അവരുടെ താല്പര്യങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്തുകൊണ്ടും പ്രവര്‍ത്തിക്കേണ്ടിവരുന്നതുകൊണ്ടാകാം ഇത്. അല്ലെങ്കില്‍ തങ്ങളുടെ തന്നെ മറ്റേതെങ്കിലും സ്വാര്‍ത്ഥ താല്പര്യങ്ങളാല്‍ മോഹാവേശിതരായിട്ടാവാം പ്രവര്‍ത്തികള്‍. എന്തുകൊണ്ടായാലും, നീതിയും സുരക്ഷയും തേടി എത്തുന്നവരുടെ വഴിയില്‍ ജീവസ്സറ്റ ദേഹങ്ങളായി സംവിധാനങ്ങള്‍ മാറിത്തീരാന്‍ ഇത് ഇടവെയ്ക്കുന്നു. രാഷ്ട്രീയാധികാരകേന്ദ്രങ്ങളേയും ജനതയേയും ഉദ്യോഗസ്ഥരേയും ബന്ധപ്പെട്ട എല്ലാവരും ഉൾപ്പെടുന്ന പുനരാലോചന അനിവാര്യമാവുന്ന സാഹചര്യം ഇതാണ്.
നമ്മുടെ പോലീസ് ഉദ്യോഗസ്ഥരില്‍ ഏറിയ പങ്കും നേരായ വഴിയ്ക്കു സഞ്ചരിയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷെ അവരെ അത്തരത്തില്‍ പ്രവര്‍ത്തിയ്ക്കാന്‍ സാധ്യമാകാത്ത ഒരു സംവിധാനം എവിടെയൊക്കെയോ നിലനില്‍ക്കുന്നു. ഇതിനെ പോലീസില്‍ എന്നു മാത്രം ചുരുക്കി കാണാന്‍ സാധിക്കുകയില്ല. മറ്റു സിവില്‍ സര്‍വീസ് വിഭാഗങ്ങളിലും ഇത്തരക്കാരുണ്ട്. നേര്‍വഴിക്കാരല്ലാത്ത, രാഷ്ട്രീയക്കാരും വ്യവസായികളും ദല്ലാള്‍മാരും ഒക്കെയായി അവിശുദ്ധബാന്ധവങ്ങളില്‍ ഏര്‍പ്പെടുന്ന ഇത്തരക്കാര്‍ നിഗൂഢമായ വലക്കണ്ണികണക്കെ നമ്മുടെ സാമൂഹ്യ ജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്ന ശക്തിയായി മാറിത്തീരുകയും ചെയ്തിരിക്കുന്നു. പോലീസിങ്ങ് ആരംഭിച്ച കാലം മുതല്‍ തന്നെ അധികാരത്തിന്‍റെ തെറ്റായ വിനിയോഗ ത്വര നിലനില്‍ക്കുന്നുണ്ട്. ഓരോ കാലവും അതിന്‍റെ സവിശേഷ രീതികളെ സ്വീകരിക്കുന്നുവെന്ന് മാത്രം. പക്ഷെ, ആധുനിക ജനാധിപത്യ സമൂഹത്തില്‍ അത് തികച്ചും ഭൂഷണമല്ലാതായിത്തീര്‍ന്നിരിക്കുന്നുവെന്ന് പറയാതെ വയ്യ.
ആധുനികതയുടെ വ്യർത്ഥബോധം പേറുന്ന ദ വേസ്റ്റ് ലാന്റ് അഥവാ തരിശുഭൂമി മനുഷ്യാവസ്ഥകളുടെ ആകുലതകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ നമ്മോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്:
''Who is the third who walks always beside you?
When I count, there are only you and I together
But when I look ahead up the white road
There is always another one walking beside you…''
(''ആരാണ് നിന്‍റെ കൂടെ സദാ നടക്കുന്ന ആ മൂന്നാമന്‍? ഞാന്‍ എണ്ണിനോക്കുമ്പോള്‍ നീയും ഞാനും മാത്രമേ ഒന്നിച്ചുള്ളു. പക്ഷെ, വെളുത്ത പാതമേല്‍ ഞാന്‍ മുന്നോട്ട് നോക്കുമ്പോള്‍ നിന്‍റെ കൂടെ സദാ നടക്കുന്നുണ്ട് മറ്റൊരാള്‍.'') ഈ മറ്റൊരാള്‍ നമ്മെ സദാ വേവലാതിപ്പെടുത്തുക കൂടിചെയ്യുമ്പോഴോ? ഭയലേശം ഇയാള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ആവുമോ?