'കിഴക്കമ്പലം റിപ്പബ്ലിക്കിലെ' കലാപം
PHOTO : THE MALABAR JOURNAL
കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സംരഭങ്ങളിലൊന്നായി അറിയപ്പെടുന്ന കിറ്റക്‌സ് കമ്പനിയിലെ തൊഴിലാളികളുടെ ക്യാമ്പില്‍ ശനിയാഴ്ച രാത്രിയുണ്ടായ 'ലഹള' അസാധാരണമെന്ന് പറഞ്ഞാല്‍ കുറച്ചിലായിപ്പോവും. സംഭവത്തെ പറ്റി ഇതുവരെ പുറത്തുവന്ന വിവരണങ്ങള്‍ ഉത്തരങ്ങളേക്കാള്‍ സംശയങ്ങള്‍ ബാക്കിയാക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കിറ്റക്‌സിലെ അതിഥി തൊഴിലാളികള്‍ (പ്രധാനമായും നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍) തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ അടിപിടി നിയന്ത്രിക്കാനാവാത്ത വിധം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസിനെ വിളിച്ചുവെന്നാണ് സംഭവത്തെക്കുറിച്ചുള്ള ആദ്യ വിവരണം. അക്രമം നിയന്ത്രിക്കാനെത്തിയ പോലീസിനെ ആക്രമിച്ചതാണ് വിവരണത്തിലെ രണ്ടാം പാഠം. സംഭവത്തെ പറ്റി ദിനപത്രങ്ങളില്‍ (ക്രിസ്മസ് അവധി കാരണം ഞായറാഴ്ച പത്രങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഓണ്‍ലൈന്‍ എഡിഷനുകളില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍) വന്ന വാര്‍ത്തകള്‍ മിക്കവാറും ഒരേ സ്വഭാവം പുലര്‍ത്തുന്നു. 'ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരം അനുസരിച്ച് പൊലീസുകാര്‍ അന്വേഷിക്കാനെത്തി. എന്നാല്‍, തൊഴിലാളികള്‍ പൊലീസുകാരെ ആക്രമിക്കുകയും കണ്‍ട്രോള്‍ റൂം വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു. ഈ സംഭവം അന്വേഷിക്കുവാനായി കുന്നത്തുനാട് പൊലീസ് സ്റ്റേഷനില്‍ നിന്നും എത്തിയവരെ അതിഥി തൊഴിലാളികള്‍ കൂട്ടം ചേര്‍ന്നു മര്‍ദ്ദിക്കുകയും ജീപ്പ് കത്തിക്കുകയും ചെയ്തു. പിന്നീട് ആലുവ എസ്പി കാര്‍ത്തികിന്റെ നേതൃത്വത്തില്‍ അഞ്ഞൂറോളം പൊലീസ് സ്ഥലത്തെത്തുകയും ഹോസ്റ്റലില്‍ നിന്നും ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയുമായിരുന്നു. നിലവില്‍ 150 പേരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്'. (മലയാള മനോരമ) ഇതേ ഭാഷ്യം തന്നെയാണ് എല്ലാ പത്രങ്ങളിലും വന്ന ആദ്യ വാര്‍ത്തയുടെ ഉള്ളടക്കം. വിശദാംശങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ കാണാമെന്നു മാത്രം. ദേശാഭിമാനി വാര്‍ത്തയില്‍ 'അക്രമം നടക്കുന്നത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത നാട്ടുകാരെയും കമ്പനി തൊഴിലാളികള്‍ ആക്രമിച്ചു' എന്നു കാണുന്നു. തൊഴിലാളികളുടെ ക്യാമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം (കമ്പനി വളപ്പ്?) ഏതാണെന്നും അവയില്‍ എത്ര അന്തേവാസികള്‍ ഉണ്ടായിരുന്നു എന്നുള്ള കാര്യങ്ങളൊന്നും ആദ്യ വിവരണങ്ങളില്‍ വ്യക്തമല്ല. വാര്‍ത്തകളിലൊന്നും എത്ര പൊലീസുകാര്‍ ആദ്യം സംഭവസ്ഥലത്ത് എത്തിയെന്നും രേഖപ്പെടുത്തിയിട്ടില്ല. അവരുടെ പേരു വിവരങ്ങളും അറിയില്ല. കുന്നത്തുനാട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വിടി ഷാജനടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റുവെന്ന് വാര്‍ത്തകളില്‍ പറയുന്നു. തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നിയന്ത്രിക്കാനാവാത്ത സാഹചര്യത്തില്‍ പൊലീസിന്റെ സഹായം തേടിയതെങ്കില്‍ വിരലില്‍ എണ്ണാവുന്ന പൊലീസുകാര്‍ മാത്രം സംഭവസ്ഥലത്ത് എന്തുകൊണ്ടാണ് എത്തിയതെന്ന ചോദ്യം അപ്പോള്‍ ബാക്കിയാവുന്നു. മനോരമയിലെ റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാവുന്നത് കണ്‍ട്രോള്‍ റൂമിലെയും, കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരുടെ ശ്രമം വിഫലമായതോടെ റൂറല്‍ എസ്പി-യുടെ നേതൃത്വത്തില്‍ 500 പേരടങ്ങുന്ന പൊലീസ് സേന വന്നുവെന്നാണ്. പൊലീസ് ഇടപെടലിന്റെ സമയക്രമത്തെ പറ്റി ധാരണ ലഭിക്കാതെ ഇക്കാര്യത്തെ പറ്റി വ്യക്തതയോടെ ഒന്നും പറയാനാവില്ല. കമ്പനി തൊഴിലാളികള്‍ തമ്മിലുള്ള അക്രമം നിയന്ത്രിക്കാന്‍ പറ്റാതെ പൊലീസിനെ വിളിച്ചുവെന്ന് അവകാശപ്പെടുന്നുവെങ്കിലും അക്രമത്തില്‍ തൊഴിലാളികളില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി മാധ്യമ വാര്‍ത്തകളില്‍ ഒന്നും കാണുന്നില്ല. പൊലീസിനെ വിളിക്കാന്‍ നിര്‍ബന്ധിതമായ തരത്തിലുള്ള അക്രമത്തില്‍ പരിക്ക് പോലും ആര്‍ക്കുമുണ്ടായില്ലെന്ന അസ്വാഭാവികത ഇതുവരെയുള്ള വിവരണങ്ങളില്‍ മുഴച്ചു നില്‍ക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
ലഹരിയും ലഹളയും
ശനിയാഴ്ച രാത്രിയിലെ സംഭവവികാസങ്ങളെ കുറിച്ചുള്ള പകുതി വെന്ത വാര്‍ത്തകള്‍ തിങ്കളാഴ്ചയോടെ ദൂരീകരിക്കപ്പെടുമെന്നു കരുതിയെങ്കിലും വാര്‍ത്തകളുടെ പ്രധാന ഊന്നല്‍ ഒരു വിഭാഗം തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടായ അക്രമത്തിനാണ്. വിഷയവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ പേജുകളില്‍ പ്രധാനമായും ലഭ്യമായ വിവരങ്ങളുടെ കുറച്ചുകൂടി വിശദമായ കാര്യങ്ങളാണ് മാധ്യമങ്ങളുടെ ഉള്ളടക്കം. കിറ്റക്‌സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം ജേക്കബ്ബ്, കേരള പൊലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ബിജു, കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി, ബെന്നി ബെഹാനന്‍ എംപി, കോണ്‍ഗ്രസ്സ്, സിപിഎം എന്നിവയുടെ പ്രദേശിക നേതാക്കള്‍ തുടങ്ങിയവരുടെ
പ്രസ്താവനകളായിരുന്നു വാര്‍ത്തകളുടെ ഉറവിടം. കിറ്റക്‌സ് മുതലാളി എന്ന നിലയില്‍ മാത്രമല്ല കിഴക്കമ്പലം പഞ്ചായത്താകെ സ്വന്തം റിപ്പബ്ലിക്കായി പ്രഖ്യാപിച്ച സാബു ജേക്കബ്ബിന്റെ വിശദീകരണത്തിലെ പ്രധാന പോയിന്റുകള്‍ ഇവയാണ്. തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഉണ്ടായതെന്ന് പറയുന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലഹരിയും സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണക്കുറവുമാണ് സംഭവത്തിന്റെ കാരണം. 'നിയന്ത്രിക്കാന്‍ ഒന്നോ രണ്ടോ സെക്യൂരിറ്റിക്കാരാണ് ഉണ്ടായിരുന്നത്. സെക്യൂരിറ്റിക്കാരും, സൂപ്പര്‍വൈസര്‍മാരും പറഞ്ഞിട്ടും ഇവര്‍ കേട്ടില്ലെന്നു വന്നതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. അക്രമം നടത്തിയവര്‍ അമിതമായി ലഹരി ഉപയോഗിച്ചതായാണ് മനസ്സിലാകുന്നത്. ആദ്യം മദ്യമാണെന്ന് കരുതിയെങ്കിലും എന്തോ ഡ്രഗ്‌സ്ാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യമായാണ് ഇത്രയധികം ആളുകള്‍ സംഘം ചേരുന്നതും പൊലീസിനെതിരെ തിരിയുന്നതും. 1100 പേര്‍ എങ്കിലും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളാണ്. ഇവര്‍ ക്രിമിനലുകളോ ക്രിമിനല്‍ സ്വഭാവമുള്ളവരോ അല്ല. ലഹരി ഉപയോഗിച്ചതുകൊണ്ട് മാത്രമാണ് ഇതുണ്ടായത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പുറത്തുപോകാത്തവരാണ് പലരും. അതുകൊണ്ടുതന്നെ ലഹരി എങ്ങനെ എത്തി എന്നതു മനസ്സിലാക്കണം'. ഇത്രയുമാണ് സാബു ജേക്കബ്ബിന്റെ പ്രസ്താവനയുടെ രത്‌നചുരുക്കം. പൊലീസിനെ സഹായിക്കുന്ന നിലപാടാണ് കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ ആക്രമിച്ചവരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞശേഷം പൊലീസിന് കൈമാറും. സംഭവത്തില്‍ കുറ്റം ആരോപിച്ച് 155 പേരെ പിടികൂടിയിട്ടുണ്ട്. ഇതില്‍ എല്ലാപേര്‍ക്കും സംഭവത്തില്‍ പങ്കില്ല. പരമാവധി 50 പേരാണ് കുറ്റക്കാര്‍. ഇവര്‍ക്ക് എല്ലാവര്‍ക്കും ഒരേ മുഖമായതിനാലും ഭാഷ അറിയാത്തതുകൊണ്ടും പോലീസിന് തിരിച്ചറിയാനാകില്ല. അതുകൊണ്ടു തന്നെ സൂപ്പര്‍വൈസര്‍മാരുടെ സഹായത്തോടെ ക്യാമറ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിന് കൈമാറും. ഇത്രയുമാണ് സാബു ജേക്കബ്ബിന്റെ വിശദീകരണം.
സുതാര്യമായ അന്വേഷണം അനിവാര്യം
പൊലീസുകാരുടെ നേര്‍ക്കുണ്ടായ അക്രമത്തെ അപലപിക്കുന്ന ബിജുവിന്റെ പ്രസ്താവനയില്‍ 'അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തി, സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താന്‍ എങ്ങനെ ഇവര്‍ക്ക് കഴിഞ്ഞുവെന്നും, എന്താണ് അതിന് അവര്‍ക്ക് ധൈര്യം നല്‍കിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയില്‍ വരേണ്ടതാണ്' എന്ന് വ്യക്തമാക്കുന്നു. കിഴക്കമ്പലം അക്രമം ലേബര്‍ ഓഫീസര്‍ അന്വേഷിക്കുമെന്നും ശക്തമായ നടപടികളുമായി മുന്നോട്ടു പോവുമെന്നുമായിരുന്നു തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ എംഎല്‍എ-യുടെ അഭിപ്രായത്തില്‍ കിറ്റക്‌സ് കമ്പനി ഉടമസ്ഥരാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നായിരുന്നു. തൊഴിലാളികള്‍ക്ക് ശോചനീയമായ താമസ സൗകര്യങ്ങളാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിറ്റക്‌സ് ഉടമയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന 20-20 ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്ന് ബെന്നി ബഹാനന്‍ പറഞ്ഞു. തൊഴില്‍ കേന്ദ്രങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രങ്ങളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിറ്റക്‌സിലെ ലേബര്‍ ക്യാമ്പില്‍ അനധികൃതമായി താമസിപ്പിച്ചിരുക്കുന്ന ക്രിമിനലുകളുടെ വിവരം പുറത്തുവിടണമെന്ന് സിപിഎം കോലഞ്ചേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴില്‍ മാനദണ്ഡങ്ങളും, ഫാക്ടറി നിയമങ്ങളും പാലിക്കാതെയാണ് ആയിരക്കണക്കിന് തൊഴിലാളികളെ കമ്പനിക്ക് ചുറ്റും മാനേജ്‌മെന്റ് താമസിപ്പിച്ചിരിക്കുന്നതെന്നും, ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി.
പൊലീസുകാര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനൊപ്പം കിറ്റക്‌സ് കമ്പനിയിലെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും സത്യസന്ധവും,
സുതാര്യവുമായ അന്വേഷണം നടത്തുവാന്‍ ഈ സംഭവം നിമിത്തമാകണം. 1100 പേര്‍ താമസിക്കുന്ന സ്ഥലമാണെന്ന് കമ്പനി മുതലാളി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അവിടെ ലഭ്യമായ സൗകര്യങ്ങള്‍ അത്രയും പേരെ ഉള്‍ക്കൊള്ളുന്നതിന് അനുയോജ്യമാണെന്ന കാര്യം പരിശോധിക്കുവാന്‍ പ്രയാസമുണ്ടാകില്ല. ലഹരിയുടെ ഉപയോഗമാണ് അക്രമത്തിന് വഴിതെളിച്ചതെന്ന് കാര്യം അറസ്റ്റു ചെയ്യപ്പെട്ടവരുടെ രക്ത-മൂത്ര പരിശോധന നടത്തിയാല്‍ വ്യക്തമാവുന്ന വസ്തുതയാണ് ലഹരിയുടെ സാന്നിദ്ധ്യം. സാധാരണഗതിയില്‍ അന്വേഷണത്തിന്റെ ഭാഗമായി തന്നെ നടക്കേണ്ട കാര്യമാണ് ഇത്തരം പരിശോധനകള്‍. അക്രമത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്കുള്ള നിയമപരമായ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിലും അലംഭാവം പാടില്ല. ഭാഷാപരമായ ബുദ്ധിമുട്ടുകള്‍ കൂടി ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. ഇത്രയധികം തൊഴിലാളികള്‍ ഉള്‍പ്പെട്ട സംഭവത്തെ പറ്റി പ്രാഥമിക നിലയിലുള്ള ഒരു വസ്തുതാന്വേഷണം നടത്തുവാന്‍ കേരളത്തിലെ ട്രേഡ്‌യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്കും പൊതു സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞുവെങ്കിലും ഇക്കാര്യത്തില്‍ അവര്‍ ഒരു നിലപാട് സ്വീകരിക്കേണ്ടതാണ്.
'കിറ്റക്‌സ് കമ്പനിയുടെ ലേബര്‍ ക്യാമ്പിലെ തൊഴിലാളികളുടെ മുഖത്ത് ഭയമാണ്. മതിലിനപ്പുറത്ത് നിന്ന് വിളിച്ച് സംസാരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഒഴിഞ്ഞു മാറുന്നു. ചിലര്‍ക്ക് സംസാരിക്കണമെന്നുണ്ട്. പക്ഷേ, സെക്യുരിറ്റി ജീവനക്കാരെ ഭയമാണ്', മാതൃഭൂമി പേടിയുടെ കൂട്ടില്‍ എന്ന വാര്‍ത്തയില്‍ പറയുന്നു. ലേഖകനുമായി സംസാരിച്ച മലയാളിയായ ഒരു തൊഴിലാളി സെക്യൂരിറ്റി ജീവനക്കാരന്‍ വരുന്നതുകണ്ട് മുറിയിലേക്ക് ഓടിപ്പോയതായും വാര്‍ത്തയില്‍ പറയുന്നു. 'ഷീറ്റുമേഞ്ഞ നിരനിരയായുള്ള മുറികള്‍ പല ബ്ലോക്കുകളായി തിരിച്ചിരിക്കുന്നതാണ് ലേബര്‍ ക്യാമ്പ്. കിറ്റക്‌സ് കമ്പനിയുടെ തൊട്ടരികില്‍ തന്നെയാണിത്. വലിയൊരു ഗേറ്റും, സെക്യൂരിറ്റി ജീവനക്കാരും, ക്യാമ്പിന് മാത്രമായുണ്ട്. സ്‌പോട്ട് ലൈറ്റുകളും, സിസിടിവി ക്യാമറകളും നിരീക്ഷണത്തിനായുണ്ട്'. ഇതിനു പുറമെ കമ്പനിയുടെ മറ്റു സെക്യുരിറ്റി ജീവനക്കാരും പ്രദേശം നിരീക്ഷിക്കുന്നതായി വാര്‍ത്തയില്‍ പറയുന്നു. കിറ്റക്‌സ് കമ്പനിയിലെ തൊഴിലാളികളുടെ മുഖത്തു നിന്നും ഭയം വിട്ടുമാറാത്തതിന്റെ കാരണം എന്താണെന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോഴും ബാക്കിയുണ്ടെന്ന് കരുതേണ്ടതുണ്ട്.