TMJ
searchnav-menu
post-thumbnail

Outlook

കെ.കെ ജോർജ്: കേരളത്തിന്റെ വികസന മാതൃക അവതാളത്തിലാണെന്ന തിരിച്ചറിവിന്റെ പാണ്ഡിത്യം

12 Aug 2022   |   1 min Read
K P Sethunath

വിഖ്യാതമായ കേരള മോഡൽ വികസന മാതൃകയെക്കുറിച്ചുള്ള സംവാദങ്ങളിലെ നാഴികക്കല്ലാണ് 'ലിമിറ്റ്സ് ടു കേരള മോഡൽ' എന്ന പഠനം. വ്യക്തമായ കണക്കുകളെ അടിസ്ഥാനമാക്കി കേരള വികസന മാതൃകയുടെ നിലനിൽപ്പ് എങ്ങനെ അവതാളത്തിലാകുന്നുവെന്ന് വിലയിരുത്തൽ നടത്തിയ പ്രൊഫസർ കെ.കെ ജോർജിന്റെ പ്രസ്തുത കൃതിയെ പരാമർശിക്കാതെ കേരളത്തിന്റെ വികസന സംവാദങ്ങൾ സാധ്യമല്ലെന്ന സ്ഥിതിവിശേഷം സാമ്പത്തിക പഠനമേഖലയുമായി ബന്ധമുളളവരെല്ലാം സമ്മതിക്കും. ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ ധനപരമായ അധികാരങ്ങളും, അവകാശങ്ങളും ക്രമേണ ഇല്ലാതാവുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കേരള മാതൃകയുടെ ഗുണദോഷങ്ങളെക്കുറിച്ചുള്ള പ്രൊഫ. ജോർജ്ജിന്റെ വിശകലനം. റവന്യൂ-ധനക്കമ്മിയെന്ന സാങ്കേതികതകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ രീതിശാസ്ത്രം.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ പറ്റി ഇത്രയധികം ജാഗ്രതയോടെ സമീപിച്ച സാമ്പത്തിക വിദഗ്ധർ കേരളത്തിൽ ഒരു പക്ഷെ ഉണ്ടാവില്ല. സംസ്ഥാനങ്ങളെ സാമ്പത്തികമായി പരാധീനതയിലാക്കുന്ന, സംസ്ഥാനങ്ങളുടെ പരിമിതമായ സാമ്പത്തികാധികാരങ്ങൾ പോലും ക്രമേണ ഇല്ലാതാവുന്നതിനെ പറ്റി 1990 കളിൽ തന്നെ മുന്നറിയിപ്പ് തന്ന വിദഗ്ധനായിരുന്നു പ്രൊഫ. ജോർജ്. ധനകാര്യ കമ്മീഷനുകൾ ഇക്കാര്യത്തിൽ വഹിച്ച പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ വിമർശനങ്ങൾ രാജ്യവ്യാപകമായി ഏറെ ശ്രദ്ധ നേടിയിരുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കുവാൻ 1980 കളിൽ നിയോഗിച്ച 'സർക്കാരിയ കമ്മീഷനിൽ' സമർപ്പിക്കുന്നതിന് കേന്ദ്രവും, സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ പുനർനിർവചിക്കണമെന്ന കുറിപ്പ് തയ്യാറാക്കുന്നതിനായി പശ്ചിമ ബംഗാളിലെ മുൻധനകാര്യ മന്ത്രിയും പ്രമുഖ മാർക്സിസ്റ്റു സാമ്പത്തിക ചിന്തകനുമായ അശോക് മിത്ര ചുമതലപ്പെടുത്തിയത് ഡോ. ഐഎസ്സ് ഗുലാത്തിയെയും പ്രൊഫ. ജോർജിനെയുമായിരുന്നു. അതിനായുള്ള പഠനം പൂർത്തിയാക്കുന്നതിനായി കൊൽക്കത്തയിൽ രണ്ടാഴ്ചയോളം ഗുലാത്തിയും ജോർജും ചിലവഴിച്ചിരുന്നു.

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച 82 കാരനായ പ്രൊഫ. ജോർജ് വ്യാഴാഴ്ച രാത്രി നമ്മെ വിട്ടു പിരിഞ്ഞു. സാമ്പത്തിക പഠനമേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു സാമ്പത്തിക പണ്ഡിതൻ സമീപകാലത്ത് കേരളത്തിൽ ഉണ്ടാവില്ല. കേരള മാതൃകയുടെ പരിമിതികൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ, പൊതു ധനകാര്യം (പബ്ലിക് ഫൈനാൻസ്), ധനകാര്യ കമ്മീഷനുകളുടെ മാനദണ്ഡങ്ങൾ കേരളം പോലുള്ള സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ തുടങ്ങിയ വൈവിധ്യമായ മേഖലകളിൽ നടത്തിയ ആഴത്തിലുള്ള ഗവേഷണങ്ങളായിരുന്നു പ്രൊഫ. ജോർജിന്റെ മുഖ്യമായ സംഭാവന. തിരുവിതാംകൂറിന്റെ വടക്കേ അതിർത്തിയായ വേങ്ങൂരിലെ കർഷക കുടുംബത്തിൽ ജനിച്ച ജോർജ് ആലുവ യുസി കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവടങ്ങളിലെ പഠനശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ചെന്നൈ, കൊൽക്കത്ത, മുംബെ തുടങ്ങിയ നഗരങ്ങളിൽ ജോലി ചെയ്ത ജോർജ് 12 വർഷത്തിനു ശേഷം ബാങ്കിംഗ് മേഖല ഉപേക്ഷിച്ച് അക്കാദമിക് രംഗത്തേക്ക് ചുവടു മാറ്റി. കൊച്ചി ശാസത്ര-സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ പ്രൊഫസറായ അദ്ദേഹം പിന്നീട് അതിന്റെ ഡയറക്ടറായി വിരമിച്ചു. ഈ കാലയളവിൽ കേരളത്തിന്റെ ധനകാര്യ പഠന മേഖലയിൽ വഴിത്തിരിവായ നിരവധി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.

ധനപരമായ ഫെഡറലിസത്തെക്കുറിച്ചുള്ള ചിന്തകൾ സജീവമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രൊഫ. ജോർജിന്റെ പഠനങ്ങൾ വഴികാട്ടിയാകുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല.

അക്കാദമിക് പണ്ഡിതനെന്ന ഇടുങ്ങിയ വൃത്തത്തിനുള്ളിൽ ഒതുങ്ങുന്നതായിരുന്നില്ല പ്രൊഫ. ജോർജിന്റെ വ്യക്തിത്വം. സൗമ്യതയും, നർമ്മബോധവും വ്യക്തമായ രാഷ്ട്രീയ ബോധ്യങ്ങളും പുലർത്തിയ പ്രൊഫ. ജോർജ് തന്റെ അഭിപ്രായങ്ങളും, വീക്ഷണങ്ങളും ഒരിക്കലും മറച്ചുവച്ചിരുന്നില്ല. പറഞ്ഞു പഴകിയ കേരള മാതൃകയുടെ ദുർബലമായ അടിത്തറയെക്കുറിച്ചും, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുമെല്ലാമുള്ള പഠനങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളുടെ വ്യക്തമായ തെളിവുകളാണ്. ധനപരമായ ഫെഡറലിസത്തെക്കുറിച്ചുള്ള ചിന്തകൾ സജീവമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രൊഫ. ജോർജിന്റെ പഠനങ്ങൾ വഴികാട്ടിയാകുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. കൊച്ചി സർവകലാശാലയിൽ നിന്നും 2000 ത്തിൽ പിരിഞ്ഞതിനു ശേഷം പ്രൊഫ. ജോർജിന്റെ പ്രധാന പ്രവർത്തന മേഖല അദ്ദേഹം മുൻകൈ എടുത്ത് രൂപീകരിച്ച കൊച്ചി കേന്ദ്രമാക്കിയുള്ള സെന്റർ ഫോർ സോഷ്യോ-എക്കണോമിക് ആന്റ് എൻവയോൺമെന്റൽ സ്റ്റഡീസ് (സിഎസ്സ്ഇഎസ്സ്) എന്ന സ്ഥാപനമായിരുന്നു. ഈ കാലയളവിൽ കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യ മേഖലകളെക്കുറിച്ചുള്ള നിരവധി പഠനങ്ങൾക്ക് സിഎസ്സ്ഇഎസ്സിലെ ഗവേഷകർക്കൊപ്പം അദ്ദേഹം നേതൃത്വം നൽകി. ജീവിതാനുഭവങ്ങളെ തന്റെ സ്വതസിദ്ധമായ നർമ്മത്തോടെ പ്രതിപാദിക്കുന്ന 'എ ജേർണൽ ഓഫ് മൈ ലൈഫ്' എന്ന അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശനം ഇക്കഴിഞ്ഞ ജൂലൈ 22 നായിരുന്നു. സാമ്പത്തിക പഠനമേഖലയിൽ പ്രൊഫ. ജോർജിന്റെ സംഭാവനകളെ സമഗ്രമായി വിലയിരുത്തുന്ന പഠനങ്ങൾ വരും നാളുകളിൽ ഉണ്ടാവുമെന്നു പ്രതീക്ഷിക്കാം.

Leave a comment