കുടക്, കൊഡവ, കാവേരമ്മ
ILLUSTRATION: SAVINAY SIVADAS
PHOTOS: PRASOON KIRAN
കതിവനൂര്‍ വീരനായി മാറിയ മന്ദപ്പന്‍ എന്ന മനുഷ്യന്‍ ചെറുപ്രായത്തില്‍ ചങ്ങായിമാരോടൊപ്പം കുടകിലേക്ക് പോവുമ്പോള്‍ അവിടെ കതിനൂരുള്ള നേരമ്മാമനെ കാണണമെന്നാണ് ആഗ്രഹിക്കുന്നത്. (കതിവനൂര്‍, കതിവന്നൂര്‍, കതിനൂര്‍ എന്നൊക്കെ മലയാളികള്‍ പറയുന്ന സ്ഥലത്തിന് കുടകര്‍ നല്‍കിയിരിക്കുന്ന പേര് കദനൂര്‍ എന്നാണ്). മന്ദപ്പന്റെ കഥയ്ക്ക് ഏറ്റവും ചുരുങ്ങിയത് ഇരന്നൂറിലധികം വര്‍ഷത്തെ പഴക്കം കാണും. വീരന്റെ കാലം അതിനും മുമ്പാകാനാണ് കൂടുതല്‍ സാധ്യത. പക്ഷേ, തോറ്റംപാട്ടിലെ ‘വീരരാജന്‍ പേട്ടയിലും പോയെണ്ണമാറി’ എന്ന വരിക്ക് ചരിത്രപരമായ ആധികാരികത കല്‍പ്പിക്കുകയാണെങ്കില്‍ 220-230 വര്‍ഷത്തിലധികം പഴക്കം പറയാനാവില്ല. 1780 മുതല്‍ 1809 വരെ കുടക് ഭരിച്ചിരുന്ന ദൊഡ്ഡവീരരാജേന്ദ്ര എന്ന രാജാവ് 1791 ല്‍ വീരാജ് പേട്ട എന്ന് പിന്നീട് വിളിക്കപ്പെട്ടു തുടങ്ങിയ വീരരാജേന്ദ്രപേട്ട് നഗരം സ്ഥാപിച്ചത് താന്‍ ബോംബെ ഗവര്‍ണറും ആര്‍മിയുടെ കമാന്റര്‍ ഇന്‍ ചീഫുമായിരുന്ന റോബര്‍ട്ട് ആബര്‍ ക്രോംബിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ സ്മരണയ്ക്കായിട്ടാണ്. തോറ്റംപാട്ടില്‍ പലപ്പോഴായി പല വരികളും കൂട്ടിച്ചേര്‍ക്കപ്പെടാം. വീരരാജന്‍ പേട്ട പരാമര്‍ശിക്കപ്പെടുന്ന വരിയും അങ്ങനെ ആയിക്കൂടെന്നില്ല.
കുടകരും മലയാളികളും തമ്മിലുള്ള ബന്ധം ഒന്നിലധികം തലങ്ങളിലുള്ളതാണ്. നെല്ലുല്‍പാദനം വളരെ കൂടുതലായി ഉണ്ടായിരുന്ന തങ്ങളുടെ നാട്ടില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പേ കുടകന്മാര്‍ ചെറുസംഘങ്ങളായി വടക്കേ മലബാറില്‍ അരിവില്‍പ്പനയ്ക്കായി വരാറുണ്ടായിരുന്നു. അതുവഴി രണ്ട് ബന്ധങ്ങളാണ് ഉണ്ടായിവന്നത്. ഇവിടെയുള്ള ആളുകള്‍ അവിടെ പണിക്കു പോവാന്‍ തുടങ്ങി. കുടകിലേക്ക് പോവുക എന്നത് ഒരു കാലത്ത് വടക്കന്‍ കേരളത്തിലെ പല സ്ഥലങ്ങളിലെയും സാധാരണ തൊഴിലാളികള്‍ ഒരു രക്ഷാമാര്‍ഗ്ഗമായാണ് കണ്ടിരുന്നത്. കുടകരോടൊപ്പമോ അല്ലാതെ നാട്ടില്‍ നിന്ന് ചെറുസംഘങ്ങളായോ പോവുക എന്നത് സ്വന്തം പ്രദേശത്തിനു പുറത്തേക്കു പോവുന്ന ശീലമില്ലാതിരുന്ന അക്കാലത്തെ ആളുകള്‍ക്ക് വലിയൊരു ഹരമായി അനുഭവപ്പെട്ടിരിക്കണം. തങ്ങള്‍ എത്തിച്ചേരുന്ന ഇടത്തെ മനുഷ്യരുടെ വ്യത്യസ്തമായ വേഷഭൂഷാദികളും അവിടെ നിന്നു കിട്ടുന്ന വ്യത്യസ്തമായ ആഹാരസാധനങ്ങളുമെല്ലാം അവരെ വല്ലാതെ ആകര്‍ഷിച്ചിരിക്കാം. വര്‍ഷത്തില്‍ കുറെ മാസക്കാലം തുടര്‍ച്ചയായി പണികിട്ടുമെന്നതായിരുന്നു മറ്റൊരു കാര്യം. കുടകില്‍ വയലിലും തോട്ടങ്ങളിലുമൊക്കെ ജോലിചെയ്യാന്‍ കൂടുതല്‍ ആളുകളെ ആവശ്യമുണ്ടെന്നും ഇവിടെയുള്ള കുറേപ്പേര്‍ കുടകിലേക്ക് പോവാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്നും മനസ്സിലാക്കിയതോടെ കുറച്ചുപേര്‍ കങ്കാണിപ്പണിയിലേക്ക് മാറി. അവര്‍ ഭേദപ്പെട്ട വരുമാനമുണ്ടാക്കുകയും നാട്ടില്‍ അവരുടെ പദവി ഉയരുകയും ചെയ്തു.
ഈ കങ്കാണികളും അവിടെ പണിക്കുപോയി വരുന്നവര്‍ തന്നെയും ഒരു കാലത്ത് നല്ല ഗമയിലാണ് നടന്നിരുന്നത്. കുടകിലെ പുരുഷന്മാര്‍ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും മറ്റ് ഔപചാരിക സന്ദര്‍ഭങ്ങിലും ഹാഫ് കൈകോട്ടും (കുപ്പ്യ) കോട്ടിനുമേല്‍ അരയില്‍ ചുവപ്പ് നിറത്തിലുള്ളതും സ്വര്‍ണവര്‍ണ്ണത്തില്‍ എംബ്രോയിഡറി ചെയ്തതുമായ ‘ചേലെ’ യും ധരിക്കും. പുറമെ പണിക്കെട്ട്/ മണ്ടെത്തുണി എന്നു പറയുന്ന ഭംഗിയുള്ള ഒരു തലേക്കെട്ടും. (kupya, chele and panikkettu/ mandethuni). കുടകില്‍ എന്തെങ്കിലുമൊക്കെയായി ജോലി ചെയത് മടങ്ങിവരുന്നവരില്‍ ചിലര്‍ നാട്ടിലും കോട്ടിട്ട് നടക്കുമായിരുന്നു. അത് തങ്ങളുടെ പദവി ഉയര്‍ത്തിക്കാട്ടുന്ന വേഷമായി അവര്‍ കരുതിയിരുന്നു. പുറത്ത് എങ്ങോട്ടു പോവുമ്പോഴും, അത് കള്ളുഷാപ്പിലേക്കായാലും, അവര്‍ക്ക് കോട്ട് വിട്ടുള്ള കളിയുണ്ടായിരുന്നില്ല. എന്റെ ‘ജനകഥ’ എന്ന നോവലില്‍ അങ്ങനെയുള്ള ഒരു കഥാപാത്രത്തെ (മരത്തന്‍) അവതരിപ്പിച്ചിട്ടുണ്ട്.
അരിവില്‍ക്കാന്‍ വന്ന് വടക്കന്‍ കേരളത്തില്‍ പല സ്ഥലത്തായി കുറച്ചു ദിവസം തങ്ങി മടങ്ങിപ്പോവുന്നതിന്റെ ഭാഗമായാണ് ഇവിടത്തെ നാടോടി ദൈവങ്ങളുമായുള്ള കുടകരുടെ ബന്ധം ആരംഭിക്കുന്നത്. ‘കാവേരമ്മ’ (കാവേരിയമ്മ)യും ‘ഇഗ്ഗുത്തപ്പ’ യും ഒഴികെ മറ്റ് ദൈവങ്ങളൊന്നും ഇല്ലാതിരുന്ന കുടകന്മാരെ ഇവിടത്തെ ദൈവങ്ങളും കാവുകളും തെയ്യാട്ടവുമൊക്കെ വളരെയേറെ ആകര്‍ഷിച്ചിട്ടുണ്ടാവും. കുടകന്മാരില്‍ ചിലരില്‍ ആവേശിച്ച് കുടകിലേക്ക് പോയ ദൈവചൈതന്യങ്ങളിലൊന്ന് മാടായിക്കാവിലെ ക്ഷേത്രപാലനാണ്. കുടകിലെത്തിയപ്പോള്‍ ക്ഷേത്രപാലന്‍ ക്ഷേത്രപ്പയായി. കുളിയനും കുട്ടിച്ചാത്തനും അമ്മദൈവങ്ങളും ഇങ്ങനെ പലപ്പോഴായി കുടകരോടൊപ്പം പോയാണ് കുടകുനാട്ടിലെത്തിയത് എന്നു പറയാനാവില്ല. പണ്ടേ അവിടെ എത്തിയ വടക്കന്‍ മലയാളികളായ തൊഴിലാളികള്‍ നാട്ടില്‍ നിന്ന് വണ്ണാന്‍മാരെയും മലയന്മാരെയും മറ്റും കൂട്ടിക്കൊണ്ടുപോയി ഈ തെയ്യങ്ങളെയെല്ലാം അവിടെ കെട്ടിയാടിക്കാന്‍ തുടങ്ങിയിരിക്കാം. കാലാന്തരത്തല്‍ കുടകരും അവരുടെ ഭക്തന്മാരാവുകയും സ്വന്തം നിലയ്ക്കുതന്നെ അവരെ കെട്ടിയാടിക്കാന്‍ തുടങ്ങിയതുമാവാം.
കുടകര്‍ സ്വന്തം ദൈവമായിക്കരുതി എപ്പോഴും വിളിച്ചു പ്രാര്‍ത്ഥിക്കുന്ന ഇഗ്ഗുത്തപ്പയും സഹോദരി പൊന്നംഗലത്തമ്മയും തന്നെ കേരളത്തില്‍ നിന്നുപോയവരാണെന്നാണ് കഥ. പ്രസിദ്ധമായ തൃച്ഛംബരം ക്ഷേത്രത്തിലെ തൃച്ഛംബരത്തപ്പന്‍ ഇഗ്ഗുത്തപ്പയുടെ സഹോദരനാണെന്നാണ് കുടകന്മാര്‍ വിശ്വസിക്കുന്നത്. പൊന്നംഗലത്തമ്മയുടെ ശരിയായ പേര് തങ്കമ്മ എന്നാണ്. കക്കബെയ്ക്കടുത്തുള്ള പൊന്നംഗലത്ത് കുടിയിരുന്നതു കാരണമാണ് അവര്‍ പൊന്നംഗലത്തമ്മയായത്.
പയ്യാവൂര്‍, വയത്തൂര്‍ ക്ഷേത്രങ്ങളില്‍ എത്രയോ കാലമായി ഉത്സവകാലത്ത് കുടകന്മാര്‍ കാളപ്പുറത്ത് അരിയുമായി വരാന്‍ തുടങ്ങിയിട്ട്. അരിവ്യാപാരത്തിന് വന്നുതുടങ്ങിയ കാലത്ത് എപ്പോഴോ ആരംഭിച്ചതാവാം ഇന്നാട്ടിലെ ഈ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഈ ചടങ്ങ്. പയ്യാവൂരിനും വയത്തുരിനും പുറമെ കുടകര്‍ക്ക് വടക്കന്‍ കേരളത്തില്‍ വളരെ അടുപ്പമുള്ള ആരാധനാലയങ്ങള്‍ പറശ്ശിനി മുത്തപ്പന്‍ ക്ഷേത്രവും മാടായിക്കാവുമാണ്.
കേരളത്തിലെ ചില തെയ്യംകെട്ടുകാര്‍ കാലാകാലമായി കുടകില്‍ പോയി തെയ്യം കെട്ടുന്നുണ്ട്. പൂര്‍വ്വികാരാധന കുടകര്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാരണവരെ കുടിയിരുത്തിയിരിക്കുന്ന ‘കൈമട’ എന്നറിയപ്പെടുന്ന ചെറിയ കോവില്‍ എല്ലാ പഴയ തറവാടുകളുടെയും പറമ്പില്‍ മുന്‍ഭാഗത്തുതന്നെ കാണാം. അവിടെ വിശേഷാവസരങ്ങളിലെല്ലാം പഴയ കാരണവരുടെ ഇഷ്ടഭോജ്യങ്ങള്‍ അര്‍ച്ചിക്കും. കുടക് കുടുംബങ്ങളിലെ കാരണവരായതുകൊണ്ട് സ്വാഭാവികമായും അത് മദ്യവും മാംസവുമൊക്കെയായിരിക്കും. കാരണവന്മാരെ ആരാധിക്കുക മാത്രമല്ല അവരുടെ കോലം കെട്ടിയാടിക്കുക കൂടി ചെയ്യുന്ന പതിവ് കുടകര്‍ക്കുണ്ട്. വടക്കന്‍ മലയാളികളുടെ ‘കാരണവര്‍തെയ്യം’ അവര്‍ക്ക് ‘കാരണോക്കോല’ മാണ്. ഈ കാരണവര്‍ കുടുംബാംഗങ്ങളെ അനുഗ്രഹിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. കാരണക്കോലം ഉള്‍പ്പെടെ കുടകിലെ തെയ്യക്കോലങ്ങളെല്ലാം കെട്ടിയാടുന്നത് മലയാളികളായ തെയ്യംകെട്ടുകാര്‍ തന്നെയാണ്. ഇങ്ങനെയുള്ള ഒരു കോലധാരിയാണ് സരിതാ മന്തണയുടെ ‘Tiger Hills’ എന്ന നോവലിലെ ദേവിയുടെയും ദേവണ്ണയുടെയും ജീവിതത്തില്‍ വലിയ അട്ടിമറിയുണ്ടാക്കുന്നത്.
ഇനി കുടകരുടെ ഒരു നാടന്‍പാട്ടായ ‘മംഗലപ്പാട്ടി’ ലേക്ക് വരാം. ഈ പാട്ടില്‍ കടിയത്തു നാട്ടിലെ കരട ഗ്രാമത്തിലെ അയ്യണ്ണ എന്ന ചെറുപ്പക്കാരന്‍ കല്യാണത്തിന് പെണ്ണന്വേഷിച്ചുപോവുന്ന കഥ പറയുന്നുണ്ട്. പെണ്ണനേഷിച്ച് പലേടത്തും പോയി ഒടുവില്‍ മാച്ചമ്മ എന്ന മനസ്സിനിണങ്ങിയ പെണ്ണിനെ കണ്ടെത്തി അവളോട് സംസാരിക്കുമ്പോള്‍ അയ്യണ്ണ ചോദിക്കുന്നു: “നിന്റെ സഹോദരന്‍ എങ്ങോട്ടാണ് പോയത്?” അതിന് അവള്‍ നല്‍കുന്ന മറുപടി ഇതാണ്: “അരികൊടുത്ത് പൊന്‍പണം വാങ്ങാനായി മുപ്പത്താറ് കാളകളുടെ പുറത്ത് സന്നകി അരിയുമായി മാണിക്യമലനാട്ടിലേക്ക് പോയിരിക്കയാണ്. (മാണിക്യമലനാട് വടക്കേ മബാര്‍ തന്നെ. സന്നകി അരി മുന്തിയ ഒരു തരം അരിയും). പെണ്ണുകാണാനായി ഇപ്പോള്‍ വന്നിരിക്കുന്ന പയ്യന് മകളെ കൊടുക്കാമെന്ന് തീരുമാനിച്ചപ്പോള്‍ മാച്ചമ്മയുടെ അച്ഛന്‍ മാണിക്യമലനാട്ടിലെ അച്യുതന്‍ ജ്യോത്സ്യരുടെ അടുത്തേക്ക് ആളെ അയക്കുകയാണ് ആദ്യമായി ചെയ്തത്. ജ്യോത്സ്യരാണെങ്കില്‍ തന്നെ വിളിക്കാന്‍ വന്ന ആളോടൊപ്പം ‘ഒഴുക്കില്‍ പായുന്ന മീനെന്ന പോലെയും സൂചിയില്‍ പായുന്ന നൂലെന്ന പോലെയും’ ഉത്സാഹപൂര്‍വം പോവുകയും ചെയ്യുന്നു.
മലയാളി ജ്യോത്സ്യന്മാരാണ് കുടകരുടെ കല്യാണത്തിനു പൊരുത്തം നോക്കുകയും മുഹൂര്‍ത്തം നിശ്ചയിക്കുകയും ചെയ്തിരുന്നത്. ഇപ്പോള്‍ ജ്യോത്സ്യന്മാര്‍ക്ക് അവരില്‍ എത്രപേര്‍ വിലകല്പിക്കുന്നുണ്ട് എന്ന് കൃത്യമായി അറിയില്ല. കുറേ വര്‍ഷങ്ങള്‍ക്കുമ്പ് അറുപതു കഴിഞ്ഞ ഒരു കുടകനോട് മറ്റു പലതും സംസാരിക്കുന്ന കൂട്ടത്തില്‍ ജ്യോത്സന്മാരുടെ കാര്യവും കടന്നുവന്നു. അയാള്‍ പറഞ്ഞു: “ശങ്കരന്‍ കണിശന്‍ വന്ന് വരാന്‍ പോകുന്ന കൊല്ലത്തെ കാര്യങ്ങളെല്ലാം മോശമാണെന്നു പറയും. ഒരാഴ്ച കഴിഞ്ഞ് ഇവിടെ വരുന്ന രാമന്‍ ജ്യോത്സ്യന്‍ കവിടി നിരത്തി പറയും: അടുത്ത കൊല്ലം ശുഭകാര്യങ്ങളേ ഉണ്ടാവൂ. ഞാനിപ്പോള്‍ അവര് രണ്ടാള് പറയുന്നതും കാര്യമാക്കാറില്ല.”
കുടകരുടെ ഭാഷ കൊഡവ ആണ്. കൊഡവ എന്ന വാക്ക് കുടകരുടെ ഭാഷയെയും അവരുടെ സമുദായത്തെയും സൂചിപ്പിക്കാന്‍ ഉപയോഗിക്കും. ഈ ഭാഷയില്‍ കന്നട, മലയാളം, തമിള്‍, തുളു എന്നീ ഭാഷകളുടെയെല്ലാം സ്വാധീനം വളരെ പ്രകടമാണ്. കുടകില്‍ സംസാരിക്കപ്പെടുന്ന ഭാഷകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് 30.91 ശതമാനം പേര്‍ സംസാരിക്കുന്ന കന്നടയാണ്. തൊട്ടുപിന്നാലെ വരുന്നത് മലയാളമാണ് (20.83%). മൂന്നാമതാണ് കൊഡവഭാഷയുടെ സ്ഥാനം (14.86%) പിന്നെ തുളു (8.92ശതമാനം). ബാക്കി മറ്റു ഭാഷകളും. കുടകരില്‍ കുറേപേര്‍ ബാംഗ്ളൂര്‍, മൈസൂര്‍, മാംഗളൂര്‍, ചെന്നൈ, ഊട്ടി എന്നിവടങ്ങളിലേക്കു പോയിട്ടുണ്ട്. അവരില്‍ പലരും അവിടെ സ്ഥിരതാമസമാക്കിയ മട്ടാണ്. കുടകര്‍ കുടിയേറിയിരിക്കുന്ന (പലരുടേതും താല്ക്കാലികമാകാം) വിദേശരാജ്യങ്ങള്‍ യു.എ.ഇ, ആസ്ട്രേലിയ, കാനഡ, യു.എസ് എന്നിവയാണ്. കുടകില്‍ സ്ഥിരമായി താമസിക്കുന്ന കുടക് വംശജരുടെ എണ്ണം കഴിഞ്ഞ രണ്ടുമൂന്നു ദശകക്കാലത്തിനുള്ളില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
കുടകരില്‍ വളരെയേറെപ്പേര്‍ക്ക് മലയാളം കേട്ടാല്‍ ഏറെക്കുറെ മനസ്സിലാവും. എല്ലാ വാക്കുകളുടെയും അര്‍ത്ഥം പിടി കിട്ടില്ലെങ്കിലും ആശയം മിക്കവാറും ശരിയായിത്തന്നെ അവര്‍ പിടിച്ചെടുക്കും. ഒരു മലയാളിക്ക് കൊഡവ ഭാഷ അല്ലെങ്കില്‍ കൊടവത്തക്ക് ആദ്യം കേള്‍ക്കുമ്പോള്‍ ഒന്നും മനസ്സിലാകാന്‍ ഇടയില്ല. രണ്ടോ മൂന്നോ ദിവസം കേട്ടുകഴിയുമ്പോള്‍ പലതും പിടികിട്ടും. അഞ്ചുപത്തു ദിവസം കഴിയുമ്പോഴേക്കും ഈ ഭാഷ നല്ലപോലെ മനസ്സിലാവാന്‍ തുടങ്ങും. ഏകദിനഭാഷാഭേദം, ദ്വിദിന ഭാഷാഭേദം എന്നു പറയുന്നതു പോലെത്തന്നെയാണ് മലയാളിയെ സംബന്ധിച്ചിടത്തോളം കൊഡവഭാഷ. തമിഴ് കഴിഞ്ഞാല്‍ ദ്രാവിഡ ഭാഷാഗോത്രത്തിലെ മറ്റേതു ഭാഷയെക്കാളും വേഗത്തില്‍ മലയാളിക്ക് വഴങ്ങിക്കിട്ടുന്നത് ‘കൊഡവത്തക്ക്’ ആയിരിക്കും. പെട്ടെന്നുണ്ടാവുന്ന ഞെട്ടലും ഭീതിയും മറ്റും പ്രകടിപ്പിക്കാന്‍ വടക്കന്‍ മലയാളികള്‍ ഉപയോഗിക്കുന്ന ‘ഊയീ’ എന്ന പ്രയോഗം കൊഡവഭാഷയില്‍ അതേ പടി ഉണ്ട്. ചെറിയ വ്യത്യാസത്തോടെ ഉപയോഗിക്കപ്പെടുന്ന ചോരെ (ചോര), മീസെ (മീശ), അട്ട (അട്ടം), ഇല്ലെ (ഇല്ല) തുടങ്ങിയ വാക്കുകളും വ്യത്യാസമൊന്നുമില്ലാതെ ഉപയോഗിക്കപ്പെടുന്ന ഏണി, കുഞ്ഞി, കുളിര്, നാളെ, പരീക്ഷ, പാട്ട്, കല്ല്, പൊടി, പുതിയത് തുടങ്ങിയ മറ്റനേകം വാക്കുകളും കൊഡവ ഭാഷയിലുണ്ട്.
വടക്കന്‍ കേരളത്തിലേതുപോലെ കാവുകളോടു ചേര്‍ന്നുള്ള ചെറുകാടുകള്‍ (ദേവരകാട്) കുടകിലുമുണ്ട്. ഈ വിശുദ്ധവനങ്ങളില്‍ നിന്ന് മരം മുറിക്കാന്‍ പാടില്ല, അവിടെ വീണുകിടക്കുന്ന കൊമ്പുകള്‍ പോലും എടുത്തുകൊണ്ടുപോകരുത്, കാടിനകത്ത് വഴിവെട്ടരുത് എന്നൊക്കെയായിരുന്നു നിയമം. അങ്ങനെ സംരക്ഷിക്കപ്പെട്ട കൊച്ചുവനങ്ങള്‍ മൊത്തത്തില്‍ കുടകുകാടിന്റെ 2 ശതമാനം വരുമാനമായിരുന്നു. 4102 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള കുടകിന്റെ മൂന്നിലൊരു ഭാഗം കാടാണ്. അതായത് ദേവരകാടുകള്‍ ആകെക്കൂടി ഏകദേശം 27.34 ചതുരശ്ര കിലോമീറ്ററിലധികം വരുമെന്നര്‍ത്ഥം. ഇത് അല്പം പഴയ കണക്കാണ്. പല ആവശ്യങ്ങള്‍ക്കായുള്ള കടന്നുകയറ്റങ്ങള്‍ നടന്നിട്ടുള്ളതിനാല്‍ ഇപ്പോള്‍ ദേവരകാടുകളുടെ കയ്യിലുള്ള വനം ഇത്രയൊന്നും വരാന്‍ സാധ്യതയില്ല. ദേവരകാടുകള്‍ നശിപ്പിക്കപ്പെടുന്ന പ്രശ്നം പല തവണ അവിടത്തെ പത്രങ്ങളില്‍ വന്നിട്ടുള്ളതാണ്.
കുടകിന്റെ പടിഞ്ഞാറെ അതിര്‍ത്തി കേരളത്തിലെ കാസർഗോഡ് ജില്ലയും കര്‍ണാടകത്തിലെ മൈസൂര്‍ ജില്ലയുമാണ്. തെക്കു പടിഞ്ഞാറെ അതിര്‍ത്തി കണ്ണൂര്‍ ജില്ലയും തെക്കേത് വയനാടുമാണ്. വീരാജ് പേട്ട, പൊന്നമ്പേട്ട, മടിക്കേരി, സോമവാര്‍പേട്ട, കുശാല്‍ നഗര്‍ എന്നിങ്ങനെ അഞ്ച് താലൂക്കുകളാണ് കുടക്ജില്ലയ്ക്കുള്ളത്. ഇവയില്‍ വീരാജ് പേട്ട, പൊന്നംപേട്ട, മടിക്കേരി താലൂക്കുകളിലുള്ളവര്‍ക്കാണ് വടക്കന്‍ കേരളവുമായി അടുത്ത ബന്ധമുള്ളത്. ഏറ്റവും കൂടുതല്‍ ബന്ധം വീരാജ് പേട്ടയിലുള്ളവര്‍ക്കു തന്നെ.
നൂറ്റാണ്ടുകള്‍ മുമ്പേ അനേകം മലയാളികള്‍ കുടകിലേക്കു കുടിയേറിയിരുന്നുവെന്നതില്‍ സംശയമില്ല. ആചാരാനുഷ്ഠാനങ്ങളില്‍ മാത്രമല്ല ജീവിതത്തിന്റെ മറ്റു പല തലങ്ങളിലും മലയാളിസ്വാധീനത്തിന്റെ അടയാളങ്ങള്‍ പ്രകടമാണ്. തിരിച്ചുള്ള സ്വാധീനം വടക്കന്‍ ജീവിതത്തില്‍ അങ്ങനെ കാണാനില്ലെങ്കിലും തൊഴില്‍, വ്യാപാരം എന്നീ മേഖലകളില്‍ ദീര്‍ഘകാലമായി കുടകുമായി ബന്ധപ്പെട്ടു വരുന്നതുകൊണ്ട് വടക്കന്‍ കേരളത്തിലെ പല സ്ഥലങ്ങളിലുള്ളവര്‍ക്കും കുടകിനോട് പ്രത്യകമായ ഒരു മമതയുണ്ട്. കുടകിനെ അന്യദേശമായി അവര്‍ കാണുന്നില്ല. ഏച്ചൂര്, കാഞ്ഞങ്ങാട് തുടങ്ങിയ പേരുകള്‍ കുടകിലെ ചില സ്ഥലങ്ങള്‍ക്കുണ്ട് എന്നത് വടക്കന്മാര്‍ നേരത്തേ തന്നെ ഇവിടെ കുടിയേറിയിരുന്നുവെന്നതിനുള്ള തെളിവാണ്. കടിയേറ്റം നന്നേ കുറഞ്ഞുവെങ്കിലും വടക്കന്‍ കേരളത്തിലെ പലരും പ്രത്യേകിച്ച് ഒന്നും ഉദ്ദേശിക്കാതെ ഇടയ്ക്കിടെ പോയി വരാനുള്ള സ്ഥലമെന്ന നിലയില്‍ കാണുന്നത് കുടകിനെത്തന്നെയാണ്. അവിടെ ദശകങ്ങളായി വ്യാപാരം നടത്തുന്നവര്‍ക്കും എസ്റ്റേറ്റുകളിലും മറ്റും ജോലി ചെയ്തുവരുന്നവര്‍ക്കുമാണെങ്കില്‍ അവിടം സ്വന്തം നാടുപോലെത്തന്നെയാണ്. വടക്കരില്‍ കുറച്ചുപേര്‍ എല്ലാവര്‍ഷവും തുലാസംക്രമത്തിന് തലക്കാവേരിയിലെത്തും. ഓരോ വര്‍ഷവും ഇവിടെ പുതുതായി തീര്‍ത്ഥോത്ഭവം നടക്കുന്നു എന്നാണ് വിശ്വാസം. തലക്കാവേരിയിലെ ചെറിയ ചതുരക്കുളത്തില്‍ കാവേരിയുടെ പുതിയ ഉറവനീര് വന്നെത്തുന്നതിന് സാക്ഷ്യം വഹിക്കാന്‍ കഴിയുക എന്നത് വലിയ പുണ്യമായാണ് കുടകര്‍ കരുതുന്നത്. വടക്കരില്‍ ചിലരും ഈ വിശ്വാസം പങ്കുവെക്കുന്നുണ്ടെന്നു കരുതാം. (തലക്കാവേരിയില്‍ തുലാസംക്രമത്തിന് പുതിയ ഉറവനീര് വന്നെത്തുന്നൊന്നുമില്ല അതൊരു വിശ്വാസം മാത്രമാണെന്നു പറയുന്നവര്‍ കുടകില്‍ത്തന്നെയുണ്ട്. എന്തായാലും ഒരു നദിയുടെ പിറന്നാള്‍ കൊണ്ടാടുന്നതിന് പ്രത്യേകമായ അര്‍ത്ഥവും സൗന്ദര്യവുമുണ്ടല്ലോ).
വടക്കന്‍ കേരളത്തില്‍ നിന്ന് പല ദൈവങ്ങളും കുടകിലേക്കു പോയതു പോലെ കുടകരുടെ ഓരേയൊരു ദേവതയായ കാവേരമ്മയുടെ ചൈതന്യം ഇങ്ങോട്ടെത്തിയിട്ടുമുണ്ട്. കാവേരി കാണാന്‍ പോയ (ഒരുപക്ഷേ, തുലാസംക്രമത്തിനു പോയതു തന്നെയാകാം) ഒരാളുടെ കുടയിലേറിയാണ് കാവേരമ്മ കേരളത്തിലെത്തിയതെന്നാണ് സങ്കല്പം. വടക്കന്‍ കേരളത്തിലെ കൊട്ടണച്ചേരിക്കാവാണ് ‘കൊടക്കത്തി ഭഗവതി’ എന്നു പേരു നല്‍കപ്പെട്ട ഈ ദേവത ആരാധിക്കപ്പെടുന്ന ഇടം. കൊടക്കത്തിഭഗവതിയെ കോലം കെട്ടിയാടിക്കുന്ന പതിവ് ഇല്ലാത്തതുകൊണ്ടാകാം ഈ ദേവതയെപ്പറ്റി അധികമാര്‍ക്കും അറിയില്ല.
തൊണ്ടച്ചന്‍ എന്നു തീയന്മാര്‍ പറയുന്ന വയനാട്ടുകുലവന്‍ ഇഗ്ഗുത്തപ്പയുടെ സഹോദരനാണെന്നും കേരളത്തില്‍ നിന്ന് അങ്ങോട്ടുപോയ ഈ സഹോദരന്‍ അവിടെ നിന്ന് വയനാട്ടിലേക്കു പോയതുവഴിയാണ് വയനാട്ടുകുലവന്‍ ആയതെന്നുമാണ് കുടകന്മാര്‍ കരുതുന്നത്. ഈ വിശ്വാസങ്ങളെല്ലാം പണ്ടുമുതല്‍ക്കേ കുടകരും വടക്കന്‍ കേരളത്തിലുള്ളവരും അങ്ങോട്ടുമിങ്ങോട്ടും പോയ്ക്കൊണ്ടിരുന്നുവെന്നതിനും അവര്‍ തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നുവെന്നുമുള്ളതിനുള്ള അനിഷേധ്യമായ തെളിവുകളാണ്.
കുടകിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയ കക്ഷികള്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും ജെ.ഡി.എസ്സുമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വലിയ ജനപിന്തുണയൊന്നും അവകാശപ്പെടാനാവില്ലെങ്കിലും പ്രാദേശികമായി തൊഴിലാളികളെയും മറ്റും സംഘടിപ്പിക്കുന്ന സി.പി.ഐ(എം) കുടകിലെ മലയാളികളെ മാത്രമല്ല കുടകരില്‍ ചിലരെയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. എന്തായാലും സി.പി.ഐ(എം) ന്റെ കൂടെനില്‍ക്കുന്ന കുടകരുടെ എണ്ണം വളരെ കുറവായിരിക്കാനേ സാധ്യതയുള്ളൂ. 1934 ല്‍ മഹാത്മാഗാന്ധി കുടക് സന്ദര്‍ശിച്ചിരുന്നു. ഗോണിക്കൊപ്പയിലെ ഒരു ഹരിജന്‍ കോളനി സന്ദര്‍ശിച്ച ഗാന്ധിജി അവിടെയും വീരാജ്പേട്ട, സോമവാര്‍പേട്ട, മടിക്കേരി എന്നിവിടങ്ങളിലും പ്രസംഗിച്ചു. മഹാത്മജിയെ കാണാന്‍ പോയ ഗൗരമ്മ എന്ന എഴുത്തുകാരി (കൊടഗിന ഗൗരമ്മ- 1912-1939) തന്റെ ആഭരണങ്ങളെല്ലാം ഹരിജന്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് ദാനം ചെയ്തത് കുടകിന്റെ സാംസ്കാരിക ചരിത്രത്തിലെ ഇന്നും വികാരവായ്പ്പോടെ ഓര്‍മ്മിക്കപ്പെടുന്ന സംഭവമാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ അന്നത്തെ കുടകരില്‍ ചിലര്‍ കാണിച്ച പ്രബുദ്ധതയും ആവേശവും പിന്നെപ്പിന്നെ വഴിമാറി കുടക് കര്‍ണാടകത്തിലെ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാവുകയാണ് ചെയ്തത്. ഈ മാറ്റത്തിലും വളരെ ചെറുതായിരിക്കാമെങ്കിലും മലയാളികളുടെ പങ്കുകൂടി ഉണ്ടെന്നാണ് തോന്നുന്നത്.