ആഘോഷിക്കപ്പെടേണ്ട ഒരു ജീവിതം
PHOTO: WIKI COMMONS
കൈരളി ടിവിയുടെ പ്രോഗ്രാം ഡയറക്ടറെന്ന നിലയിലാണ് ലളിതേച്ചിയെന്നു വിളിക്കുന്ന കെപിഎസി ലളിതയുമായി വ്യക്തിപരമായ അടുപ്പവും ബന്ധവും രൂപപ്പെടുന്നത്. അതിനും വളരെക്കാലം മുമ്പ് അവരെ അറിയുമായിരുന്നു. വ്യക്തിബന്ധമെന്ന നിലയിലുള്ള ഗാഢമായ അടുപ്പം കൈരളിയിലെ പുതിയ ചുമതല ഏറ്റെടുത്തതിന് ശേഷമായിരുന്നു. നിരന്തരം എന്നെ ചീത്ത പറയുകയും, മുഖം വീര്‍പ്പിക്കുകയും കുറച്ചു കഴിയുമ്പോള്‍ അതിന്റെയൊന്നും ഒരു ലാഞ്ചന പോലുമില്ലാതെ സൗഹൃദത്തിലാവുകയും ചെയ്യുന്ന ഒരാളായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ലളിതേച്ചി. അവരുടെ അഭിനയസിദ്ധിയെയും, കലാപരമായ ഔന്നത്യത്തെയും പറ്റി എന്തെങ്കിലും പറഞ്ഞാല്‍ അത് അധികപ്രസംഗമാവും. അത്രയും അസാധാരണമായ സിദ്ധിയുള്ള വ്യക്തിയായിരുന്നു അവര്‍. കലാപരമായ സിദ്ധിയൊടൊപ്പം അസാധാരണമായ ജീവിതാനുഭവങ്ങള്‍ കൂടിയുള്ള ഒരാളായിരുന്നു ലളിതേച്ചി. കേരളത്തിന്റെ സാംസ്‌ക്കാരികമായ പൊതുബോധ നിര്‍മ്മിതിയില്‍ ലളിതേച്ചിയെ പോലുള്ള പ്രതിഭാധനരായ വ്യക്തികളുടെ സംഭാവന ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്നു. 1960 കളുടെ തുടക്കത്തില്‍ 10-12 വയസ്സ് മുതല്‍ നാടകത്തിന്റെ അരങ്ങിലൂടെ അഭിനേത്രിയായി കേരളത്തിന്റെ സാംസ്‌ക്കാരിക ഭൂമികയില്‍ ഒരു കള്‍ട്ടായി മാറിയ അവരുടെ ജീവിതാനുഭവങ്ങള്‍ വരും കാലങ്ങളില്‍ സാംസ്‌ക്കാരിക പഠനത്തിന്റെ വിഷയമാവുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പാണ്. വ്യക്തിപരമായ നഷ്ടങ്ങളുടെയം, വിജയങ്ങളുടെയും കണക്കെടുപ്പുകള്‍ എന്നതിന് പകരം സംഘര്‍ഷഭരിതവും, ചടുലവുമായ സാമൂഹ്യ മാറ്റങ്ങളുടെ ഭാഗമായ ഒരുവളുടെ അനുഭവങ്ങള്‍ എന്ന നിലക്കാവും അതിന്റെ പ്രസക്തി. സാമൂഹ്യമായ നിഷ്‌ക്കാസനത്തിന്റെയും, പരിഹാസത്തിന്റെയും, അപമാനത്തിന്റെയും കാലഘട്ടങ്ങളില്‍ നിന്നും വ്യക്തിയും, കലാകാരിയുമെന്ന നിലയില്‍ തന്നെ നിരന്തരം വീണ്ടെടുത്തതിലൂടെ സാമൂഹ്യ പരിണാമത്തിന്റെ ജീവിച്ചിരിക്കുന്ന ചിഹ്നങ്ങളിലൊന്നായി മാറിയതാണ് ലളിതേച്ചിയെന്ന പ്രതിഭയുടെ ജീവിതം. ഒരു ജീവിതത്തില്‍ തന്നെ പല ജീവിതങ്ങള്‍ സന്നിവേശിക്കുന്ന അസാധാരണമായ അനുഭവ പ്രപഞ്ചം. അതായിരുന്നു ലളിതേച്ചി.
ടെലിവിഷന്‍ പോലെ മത്സരാധിഷ്ഠിതമായ ഒരു വാണിജ്യ മാധ്യമത്തിലെ പ്രോഗ്രാം വിഭാഗത്തിന്റെ ചുമതല എളുപ്പമുള്ള പണിയല്ല. പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട സര്‍ഗ്ഗാത്മക വ്യക്തിത്വങ്ങളുടെ കലാപരമായ നിബന്ധനകളും, ചാനലിന്റെ വാണിജ്യ താല്‍പ്പര്യങ്ങളും ഒരുമിച്ച് കൊണ്ടുപോവുക ഒട്ടും എളുപ്പമുള്ള പണിയല്ല. മറുഭാഗത്ത് ലളിതേച്ചിയെ പോലുള്ള അസാധാരണ പ്രതിഭകള്‍ കൂടിയാവുമ്പോള്‍ പറയുകയും വേണ്ട. അങ്ങനെയാണ് ലളിതേച്ചിയുടെ നീരസങ്ങളുടെ ഇരയായി ഞാന്‍ മാറിയത്. അക്കാലത്ത് കൈരളിയില്‍ അവര്‍ ഒരു പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. അതില്‍ ഒരു സംഭവം മറക്കാനാവാത്തതാണ്. കൊല്ലത്തിനടുത്തുള്ള ഒരു സ്ഥലത്ത് സംഘടിപ്പിച്ച ഒരു അവാര്‍ഡ് ദാനച്ചടങ്ങാണ് രംഗം.
പ്രസംഗിക്കുന്നവരില്‍ ഒരാള്‍ ലളിതേച്ചിയാണ്. വേദിയിലേക്കു കയറുന്നതിന് മൂന്ന് നാലു ചവിട്ടു പടികളുണ്ട്. ലളിതേച്ചി രണ്ട് പടികള്‍ കയറിക്കഴിഞ്ഞതിന് ശേഷം ഞാന്‍ സഹായിക്കിനായി കൈകള്‍ നീട്ടി. എന്റെ കൈകള്‍ തട്ടി മാറ്റി അവര്‍ തന്നെ കഷ്ടപ്പെട്ട് കയറി. ഞാനാകെ ഇളിഭ്യനായി നിന്നു. കുറച്ചു കഴിഞ്ഞ് സ്റ്റേജില്‍ ഞാന്‍ നിന്നിരുന്ന ഭാഗത്തേക്കു അവര്‍ വന്നു. എന്റെ കൈ പിടിച്ചു. അപ്പോള്‍ ഞാന്‍ അവരുടെ ചെവിയില്‍ പറഞ്ഞു. 'അല്ല കുറച്ച് നേരത്തെ എന്റെ കൈ തട്ടി മാറ്റി വലിയ ഭാവത്തില്‍ പോയതാണല്ലോ'. 'ഇപ്പോള്‍ എന്തു പറ്റി'. എന്റെ ചോദ്യത്തിനുള്ള അവരുടെ മറുപടി ഇതായിരുന്നു. 'എനിക്ക് അധിക നേരം നില്‍ക്കാനവില്ലെന്നു നിനക്കറിഞ്ഞു കൂടേ. ഇവിടെ നിന്റെയല്ലാതെ മറ്റാരുടെ കൈ പിടിക്കാനാണ് ഞാന്‍'. അധികം താമസിയാതെ ലളിതേച്ചിയെ പ്രസംഗത്തിന് വിളിച്ചു. പ്രസംഗം അവര്‍ അവസാനിപ്പിച്ചത് വേദിയിലേക്ക് കയറുമ്പോള്‍ എന്റെ കൈ തട്ടി മാറ്റിയതിനെ സിനിമയുടെ ലോകത്തെ നാട്ടുനടപ്പുമായി ബന്ധപ്പെടുത്തിയാണ്. 'നമുക്ക് ശക്തിയുള്ള കാലം സിനിമയുടെ ലോകത്ത് ആരുടെയും കൈ പിടിക്കാതെ നമുക്ക് ഉയരങ്ങളിലെത്താം. ശക്തിയില്ലെങ്കില്‍ നമ്മെ കൈ വിടില്ലെന്ന് ഉറപ്പുള്ളവരുടെ കൈ പിടിക്കണം'. ഇതായിരുന്നു അവരുടെ വാക്കുകള്‍. അന്നത്തെ ചടങ്ങിന് ശേഷം ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷമാണ് ഞങ്ങള്‍ പിരിഞ്ഞത്. ഇതു പോലുള്ള പിണക്കങ്ങളുടെയും ഇണക്കങ്ങളുടെയും നിരവധി അനുഭവങ്ങള്‍ എന്റെ ഓര്‍മയിലുണ്ട്. എനിക്ക് പലപ്പോഴും തോന്നിയ കാര്യം അവര്‍ക്ക് അഭിനയിക്കേണ്ടി വന്നതായ വേഷങ്ങള്‍ ഒന്നുമില്ലായിരുന്നു എന്നാണ്. എല്ലാ വേഷങ്ങളും കഥാപാത്രങ്ങളും അവരെ സംബന്ധിച്ചിടത്തോളം അത്രമേല്‍ സ്വാഭാവികമായിരുന്നു.
ലളിതേച്ചിയെ ഓര്‍മ്മിക്കുമ്പോള്‍ മറക്കാനാവാത്ത മറ്റൊരു കാര്യം അന്തരിച്ച ലോഹിത ദാസ് അവരെപ്പറ്റി നടത്തിയ വിലയിരുത്തലാണ്. കടം വീട്ടാനായി പിറന്ന ജന്മം. അക്ഷരാര്‍ത്ഥത്തില്‍ അതായിരുന്നു അവരുടെ ജീവിതം. പണത്തിന്റെ ബാധ്യതകള്‍ എന്ന നിലയില്‍ മാത്രമായിരുന്നില്ല കടം. പുരുഷാധിപത്യ വ്യവസ്ഥ സ്ത്രീകളുടെ മേല്‍ കാലകാലങ്ങളായി അടിച്ചേല്‍പ്പിക്കുന്ന കടങ്ങളുടെ വീട്ടലായിരുന്നു അവരുടെ ജീവിതം. അവയില്‍ ചിലവ പില്‍ക്കാലത്ത് അവര്‍ ഓര്‍ത്തു പറഞ്ഞു. പറയാതെ പോയതാവും വീട്ടിയ കടങ്ങളില്‍ ഏറെയും. ലളിതേച്ചിയുടെ ജീവിതത്തെ അസാധാരണമാക്കുന്നതില്‍ അവരുടെ ഈ സമീപനവും നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നുവെന്ന് ഞാന്‍ കരുതുന്നു. 10-12 വയസ്സു മുതല്‍ പേറിയ ഭാരങ്ങള്‍ അവരെ ഒരിക്കലും തളര്‍ത്തിയില്ല. വിജയങ്ങളില്‍ ആഹ്ളാദിക്കുകയും, പരാജയങ്ങളില്‍ വേദനിക്കുകയും ചെയ്യുന്നതില്‍ അവര്‍ക്ക് നാട്യങ്ങള്‍ ഇല്ലായിരുന്നു. നഷ്ടവിഷാദങ്ങളില്‍ ജീവിതത്തെ അവര്‍ ഒരിക്കലും തളച്ചിട്ടിരുന്നില്ല. അതിന്റെ പേരില്‍ മാത്രമെങ്കിലും ആഘോഷിക്കപ്പെടേണ്ടതാണ് ലളിതേച്ചിയുടെ ജീവിതം. കേരളത്തിലെ പല പുരുഷന്മാരുടെയും ജീവിത ശൈലികളെ ആഘോഷിക്കുന്നതിനേക്കാള്‍ ഒരു പക്ഷെ കൂടുതലായി ആഘോഷിക്കപ്പെടേണ്ട ഒരു ജീവിതം. സ്ത്രീകളുടെ ജീവിതം ആഘോഷിക്കപ്പെടുന്നതിനുളള മാതൃക ദുഃഖപുത്രിയുടെ കുപ്പായമാണന്ന ദുരവസ്ഥ മാറുന്ന കാലത്ത് ലളിതേച്ചി ആഘോഷിക്കപ്പെടും.