TMJ
searchnav-menu
post-thumbnail

Outlook

വിലങ്ങുകള്‍ മാത്രമല്ല, ജീവിതം തന്നെയാണ് നഷ്ടപ്പെടുക

31 Oct 2021   |   1 min Read
കെ പി സേതുനാഥ്

Photos:Prasoon Kiran

കാലാവസ്ഥ വ്യതിയാനം തടയുന്നതിനുള്ള ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും 'പ്രകാശ വര്‍ഷങ്ങള്‍' അകലെയാണ് ലോകത്തിലെ സര്‍ക്കാരുകളെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസിന്റെ നിരീക്ഷണം ശരിവെക്കുന്നതാണ് സമകാലീന ചരിത്രം. പാരീസില്‍ 2015-ല്‍ ചേര്‍ന്ന സിഒപി-യിലെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയമടഞ്ഞ നേതാക്കള്‍ സ്‌കോട്ടാലാന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നവംബര്‍ 1-മുതല്‍ ആരംഭിക്കുന്ന സിഒപി26-നായി ഒത്തു ചേരുമ്പോള്‍ ഇപ്പോഴത്തെ ദുരവസ്ഥയെ മറികടക്കുന്നതിനുള്ള വിപ്ലവകരമായ തീരുമാനങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതകള്‍ വിരളമാണെന്ന് ഉച്ചകോടികളുടെ ചരിത്രം പറയുന്നു. കാലാവസ്ഥയുടെ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ മുഴുവന്‍ നിറവേറ്റിയാലും ഇപ്പോഴത്തെ നിലയിലുളള സാമ്പത്തിക സംവിധാനം തുടരുന്ന പക്ഷം ഇരുപത്തൊന്നാം നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ ഭൂമിയിലെ താപനില 2.7 ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഊര്‍ജ്ജ വിനിയോഗത്തിന്റെ ഫലമായി ആഗോളതലത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് (CO2) പുറന്തള്ളലിന്റെ അളവ് 2021-ല്‍ 1.5 ബില്യണ്‍ ടണ്‍ (150 കോടി ടണ്‍) കഴിയുമെന്നു വിലയിരുത്തപ്പെടുന്നു. കോവിഡിനെ തുടര്‍ന്നുള്ള അടച്ചുപൂട്ടലിന്റെ ഫലമായി 2020-ല്‍ കൈവരിച്ച നേട്ടങ്ങളെ നിഷ്പ്രഭമാക്കുന്ന തരത്തിലാണ് 21-ലെ CO2-പുറന്തള്ളല്‍. 2010-ലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ പുറന്തള്ളല്‍ കുറയുന്നതിന് പകരം 2030-ല്‍  16 ശതമാനം ഉയരുമെന്നാണ് ഇപ്പോഴത്തെ അനുമാനം.

ഉച്ചകോടി ആര്‍ഭാടങ്ങള്‍

ആഗോളതലത്തില്‍ ആര്‍ഭാടത്തോടെ അരങ്ങേറുന്ന കാലാവസ്ഥ ഉച്ചകോടികള്‍ പരിഹാരത്തിന് പകരം ഇപ്പോഴത്തെ അവസ്ഥക്കു കാരണമായ സംവിധാനത്തെ പരിരക്ഷിക്കുന്നതിനുള്ള വേദികളായി മാറുന്നതിന്റെ പശ്ചാത്തലത്തില്‍ ഗ്ലാസ്‌ഗോയിലെ 12 ദിവസത്തെ സമ്മേളന മാമാങ്കത്തിന്റെ ഗതിയും ഊഹിക്കാവുന്നതാണ്. കയ്‌പ്പേറിയ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുമ്പോഴും മനുഷ്യര്‍ ഇപ്പോള്‍ തിരിച്ചറിയുന്ന തരത്തിലുള്ള നിലനില്‍പ്പു പോലും ഭൂമിയുടെ കാര്യത്തില്‍ അധികകാലം ഉണ്ടാവില്ലെന്ന സ്ഥിതിവിശേഷം അര്‍ത്ഥശങ്കക്കിടയില്ലാത്ത വണ്ണം വ്യക്തമാക്കുന്നതിനുള്ള അവസരം എന്ന നിലയില്‍ മാത്രമാണ് സിഒപി26-ന്റെ പ്രസക്തി. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന അന്യാധീനപ്പെടലുകളെ പുറകോട്ടടിക്കുന്നതിനുള്ള ജനങ്ങളുടെ ഭാഗത്തു നിന്നുള്ള ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ആയരിക്കുമെന്ന ബോധ്യം അനിവാര്യമാവുന്ന സാഹചര്യത്തിലാണ് സിഒപി26-നെ നടക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള നയരൂപീകരണവും, ആസൂത്രണവും അവ നടപ്പിലാക്കുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പ്രക്രിയയും, സംവിധാനങ്ങളും ഉണ്ടാകേണ്ടതിന്റെ അനിവാര്യതയും ഇതുപോലെയുള്ള സമ്മേളന മാമാങ്കങ്ങള്‍ ഓര്‍മ്മപ്പെചുത്തുന്നു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ 1992-ലെ കണ്‍വെന്‍ഷന്‍ മുതലുള്ള ചരിത്രം അതാണ് പറയുന്നത്. 92-ലെ കണ്‍വെന്‍ഷന്റെ ചട്ടക്കൂടിനെ അടയാളപ്പെടുത്തുന്നതിന്റെ ചുരുക്കെഴുത്താണ് സിഒപി അഥവാ കോണ്‍ഫെറന്‍സ് ഓഫ് പാര്‍ടീസ്.

ഗ്ലാസ്‌ഗോയിലെ സുപ്രധാന അജന്‍ഡകള്‍

ആഗോള താപനില 1.5 ഡിഗ്രിയിലധികം ഉയരുന്നതിനെ തടയാന്‍ കാര്‍ബണ്‍ പുറന്തള്ളലിന്റെ (കാര്‍ബണ്‍ എമിഷന്‍) അളവ് അതിദ്രുതം വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉറച്ച നടപടികള്‍, പുറന്തള്ളല്‍ പൂജ്യത്തിലെത്തിക്കുന്നതിനുള്ള ഉറപ്പുകള്‍, കാലാവസ്ഥ നടപടികള്‍ക്കു വേണ്ടി വരുന്ന ചെലവിന്റെ 50 ശതമാനമെങ്കിലും വഹിക്കുന്ന ആഗോള സാമ്പത്തിക സംവിധാനം. മൂന്നാം ലോകരാജ്യങ്ങളില്‍ ഹരിതോര്‍ജ്ജ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും, കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ നേരിടുന്നതിനും വര്‍ഷം തോറും 100 ബില്യണ്‍ ഡോളര്‍ കാലാവസ്ഥ ധനസഹായമെന്ന വാഗ്ദാനം നിറവേറ്റുക. ഇത്രയുമാണ് ഗ്ലാസഗോയിലെ സുപ്രധാന അജന്‍ഡകള്‍. പരിമിതമായ ഈ ലക്ഷ്യങ്ങള്‍ പോലും സിഒപി26-ല്‍ നിറവേറപ്പെടുമെന്നു കരുതാനാവില്ല.

ഫോസില്‍ ഇന്ധനങ്ങള്‍

കാലാവസ്ഥ വ്യതിയാനമെന്ന യാഥാര്‍ത്ഥ്യം ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നു. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് ഭീഷണിയായ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന്റെ പ്രധാനകാരണം ഫോസില്‍ ഇന്ധനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസായങ്ങളും, ഊര്‍ജ്ജോല്‍പ്പദാനവും ഗതാഗത സംവിധാനങ്ങളുമാണെന്ന കാര്യത്തിലും തര്‍ക്കമില്ല. ഐക്യരാഷ്ട്ര സഭയുടെ കാര്‍മികത്വത്തിലുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമേറ്റ് ചെയിഞ്ചിന്റെ (ഐപിസിസി) വിലയിരുത്തല്‍ പ്രകാരം താപനില 1.5 ഡിഗ്രിയിലധികം ഉയരാതെ പിടിച്ചു നിര്‍ത്തണമെങ്കില്‍ 2030-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 45 ശതമാനം കുറയ്‌ക്കേണ്ടി വരും. 25 ശതമാനം കുറവ് വരുത്തുകയാണെങ്കില്‍ വര്‍ദ്ധന 2 ഡിഗ്രിയില്‍ അധികമാകാതെ കഴിയും. എന്നാല്‍ ലോകത്തിലെ 113 രാജ്യങ്ങള്‍ നല്‍കിയിട്ടുള്ള കാര്‍ബണ്‍ പുറംന്തള്ളലിന്റെ വാഗ്ദാനം വെറും 12 ശതമാനം മാത്രമാണ്. താപനില അപകടകരമായ നിലയില്‍ ഉയരുന്നതിനെ മന്ദഗതിയില്‍ ആക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവുന്നില്ലെന്നു മാത്രമല്ല താപനില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായ ഫോസില്‍ ഇന്ധനങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കുന്നതിനുള്ള നടപടികളൊന്നും ഉണ്ടാവുന്നില്ല. ഫോസില്‍ ഇന്ധനങ്ങളുടെ ഉല്‍പ്പാദനം 2030-ഓടെ താപനില 1.5 ഡിഗ്രിയിയിലധികം ഉയരാതെ നിര്‍ത്തുവാന്‍ ആവശ്യമായതിന്റെ ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ആസൂത്രണം ചെയ്യുന്നു. എണ്ണ-വാതക ഉല്‍പ്പാദനം അടുത്ത രണ്ടു ദശകങ്ങളില്‍ ഉയരുമ്പോള്‍ കല്‍ക്കരിയുടെ ഉല്‍പ്പാദനത്തില്‍ മാത്രമാണ് നേരിയ കുറവ് പ്രതീക്ഷിക്കുന്നത്. താപനില വര്‍ദ്ധന 1.5-2 ഡിഗ്രിയിലധികം ആവരുതെന്ന ലക്ഷ്യത്തെ തകിടം മറിക്കുന്നതാണ് ഫോസില്‍ ഇന്ധനങ്ങളുടെ ഉല്‍പ്പാദന വര്‍ദ്ധന. താപനില ഒന്നര ഡിഗ്രിയില്‍ കൂടുതല്‍ ഉയരരുതെന്ന ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതിന് ആവശ്യമായതിന്റെ 240 ശതമാനം അധികം  കല്‍ക്കരിയും, 57 ശതമാനം എണ്ണയും, 71 ശതമാനം വാതകങ്ങളും 2030-ല്‍ ഉണ്ടാവുമെന്നാണ്
അവയുടെ ഉല്‍പ്പദാനവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ കണക്കുകളില്‍ നിന്നും അനുമാനിക്കാനാവുക. കോവിഡിനു ശേഷം ജി-20 രാജ്യങ്ങള്‍ ഫോസില്‍ ഇന്ധനങ്ങളുടെ മേഖലയില്‍ 300 ബില്യണ്‍ ഡോളര്‍ ചെലവിടുന്നതിന് പച്ചക്കൊടി നാട്ടിയപ്പോള്‍ മലിനീകരണ ഭീഷണിയില്ലാത്ത പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നടത്തിയ നിക്ഷേപം ഇതിനെക്കാള്‍ കുറവായിരുന്നു. കല്‍ക്കരി, എണ്ണ, വാതകം എന്നിവയുടെ ഉല്‍പ്പാദന-ഉപഭോഗങ്ങള്‍ക്കായി 2020-ല്‍ നല്‍കിയ സബ്‌സിഡി 5.9 ട്രില്യണ്‍ ഡോളര്‍ ആയിരുന്നുവെന്നും കണക്കാക്കപ്പെടുന്നു.

ശുദ്ധ ഇന്ധനങ്ങളുടെ പ്രസക്തി

ഹരിതഗൃഹ വാതകങ്ങള്‍ ഉല്‍പ്പാദിപ്പിക്കാത്ത ശുദ്ധ ഇന്ധനങ്ങളിലേക്കുള്ള പരിവര്‍ത്തനം സമൂഹ്യ-സാമ്പത്തിക മേഖലകളില്‍ വരുത്തുന്ന ഗുണപരമായ നേട്ടം വളരെ വലുതാണെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ (IEA) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫെയ്ത്ത് ബിറോള്‍ പറയുന്നു. അങ്ങനെ ചെയ്യാതിരിക്കുന്നത് മൂലമുള്ള നഷ്ടം അതിഭീമമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ മേഖലകളില്‍ ലോകമാകെ നടമാടുന്ന അധീശത്വവും, അസമത്വവും ഏറ്റവും വ്യക്തമായി പ്രകടമാവുന്ന ഒരു മേഖലയായി കാലാവസ്ഥ വ്യതിയാനം മാറിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രധാനകാരണമായ കാര്‍ബണ്‍ പുറന്തള്ളിലന്റെ ആളോഹരി കണക്കെടുത്താല്‍ ഈ അധീശത്വവും അസമത്വവും വ്യക്തമാകും. കാര്‍ബണ്‍ പുറന്തള്ളലും താപനവും തമ്മിലുള്ള രേഖീയമായ ബന്ധം അവിതര്‍ക്കിതമാണ്. വ്യവസായ മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തിനു ശേഷമുള്ള കാലഘട്ടത്തിലാണ്,  പ്രത്യേകിച്ചും, 1850-നു ശേഷമുണ്ടായ പുറന്തള്ളല്‍ കാലക്രമേണ സൃഷ്ടിച്ച ദുരവസ്ഥയാണ് ഇപ്പോള്‍ ലോകത്തിലെ ഭൂരിഭാഗം ജനതയും അനുഭവിക്കുന്ന കെടുതികളുടെ അടിസ്ഥാനം. 1850 നുശേഷം 2,500 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്കു പുറന്തള്ളിയെന്ന കണക്കിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ താപനില 1.5 ഡിഗ്രിയില്‍ അധികം ഉയരാതെ നിലനിര്‍ത്തുന്നതിനായി ഇനിയുള്ള കാലം കാര്‍ബണ്‍ പുറന്തള്ളല്‍ കര്‍ശനമായി കുറയ്ക്കുകയും ഇല്ലാതാക്കുകയും വേണം. 1992-ല്‍ ഐക്യരാഷ്ട്ര സഭയുടെ ആദ്യ കാലാവസ്ഥ വ്യതിയാന കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ വളരെ വിദൂരഭാവിയില്‍ നടക്കാനിടയുള്ള ഒരു വിപത്താണ് അതെന്നായിരുന്നു പൊതുധാരണ. എന്നാല്‍ ആദ്യ കണ്‍വെഷന്‍ കഴിഞ്ഞ് ഒരു ദശകത്തിനകം വിദൂരഭാവിയിലെ വിപത്തല്ല ഇപ്പോള്‍ തന്നെ ആവര്‍ത്തിക്കുന്ന ദുരന്തമാണ് കാലാവസ്ഥ വ്യതിയാനമെന്ന യാഥാര്‍ത്ഥ്യം വ്യക്തമായി. 2001-ലെ കത്രീന ചുഴലിക്കാറ്റ് മുതല്‍ 2021-ലെ കൂട്ടിക്കല്‍-കൊക്കയാര്‍ ഉരുള്‍പൊട്ടലുകള്‍ വരെയുള്ള അസാധാരണമായ കാലാവസ്ഥ പ്രതിഭാസങ്ങളുടെ കണക്കെടുത്താല്‍ കാലാവസ്ഥ വ്യതിയാനം നിഷേധിക്കാനാവാത്ത വസ്തുതയായി.

സാധ്യമായ മാറ്റം

കാര്‍ബണ്‍ പുറന്തള്ളലിന്റെ പ്രധാന ഉത്തരവാദികള്‍ വികസിത രാജ്യങ്ങളെന്ന് മേനി നടിക്കുന്ന  
മുന്‍നിര മുതലാളിത്ത രാജ്യങ്ങളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. കഴിഞ്ഞ 150 വര്‍ഷത്തെ ചരിത്രം അതിന്റെ സാക്ഷിയാണ്. വികസിത മുതലാളിത്ത രാജ്യങ്ങളിലെ സമ്പന്നരുടെ നിലവാരത്തില്‍ ഉപഭോഗം എത്തുന്നതാണ് വികസനമെന്നു ധരിക്കുന്ന മൂന്നാംലോക രാജ്യങ്ങളിലെ ഭരണ നേതൃത്വങ്ങളും ഇപ്പോഴത്തെ ദുരവസ്ഥയുടെ കാരണമാണെന്ന കാര്യത്തില്‍ സംശയമില്ല. മുതലാളിത്ത ഉല്‍പ്പാദന സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായ പാഴാക്കല്‍, വ്യാവസായിക കൃഷി, വ്യാവസായിക മീന്‍പിടുത്തം, ഖനനം, മരം വെട്ടല്‍, ഇത്യാദി പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ഒത്താശ ചെയ്യുന്ന ധന-ബാങ്കിംഗ് മേഖലയും ചേര്‍ന്നാല്‍ കാര്‍ബണ്‍ പുറന്തള്ളലിന്റെ ഏകദേശരൂപം ലഭിക്കും. വൈദ്യുതി, ഘന വ്യവസായം, കൃഷി, ഗതാഗതം, ധന മേഖല, സാങ്കേതിക വിദ്യ തുടങ്ങിയ ലോകത്തെ 40 വ്യത്യസ്ത മേഖലകള്‍ പരിശോധിച്ചാല്‍ ഒന്നുപോലും താപനില 1.5 ഡിഗ്രിയില്‍ അധികം ഉയരുന്നതിനെ തടയുന്നതിനുള്ള നടപടികള്‍ എടുക്കുന്നതായി കരുതാനില്ലെന്ന് World Resources Institute -ന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.  

ഗുണപരമായ പ്രതീക്ഷകള്‍ക്ക് ഒട്ടും ആശാവഹമല്ലാത്ത ഈ സാഹചര്യങ്ങളിലും ഹരിതഗൃഹ വാതകങ്ങളുടെ ഉല്‍പ്പാദനവും, മലിനീകരണവും ഇല്ലാത്ത ഊര്‍ജ്ജസ്രോതസ്സുകളിലേക്കുള്ള പരിവര്‍ത്തനം സാമ്പത്തികമായും സാങ്കേതികമായും സാധ്യമാണെന്നതിനെ കുറിച്ചുള്ള വിജ്ഞാനം ഇപ്പോള്‍ വേണ്ടുവോളം ലഭ്യമാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആഗോള തലത്തിലെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 2.5 ശതമാനം ചെലവഴിച്ചാല്‍ ഈ പരിവര്‍ത്തനം സാധ്യമാകും. ഊര്‍ജ്ജ ഉപയോഗത്തിന്റെ കാര്യക്ഷമത ഉയര്‍ത്താന്‍ ഉതകുന്ന ഗതാഗതം, കെട്ടിടം, മോട്ടോര്‍ വാഹനങ്ങള്‍, വ്യവസായം തുടങ്ങിയ മേഖലകളില്‍ വരുത്തുന്ന മാറ്റത്തിലൂടെ അത് നേടിയെടുക്കാനാവും. പാരീസില്‍ നടന്ന 5 വര്‍ഷത്തിനു മുമ്പ് ഒപ്പുവെച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ സംഭവിച്ച പരാജയത്തിന്റെ പേരില്‍ ഇപ്പോഴത്തെ കണക്കില്‍ 4 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇതിനായി വേണ്ടി വരും. കാലാവസ്ഥ വ്യതിയാനത്തിന്റെ തിക്തഫലമായി സംഭവിക്കുന്ന ജീവഹാനി, വരുമാന-തൊഴില്‍ നഷ്ടങ്ങള്‍, കോടിക്കണക്കിനാളുകള്‍ നേരിടുന്ന അന്യാധീനവും, ജീവിത നിലവാരത്തകര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിക്ഷേപം അത്ര വലുതല്ലെന്ന് EIA വ്യക്തമാക്കുന്നു. കാലാവസ്ഥ അഭയാര്‍ത്ഥികള്‍ 2050-ഓടെ 200 ദശലക്ഷം എത്തുമെന്ന കണക്കുകളുടെ പശ്ചാത്തലത്തിലാണ് പുനരുപയോഗ ഊര്‍ജ്ജത്തി്‌ലേക്കുള്ള മാറ്റത്തിന്റെ അടിയന്തര പ്രാധാന്യത്തെ മനസ്സിലാക്കേണ്ടത്. എന്നാല്‍ നിവിലുള്ള സാഹചര്യത്തില്‍ അത്തരത്തിലുള്ള പരിവര്‍ത്തനത്തിന്റെ സാധ്യതകള്‍ പരിമിതമാണ്. ഫോസ്സില്‍ ഇന്ധനത്തെയും അതില്‍ ഊന്നിയുള്ള വ്യവസായത്തെയും നിയന്ത്രിക്കുന്നതിന് പകരം അവയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് അതിനുള്ള കാരണം.

ആഗോളതലത്തിലെ ആസൂത്രണം

കാലാവസ്ഥ വ്യതിയാനത്തിനെതിരായ നടപടികള്‍ ഫലപ്രദമാവണമെങ്കില്‍ ഫോസ്സില്‍ ഇന്ധനത്തിലുള്ള ആശ്രിതത്വം ഇല്ലാതാവണം. ഫോസ്സില്‍ ഇന്ധന വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മനുഷ്യരെ മറ്റു ഊര്‍ജ്ജമേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ ശേഷിയുള്ളവരാക്കി മാറ്റുന്നതിനായി പുനപരിശീലിപ്പിക്കണം. ഫോസ്സില്‍ ഇന്ധനത്തിന്റെ പ്രധാന സ്രോതസ്സുകളായ രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും പരിവര്‍ത്തനം മൂലം കാര്യമായ നഷ്ടമുണ്ടാവില്ല. കാരണം ഫോസ്സില്‍ ഇന്ധനത്തില്‍ നിന്നുളള വരുമാനത്തിന്റെ സിംഹഭാഗവും വളരെ ന്യുനപക്ഷം വരുന്ന ഒളിഗാര്‍ക്കുകളുടെ കൈവശമാണ്. ആഗോളതലത്തിലുള്ള ആസൂത്രണത്തിന്റെയും നിക്ഷേപത്തിന്റെയും പിന്‍ബലത്തില്‍ മാത്രമാണ് ഈയൊരു പരിവര്‍ത്തനം സാധ്യമാവുക.  സമൂഹത്തിന്റെ പൊതുനന്മക്ക് ആവശ്യമായ മേഖലകളിലേക്ക് നിക്ഷേപം തിരിച്ചു വിടുന്നതിനുള്ള ആസൂത്രണം ആഗോളതലത്തില്‍ ആവശ്യമായിരിക്കുന്നു. പുനരുല്‍പ്പദാന ഊര്‍ജ്ജ മേഖല, പൊതുഗതാഗതം, പൊതുജലമാര്‍ഗ്ഗങ്ങള്‍, പാരിസ്ഥിതികമായ പുനര്‍നിര്‍മാണം, പൊതുജനാരോഗ്യം ഗുണനിലവാരമുള്ള പള്ളികൂടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒന്നും ഇപ്പോഴും ലോകത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ലഭ്യമല്ല. വന്‍കിട മുതലാളിത്ത രാജ്യങ്ങളിലെ ഉപയോഗശൂന്യവും, ഹാനികരവുമായ ഉല്‍പ്പാദന സംവിധാനങ്ങളെ അടച്ചുപൂട്ടി അവയെ പരിസ്ഥിതി സൗഹൃദപരമായ നിലയില്‍ ആഗോളതലത്തില്‍ പുനസംഘടിപ്പിക്കുക. മൂന്നാംലോക രാജ്യങ്ങളിലെ വികാസത്തിന് അനുയോജ്യമായ നിലയിലുള്ള അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങള്‍, ശുചിത്വ പദ്ധതികള്‍, ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുജനാരോഗ്യം എന്നിവ ഉറപ്പാക്കുക. ഹാനികരവും, അടച്ചു പൂട്ടുന്നതുമായ വ്യവസായങ്ങളില്‍ പണിയെടുക്കുന്നവരെ പുനരധിവസിപ്പിക്കുവാന്‍ വേണ്ടി ആഗോളതല പദ്ധതികളും, ആസൂത്രണവും വേണ്ടി വരും. ഫോസ്സില്‍ ഇന്ധന ഉല്‍പ്പാദനവും ഉടമസ്ഥതയും പൊതുജനങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരികയും ജനാധിപത്യപരമായ ഉര്‍ജ്ജ ഉപഭോഗം ആസൂത്രണം നടത്തുകയും വേണം. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള ഉല്‍പ്പാദനം ഇപ്പോഴുള്ളതിന്റെ 10 മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാരുകള്‍ നിക്ഷേപം നടത്തുക. ഭൂമിയില്‍ മനുഷ്യരുടെ നിലനില്‍പ്പിന് ആവശ്യമായ മിനിമം കാര്യങ്ങള്‍ ഇവയാണ്. ഇസ്തിരിയിട്ട ഭാഷയില്‍ ഗ്ലാസ്‌ഗോയില്‍ നിന്നും വരുന്ന പ്രസ്താവനകളില്‍ ഇതൊന്നും ഉണ്ടാവില്ല. പ്രളയത്തിലും, ഉരുള്‍ പൊട്ടലിലും, കാട്ടുതീയിലും, മഞ്ഞുവീഴ്ചയിലും, മണല്‍ക്കാറ്റിലും ഒടുങ്ങുന്ന, തങ്ങളുടെ ആവാസവ്യവസ്ഥയില്‍ നിന്നും നിരന്തരം ആട്ടിപ്പായിക്കപ്പെടുന്ന മനുഷ്യര്‍ സ്വയം കണ്ടെത്തേണ്ട അതിജീവനത്തിന്റെ ഭാഷയിലാവും അവയുടെ ആവിഷ്‌ക്കാരം ഉണ്ടാവുക. നഷ്ടപ്പെടുവാനുള്ളത് വിലങ്ങുകള്‍ മാത്രമല്ല സ്വന്തം ജീവിതം തന്നെയാണെന്നും കിട്ടാനുള്ള പുതിയ ലോകം വിഷമാലിന്യങ്ങള്‍ നിറഞ്ഞതാണെന്നുമുള്ള തിരിച്ചറിവിന്റെ ഭാഷയാവും പരിസ്ഥിതിയുടെ രാഷ്ട്രീയത്തെ വിമോചനത്തിന്റെ രാഷ്ട്രീയമാക്കി മാറ്റുക.

(മാര്‍ട്ടിന്‍ എംപ്‌സണിന്റെ The Great Climate Cop Out എന്ന ലഘുലേഖ, മൈക്കേല്‍ റോബര്‍ട്‌സിന്റെ Cop-out 26 എന്ന ലേഖനം എന്നിവയോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.)

Leave a comment