TMJ
searchnav-menu
post-thumbnail

Outlook

വംശവെറിയുടെ കോടതി വിധികള്‍

22 Nov 2021   |   1 min Read
K P Sethunath

Photo: Wiki Commons

മേരിക്കന്‍ പ്രസിഡണ്ടായി ഒരു മണിക്കൂര്‍ നേരം ചുമതല വഹിക്കുവാന്‍ കമല ഹാരിസിന് അവസരം കിട്ടിയ വാര്‍ത്ത കഴിഞ്ഞ ദിവസം ലോക മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. അമേരിക്കയിലെ ഇപ്പോഴത്തെ ഭരണസംവിധാനത്തിന്‍റെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡണ്ടിന്‍റെ ചുമതല വഹിക്കുന്നതിന്‍റെ പൊടിപ്പും തൊങ്ങലും ചേര്‍ന്ന കഥകളായിരുന്നു അവയുടെ ഉള്ളടക്കം. മറ്റൊരു വാര്‍ത്തയും അതേസമയം മാധ്യമങ്ങളില്‍ ഇടം തേടിയിരുന്നു. അമേരിക്കന്‍ ജനാധിപത്യത്തിന്‍റെയും, പൊതുജീവിതത്തിന്‍റെയും മുഖമുദ്രയായ വംശവെറി അവിടുത്തെ കോടതി വിധികളില്‍ നിര്‍ബാധം തുടരുന്നതിന്‍റെ ഉദാഹരണമായ പ്രസ്തുത വാര്‍ത്ത എന്നാല്‍ ഒട്ടുമിക്ക മലയാള മാധ്യമങ്ങളും തിരിച്ചറിഞ്ഞതായി തോന്നുന്നില്ല. വിസ്‌ക്കോന്‍സിലെ കെനോഷയില്‍ (Kenosha) രണ്ടുപേരെ വെടിവെച്ചു കൊല്ലുകയും, ഒരാളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ്സിലെ പ്രതിയായ കയില്‍ റിട്ടന്‍ഹൗസ് (Kyle Rittehouse) എന്ന സായിപ്പിനെ കുറ്റവിമുക്തമാക്കിയ കോടതി വിധി ആയിരുന്നു അത്. നവംബര്‍ 19നായിരുന്നു കോടതി വിധി. ജേക്കബ്ബ് ബ്ലേക്കെന്ന (Jacob Blake) കറുത്ത വര്‍ഗ്ഗക്കാരനെ വെള്ളക്കാരനായ പോലീസുകാരന്‍ 2020 ആഗസ്റ്റ് 23ന് വെടിവെച്ചു കൊന്നതിനെതിരെ കെനോഷയിലുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ വെടിവെച്ചതാണ് റിട്ടന്‍ഹൗസിന് എതിരായ കേസ്. 17കാരനായ റിട്ടന്‍ഹൗസ് ആഗസ്റ്റ് 25ന് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീവ്ര വലതുപക്ഷ നിലപാടുകളിലും, സംഘടനകളിലും അഭിരമിച്ചിരുന്ന റിട്ടന്‍ഹൗസ് സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള സെമി ആട്ടോമാറ്റിക് റൈഫിളുമായാണ് കെനോഷയിലെ പ്രതിഷേധ സ്ഥലത്ത് എത്തിയത്. പ്രതിഷേധത്തിന്‍റെ ഭാഗമായ അക്രമങ്ങളെ പ്രതിരോധിക്കാനും, സ്വയരക്ഷക്കും വേണ്ടിയാണ് സെമി ആട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തതെന്നായിരുന്നു കോടതിയില്‍ റിട്ടന്‍ഹൗസിന്‍റെ വാദം. ഈ വാദത്തെ അംഗീകരിച്ച കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

ജോര്‍ജ് ഫ്‌ളോയിഡെന്ന (George Floyd) കറുത്ത വംശജനെ ന്യൂയോര്‍ക്കില്‍ ഒരു പോലീസുകാരന്‍ ശ്വാസം മുട്ടിച്ചു കൊന്നതിനെതിരായ പ്രക്ഷോഭത്തിന്‍റെ മൂര്‍ദ്ധന്യത്തിലായിരുന്നു കെനോഷയിലെ വെടിവെപ്പ്. ജനാധിപത്യപരമായ നിലയില്‍ പൊതുസ്ഥലങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളെ സായുധ വിജിലാന്‍ഡെ സംഘങ്ങളെ ഉപയോഗിച്ച് നേരിടുന്ന ഫാസിസ്റ്റു രീതി വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ പൊതുമുദ്രയാവുന്നതിന്‍റെ ഉദാഹരണമായി കെനോഷയിലെ കൊലപാതകങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. റിട്ടന്‍ഹൗസിന്‍റെ കേസ് അമേരിക്കയില്‍ മാത്രമല്ല ലോകമാകെ ശ്രദ്ധ നേടിയതിനുള്ള പ്രധാനകാരണം അതായിരുന്നു. വലതുപക്ഷ വിജിലാന്‍ഡെ അക്രമം അമേരിക്കയില്‍ മാത്രമല്ല ലോകമാകെ അരങ്ങേറുന്ന ഒന്നായി മാറിയതും റിട്ടന്‍ഹൗസ് കേസ്സിനെ ശ്രദ്ധേയമാക്കിയിരുന്നു. പൗരത്വ നിയമത്തിനും, കാര്‍ഷിക നിയമ ഭേദഗതികള്‍ക്കെതിരെ ഡല്‍ഹിയിലും, മറ്റു സ്ഥലങ്ങളിലും നടന്ന പ്രതിഷേധങ്ങളില്‍ നുഴഞ്ഞു കയറി അക്രമം നടത്തിയ സംഘടനകളും, വ്യക്തികളും ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയം ആഗോളതലത്തിലെ പ്രവണതകളുമായി സമരസപ്പെടുന്നതിന്‍റെ തെളിവുകളായിരുന്നു.

കമല ഹാരിസ് / Photo : Wiki Commons

വംശവെറി അമേരിക്കയിലെ പൊലീസ് സേനയില്‍ മാത്രമല്ല അവിടുത്തെ വ്യവസ്ഥാപിത സംവിധാനത്തിന്‍റെ അവിഭാജ്യഘടകമാണെന്ന യാഥാര്‍ത്ഥ്യം ഉറപ്പിക്കുന്നതാണ് റിട്ടന്‍ഹൗസ് കേസിലെ കോടതി വിധിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസിന്‍റെ വിചാരണവേളയില്‍ തന്‍റെ വാദം ഉപസംഹരിച്ച റിട്ടണ്‍ഹൗസിന്‍റെ അഭിഭാഷകന്‍ മാര്‍ക്ക് റിച്ചാര്‍ഡ്‌സ് പറഞ്ഞ ഒരു കാര്യം ഇക്കാര്യം വ്യക്തമാക്കുന്നു. 'ഈ സമൂഹത്തിലെ മറ്റു ചിലര്‍ 7 തവണ ഒരാള്‍ക്ക് നേരെ നിറയൊഴിച്ചിട്ടും കുഴപ്പമില്ല. എന്‍റെ കക്ഷി 4 തവണ മാത്രമാണ് നിറയൊഴിച്ചത്'. ജേക്കബ്ബ് ബ്ലേക്കിനെ 7 തവണ വെടിവെച്ച പോലീസ്‌കാരന്‍റെ പേരില്‍ കേസില്ലെന്ന കാര്യമാണ് വക്കീല്‍ സൂചിപ്പിച്ചത്. കുറ്റകൃത്യങ്ങള്‍ തടയുക, സ്വയരക്ഷ തുടങ്ങിയവയുടെ പേരില്‍ അമേരിക്കയില്‍ പോലീസ് നടത്തുന്ന കൊലപാതകങ്ങള്‍ വംശീയ കൊലപാതകങ്ങളാണെന്ന വിലയിരുത്തലുകളില്‍ പുതുമ ഇല്ലെങ്കിലും പോലീസ് അതിക്രമങ്ങളില്‍ കുറവൊന്നും ഇല്ല. ലോകമാകെ അപലപിച്ച ജോര്‍ജ് ഫ്‌ളോയിഡിന്‍റെ കൊലപാതകത്തിന് ശേഷമുള്ള ഒരു വര്‍ഷത്തിനുള്ളില്‍ (2021 ഏപ്രില്‍ വരെ) 1,068 പേര്‍ പൊലീസ് അത്രിക്രമങ്ങളില്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ശരാശരി 3 പേര്‍ ഒരു ദിവസം പൊലീസ് അക്രമണത്തില്‍ അമേരിക്കയില്‍ കൊല്ലപ്പെടുന്നു. വെള്ളക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ ജനസംഖ്യയുടെ 13 ശതമാനം മാത്രം വരുന്ന കറുത്ത വര്‍ഗ്ഗക്കാര്‍ പൊലീസ് അക്രമത്തില്‍ കൊല്ലപ്പെടാനുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണ്. കറുത്തവര്‍ കഴിഞ്ഞാല്‍ ലാറ്റിനമേരിക്കന്‍ നാടുകളില്‍ നിന്നുള്ള ഹിസ്പാനിക് വിഭാഗക്കാരാണ് പോലീസ് അതിക്രമത്തിന്‍റെ പ്രധാന ഇരകള്‍. 2013 മുതല്‍ 2021 ഏപ്രില്‍ വരെ നടന്ന 9,170 പോലീസ് കൊലപാതകങ്ങളില്‍ വെറും 153 ഓഫീസര്‍മാര്‍ക്ക് എതിരെയാണ് കേസ്സ് ചുമത്തപ്പെട്ടത്. അതായത് 1.7 ശതമാനം മാത്രം. അതില്‍ ഏതെങ്കിലും തരത്തിലുള്ള ശിക്ഷ ലഭിച്ചത് 38 പേര്‍ക്ക് മാത്രം. 0.4 ശതമാനം.

കനോഷയില്‍ നടന്ന പ്രക്ഷോഭം

കൗണ്ടര്‍പഞ്ചിന്‍റെ പത്രാധിപരും എഴുത്തുകാരനുമായ ജെഫ്രി സെന്‍റ് ക്ലയര്‍ റിട്ടന്‍ഹൗസിനു വേണ്ടി ഹാജരായ അഭിഭാഷകന്‍റെ വാദത്തെ പരിഹസിച്ചുകൊണ്ട് നടത്തുന്ന നിരീക്ഷണം അമേരിക്കന്‍ അവസ്ഥയുടെ ദൈന്യത ശരിക്കും വെളിപ്പെടുത്തുന്നു. 'അദ്ദേഹത്തിന്‍റെ വാദം ശ്രദ്ധിക്കേണ്ടതാണ്. അമാദൗ ഡിയാലോക്കു നേരെ ന്യൂയോര്‍ക്ക് പോലീസ് 41 തവണ നിറയൊഴിച്ചിരുന്നു. സീന്‍ ബെല്ലിന് നേരെ 50 തവണയാണ് നിറയൊഴിച്ചത്.' രണ്ടു സംഭവങ്ങളിലും ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ കേസ്സുണ്ടായില്ല. ജേക്കബ്ബ് ബ്ലേക്കിനെ വെടിവെച്ചവരെ വെറുതേ വിട്ടു. അതില്‍ പ്രതിഷേധിച്ചവരെ വെടി വെച്ചവനെയും വെറുതെ വിട്ടു. വെറുതെ വിടാത്തവര്‍ രണ്ടു സംഭവത്തിലും പ്രതിഷേധിച്ചവര്‍ മാത്രമെന്ന ജഫ്രിയുടെ നിരീക്ഷണം നിയമപരിപാലനം അമേരിക്കയില്‍ തലകുത്തി നില്‍ക്കുന്നതിന്‍റെ ചിത്രം വ്യക്തമാക്കുന്നു. പൗരത്വ നിയമ ഭേദഗതി, കാര്‍ഷിക ഭേദഗതി നിയമങ്ങള്‍, കിഴക്കന്‍ ഡെല്‍ഹിയിലെ ആസൂത്രിത കലാപം തുടങ്ങിയ സംഭവങ്ങളില്‍ ഡെല്‍ഹി പോലീസ് എടുത്ത കേസ്സുകളിലും നിയമപരിപാലനം തലകുത്തി നില്‍ക്കുന്നതിന്‍റെ സ്വഭാവം വ്യക്തമാണ്. ഭീമ-കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് എഴുത്തുകാരെയും, മനുഷ്യാവകാശ പ്രവര്‍ത്തകരേയും തടവിലാക്കിയത് മറ്റൊരു ഉദാഹരണം. അക്രമം സംഘടിപ്പിക്കുന്നവരെയും, നടത്തുന്നവരെയും ഒഴിവാക്കി അതില്‍ പ്രതിഷേധിക്കുന്നവരെ പ്രതികളാക്കുന്ന രീതി ആഗോളതലത്തില്‍ വ്യാപകമാകുന്നതായി കരുതേണ്ടിയിരിക്കുന്നതായി ഈ സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. വംശീയ-ഫാസിസ്റ്റു വീക്ഷണങ്ങള്‍ മുഖ്യധാര സംവാദങ്ങളുടെ ഭാഗമായി മാറുന്ന പ്രക്രിയ നിത്യജീവിതത്തിലെ സാധാരണ സംഭവമായെന്ന വസ്തുതയും റിട്ടണ്‍ഹൗസിന്‍റെ കേസ്സ് നടത്തിപ്പിനായി അമേരിക്കയിലെ വലതുപക്ഷ സംഘടനകള്‍ നടത്തിയ പ്രചാരണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന ആര്‍ക്കും വ്യക്തമാകം. കേസ്സ് നടത്തിപ്പിനുള്ള ചെലവിനായി 2-ദശലക്ഷം ഡോളര്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സമാഹരിക്കാനായതും ഹീനമായ വലതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനം വെളിപ്പെടുത്തുന്നു. റിട്ടണ്‍ഹൗസ് കേസ്സിലെ വിധി വന്നതോടെ കോടതി വിധിയെ എല്ലാവരും മാനിക്കണമെന്ന പൊതുതത്വത്തില്‍ അഭയം തേടുന്ന നേതാക്കളും, കക്ഷികളും 'തമ്മില്‍ ഭേദം തൊമ്മന്‍' (പൊളിറ്റിക്‌സ് ഓഫ് ലെസര്‍ ഈവിള്‍) രാഷ്ട്രീയത്തിന്‍റെ പരിമിതികള്‍ കൂടി വ്യക്തമാക്കുന്നു. ആഗോളതലത്തിലും ഇന്ത്യയിലും.

Leave a comment