കെ എസ് സേതുമാധവന്‍ മനസ്സാക്ഷിയുടെ പാഠങ്ങള്‍: സിനിമയുടേയും
മലയാള സിനിമയിലും ജീവിതത്തിലും വളരെ സൂക്ഷിച്ചു മാത്രം ചുവടുകള്‍ വച്ചു നീങ്ങിയിട്ടുള്ള സംവിധായകനായിരുന്നു ഇന്ന് രാവിലെ ചെന്നൈയില്‍ അന്തരിച്ച കെഎസ് സേതുമാധവന്‍. അദ്ദേഹവുമായി ഇടപഴകുമ്പോള്‍ അടുത്തു പരിചയമുള്ളവര്‍ക്ക് സംശയം തോന്നാം. ഈ മനുഷ്യന്‍ എങ്ങനെ സിനിമയില്‍ വന്നുപെട്ടു? ഇന്ന് നാം കാണുന്ന സിനിമയുടെ ചുറ്റുപാടുകള്‍ വ്യത്യസ്തമാണല്ലോ. സൗകര്യം പോലെ കുതികാല്‍ വെട്ടി സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കാന്‍ ശ്രമിക്കുന്ന സിനിമാക്കാരുടെ പട്ടികയിലൊന്നും നമുക്ക് സേതുമാധവനെ കാണാനാവില്ല. പൊതുവില്‍ അച്ചടക്കം കുറവായ സിനിമാരംഗത്തിന് ഈ മനുഷ്യന്‍ നല്‍കിയ പാഠങ്ങള്‍ അതിരറ്റവയാണ്. സിനിമയാണ് തന്റെ തട്ടകം എന്ന് മനസ്സിലാക്കിയ സേതുമാധവന്‍ തന്റെ എല്ലാമായ അമ്മയോട് അക്കാര്യം പറയുമ്പോള്‍ അവര്‍ക്ക് ഒന്നേ ഉപദേശിക്കാനുണ്ടായിരുന്നുള്ളു, സിനിമാ രംഗം നിന്നെപ്പോലുള്ളവര്‍ക്ക് ചേര്‍ന്നതല്ല. അതാണ് നിന്റെ തീരുമാനമെങ്കില്‍ എനിക്ക് എതിര്‍പ്പില്ല. പക്ഷേ നീയെനിക്കൊരു വാക്ക് തരണം, മനസ്സാക്ഷിക്കിണങ്ങാത്ത ഒന്നും ചെയ്യില്ലെന്ന്. അമ്മയ്ക്ക് കൊടുത്ത വാക്ക് ഇദ്ദേഹം ജീവിതാവസാനം വരെ പാലിച്ചു എന്നതാണ് അത്ഭുതം. ആ വാക്കുകളുമായി കൂട്ടിവായിക്കാവുന്ന ഒരു വാചകമുണ്ട് ഗുരുതുല്യനായ, മഹാനായ സംവിധായകന്‍ ടി ആര്‍ സുന്ദരത്തിന്റേതായി, ക്യാമറയുടെ മുന്‍വശം ശ്രീകോവിലാണ്. അതിനെ മലിനമാക്കരുത്. ജീവിതത്തില്‍ എന്നും സിംപ്ലിസിറ്റിയുടെ ഭാഗത്തായിരുന്നു സേതുമാധവന്‍. ആര്‍ഭാട രഹിതമായ ജീവിതത്തോടായിരുന്നു എന്നും കമ്പം. തന്റെ അപ്രന്റീസ് കാലത്താണ് ഇത്തരത്തിലൊരു സ്വഭാവം പിടികൂടിയതെന്ന് അദ്ദേഹം പറയാറുണ്ട്. അദ്ദേഹത്തിന്റെ ഗുരുവായ രാംനാഥ് വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു. പൊട്ടിപ്പോയ ചെരുപ്പു സ്വയം ആണിവച്ചടിച്ചു ശരിപ്പെടുത്തി നടക്കുന്ന വ്യക്തി. മങ്കമ്മ ശപഥവും ചന്ദ്രലേഖയുമൊക്ക സംവിധാനം ചെയ്ത പ്രസിദ്ധനായ എസ് എസ് വാസന്‍ പോലും വളരെ സിംപിളായിട്ടാണ് സ്റ്റുഡിയോ ഫ്ളോറില്‍ വരുന്നത്. അവരെ ധിക്കരിച്ച് സ്റ്റൈലായി നടക്കാന്‍ തനിക്കാവുമായിരുന്നില്ല. സേതുമാധവന്റെ സിംപ്ലിസിറ്റി കണ്ടപ്പോള്‍ റിക്കോര്‍ഡിസ്റ്റ് രാമസ്വാമി പറഞ്ഞു, അവരൊക്കെ സ്റ്റൈലായി നടന്ന ശേഷമാണ് സിംപ്ലിസിറ്റിയുടെ പിന്നാലേ പോയതു. അതിനാല്‍ സേതു, നിന്റെ ഈ പരിപാടി ശരിയല്ല. എങ്കിലും അതുവരെ താലോലിച്ച സിംപ്ലിസിറ്റി അദ്ദേഹത്തിന് മാറ്റാനായില്ല. അതവസാനം വരെ തുടര്‍ന്നു. സിനിമയിലെ മോടിയൊക്കെ കണ്ടിട്ടാണോ നീ സിനിമയില്‍ പോയതെന്ന് ഒരിക്കല്‍ അമ്മ ചോദിച്ചപ്പോള്‍ വല്ലാതെ വിഷമിച്ചതായി അദ്ദേഹം എന്നോടു പറയുകയുണ്ടായി.
അദ്ദേഹം കാത്തുസൂക്ഷിച്ച സിംപ്ലിസിറ്റി സേതുമാധവന്റെ നിര്‍മ്മാതാക്കള്‍ക്കും ഗുണം ചെയ്തിട്ടേയുള്ളു. അനാവശ്യമായി ഫിലിം ഉപയോഗിക്കുന്നതിന് അദ്ദേഹം എതിരായിരുന്നു. താരബാഹുല്യമുള്ള മറുപക്കത്തിന് 18 റോള്‍ ഫിലിമാണ് ചെലവായത്. ചട്ടക്കാരിക്കും പണിതീരാത്ത വീടിനും 22 റോള്‍ വീതം. ഒരു പരീക്ഷണ ചിത്രമെന്ന നിലയില്‍ ചിത്രീകരിച്ച പുനര്‍ജന്മത്തിന് 19 റോള്‍. ചട്ടക്കാരിയുടെ ഹിന്ദിപ്പതിപ്പായ ജൂലിക്ക് 33 റോള്‍. തന്റെ ചിത്രങ്ങള്‍ക്ക് നൂറു കണക്കിന് റോള്‍ ഫിലിം ഉപയോഗിച്ചു ശീലിച്ച വാഹിനി സ്റ്റുഡിയോ ഉടമയും നിര്‍മ്മാതാവുമായ നാഗി റെഡി അത്ഭുതത്തോടെ ചോദിച്ചത്രേ: ഇത്രയും കുറച്ചു ഫിലിം ഉപയോഗിച്ചാല്‍ പടം ഓടുമോ? ഉദയാ സ്റ്റുഡിയോയില്‍ കൂട്ടുകുടുംബം ചിത്രീകരിക്കുകയാണ്. നെഗറ്റീവ് ഫിലിമിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നിര്‍മ്മാതാവ് കുഞ്ചാക്കോയ്ക്ക് ചെറിയൊരു സംശയം: ശാരംഗപാണീ തിരക്കഥ മൊത്തം ചിത്രീകരിച്ചോ എന്ന് സംശയമുണ്ട്. എന്തായാലും ചിത്രം കണ്ട ശേഷമാണ് കുഞ്ചാക്കോയുടെ സംശയം തീര്‍ന്നത്. മറുപക്കം എന്ന തമിഴ് ചിത്രത്തിന് ധനസഹായം ചെയ്തത് എന്‍ എഫ് ഡി സിയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് സേതുമാധവന്‍ മിച്ചം വന്ന പണവും നെഗറ്റീവ് ഫിലിമും കൊണ്ട് എന്‍ എഫ് ഡി സി ഓഫീസില്‍ കയറിച്ചെന്നപ്പോള്‍ അത്ഭുതപ്പെട്ടുപോയതായി അന്നത്തെ ജനറല്‍ മാനേജര്‍ ബാലകൃഷ്ണന്‍ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. എന്‍ എഫ് ഡി സിയുടെ പണം വാങ്ങി സിനിമയെടുത്തിട്ട് കണക്കു പോലും കൊടുക്കാതെ മുങ്ങി നടക്കുന്നവരുടെ കാലത്താണ് സേതുമാധവന്റെ സത്യസന്ധതയെന്ന് ബാലകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചിരുന്നു. കഥാപാത്രമായാലും മനസ്സാക്ഷിക്കിണങ്ങാത്തതൊന്നും ചെയ്യാന്‍ പാടില്ല. അതാണ് സേതുമാധവന്‍ ജീവിതത്തില്‍ നിന്നു പഠിച്ച വലിയ പാഠം. ഒരിക്കല്‍ ഹിന്ദിച്ചിത്രമായ ജൂലിയുടെ (ചട്ടക്കാരിയുടെ റീമേക്ക്) റൊമാന്‍സ് ചിത്രീകരിക്കുമ്പോള്‍ നിര്‍മ്മാതാവ് നാഗി റെഡ്ഡി അത്ഭുതത്തോടെ അഭിപ്രായപ്പെട്ടതിങ്ങനെയാണ്: സേതുവിന്റെ സ്വഭാവം വച്ചു നോക്കിയാല്‍ ഇത്തരമൊരു രംഗം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലല്ലോ.
ആഗ്രഹങ്ങള്‍ എനിക്ക് കുറവാണ്. അതിനാല്‍ ചെയ്യുന്ന പ്രവൃത്തിക്കു പോലും പണം ചോദിച്ചു വാങ്ങാന്‍ അറിയില്ല. പണം ചോദിക്കുന്നത് സ്വയം ഇകഴ്ത്തുന്ന പോലെയാണെനിക്ക്. ശമ്പളം വാങ്ങുന്നതില്‍ തോറ്റവനാണ് ഞാന്‍. ജീവിക്കാനറിയാത്ത ഒരച്ഛന്‍ എന്നാണ് എന്റെ മക്കള്‍ വിശേഷിപ്പിക്കുന്നത്, അദ്ദേഹം പറയാറുണ്ട്. കാര്യമായ വ്യക്തി ബന്ധങ്ങളും കുറവാണ്. ആരുമായും അത്ര അടുപ്പമൊന്നും സൂക്ഷിക്കാറില്ല. ആകെക്കൂടി അടുപ്പമുള്ളത് തമിഴ് എഴുത്തുകാരന്‍ പ്രൊഫസര്‍ ഇന്ദിരാ പാര്‍ത്ഥസാരഥിയുമായാണ്. അവര്‍ തമ്മില്‍ സമാന്തരമായി നിരവധി അഭിരുചികളുണ്ട്. അദ്ദേഹവും ഒരു മിതഭാഷിയാണ്. നല്ല പ്രഭാഷകനുമല്ല. അദ്ദേഹത്തിന്റെ ഉച്ചിവെയില്‍ എന്ന നോവലാണ് സ്വര്‍ണകമല്‍ നേടിയ മറുപക്കമായി വന്നത്. എല്ലാം വെറും നിമിത്തങ്ങള്‍. ചലച്ചിത്ര താരങ്ങളുമായി കാര്യമായ ബന്ധമൊന്നും സൂക്ഷിക്കാറില്ല. സത്യനോട് സ്നേഹമുണ്ടായിരുന്നു. അത് അത്ര വലിയ അടുപ്പമായി വളര്‍ന്നിട്ടില്ല. ഇഷ്ടാനിഷ്ടങ്ങള്‍ വ്യത്യസ്തമാണെന്ന് സേതുമാധവന്‍ പറയാറുണ്ട്. പ്രേംനസീറുമായി അടുപ്പമുണ്ടെങ്കിലും അദ്ദേഹം എപ്പോഴും ബിസിയായിരിക്കും. പോയി കാണുന്ന പതിവില്ല. സൗഹൃദം പണിക്കിടയിലുള്ള സംഭാഷണത്തിലൊതുക്കുകയാണ് പതിവ്. കമലഹാസനെ തുടക്കത്തില്‍ തന്നെ അടുപ്പമാണ്. പക്ഷേ ആവശ്യമുണ്ടെങ്കില്‍ മാത്രം ബന്ധപ്പെടും. അതേപോല സിഗററ്റ് വലിക്കുന്ന കമ്പനിയിലോ മദ്യപാന സദസ്സിലോ പങ്കെടുക്കാറില്ല. പണിയില്ലെങ്കില്‍ പുസ്തകങ്ങളുമായി വീട്ടില്‍ തന്നെ ഒതുങ്ങിയിരിക്കും. സ്വന്തം അഭിപ്രായത്തിനാണ് എന്നും മുന്‍തൂക്കം. മോഡേണ്‍ തിയേറ്റേഴ്സില്‍ ഉള്ളപ്പോള്‍ ടി ആര്‍ സുന്ദരം പോലും തനിക്കൊരു ബഹുമാനം തന്നിരുന്നതായി ഇദ്ദേഹം ഓര്‍ക്കാറുണ്ട്. കാക്ക പിടിക്കാനോ ഇടയ്ക്കു കയറി അഭിപ്രായം പറയാനോ പോകാറില്ല. മുകളിലൊരാള്‍ ഉണ്ടെങ്കില്‍ മാറിനില്‍ക്കും. ഇതറിയാവുന്ന ടി ആര്‍ എസ് തന്നെ പണിയേല്‍പ്പിച്ച് സ്ഥലം വിടുകയായിരുന്നു പതിവ്. അങ്ങനെയാണ് ആദ്യത്തെ സിംഹള ചിത്രം തനിക്ക് ലഭിക്കുന്നത്. എം ജി ആറിനെ നായകനാക്കി നാളൈ നമതേ എന്ന ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിക്കുമ്പോള്‍ അതുമായി പൊരുത്തപ്പെടാന്‍ ആദ്യം ബുദ്ധിമുട്ടായിരുന്നു. അദ്ദേഹത്തിന്റെ കാല്‍ തൊട്ടു വന്ദിക്കാനൊന്നും തന്നെ കിട്ടില്ല എന്ന വാശി. മാത്രമല്ല കഥയും തന്‍റെ സ്റ്റൈലില്‍ നിന്ന് വ്യത്യസ്തം. അനുജന്‍ മൂര്‍ത്തിയാണ് എം ജി ആറിനെ കണ്ടത്. അണ്ണന്‍ താനേ ഡയറക്ഷന്‍ എന്നദ്ദേഹം ചോദിക്കുകയും ചെയ്തു. സെന്‍ട്രല്‍ സ്റ്റുഡിയോയില്‍ വച്ച് അപ്രന്റീസായിരുന്ന സമയത്തു പോലും മിസ്റ്റര്‍ എം ജി ആര്‍ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു. ഒടുവില്‍ അമ്മ പറഞ്ഞു, എം ജി ആര്‍ വലിയൊരു നേതാവാണ് എന്ന കാര്യം നീ വിസ്മരിക്കരുത്. ഒടുവില്‍ ഞാന്‍ ഓകെ പറഞ്ഞു. അപൂര്‍ണമായ ഒരു തിരക്കഥയുമായി സേതുമാധവന്‍ സെറ്റിലേയ്ക്ക് പോകാറില്ല. തിരക്കഥയുടെ മുകളില്‍ സമഗ്രമായ ഒരു ഹോംവര്‍ക്ക്. തനിക്ക് കിട്ടിയ ശിക്ഷണത്തില്‍ നിന്ന് അദ്ദേഹം സമ്പാദിച്ച നേട്ടങ്ങളാണ് ഇവയെല്ലാം. തന്റെ ഗുരുവായ രാംനാഥന്റെ ഉപദേശം ഇന്നും ഈ സംവിധായകന്‍ മനസ്സില്‍ സൂക്ഷിക്കുന്നു: കണ്ണും കാതും തുറന്നു വയ്ക്കുക.
അവാര്‍ഡുകള്‍ക്ക് പിന്നാലെ നെട്ടോട്ടമോടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. വര്‍ഷാവര്‍ഷം പ്രഖ്യാപിക്കപ്പെടുന്ന ചെറുതും വലുതുമായ ആയിരക്കണക്കിനു അവാര്‍ഡുകള്‍ നമ്മെ അത്ഭുതപ്പെടുത്തിയില്ലെന്നു വരാം. ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ 104 പേര്‍ക്ക് പത്മാ അവാര്‍ഡുകള്‍ കൊടുത്തപ്പോഴും അതേ മാനസികാവസ്ഥയായിരിക്കാം സാധാരണ പൗരന് ഉണ്ടാവുക. ആര്‍ഭാടങ്ങളും കോലാഹലങ്ങളും കെട്ടടങ്ങുമ്പോള്‍ അവയുടെ അര്‍ഹതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികം. അര്‍ഹതപ്പെട്ട ഒരാളിനു ദേശീയ അംഗീകാരം ലഭിക്കാതിരിക്കുമ്പോള്‍ ഉണ്ടാകാവുന്ന ആത്മരോഷത്തില്‍ തെറ്റു കണ്ടെത്താനാവില്ല. അത്തരത്തിലൊരു വികാരമാണ് ഈ കുറിപ്പെഴുതുമ്പോള്‍ മനസ്സിലുള്ളത്.
1991 ല്‍ അറുപതു വര്‍ഷത്തെ ചരിത്രം പൂര്‍ത്തിയാക്കുന്ന വേളയിലാണ് തമിഴ് സിനിമക്ക് ആദ്യമായി സ്വര്‍ണകമല്‍ ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഈ അവാര്‍ഡാകട്ടെ സേതുമാധവന്‍ സംവിധാനം ചെയ്ത മറുപക്കത്തിനും. തമിഴ് സാഹിത്യകാരനായ ഇന്ദിരാപാര്‍ത്ഥസാരഥിയുടെ ഉച്ചിവെയില്‍ എന്ന നോവലായിരുന്നു ഈ ചിത്രത്തിന് ആധാരം. എന്നാല്‍ മലയാളിയായതിന്റെ പേരില്‍ ചലച്ചിത്രപ്രവര്‍ത്തകരില്‍ നിന്നോ അധികാരകേന്ദ്രങ്ങളില്‍ നിന്നോ എന്തിന്, മാധ്യമങ്ങളില്‍ നിന്നുപോലും തനിക്ക് കാര്യമായ പരിഗണന ലഭിച്ചില്ലെന്ന് സേതുമാധവന്‍ അന്ന് എന്നോടു പറഞ്ഞിരുന്നു. പണം കൊടുത്തു അവാര്‍ഡുകള്‍ വാങ്ങാന്‍ തിരക്കേറുമ്പോള്‍ അര്‍ഹതയുള്ളവര്‍ പിന്നിലേക്ക് പോകേണ്ടി വരുന്നു. കുതുകാല്‍ വെട്ടുകള്‍ ഏറുന്ന ഇക്കാലത്ത് അവാര്‍ഡുകള്‍ തന്നെ ചോദ്യച്ഛിഹ്നങ്ങളാകുന്നു. ഏതാനും വര്‍ഷം മുമ്പ് സേതുമാധവനു ഫാല്‍ക്കേ അവാര്‍ഡ് കൊടുക്കാന്‍ കമ്മിറ്റി തീരുമാനിക്കാന്‍ തുടങ്ങുമ്പോള്‍ അതില്‍ അംഗമായിരുന്നു മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ തന്നെ അതിനെ നിശിതമായി എതിര്‍ക്കുകയും പാര വയ്ക്കുകയും ചെയ്തു എന്നതാണ് ഏറെ തമാശ. നാം നമുക്കുതന്നെ നാണക്കേടാകുന്ന കാലം. സേതുമാധവനു അതില്‍ വിഷമമോ പരിഭവമോ ഉണ്ടായില്ല. പത്മ അവാര്‍ഡ് ലഭിക്കാതിരിക്കുമ്പോളും കെ എസ് സേതുമാധവന്‍ എന്ന മുന്‍നിര സംവിധായകന്റെ മാന്യത വര്‍ദ്ധിക്കുന്നതേയുള്ളു.