TMJ
searchnav-menu
post-thumbnail

Outlook

വിജയിച്ചിട്ടും പരാജയപ്പെടുന്ന ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍

28 Dec 2022   |   1 min Read
അനീഷ്‌ ഉത്തമന്‍

"Football is not about players, or at least not just about players; it is about shape and about space, about the intelligent deployment of players, and their movement within that deployment"

ബ്രിട്ടീഷ് സ്പോര്‍ട്സ് ജേര്‍ണലിസ്റ്റായ ജോനാതന്‍ വില്‍സന്റെ 'Inverting the Pyramid: The History of Football Tactics' എന്ന അതിപ്രശസ്തമായ പുസ്തകത്തിലെ വാചകങ്ങളാണിത്. ലാറ്റിനമേരിക്കൻ ഫുട്ബോളിൽ നിന്ന് ഒരു ഗ്ലോബൽ യൂറോപ്യൻ ഫുട്ബോൾ എന്ന ആശയത്തിലേക്കുള്ള പരിണാമം പൂർത്തിയായി കഴിഞ്ഞോ എന്നത് ഖത്തര്‍ ലോകകപ്പ് മുന്നോട്ടു വെച്ച പ്രധാനപ്പെട്ട ചോദ്യങ്ങളിലോന്നാണ്. വ്യക്തി കേന്ദ്രീകൃതമായ ദൈവങ്ങൾ കളിക്കുന്ന, ബ്രസീലുകാർ ഫുട്ബോള്‍ ഡി ആര്‍ട്ട് (Futebal de Arte) എന്ന് വിളിക്കുന്ന റൊമാന്റിസിസത്തിൽ നിന്നും ഇന്നത്തെ ജിയോമെട്രിക്കല്‍ ഗെയിമിലേക്കുള്ള പരിവർത്തനം പൂര്‍ണമായി എന്ന് അരക്കെട്ടുറപ്പിക്കുന്നതാണ് ബാഴ്സലോണ അക്കാഡമിയായ ലാ മാസിയയുടെ പ്രൊഡക്റ്റ് ലയണല്‍ മെസ്സി നയിച്ച, യൂറോപ്പിലെ വിവിധ ലീഗുകളില്‍ കളിക്കുന്ന കളിക്കാരെ വെച്ച് ഒരു യൂറോപ്യൻ ട്രയിന്ഡ് മാനേജർ നേടിയ ഈ വിജയമെന്ന് നിസ്സംശയം പറയാം. രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു  ലാറ്റിനമേരിക്കൻ  ടീം ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ അതിനെ ലാറ്റിനമേരിക്കയുടെ സൗന്ദര്യാത്മക ഫുട്ബോളിന്റെ തിരിച്ച് വരവായി കണക്കാക്കണോ അതോ ഫുട്ബോളിന്റെ ഏകീകരണം (Homogenisation) പൂർത്തിയായി എന്ന് പറയണോ എന്ന സംശയം അപ്പോഴും ബാക്കിയാവുകയാണ്.

ഈ ലോകകപ്പിലെ മത്സരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച ഒരാള്‍ക്ക് ഉറപ്പിച്ചു പറയാൻ പറ്റുന്ന ഒരു കാര്യം ഡെഫിനിറ്റീവ് ആയി ഐഡന്റിഫൈ ചെയ്യാൻ പറ്റുന്ന ഒരു സ്റ്റൈലോ ട്രഡീഷനോ ഒരു ടീമിലും കാണാൻ പറ്റില്ല എന്നത് തന്നെയാണ്. ഒരേ സ്റ്റൈലിൽ ഒരേ അക്കാഡമികൾ ഏകീകരിച്ച, യൂറോപ്പിന് വളരെ വലിയ മേല്‍ക്കൈയുള്ള ഒരു 'Futbol de Resultados'` മേളയാണ് ഖത്തറിൽ അരങ്ങേറിയത് എന്ന് പറയേണ്ടി വരും.  ഫോമും ഫോർമേഷനും ഇല്ലാത്ത 'Chaos' ൽ നിന്ന് തുടങ്ങി സ്പേസിന്റെയും ഷെയിപ്പിന്റെയും മുവമെന്റുകളുടെയും ഇക്വേഷനുകള്‍ ഉണ്ടാക്കാൻ പറ്റുമെന്ന് തോന്നുന്ന രീതിയില്‍ പരിണാമത്തിന്റെ അവസാന സ്റ്റേജുകളിൽ എത്തിക്കഴിഞ്ഞ ഈ കളിയിൽ ദൈവങ്ങൾക്കോ ദൈവപുത്രന്മാർക്കോ വലിയ സ്ഥാനം ഉണ്ടാവുമെന്ന് തോന്നുന്നില്ല. നിങ്ങളുടെ മിശിഹായെക്കാൾ എത്രയോ മികച്ചവൻ ആയിരുന്നു ഞങ്ങളുടെ ദൈവ പുത്രൻ എന്ന്  പറയുന്നത് 'Chaos' ല്‍ നിന്നു ഓര്‍ഡറിലേക്ക് അതിവേഗം സഞ്ചരിക്കുന്നതിന്റെ തെളിവ് തന്നെയാണ്. 'Chaotic' അല്ലാത്ത ചുറ്റുപാടില്‍ ദൈവങ്ങൾക്കും, ദൈവ പുത്രന്മാർക്കും എന്ത് സ്ഥാനം ?

2022 ലോകകപ്പ് നേടിയ അര്‍ജന്റീന ടീം | photo : fifa/twitter

യൂറോപ്പിന്റെ ഫുട്ബോൾ ആധിപത്യം

ഒരിക്കലുമില്ലാത്ത രീതിയിൽ യൂറോപ്പ് ലോകഫുട്ബോളില്‍ ആധിപത്യം നേടിയ ദശകമായിരുന്നു 2010 മുതല്‍ 2020 വരെയുള്ള കാലയളവ്. ആ ദശകത്തിൽ നടന്ന മൂന്ന് ലോകകപ്പുകളും യൂറോപ്യൻ ടീമുകള്‍ വിജയിച്ചു എന്നത് മാത്രമല്ല, ക്ലബ്ബ് ഫുട്ബോളിലെ തുല്യതയ്ക്ക് വേണ്ടി ഫിഫ തുടങ്ങിയ ക്ലബ്‌ ലോകകപ്പിൽ അവസാനമായി ഒരു നോണ്‍ യൂറോപ്യന്‍ ടീം കിരീടം നേടിയത് 2012 ൽ ബ്രസീലിയന്‍ ക്ലബ്ബ് ആയ കൊറിന്ത്യന്‍സ് ആയിരുന്നു. ക്ലബ്‌ ലോകകപ്പിന്റെ മുന്‍ഗാമിയായ ഇന്റര്‍കൊണ്ടിനെന്റല്‍ കപ്പ്‌ 1960 മുതല്‍ 2004 വരെയുള്ള 43 സീസണുകളിൽ നടന്നപ്പോൾ 22 തവണ സൗത്ത് അമേരിക്കൻ ക്ലബ്ബുകള്‍ വിജയിച്ചപ്പോള്‍ യൂറോപ്യന്‍ ക്ലബ്ബുകള്‍ വിജയിച്ചത് 21 തവണയായിരുന്നു. അതേ സമയം സമയം ഫിഫ ക്ലബ്ബ് ലോകകപ്പിന്‍റെ ഇതുവരെയുള്ള 18 ടൂര്‍ണമെന്റുകളില്‍ നാല് തവണ മാത്രമാണ് നോണ്‍ യൂറോപ്യന്‍ ടീമുകള്‍ ചാമ്പ്യന്‍മാരായത്. അങ്ങനെ ഒരു തുല്യനിലയില്‍ നിന്ന് ഇന്നത്തെ അവസ്ഥയിലേക്കുള്ള കാരണങ്ങൾ അധികം അന്വേഷിക്കേണ്ട ആവശ്യമില്ല. ഫിനാൻഷ്യൽ മസില്‍ പവറും അതുകൊണ്ട് വികസിപ്പിച്ചെടുക്കാന്‍ സാധിച്ച അടിസ്ഥാന സൗകര്യങ്ങളും തന്നെയാണ് ഇതിന്റെ കാരണം.

സ്പെയിനിന്റെ കിഴക്കന്‍ പ്രവിശ്യയായ കാറ്റലോണിയയേയും കാറ്റലോണിയൻ വംശീയത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന ബാഴ്സലോണ എഫ്.സിയുടെ ടാഗ് ലൈന്‍ തന്നെ 'Mes Que Un Club' (More Than a Club) എന്നാണ്. ഞങ്ങൾ വെറുമൊരു ഫുട്ബോൾ ക്ലബ്ബില്‍ ഉപരിയായി ഒരു ഫുട്ബോൾ ഫാക്ടറിയോ സർവ്വകലാശാലയോ കൂടിയാണെന്ന് വിളിച്ചു പറയുന്ന ടാഗ് ലൈന്‍. അവിടെ നിന്ന് പുറത്തിറങ്ങിയ ഏറ്റവും മികച്ച പ്രൊഡക്റ്റാണ് ലയണല്‍ മെസ്സി. സൗത്ത് അമേരിക്കയിൽ നിന്ന് ഫുട്ബോൾ ടാലെന്റുകളെ ഇറക്കുമതി ചെയ്ത് തങ്ങളുടെ രീതിയിൽ പ്രോസസ്സ് ചെയ്ത് ഗോട്ടു(GOAT)കളെ  സൃഷ്ടിക്കും എന്ന് വിളംബരം ചെയ്യുന്ന യൂറോപ്യൻ ഫുട്ബോൾ ഫാക്ട്ടറികളുടെ പോസ്റ്റർ ബോയ്. 'Lionel Messi is not Argentina, he is La Masia' എന്ന് പറയുന്നിടത്ത് സൗത്ത് അമേരിക്കൻ ഫുട്ബോൾ എന്ന ആശയം തന്നെ റദ്ദ് ചെയ്യപ്പെടുകയാണ്. കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച കളിക്കാർ മെസ്സിയും ക്രിസ്ത്യനോ റൊണാൾഡോയും ആണെന്നതില്‍ പ്രത്യേകിച്ച് തർക്കം ഒന്നും ഉണ്ടാവില്ല. ഇവരെ മാറ്റി നിർത്തി കഴിഞ്ഞ ദശകത്തിലെ മികച്ച പത്ത് കളിക്കാരെ തിരഞ്ഞെടുത്താല്‍ അതില്‍ വരാവുന്ന നെയ്മർ, സുവാരസ്, ഡാനി ആല്‍വേസ്, ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ് അടക്കം ആ ലിസ്റ്റിൽ ആരും തന്നെ യൂറോപ്പിന്റെ പുറത്ത് ക്ലബ്‌ ഫുട്ബോൾ കളിക്കുന്നവരല്ല എന്നത് തന്നെയാണ് ഫുട്ബോളിലെ ടാലന്റിന് മുകളില്‍ യൂറോപ്പിനുള്ള ആധിപത്യത്തിനുള്ള  ഏറ്റവും വലിയ തെളിവ്.

പെലെയെ പോലുള്ള മഹാരഥന്മാർ ഒരിക്കൽ പോലും ബ്രസീലിന് പുറത്ത് കളിച്ചിരുന്നില്ല, ഇന്ന് യൂറോപ്പിലെ അക്കാദമികളിലേക്കും, ക്ലബ്ബുകളില്ലേക്കും ചെക്കേറാതെ സൗത്ത് അമേരിക്കയിൽ നിന്ന് ദൈവങ്ങളോ, ദൈവപുത്രന്മാരോ, മിശിഹാമാരോ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ആറാം വയസ്സിൽ അടുത്ത പെലെ എന്ന് ലോകം പറഞ്ഞ, ഇന്ന് എവിടെയാണെന്ന് പോലും അറിയാത്ത യുവാന്‍ കാര്‍ലോസ് ചേരയെയാണ് ഓർമ വരുന്നത്.

2012 ല്‍ ഫിഫ ലോകകപ്പ് നേടിയ കൊറിന്ത്യന്‍സ് | photo : wiki commons

ഫുട്ബോളിന്റെ ലോകം ചുരുങ്ങി കൊണ്ടിരിക്കുകയാണ്, ടാലന്റ് ഡ്രയിൻ അതിന്റെ മൂര്‍ധന്യത്തില്‍ ആണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. സൗത്ത് അമേരിക്കയിലെ ചേരികളില്‍ നിന്ന് യൂറോപ്യൻ ഫുട്ബോൾ അക്കാഡമികളിലേക്കും ക്ലബ്ബുകളിലേക്കും ഒഴുകി കൊണ്ടിരിക്കുകയാണ് പുതിയ മെസ്സിമാരും, അതെ അളവിൽ തന്നെ ആഫ്രിക്കയിൽ നിന്ന് കിഴക്കന്‍  യൂറോപ്പിലേക്ക് കുടിയേറി പാസ്പോര്‍ട്ട്‌ പ്രിവിലേജുകൾ നേടിയെടുക്കാൻ ശ്രമിക്കുന്നവരും. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഫുട്ബോളിൽ വന്നിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണ് പെട്രോ ഡോളർ. പണത്തിന്റെ ഒഴുക്ക് മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളില്‍ നിന്നായാലും, അമേരിക്കൻ ക്യാപിറ്റലിസ്റ്റുകളിൽ നിന്നായാലും, ചൈനീസ് കണ്‍സോര്‍ഷ്യങ്ങളില്‍ നിന്നായാലും എല്ലാം ഒഴുകുന്നത് യൂറോപ്യൻ ക്ലബ്ബുകളിലേക്കും അക്കാഡമികളിലേക്കും തന്നെയാണ്. ഈ നൂറ്റാണ്ടിലെ ആദ്യ ഇരുപത് വർഷങ്ങൾ ഫിനാൻഷ്യൽ മസില്‍ പവറിന്റെ കാര്യത്തിലും ടാലെന്റുകളെ കണ്ടെത്തി ഏറ്റെടുക്കുന്ന കാര്യത്തിലും ആധിപത്യം പുലര്‍ത്തിയത് പരമ്പരാഗത ഫുട്ബോള്‍ പവര്‍ ഹൗസുകളായ ബാഴ്സലോണയും റയല്‍ മാഡ്രിഡുമൊക്കെയാണെങ്കിൽ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി, ചെൽസി പോലുള്ള ക്ലബ്ബുകൾ അവർക്ക് ഒപ്പത്തിനൊപ്പമോ മുകളിലോ ആണ്.

2022 ലെ ഡിലോയിറ്റ് മണി ലീഗ് (Deloitte Money League) പ്രകാരം 644.9 മില്ല്യന്‍ യൂറോയുമായി ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ക്ലബ്‌ മാഞ്ചസ്റ്റര്‍ സിറ്റിയാണ്. ഇവർരെല്ലാം തന്നെ ഫുട്ബോളിലെ ഏറ്റവും വില പിടിച്ച വസ്തുവായ ഫുട്ബോള്‍ ടാലന്റ് സൗത്ത് അമേരിക്കയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമൊക്കെ ഇറക്കുമതി ചെയ്യുന്ന കാര്യത്തിൽ ഒപ്പത്തിനൊപ്പം തന്നെയാണ്. ഈയടുത്ത ദിവസങ്ങളില്‍ വളരെ അധികം ശ്രദ്ധിക്കപ്പെട്ട ഫുട്ബോള്‍ ഡീലുകളാണ് ബ്രസീലിയന്‍ വണ്ടര്‍ കിഡ്സ്‌  എന്ന് വിളിക്കപ്പെടുന്ന എന്‍ഡ്രിക്ക് ഫിലിപ്പിന്റെയും ആന്‍ഡ്രി സാന്റോസിന്റെയും ട്രാൻസ്ഫറുകൾ. യൂറോപ്പിലെ തൊഴില്‍ നിയമങ്ങള്‍ പ്രകാരം 2024 ല്‍ 18 വയസ്സ് തികയുമ്പോള്‍ മാത്രം യൂറോപ്പില്‍ കളിക്കാനാവുന്ന എന്‍ഡ്രിക്കിനെ റയല്‍ മാഡ്രിഡ്‌ സ്വന്തമാക്കിയപ്പോൾ, 18 കാരനായ  സാന്റോസിനെ ചെൽസി തങ്ങളുടെ ക്ലബ്ബിലെത്തിച്ചു. പെലെയെ പോലുള്ള മഹാരഥന്മാർ ഒരിക്കൽ പോലും ബ്രസീലിന് പുറത്ത് കളിച്ചിരുന്നില്ല, ഇന്ന് യൂറോപ്പിലെ അക്കാദമികളിലേക്കും, ക്ലബ്ബുകളില്ലേക്കും ചെക്കേറാതെ സൗത്ത് അമേരിക്കയിൽ നിന്ന് ദൈവങ്ങളോ, ദൈവപുത്രന്മാരോ, മിശിഹാമാരോ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ആറാം വയസ്സിൽ അടുത്ത പെലെ എന്ന് ലോകം പറഞ്ഞ, ഇന്ന് എവിടെയാണെന്ന് പോലും അറിയാത്ത യുവാന്‍ കാര്‍ലോസ് ചേരയെയാണ് ഓർമ വരുന്നത്.

എന്‍ഡ്രിക്ക് ഫിലിപ്പ്

ലാറ്റിൻ അമേരിക്കൻ ശൈലി എന്നൊന്നുണ്ടോ, ഇപ്പോഴും ?

“Few things happen in Latin America that have no direct or indirect relationship with football. Football occupies an important place in reality - sometimes the most important of the places - although it has been ignored by those ideologues who love humanity but despise people.” - Eduardo Galeano 

ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ തനത് ശൈലി എന്നറിയപ്പെടുന്നത് അല്ലെങ്കിൽ അതിനെ റൊമാന്റിക് ആക്കുന്നത് തെരുവുകളില്‍ പന്ത് തട്ടി വളര്‍ന്നു വരുന്ന ഒരു കളിക്കാരന്‍ യാതൊരു വിധത്തിൽ ഉള്ള നിയന്ത്രണവുമില്ലാതെ തന്നെത്തന്നെ ആവിഷ്കരിക്കാന്‍ ഫുട്ബോളിലൂടെ ശ്രമിക്കുന്നു എന്നതായിരുന്നു. ദാരിദ്രവും കുറ്റകൃത്യങ്ങളും നിറഞ്ഞ ഒരു ദേശത്ത് നിന്ന് അവർ തങ്ങളുടെ ആശയും, അഭിലാഷവും, സര്‍ഗ്ഗാത്മകതയുമെല്ലാം ഒരു പന്തിൽ ആവാഹിച്ച് ലോകത്തിന് മുന്നിൽ ഞങ്ങളും മോശകാരല്ല എന്ന് കാണിക്കുകയായിരുന്നു. 'Beauty comes first, victory is secondary, what matters is joy' എന്ന ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സോക്രട്ടീസിന്റെ  വാക്കുകള്‍ ഒരു ബ്രസീലുകാരന് ഫുട്ബോൾ എന്തായിരുന്നു എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അതിനെ ലോകം ജോഗാ ബോനിറ്റോ എന്നും ബ്രസീലുകാർ ഫുട്ബോള്‍ ഡി ആര്‍ട്ട് എന്നും വിളിച്ചു. ഈ ലോകകപ്പിലെ 'leitmotif' പക്ഷെ 'Joy' ആയിരുന്നില്ല 'Suffer'  ആയിരുന്നു. ലൂക്കാ മോഡ്രിച്ച് മുതൽ ലയണല്‍ മെസ്സി വരെയുള്ളവർ പലപ്പോഴായി പറഞ്ഞത് 'We know how to suffer' എന്നോ 'We are ready to suffer' എന്നോ ആണ്. (sufrir എന്ന സ്പാനിഷ് വാക്കിന് ഇംഗ്ലീഷില്‍ 'suffer' വാക്കിനെക്കാള്‍  യോജിക്കുന്നത് 'Endurance' എന്ന വാക്കാണ്‌). 'Futbol de Arte' യിൽ നിന്ന് 'Futbol de Resultados' ലേക്കും 'Joy' ൽ നിന്ന് 'Endurance' ലേക്കുമുള്ള പരിണാമം ലാറ്റിനമേരിക്കൻ ടീമുകളിലും വളരെ വ്യക്തമായി തന്നെ ഈ ലോകകപ്പിൽ കാണാൻ സാധിച്ചു.

എന്‍സോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡി പോള്‍, അലെക്സിസ് മക്‌ അല്ലിസ്റ്റര്‍ അടങ്ങിയ അര്‍ജന്റീനിയന്‍ മിഡ്ഫീല്‍ഡേഴ്സിന്റെ 'Endurance' തന്നെയാണ് അര്ജന്റീനക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് എന്ന് കാണാൻ സാധിക്കും. സൗത്ത് അമേരിക്കൻ ഫുട്ബോളിലെ യൂറോപ്യന്‍വല്‍ക്കരണത്തിന്‍റെ തെളിവായ ലൈനപ്പും ഫോർമേഷനുമായി തന്നെയാണ്  അര്‍ജന്റീന ഫ്രാന്‍സിനെതിരെയുള്ള ലോകകപ്പ് ഫൈനലിൽ ഇറങ്ങിയത്. ഒരു കാലത്ത് ഫുട്ബോളില്‍ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട നമ്പർ 10,പ്ലേമേയ്ക്കര്‍,എന്‍ഗാഞ്ചെ എന്നെല്ലാം അറിയപ്പെട്ട  ക്രീയേറ്റീവിറ്റിയുടെ കലവറ ആയ പൊസിഷൻ, വൺ മാന്‍ ഷോകളിലൂടെയും, സിംഗിള്‍ പേഴ്സൺ ഓര്‍ക്കസ്ട്രേഷന്‍ ഫുട്ബോളിലൂടെയും ആരാധകരെ ത്രസിപ്പിച്ച ആ പൊസിഷന്‍ അര്ജന്റീന പോലും ഉപയോഗിച്ചില്ല. ക്രീയേറ്റീവിറ്റിയുടെ ഉത്തരവാദിത്വം മുഴുവൻ വിങ്ങുകളിലേക്ക് മാറ്റുക എന്ന യൂറോപ്യൻ ക്ലബ്‌ ഫുട്ബോൾ രീതി തന്നെയാണ് അവരും പിന്തുടര്‍ന്നത്.

ലാറ്റിൻ അമേരിക്കക്കാർക്ക്  അവരുടെ ഫുട്ബോളും സ്വന്തം സ്വത്വത്തിന്റെ ഭാഗം തന്നെയാണ്. അവരുടെ കഷ്ടതകൾ നിറഞ്ഞ ജീവിതത്തിൽ പ്രത്യാശയുടെയും സമൃദ്ധിയുടേയും dimension കൊടുക്കുന്നത് ഫുട്ബോൾ ആണ്. പക്ഷെ അവരുടെ ഫുട്ബോളിൽ ദൈവവും, ദൈവപുത്രന്മാരും, മിശിഹാമാരും മാത്രമേ ഉണ്ടായിരുന്നുള്ളു, രക്ഷകൻ ആയി ഒരു ഫിഡല്‍ കാസ്ട്രോ ഉണ്ടായില്ല.

ഫുട്ബോളിലെ ഗ്ലോബല്‍ കള്‍ച്ചറിന്റെ എല്ലാ വശങ്ങളും ഇന്ന് സെറ്റ് ചെയ്യപെടുന്നത് യൂറോപ്യൻ ഫുട്ബോള്‍ മാര്‍ക്കറ്റുകളിലെ ഡിമാന്‍ഡിന് അനുസരിച്ചാണ്. യൂറോപ്യൻ ഫുട്ബോൾ എന്ന guiding hands ആണ് ബ്രസീല്‍ പോലുള്ള രാജ്യങ്ങളിലെ അക്കാഡമികളിൽ പോലും ആർക്കാണ് അഡ്മിഷൻ കിട്ടുന്നതെന്നും ഏതു തരത്തിലുള്ള പ്ലെയിംഗ് സ്റ്റൈലില്‍ ആണ് അവർ പരിശീലിക്കുന്നതെന്നും തീരുമാനിക്കപ്പെടുന്നത്. ബ്രസീലിലെ മുന്‍നിര ക്ലബ്ബുകളില്‍ ഒന്നായ പാല്‍മിറാസിന്റെ അക്കാഡമികളിൽ പോലും കുട്ടികളെ പരിശീലിപ്പിക്കുന്നത് യൂറോപ്യൻ വമ്പൻ ക്ലബ്ബുകള്‍ക്ക് അപ്പീൽ ചെയ്യുന്ന രീതിയിൽ കളിക്കാനാണ്. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ വേണ്ടിയുള്ള പരിശീലനം പോലും ഇവര്‍ക്ക് കൊടുക്കാറുണ്ട്. പാല്‍മിറാസ് യൂത്ത് അക്കാദമിയുടെ ഡയറക്ടര്‍ ആയ ജാവോ പോളോ സാംബാവോ ഒരിക്കല്‍ പറഞ്ഞത് "We are preparing them to be ready for the world, not just Brazil" എന്നാണ്. യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നും ലോകമെമ്പാടുമുള്ള ലാറ്റിനമേരിക്കൻ ഫുട്ബോൾ ആരാധകർ ഓരോ ലോകകപ്പ് വരുമ്പോളും പ്രതീക്ഷിക്കുന്നത് തനത് ലാറ്റിനമേരിക്കന്‍ ശൈലിയായ 'Futbal de arte' കാണാൻ സാധിക്കും എന്ന് തന്നെയാണ്. പക്ഷെ 'Futbol de arte' ഗോൾ നേടിയ ശേഷമുള്ള ടീമംഗങ്ങളുടെ ആഘോഷ പ്രകടനങ്ങളിൽ മാത്രം ഒതുങ്ങി പോവുന്നതാണ്  ഖത്തര്‍ ലോകകപ്പിലും കാണാൻ സാധിച്ചത്.

വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ്‌ ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി " If it wasn't for Fidel Castro the entire Latin America would be English speaking today". അമേരിക്കൻ കാപ്പിറ്റലിസത്തെ ചെറുത്തു നിൽക്കുന്നതിൽ അവരുടെ ഭാഷയ്ക്കും സ്വത്വബോധത്തിനുമുള്ള പ്രാധാന്യത്തെ അടയാളപ്പെടുത്തുകയായിരുന്നു അദ്ദേഹം. ലാറ്റിൻ അമേരിക്കക്കാർക്ക്  അവരുടെ ഫുട്ബോളും സ്വന്തം സ്വത്വത്തിന്റെ ഭാഗം തന്നെയാണ്. അവരുടെ കഷ്ടതകൾ നിറഞ്ഞ ജീവിതത്തിൽ പ്രത്യാശയുടെയും സമൃദ്ധിയുടേയും dimension കൊടുക്കുന്നത് ഫുട്ബോൾ ആണ്. പക്ഷെ അവരുടെ ഫുട്ബോളിൽ ദൈവവും, ദൈവപുത്രന്മാരും, മിശിഹാമാരും മാത്രമേ ഉണ്ടായിരുന്നുള്ളു, രക്ഷകൻ ആയി ഒരു ഫിഡല്‍ കാസ്ട്രോ ഉണ്ടായില്ല.

Leave a comment