TMJ
searchnav-menu
post-thumbnail

Outlook

ഗവര്‍ണറുടെ അധികാരം കുറയുന്നതാണ് ജനാധിപത്യപരം

09 Aug 2022   |   1 min Read
തോമസ് കൊമരിക്കൽ

രാജ് ഭവൻ, കൊൽക്കത്ത | PHOTO: WIKI COMMONS

ല രാജ്യങ്ങളിലെ ഭരണഘടനകളും ജനാധിപത്യ കീഴ്‌വഴക്കങ്ങളും പഠിച്ചും പരിശോധിച്ചുമുണ്ടായതാണ് ഇന്ത്യന്‍ ഭരണഘടന. രണ്ടുതട്ടിലുള്ള സര്‍ക്കാരുകള്‍ ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫെഡറലിസത്തിന്റെ വലിയ സ്വാധീനവും അതിലുണ്ട്. ഫെഡറലിസത്തെ പുണരുമ്പോഴും പലകാര്യങ്ങളിലും കേന്ദ്രസര്‍ക്കാരിന് മേല്‍ക്കൈ നല്‍കുന്ന രീതിയും ഭരണഘടനയില്‍ കാണാം. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടേത് ഫെഡറലിസമല്ലെന്നും അര്‍ധ ഫെഡറലിസമാണെന്നും നിയമ പണ്ഡിതര്‍ പറയുന്നത്. ഇതിനെതിരെയും വാദങ്ങളുണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ ഏകീകൃത (Unitary) സ്വഭാവത്തിന് ഉദാഹരണമായി എടുത്തുകാട്ടപ്പെടുന്ന കാര്യങ്ങളിലൊന്നാണ് 'ഗവര്‍ണര്‍' പദവി. ഭരണഘടനയുടെ 153ാം അനുച്ഛേദം പറയുന്നതനുസരിച്ച് സംസ്ഥാനങ്ങളുടെ ഭരണനിര്‍വഹണത്തിന്റെ തലപ്പത്ത് ഗവര്‍ണറെ നിയമിക്കുന്നു. അനുച്ഛേദം 155 പ്രകാരം ഗവര്‍ണറെ നിയമിക്കുന്നതിനുള്ള അധികാരം രാഷ്ട്രപതിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് രാഷ്ട്രപതിയുടെ ദൗത്യമെന്നിരിക്കെ, ഗവര്‍ണറുടെ നിയമനവും തീരുമാനങ്ങളും പലപ്പോഴും അസ്വാരസ്യങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രതീകാത്മകമായ സ്ഥാനം മാത്രമാണ് ഗവര്‍ണറുടേത് എങ്കിലും, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുടനീളം ഗവര്‍ണറുടെ അധികാരം കുറയ്ക്കണമെന്നും ആ പദവി തന്നെ എടുത്തുമാറ്റണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത് കാണാനാവും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ അധീശത്വം അവസാനിച്ചശേഷമാണ് രാജ്ഭവനുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംഘര്‍ഷ കേന്ദ്രമായി മാറുന്നത്.

സര്‍ക്കാര്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന നടപടിയുമായി ബംഗാള്‍ മുന്നോട്ടു പോയിക്കഴിഞ്ഞു. മഹാരാഷ്ട്ര, തമിഴ് നാട് തുടങ്ങിയവ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ക്കുള്ള അധികാരത്തെ നിയന്ത്രിച്ചുകൊണ്ടുള്ള നിയമനിര്‍മാണങ്ങള്‍ ഈ വര്‍ഷം നടത്തി.

കേന്ദ്രത്തില്‍ അധികാരം കൈയാളുന്ന പാര്‍ട്ടി നിശ്ചയിക്കുന്നവരാണ് പൊതുവെ ഗവര്‍ണര്‍ സ്ഥാനത്തേക്കെത്തുന്നത്. പാര്‍ട്ടിക്കുള്ളിലെ അധികാര വടംവലിയില്‍ പുറന്തള്ളപ്പെടുന്നവരും മറ്റും ഈ സ്ഥാനത്തേക്കെത്തുന്നതും വിരളമല്ല. നാമനിര്‍ദേശ പ്രകിയയായതിനാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു പങ്കും വഹിക്കാനില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കെത്തുന്ന ഗവര്‍ണര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ നൂല്‍പ്പാവകളായിമാറി ഭരണനിര്‍വഹണത്തില്‍ അന്യായമായി കൈകടത്തുന്ന ഉദാഹരണങ്ങളും ധാരാളമായി കാണാനാവും. ഇത്തരം സാഹചര്യങ്ങളിലാണ് ഗവര്‍ണര്‍ പദവിയുടെ ആവശ്യകതയേച്ചൊല്ലിയുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ ഉണ്ടാകാറുള്ളത്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഗവര്‍ണര്‍മാരുടെ അധികാരവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുതിയ തലത്തിലേക്കുയര്‍ന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തില്‍ കൈകടത്താന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാത്ത വിധമാണ് ബിജെപി നിയമിക്കുന്ന ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനം.

സഹകരണ ഫെഡറലിസമെന്ന തത്വമാണ് ഇന്ത്യ പിന്തുടരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനനന്മയെ മുന്‍നിര്‍ത്തി, സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നതാണ് ഇതിന്റെ കാതല്‍. എന്നാല്‍, മോദി സര്‍ക്കാര്‍ ഈ തത്വത്തെ തെല്ലും മാനിക്കുന്നില്ലെന്നും സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്ഷേപിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് സ്വയംശീര്‍ഷകത്വം നല്‍കുകയോ ഗവര്‍ണറുടെ അധികാരങ്ങള്‍ കുറയ്ക്കുകയോ ചെയ്യണമെന്ന ആവശ്യങ്ങളാണ് മുഖ്യമായുമുയരുന്നത്. സര്‍ക്കാര്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന നടപടിയുമായി ബംഗാള്‍ മുന്നോട്ടു പോയിക്കഴിഞ്ഞു. മഹാരാഷ്ട്ര, തമിഴ് നാട് തുടങ്ങിയവ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ക്കുള്ള അധികാരത്തെ നിയന്ത്രിച്ചുകൊണ്ടുള്ള നിയമനിര്‍മാണങ്ങള്‍ ഈ വര്‍ഷം നടത്തി. സംസ്ഥാന നിയമങ്ങളിലൂടെ ഭരണേതരമായ ഉത്തരവാദിത്തങ്ങളും ഗവര്‍ണറെ ഏല്‍പ്പിക്കാറുണ്ട്. അങ്ങനെയൊന്നാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി.

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും | photo: twitter

സര്‍വകലാശാകളുടെ വിഷയത്തില്‍ നിയമനിര്‍മാണം നടത്തി ഗവര്‍ണറുടെ അധികാരത്തെ പിടിച്ചുകെട്ടിയവരുടെ ഗണത്തില്‍ ഒന്നാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്നതാണ് രസകരമായ വസ്തുത. മുന്‍ ഗുജറാത്ത് ഗവര്‍ണര്‍ കംലാ ബെനിവാളും അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിയും ഏറെക്കാലം അധികാര വടംവലിയിലേര്‍പ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വലിലുള്ള കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ബെനിവാളിനെ സംസ്ഥാന സര്‍ക്കാര്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന നിയമം നിര്‍മിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ പ്രതിഷേധിച്ചത്.

കേരളത്തില്‍ പിണറായി വിജയന്‍ സർക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള ബന്ധവും കുറച്ചുനാളുകള്‍ക്കുശേഷം വീണ്ടും വഷളാവുകയാണ്. സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് തന്നെ നീക്കുന്നതിന് സര്‍ക്കാര്‍ തയാറെടുക്കുമ്പോള്‍, അതിന് പ്രതികാരമെന്നോണം കാലാവധിയെത്തിയ പതിനൊന്ന് ഓര്‍ഡിനന്‍സുകള്‍ പുതുക്കന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഗവര്‍ണര്‍. കേരളാ സര്‍വകശാലാ വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍ പിള്ളയുടെ സേവനം ഒക്‌റ്റോബറില്‍ അവസാനിക്കുന്നതിന് മുന്നോടിയായി പുതിയ വി സിയെ നിയമിക്കുന്നതിനുള്ള പരിശോധനാ സമിതി രൂപീകരിച്ച് സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുകയാണ് ഖാന്‍.

വാസ്തവത്തില്‍, ബ്രിട്ടിഷ് അധികാരത്തിന്റെ ബാക്കിപത്രമാണ് ഗവര്‍ണര്‍ സ്ഥാനം. ജനങ്ങളോട് തെല്ലും പ്രതിബദ്ധതയില്ലാതിരുന്ന കോളനിവാഴ്ചക്കാലത്ത തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ നടപടികളെ കവച്ചുവെക്കാനുള്ള അധികാരം ഗവര്‍ണര്‍മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ജനാധിപത്യത്തലധിഷ്ഠിതമായ ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന ഗവര്‍ണര്‍ പദവി വേറൊന്നാണ്. സ്വതന്ത്ര ഇന്ത്യ രൂപംകൊണ്ട കാലത്തെ സാമൂഹ്യ-രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ക്കും കേന്ദ്രത്തിന് മേല്‍ക്കൈ ലഭിച്ചതില്‍ പങ്കുവഹിക്കുന്നു. ഏറെ വൈവിധ്യങ്ങളും മത-രാഷ്ട്രീയ വൈരവുംമൂലം ഏറെ കലുഷിതമായിരുന്നു 1940കള്‍. അക്കാലത്ത് രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്തുന്നിതിനുവേണ്ടിയാണ് ഭരണഘടനാ നിര്‍മാതാക്കള്‍ ശക്തമായ കേന്ദ്ര സര്‍ക്കാരിനെയും, അതിന് സംസ്ഥാനങ്ങള്‍ക്കുമേല്‍ സ്വാധീനം നൽകുന്ന ഗവര്‍ണര്‍ പോലുള്ള സംവിധാനങ്ങളെയും വിഭാവനം ചെയ്തത്.

ഭരണനിര്‍വഹണവുമായി നേരിട്ട് ബന്ധമില്ലാത്ത സര്‍വകലാശാല ചാന്‍സലര്‍ പോലുള്ള സ്ഥാനങ്ങളില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. അതേ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇപ്പോള്‍ ഗവര്‍ണര്‍മാരുടെ കൈകടത്തലുകള്‍ക്ക് കുടപിടിക്കുന്നത്.

കേന്ദ്ര സംസ്ഥാന ബന്ധത്തില്‍ കാലികമായ മാറ്റം വേണമെന്ന ആവശ്യം ഇന്നും ഇന്നലെയുമുയര്‍ന്നതല്ല. രാഷ്ട്രീയത്തില്‍ മാത്രമല്ല സര്‍ക്കാരുകള്‍ നിയോഗിച്ച സമിതികളും കമ്മീഷനുകളുമുള്‍പ്പെടെ ഈ അഭിപ്രായം പങ്കുവെക്കുന്നു. 1966ല്‍ നിയമിതമായ ഒന്നാം ഭരണനവീകരണ കമ്മീഷന്‍, 1983 ല്‍ പ്രവര്‍ത്തനമാരംഭിച്ച ജസ്റ്റിസ് സര്‍ക്കാരിയ കമ്മീഷന്‍ മുതല്‍ 2007ല്‍ യുപിഎ സര്‍ക്കാര്‍ നിയമിച്ച മുന്‍ ചീഫ് ജസ്റ്റിസ് മദന്‍ മോഹന്‍ പുന്‍ഛി അധ്യക്ഷനായ കമ്മീഷന്‍ വരെയുള്ളവ ഇത്തരം മാറ്റം അനിവാര്യമാണെന്ന കണ്ടെത്തലിലെത്തിച്ചേര്‍ന്നു. പുന്‍ഛി കമ്മീഷന്‍ 2010ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലൂടെ ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കുന്നതിനുള്ള നടപടിയാരംഭിച്ചത്. ഭരണനിര്‍വഹണവുമായി നേരിട്ട് ബന്ധമില്ലാത്ത സര്‍വകലാശാല ചാന്‍സലര്‍ പോലുള്ള സ്ഥാനങ്ങളില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. അതേ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇപ്പോള്‍ ഗവര്‍ണര്‍മാരുടെ കൈകടത്തലുകള്‍ക്ക് കുടപിടിക്കുന്നത്.

ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുകളുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്ക് ഇത്തരം അധികാര വടംവലികള്‍ വളരുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. മാത്രമല്ല ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധചെലുത്തേണ്ട സര്‍ക്കാരുകളുടെ വിലപ്പെട്ട സമയം ഇത്തരത്തില്‍ പാഴായിപ്പോകുന്നതോ നിര്‍ബന്ധപൂര്‍വം പാഴാക്കുന്നതോ ജനാധിപത്യത്തിനെതിരാണുതാനും. സ്വാതന്ത്ര്യാനന്തരം ഒട്ടേറെ ആന്തരിക സംഘര്‍ഷങ്ങളുമായി യാത്ര തുടങ്ങിയ രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് രാജിന്റെ സ്വാധീനവും രാജ്യത്തെ ശൈശവദശയിലെ പ്രായോഗിക പ്രശ്‌നങ്ങളുംമൂലം വല്ല്യേട്ടന്‍ ഭാവത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആവശ്യമായിരുന്നു. എന്നാല്‍ അവയിലൊക്കെ കാതലായ മാറ്റംവരുത്തി, എല്ലാ പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടെയും വ്യക്തിത്വത്തെ മാനിച്ചുകൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിനായി ഇന്ത്യ ഒരുങ്ങേണ്ട കാലം എന്നേ കഴിഞ്ഞുപോയിരിക്കുന്നു.

Leave a comment