പാഠം ഒന്ന്: പഠിപ്പിക്കാതിരിക്കുക, ആണധികാരം
ഇതാദ്യത്തേതല്ല.
അവസാനത്തെ എന്നു പറയാനുള്ള ബലവും വിശ്വാസവും കേരളത്തിലില്ല.
കാരണം തിരുത്ത് വേണ്ടതിന്റെ വേര് പറിച്ചു കളയാൻ പറ്റാത്ത വിധം ആഴത്തിൽ പൂണ്ടു കിടക്കുന്നു. പാട്രിയാർക്കൽ കണ്ടീഷണിങ് യാതൊരു മാറ്റവുമില്ലാതെ തുടരുന്ന സമൂഹത്തിൽ "പാവം പെൺകുട്ടി", "പ്രേമത്തിന്റെ കേട്", വിധി, ആൺകുട്ടിയല്ലേ,? 'പാവം അവനും മരിച്ചു.', 'ജീവിച്ചിരുന്നിട്ടെന്ത് കാര്യം', മാനസിക രോഗി...ഇത്തരം വൈകാരിക പ്രകടനങ്ങളിൽ പറച്ചിലുകൾ അവസാനിച്ചു പോകും. മാധ്യമങ്ങളുടെ ലൈവുകൾ തീർന്നു പോകും മുറയ്ക്ക് മറന്നും പോകും. അടുത്ത പേര് വരും വരെ.
പെൺകുട്ടികളെ കരുതലോടെ വളർത്താൻ പിന്നേയും പിന്നേയും ഉപദേശങ്ങളിറങ്ങുകയും ചെയ്യും.
പ്രണയം ജൈവികമായി സംഭവിക്കുന്ന ഒന്നാണ്.പിടിച്ചു വാങ്ങാനും അടിച്ചേല്പിക്കാനുമാകാത്തത്. പിന്നാലെ നടന്നും, പൊരുതിയും കീഴടക്കിയും സിനിമയിലെ സൂപ്പർ സ്റ്റാറുകൾ സ്വന്തമാക്കുന്ന ട്രോഫിയല്ല സ്ത്രീയുടെ ഹൃദയം. അങ്ങനെ ഒരു തെറ്റിദ്ധാരണക്ക് ഇവിടത്തെ സമൂഹം നല്കുന്ന പങ്ക് ചെറുതല്ല. പെൺകുട്ടി ആണുങ്ങളുടെ അവകാശമാണെന്നും, ആ പ്രോപ്പർട്ടി ആണുങ്ങൾ ഇഷ്ടപ്രകാരം കൈകാര്യം ചെയ്യുമെന്നും ഉള്ള ബോധ്യം നിലനില്ക്കുന്ന വ്യവസ്ഥയുണ്ടിവിടെ..യഥാക്രമം അച്ഛൻ/സഹോദരൻ /ഭർത്താവ് / മകൻ - എന്നിങ്ങനെയുള്ള മനുസ്മൃതി പാരമ്പര്യം കൈവിടാതെ, ഊറ്റത്തോടെ നാനാവിധത്തിൽ തുടരുന്നുമുണ്ട്. എത്ര വിദ്യാഭ്യാസത്തിലും അടിമ ജീവിയാവുക പെൺകുട്ടിക്ക് ആഹ്ളാദവും ഉത്തരവാദിത്തവും ശീലവുമാകണം എന്ന് നിരന്തരം ബോധത്തിലും അബോധത്തിലും പകർന്നു കൊടുക്കുന്നുണ്ട്. ഉടുപ്പ്, നടപ്പ് തുടങ്ങി ബാഹ്യ ശീലങ്ങളിലും സ്വഭാവം, പെരുമാറ്റം, ശീലം, തീരുമാനങ്ങൾ ഇത്യാദി ആന്തരിക കാര്യങ്ങളിലും, കുടുംബം,സമൂഹം എന്നീ വ്യവസ്ഥകളിലും പെൺകുട്ടികളിൽ അധികാരം പ്രയോഗിക്കാമെന്നും 'വേണ്ട സ്വാതന്ത്ര്യം വേണ്ട വിധം മാത്രം' അനുവദിച്ചു കൊടുക്കേണ്ടുന്നതുമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ആൺ തലമുറ ഉണ്ട് എന്നതിന്റെ രക്തസാക്ഷിയാണ് കൃഷ്ണപ്രിയ. പിറകോട്ട് പോയാൽ മാനസ, നിതിന എന്നിങ്ങനെ ചോര പുരണ്ട പേരുകൾ നീളും.
പെൺകുട്ടി ദുരന്തത്തിലകപ്പെട്ടു എന്ന് മാത്രം പറയുന്ന സമൂഹമാണിത്. പെൺകുട്ടികൾ അവരെ സൂക്ഷിക്കുക, ആണുങ്ങൾ ഇങ്ങനെയൊക്കെത്തന്നെ എന്ന മട്ടിൽ വേട്ടക്കാരന് അതനുവദിക്കപ്പെട്ട വിധമുള്ള അഭിപ്രായപ്രകടനങ്ങൾ തുടരുന്ന സമൂഹം. പ്രണയവേട്ട ചികിത്സിക്കേണ്ട രോഗമാണെന്നു തിരിച്ചറിഞ്ഞ്,ഈ ആണൂറ്റ വിഷവൃക്ഷം വെള്ളവും വളവും നല്കി പരിപോഷിപ്പിക്കാതിരിക്കുകയാണ് സമൂഹം ചെയ്യേണ്ടത്. വീടോ,
കൂട്ടിടങ്ങളോ
സംഘടനകളോ,
പ്രസ്ഥാനങ്ങളോ,
കലയോ,
സാഹിത്യമോ
എവിടെയാവട്ടെ,
രണ്ടാൾ കൂടുന്നിടത്തെല്ലാം
പാഠം ഒന്നേ എന്ന് തുടങ്ങണം.
അല്ലെങ്കിൽ ഇനിയും ഉണ്ടാകാൻ പോകുന്ന "പുരോഗമനം", ഈ ആണത്ത രോഗികളെ പേടിച്ച്
പെൺകുട്ടികളെ മൂന്നു വർഷം കൂടി കൂടുതൽ ആധിയോടെ 'വളർത്തി' യെടുക്കും എന്നതു മാത്രമാണ്! എങ്ങനെയെങ്കിലും 21 വയസാക്കി വല്ലവനും ഏല്പിച്ചു കൊടുക്കാൻ വെമ്പൽ കൊള്ളുന്ന അതേ നശിച്ച വ്യവസ്ഥ പൂർവാധികം ശക്തിയായി തുടരും എന്നതാണ്.
രോഗമുണ്ടോ കൂടെ രോഗിയുണ്ടോ എന്ന് തിരിച്ചറിയാൻ ചില വഴികൾ.
1. NO Means No – “ഇഷ്ടമില്ല എന്നു പറഞ്ഞാലും അതിൽ ഇഷ്ടമുണ്ടാക്കിയെടുക്കാം ” എന്നു ചിന്തിക്കുന്ന അവസ്ഥ.
X
No Means No തന്നെയാണെന്നത്ര ഉറപ്പിച്ചിട്ടും No പറയാൻ പറ്റാത്ത അവസ്ഥ
2. എത്ര ഒഴിവാക്കിയാലും പിന്നെയും ചെന്ന് ശല്യം ചെയ്ത് കീഴ് പ്പെടുത്തുക
X
ഒഴിവാക്കാനാവാത്ത വിധം പിന്നെയും ചെന്നു വീണ് അടിപ്പെട്ടു പോവുക
3. എത്ര ക്രൂരമായും വ്യക്തിയുടെ സ്വകാര്യ ഇഷ്ടങ്ങളിൽ കൈ കടത്തി തന്റെ ഇഷ്ടത്തിനൊത്ത വിധം വ്യക്തിയെ മാറ്റുക
X
ഇഷ്ടമില്ലെങ്കിലും സ്വന്തം ശരീരവും മനസും ചങ്ങലക്കിട്ടുള്ള സ്നേഹ(?)ത്തിന് വിധേയമാക്കുക
4. പ്രണയമെന്ന പേരിൽ ഇണയെ നിരന്തരം ഇരയാക്കും വിധം ഭീകരമായ സൈക്കോത്തരം ശീലിക്കുക
X
ഇണയ്ക്കായി ഇരയാവലാണ് മഹത്വവൽക്കരിക്കപ്പെടുന്ന പ്രണയം എന്ന് തെറ്റിദ്ധരിക്കുക.
5. അപ്പുറത്തെയാളെ എങ്ങനെയും ഇഷ്ടപെടുത്തുക എന്ന ഉണ്ടാക്കൽ പ്രക്രിയയായി പ്രണയത്തെ കരുതി അതിനെ വസ്തുവല്ക്കരിക്കുക, പറ്റിയില്ല എങ്കിൽ വാശി / ദേഷ്യം/ ബലം / പക / പണം എന്നിവ പ്രയോഗിച്ച് ഒരു ഉല്പന്നമായി പ്രണയത്തെ നേടുക
X
പ്രണയം ഒരു ജൈവാനുഭൂതിയാണെന്ന് മനസിലാക്കാതെ, സ്വയം ഉപഭോഗത്തിനുള്ള മുതലാവുക.
6. റിജക്ഷൻ ഒരു തോൽവിയാണെന്നും തോൽവി ഒരിക്കലും സംഭവിച്ചുകൂടായെന്നും അങ്ങനെ വന്നാൽ മരണമാണെന്നും തെറ്റിദ്ധരിക്കുക.
X
സ്വീകരണം പോലെ തന്നെ സ്വതന്ത്രമാണ് നിരാകരണം എന്ന് സ്വയം മനസിലാകാതിരിക്കുക.
"വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനെ ഭയങ്കര ഇഷ്ട്ടമാണ് " എന്നു പറയിക്കുന്ന നായികമാർ നമുക്ക് ജീവിതത്തിലേ വേണ്ട.!!
അതിന്, 'നോ' യും ഒരു തെരഞ്ഞെടുപ്പാണെന്നും മാനസികമായി തരണം ചെയ്യണ്ടതാണെന്നും
മറ്റ് യെസുകൾ വരാനുള്ള സ്പേസുകൾ ഉണ്ടന്ന് തിരിച്ചറിയുകയും ചെയ്യുന്ന നായകന്മാർ മതി.